Tuesday, December 30, 2014

'ഇന്ത്യൻ ഓഫ്‌ ദി ഇയർ' ആവാൻ അമിത്‌ ഷാ മുതൽ പി.വിജയൻ വരെ


സി.എൻ.എൻ ഐ.ബി.എൻ എന്ന കോർപ്പറേറ്റ്‌ ചാനൽ നടത്തുന്ന 'ഇന്ത്യൻ ഓഫ്‌ ദി ഇയർ' അവാർഡു പരിപാടിയിലേക്ക്‌ വോട്ടു പിടിക്കുന്ന പോസ്റ്റുകൾ ഫേസ്ബുക്കിൽ കാണുന്നുണ്ട്‌. ഇതിവിടെ കൂടുതൽ പ്രചരിപ്പിക്കുന്നത്‌ എറണാകുളം ജില്ലാ കളക്ടറുടെ പേരിലുള്ള ഫേസ്ബുക്ക്‌ പേജ്‌ വഴിയാണ്‌.

Facebook post of District Collector

ശ്രീമാൻ അമിത്‌ ഷാ മുതൽ ഐ.പി.എസ്സുകാരൻ പി.വിജയൻ വരെയുണ്ട്‌ നോമിനികളിൽ. പ്രസിദ്ധനായ അമിത്‌ ഷായെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ശ്രീ പി.വിജയൻ എറണാകുളത്ത്‌ എസ്‌.പിയായിരുന്നപ്പോൾ 'ആപ്പിൾ എ ഡേ' പ്രോപ്പർട്ടീസിന്റെ തട്ടിപ്പുകൾക്കു സൗകര്യമൊരുക്കിക്കൊടുക്കുകയും അതിനു പ്രതിഫലമായി അവരിൽ നിന്ന് കൊച്ചി നഗരത്തിൽ സൗജന്യമായി ഒരു വീടു തന്നെ പണിതു വാങ്ങുകയും ചെയ്തയാളാണ്‌.

സ്വന്തം കരിയർ പോലും അപകടത്തിലാക്കി സത്യസന്ധതയും ചങ്കൂറ്റവും കാണിച്ചിട്ടുള്ള ഒരുപിടി ഐ.പി.എസ്സുകാരുള്ള കേരളത്തിൽ നിന്ന് ഈ ഒരു പി.വിജയനെ തന്നെ സി.എൻ.എന്നുകാർ തെരെഞ്ഞെടുക്കാൻ എന്തെങ്കിലും കാരണമുണ്ടാവില്ലേ? സിവിൽ സർവ്വീസുകാരെ ഉൾപെടുത്തി സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന ഇത്തരം അവാർഡുകളും അതിനുള്ള വോട്ടെടുപ്പുകളും സർവ്വീസ്‌ ചട്ടങ്ങളുടെ ലംഘനമല്ലേ? കളക്ടറുടെ ഫേസ്ബുക്ക്‌ പേജ്‌ ഔദ്യോഗികമല്ലാത്തതിനാൽ ചട്ടങ്ങളൊന്നും ബാധകമല്ല എന്നുണ്ടോ?

പ്ലസ്‌ ടു, എഞ്ചിനിയറിംഗ്‌ വിദ്യാർത്ഥികളുടെ യൂണിഫോം

പ്ലസ്‌ ടു വിദ്യാർത്ഥികളേയും എഞ്ചിനിയറിംഗ്‌ വിദ്യാർത്ഥികളേയും യൂണിഫോമിന്റെ തടവിൽ നിന്നു മോചിപ്പിക്കണം. അവർ നിറങ്ങളുടെ ലോകത്തു ജീവിക്കട്ടെ. അവർ അഭിരുചിക്കനുസരിച്ചു വസ്ത്രം ധരിക്കട്ടെ, അവരിൽ അഭിരുചി രൂപപ്പെടട്ടെ, അവർ വ്യക്തിത്വമുള്ളവരാവട്ടെ, ഓരോരുത്തരും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാവട്ടെ.

Monday, December 29, 2014

സ്പോർട്ട്സും സിനിമയും

"രാഷ്ട്രീയത്തിൽ താത്പര്യം കാണിക്കാതെ സിനിമ, സ്പോർട്ട്സ്‌ തുടങ്ങിയവയിൽ സമയം പാഴാക്കുന്ന യുവാക്കളെ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക്‌ ആകർഷിക്കുക."

ആം ആദ്മി പാർട്ടി യൂത്ത്‌ വിംഗിന്റെ നയരേഖയിൽ ഞാൻ എഴുതിയ ഈ വാചകം കുറച്ചു വിമർശനങ്ങൾ വിളിച്ചുവരുത്തിയിരുന്നു. അതിനാൽ എന്റെ കാഴ്ച്ചപ്പാട്‌ ഒന്നു വിശദീകരിക്കുന്നു:

ഒരു ക്രിക്കറ്റ്‌ മാച്ചിനു ശേഷം അതിനെ ബോൾ-ബൈ-ബോൾ വിശകലനം ചെയ്യുന്നതു കൊണ്ടും, കളിക്കാരെയും സിനിമക്കാരെയും ആരാധിക്കുന്നതു കൊണ്ടും, അവരുടെ ഇഷ്ടാനിഷ്ടങ്ങൾ അന്വേഷിച്ചു നടക്കുന്നതു കൊണ്ടും, പേജ്‌ ത്രീ ഗോസ്സിപ്പുകളിൽ സമയം മെനെക്കെടുത്തുന്നതു കൊണ്ടും ഇതിന്റെയൊന്നും ഉപഭോക്താക്കൾക്കു പ്രയോജനമൊന്നുമില്ല.

അതേസമയം നല്ല സിനിമ കാണുന്നതും വിശകലനം ചെയ്യുന്നതും ഏതു കലാനിരൂപണവും പോലെ അതിന്റെ ഉപഭോക്താക്കൾക്കു പോലും ധൈഷണിക വളർച്ചയും സംതൃപ്തിയുമുണ്ടാക്കും, സമൂഹത്തിനു പൊതുവിൽ ഗുണം ചെയ്യും. കൂടുതൽ മികച്ച കലാസൃഷ്ടികൾക്കു നിലമൊരുക്കും. അറുപത്‌-എഴുപതുകളിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനം മലയാള സിനിമക്ക്‌ ഒരു സുവർണ്ണകാലം നൽകിയതു പോലെ.

Sunday, December 28, 2014

വെള്ളിമൂങ്ങ

വെള്ളിമൂങ്ങ കണ്ടു. പ്രമുഖ നിരൂപകരൊക്കെ പറഞ്ഞതു തന്നെയാണ്‌ ഈയുള്ളവനും പറയാനുള്ളത്‌; മികച്ച ഒരു സൃഷ്ടിയാക്കാൻ സാധ്യതയുണ്ടായിരുന്ന ഒരു ചിത്രത്തെ രണ്ടര മണിക്കൂർ മാത്രം ആയുസ്സുള്ള നിസ്സാര ഹാസ്യത്തിലേക്കു ചുരുക്കി.

ഞാനുൾപ്പെടെയുള്ള ആം ആദ്മി പാർട്ടിയുടെ കേരളത്തിലെ കുട്ടിനേതാക്കന്മാർക്കു പയറ്റിനോക്കാവുന്ന ചില വിദ്യകൾ സിനിമയിലുണ്ട്‌. ഏതെങ്കിലും ഒരു പ്രമുഖ ദേശീയപ്പാർട്ടിയിൽ ജീവിതകാലം മുഴുവൻ പ്രവർത്തിച്ചാലും പരമാവധി ഒരു പഞ്ചായത്തു മെംബറോ, അതല്ലെങ്കിൽ ഒരു മണ്ഢലം കമ്മിറ്റിയംഗമോ മാത്രം ആകാനേ സാധ്യതയുള്ളൂ എന്നറിയാവുന്നതിനാൽ, ഒരുത്തരേന്ത്യൻ പ്രാദേശികപ്പാർട്ടിയിൽ ചേരുന്നു നായകൻ. അപ്പോൾ ഒറ്റയടിക്ക്‌ അതിന്റെ ദേശീയ നേതാവോ കേരളാ സംസ്ഥാന നേതാവോ ഒക്കെ ആകാമല്ലോ, ആ സ്ഥാനം കൊണ്ടു പ്രയോജനമൊന്നുമില്ലെങ്കിലും. ലാൽ ജോസ്‌ വോയിസ്‌ ഓവറിൽ വിളിച്ചുപറയുന്ന സത്യങ്ങൾ നമ്മളേപ്പറ്റിത്തന്നെയല്ലേ എന്നു നമുക്കെങ്കിലും തോന്നാം :)

പിന്നീടു സിനിമയിലുള്ള ചില തന്ത്രങ്ങളുമൊക്കെ നമ്മുടെ കുട്ടിനേതാക്കന്മാർക്കു പ്രയോഗിച്ചു നോക്കാവുന്നതാണ്‌. ഉദാ: ഒരു സ്ഥാനം ഓഫർ ചെയ്യപ്പെട്ടാൽ, വേണ്ടാ, വേണ്ടാ എന്നു പറഞ്ഞുകൊണ്ടിരിക്കുക. അതിലും വലുതു കിട്ടാനുള്ള ലോബിയിംങ്ങ്‌ രഹസ്യമായി നടത്തുകയും ചെയ്യുക. പാർട്ടിയിൽ ഒരു ശത്രുവുണ്ടെങ്കിൽ അയാളുമായി നേരിട്ട്‌ ഏറ്റുമുട്ടാനും അയാളെ പാർട്ടിയിൽ നിന്നു  പുറത്താക്കാനും മറ്റും ശ്രമിക്കാതെ, വലിയ പ്രയോജനമൊന്നുമില്ലാത്ത ഗുലുമാലു പിടിച്ച ഏതെങ്കിലും ചുമതല ഏൽപ്പിച്ചു കൊടുത്തു കക്ഷിയെ ഒതുക്കുക.

സിനിമയിൽ ശ്രദ്ധേയമായ ഒരു സംഗതി, പ്രായം അൽപം കൂടിയ നായകൻ വിവാഹമന്വേഷിച്ചു  പഴയ കാമുകിയുടെ മകളെ പെണ്ണുകാണാൻ ചെല്ലുന്ന സാഹചര്യമാണ്‌. സിനിമയിൽ തമാശക്കു കാണിക്കാമെങ്കിലും വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്ന യുവനേതാക്കന്മാർക്ക്‌ സംഭവിക്കാൻ സാധ്യതയുള്ള ഒരു പ്രതിസന്ധി തന്നെയാണിത്‌. പഴയ കാമുകിയുടെ മകളെയല്ലെങ്കിലും സഹപാഠികളുടെയോ സമപ്രായക്കാരുടെയോ മക്കളെ കല്യാണമാലോചിക്കുന്ന ദുരവസ്ഥ വന്നേക്കാം. സിനിമയിൽ അതിനെ കുറച്ച്‌ എക്സാഗരേറ്റ്‌ ചെയ്തുവെന്നു കരുതിയാൽ മതി.


തിരക്കഥയുടെ മേന്മകളിൽ എടുത്തു പറയേണ്ട ഒന്ന്, ചിന്തിപ്പിക്കുന്ന ചില തമാശകളും ദൃശ്യങ്ങളും സംഭാഷണങ്ങളും ആവർത്തിച്ചു പറഞ്ഞുറപ്പിക്കാൻ നിൽക്കാതെ വേഗത്തിൽ പറഞ്ഞുപോവുന്നതാണ്‌. മലയാള സിനിമക്കു പൊതുവേ ഇല്ലാത്ത ഈ ഗുണം ന്യൂജനറേഷൻ കാലത്തെ ചില ചിത്രങ്ങളിൽ പരീക്ഷിക്കപ്പെടുന്നുണ്ട്‌. ന്യൂജനറേഷൻ വിപ്ലവം തുടങ്ങിവച്ച സാൾട്ട്‌ & പെപ്പറിന്റെ തിരക്കഥയിൽ ഇത്തരം ചില ഫ്രെയിമുകളുണ്ടായിരുന്നു, സൂക്ഷ്മദൃക്കുകളായ പ്രേക്ഷകർ മാത്രമേ ആ ദൃശ്യങ്ങൾ ശ്രദ്ധിക്കാൻ വഴിയുള്ളൂ.

എങ്കിലും കൂടുതൽ നന്നാക്കാമായിരുന്ന ഒരു തിരക്കഥയെ വെറുമൊരു തമാശച്ചിത്രമാക്കി ചുരുക്കിയതിന്റെ നിരാശ ഒന്നുകൂടി പങ്കുവക്കുന്നു.


Vellimoonga (Sep 2014, Dir: Jibu Jacob, Script: Joji Thomas, Biju Menon, Nikki Galrani).

Saturday, December 27, 2014

മലയാള സിനിമക്ക്‌ ഇതു വളർച്ചയുടെ വർഷം

കഴിഞ്ഞ കുറേ വർഷങ്ങളായി പ്രതിവര്‍ഷം മലയാളത്തില്‍ ഇറങ്ങാറുണ്ടായിരുന്നത് തൊണ്ണൂറോളം സിനിമകളായിരുന്നെങ്കില്‍, 2013ൽ അത് ഒറ്റയടിക്ക്‌ 153 എന്ന സംഖ്യയിലെത്തിയിരുന്നു. സിനിമകളുടെ എണ്ണത്തിലെ ആ വിസ്ഫോടനം മലയാള സിനിമയിലേക്കുള്ള കള്ളപ്പണക്കാരുടെ തള്ളിക്കയറ്റം മൂലമായിരുന്നു എന്നത്‌ ഒരുപാട്‌ ചർച്ചചെയ്യപ്പെട്ടു കഴിഞ്ഞ കഥയാണ്‌. 2014ലും സിനിമയിലെ കള്ളപ്പണ നിക്ഷേപം തുടർന്നു, ആകെ റിലീസുകളുടെ എണ്ണം 150 തികച്ചു. 2013ലെ സിനിമകളിൽ നഷ്ടമുണ്ടാക്കാത്തത് വെറും ഇരുപത്തിയഞ്ചെണ്ണം മാത്രമായിരുന്നെങ്കിൽ, 2014ൽ കഥയൊരുപാടു മാറി. ഭേദപ്പെട്ട സാമ്പത്തിക നേട്ടമുണ്ടാക്കിയ ചിത്രങ്ങളുടെ എണ്ണം തന്നെ അൻപതോളമാണ്‌. കേരളത്തിലെ നഗരങ്ങളിലേക്കുള്ള മൾട്ടിപ്ലക്സുകളുടെ വരവും, വൈഡ്‌ റിലീസുമൊക്കെയാണ്‌ ഈ നേട്ടത്തിനുള്ള കാരണങ്ങൾ.

2013ൽ ഒരു സൂപ്പർ ഹിറ്റ്‌ സിനിമയുടെ ശരാശരി (റിലീസ്‌) തിയറ്റർ ആയുസ്സ്‌ 14 ദിവസമായിരുന്നെങ്കിൽ, മൾട്ടിപ്ലെക്സുകളിൽ മധ്യവർത്തി സിനിമകൾക്കത്‌ മൂന്നാഴ്ച്ചയോ അതിനു മേലെയോ ആയി മാറി. മൾട്ടിപ്ലക്സുകൾ അൽപം നിലവാരമുള്ള മധ്യവർത്തി സിനിമകൾക്ക്‌ തീയറ്ററുകളിൽ ആയുസ്സു നീട്ടിക്കിട്ടാൻ വഴിയൊരുക്കിയെന്നു നിസ്സംശയം പറയാം. ഇക്കഴിഞ്ഞ മാസം ഇറങ്ങിയ വെള്ളിമൂങ്ങയുടെ വിജയം ഇതിനൊരു ഉദാഹരണമാണ്‌. പഴയ തീയറ്റർ ശീലത്തിലായിരുന്നെങ്കിൽ റിലീസ്‌ ചെയ്ത്‌ ആദ്യത്തെയാഴ്ച്ച തന്നെ ബി ക്ലാസ്സിലേക്കു മാറ്റപ്പെടുമായിരുന്നു ആ ചിത്രം, എന്നിട്ടു ടിവിയിൽ വരുമ്പോൾ മാത്രം പ്രേക്ഷകർ കണ്ടു 'വിജയിപ്പിക്കുകയും' ചെയ്തേനെ.


ഇന്റർനെറ്റ്‌ നിരൂപണം വായിച്ചിട്ടു മാത്രം സിനിമ കാണാൻ പോകുന്ന ഒരു തലമുറയുടെ പുതിയ ശീലമാണ്‌ ശ്രദ്ധേയമായ മറ്റൊരു മാറ്റം. റിലീസാവുന്ന എല്ലാ പൊട്ട സിനിമകളേയും പാടിപ്പാടി പുകഴ്ത്തിയിരുന്ന മാധ്യമരീതിക്കു മാറ്റം വന്ന്, ഒരു ദാക്ഷിണ്യവുമില്ലാതെ സിനിമയെ കീറിമുറിച്ചു വിശകലനം ചെയ്യുന്ന നിരൂപകരുടെ വരവോടെ, പ്രചാരണ പോസ്റ്ററുകളിലൂടെയും പരസ്യവാചകങ്ങളിലൂടെയും ട്രെയിലറുകളിലൂടെയും മാത്രം പ്രേക്ഷകനെ വീഴ്ത്തൽ അസാധ്യമാണെന്ന സ്ഥിതി വന്നു. സിനിമയേക്കുറിച്ച്‌ ഒന്നുമറിയാതെ റിലീസ്‌ ദിവസം തന്നെ ഇടിച്ചുകയറുന്നവർ ഒരു ന്യൂനപക്ഷമായി ചുരുങ്ങിക്കൊണ്ടിരിക്കുന്നു. റിലീസിനെത്തുടർന്നുള്ള ദിവസങ്ങളിൽ നല്ല പേരുണ്ടാക്കാതെ പ്രേക്ഷകരെ തിയറ്ററിലേക്ക്‌ ആകർഷിക്കാൻ നിവൃത്തിയില്ലാത്ത സ്ഥിതി. അതും സിനിമയുടെ ഗുണപരമായ മാറ്റത്തിനു പ്രേരണയായേക്കാം.

എന്തായാലും സമ്പദ്‌വ്യവസ്ഥ വളർച്ച നേടുന്നതിനനുസരിച്ച്‌ ഇന്ത്യയിലെ പ്രമുഖ ഭാഷകളിലെല്ലാമുള്ള സിനിമാ വ്യവസായങ്ങൾ വളർച്ച നേടുന്നുണ്ട്‌. വിദേശത്തു നിന്നു പോലും ഇന്ത്യൻ സിനിമയിലേക്ക്‌ നേരിട്ടല്ലാതെയാണെങ്കിലും നിക്ഷേപം വരുന്നു. മൾട്ടിപ്ലക്സുകൾ സിനിമയുടെ വ്യൂവർഷിപ്പ്‌ വർദ്ധിപ്പിക്കുന്നു.

എന്നാൽ പൊതുവായ ഈ മാറ്റത്തിനപ്പുറം മലയാള സിനിമയിൽ കഴിഞ്ഞ ദശകത്തിലെ നിലവാരത്തകർച്ചക്കു കാരണമായ മിമിക്രി ടാലന്റ്‌ പൂളിനെ അപേക്ഷിച്ച്‌ പുതിയ ചെറുപ്പക്കാരുടെ വരവാണ്‌ സിനിമയിൽ പുതിയ ഒരു ഉണർവ്വുണ്ടാക്കിയിരിക്കുന്നത്‌. ഇപ്പോഴും എഴുപതുകളിൽ തുടങ്ങി തൊണ്ണൂറുകളുടെ ആദ്യം അവസാനിച്ച ആ സുവർണ്ണകാലത്തിലെ താരതമ്യത്തിലേക്കൊന്നും മലയാളം എത്തിയിട്ടില്ല. പക്ഷെ ഇനിയും ഒരു ദശകത്തിനപ്പുറമെങ്കിലും ഒരു പുതിയ സുവർണ്ണകാലം പ്രതീക്ഷിക്കാം എന്ന നിലയിലേക്ക്‌ എത്തി എന്നതു തന്നെ വലിയ ആശ്വാസം.

Friday, December 26, 2014

പുനഃപരിവർത്തനം

കേരളത്തിൽ രണ്ടു തെരെഞ്ഞെടുപ്പുകൾ വരാനിരിക്കുന്നതിനാലും, അമിത്‌ ഷായുടെ നേതൃത്വത്തിൽ ബി.ജെ.പിക്കു സംസ്ഥാനത്തു ചില ലക്ഷ്യങ്ങളുള്ളതിനാലും, ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ട പബ്ലിക്ക്‌ സ്പേസ്‌ മുഴുവൻ പുനഃപരിവർത്തനം തുടങ്ങിയ ലൊട്ടുലൊടുക്കു വിദ്യകളുമായി അപഹരിക്കപ്പെട്ടു പോയിരിക്കുന്നു. പതിനായിരം വർഷത്തെ പഴക്കമുള്ള, വേദങ്ങളും ഉപനിഷത്തുകളും മുതൽ ഇതിഹാസങ്ങളും പുരാണങ്ങളും വരെയുള്ള എണ്ണിയാലൊടുങ്ങാത്ത ഗ്രന്ഥസമ്പത്തുള്ള അതിസമ്പന്നമായ ഒരു സംസ്ക്കാരത്തിന്റെ ഇന്നത്തെ പ്രതിനിധികളായ നമുക്ക്‌ പുനഃപരിവർത്തനവും, ദേശിയ ഗ്രന്ഥവും, ഗോവധ നിരോധനവും, രാമസേതുവും പോലുള്ള വൈകാരിക ഗിമ്മിക്കുകൾ മാത്രമേയുള്ളോ ലോകത്തിനു മുന്നിൽ വക്കാൻ? മുഴുൻ ലോകത്തേയും അത്ഭുതപ്പെടുത്താനും ആനന്ദ സാഗരത്തിലാറാടിക്കാനും പറ്റിയ ഒന്നുമില്ലേ ഹൈന്ദവതയുടെ അനന്തമായ ആവനാഴിയിൽ? അഭിനവ ഹിന്ദുത്വ ശിങ്കങ്ങൾ ഈ ധർമ്മത്തിന്റെ സത്പേരിനു നിരന്തരമായി വരുത്തിക്കൊണ്ടിരിക്കുന്ന കളങ്കം ഈ തരത്തിൽ പോയാൽ ഈയടുത്തൊന്നും പരിഹരിക്കാൻ കഴിയുമെന്നു തോന്നുന്നില്ല.

Thursday, December 25, 2014

വീണ്ടും വരുന്നു 'നിങ്ങൾക്കും ആകാം കോടീശ്വരൻ'

വീണ്ടും വരുന്നു 'നിങ്ങൾക്കും ആകാം കോടീശ്വരൻ'. ശരാശരി വിവരമുള്ള ആർക്കും ഉത്തരം പറയാൻ സാധിക്കുമെന്നു തോന്നിപ്പിക്കുന്ന ചോദ്യങ്ങൾ. അതുകൊണ്ടു തന്നെ പങ്കെടുക്കാൻ താത്പര്യപ്പെടുന്നവരുടെ വൻ എസ്‌.എം.എസ്സ്‌ തള്ളിക്കയറ്റം. എസ്‌.എം.എസ്സ്‌ വരുമാനം മാത്രം ദിവസം നാലു കോടി. അതേസമയം ഒരു മാസം വിതരണം ചെയ്യുന്ന ആകെ സമ്മാനത്തുകയാവട്ടെ അരക്കോടിയിൽ താഴെ മാത്രം. അതുതന്നെ നൽകുന്നതു പ്ലാസ്റ്റിക്കിലും ഫ്ലക്സിലും പ്രിന്റ്‌ ചെയ്ത ഷോ ചെക്കുകൾ. യഥാത്ഥ ചെക്കുകൾ എപ്പഴേലും കൊടുത്താലായി.

ബി.ടെക്കുകാർ മുതൽ കൂലിപ്പണിക്കാർ വരെ പങ്കെടുക്കുമെങ്കിലും ഒരുവിധം വിദ്യാഭ്യാസമുള്ളവരെയും ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവരേയും മൂന്നാം റൗണ്ടിനപ്പുറം കടത്തില്ല, കാരണം അത്തരക്കാർക്കു കാണികളുടെ വൈകാരിക പിന്തുണ ലഭിക്കില്ല. അത്തരക്കാരെ പുറത്താക്കാനായി "ഉഗാണ്ടയിലെ പുല്ലിന്റെ ശാസ്ത്രനാമം" തുടങ്ങിയ ഉടക്കു ചോദ്യങ്ങളുടെ ശേഖരം തന്നെയുണ്ട്‌ ഗുരുജി ടീമിന്റെ കൈയിൽ.

ഒരുപാടു പ്രാരാബ്ധമുള്ള, സ്വന്തമായി
വീടില്ലാത്ത, ഭർത്താവു കുറഞ്ഞതൊരു വികലാംഗനെങ്കിലുമായ, സ്ത്രീ contestantsനു മാത്രമായി ഫൈനൽ റൗണ്ട്‌ സംവരണം ചെയ്തിരിക്കുന്നു. ഒരു സീസണിൽ ഒരു കോടിപതിയാണു സ്ട്രാറ്റജിക്ക്‌ ടീമിന്റെ കണക്ക്‌. ഒരാൾക്കും കോടി കിട്ടിയില്ലെങ്കിൽ ഇതു തട്ടിപ്പാണെന്നു തോന്നും, എല്ലാർക്കും കോടി കൊടുത്താൽ മുതലാവില്ല, മാത്രമല്ല കോടിയുടെ വിലയും പോവും. അപ്പോൾ കൊടുക്കുന്ന ഒരു കോടി അർഹിക്കുന്നയാൾക്കു തന്നെ കിട്ടിയെന്നു കാണികൾക്കു തോന്നണം (അതിനാണു ദാരിദ്ര്യം), കഷ്ടപ്പെട്ടാണു നേടിയതെന്നും.


ഇതൊക്കെയാണേലും കളി കാഴ്ച്ചക്കാർക്കു മടുത്തു തുടങ്ങുമ്പോൾ, എസ്‌.എം.എസ്സ്‌-പരസ്യ വരുമാനം നാലു കോടിയിൽ നിന്ന് നാലു ലക്ഷത്തിലേക്ക്‌ ഇടിയുമ്പോൾ പരിപാടി നിർത്തും. വീണ്ടും സീരിയൽ, ഐഡിയാ സ്റ്റാർ സിംഗർ, മിമിക്രി സൈക്കിളിലേക്കു തന്നെ തിരിച്ചു പോവും. 'സൂപ്പർ സ്റ്റാർ' സുരേഷ്‌ ഗോപി സ്വന്തം വീട്ടിലേക്കും.

Sunday, December 21, 2014

PK movie review

PK എന്ന അമീർ ഖാൻ ചിത്രം കണ്ടു. നാം taken for granted ആയെടുക്കുന്ന പല കാര്യങ്ങളെയും ശീലങ്ങളേയും ഒരു alein കാഴ്ച്ചപ്പാടിൽ അവതരിപ്പിക്കാനും വിമർശിക്കാനുമായി തിരക്കഥാകാരൻ ഒരു അന്യഗ്രഹ മനുഷ്യനെത്തന്നെ ഭൂമിയിലേക്ക്‌ കൊണ്ടുവരുന്നു. രാഷ്ട്രീയ സാമൂഹിക വിമർശനങ്ങളിൽ ഒരുപാടു സാധ്യതകളുണ്ടായിരുന്ന ആ ആശയത്തേ പക്ഷേ വേണ്ടവിധം ഉപയോഗപ്പെടുത്താൻ തിരക്കഥാകാരനു കഴിഞ്ഞിട്ടില്ല. അതിനാൽ തുടക്കത്തിലെ ടെർമ്മിനേറ്റർ ശൈലിയിലുള്ള പികെയുടെ ആ വരവിനു ശേഷം പ്രേക്ഷകർ പ്രതീക്ഷിക്കുന്ന അത്ഭുതങ്ങളോ, സാഹസികതകളോ, സ്റ്റണ്ടുകളോ ഒന്നും തന്നെ തുടർന്നു സംഭവിക്കുന്നില്ല. അന്യഗ്രഹ ജീവിയുടെ അപരിചയ സംഘർഷം ഒടുവിൽ ദൈവത്തോടും, മതങ്ങളോടും, വിശ്വാസങ്ങളോടും, അന്ധവിശ്വാസങ്ങളോടും, പിന്നെ ഒടുവിൽ ഒരേയൊരു ആൾദൈവത്തോടും എന്ന നിലയിലേക്ക്‌ ചുരുങ്ങിപ്പോകുന്നു. "ദൈവത്തെ കാണ്മാനില്ല" തുടങ്ങിയ ചിത്രത്തിലെ ചില ആശയങ്ങളെങ്കിലും അക്ഷയ്‌ കുമാർ, പരേഷ്‌ റാവൽ എന്നിവരഭിനയിച്ച 'ഓ മൈ ഗോഡ്‌' (2012) എന്ന ചിത്രത്തെ അനുസ്മരിപ്പിക്കും. ഇത്ര നിസ്സാരമായ ഒരു കാര്യത്തിന്‌ ഒരു അന്യഗ്രഹ ജീവിയെ കൊണ്ടുവരേണ്ടിയിരുന്നോ എന്ന സംശയം ബുദ്ധിയുള്ള പ്രേക്ഷകന്‌ തോന്നും.

ഈ അതിതീവ്ര ബി.ജെ.പി കാലത്ത്‌ ഹിന്ദു ദൈവങ്ങളേയും ആൾ ദൈവത്തേയും കയറിപ്പിടിക്കാൻ തിരക്കഥാകാരൻ കാണിച്ച ധൈര്യം സമ്മതിക്കണം, അതും അമീർ ഖാൻ എന്ന മുസ്ലിം നടനെ മുൻനിർത്തി. ഇന്ത്യക്കാരി ഹിന്ദു യുവതി പാകിസ്ഥാനി മുസ്ലീമിനെ പ്രണയിക്കുന്ന ക്രോസ്‌ ബോർഡർ 'ലവ്‌ ജിഹാദും', അതിനോടുള്ള കുടുംബത്തിന്റെ എതിർപ്പും, മുസ്ലീം കാമുകൻ നിശ്ച്ചയമായും ചതിക്കും എന്ന ഗുരുവിന്റെ റെഡിമെയ്ഡ്‌ പ്രവചനവുമെല്ലാം തിരക്കഥയിലെഴുതാൻ കാണിച്ച ധൈര്യം നിസ്സാരമല്ല. ബി.ജെ.പിയും ശിവസേനയും ദേശീയതലത്തിൽ പ്രതിപക്ഷത്തിരിക്കുന്ന കാലമായിരുന്നെങ്കിൽ ഈ ചിത്രത്തിന്റെ പ്രദർശനം ചിലസ്ഥലങ്ങളിലെങ്കിലും തടയപ്പെട്ടേനെ. ഭരണപക്ഷത്തിരിക്കുന്ന ബി.ജെ.പിക്കു വർഗ്ഗീയതയേക്കാൾ പ്രതിജ്ഞാബദ്ധത ക്യാപ്പിറ്റലിസത്തോടാണെന്ന് ഒരുപക്ഷേ ഏറ്റവും നന്നായി അറിയാവുന്നത്‌ സിനിമാക്കാർക്കു തന്നെയാവും.

ബി.ജെ.പി കാലത്ത്‌ ഇത്തരമൊരു ആശയം സിനിമക്കായി തെരെഞ്ഞെടുത്തതിലെ രാഷ്ട്രീയ കൗതുകവും, ഇന്ത്യൻ പോപ്പുലർ സിനിമയിൽ  വിഗ്രഹാരാധനയുടെ യുക്തി ചോദ്യം ചെയ്യപ്പെടുന്നതിലെ കൗതുകവും മാറ്റിവച്ചാൽ പക്ഷേ പി.കെ ഒരു പാഴ്‌ചിത്രമാണ്‌. സിനിമാ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്കു തള്ളപ്പെടാനായി മാത്രം ഓരോ വർഷവും നിർമ്മിക്കപ്പെടുന്ന നൂറുകണക്കിനു ചിത്രങ്ങളുടെ നിരയിലേക്ക്‌ ഒരെണ്ണം കൂടി. സൂപ്പർ താരത്തിന്റെ താരമൂല്യത്തിൽ ലഭിക്കുന്ന വൻ ഇനീഷ്യൽ കളക്ഷൻ ലക്ഷ്യമിടുന്ന മറ്റൊരു ചിത്രം മാത്രമാവുന്നു പി.കെ.

Monday, December 08, 2014

സിനിമാ സ്റ്റൈൽ മാവോയിസ്റ്റ്‌ വേട്ടയുമായി സംസ്ഥാന സർക്കാർ.

ജനങ്ങൾ ഇതുവരെ മൈൻഡ്‌ ചെയ്തിട്ടില്ലെങ്കിലും കേരളാ പൊലീസ്‌ ഈ മാവോയിസ്റ്റുകളെ അങ്ങനെ ചുമ്മാ വിടാൻ തയ്യാറല്ല. ഞങ്ങൾ മാവോയിസ്റ്റുകളെ കണ്ടു, സത്യമായിട്ടും കണ്ടു, ഏറ്റുമുട്ടി എന്നൊക്കെയവർ വീണ്ടും വീണ്ടും ആണയിട്ടു കൊണ്ടേയിരിക്കുന്നു. ഏഷ്യാനെറ്റും മനോരമയും പിന്തുണച്ച്‌ വാർത്തയിറക്കുന്നുണ്ട്‌ (മാതൃഭൂമി സംശയം നിലനിർത്തിക്കൊണ്ടാണു റിപ്പോർട്ട്‌ ചെയ്തത്‌). മാവോയിസ്റ്റുകൾ തണ്ടർബോൾട്ടുമായി ഏറ്റുമുട്ടി, പരിസരവാസികൾ വെടിയൊച്ച കേട്ടു, എ.കെ 47 തോക്കിന്റെ ഭാഗങ്ങൾ കണ്ടെത്തി എന്നൊക്കെയാണു വാർത്തകൾ. കേരളാ പൊലീസിൽ നിന്നും സി.ആർ.പി.എഫിൽ നിന്നും വിളിച്ചുകൂട്ടിയ കുറെ കോൺസ്റ്റബിൾ പയ്യന്മാരെ പച്ച മിലിട്ടറി യൂണിഫോം ഇടീച്ച്‌ കൈയിൽ ഇന്ത്യൻ നിർമ്മിത എ.കെ 47 അനുകരണ റൈഫിളും പിടിപ്പിച്ചു കാട്ടിലോട്ടു കേറ്റി വിടുന്നു. ഇത്രയൊക്കെ നാടകീയത കാണിച്ചിട്ടും നിങ്ങളാരും ഇതൊന്നു വിശ്വസിക്കാത്തതെന്താ നാട്ടാരേ? ഈ സർക്കാർ ജനങ്ങളുടെ സുരക്ഷക്കായി പെടാപ്പാടുപെടുന്നതു നിങ്ങൾ കാണുന്നില്ലേ?

നിലവാരമുള്ള പ്രിന്റ്‌ മീഡിയയിൽ നിന്നു മനസ്സിലാകുന്നത്‌ അവിടെ നേരിയ തോതിലുള്ള മാവോയിസ്റ്റ്‌ സാന്നിദ്ധ്യം ഉണ്ട്‌ എന്നു തന്നെയാണ്‌. പക്ഷേ അവർ യൂണിഫോമിട്ട സായുധ സംഘങ്ങളല്ല. ജനങ്ങളുടെയിടയിൽപ്രവർത്തിക്കുന്ന ഏതാനും ചെറുസംഘങ്ങളാണ്‌. അവരെ കണ്ടെത്തേണ്ടത്‌ മൈക്രോ ഇന്റലിജൻസ്‌ പ്രവർത്തനം വഴിയാണ്‌. മറിച്ച്‌ സർക്കാരിപ്പോൾ നടത്തുന്നത്‌ ഒരു എക്സിബിഷൻ ആണ്‌. പട്ടാള വേഷമിട്ട സേനയേ കൊണ്ടുവന്ന് റൂട്ട്‌ മാർച്ച്‌ (പ്രകടനം) നടത്തുക, മുൻകൂട്ടി ചാനലുകാരെ അറിയിച്ച്‌ അവർ കാടുകയറുന്ന ദൃശ്യം പിടിച്ച്‌ നാട്ടാരെ കാണിക്കുക. പൊലീസ്‌ തന്നെ വിളിച്ചിട്ടല്ലേചാനലുകാർ വന്നത്‌? അത്രയും ഒച്ചപ്പാടും ബഹളവുമുണ്ടാക്കിയാണോ ഒളിപ്പോരാളികളെ തപ്പുന്നത്‌?

മൗണ്ട്‌ബാറ്റൺ പ്രഭുവിന്റെ നേവൽ യൂണിഫോം


1947 ആഗസ്റ്റ്‌ 15നു അധികാരക്കൈമാറ്റ ചടങ്ങിൽ വൈസ്രോയി മൗണ്ട്‌ബാറ്റൺ പ്രഭു ധരിച്ച സൈനിക അലങ്കാരങ്ങളുള്ള (decorations) വെളുത്ത വേഷം വൈസ്രോയിയുടെ ഔദ്യോഗിക വേഷമോ മറ്റോ ആണെന്നാണു മിക്കവാറും ഇന്ത്യാക്കാരുടേയും ധാരണ. എന്നാൽ ബ്രിട്ടീഷ്‌ വൈസ്രോയിക്ക്‌ അങ്ങനെ ഔദ്യോഗിക വേഷമൊന്നുമുണ്ടായിരുന്നില്ല. അന്നു മൗണ്ട്ബാറ്റൺ ധരിച്ചത്‌ മുൻ റോയൽ നേവി ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ റിട്ടയർമ്മെന്റിനു മുൻപുള്ള ഔദ്യോഗിക വേഷമായിരുന്നു. ആ വേഷം ധരിക്കുന്നതിന്‌ അദ്ദേഹം നെഹ്രുവിൽ നിന്ന് മുൻകൂർ അനുമതി വാങ്ങിയിരുന്നു. അതുവരെ രാജ്ഞിയുടെ പ്രതിനിധിയായിരുന്ന മൗണ്ട്ബാറ്റണ്‌ പെട്ടെന്ന് വെറുമൊരു സൈനിക ഉദ്യോഗസ്ഥനിലേക്ക്‌ (അതും റിട്ടയേർഡ്‌ ഉദ്യോഗസ്ഥൻ) വേഷപ്പകർച്ച. നേവൽ യൂണിഫോം ധരിക്കാൻ നെഹ്രുവും സഹപ്രവർത്തകരും മൗണ്ട്ബാറ്റണ്‌ അനുമതി നൽകിയത്‌ എന്തുകൊണ്ട്‌? അധികാരക്കൈമാറ്റച്ചടങ്ങിലെ മൗണ്ട്ബാറ്റന്റെ പഴയ യൂണിഫോം ധാരണം കൊണ്ട്‌ ബ്രിട്ടൻ ഉദ്ദേശിച്ചത്‌ എന്താണ്‌ (ഇന്ത്യൻ പ്രധാനമന്ത്രി ഒരു ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥനിൽ നിന്നു അധികാരം സ്വീകരിക്കുക) എന്ന് ഒരുപാട്‌ അറിവുള്ളയാളും കേംബ്രിഡ്ജ്‌ ബിരുദധാരിയുമായ നെഹ്രുവിനു മനസ്സിലായില്ലേ?  മനസ്സിലായിട്ടും അത്‌ അനുവദിച്ചു കൊടുത്തതെന്തിന്‌? ഇന്ത്യക്കാരന്‌ അഭിമാനം എന്നൊന്നില്ലേ?

സായിപ്പിനു മുന്നിൽ കവാത്തു മറക്കുന്ന ഇന്ത്യക്കാരന്റെ ഈ സ്വഭാവത്തിനു ഈ അടുത്തകാലത്തുമുണ്ട്‌ ഉദാഹരണങ്ങൾ. കടൽക്കൊലക്കേസിലെ ഇറ്റാലിയൻ നാവികർ കോടതിയിൽ ഹാജരായപ്പോഴൊക്കെ നാവിക യൂണിഫോം ധരിക്കാൻ ഇന്ത്യൻ പൊലീസും, സർക്കാരും, കോടതിയും അനുവദിച്ചത്‌ എന്തുകൊണ്ട്‌? ഇന്ത്യൻ പട്ടാളക്കാർ ഒരു വിദേശ കോടതിയിൽ കൊലക്കേസ്‌ വിചാരണ നേരിട്ടിരുന്നെങ്കിൽ അവർക്ക്‌ അവിടെ ഇന്ത്യൻ സൈനിക യൂണിഫോം ധരിക്കാൻ സാധിക്കുമായിരുന്നോ, അതോ ജയിൽ വസ്ത്രം ധരിക്കേണ്ടി വരുമായിരുന്നോ? ഈ ഇന്ത്യക്കാരനെന്താ നന്നാവാത്തേ?

Last sermon from "Stand Up Guys"

Uh, Hirsch was a good friend.
I remember one time, uh,
we robbed this liquor store.
And, he ran over a dog.
He cried for two days over that dog.
Anyway, he will be missed...
by so many of us that God left behind.
He was a witness to our lives.
Not many of those left.
So there's one less person on this earth
who knows our name,
who remembers our childhood.
Who shared in each moment as it passed.
You know, they say, we die twice.
Once, when the breath leaves our body,
and once...
when the last person we know
says our name.
And then...
Hirsch's life will be forgotten,
like all the other poor...
fucks that ever had the glory of livin'.

From "Stand Up Guys", a 2012 American film starring Al Pacino and Christopher Walken.

Sunday, December 07, 2014

ഹനുമാൻ സേന

ശ്രീരാമൻ, ഹനുമാൻ, ശിവൻ എന്നീ ആരാധനാ മൂർത്തികളുടെ പേരിന്റെ കൂടെ "സേന" എന്നൊരു വാൽ ചേർത്താൽ വല്ലവന്റെയും തലയിൽ കേറാനും ഗുണ്ടായിസം കാണിക്കാനുമുള്ള ലൈസൻസ്‌ ആവുന്നത്‌ ഹിന്ദുക്കൾക്ക്‌ അപമാനമാണ്‌. ഇതിനെ ചോദ്യം ചെയ്യേണ്ടത്‌ ഹിന്ദുക്കൾ തന്നെയാണ്‌. അറിയപ്പെടുന്ന പുരാണങ്ങളിലൊന്നും ഈ ഇതിഹാസ പുരുഷന്മാരാരും തന്നെ ഇത്തരത്തിലുള്ള ഗുണ്ടായിസം കാണിച്ചതായി ഞാൻ കേട്ടിട്ടില്ല. മര്യാദാ പുരുഷോത്തമനായ രാമന്റേയും, രാമദാസനായ ഹനുമാന്റേയും പേരുകൾ ഇങ്ങനെ ദുരുപയോഗം ചെയ്യുന്നതു വലിയ അക്രമമാണ്‌. വേണ്ടിവന്നാൽ മതവികാരം വ്രണപ്പെടുത്തുന്നതിനു കേസ്‌ ഫയൽ ചെയ്യേണ്ടതാണ്‌. അല്ലെങ്കിൽ നിക്ഷിപ്ത താത്പര്യമുള്ള സദാചാര പ്രശ്നങ്ങൾക്കപ്പുറം ഭാരതീയനെ ബാധിക്കുന്ന എന്തെങ്കിലുമൊരു പ്രശ്നത്തിൽ ഇടപെട്ട്‌ ഈ സേനക്കാർ തങ്ങളുടെ ആത്മാർത്ഥത തെളിയിക്കണം.

ചുംബന സമരം

കുറേ ടീനേജു കുട്ടികൾ കോഴിക്കോട്ടെ ഒരു റെസ്റ്റോറന്റിൽ വളരെ സ്വകാര്യമായി ചെയ്ത കാര്യങ്ങൾ ഒരു ചാനൽ (കോൺഗ്രസ്സ്‌ ചാനലായ ജയ്‌ഹിന്ദ്‌ ടിവി) ഒളിക്യാമറ വച്ചു പിടിച്ചു ലോകം മുഴുവൻ കാണിച്ചപ്പോൽ ഒരു പറ്റം ചെറുപ്പക്കാരുടെ അതിനോടുള്ള ഒരു എക്സ്ട്രീമിസ്റ്റ്‌ പ്രതികരണം. ഒളിച്ച്‌ സ്വകാര്യമായി ചെയ്തത്‌ നിങ്ങൾ ഒളിക്യാമറയിൽ പിടിച്ചെങ്കിൽ, ഞങ്ങളിതാ അതു പരസ്യമായി പൊതുസ്ഥലത്തു വച്ചു ചെയ്യുന്നു, നിങ്ങൾ ഏതു ക്യാമറ വച്ചു വേണമെങ്കിലും പിടിച്ചോളൂ എന്ന വെല്ലുവിളി നിറഞ്ഞ പ്രതികരണം. അതാണു ചുംബന സമരം, എന്റെ വായനയിൽ.

പക്ഷേ ആ പ്രതികരണ രീതിക്കുമപ്പുറം അതിനെ ശ്രദ്ധേയമാക്കുന്നത്‌, കേരളത്തിൽ നാം പരിചയിച്ച സാമൂഹിക സാഹചര്യത്തിൽ ഒരു പക്ഷേ ഒരിക്കലും വിജയിക്കാൻ സാധ്യതയില്ലാതിരുന്ന ഇത്തരമൊരു പ്രതിഷേധ രൂപം സംഘടിപ്പിക്കാൻ ഒരു ചെറു സംഘം ചെറുപ്പക്കാർ കാണിച്ച ധൈര്യവും അതിനു കേരളത്തിൽ ലഭിച്ച രസകരമായ രീതിയിലുള്ള സ്വീകരണവുമാണ്‌. ഏറ്റവും സാമൂഹിക രാഷ്ട്രീയ പ്രസക്തിയുള്ള, എല്ലാവരേയും ബാധിക്കുന്ന പ്രശ്നങ്ങളിൽ പോലും നടത്തപ്പെടുന്ന രാഷ്ട്രീയ സമരങ്ങളിൽ ജനങ്ങളുടെ, വിശേഷിച്ച്‌ ചെറുപ്പക്കാരുടെ പങ്കാളിത്തം കൊണ്ടുവരാൻ ഞാനുൾപ്പെടെയുള്ളവർ പെടാപ്പാടുപെടുമ്പോൾ, കേരളത്തിലെ സാമൂഹിക സാഹചര്യത്തിൽ അസാധ്യമെന്നു തോന്നാവുന്ന ഇത്തരമൊരു സമരം വിഭാവനം ചെയ്തു വിജയിപ്പിച്ചവരോട്‌ എനിക്കൊരൽപ്പം ബഹുമാനമുണ്ട്‌.


ചുംബന സമരത്തെ വിജയത്തിലെത്തിച്ചതിൽ അതിനെ സോഷ്യൽ മീഡിയയിലൂടെ നിശിതമായി എതിർത്തവരുടെ അതുല്യമായ സംഭാവനയും, പിന്നെ സെൻസേഷണൽ പ്രശ്നങ്ങളിൽ മാത്രം വാർത്ത കാണുന്ന ചാനലുകാരുടെ പിന്തുണയുമൊക്കെയുണ്ടെന്നതു ശരിതന്നെ (ജനങ്ങളെ ബാധിക്കുന്ന എന്തെങ്കിലും പ്രശ്നമായിരുന്നെങ്കിൽ ചാനലുകാർ ഇത്ര താത്പര്യം കാണിക്കുമായിരുന്നില്ല). എങ്കിലും അത്തരമൊരു സമരരീതി വിഭാവനം ചെയ്തു, പ്രചാരണം നടത്തി, മറൈൻ ഡ്രൈവിൽ ഗ്രൗണ്ട്‌ ബുക്ക്‌ ചെയ്തു കഴിഞ്ഞപ്പോഴാണു വിമർശ്ശകരും ചാനലുകാരും അതേറ്റെടുത്തതെന്ന് ഓർക്കണം.

ഇതിനെല്ലാം പുറമേ, ഒരു ജനകീയ പ്രശ്നത്തിലെങ്കിലും അറസ്റ്റു ചെയ്യപ്പെടാനോ റിമാന്റു ചെയ്യപ്പെടാനോ ധൈര്യം കാണിക്കാത്ത, പൊലീസിന്റെ തല്ലു കൊള്ളാൻ പേടിയുള്ള "പൊളിട്ടിക്കൽ ആക്ടിവിസ്റ്റുകൾക്കിടയിൽ" ഈ സമരക്കാർ കാണിക്കുന്ന വിപ്ലവ വീര്യം സമ്മതിച്ചേ മതിയാവൂ. ഇവരുടെ ഈ വീര്യം രാഷ്ട്രീയമായ മറ്റു കാര്യങ്ങൾക്കു കൂടി പ്രയോജനപ്പെടുത്തിയിരുന്നെങ്കിൽ എന്ന ആഗ്രഹം കൂടി പങ്കുവെക്കുന്നു.

Saturday, December 06, 2014

ഇന്ത്യാവിഷൻ സമരം

ഇന്ത്യാവിഷൻ ചാനലിൽ നാലാം ദിവസവും സമരം തുടരുന്നു. ഉന്നത മാനേജ്മെന്റും ഏതാനും ചിലരും മാത്രം ഉയർന്ന ശംബളവും (മാസം രണ്ടു ലക്ഷവും അതിനു മേലെയും) ആനുകൂല്യങ്ങളും നേടുകയും ബഹുഭൂരിപക്ഷം വരുന്ന അപ്രശസ്തരായ ജീവനക്കാർ ശംബളമില്ലാതെ മാസങ്ങളോളം കഠിനാധ്വാനം ചെയ്യുന്ന ഫ്യൂഡൽ മാതൃകയാണ്‌ മറ്റെല്ലായിടത്തേയും പോലെ ഇന്ത്യാവിഷനിലും. ശംബളമില്ലാതെ പണിയെടുക്കാൻ കുറെയാളുകളും, പിന്നെ പണവും പ്രശസ്തിയും നേടാൻ ഏതാനും പ്രഭുക്കന്മാരും എന്ന "സുന്ദര" ഫ്യൂഡൽ മാതൃക.

അരവിന്ദ്‌ കേജ്രിവാളിന്റെ ബിസിനസ്സ്‌ ക്ലാസ്സ്‌ യാത്രാ വിവാദം

പിന്നീട്‌ ഋഷി തുല്യമായ ലളിത ജീവിതത്തിന്റെ മാതൃകയായ മോഹൻദാസ്‌ ഗാന്ധിയുടെ ജീവിതത്തിലെ രാഷ്ട്രീയഘട്ടം ആരംഭിച്ചത്‌ ദക്ഷിണാഫ്രിക്കയിലെ ഒരു ഫസ്റ്റ്‌ ക്ലാസ്സ്‌ ട്രയിൻ യാത്രയോടെയായിരുന്നു. അന്നു ടിക്കറ്റ്‌ എടുത്ത്‌ ഫസ്റ്റ്‌ ക്ലാസ്സിൽ യാത്ര ചെയ്ത ഗാന്ധിജിയെ സഹയാത്രികനായ ഒരു സായിപ്പിന്റെ പരാതിയേതുടർന്ന്  ടിക്കറ്റ്‌ എക്സാമിനർ എടുത്തു വെളിയിലെറിഞ്ഞു. വർണ്ണവിവേചനമായിരുന്നു പ്രശ്നം. സവർണ്ണ കുടുംബത്തിൽ ജനിച്ച്‌, ബ്രിട്ടീഷ്‌ വിദ്യാഭ്യാസം നേടി, സ്വയം ബ്രിട്ടീഷ്‌ ജെന്റിൽ മാനായി സങ്കൽപിച്ചിരുന്ന മോഹൻദാസിന്‌ അതൊരു തിരിച്ചറിവായിരുന്നു. ഇന്നിപ്പോൾ കേജ്രിവാളിന്റെ ഒരു വിമാനയാത്ര വിവാദമായിരിക്കുന്നു.

അരവിന്ദ്‌ കേജ്രിവാൾ ബിസിനസ്സ്‌ ക്ലാസ്സിൽ യാത്ര ചെയ്തതിനെ വിമർശിക്കുന്നവർ ആദർശ്ശ പോരാളികളല്ല, മറിച്ച്‌ അത്യാർഭാടത്തിൽ ജീവിക്കുകയും ചാർട്ടേർഡ്‌ വിമാനങ്ങളിൽ മാത്രം യാത്ര ചെയ്യുകയും ചെയ്യുന്ന നരേന്ദ്ര മോദി, രാഹുൽ ഗാന്ധി എന്നിവരുടെ ആരാധകരാണ്‌.  മോദി, രാഹുൽ  ആരാധകർ പോലും കേജ്രിവാളിൽ നിന്നും കൂടുതൽ ആദർശപരമായ സൂക്ഷ്മത പ്രതീക്ഷിക്കുന്നു എന്നു വേണമോ ചിന്തിക്കാൻ?  മോദിയും രാഹുലും സോണിയാ ഗാന്ധിയുമൊന്നും വരുത്തിവക്കുന്ന ചെലവുകളേക്കുറിച്ച്‌ ആരും ചോദ്യങ്ങൾ ഉന്നയിക്കാത്തത്‌ ഇവരിൽ നിന്നൊന്നും അത്തരം ആദർശമോ മിതത്വമോ ജനങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്തതിനാലായിരിക്കണം.

എന്തായാലും അരവിന്ദ്ജീ, ഒരു രാഷ്ട്രം മുഴുവൻ താങ്കളെ ഉറ്റു നോക്കുന്നുണ്ട്‌, താങ്കളുടെ ഓരോ ചലനത്തിലും. കഴിഞ്ഞ കാൽനൂറ്റാണ്ടായി അത്തരമൊരു ശ്രദ്ധക്കു ഭാഗ്യം സിദ്ധിച്ച മറ്റൊരു രാഷ്ട്രീയ നേതാവും ഭാരതത്തിലുണ്ടായിട്ടില്ല. ഓരോ ചലനത്തിലും അൽപം കൂടി ശ്രദ്ധിക്കുക.

Friday, December 05, 2014

ബാർ കോഴക്കേസ്‌ നാൾവഴി

23 January 2013.
ഹൈക്കോടതിയുടെ July 27, 2012ലെ വിധിയും (W.A.No.470/2012), സുപ്രീംകോടതിയുടെ September 19, 2012ലെ അപ്പീൽ ഇടക്കാല വിധിയിലെയും (SLP.No.26241-26253/2012) നിർദ്ദേശങ്ങൾ പ്രകാരം സർക്കാരിന്റെ മദ്യനയത്തിൽ ശുപാർശകൾ നൽകാനായി ശ്രീ ജസ്റ്റിസ്‌ (റിട്ടയേർഡ്‌) എം.രാമചന്ദ്രനെ ഏകാങ്ക കമ്മീഷനായി നിയമിച്ചു കൊണ്ട്‌ കേരളാ സർക്കാർ ഉത്തരവ്‌ (ജി.ഒാ) ഇറക്കുന്നു. കമ്മീഷന്റെ പ്രവർത്തനം സംബന്ധിച്ച ടേംസ്‌ ഓഫ്‌ റഫറൻസ്‌ March 4, 2013ൽ നികുതി വകുപ്പ്‌ (എക്സൈസ്‌) വിജ്ഞാപനം ചെയ്തു.

2013.
പുതിയ ഫോർ സ്റ്റാർ ബാർ ലൈസൻസുകൾക്കായി 22 അപേക്ഷകൾ സർക്കാരിനു മുന്നിൽ എത്തുന്നു. എക്സൈസ്‌ മന്ത്രി കെ.ബാബു ഉൾപ്പെടെയുള്ളവർ വലിയ തുകകൾ ചോദിക്കുന്നു. ബാറുകാർ വില പേശുന്നു, കെ.ബാബു തുക കുറക്കുന്നില്ല.

March 2014.
പുതിയ ഫോർ സ്റ്റാർ ബാർ ലൈസൻസുകൾക്കായി അപേക്ഷിച്ചവരുടെ ഹർജ്ജി സുപ്രീംകോടതിയിൽ. ലൈസൻസിനു യോഗ്യതയില്ല എന്നു ജസ്റ്റിസ്‌ രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ടിൽ കണ്ടെത്തിയ (418 ടു സ്റ്റാർ) ബാറുകൾ പോലും ഇപ്പോഴും തുറന്നു പ്രവർത്തിക്കുന്നുണ്ട്‌ എന്ന വസ്തുത സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമായി ഹർജ്ജിക്കാർ ചൂണ്ടിക്കാട്ടുന്നു. തെരെഞ്ഞെടുപ്പു സമയമായതിനാൽ സർക്കാർ പ്രതിരോധത്തിലാവുന്നു. ബാറുകൾ പൂട്ടുമെന്നു സർക്കാർ കോടതിയെ അറിയിക്കുന്നു.


31 March 2013.
418 ടു സ്റ്റാർ ബാറുകൾ പൂട്ടുന്നു.


31 Oct 2014.
ബാറുകൾ പൂട്ടാതിരിക്കാനായി ധനമന്ത്രി കെ.എം.മാണി അഞ്ചു കോടി കോഴ ചോദിച്ചതായും അതിൽ ഒരു കോടി നൽകിയതായുമുള്ള ബാർ ഹോട്ടൽ അസോസിയേഷൻ വർക്കിങ്ങ്‌ പ്രസിഡന്റ്‌ ഡോ: ബിജു രമേശിന്റെ വെളിപ്പെടുത്തൽ മനോരമ ന്യൂസിൽ. പതിനഞ്ചു ലക്ഷവും, മുപ്പത്തഞ്ചു ലക്ഷവും, അൻപതു ലക്ഷവും അങ്ങനെ മൂന്നു ഗഢുക്കളായാണ്‌ ഒരു കോടി കൈമാറിയത്‌. അതിനു ശേഷം നടന്ന മന്ത്രിസഭാ യോഗത്തിൽ, താൻ ഫയൽ പഠിച്ചില്ല എന്നു പറഞ്ഞു മാണി തീരുമാനം നീട്ടി. കാരണമന്വേഷിച്ച്‌ മാണിയെ വീണ്ടും കണ്ടപ്പോൾ അദ്ദേഹം നാലു കോടി രൂപ കൂടി ആവശ്യപ്പെട്ടു. കാര്യം നടക്കില്ല എന്നു തോന്നിയതിനാൽ ബാക്കി കൊടുത്തില്ല. ബാക്കി പണം കൊടുക്കാത്തതിനാലാണ്‌ ഇപ്പോഴും നിരോധനം തുടരുന്നത്‌.


5 Nov 2014:
എഫ്‌.ഐ.ആറും, സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ട്‌  ആം ആദ്മി പാർട്ടിക്കു വേണ്ടി ശ്രീമതി സാറാ ജോസഫ്‌ ഹൈക്കോടതിയിൽ ഹർജ്ജി ഫയൽ ചെയ്യുന്നു.

6 Nov 2014.
ആം ആദ്മി പാർട്ടിയുടെ ഹർജ്ജി ആക്ടിംഗ്‌ ചീഫ്‌ ജസ്റ്റിസ്‌ അശോക്‌ ഭൂഷണും, എ.എം.ഷഫീക്കും അടങ്ങുന്ന ബഞ്ച്‌ തള്ളുന്നു.

10 Nov 2014.
എഫ്‌.ഐ.ആർ ആവശ്യപ്പെട്ട്‌ സി.പി.ഐയുടെ ശ്രീ വി.എസ്‌.സുനിൽ കുമാർ ഹർജ്ജി ഫയൽ ചെയ്യുന്നു.


11 Nov 2014.
വി.എസ്‌.സുനിൽ കുമാറിന്റെ ഹർജ്ജിയുടെ അഡ്മിഷൻ വാദം. ഹൈക്കോടതി വിജിലൻസിനോട്‌ റിപ്പോർട്ട്‌ ചോദിക്കുന്നു.


1 Dec 2014.
കേസ്‌ ഡയറി ആവശ്യപ്പെട്ട്‌ എൽ.ഡി.എഫ്‌ കൺവീനർ വൈക്കം വിശ്വൻ ഹൈക്കോടതിയിൽ ഹർജ്ജി ഫയൽ ചെയ്യുന്നു.

3 Dec 2014.
വി.എസ്‌.സുനിൽ കുമാറിന്റെയും, വൈക്കം വിശ്വന്റേയും ഹർജ്ജികളിലെ എല്ലാ ആവശ്യങ്ങളും ഹൈക്കോടതി തള്ളുന്നു. പ്രാഥമിക അന്വേഷണം ഒരാഴ്ച്ചക്കകം പൂർത്തിയാക്കണമെന്നും, എഫ്‌.ഐ.ആർ എഴുതുന്ന കാര്യത്തിൽ വിജിലൻസ്‌ ഡയറക്ടർ തീരുമാനം എടുക്കണമെന്നും കോടതി നിർദ്ദേശിച്ചതായി വാർത്ത.

4 Dec 2014.
എഫ്‌.ഐ.ആർ എഴുതുന്ന കാര്യത്തിൽ വിജിലൻസ്‌ നിയമോപദേശം തേടിയതായി വാർത്ത.

10 Dec 2014:
പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോർട്ട്‌  വിജിലൻസ്‌ ഡയറക്ടർക്കു സമർപ്പിക്കുന്നു.

11 Dec 2014.
എഫ്‌.ഐ.ആർ എഴുതിയതായി വാർത്ത.

18 Dec 2014.
സർക്കാർ നയം ലഘൂകരിച്ചതിനെ വിമർശ്ശിച്ച്‌ സുധീരന്റെ കത്ത്‌.

Friday, November 28, 2014

ചുംബന സമരം

പ്രിയപ്പെട്ട ശ്രീ Dhanithlal S Nambiar


വല്ലവരും എവിടേലും നിന്നു ഉമ്മവക്കുന്നത്‌ പകർത്താൻ ഒളി ക്യാമറ വച്ചത്‌ വഷളത്തരം. അതൊരു ടെലിവിഷൻ ചാനലിലൂടെ നാടുമുഴുവൻ കാട്ടിയത്‌ അതിലും ചീപ്പ്‌. ഇതിലും ഭേദം porn സിനിമ പിടിക്കാൻ പോവുന്നതായിരുന്നു സർ. അതിലെന്തെങ്കിലും creativity ഉണ്ടെന്നു പറയാം, ഇതു വെറും ഒളിഞ്ഞുനോട്ടമല്ലേ?

ജയ്ഹിന്ദ്‌ എന്ന പാർട്ടി ചാനലിനു പിന്നെ കൈരളിയുടെ അത്രയും പോലും reputation ഇല്ലാത്തതു കൊണ്ട്‌, ഇല്ലാത്ത മാന്യത കളഞ്ഞു എന്ന പരാതി ആരും പറയില്ല.

പക്ഷേ നിങ്ങൾക്ക്‌ നിർഭാഗ്യം സംഭവിച്ചത്‌ അതു യുവമോർച്ച എന്ന വർഗ്ഗീയ സംഘടന മുതലെടുത്തപ്പോഴാണ്‌. അതോ അതൊരു കൂട്ടുകച്ചവടമായിരുന്നോ? ദിവസവും ടൺ കണക്കിന്‌ ലൈംഗിക കച്ചവടം തന്നെ നടക്കുന്ന കൊച്ചു കേരളത്തിൽ, ഈ ഒരു കൊച്ചു റെസ്റ്റോറന്റിലെ കൗമാരക്കാരുടെ കുട്ടിക്കളിയിൽ ജയ്ഹിന്ദിനും യുവമോർച്ചക്കും ഇത്ര വലിയ ആത്മീയ രോഷം തോന്നിയതെന്തേ എന്നു ജനം ചിന്തിച്ചു. അതു സദാചാരത്തോടുള്ള വലിയ താത്പര്യം കൊണ്ടൊന്നുമല്ല, ഏതോ ശത്രുവിനെ അടിക്കാൻ ഒരു വടി കിട്ടിയപ്പോൾ ഉപയോഗിച്ചതാണ്‌ എന്നു മനസ്സിലാക്കാൻ ജേർണ്ണലിസമൊന്നും പഠിക്കേണ്ട.

വിമർശ്ശകരോട്‌ നിങ്ങൾ ഫേസ്ബുക്കിലൂടെ ഈപ്പോഴും ചോദിക്കുന്ന ചോദ്യം "അവിടെച്ചെന്ന് ഇതൊക്കെ ചെയ്യുന്നത്‌ നിങ്ങളുടെ സഹോദരിയോ മകളോ ആണെങ്കിലോ" എന്നാണ്‌. ആ ചോദ്യം ഞാൻ തിരിച്ചു ചോദിക്കട്ടെ: നിങ്ങളുടെ ബന്ധുവായ പെൺകുട്ടിയുടേതായിരുന്നു ആ ദൃശ്യമെങ്കിൽ നിങ്ങൾ അതു ഒളിക്യാമറ വച്ചു പകർത്തുകയും, പിന്നെ  ലോകം മുഴുവൻ അതു പ്രദർശ്ശിപ്പിക്കുകയും ചെയ്യുമായിരുന്നോ? നിങ്ങൾ ആ ദൃശ്യത്തിലെ വ്യക്തികളോടു കാണിച്ചത്‌ മാപ്പർഹിക്കാത്ത അക്രമമാണ്‌. വീഡിയോയിൽ ബ്ലർ ചെയ്തു കാണിച്ച ദൃശ്യങ്ങൾ വ്യക്തതയുള്ള സ്റ്റില്ലുകളായി നിങ്ങളുടെ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്‌ കൂടുതൽ അക്രമമാണ്‌. ദൃശ്യങ്ങൾ പിൻവലിച്ച്‌ മാപ്പു ചോദിക്കാനുള്ള മാന്യത കാണിക്കൂ.

പിന്നെ ആർക്കാരോടു പ്രണയം തോന്നണമെന്നും, ആർക്കാരെയൊക്കെ എവിടെവച്ചൊക്കെ ഉമ്മവക്കാം എന്നുമൊക്കെ വളരെ വിശദമായി ഒരു സദാചാര രേഖ എഴുതിയുണ്ടാക്കി പ്രസിദ്ധീകരിക്കൂ സർ. പിള്ളേരൊക്കെ വായിച്ചു പഠിക്കട്ടെ. അരാജകത്വം ഒഴിവാക്കണമല്ലോ.

എന്തായാലും മലയാള മാധ്യമ ചരിത്രത്തിലാദ്യമായാണ്‌ ഒരു ചാനൽ അപ്രശസ്തരായ സാധാരണക്കാരുടെ സ്വകാര്യതയിലേക്ക്‌ ഒളിഞ്ഞു നോക്കുന്നതും അത്‌ അഭിമാനത്തോടെ നാടുമുഴുവൻ വിളിച്ചറിയിക്കുന്നതും. ഏതോ ചാനൽ ഇപ്പറഞ്ഞ ദൃശ്യങ്ങൾ പുറത്തുവിട്ടു എന്നു കേട്ടപ്പോൾ ഞാൻ കരുതിയത്‌ ഏതൊ പ്രാദേശിക ഇക്കിളി ചാനലാണെന്നാണ്‌. ഇതുവരെ ജയ്ഹിന്ദ്‌ എന്ന ചാനലിന്‌ പ്രഫഷണലിസം ഇല്ല എന്നൊരു തകരാറേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ പേരും ചീത്തയായി.

എന്തായാലും ഒരു കാര്യം ശ്രദ്ധേയമാണ്‌. മലയാള മാധ്യമ ചരിത്രത്തിലാദ്യമായി ഒരു "സദാചാര" പ്രശ്നത്തിൽ മുഴുവൻ മാധ്യമങ്ങളും സാംസ്ക്കാരിക ലോകവും ജനങ്ങളിൽ വലിയൊരു പക്ഷവും (സോഷ്യൽ മീഡിയ സാക്ഷി) ഇരകളുടെ പക്ഷം പിടിക്കുക എന്ന അത്ഭുതം. കേരളത്തിലെ ലിബറൽ ഡമോക്രസിയുടെ പരിണാമത്തിൽ ഈ സംഭവം ഒരു നാഴികക്കല്ലാണ്‌, താങ്കളുടെ പേര്‌ ചരിത്രമോർക്കില്ലെങ്കിലും.


Thursday, November 13, 2014

ഛത്തീസ്‌ഗഡിലെ വന്ധ്യംകരണ മരണങ്ങൾ


അടിയന്തിരാവസ്ഥക്കാലത്ത്‌ സഞ്ചയ്‌ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്നതായിരുന്നു ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ കൂട്ട വന്ധ്യംകരണം. അന്ന് ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ നിരക്ഷരരായ ദളിത്‌ സ്ത്രീകളെ വീടുകളിൽ നിന്നു പിടിച്ചിറക്കിക്കൊണ്ടു പോയി നിർബന്ധിച്ച്‌ വന്ധ്യംകരണം നടത്തിയിരുന്നതായി റിപ്പോർട്ട്‌ ചെയ്തത്‌ വിദേശ മാധ്യമങ്ങളാണ്‌. സഞ്ചയ്‌ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാവും എന്നു വിശ്വസിച്ചിരുന്ന, അദ്ദേഹത്തെ ഭയപ്പെട്ടിരുന്ന ഇന്ത്യൻ പത്രങ്ങൾ അന്നതു റിപ്പോർട്ട്‌ ചെയ്യാൻ മടിച്ചു.

ഇപ്പോൾ ഉത്തരേന്ത്യയിൽ നിന്നും വീണ്ടും കൂട്ട വന്ധ്യംകരണ വാർത്തകൾ വരുന്നു. ഛത്തീസ്‌ഗഡിൽ 5 മണിക്കൂറിനുള്ളിൽ 83 ശസ്ത്രക്രിയകളാണ്‌ (laparoscopic tubectomy) ആർ.കെ.ഗുപ്ത എന്ന സർക്കാർ ഡോക്ടർ ചെയ്തു കളഞ്ഞത്‌. അതിൽ 16 പേർ മരിച്ചു.

ഇവിടുത്തെ പ്രധാന പ്രശ്നം ഇതാണ്‌: സഞ്ചയ്‌ ഗാന്ധിയായാലും, ഡോ: ആർ.കെ.ഗുപ്തയായാലും ഇങ്ങനെ കെ.എഫ്‌.സിയുടെ ഫാക്ടറിയിൽ കോഴികളെ കഷണമാക്കുന്നതു പോലെ (മൂന്നു മിനിറ്റിൽ ഒരു കോഴി) ഒരു കൂട്ട വന്ധ്യംകരണം നടത്തുന്നയിടത്തേക്കു സ്വന്തം ഭാര്യയേയോ, സഹോദരിയേയോ, മകളേയോ, മരുമകളേയോ അയക്കുമോ?

ഇന്ത്യയിലെ ജനസാമാന്യത്തിന്‌ സഞ്ചയ്‌ ഗാന്ധിയുടെ ഭാര്യക്കും ഡോ: ആർ.കെ.ഗുപ്തയുടെ വീട്ടിലെ സ്ത്രീകൾക്കും തുല്യമായ അന്തസ്സിന്‌ അർഹതയില്ലേ? സ്ഥിതിവിവരക്കണക്കുകളിൽ എണ്ണം തികക്കാനുള്ള അക്കങ്ങൾ മാത്രമാണോ ഈ രാജ്യത്തെ സാധാരണക്കാർ?

ഡോക്ടറുടെ മാരത്തൺ ശസ്ത്രക്രീയയിൽ അണുബാധയുണ്ടായിരുന്നില്ലെങ്കിൽ, ഇത്രയും സ്ത്രീകൾ മരിച്ചിരുന്നില്ലെങ്കിൽ ഈ പ്രശ്നം സർക്കാരിന്റെയോ മാധ്യമങ്ങളുടെയോ ശ്രദ്ധയിൽ പെടുമായിരുന്നോ? അദ്ദേഹം ഏറ്റവും കൂടുതൽ ശസ്ത്രക്രിയ ചെയ്തതിനുള്ള ഒരവാർഡു കൂടി നേടി ഈ അപമാനിക്കൽ തുടരുമായിരുന്നില്ലേ?


സർക്കാർ (തുച്ഛമായ) സാമ്പത്തിക പ്രലോഭനങ്ങൾ (1400 രൂപ) നൽകി നടത്തുന്ന വന്ധ്യംകരണം മനുഷ്യാവകാശ ലംഘനമാണ്‌. വന്ധ്യംകരിക്കപ്പെടുന്നവർ പലപ്പോഴും കാര്യമെന്തെന്നറിയാതെയാണ്‌ അതിനു വിധേയരാവുന്നത്‌. ദീർഘകാല ഗർഭനിരോധനത്തിനുള്ള മാർഗ്ഗങ്ങളും പൂർണ്ണമായ വന്ധ്യംകരണവും തമ്മിൽ തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇതിനു വിധേയരാവുന്ന സ്ത്രീകൾക്കു നൽകേണ്ടതാണ്‌.

സർക്കാരിന്റെ മാധ്യമ അവാർഡുകൾ


മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ്‌ മനോരമ ന്യൂസിലെ ഷാനി പ്രഭാകരന്‌. പത്രപ്രവർത്തകർക്കുള്ള അവാർഡുകളൊക്കെ സാധാരണ എല്ലാ പത്രങ്ങൾക്കും ചാനലുകൾക്കുമിടയിൽ ഓരോ തവണയായി വീതിച്ചു കൊടുക്കുകയാണു പതിവ്‌. ഒരു തവണ കൊടുക്കാത്തവർക്ക്‌ അടുത്ത തവണ നൽകും എന്ന് എല്ലാവർക്കും അറിയാം. അതിനാൽ ആർക്കും പരാതിയുമില്ല, ഈ അവാർഡുകൾക്കൊന്നും വലിയ പ്രസക്തിയുമില്ല.

ഷാനി പ്രഭാകരനും, പ്രമോദ്‌ രാമനുമെല്ലാമുൾപ്പെടെ മനോരമയിലെ അവതാരകരൊക്കെ മികച്ച പ്രഫഷണലുകളാണ്‌. എന്നാൽ അവരുടെ യഥാർത്ഥ കഴിവു പുറത്തെടുക്കാനോ, ചർച്ചകളിൽ അവരുടെ യഥാർത്ഥ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനോ മനോരമ മാനേജ്‌മന്റ്‌ അനുവദിക്കാറില്ല. അവരെ ചങ്ങലക്കിടാതെ കൂടുതൽ സ്വാതന്ത്ര്യം നൽകിയാൽ അവർക്കൊക്കെ കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നതിൽ സംശയമില്ല.

മനോരമ അവതാരകക്ക്‌ ഇപ്പോൾ നൽകിയ അവാർഡ്‌ ഉമ്മൻ ചാണ്ടിയും മനോരമ മാനേജ്മെന്റുമായുള്ള ബന്ധം മൂലമാണെന്ന് അൽപ്പജ്ഞാനികൾക്കു തോന്നിയാൽ അവരെ കുറ്റം പറയാനാവുമോ? പ്രത്യേകിച്ച്‌ കെ.എം.മാണിക്കെതിയായ വെളിപ്പെടുത്തൽ ബിജു രമേശ്‌ നടത്തിയത്‌ ഷാനി പ്രഭാകരൻ ഹോസ്റ്റ്‌ ചെയ്ത കൗണ്ടർപോയിന്റ്‌ ചർച്ചയിലായിരിക്കേ.

Tuesday, November 11, 2014

കയ്ച്ചിട്ടു തുപ്പാനും വയ്യാതെ ബാർ കോഴ ഹർജ്ജികൾ.


അപ്പോൾ കാര്യം വിവേചനാധികാരമല്ല. സി.പി.ഐയുടെ ഹർജ്ജിയും ഹൈക്കോടതി വാദത്തിനായി സ്വീകരിച്ചിട്ടില്ല. വിജിലൻസിന്റെ മറുപടി ലഭിച്ച ശേഷം ഹർജ്ജി തള്ളണോ അഡ്മിറ്റ്‌ ചെയ്യണോ എന്നു തീരുമാനിക്കും. കയ്ച്ചിട്ടു തുപ്പാനും വയ്യ എന്നതാണു സ്ഥിതി. ആദ്യം ആം ആദ്മി പാർട്ടിയുടെ ഹർജ്ജി, പിന്നാലെ ജനകീയനായ സുനിൽ കുമാറിന്റെ ഹർജ്ജി. ഇതെല്ലാം റെഡിമെയ്ഡ്‌ ടെക്സ്റ്റ്‌ ബുക്ക്‌ ന്യായം പറഞ്ഞ്‌ ചുമ്മാ ചുമ്മാ അങ്ങു തള്ളിയാൽ നാട്ടുകാർ വല്ലതും വിചാരിച്ചാലോ! അതാണു തളളലും കൊള്ളലും അല്ലാത്തൊരു നിലപാട്‌.

നീറ്റാ ജലാറ്റിൻ


ശുദ്ധജല സ്ത്രോതസ്സിനെ അതിഭീകരമായി മലിനപ്പെടുത്തുന്ന നീറ്റാ ജലാറ്റിൻ എന്ന കമ്പനിയുടെ ഓഫീസ്‌ അടിച്ചു തകർത്തവർക്കെതിരെ യു.എ.പി.എ എന്ന ഭീകരവിരുദ്ധ നിയമം ഉപയോഗിച്ചു കേസ്‌. കോഴിക്കോട്ട്‌ ഡൗൺ ടൗൺ റസ്റ്റോറന്റിനു നേരെ ഇതേ സമരമാർഗ്ഗം പ്രയോഗിച്ചവർക്കെതിരേ പെറ്റിക്കേസ്‌ മാത്രം. ഈ സമീപനങ്ങളിലുള്ള വ്യത്യാസം അഭ്യന്തര മന്ത്രി ഒന്നു വിശദീകരിക്കാമോ?

ജപ്പാനിൽ നിൽക്കക്കള്ളിയില്ലാതെ വന്നപ്പോഴാണു നീറ്റാ ജലാറ്റിൻ കാതികൂടത്തെത്തിയത്‌ എന്നുകൂടി ശ്രീമാൻ രമേശ്‌ ചെന്നിത്തല ഓർക്കണം.

Sunday, November 09, 2014

എം.വി.രാഘവൻ

അതിശക്തമായ കേഡർ സംവിധാനവും വ്യവസ്ഥാപിത കൈയ്യൂക്കു സംവിധാനവുമുള്ള പാർട്ടിയായ സി.പി.എമ്മിൽ നിന്നു പുറത്താക്കപ്പെട്ടൊരാൾ ആ കേഡർ കൈക്കരുത്തിനോടൊക്കെ അതേ നാണയത്തിൽ പൊരുതിനിന്നുവെന്നതാണ്‌ എം.വി.രാഘവൻ എന്ന മുൻ സി.പി.എമ്മുകാരനെ ശ്രദ്ധേയനാക്കുന്നത്‌. ഇ.എം.എസ്സുമായുള്ള വടംവലിയിൽ പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ടയാൾ. പിന്നെ എം.വി.ആറിനുള്ളതായി ആരോപിക്കാവുന്ന തകരാറുകളെല്ലാം തന്നെ സി.പി.എമ്മിൽ നിന്നും അദ്ദേഹം അനന്തരാവകാശമായി കൊണ്ടുപോയവ മാത്രമാണ്‌. എന്തായാലും സി.എം.പി എന്ന ഒറ്റയാൾ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ചരിത്രം ഇവിടെ ഏതാണ്ട്‌ അവസാനിക്കുന്നു എന്നതാണ്‌ ഈ മരണത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയ ഇംപാക്റ്റ്‌.

Friday, November 07, 2014

ബാർ കോഴക്കേസും സി.ബി.ഐ അന്വേഷണവും

ബാർ കോഴക്കേസ്‌ സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെടുന്ന ആം ആദ്മി പാർട്ടിയുടെ പൊതുതാത്പര്യ  ഹർജ്ജി, അതിന്റെ വസ്തുതകളിലേക്കൊന്നും തന്നെ കടക്കാതെ, ഇടപെടാൻ ഇപ്പോൾ സമയമായിട്ടില്ല എന്നു മാത്രം പറഞ്ഞുകൊണ്ട്‌ കേരളാ ഹൈക്കോടതി ഇന്നലെ  തള്ളി. ആക്റ്റിങ്ങ്‌ ചീഫ്‌ ജസ്റ്റിസ്‌ അശോക്‌ ഭൂഷൺ, ജസ്റ്റിസ്‌ എ.എം.ഷഫീക്ക്‌ എന്നിവരടങ്ങുന്ന ബഞ്ചാണ്‌ തീരുമാനമെടുത്തത്‌. "Too early and premature to intervene" (ഇടപെടാൻ ഇപ്പോൾ സമയമായിട്ടില്ല) എന്ന വിധിയിലെ വാചകം പക്ഷേ "immature" എന്നു മനഃപൂർവ്വം തെറ്റായി വായിച്ച്‌, "സാറാ ജോസഫിന്റെ ഹർജ്ജി അപക്വം എന്നു കോടതി"  വിധിച്ചതായി ചില ചാനലുകൾ റിപ്പോർട്ട്‌ ചെയ്തതു ശ്രദ്ധേയമാണ്‌.

ഒരു കേസ്‌ ഏതു സാഹചര്യത്തിൽ എപ്പോളാണ്‌ സി.ബി.ഐ അന്വേഷിക്കേണ്ടത്‌ എന്നതു സംബന്ധിച്ച്‌ യാതൊരു നിയമവും നിലവിലില്ല എന്നത്‌ ഇവിടെ അഴിമതി തൊഴിലാക്കിയ രാഷ്ട്രീയക്കാർക്ക്‌ വലിയ സൗകര്യവും, അതിനെതിരെ പൊരുതുന്നവർക്ക്‌ അസൗകര്യവുമാവുന്നു. സി.ബി.ഐയുടെ നിയമപരമായ അടിസ്ഥാനമായ 'ഡൽഹി പൊലീസ്‌ എസ്റ്റാബ്ലിഷ്‌മന്റ്‌ ആക്റ്റ്‌' എന്ന നിയമത്തിലും ഒരു കേസ്‌ സി.ബി.ഐ അന്വേഷണത്തിനു വിടുന്നതിനുള്ള മാനദണ്ഢങ്ങളൊന്നും പ്രതിപാദിക്കുന്നില്ല. പിന്നെ ആകെ സാധിക്കുക വിവിധ വിഷയങ്ങളിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ പലകാലത്തായി വിവിധ ഹൈക്കോടതികളിലും സുപ്രീംകോടതിയിലുമായി വന്നിട്ടുള്ള ഹർജ്ജികളിന്മേൽ അതാതു ബെഞ്ചുകൾ നടത്തിയിട്ടുള്ള വിധികളിൽ നമ്മുടെ കേസിനെ പിന്തുണക്കുന്ന തീരുമാനങ്ങൾ ഉദ്ധരിച്ചു വാദിക്കുക എന്നതു മാത്രമാണ്‌. എന്നാൽ ഈ കേസിൽ അത്തരമൊരു വാദത്തിലേക്കു പോവാതെയും കേസിന്റെ വസ്തുതകളിലേക്കു കടക്കാതെയും കേസ്‌ തള്ളുകയാണുണ്ടായത്‌.

ബാർ കോഴക്കേസിൽ ഇപ്പോൾ സർക്കാർ ആരംഭിച്ചിരിക്കുന്നത്‌ കേരളാ വിജിലൻസ്‌ മാനുവൽ പ്രകാരമുള്ള ക്യുക്ക്‌ വേരിഫിക്കേഷൻ (quick verification) ആണ്‌. 45 ദിവസം വരെ നീണ്ടു നിൽക്കാവുന്ന, വേണമെങ്കിൽ പിന്നെയും നീട്ടിയെടുക്കാവുന്ന ഈ "പ്രാഥമിക പരിശോധന" പൂർത്തിയായാൽ മാത്രമേ ഒരു കേസ്‌ രജിസ്റ്റർ ചെയ്യണോ വേണ്ടയോ എന്നും, എഫ്‌.ഐ.ആർ എഴുതണമോ എന്നുമൊക്കെ വിജിലൻസ്‌ തീരുമാനിക്കൂ. ചുരുക്കിപ്പറഞ്ഞാൽ സമയം നീട്ടിയെടുക്കുക, അതിനുള്ളിൽ പ്രശ്നം ഒത്തുതീർപ്പാക്കുക എന്നതാണ്‌ സർക്കാരിന്റെ പദ്ധതിയെന്നു വ്യക്തം.

വിജിലൻസ്‌ വകുപ്പ്‌ ഒരിക്കലും ഒരു കേസ്‌ രജിസ്റ്റർ ചെയ്യുക പോലും ചെയ്യാതെ 45 ദിവസമോ അതിലധികമോ സമയം എടുത്ത്‌ ഒരു പ്രാഥമിക പരിശോധന (preliminary examination) മാത്രം നടത്തി, ഒടുവിൽ തെളിവൊന്നും ലഭിച്ചില്ല എന്നു പറഞ്ഞൊരു കേസ്‌ ഡയറി മാത്രം എഴുതി അന്വേഷണം അവസാനിപ്പിച്ച്‌, അതിനുള്ളിൽ പണം കൈമാറ്റം ചെയ്തതിന്‌ അവശേഷിക്കുന്ന എന്തെങ്കിലും തെളിവുകളുണ്ടെങ്കിൽ അതുകൂടി കണ്ടെത്തി നശിപ്പിച്ച ശേഷമായിരിക്കും മറ്റൊരു ഏജൻസിയിലേക്ക്‌ ഈ കേസ്‌ എത്തുക.

ഈ വർഷമാദ്യം പുതിയ ബാർ ലൈസൻസിനായി അപേക്ഷിച്ച ഒരു സംഘം വ്യവസായികൾ  അതിനായി കോടതിയെ സമീപിച്ചു വാദിക്കുന്നതിനിടയിൽ, ലൈസൻസിനു യോഗ്യമല്ല എന്നു ജസ്റ്റിസ്‌ എം.രാമചന്ദ്രൻ കമ്മീഷൻ കണ്ടെത്തിയ ബാറുകൾ പോലും (418 എണ്ണം) കേരളത്തിൽ നിർബാധം തുറന്നു പ്രവർത്തിക്കുന്നുണ്ട്‌ (എന്നിട്ടും ഞങ്ങൾക്ക്‌ ലൈസൻസ്‌ തരാത്തതെന്തേ) എന്നു ചൂണ്ടിക്കാട്ടിയപ്പോഴാണ്‌ അതേപ്പറ്റി കോടതി അന്വേഷിച്ചത്‌. സംഗതി വാസ്തവമാണെന്നു സർക്കാരിന്റെ വക്കീലിനു സമ്മതിക്കേണ്ടി വരികയും, മുഖം രക്ഷിക്കാനായി സർക്കാർ ആ 418 ബാറുകളും പൂട്ടുമെന്നു കോടതിയെ അറിയിക്കുകയും, തുടർന്ന് അവയെല്ലാം മാർച്ച്‌ 31നു പൂട്ടുകയും ചെയ്തു. ലോക്സഭാ തെരെഞ്ഞെടുപ്പു കാലമായതിനാൽ അതിന്മേൽ സർക്കാർ തുടർനടപടിയൊന്നും എടുത്തില്ല, എങ്കിലും  തെരെഞ്ഞെടുപ്പു കഴിഞ്ഞാലുടൻ സർക്കാരും എക്സൈസുകാരും ബാറുകാരിൽ നിന്നു പിരിവു നടത്തുമെന്നും, പണം നൽകിയവരുടെ ബാറുകൾക്കു മാത്രം 'നിലവാരം' കൂടിയതായി കണ്ടു വീണ്ടും തുറക്കാൻ അനുമതി നൽകുമെമൊക്കെ എല്ലാവർക്കും പരക്കെ ബോധ്യമുണ്ടായിരുന്നു.

എന്നാൽ തെരെഞ്ഞെടുപ്പു കഴിഞ്ഞു പൂട്ടിയ ബാറുകൾ വീണ്ടും തുറക്കാൻ അണിയറ നീക്കങ്ങൾ തുടങ്ങിയതു മാധ്യമങ്ങൾ ചർച്ചയാക്കുകയും, ശ്രീ വി.എം.സുധീരൻ ആ നീക്കത്തെ എതിർക്കുകയും ചെയ്തപ്പോഴാണ്‌ സർക്കാർ പ്രതിരോധത്തിലായത്‌. ശ്രീ സുധീരന്റെ ഇടപെടലോടെ കൈവിട്ടുപോയ പ്രശ്നം തിരിച്ചു പിടിക്കാനുള്ള ചാണക്യ തന്ത്രങ്ങളാണു പിന്നീടു സർക്കാർ നടത്തിയത്‌. ശ്രീ സുധീരനു മറുപടിയെന്നവണ്ണം മുഴുവൻ ടു-സ്റ്റാർ ബാറുകളും പൂട്ടുമെന്നും, സർക്കാർ സമ്പൂർണ്ണ മദ്യനിരോധനത്തിലേക്ക്‌ പോകുന്നുവെന്നുമൊക്കെ തന്ത്രശാലിയായ ശ്രീ ഉമ്മൻ ചാണ്ടി പ്രഖ്യാപിക്കുന്നു. നിയമപരമായും പ്രായോഗികമായും ഒരു തരത്തിലും  നിലനിൽക്കാത്ത ഒരു പദ്ധതിയാണ്‌ മദ്യ നിരോധനത്തിനായി ശ്രീ ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചത്‌. വിഷയം കോടതിയിലെത്തുകയും സർക്കാരിന്റെ മദ്യനയം നിയമമാക്കാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തപ്പോഴും നിയമം ഭേദഗതി ചെയ്യാതെ ചട്ടങ്ങൾ മാത്രം ഭേദഗതി ചെയ്തു, അതും വിവേചനപരമായ വ്യവസ്ഥകളോടെ.

ആ നാടകം അങ്ങനെ മുഴുവൻ ജനങ്ങളേയും പരിഹസിച്ചു കൊണ്ടു മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ്‌ ബാർ ഉടമകളുടെ സംഘടനാ ഭാരവാഹിയായ ഡോ. ബിജു രമേശിന്റെ വെളിപ്പെടുത്തൽ വരുന്നത്‌. ഓക്ടാബർ 31നു മനോരമ ന്യൂസ്‌ ചാനലിൽ ഷാനി പ്രഭാകരൻ ഹോസ്റ്റ്‌ ചെയ്യുന്ന കൗണ്ടർ പോയിന്റ്‌ എന്ന വാർത്താ ചർച്ചയിലാണു കോഴ വിവരം ബിജു രമേശ്‌ വെളിപ്പെടുത്തുന്നത്‌. കോടതിയുടെ ചോദ്യത്തേത്തുടർന്ന് മാർച്ച്‌ മുപ്പത്തൊന്നിനു പൂട്ടാൻ തീരുമാനിച്ച ബാറുകൾ തുറന്നു കൊടുക്കാൻ കെ.എം.മാണി ഒരു കോടി രൂപ കോഴ ചോദിച്ചു എന്നും, അതു നൽകിയ ശേഷം വീണ്ടും അഞ്ചു കോടി കൂടി ആവശ്യപ്പെട്ടതു കൊടുക്കാത്തതിനാലാണു ബാറുകൾ തുറക്കാഞ്ഞത്‌ എന്നുമായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ.

ബിജു രമേശിന്റെ വെളിപ്പെടുത്തൽ ജനങ്ങളെ ഞെട്ടിച്ചില്ല. കാരണം മിക്ക രാഷ്ട്രീയക്കാരും സ്ഥിരമായ ഇടവേളകളിൽ വ്യവസായികളിൽ നിന്നും പണം വാങ്ങുന്നവരാണെന്നും, ബിസിനസ്സുകാർ സ്ഥിരമായി രാഷ്ട്രീയക്കാർക്കു പണം നൽകിക്കൊണ്ടിരിക്കുന്നവരാണെന്നുമെല്ലാം എല്ലാവർക്കും അറിവുള്ളതാണ്‌. പ്രതിസന്ധി ഘട്ടങ്ങളുണ്ടാവുമ്പോഴും കാര്യം നടത്തിക്കൊടുക്കാനുമെല്ലാം മന്ത്രിമാർ കൂടുതൽ പണം ചോദിക്കുമെന്നും, അതു നൽകാൻ ബിസിനസ്സുകാർ തയ്യാറാവുമെന്നും എല്ലാവർക്കും ബോധ്യമുണ്ട്‌. പക്ഷേ അങ്ങനെയൊക്കെ കൊടുത്തു ശീലിച്ച ഒരു ബിസിനസ്സുകാരൻ ഇതൊക്കെ ഒരു ദിവസം തുറന്നു പറയണമെങ്കിൽ അതിനു പിന്നിലൊരു ലക്ഷ്യമുണ്ടാവും എന്നും ഊഹിക്കാൻ ബുദ്ധിമുട്ടില്ല.

പക്ഷേ ഇവിടെയൊരു പ്രശ്നമുണ്ട്‌: മുഴുവൻ നാട്ടുകാരുടെയും മുന്നിൽ വച്ചൊരാൾ മന്ത്രി തങ്ങളോട്‌ കൈക്കൂലി ചോദിച്ചു എന്നും, ഞങ്ങൾ ഒരു ഗഡു നൽകി എന്നുമൊക്കെ വിളിച്ചു പറഞ്ഞാൽ പോലും കേസെടുക്കാൻ ഈ നാട്ടിൽ നിയമമില്ലേ? ടെലിവിഷനിലെ വെളിപ്പടുത്തലിന്റെ അടിസ്ഥാനത്തിലോ, പത്രവാർത്തകളുടെ അടിസ്ഥാനത്തിലോ ഒന്നും കേസെടുക്കാൻ, അഴിക്കേസിലാണെങ്കിൽ വിശേഷിച്ചും, കോടതികൾ തയ്യാറാവാറില്ല. അല്ലെങ്കിൽ പരാതിക്കാരൻ, അതായതു പണം നൽകിയയാൾ (ഇവിടെ ബിജു രമേശ്‌) പരാതി നൽകണം. എന്നാൽ സർക്കാരിനെ സമ്മർദ്ദത്തിലാക്കി കാര്യം സാധിച്ചെടുക്കാൻ മാത്രം ലക്ഷ്യമിടുന്ന ബാർ മുതലാളിമാർ പരാതി നൽകുകയില്ല എന്നുറപ്പാണ്‌. ഒരു കുറ്റകൃത്യം നടന്നു എന്നു ജനങ്ങൾക്കു മുഴുവൻ ബോധ്യപ്പെടുകയും, എന്നാൽ കൂട്ടുപ്രതികൾ തമ്മിലുള്ള ഒത്തുകളി മൂലവും നിയമത്തിന്റെ ദുർബലാവസ്ഥ മൂലവും കുറ്റവാളികൾക്കെതിരേ നടപടിയെടുക്കാനാവാതെ വരുന്ന നിസ്സഹായാവസ്ഥയിൽ ജനങ്ങൾക്ക്‌ എന്തു ചെയ്യാനാവും?

ഒന്നുകിൽ Prevention of Corruption Act 1988ഉം ബന്ധപ്പെട്ട മറ്റു നിയങ്ങളും ഭേദഗതി ചെയ്യുക, അല്ലെങ്കിൽ ഒരു സമഗ്ര ലോക്പാൽ നിയമം കോണ്ടുവരിക, അതു മാത്രമാണു പരിഹാരം. കൂടാതെ എല്ലാ രാഷ്ട്രീയപ്പാർട്ടികളേയും വിവരാവകാശ നിയമത്തിന്റെ കീഴിൽ കൊണ്ടുവരണം, അതായത്‌ അവരുടെ മുഴുവൻ ഫണ്ട്‌ വിവരങ്ങളും പൊതുജനങ്ങൾക്ക്‌ ലഭ്യമാവണം. അതിനൊരു ശ്രമം അഴിമതി തൊഴിലാക്കിയവരുടെ ഭാഗത്തു നിന്നുണ്ടാവും എന്നു പ്രതീക്ഷിക്കരുതല്ലോ.

ബാർ കോഴ വിഷയത്തിൽ നിയമ നടപടികൾ ആം ആദ്മി പാർട്ടു തുടരുക തന്നെ ചെയ്യും. വിജിലൻസിന്റെ നടന്നു കൊണ്ടിരിക്കുന്ന അന്വേഷണം നിരീക്ഷിച്ച ശേഷം എഫ്‌.ഐ.ആർ എഴുതാൻ സുപ്രീംകോടതി നൽകിയിരിക്കുന്ന 15 ദിവസം എന്ന സമയപരിധിക്കു ശേഷം ഹൈക്കോടതിയേത്തന്നെ വീണ്ടും സമീപിക്കുകയോ, അല്ലെങ്കിൽ സുപ്രീംകോടതിയെ നേരിട്ടു സമീപിക്കുകയോ ചെയ്യുന്ന കാര്യം പരിഗണിക്കുന്നു. കൈക്കൂലി വാങ്ങിയവരും കൊടുത്തവരും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കി ജനങ്ങളെ വിഡ്ഢികളാക്കിയിട്ടു രക്ഷപ്പെടാൻ എന്തായാലും ആം ആദ്മി പാർട്ടി അനുവദിക്കില്ല. 

Tuesday, October 28, 2014

കള്ളപ്പണവും കഴുതയായ പൊതുജനവും.

സ്വിസ്സ്‌ ബാങ്കുകളിൽ, അതായത്‌ സ്വിറ്റ്സർലന്റിലെ ബാങ്കുകളിൽ ഏതു രാജ്യക്കാർക്കും നിക്ഷേപം നടത്താം. നിക്ഷേപകരുടെ പേരു വിവരങ്ങളും അക്കൗണ്ട്‌ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും എന്നത്‌ സ്വിറ്റ്സർലന്റിന്റെ ബാങ്കിങ്ങ്‌ നയമാണ്‌, ഏതാനും നൂറ്റാണ്ടുകളായി പുലർത്തിവരുന്ന നയം. നിക്ഷേപിക്കുന്ന പണത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ട ആവശ്യവുമില്ല. ഈ ബാങ്കിങ്ങ്‌ നയമാണ്‌ സ്വിറ്റ്സർലന്റിനെ ആഗോള തലത്തിൽ കള്ളപ്പണ നിക്ഷേപകരുടെ പറുദീസയാക്കുന്നത്‌.

ഏതാണ്ടു പത്തു വർഷം മുൻപു മാത്രമാണ്‌, അമേരിക്ക ആവശ്യപ്പെടുകയും ഒന്നു വിരട്ടുകയും ചെയ്തപ്പോൾ നയത്തിലൊരു വിട്ടുവീഴ്ച ചെയ്യാനും ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറാനും സ്വിസ്സ്‌ അധികൃതർ ആദ്യമായി തയ്യാറായത്‌. അന്നുമുതൽ സ്വിസ്സ്‌ സർക്കാർ തങ്ങളുടെ കടുംപിടിത്തത്തിൽ വിട്ടുവീഴ്ച്ച ചെയ്യുകയും, ഇതര സർക്കാരുകളുമായി വിവരങ്ങൾ പങ്കുവക്കാൻ തയ്യാറാവുകയും ചെയ്തിട്ടുണ്ട്‌. ആയുധ ഇടപാടുകൾ ഉൾപ്പെടുന്ന ചില അഴിമതിക്കേസുകളിലെ വിവരക്കൈമാറ്റങ്ങൾക്കിടയിൽ, ഇന്ത്യൻ സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ ഇന്ത്യൻ പൗരന്മാരുടെ മാത്രം ഇടപാടു വിവരങ്ങൾ കൈമാറാൻ തയ്യാറാണെന്ന് ഇടക്കാലത്തു സ്വിസ്സ്‌ ഭരണകൂടം അറിയിക്കുകയും ചെയ്തു. എന്നാൽ അപ്പോഴൊക്കെ ഇന്ത്യൻ സർക്കാർ അതൊന്നും കണ്ടില്ല കേട്ടില്ല എന്നു നടിച്ചു സ്വയം കണ്ണടച്ചിരുന്നു.

എന്നാൽ ഇത്തരമൊരു കേസ്‌ കോടതിയിലെത്തുകയും മാധ്യമങ്ങളുടെ സമ്മർദ്ദമുണ്ടാവുകയും ചെയ്തപ്പോൾ മനസ്സില്ലാമനസ്സോടെ മന്മോഹൻ സിംഗ്‌ സർക്കാർ സ്വിസ്സ്‌ സർക്കാരിൽ നിന്ന് ഒരു ലിസ്റ്റ്‌ വരുത്തിച്ചു. വേണ്ടപ്പെട്ടവരുടെയും ഉറ്റ സുഹൃത്തുക്കളുടേതുമായ ആ ലിസ്റ്റ്‌ പുറത്തു വിടാൻ മന്മോഹൻ സിങ്ങിനു സാധിക്കുമോ? നൂറിലധികം പേരുകളുണ്ടായിരുന്നുവെന്നു പറയപ്പെടുന്ന ആ പ്രാഥമിക ലിസ്റ്റിൽ നിന്നും ഒടുവിൽ ഒരേയോരാളുടെ പേരിൽ മാത്രം പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചു. സ്വിസ്സ്‌ ബാങ്കിൽ ഈ ഒരാൾക്കു മാത്രമേ നിക്ഷേപമുള്ളൊ എന്നു കോടതി തന്നെ ചോദിക്കുന്ന സ്ഥിതി വന്നുവെങ്കിലും, ആ നടപടികൾ അങ്ങനെ തന്നെ അവസാനിച്ചു.

വീണ്ടും ആ നാടകം ആവർത്തിക്കപ്പെടുന്നു. സ്വിസ്സ്‌ ബാങ്കിൽ നിക്ഷേപമുള്ള മൂന്നേ മൂന്നു പേരുടെ വിവരങ്ങൾ മോദി സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്നു. വളരെ സൂക്ഷിച്ചു പൊളിട്ടിക്കലായി തെരെഞ്ഞെടുത്ത മൂന്നു പേരുകൾ. കോൺഗ്രസ്സ്‌ സർക്കാർ പ്രോസിക്ക്യൂഷൻ ആരംഭിച്ചത്‌ ഒരു മുസ്ലിം പേരുകാരനെതിരെയായിരുന്നു. ഹാവാലയും ഭീകരപ്രവർത്തനത്തിനുള്ള ഫണ്ടിങ്ങുമെല്ലാം അയാൾക്കെതിരെ ആരോപിച്ചിരുന്നു. ഒരു വെടിയിൽ ഒന്നിലധികം ലക്ഷ്യങ്ങൾ ഉന്നമിട്ടു എന്നു വ്യക്തം. മോദി പക്ഷേ ഇത്തവണ മുസ്ലിം പേരുകൾ തീർത്തും ഒഴിവാക്കി. നല്ല ഒന്നാന്തരം മൂന്നു ഹിന്ദു പേരുകൾ. അതിൽ തന്നെ ഒന്ന് പ്രശസ്തമായ ഡാബറിന്റെ മുതലാളിയും. മോദിയുടെ സ്ട്രാറ്റജിസ്റ്റുകളെ നമിക്കണം.

ഇനി കുറച്ചു കാലത്തേക്ക്‌ കള്ളപ്പണക്കാരുടെ പേരുകൾ വെളിപ്പെടുത്തിയില്ല എന്നാരും പരാതി പറയരുത്‌. ഇപ്പോൾ വെളിപ്പെട്ട മൂന്നു പേർ പോലും കുറച്ചുനാളത്തെ നിയമ നടപടികൾക്കു ശേഷം ഒരു പ്രശ്നവുമില്ലാതെ രക്ഷപ്പെടുകയും ചെയ്യും. അതിനാണ്‌ ആദ്യമേ തന്നെ കള്ളപ്പണക്കാര്യത്തിൽ പരാമർശ്ശിക്കേണ്ട ഒരു കാര്യവുമില്ലാത്ത "ഇരട്ട നികുതി" പ്രശ്നം എടുത്തിട്ടത്‌. കുറ്റാരോപിതർക്ക്‌ രക്ഷപ്പെടാനുള്ള വഴി സർക്കാർ തന്നെ ഇട്ടു കൊടുക്കുന്നു.

എന്നാൽ ഇവിടെ പ്രശ്നം ഇതൊന്നുമല്ല. ഈ മൂന്നു പേർ മാത്രമേയുള്ളോ കള്ളപ്പണക്കാർ? കോഴ വാങ്ങുന്ന കേന്ദ്ര സംസ്ഥാന മന്ത്രിമാർ, പദ്ധതികൾക്ക്‌ കോണ്ട്രാക്ടർമ്മാരിൽ നിന്നു വിഹിതം വാങ്ങുന്ന എം.പിമാരും എം.എൽ.എമാരും, അതിന്റെയൊക്കെ പങ്കുകാരായ ഐ.എ.എസ്സ്‌ ഉദ്യോഗസ്ഥർ, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ, പ്രമുഖ വ്യവസായികൾ, വൻകിട കച്ചവടക്കാർ, വൻകിട ഗോൾഡ്‌ ലോൺ സ്ഥാപനങ്ങൾ, വൻകിട ആത്മീയ കച്ചവടക്കാർ, പത്ര ചാനൽ ഉടമകൾ എന്നിങ്ങനെ ഇന്ത്യയിലെ കള്ളപ്പണക്കാരുടെ ലിസ്റ്റ്‌ അവസാനിക്കാത്തതാണ്‌. സ്വിസ്സ്‌ ബാങ്കിൽ അക്കൗണ്ട്‌ തുടങ്ങാനാണെങ്കിൽ സ്വിറ്റ്സർലണ്ടിൽ പോകണമെന്നുമില്ല. കേരളത്തിലെ പട്ടണങ്ങളിൽ പോലും രാഷ്ട്രീയക്കാരും ബിസിനസ്സുകാരും സ്വിസ്സ്‌ ബാങ്ക്‌ ഏജന്റുമാരെ വീട്ടിൽ വിളിച്ചു വരുത്തി പണം കൈമാറുന്ന തരത്തിലുള്ള നെറ്റ്വർക്ക്‌ ഉള്ള സ്വിസ്സ്‌ ബാങ്കുകളുണ്ട്‌. അങ്ങനെ നിക്ഷേപിച്ചവരുടെയൊന്നും പേരുകൾ പുറത്തുവരാൻ പോകുന്നില്ല.

പക്ഷേ ഒരു കാര്യം മാത്രം: പണികിട്ടാതിരിക്കാൻ മോദിക്കുള്ള വിഹിതം ഉടൻ ബി.ജെ.പി നേതാക്കളെ വിളിച്ച്‌ ഏൽപ്പിച്ചോളുക.

വാൽക്കഷണം: ആം ആദ്മി പാർട്ടിയിൽ ചേർന്ന നേരത്ത്‌ ബി.ജെ.പിയിൽ ചേർന്നിരുന്നെങ്കിൽ കാശെത്ര കയ്യിൽ വന്നേനെ..!!! ഇനിയിപ്പോൾ പറഞ്ഞിട്ടെന്താ കാര്യം..!

Monday, October 27, 2014

ആം ആദ്മി പാർട്ടിക്ക്‌ കേരളത്തിൽ ഏറ്റെടുക്കാവുന്ന ചില പ്രശ്നങ്ങൾ


  1. ബസ്സ്‌ യാത്രാ നിരക്കിലെ മിനിമം ചാർജ്ജിൽ രണ്ടു ഫെയർ സ്റ്റേജ്‌ യാത്രയാണു സർക്കാർ വിജ്ഞാപനം വാഗ്ദാനം ചെയ്യുന്നത്‌. അത്‌ അനുവദിച്ചു കിട്ടാൻ ഹൈക്കോടതിയെ സമീപിക്കുക. ഇതു മൊത്തത്തിലുള്ള ബസ്സ്‌ ചാർജ്ജിൽ, ഓരോ ഫെയർ സ്റ്റേജിലും, നിരക്കിൽ ഇരുപതു ശതമാനത്തോളം കുറവു വരുത്തും. ആം ആദ്മി പാർട്ടിയുടെ പ്രധാന അജൻഡയായ അഴിമതിക്കെതിരായ പോരാട്ടത്തിൽ വരുന്ന വിഷയമാണിത്‌. കാലാകാലങ്ങളിൽ ഗതാഗത വകുപ്പു ഭരിക്കുന്ന മന്ത്രിമാർ ബസ്സ്‌ ഓപ്പറേറ്റർമാരുടെ സംഘടനയിൽ നിന്നു വാർഷിക വിഹിതം വാങ്ങിയാണ്‌ ഈ വക വ്യവസ്ഥകൾക്കു നേരെ കണ്ണടച്ചു കൊടുക്കുന്നത്‌. ഒരു റിട്ട്‌ ഹർജ്ജിയിലൂടെ നേടിയെടുക്കാവുന്ന പ്രശ്നമേ ഇതിലുള്ളൂ. ഏതാണ്ടു നാലു വർഷം മുൻപ്‌ ഒരു എൻ.ജി.ഓ ഹൈക്കോടതിയിൽ ഹർജ്ജി നൽകിയതിനേത്തുടർന്ന് പരിഗണനക്കുവന്ന വിഷയം എന്നാൽ വിധിപറയാതെ തീർപ്പാക്കി. ബസ്സ്‌ മുതലാളിമാരുമായി എൻ.ജി.ഒ കോടതിക്കു പുറത്ത്‌ ഒത്തുതീർപ്പുണ്ടാക്കിയെന്നു വ്യക്തം.
  2. പാലിയേക്കര ടോൾ പ്ലാസയിൽ ഒരു വശത്തു നിരന്തരമായ സമരവും മറുവശത്തു കൃത്യമായ ഇടവേളകളിൽ നിരക്കു വർദ്ധനയും നടക്കുന്നു. സമരം തൊഴിലാക്കിയ, അതുകൊണ്ടു നിലനിൽക്കുന്ന പാർട്ടികൾക്ക്‌ ഇതൊരു ശീലവും വരുമാന മാർഗ്ഗവുമാണ്‌. പാലിയേക്കര ടോൾപ്ലാസയിൽ സമരം നടത്തുന്ന പാർട്ടികൾക്കെല്ലാം മാസാമാസം ടോൾ കമ്പനിയുടെ വക വിഹിതമുണ്ടെന്നതു പരസ്യമായ രഹസ്യം. പാർട്ടിയുടെ വലിപ്പവും, ശല്യമുണ്ടാക്കാനുള്ള കഴിവുമനുസരിച്ച്‌ മാസവിഹിതം കൂടും. സമരം കമ്പനിയുടെ വരുമാനം തടയാത്ത തരത്തിൽ പരിധിക്കുള്ളിൽ നിർത്തുന്നതിനുള്ള പ്രതിഫലമാണ്‌ ഈ മാസാമാസമുള്ള "ലാഭ വിഹിതം". ഈ കൂട്ടുകൊള്ളക്ക്‌ ഒരവസാനമുണ്ടാക്കാൻ ആം ആദ്മി പാർട്ടിക്ക്‌ സാധിക്കണം. ഉടൻ തന്നെ ആം ആദ്മി പാർട്ടി ബി.ഓ.ടി കരാറിലുണ്ടായിട്ടുള്ള നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി, കരാർ റദ്ദാക്കണം എന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിക്കണം. അവിടെ നീതി കിട്ടിയില്ലെങ്കിൽ ടോൾ കൊടുക്കാൻ വിസമ്മതിച്ചു ടോൾ പ്ലാസ്സയിലൂടെ വാഹനമോടിച്ച്‌ നിയമലംഘനം നടത്തണം, ഗാന്ധിജിയുടെ ഉപ്പു സത്യഗ്രഹം പോലെ. ഇക്കാര്യത്തിൽ ഇപ്പോൾ പറഞ്ഞു കേൾക്കുന്ന നികുതി വർദ്ധിപ്പിച്ചോ സെസ്സ്‌ ഏർപ്പെടുത്തിയോ സ്വകാര്യ വാഹനങ്ങൾക്കു ടോൾ ഒഴിവാക്കാമെന്ന നിർദ്ദേശം അന്യായമാണ്‌. ജനങ്ങളുടെ പണം പിടിച്ചു വാങ്ങി ബി.ഓ.ടി കമ്പനിയെ ഏൽപ്പിക്കുന്ന ഒരു ഏജന്റായി വർത്തിക്കാൻ സർക്കാരിനെ അനുവദിക്കരുത്‌.
  3. ആരോഗ്യ മേഖലയിൽ നിന്നു സർക്കാർ തന്ത്രപരമായി പിന്മാറുകയും സ്വകാര്യ ബിസിനസുകാരെ പണം വാരാൻ അനുവദിക്കുകയും ചെയ്യുന്നതു മൂലമുള്ള പ്രശ്നങ്ങൾ പാർട്ടി ഏറ്റെടുക്കുക (നഴ്സുമാർക്ക്‌ തുച്ഛമായ ശംബളം നൽകി ആശുപത്രികളിലെ എല്ലാ പണിയുമെടുപ്പിക്കൽ, രോഗികളെ അനാവശ്യ പരിശോധനകൾക്കു വിധേയരാക്കൽ, പരമ്പരാഗത ആന്റിബയോട്ടിക്കുകൾ പോലും ആഗോള മരുന്നു കമ്പനികളുടെ പുതിയ വിലകൂടിയ കോംബിനേഷനുകൾ മാത്രം കുറിച്ചു നൽകൽ, അമിതമായി മരുന്നു നിർദ്ദേശിക്കൽ, അത്യാവശ്യമില്ലാത്തിടത്തും അവയവം മാറ്റിവക്കാൻ നിർദ്ദേശിക്കൽ, സുഖപ്രസവം നടക്കാവുന്ന കേസുകളിലും സിസ്സേറിയൻ നിർദ്ദേശിക്കൽ, പ്രമേഹ രോഗികളെയും ഹൃദ്രോഗികളേയും അനാവശ്യ അത്യാധുനിക ചികിതസകൾക്കു വിധേയരാക്കി പണം പിടുങ്ങൽ).
  4. എയിഡഡ്‌ സ്കൂളുകളിൽ അധ്യാപന ജോലി തേടുന്നവരിൽ നിന്ന് ലക്ഷങ്ങൾ കോഴ വാങ്ങുകയും, എന്നിട്ട്‌ അവർക്ക്‌ സർക്കാർ ഖജനാവിൽ നിന്നു നൽകുന്ന ശമ്പളത്തിൽ നിന്നു പകുതിയിലധികവും കൈയ്യിട്ടു വാരുകയും ചെയ്യുന്ന മാനേജ്മെന്റുകൾക്കെതിരേ തെളിവു ശേഖരിച്ചു നടപടിയെടുപ്പിക്കുക. സർക്കാർ നടപടിക്കു തയ്യാറായില്ലെങ്കിൽ തെളിവുകളുമായി കോടതിയെ സമീപിക്കുക.
  5. ഭക്ഷ്യോത്പന്നങ്ങളിലെ നിരോധിത നിറങ്ങൾ: നാം ദിവസേന കഴിക്കുന്ന ഭക്ഷണ വിഭവങ്ങളിൽ (മഞ്ഞൾ, മഞ്ഞൾപ്പൊടി, മുളകുപൊടി, മറ്റു മസാലപ്പൊടികൾ, പരിപ്പ്‌, ഗ്രീൻ പീസ്‌, ലഡ്ഡു, ജിലേബി, കായ വറുത്തത്‌, ഫ്രൂട്ട്‌ സ്ക്വാഷ്‌, മിഠായികൾ, മട്ടയരി) അനുസ്യൂതം ഉപയോഗിച്ചു വരുന്ന റോഡമൈൻ ബി, ആസിഡ്‌ ഓറൻജ്‌, മെറ്റാനിൽ യെല്ലോ, ഓറമൈൻ തുടങ്ങിയ ഗുരുതര അരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന, കുട്ടികളിലെ മസ്തിഷ്ക വളർച്ച പോലും തടസ്സപ്പെടുത്തുന്ന നിരോധിത സിന്തറ്റിക്‌ നിറങ്ങളുടെ ഉപയോഗം തടയുന്നതിനു നിയമ നടപടികൾ സ്വീകരിക്കുകയും, അവയേക്കുറിച്ചു ജനങ്ങളേയും വ്യാപാരികളേയും ബോധവത്കരിക്കുന്നതിനു പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുക.
  6. മെഡിക്കൽ, എഞ്ചിനിയറിങ്ങ്‌, നഴ്സിങ്ങ്‌, ബി.എഡ്‌ ഉൾപ്പെടെയുള്ള സ്വാശ്രയ പ്രഫഷണൽ വിദ്യാഭ്യാസ മേഖലയിൽ നടന്നുവരുന്ന ചൂഷണം (തലവരി, അമിത ഫീസ്‌), നിലവാരമില്ലാത്ത സേവനം (യോഗ്യതയും കഴിവുമില്ലാത്ത അധ്യാപകരും, സൗകര്യങ്ങളില്ലാത്ത സ്ഥാപനങ്ങളും) തുടങ്ങിയ പ്രശ്നങ്ങൾ ഏറ്റെടുക്കുക. കോടതിയിലൂടെ പരിഹാരം കാണാവുന്ന കാര്യങ്ങളിൽ അതു ചെയ്യുക. അവിടെ നീതി ലഭിച്ചില്ലെങ്കിൽ പ്രചരണ സമര പരിപാടികൾ സംഘടിപ്പിക്കുക.
  7. പച്ചക്കറികളിലെ അമിത കീടനാശിനി ഉപയോഗത്തെ നേരിടാനായി മാർക്കറ്റിൽ നിന്നു സാമ്പിൾ ശേഖരിച്ചു സർക്കാർ ലാബുകളിലോ, അക്രഡിറ്റഡ്‌ ലാബുകളിലോ പരിശോധനക്കയച്ച്‌ നടപടി ആവശ്യപ്പെടുക. ഇതിനു സംസ്ഥാനതലത്തിൽ സാമ്പിൽ ശേഖരണം നടത്താവുന്നതും, സമാന പ്രവർത്തനങ്ങൾ നടത്തുന്ന ദേശീയ എൻ.ജി.ഓകളിൽ നിന്നു സഹകരണം ആവശ്യപ്പെടാവുന്നതുമാണ്‌.

കേരളത്തിലെ ആദിവാസികളുടെ പ്രശ്നം


ഇന്ത്യൻ ഭരണഘടന അതിന്റെ ആർട്ടിക്കിൾ 244ഉം, പിന്നെ അഞ്ചും ആറും ഷെഡ്യൂളുകളും വഴി ആദിവാസി മേഖലകൾക്ക്‌ (Scheduled Areas) സ്വയംഭരണം അനുവദിച്ചിട്ടുണ്ട്‌. പ്രകൃതിയുടെ ഭാഗമായി ജീവിക്കുന്ന, പ്രകൃതിയുടെ സന്തതികളായ ആദിവാസി സമൂഹത്തിന്റെ തനിമ സംരക്ഷിക്കുന്നതിനും, അവരുടെ ജീവിതരീതിയിന്മേലും അവരുടെ നൈസർഗ്ഗിക ചുറ്റുപാടിന്മേലും ഇതര സമൂഹങ്ങളുടെയോ വിശേഷിച്ച്‌ ഭരണകൂടത്തിന്റെ തന്നെയോ ആശാസ്യമല്ലാത്ത ഇടപെടലുകൾ ഉണ്ടാവാതിരിക്കാനും വേണ്ടിയാണ്‌ ദീർഘദർശ്ശികളായ ഭരണഘടനാ ശിൽപ്പികൾ ഇത്തരമൊരു ആശയം വിഭാവനം ചെയ്തത്‌.

ആസ്സാമിലെയും മറ്റു ചില സംസ്ഥാനങ്ങളിലേയും ആദിവാസി സ്വയംഭരണ മേഖലകൾ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ തന്നെ പ്രതിപാദിച്ചിട്ടുണ്ട്‌. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഷെഡ്യൂൾഡ്‌ മേഖലകൾ ഭരണഘടന ലിസ്റ്റ്‌ ചെയ്തിട്ടില്ലെങ്കിലും ആവശ്യാനുസരണം ട്രൈബൽ മേഖലകൾ വിജ്ഞാപനം ചെയ്യാൻ ഗവർണ്ണർമാർക്ക്‌ ഭരണഘടന അധികാരം നൽകുന്നുണ്ട്‌.

അമേരിക്കൻ യൂറോപ്യൻ ഭരണഘടനകളിൽ നിന്നു കടംകൊണ്ടതാണ്‌ ഇന്ത്യൻ ഭരണഘടനയിലെ ഈ വ്യവസ്ഥ. അമേരിക്കയിൽ ഈ ആശയം വളരെ ഭംഗിയായി നടപ്പാക്കിയിട്ടുമുണ്ട്‌.  ഇന്ത്യൻ ഭരണഘടന എഴുതപ്പെടുന്നതിനു വളരെ മുമ്പു തന്നെ അമേരിക്കയിൽ "റിസർവ്വേഷൻ" (Reservation) എന്നു വിളിക്കപ്പെടുന്ന ഏതാണ്ടു മുന്നൂറോളം സ്വയംഭരണ മേഖലകൾ പല സംസ്ഥാനങ്ങളിലായി നിലവിലുണ്ട്‌.

എന്നാൽ ഭരണഘടന വാഗ്ദാനം ചെയ്യുന്ന ഈ സ്വയംഭരണാവകാശമെന്നല്ല, തങ്ങളുടെ ഭൂമിക്കുമേലുള്ള സ്വാഭാവിക അവകാശം പോലും ഇന്ത്യൻ ആദിവാസികൾക്ക്‌ ഇതുവരെ ലഭ്യമായിട്ടില്ല. എഴുപതുകൾ വരെയൊക്കെ സ്വന്തം തനിമ നിലനിർത്തി വനത്തിലും വനപ്രാന്തങ്ങളിലും മാത്രമായി ഒതുങ്ങി ജീവിക്കുമ്പോഴും അവരെ ഭരിച്ചിരുന്നത്‌ ഫോറസ്റ്റുകാരും, പിന്നെ ജന്മിമാരും പൊലീസുമൊക്കെയായിരുന്നു. ഇന്നു കാടുമായും അവരുടെ നൈസർഗ്ഗിക സാഹചര്യങ്ങളുമായുമുള്ള ബന്ധം നേർത്തു എന്നു മാത്രമല്ല വലിയൊരു പരിധിവരെ അവരുടെ തനതായ ഗോത്ര സ്വഭാവം തന്നെ നഷ്ടപ്പെട്ടു തുടങ്ങുകയും, അവർ വ്യാവസായിക ഉത്പന്നങ്ങളുടെ ഉപഭോക്താക്കൾ മാത്രമായി ചുരുങ്ങുകയും ചെയ്തു. അതു കൊണ്ടു തന്നെ ആദിവാസികളുടെ പ്രശ്നം വെറുമൊരു ഭൂമി പ്രശ്നം മാത്രമല്ല.

സർക്കാർ ആദിവാസികൾക്ക്‌ ഭൂമി ഒട്ടും നൽകാഞ്ഞിട്ടുമല്ല. അവർക്കു നൽകപ്പെടുന്ന ഭൂമി കാലാകാലങ്ങളിൽ സർക്കാർ സംവിധാനത്തിന്റെ തന്നെ അവിഹിത അനുവാദത്തോടെ പ്രാദേശിക ജന്മിമാരും, "കുടിയേറ്റ കർഷകരും",  റിസോർട്ടുകാരുമൊക്കെ തുച്ഛമായ വിലക്ക്‌  എഴുതി വാങ്ങുന്നു. ട്രൈബൽ ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള നിയമ തടസ്സങ്ങൾ സർക്കാർ സംവിധാനം തന്നെ മറികടന്നു കൊടുക്കുന്നു.

ഏതാനും മാസങ്ങൾക്കു മുൻപ്‌ ആലപ്പുഴ ജില്ലയിൽ കുട്ടനാടിന്റെ അതിർത്തി പ്രദേശത്ത്‌ മണ്ണഞ്ചേരി എന്ന പഞ്ചായത്തിൽ, ഒരു സ്വകാര്യ റിസോർട്ട്‌ ഏക്കറുകണക്കിനു കായൽ കയ്യേറി നികത്തിയെടുത്തു. സംഭവം പുറത്തായി വാർത്തയായപ്പോഴും സർക്കാർ കേസെടുക്കാൻ തയ്യാറായില്ല. അന്നു പറഞ്ഞ ന്യായം റിസോർട്ട്‌ കമ്പനി കൈയ്യേറിയ കായലിനു പകരമായി സർക്കാരിനു മറ്റൊരു ജില്ലയിൽ വേറെ ഭൂമി നൽകും എന്നാണ്‌..!!! ആ പകരം ഭൂമിയുടെ വിവരങ്ങൾ മാധ്യമങ്ങൾ ചികഞ്ഞപ്പോളാണു കൂടുതൽ രസകരമായ കാര്യങ്ങൾ പുറത്തു വന്നത്‌. കമ്പനി സർക്കാരിനു വാഗ്ദാനം ചെയ്ത ഭൂമി വർഷങ്ങൾക്കു മുൻപ്‌ സർക്കാർ തന്നെ ആദിവാസികൾക്ക്‌ പതിച്ചുകൊടുത്ത വനഭൂമിയായിരുന്നു, അതും കൈമാറ്റം ചെയ്യാൻ അനുമതിയില്ലാതെ..!!! അതിലും ഇന്നേവരെ നടപടിയൊന്നുമുണ്ടായിട്ടില്ല.

ഇതങ്ങനെ അവസാനിക്കാത്തൊരു പ്രശ്നമായി തുടരുന്നു. വലിയ പ്രക്ഷോഭങ്ങളുണ്ടാവുമ്പോൾ കുറച്ചു ഭൂമി നൽകുകയും, അതു വീണ്ടും അപഹരിക്കപ്പെടുകയും, വീണ്ടും സമരങ്ങൾ അരങ്ങേറുകയും അങ്ങനെയങ്ങനെ.

നമ്മുടെ ഭരണഘടന വിഭാവനം ചെയ്യും പോലെയും, അമേരിക്ക മാതൃക കാണിച്ചിട്ടുള്ളതു പോലെയും ആദിവാസികൾക്കായി സംരക്ഷിത പ്രദേശങ്ങൾ വിജ്ഞാപനം ചെയ്യുകവഴി മാത്രമേ ഈ പ്രശ്നത്തിനു ശാശ്വത പരിഹാരമുണ്ടാവൂ.

ആം ആദ്മി പാർട്ടി പോലുള്ള മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആദിവാസികളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുകയും പരിഹരിക്കുകയും ചെയ്തില്ലെങ്കിൽ ആ സമൂഹം ഏതാനും ദശകങ്ങൾക്കപ്പുറം തനിമ നഷ്ടപ്പെട്ടു പൂർണ്ണമായി ഇല്ലാതാവുകയോ, അവരെ തീവ്രസഭാവമുള്ള സംഘടനകൾ ഉപകരണമാക്കുകയോ ചെയ്യും. അതിനാൽ ആദിവാസി സമൂഹത്തിന്റെ സങ്കീർണ്ണമായ പ്രശ്നങ്ങൾ പൊതു സമൂഹത്തിനിടയിൽ ചർച്ചയാക്കാൻ ആം ആദ്മി പാർട്ടിയുടെ ഐക്യദാർഢ്യ സമരം പ്രയോജനപ്പെടുത്താൻ ഓരോ പാർട്ടി അംഗത്തിനും സാധിക്കണം.

Thursday, October 23, 2014

വെളുക്കാൻ പെടാപ്പാടുപെടുന്ന ദളിത്‌ മലയാളി

കേരളത്തിലെ ദളിത്‌ യുവാക്കൾക്കിടയിൽ പോലും ഫെയർനെസ്സ്‌ ക്രീമുകളുടെ ഉപയോഗവും ബ്ലീച്ചിങ്ങുമെല്ലാം എല്ലാ പരിധിക്കുമപ്പുറത്തേക്കു പോയിരിക്കുന്നു.

ഇവിടത്തെ യഥാർത്ഥ പ്രശ്നം വെളുത്ത നിറവും ആര്യൻ ഫീച്ചേഴ്സും ആണ്‌ ഉദാത്ത സൗന്ദര്യം എന്ന തോന്നലാണ്‌. ആര്യൻ അധിനിവേശത്തിനു ശേഷമുണ്ടായ ഭാരത സമൂഹത്തിലെ ആര്യൻ മേധാവിത്വവും പിന്നീടുണ്ടായ മുഗൾ, ബ്രിട്ടീഷ്‌ ഭരണങ്ങളും, ഇന്നും ലോകത്തു തുടരുന്ന യൂറോപ്യൻ-അമേരിക്കൻ മേധാവിത്വവുമാണ്‌ ഇതിനു കാരണമായത്‌. ജയിച്ചവനെ, സമൂഹത്തിൽ മേധാവിത്വമുള്ളവനെ ശ്രേഷ്ഠരായി കരുതാനും, അവരെ എല്ലാ കാര്യങ്ങളിലും അനുകരിക്കാനുമുള്ള tendency ഉണ്ടാവുന്നു.

കറുപ്പും ദ്രാവിഡ ഫീച്ചേഴ്സും സൗന്ദര്യമാണ്‌ എന്ന തിരിച്ചറിവാണു കറുത്ത കുട്ടികളിൽ ഉണ്ടാക്കേണ്ടത്‌. ഒരു കാലത്തു ഭാരതത്തിൽ അങ്ങനെയായിരുന്നു. വ്യാസന്റെ കൃഷ്ണനും, വാത്മീകിയുടെ രാമനുമൊക്കെ കാർവർണ്ണന്മാരായിരുന്നു (കാർവർണ്ണം എന്നാൽ നീല നിറമെന്നോ മേഘത്തിന്റെ നിറമെന്നോ ഒന്നുമല്ല, കറുത്ത നിറമെന്നാണ്‌ അക്ഷരാർത്ഥം). ഉത്തരഭാരതത്തിലെ ദ്രാവിഡ ഔന്നത്യത്തിന്റെ ഇനിയും മായാത്ത ശേഷിപ്പും ദ്രാവിഡ മേധാവിത്വം പൂർണ്ണമായി അസ്തമിക്കുംമുമ്പുള്ള ഒരു സങ്കരസംസ്കാരകാലത്തിന്റെ (1500ബിസി - 500എഡി) കാവ്യരേഖയുമാണിത്‌. ഇങ്ങീ തെക്കേയറ്റത്ത്‌ കേരളത്തിൽ വെറും അൻപതു വർഷം മുൻപു മാത്രം എഴുതപ്പെട്ട നോവലായ ചെമ്മീനിലെ നായികയുടെ പേര്‌ കറുത്തമ്മയെന്നായിരുന്നു എന്നു കൂടി ഓർക്കുക. അതായതു വെറും അൻപതു വർഷം മാത്രം മുൻപ്‌ അരയ സമൂഹത്തിനിടയിൽ കറുത്തവൾ എന്നു മാതാപിതാക്കൾ സ്വന്തം മക്കൾക്ക്‌ സന്തോഷത്തോടെ പേരിട്ടിരുന്നു. ഇന്നാണെങ്കിൽ അവർ ശ്വേതയെന്നേ പേരിടൂ.

ഇന്നു നമ്മുടെ സിനിമയിലെ നടീനടന്മാരെല്ലാം തന്നെ വെളുത്തവരും ആര്യൻ ഫീച്ചേഴ്സ്‌ ഉള്ളവരുമാണ്‌. സമൂഹത്തിലെ അത്യുന്നത പദവിയിലിരിക്കുന്ന എല്ലാവരും ഡോക്ടർമ്മാരിലും ഫുട്ബോൾ കളിക്കാരിലും ഐ.പി.എസ്സുകാരിലും ഭൂരിപക്ഷവും (റിസേവേഷൻകാരോഴികെ) വെളുത്തവർ തന്നെ. ഇതൊക്കെ കാണുന്നവരാണു കുട്ടികൾ. അവരെ വെറുതെ തത്വം പറഞ്ഞു വിശ്വസിപ്പിക്കാൻ ബുദ്ധിമുട്ടാണ്‌. ഷോ ബിസിനസ്സ്‌ പൂർണ്ണമായും വെളുത്ത ആര്യൻ സൗന്ദര്യം മാത്രം പ്രമോട്ട്‌ ചെയ്യുന്ന ഇക്കാലത്ത്‌ കറുപ്പും ദ്രാവിഡരൂപവും സൗന്ദര്യമാണ്‌ എന്ന തിരിച്ചറിവ്‌ കുട്ടികളിൽ പ്രത്യേകിച്ച്‌ ദളിദരിൽ ഉണ്ടാക്കിയെടുക്കുകയെന്ന ബുദ്ധിമുട്ടുള്ള ജോലിയാണു കൗൺസിലർമ്മാരും ട്രെയിനർമ്മാരും നേരിടുന്നത്‌.

Monday, October 13, 2014

പച്ചവെള്ളമൊഴിച്ചു കാറോടിക്കാനാവുമോ?

മീഡിയാവൺ ചാനലിൽ കഴിഞ്ഞയാഴ്ച്ച സംപ്രേക്ഷണം ചെയ്ത 'വീക്കെന്റ്‌ അറേബ്യ' എന്ന പരിപാടിയിൽ പച്ചവെള്ളമൊഴിച്ചു കാറോടിക്കുന്ന സാങ്കേതികവിദ്യ ഒരു പ്രവാസി മലയാളി കണ്ടെത്തിയതായി ഒരു സ്റ്റോറി കണ്ടു. ഇത്തരം വാർത്തകളും അവകാശവാദങ്ങളും ഇന്ത്യൻ മാധ്യമങ്ങളിൽ, വിശേഷിച്ച്‌ മലയാളം പത്രങ്ങളിലും ചാനലുകളിലും ഒട്ടും പുതുമയല്ല. എഞ്ചിനിയറിങ്ങ്‌ കോളജ്‌ വിദ്യാർത്ഥികൾ കോഴ്സിന്റെ ഭാഗമായി ചെയ്യുന്ന നിലവിലുള്ള സാങ്കേതികവിദ്യകളെ അനുകരിക്കുന്ന പ്രോജക്റ്റ്‌ വർക്കുകൾ പോലും പുതിയ കണ്ടുപിടിത്തമെന്ന പേരിൽ മലയാള പത്രങ്ങൾ റിപ്പോർട്ട്‌ ചെയ്യാറുണ്ട്‌.

ഇത്തരം ശാസ്ത്ര പൈങ്കിളികളിൽ എറ്റവും പ്രചാരമുള്ള വിഭാഗം പച്ചില പെട്രോൾ, പച്ചവെള്ളമുപയോഗിച്ച്‌ കാറോടിക്കൽ, വെറും കാറ്റടിച്ചു കാറോടിക്കൽ, തെങ്ങിൽ കയറുന്ന യന്ത്രമനുഷ്യൻ, മൾട്ടികോപ്റ്റർ തുടങ്ങിയവയാണ്‌. അതിൽ തന്നെ പൊതുജനത്തെ എപ്പോഴും ആവേശം കൊള്ളിക്കുന്നത്‌ പച്ചവെള്ളമൊഴിച്ചു കാറോടിക്കുക എന്ന സ്വപ്നമാണ്‌.

ഈ പോപ്പുലർ മിത്തിന്‌ എപ്പോഴും മാധ്യമ സ്പേസ്‌ ലഭിക്കാനുള്ള കാരണങ്ങൾ, ഈ സങ്കൽപത്തോടുള്ള ജനസാമാന്യത്തിന്റെ താത്പര്യവും, പിന്നെ ലിറ്ററേച്ചർ മാത്രം പഠിച്ച മാധ്യമപ്രവർത്തകരുടെ ശാസ്ത്രത്തിലെ അറിവില്ലായ്മയുമാണ്‌.

പച്ചവെള്ളമുപയോഗിച്ച്‌ കാറോടിക്കുന്നതിന്റെ ശാസ്ത്രം പരിശോധിക്കാം: വൈദ്യുതി വിശ്ലേഷണം (electrolysis, നാമെല്ലാം ആറാം ക്ലാസ്സിൽ പഠിച്ച പ്രതിഭാസം) വഴി വൈദ്യുതി കടത്തിവിട്ട്‌ വെള്ളത്തെ വിഘടിപ്പിച്ച്‌ ഹൈഡ്രജനും ഓക്സിജനുമാക്കാം. ഇതു കണ്ടെത്തിയിട്ട്‌ ഏതാണ്ട്‌ നൂറു വർഷമായി.

പെട്രോളും ഡീസലുമൊക്കെ ഉപയോഗിക്കുന്ന ആന്തരിക ജ്വലന എഞ്ചിനുകളിൽ (internal combustion engines) ചെറിയ വ്യത്യാസം വരുത്തിയാൽ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കാം. ഇതു കണ്ടെത്തിയിട്ട്‌ എൺപതു വർഷമായി.

ഇവിടെയുള്ള ഒരേയൊരു പ്രശ്നം വെള്ളം വിഘടിപ്പിക്കാനുള്ള വൈദ്യുതിയുടെ ആവശ്യമാണ്‌. സത്യത്തിൽ ആ വൈദ്യുതി തന്നെയാണു കാർ ഓടിക്കാനുള്ള ഊർജ്ജം. അതു ഹൈഡ്രജൻ എന്ന മാധ്യമത്തിൽ ശേഖരിച്ചു വക്കുന്നു എന്നു മാത്രം. ഈ സാങ്കേതിക വിദ്യ ഇപ്പോൾ തന്നെ ഉപയോഗത്തിലുണ്ട്‌. ബ്രിട്ടൻ ഉൾപെടെയുള്ള രാജ്യങ്ങളിൽ കാറിൽ ഇന്ധനം നിറക്കാനുള്ള ഹൈഡ്രജൻ പമ്പുകളുമുണ്ട്‌. എന്നാൽ ഇതിന്‌ ഒട്ടും പ്രചാരം ലഭിച്ചില്ല, ഭാവിയിൽ വലിയ സാധ്യതകളുമില്ല.

ഈ ആശയത്തെ ഒരു പടികൂടി വികസിപ്പിച്ചതാണ്‌ ഹൈഡ്രജൻ ഫ്യൂവൽസെൽ സാങ്കേതിക വിദ്യ. വെള്ളത്തിൽ നിന്നു വൈദ്യുതി വിശ്ലേഷണം വഴിയോ അല്ലെങ്കിൽ പ്രകൃതി വാതകത്തിൽ (മീതേൻ) നിന്നോ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന പണി ഫാക്ടറിയിൽ ചെയ്യും. കാറിൽ ഇന്ധനമായി പമ്പിൽ നിന്നു (പണം നൽകി) ഹൈഡ്രജൻ നിറയ്ക്കും. കാറിലെ ഫ്യൂവൽ സെല്ലിൽ ഹൈഡ്രജനുപയോഗിച്ച്‌ വൈദ്യുതി ഉത്പാദിപ്പിക്കും. ഈ വൈദ്യുതിയുപയോഗിച്ച്‌ കാറിലെ ഇലക്ട്രിക്ക്‌-മോട്ടോർ ഓടിക്കും. 1970ൽ കണ്ടെത്തി പേറ്റന്റ്‌ ചെയ്യപ്പെട്ട ഈ സാങ്കേതിക വിദ്യ ഇപ്പോൾ തന്നെ ഉപയോഗത്തിലുണ്ട്‌.

ആഗോളതലത്തിൽ ടൊയോട്ട, ഹോണ്ട, ഹ്യുണ്ടായ്‌, നിസ്സാൻ തുടങ്ങിയ നിർമ്മാതാക്കൾ ഫ്യൂവൽ സെൽ കാറുകൾ ഇറക്കുന്നുണ്ട്‌. പല യൂറോപ്യൻ സർക്കാരുകളും കാർബൺ എമിഷൻ കുറക്കുന്നതിനായി ഫ്യൂവൽ സെൽ സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും ഇതിനു വാഹന ഉപയോക്താക്കളുടെ ഇടയിൽ വലിയ സ്വീകരണം ലഭിച്ചിട്ടില്ല. സർക്കാർ കാര്യമായി പ്രോത്സാഹിപ്പിച്ചിട്ടും ബ്രിട്ടനിൽ ഒരു വർഷം വിൽക്കുന്നത്‌ വെറും പത്തു ഫ്യൂവൽ സെൽ കാറുകൾ മാത്രമാണ്‌. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഹൈഡ്രജൻ ഫ്യൂവൽ സെൽ ടെക്നോളജിയെ നാളത്തെ സങ്കേതികവിദ്യയായിത്തന്നെ പരിഗണിച്ചു വരുന്നു. എൺപതുകൾ മുതലുള്ള ഹോളിവുഡ്‌ ചിത്രങ്ങളിൽ ഹൈഡ്രജൻ ഫ്യൂവൽ സെൽ ടെക്നോളജിയെ കുറിച്ചു പരാമർശ്ശമുണ്ട്‌. ജെയിംസ്‌ കാമറൂണിന്റെ ടെർമ്മിനേറ്റർ ചിത്രങ്ങൾ ഉദാഹരണം.


അൻപതു വർഷം മുൻപു കണ്ടെത്തിയ, പേറ്റന്റുള്ള, നിലവിൽ ഉപയോഗത്തിലിരിക്കുന്ന ഒരു സാങ്കേതിവിദ്യയുടെ പ്രാകൃതമായ രൂപത്തെ (crude form) പുതിയ കണ്ടെത്തലായി അവതരിപ്പിച്ചത്‌ മാധ്യമ പ്രവർത്തകരുടെയും, അതു സംപ്രേഷണം ചെയ്തത്‌ ചാനൽ എഡിറ്ററുടേയും അറിവില്ലായ്മ മൂലമാണ്‌ എന്നു പറയേണ്ടി വരുന്നിടത്ത്‌ നമ്മുടെ മാധ്യമങ്ങളിലെ പ്രതിഭാ ദാരിദ്ര്യം വ്യക്തമാണ്‌. മുൻപ്‌ നമുക്കെല്ലാം അറിവിന്റെ സ്ത്രോതസ്സായിരുന്ന ഇവിടുത്തെ അച്ചടി-ദൃശ്യ മാധ്യമങ്ങൾ ഇന്ന് സെൻസേഷനലിസത്തിന്റേയും പൈങ്കിളിയുടേയും വഴിയേ പോയി, കൊള്ളാവുന്ന ടാലന്റ്‌ പൂൾ ഇല്ലാതെ, നോവലെഴുത്തുകാരുടെ ഇടമായി മാറുന്നു.

Saturday, October 11, 2014

Malala's Nobel is obviously too early and unconvincing as to put herself and the Norwegian Committee in critical light


The Norwegian Committee and the Swedish Academy have always used the peace prize and the prize for literature as political weapons. This time too the intention is clearly written all over the announcement. Who they are trying to make friends with and who they are targeting.

Malala Yusufzai is just a made up celebrity, who became a campaigning tool against the West's political rival in Afghanistan. And she got lucky enough to get (almost) shot, driving the campaign into international fame. Malala is neither an activist nor does Europe care the least about Muslim girls' education in Pakistan. Their only interest in the matter is defaming their political rival, Taliban. And it is the greatest misfortune of this century that we get to bear 'great personalities' who are both made up and mediocre.

It is also quite notable that the Academy missed or rather refused to see the name of Edward Snowden. Awarding a Nobel prize would have been quite a relief to the now homeless and hunted political refugee. It would also have brought the more relevant issue of information privacy to public discussion. And it is quite clear that the Academy did not want to create any kind of discomfort to the ally United States.

Friday, October 10, 2014

മലാലയുടെ നൊബേലും യൂറോപ്പിന്റെ രാഷ്ട്രീയവും.

നൊബേൽ സമാധാന, സാഹിത്യ സമ്മാനങ്ങൾ എക്കാലത്തും സ്വീഡിഷ്‌ അക്കാഡമി രാഷ്ട്രീയ ആയുധങ്ങളായാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌. ഇപ്പോഴിതാ താലിബാൻ വധശ്രമം ഫെയിം മലാല യൂസഫ്‌സായിക്ക്‌ സമാധാന നൊബേൽ പ്രഖ്യാപിച്ചിരിക്കുന്നു. വടക്കൻ പാക്കിസ്ഥാനിൽ നിന്നു ബി.ബി.സി കണ്ടെത്തി വളർത്തിയെടുത്ത ഒരു പൊളിട്ടിക്കൽ സെലിബ്രിറ്റിയാണ്‌ മലാല യൂസഫ്‌സായി. അവർ തന്നെ സൃഷ്ടിച്ച താരത്തിന്‌ അവർ തന്നെ അവാർഡു കൊടുത്ത്‌ അവർ തന്നെ സായൂജ്യമടഞ്ഞിരിക്കുന്നു.

എന്തായാലും മലാലയുടെ കുടുംബത്തിന്റെ ഒരു ഭാഗ്യം. സ്വീഡൻകാർ നൊബേൽ തരാൻ തയ്യാറാണെങ്കിൽ വേണമെങ്കിൽ ജനിച്ച നാടിനേയും നാട്ടാരേയും സമുദായത്തിനേയും തള്ളിപ്പറയാനും ദരിദ്രവാസികളുടേയും പെൺകുട്ടികളുടേയുമെല്ലാം വിദ്യാഭ്യാസത്തിനായൊക്കെ പ്രസംഗിക്കാനും ബി.ബി.സിയുടേയും ബ്രിട്ടീഷ്‌ എൻ.ജി.ഓകളുടേയുമൊക്കെ ചെലവിൽ സുഖജീവിതം നയിക്കാനുമൊക്കെ തയ്യാറുള്ള വേറെയുമൊരുപാടുപേർ ഈ ലോകത്തുണ്ട്‌.

പാകിസ്ഥാനിലേയോ അഫ്ഗാനിസ്ഥാനിലേയോ പെൺകുട്ടികളുടെയോ മറ്റാരുടെയെങ്കിലുമോ വിദ്യാഭ്യാസത്തിലോ (മറ്റെന്തെങ്കിലും നന്മയിലോ) ബ്രിട്ടനോ, സ്വീഡനോ, നോർവ്വേക്കോ യാതൊരു താത്പര്യവുമില്ല. അഫ്ഗാൻ-പാക്ക്‌ മേഖലയിലെ വാതകഭൂമിക്കായുള്ള പോരാട്ടത്തിൽ നാറ്റോയുടെ എതിരാളികളായ താലിബാനെരിയായ യുദ്ധത്തിൽ യൂറോപ്പുപയോഗിക്കുന്ന പ്രചരണതന്ത്രം മാത്രമാണ്‌ താലിബാനെതിരെ മലാലയെ പ്രമോട്ട്‌ ചെയ്യൽ.

മലാല താലിബാനെതിരെയോ മറ്റെന്തിനെങ്കിലുമെതിരെയോ പൊരുതിയിട്ടില്ല. സ്വന്തം പേരു പ്രസിദ്ധീകരിച്ചു കാണാൻ ബി.ബി.സി ഓൺലൈൻ എഡീഷനിലേക്ക്‌ ഒരു കത്തയച്ചതിനേത്തുടർന്ന് മലാലയെക്കൊണ്ട്‌ ബ്ലോഗ്‌ എഴുതിച്ചതു ബി.ബി.സി തന്നെയാണ്‌. അതും എഴുതിയതു ബിബിസിക്കാരല്ലേ എന്നു ന്യായമായി സംശയിക്കാം. അതിന്റെ ഉള്ളടക്കത്തിൽ പേരിനു മാത്രമേ പെൺകുട്ടികളുടെ വിദ്യാഭ്യാസമുണ്ടായിരുന്നുള്ളൂ, ബാക്കി മുഴുവൻ താലിബാൻ പരിഹാസമായിരുന്നു. താലിബാനേയും പാകിസ്ഥാന്റെ വടക്കൻ പ്രദേശങ്ങളിലെ മുസ്ലിം പെൺകുട്ടികളുടെ 'പ്രാകൃത' ജീവിത ശൈലിയിലിയേയും കണക്കറ്റു പരിഹസിക്കുന്ന പോസ്റ്റുകൾ മലാലയുടെ പേരിൽ എഴുതി പ്രസിദ്ധീകരിച്ചു താലിബാനെ പരമാവധി പ്രകോപിപ്പിച്ചു. ബി.ബി.സി ഒരു ടി.വി പ്രോഗ്രാമിലൂടെ അതിനു പ്രചാരം നൽകിയപ്പോൾ താലിബാൻ പ്രതിഷേധമറിയിച്ചു. ലക്ഷ്യം നേടുന്നതറിഞ്ഞ ബിബിസി താലിബാനെ കൂടുതൽ ആക്ഷേപിക്കുകയും, ഒടുവിൽ സാഹചര്യം തീരെ വഷളായിരിക്കുന്ന സമയത്ത്‌ മലാലയെ താലിബാൻ പ്രദേശത്ത്‌ ഒരു പ്രതിഷേധപ്രകടനത്തിനു കൊണ്ടുപോയി നിർത്തിക്കൊടുക്കുകയും ചെയ്തു. വലിയ രാഷ്ടീയ തന്ത്രമൊന്നുമറിയാത്ത പ്രാദേശിക താലിബാൻ പോരാളികൾ സ്വാഭാവികമായും വെടിവച്ചു, പക്ഷെ കൊണ്ടില്ല, പരിക്കു പറ്റി.

അമേരിക്ക പ്രചരിപ്പിക്കുന്നതു പോലെ കടുത്ത പരിശീലനം സിദ്ധിച്ച കൊടുംഭീകരരായ താലിബാനികൾക്ക്‌, അവരുടെ ശക്തികേന്ദ്രത്തിൽ വച്ച്‌ നിരായുധയായ ഒരു കൊച്ചു പെൺകുട്ടിക്കു നേരെ നേരെ-ചൊവ്വേ ഒന്നു വെടിവക്കാനറിയില്ല എന്നു പറഞ്ഞാൽ, ഇതിൽ ഏതാണാവോ  വിശ്വസിക്കേണ്ടത്‌? താലിബാൻ പോരാളികൾ വിദഗ്ധ പരിശീലനം ലഭിച്ചവരാണെന്നതോ, അതോ അവർക്കു വെടിവക്കാനറിയില്ല എന്നതോ? എന്തായാലും ലോകം ഇതുമുഴുവൻ വിശ്വസിച്ചു.


എന്തായാലും പരിശ്രമിച്ചു നേടിയ 'രക്തസാക്ഷിത്വം' ബ്രിട്ടൻ നന്നായി ആഘോഷിച്ചു. പേനയും (ബ്ലോഗ്‌) തോക്കും തമ്മിലുള്ള താരതമ്യത്തിന്റെ ക്ലീഷേ പറഞ്ഞ്‌ മലാലയെ ഒരുപാടു പാടുപ്പുകഴ്ത്തി. അങ്ങനെ താലിബാന്റെ ഒരു വെടിയിൽ മലാല ഒരു അന്താരാഷ്ട്ര താരമായി.

പിന്നെ കണ്ടത്‌ മലാലയെ ബ്രിട്ടൻ ഒരു സെലിബ്രിറ്റിയായി വളർത്തുന്നതും, 'മുസ്ലിം തീവ്രവാദികളെ' പൊതുവിൽതന്നെ ആക്രമിക്കാനുള്ള ഒരു ആയുധമാക്കി മാറ്റുന്നതുമാണ്‌. അതിന്റെ ആദ്യ പടിയായി 'വെടിയേറ്റ' മലാലക്കു ബ്രിട്ടനിൽ വിദഗ്ധ ചികിത്സ നൽകി. മുസ്ലിം ഭീകരന്മാരിൽ നിന്ന് ഈ മാലാഖയെ രക്ഷപ്പെടുത്തുന്നതിനായി മലാലക്കും കുടുംബത്തിനും ബ്രിട്ടീഷ്‌ വിസ നൽകി. മലാലയുടെ പിതാവിന്‌ ബ്രിട്ടണിൽ ജോലി നൽകി. എന്തൊക്കെ സൗഭാഗ്യങ്ങൾ!!!

തീർന്നില്ല മലാലയെ യൂറോപ്പിലെങ്ങും കൊണ്ടുനടന്ന് പ്രസംഗിപ്പിച്ചു, ബ്രിട്ടീഷ്‌ എൻ.ജി.ഓകളിലെ വിദഗ്ധർ എഴുതിക്കൊടുക്കുന്ന കിടിലൻ മോറൽ സയൻസ്‌ പ്രസംഗങ്ങൾ. ഓടുവിലിതാ നൊബേലും.

എന്തൊക്കെ കുറവുകളുണ്ടെങ്കിലും ജീവിതം മുഴുവൻ സമാധാനം പ്രബോധം ചെയ്തു എന്നുറപ്പിച്ചു പറയാവുന്ന ഗാന്ധിജിക്ക്‌, എല്ലാ വർഷവും നൽകി വരുന്ന ഈ സമാധാന സമ്മാനം ഒരു തവണപോലും നൽകാൻ നൊർവീജിയൻ അക്കാഡമി തയ്യാറായില്ല എന്നോർക്കുന്നേടത്താണ്‌, ഒരു പതിനേഴുകാരി മേഡ്‌ അപ്പ്‌ സെലിബ്രിറ്റിക്ക്‌ ഇത്ര ധൃതിപിടിച്ച്‌ നൊബേൽ കൊടുത്തതിലെ രാഷ്ട്രീയം വ്യക്തമാവുക. മലാലക്കു പ്രസംഗ സേവനം ചെയ്യാനും സ്വയം തെളിയിക്കാനും കുറേക്കൂടി സമയം കൊടുക്കാൻ പോലും അക്കാദമി കാക്കാത്തത്‌ ഉടൻ ചില ലക്ഷ്യങ്ങൾ നേടാനുള്ളതു കൊണ്ടു തന്നെയാണ്‌.

എനിക്കിത്രയേ പറയാനുള്ളൂ: ലോകത്തിന്‌ അവരർഹിക്കുന്ന മഹാന്മാരെയേ ലഭിക്കൂ.

ഇതേ സമയം തന്നെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും താലിബാൻ പ്രദേശത്തുമെല്ലാം ജീവനും ജീവിതവും ബലികഴിച്ച്‌ വ്യവസ്ഥക്കും വിവേചനത്തിനുമെതിരേ പോരാടുന്ന എത്രയോ പേരറിയാത്ത പോരാളികൾ ആരാലും പ്രമോട്ട്‌ ചെയ്യാനില്ലാതെ ആരാരും സംരക്ഷിക്കാനില്ലാതെ ജീവിതം തുലക്കുന്നു. ഇതാണീ ലോകം.

Thursday, October 09, 2014

ചേരാനല്ലുർ പൊലീസ്‌ മർദ്ദനക്കേസ്‌


ഇടപ്പള്ളി അമൃത ആശുപത്രിയിലെ എന്റോക്രൈനോളജി വിഭാഗം തലവൻ ഡോ. ഹരീഷ്‌ കുമാറിന്റെ ചേരാനല്ലൂരെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്ന ലീബ എന്ന യുവതിയെ ആഗസ്റ്റ്‌ 23നാണ്‌ ചേരാനല്ലൂർ പൊലീസ്‌ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസറായ സബ്‌ ഇൻസ്പെക്ടർ സാംസൺ കസ്റ്റഡിയിൽ എടുക്കുന്നത്‌. 14 പവൻ സ്വർണ്ണം മോഷ്ടിച്ചു എന്നായിരുന്നു ഡോ. ഹരീഷിന്റെ പരാതി.

യുവ എം.എൽ.എയുടെയും, അതേ ഗ്രൂപ്പുകാരനായ മന്ത്രിയുടേയും ഇടപെടലാണ്‌ കേവലമൊരു 14 പവൻ മോഷണക്കേസിൽ പൊലീസിത്ര അമിത താത്പര്യം കാണിക്കാൻ കാരണമെന്നാണ്‌ മാധ്യമ ലോകത്തെ സംസാരം.  ആശുപത്രി മാനേജ്മെന്റുമായി അടുത്ത ബന്ധമുള്ള ഈ മന്ത്രിയുടെ പുത്രൻ ഇതേ മെഡിക്കൽ കോളജിൽ തന്നെ പഠിച്ച്‌ ഇപ്പോൾ ഇതേ ആശുപത്രിയിൽ തന്നെ ജൂനിയർ ഡോക്ടറായി ജോലി ചെയ്യുന്നു. രാജാവിനേക്കാൾ രാജഭക്തിയുള്ള പൊലീസ്‌, മന്ത്രിയേയും എം.എൽ.എയേയും സന്തോഷിപ്പിക്കാൻ ദളിത്‌ യുവതിയെ തല്ലിച്ചതച്ചു.

പൊലീസ്‌ മർദ്ദനത്തിനെതിരേ പ്രക്ഷോഭം നടത്താനും നിയമനടപടി സ്വീകരിക്കാനുമായി നാട്ടുകാർ രൂപീകരിച്ച സമര സമിതിയുടെ കൺവീനർ കോൺഗ്രസ്സുകാരനും എം.എൽ.എയുടെ വിശ്വസ്ഥനുമായ പഞ്ചായത്തംഗം തന്നെ!!! എന്തൊക്കെ സമരം നടത്തിയാലും പൊലീസുകാർക്കു സർവ്വീസിൽ ബുദ്ധിമുട്ടു വരുത്തുന്ന തരത്തിലുള്ള നിയമ നടപടുകളിലേക്ക്‌ സമരസമിതി ഒരിക്കലും പോവാതിരിക്കാനാണ്‌ ഈ മുൻ കരുതൽ.

കസ്റ്റഡി മർദ്ദനക്കേസിൽ ഹൈക്കോടതി അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജ്ജി നൽകിയ ജൂനിയർ വക്കീലാവട്ടെ നേരത്തേ പറഞ്ഞ എം.എൽ.എയുടെ സുഹൃത്തും കെ.എസ്‌.യുവിലെ മുൻകാല സഹപ്രവർത്തകനും സഹായിയുമൊക്കെയാണ്‌!!!!

ഒരു ദളിത്‌ യുവതിയെ പത്തിലധികം പുരുഷ പൊലീസുകാർ ദിവസങ്ങളോളം കസ്റ്റടിയിൽ വച്ച്‌ തല്ലിച്ചതച്ച്‌ നട്ടെല്ലിനു ഫ്രാക്ച്ചർ വരെ വന്ന സെൻസേഷണൽ സംഭവമായതിനാൽ വല്ല മനുഷ്യാവകാശ പ്രസ്ഥാനങ്ങളും കേസുമായി ഹൈക്കോടതിയേയോ സുപ്രീംകോടതിയേയോ സമീപിച്ചാൽ കാര്യങ്ങൾ കൈവിട്ടു പോവാതിരിക്കാൻ  കണ്ടെത്തിയ മാർഗ്ഗമാണത്രേ  സ്വന്തം ആവനാഴിയിലെ യുവ വക്കീലിനെക്കൊണ്ടു തന്നെ ഹൈക്കോടതിയിൽ കേസു കൊടുപ്പിച്ചത്‌.  ഒരിക്കൽ ഒരു പൊതുതാത്പര്യ ഹർജ്ജിയിൽ സമർപ്പിക്കപ്പെട്ട അതേ ആവശ്യങ്ങളുമായി അതു പരിഗണനയിലിരിക്കുമ്പോൾ മറ്റൊരു ഹർജ്ജി വന്നാൽ, അതു സ്വീകരിക്കാൻ കോടതി വൈമനസ്യം കാണിക്കും. ആ ഹർജ്ജി തീർപ്പാക്കും വരെ മറ്റാരേയും അങ്ങോട്ട്‌ അടുപ്പിക്കാതിരിക്കുകയെന്ന ക്ലാസ്സിക്ക്‌ തന്ത്രം. ഹൈക്കോടതിയിൽ കേസെടുത്തപ്പോൾ ഉടൻ എഫ്‌.ഐ.ആർ എഴുതേണ്ട കേസിൽ സർക്കാർ വക്കീൽ നാലാഴ്ച്ച സമയം ചോദിച്ചു, ഹർജ്ജിക്കാരൻ കൂടിയായ "പൊതു താത്പര്യ" വക്കീൽ അത്‌ എതിർത്തില്ല എന്നതു ശ്രദ്ധേയം.

എന്തായാലും പൊലീസിന്‌ ഫലത്തിൽ നാലാഴ്ച്ചത്തെ സമയം നീട്ടി നൽകുകയാണ്‌ കോടതി ചെയ്തത്‌. ഈ കാലയളവിൽ പൊലീസിനു ചെയ്യാൻ സാധിക്കുക പരാതിക്കാരിയേയും സാക്ഷികളേയും ഭീഷണിപ്പെടുത്തുക, അവരെ ഒത്തുതീർപ്പിനു നിർബന്ധിക്കുക തുടങ്ങിയ കാര്യങ്ങളാണ്‌. നാലാഴ്ച്ചത്തെ സമയം കൊണ്ട്‌ ഈ സംഭവം ജനങ്ങളുടെ ഓർമ്മയിൽ നിന്നും പോവുകയും ചെയ്യും. അന്ന് ഹർജ്ജി വീണ്ടും പരിഗണനക്കു വരുമ്പോൾ ഹർജ്ജിക്കാരൻ ഹാജരാവാതിരുക്കുകയോ , സർക്കാരിന്റെ മറുപടി പരിഗണിച്ച്‌ വിധിപറയാതെ കേസ്‌ തീർപ്പാക്കുകയോ ചെയ്യും. തൊണ്ണൂറ്റഞ്ചു ശതമാനം പൊതുതാത്പര്യ ഹർജ്ജികളിലും വിധിയുണ്ടാവാറില്ല, എന്തെങ്കിലും നല്ലവാക്കു പറഞ്ഞ്‌ തീർപ്പാക്കുകയാണു ചെയ്യുക.

ഇതിനിടയിൽ പൊലീസ്‌  ലീബയുടെ മോഷണക്കുറ്റത്തിൽ തെളിവുണ്ടാക്കാനും തൊണ്ടിയായ 14 പവൻ കണ്ടെത്താനുമുള്ള തീവ്ര ശ്രമത്തിലായിരുന്നു. മോഷണം സ്ഥാപിക്കാനായാൽ അതോടെ കേരളത്തിലെ ജനങ്ങളിൽ നിന്ന് ലീബക്കു കിട്ടിയിരുന്ന സഹതാപത്തിന്റെ പിന്തുണ ഒറ്റയടിക്ക്‌ കീഴ്മേൽ മറിഞ്ഞ്‌ മോഷ്ടാവിനോടുള്ള വെറുപ്പായി മാറും എന്നുള്ളത്‌ സമൂഹമന:ശാസ്ത്രം നന്നായി അറിയാവുന്ന പൊലീസിനും, പൊലീസിനേക്കൊണ്ട്‌ ഇതൊക്കെ ചെയ്യിക്കുന്ന രാഷ്ടീയക്കാർക്കും നന്നായി അറിയാം. എന്നാൽ പൊലീസ്‌ കള്ളസാക്ഷി പറയാൻ നിർബന്ധിക്കുന്നതായി ആരോപിച്ച്‌ ജ്വല്ലറി ഉടമ കോടതിയെ സമീപിച്ചതോടെ പൊലീസ്‌ ആ വഴി തത്ക്കാലത്തേക്ക്‌ ഉപേക്ഷിച്ചു.

അതിനിടെ ലീബ തന്നെ മജിസ്ത്രേട്ട്‌ കോടതിയിൽ സെപ്തംബർ 26ന്‌ കേസ്‌ ഫയൽ ചെയ്തതിനേത്തുടർന്ന് കോടതി ഒക്ടോബർ 14ന്‌ ലീബയുടെ മൊഴി രേഖപ്പെടുത്താൻ നിശ്ചയിച്ച ശേഷമാണ്‌ പിറ്റേന്ന്, സെപ്തംബർ 27ന്‌, ഐ.ജി നാലു പേരെക്കൂടി സസ്പെൻഡ്‌ ചെയ്യൂന്നതായും, പൊലീസുകാർക്കെതിരേ ക്രിമിനൽ കേസ്‌ എടുത്തതായും പത്രക്കാരെ വിളിച്ച്‌ അറിയിച്ചത്‌. എന്നാൽ അങ്ങനെയൊരു കേസ്‌ ഇതുവരെ രെജിസ്റ്റർ ചെയ്തിട്ടില്ല.

രാഷ്ട്രീയത്തിൽ അമേച്വറുകളായ ഞങ്ങൾ കുറച്ചു പേർ ഈ കേസിൽ ഒരു ഹർജ്ജി ഫയൽ ചെയ്യുന്നതിനു വേണ്ടിയുള്ള അന്വേഷണങ്ങൾ നടത്തി ഇതുവരെ എത്തിയപ്പോഴാണ്‌ ഇത്രയുമൊക്കെ കാര്യങ്ങൾ തിരിച്ചറിഞ്ഞത്‌.

എന്നാൽ ചേരാനല്ലൂരിൽ അങ്ങാടിപ്പാട്ടായ ഈ ഇടപെടലുകൾ മൂലമുണ്ടായ ഇമേജ്‌ നഷ്ടം പരിഹരിക്കനാണത്രേ ചെറുപ്പത്തിലേ വലിയ രാഷ്ട്രീയ ദുർമ്മേദസ്സ്‌ ബാധിച്ച പ്രസ്തുത എം.എൽ.എ കഴിഞ്ഞ ദിവസം എന്തോ കുടിവെള്ള പ്രശ്നമോ മറ്റോ പറഞ്ഞ്‌ ഒരു ദിവസത്തെയൊരു നിരാഹാരം വളരെ ആഘോഷമായി നടത്തിയത്‌.

Wednesday, October 08, 2014

ഐസക്ക്‌ ന്യൂട്ടൻ

ആധുനിക ലോകം കണ്ട ഏറ്റവും മഹാനായ ശാസ്ത്രകാരനാണ്‌ ശ്രീ ഐസക്ക്‌ ന്യൂട്ടൻ. ഗുരുത്വാകർഷണം എന്ന പ്രതിഭാസം തിരിച്ചറിയുകയും അതിനെ സിദ്ധാന്തവത്കരിക്കുകയും ചെയ്തു എന്നതാണ്‌ അദ്ദേഹത്തിന്റെ സംഭാവനയായി പൊതുജനത്തിന്‌ അറിവുള്ളതെങ്കിലും, അതിനുമപ്പുറം ആകാശത്തെ ഗ്രഹങ്ങളുടെ മുഴുവൻ ചലനവും അതുവഴി അവയുടെ ചലനപാതയും കൃത്യമായി കണക്കുകൂട്ടാനും, അവയുടെ ഏതൊരു ഭാവിയിലെയും സ്ഥാനം പ്രവചിക്കാനും സാധിക്കുന്ന തരത്തിൽ ഗുരുത്വബലത്തിന്റെ ഫോർമ്മുല തയ്യാറാക്കി എന്നതാണ്‌ യഥാർത്ഥത്തിൽ ന്യൂട്ടന്റെ സംഭാവന. ആ ഫോർമ്മുല ഇന്നും ഒരോ ഉപഗ്രഹ വിക്ഷേപണത്തിലും, ഓരോ ശൂന്യാകാശ പര്യവേഷണത്തിലും നാം ഉപയോഗിച്ചു കൊണ്ടിരിക്കുന്നു.

എന്നാൽ ന്യൂട്ടന്റെ സംഭാവന അതു മാത്രമല്ല. ഗണിതശാസ്ത്രത്തിലെ കാൽക്കുലസ്‌ എന്ന സങ്കേതമാണ്‌ ന്യൂട്ടന്റെ ഏറ്റവും വലിയ ശാസ്ത്ര സംഭാവന. അവിടെയും തീരുന്നില്ല ന്യൂട്ടന്റെ മാഹാത്മ്യം. ആധുനിക ഭൗതികശാസ്ത്രത്തിലെ ഒപ്റ്റിക്സ്‌ എന്ന പ്രകാശ രശ്മികളേക്കുറിച്ചു പഠിക്കുന്ന ശാസ്ത്ര ശാഖ തുടങ്ങിവച്ചതും അതിൽ ഏറ്റവും മൗലികമായ സംഭാവന നൽകിയതും ന്യൂട്ടനാണ്‌.


ഇതൊക്കെ ഒരു ശാസ്ത്രകാരന്‌ ന്യൂട്ടനോട്‌ ആരാധനയുണ്ടാക്കുന്ന കാര്യങ്ങളാണ്‌. ഈ തിരിച്ചറിവിനൊക്കെയും ശേഷം എനിക്ക്‌ ന്യൂട്ടനോടുള്ള ബഹുമാനം വർദ്ധിപ്പിച്ച ഒരു കാര്യമുണ്ട്‌. ന്യൂട്ടൻ തിയോളജി സംബന്ധമായ എന്തോ പുസ്തകം എഴുതിയിട്ടുണ്ടെന്നും, അതിനു വലിയ നിലവാരമില്ല എന്നും, തിയോളജി വിഷയത്തിൽ അഭിപ്രായം പറയാൻ ന്യൂട്ടന്‌ എന്താണു യോഗ്യത എന്നും ഒരു ക്രിസ്ത്യൻ സുഹൃത്തു അഭിപ്രായപ്പെട്ടപ്പോൾ ഈ പറയുന്ന പുസ്തകത്തേക്കുറിച്ച്‌ പരിശോധിച്ചു.

കാര്യമിതാണ്‌. ബൈബിളിലെ ചില വചനങ്ങളേപ്പറ്റി പഠനം നടത്തി ന്യൂട്ടൻ പ്രസിദ്ധീകരിച്ച ഒരു പുസ്തകമാണു വിഷയം. യോഹന്നാന്റെ സുവിശേഷത്തിൽ ത്രിത്വം അവതരിപ്പിക്കുന്ന രണ്ടു വചനങ്ങളിൽ, യേശു ദൈവം തന്നെ എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്ന വരികളാണ്‌ ന്യൂട്ടൻ പഠന വിധേയമാക്കിയിരിക്കുന്നത്‌. ആ വാചകങ്ങൾ യേശുവിനെ ദൈവമാക്കാനായി തിരുത്തപ്പെട്ടതാണ്‌ എന്നാണ്‌ ന്യൂട്ടൻ വാദിക്കുന്നത്‌. ഈ വരികളാവട്ടെ ഇന്നു ബൈബിൾ വിമർശ്ശകർക്കിടയിൽ കുപ്രസിദ്ധവുമാണ്‌. എന്തായാലും ഇതു വായിച്ചതോടെ ഐസക്ക്‌ ന്യൂട്ടനോടുള്ള എന്റെ ബഹുമാനം പതിന്മടങ്ങായി.

Friday, October 03, 2014

മലയാളി എന്തിനിങ്ങനെ അന്യരുടെ വേഷത്തേക്കുറിച്ച്‌ ഒരുപാടു വേവലാതിപ്പെടണം?


"സ്ത്രീകൾ ജീൻസിട്ടു വിഷമിപ്പിക്കരുത്‌" എന്നു യേശുദാസ്‌ പറഞ്ഞതായി റിപ്പോർട്ട്‌  ചെയ്യപ്പെട്ട പ്രസ്താവന അത്ഭുതകരവും അവിശ്വസനീയവുമാവുന്നത്‌ അതിലെ എളുപ്പത്തിൽ വായിച്ചെടുക്കാവുന്ന എഴുതാപ്പുറം കൊണ്ടു തന്നെയാണ്‌. പൊതുവിൽ എനിക്കു പറയാനുള്ളതിതാണ്‌:  ഓരോരുത്തർ ധരിക്കേണ്ടതെന്തെന്ന് അവരവർ തന്നെയും പിന്നെ അവരുടെ ഉറ്റവരും തീരുമാനിക്കുന്നതു തന്നെയല്ലേ ഉചിതം. ഒരോരുത്തർ അവരവരുടെ താത്പര്യങ്ങൾക്കനുസരിച്ചും അവരവരുടെ സൗകര്യങ്ങൾക്കനുസരിച്ചും (comfort) വസ്ത്രം ധരിക്കട്ടെ.

ജീൻസിനേക്കുറിച്ചു സാധാരണ പ്രകടിപ്പിക്കപ്പെടാറുള്ളതു പോലെ എന്നാൽ അതിന്റെ എതിർ ദിശയിലുണ്ടാവാറുള്ളതാണ്‌ പർദ്ദയോടുള്ള എതിർപ്പ്‌. പർദ്ദ ധരിക്കുന്നതിനെ മതമൗലികവാദമായും, തീവ്രതയുടെ ലക്ഷണമായും, വിദേശ സംസ്കാരത്തിന്റെ ലക്ഷണമായുമൊക്കെയാണ്‌ വിമർശ്ശിച്ചത്‌. എഴുപതികളിലോ മറ്റോ ചുരീദാർ എന്ന വേഷം കേരളത്തിലേക്ക്‌ ആദ്യമായി വന്നപ്പോൾ അതിനെ പഞ്ചാബിന്റെ വസ്ത്രമാണെന്നു പറഞ്ഞ്‌ പാരമ്പര്യവാദികൾ എതിർത്തിരുന്നതായി വായിച്ചിട്ടുണ്ട്‌. ജീൻസിന്റെ കാര്യത്തിലും അത്‌ വിദേശ സംസ്കാരമാണെന്ന ആരോപണം വരാം. പക്ഷേ നാം നമ്മുടെ പാരമ്പര്യ വസ്ത്രമായി കരുതുന്ന സാരി പോലും യഥാർത്ഥത്തിൽ കേരളീയ വസ്ത്രമല്ല.

ജീൻസും സാരിയും ചുരിദാറും കാർഗ്ഗോസും പർദ്ദയും ഏതു വേഷവും ധരിക്കാൻ ഒരേപോലെ സ്വാതന്ത്ര്യമുള്ള, ഇതിൽ ഏതു ധരിക്കുന്നവർക്കും  ഒരേപോലെ ബഹുമാനം ലഭിക്കുന്ന നാടല്ലേ യഥാർത്ഥ ലിബറൽ ഡമോക്രസി?  വൈവിധ്യമുള്ള സംസ്ക്കാരങ്ങളും രീതികളും പിന്തുടരുന്ന ഒരു വർണ്ണശബളമായ ജനതയല്ലേ കൂടുതൽ ഭംഗിയുള്ള കാഴ്ച്ച? മലയാളി എന്തിനിങ്ങനെ അന്യരുടെ വേഷത്തേക്കുറിച്ച്‌ ഒരുപാടു വേവലാതിപ്പെടണം?

Wednesday, October 01, 2014

ദൈവമുണ്ടോ ഇല്ലയോ എന്ന ചോദ്യം.

ദൈവമുണ്ടോ ഇല്ലയോ എന്നുള്ളത്‌ ഒരിക്കലും അവസാനിക്കാത്ത ഒരു ചർച്ചയാണ്‌. ഇക്കാര്യത്തിൽ ആരെങ്കിലുമായി ഒരു ചർച്ചയിലേർപ്പെട്ടാൽ അതിൽ ആളുകൾ എടുക്കുന്ന നിലപാടുകളിലൂടെ അവരെത്തന്നെ കൂടുതലായി മനസ്സിലാക്കാനുപകരിക്കും എന്നല്ലാതെ ആ വിഷയത്തിലൊരു തീരുമാനത്തിലെത്താം എന്നാശിക്കരുത്‌.

ദൈവമുണ്ടോ എന്ന ചോദ്യം സത്യത്തിൽ ഒരു പ്രഹേളികയായി ഉയരുന്നത്‌ മനുഷ്യന്റെയോ പ്രപഞ്ചത്തിന്റെ തന്നെയോ ഉത്പത്തിയുമായി ബന്ധപ്പെട്ടല്ല. കാരണം ശാസ്ത്രം ഓരോരോ പടിയായി കണ്ടെത്തിവരുന്നത്‌ പ്രപഞ്ചത്തിന്റേയും ജീവന്റേയും മനുഷ്യന്റെതന്നെയും രൂപപ്പെടലിന്റെ വഴി മാത്രമാണ്‌. ഈ കണ്ടെത്തിയ വഴികളിലൊക്കെ അതിനെല്ലാമൊരു കാരണക്കാരൻ ഉണ്ടെങ്കിൽ സത്യത്തിൽ ഈ സിദ്ധാന്തങ്ങളുടെയൊക്കെ വിശദീകരണം കൂടുതൽ എളുപ്പമാവുകയാണു ചെയ്യുന്നത്‌. അതുകൊണ്ടു തന്നെ ഉത്പത്തി സമ്പന്ധിച്ച ഏതു കണ്ടെത്തലും ദൈവമില്ല എന്നുള്ളതിനു തെളിവാകുന്നില്ല.

ഉദാഹരണത്തിന്‌ പ്രപഞ്ചോത്പത്തിയെ വിശദീകരിക്കുന്ന മഹാവിസ്ഫോടന സിദ്ധാന്തമോ, ജീവവർഗ്ഗങ്ങളുടെ (species) പരിണാമം വാദിക്കുന്ന പരിണാമ സിദ്ധാന്തമോ ഒന്നും തന്നെ ദൈവം ഇല്ല എന്നതിനു തെളിവാകുന്നില്ല. ഇതിൽ ബിഗ്‌ ബാങ്ങ്‌ തിയറിയാണെങ്കിൽ നേരത്തേയുണ്ടായിരുന്ന സ്റ്റാറ്റിക്ക്‌ യൂണിവേഴ്സ്‌ മോഡലിനെ അപേക്ഷിച്ച്‌ പ്രഞ്ചത്തിന്‌ ഒരു ഉത്പത്തിയുണ്ടെന്ന് തെളിയിക്കുക വഴി സൃഷ്ടിവാദത്തെ കൂടുതൽ പിന്തുണക്കുകയാണ്‌ ചെയ്യുന്നത്‌ എന്നാണ്‌ സൃഷ്ടിവാദക്കാർ വാദിക്കുന്നത്‌. തർക്കമുള്ള പരിണാമ സിദ്ധാന്തത്തിന്റെ കാര്യത്തിൽ പോലും ഒരു ജീവിവർഗ്ഗം മറ്റൊന്നായി പരിണമിച്ചു എന്ന് അഥവാ സംശയമേതുമില്ലാതെ തെളിയിക്കാനായാൽ പോലും ആ പരിണാമം റാന്റം മ്യൂട്ടേഷനുകൾ വഴി നടന്നു എന്നു തെളിയിക്കുന്നതിനേക്കാളും കൂടുതൽ എളുപ്പവും യുക്തിസഹവുമാണ്‌ ഒരു വിപുലമായ ദൈവിക പദ്ധതിയുടെ ഭാഗമായി ജീവികളുടെ പരിണാമം നടന്നു എന്നു വാദിക്കൽ.

മറിച്ചു ദൈവമുണ്ടോ ഇല്ലയോ എന്ന ചർച്ചക്കു എപ്പോഴും കാരണമാകുന്നത്‌ ഭൂമിയിലെ മനുഷ്യന്റെ ജീവിതത്തിൽ വ്യക്തമായി കാണപ്പെടുന്ന അനീതിയാണ്‌. സത്യമേവ ജയതേ എന്നും, അവനവൻ ചെയ്യുന്ന കർമ്മങ്ങൾ തൻ ഫലം അവനവൻ അനുഭവിക്കുമെന്നും, വാളെടുത്തവൻ വാളാൽ മരിക്കുമെന്നുമൊക്കെ പറയുകയും എഴുതി വക്കുകയും പഠിപ്പിക്കുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും, ഈ ലോകത്തു സംഭവിക്കുന്നത്‌ അങ്ങനെയൊന്നുമല്ല എന്നതാണു യാഥാർത്ഥ്യം. ജീവിതവുമായി പടവെട്ടുന്നതിനിടക്കെപ്പോഴെങ്കിലും, അല്ലെങ്കിൽ ചരിത്രവും സാമൂഹ്യപാഠവുമൊക്കെ മനസ്സിലാക്കിവരുന്നതിനിടക്കെപ്പോഴെങ്കിലും ഈ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുന്നവരാണ്‌ ദൈവമുണ്ടോ എന്നു ചോദിച്ചു തുടങ്ങുന്നത്‌.

മതങ്ങളുണ്ടായത്ത്‌ ലോകത്തെ അനീതി പരിഹരിക്കാനൊന്നുമല്ല (എന്നണ്‌ അവയുടെ ഗ്രന്ഥങ്ങളിൽ നിന്നു മനസ്സിലാവുന്നത്‌) എങ്കിലും,  മിക്കവാറും മതങ്ങളും ലോകത്ത്‌ അനുസ്യൂതമായി കാണുന്ന അനീതിയെ അഡ്രസ്സ്‌ ചെയ്യുകയും അവക്കുള്ള ചില പരിഹാരങ്ങൾക്കു പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്‌. എന്നാൽ ഇവയൊന്നും തന്നെ പരിഹാരമാവുന്നുമില്ല, അനീതി അനുസ്യൂതമായി തുടരുകയും ചെയ്യുന്നു.

ദൈവത്തിന്റെ അസ്ഥിത്വം സംബന്ധിച്ച്‌ ഇതൊരു പ്രശ്നമാവുന്നത്‌ ബൈ ഡഫനിഷൻ എല്ലാമറിയുന്നവനും, എല്ലാത്തിനും കഴിവുള്ളവനും, സ്വയം നീതിയുപദേശിക്കുന്നവനുമായ ദൈവം ലോകത്ത്‌ ഓരോ നിമിഷവും ഒരായിരം എന്ന കണക്കിൽ നടക്കുന്ന ഈ അനീതിയെല്ലാം കണ്ടുകൊണ്ടിരുന്നിട്ട്‌ വേറുതേ ഉപദേശിച്ചു കൊണ്ടുമാത്രമിരിക്കാതെ പ്രശ്നങ്ങളിൽ കയറി ഇടപെടുകയും നീതി സ്ഥാപിക്കുകയും ചെയ്യാത്തതെന്താണ്‌ എന്ന ചോദ്യമാണ്‌.

മറ്റൊരു കാഴ്ച്ചപ്പാടിൽ പറഞ്ഞാൽ ലോകത്തു നിരന്തരമായി കാണുന്നത്‌ അന്യായം ചെയ്യുന്നവന്റേയും അക്രമിയുടെയും സ്വാർത്ഥന്റേയും വിജയവും, നല്ല മനസ്സുള്ളവരുടെ പരാജയവുമാണ്‌. ഇതിനു വിപരീതമായി നല്ല മനസ്സുള്ളവരേയും നല്ല പ്രവൃത്തികളേയും പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുകയും സ്വാർത്ഥരേയും അന്യായം ചെയ്യുന്നവരേയും സഹായിക്കതിരിക്കുകയും ചെയ്താൽ ഈ ലോകം ജീവിക്കാൻ കൂടുതൽ നല്ലൊരു സ്ഥലമാകുമായിരുന്നില്ലേ എന്നാണു ചോദ്യം.

ഇതിനു മതങ്ങൾ നൽകുന്ന ഉത്തരങ്ങളിൽ പ്രധാനം ഈ ലോകം ന്യായം സ്ഥാപിച്ചു കിട്ടാനുള്ള ഇടമല്ലായെന്നും, ഈ ലോകത്ത്‌ മനുഷ്യന്‌ എല്ലാ വിധത്തിലുമുള്ള സ്വാതന്ത്ര്യവുമനുവദിച്ച ദൈവം മനുഷ്യനെ പരീക്ഷിക്കുകയാണെന്നും, ഇവിടെ ചെയ്യുന്നതിനുള്ള പ്രതിഫലം മരണശേഷമുള്ള ലോകത്താണ്‌ എന്നുമാണ്‌. എന്നാൽ ഇവിടെയില്ലാത്ത നീതി അത്തരത്തിലൊരു പിൽക്കാല സങ്കൽപ്പ ലോകത്തു പ്രതീക്ഷിക്കാൻ യുക്തിയുള്ള ചിലർക്കെങ്കിലും ബുദ്ധിമുട്ടുകാണും.

(To be continued...)

Thursday, September 25, 2014

ഡൽഹി മൃഗശാലാ സംഭവം: കാണികളുടെ പിഴവ്‌ ഗുരുതരം.

ഡൽഹിയിലെ മൃഗശാലയിൽ യുവാവിനെ കടുവ ആക്രമിക്കുന്നതിന്റെ വീഡിയോ ചാനലുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഇക്കഴിഞ്ഞ ദിവസങ്ങളിൽ ആഘോഷിക്കപ്പെട്ടു കഴിഞ്ഞതാണ്‌. ഒരു മനുഷ്യൻ കടുവക്കു മുന്നിൽപെടുമ്പോൾ അതു മുഴുവൻ ക്യാമറയിൽ ഒപ്പിയെടുക്കുന്നതിന്റെയും, ആ ദൃശ്യങ്ങൾ ഷെയർ ചെയ്തും കണ്ടു കണ്ണീരൊഴുക്കിയും ആസ്വദിക്കുന്നതിന്റെയുമൊക്കെ മനഃശാസ്ത്രവും സോഷ്യൻ മീഡിയയിൽ വിമർശിക്കപ്പെട്ടു കഴിഞ്ഞതാണ്‌. പക്ഷേ അതിലും ദുഃഖകരമാവുന്നത്‌ രക്ഷപെടുത്താമായിരുന്ന ഒരു മനുഷ്യജീവൻ കണ്ടുനിന്നവരുടെ വിഡ്ഢിത്തവും വൈകാരികമായ പ്രതികരണങ്ങളും കൊണ്ട്‌ ബലികൊടുക്കപ്പെട്ട കാഴ്ച്ചയാണ്‌.

ആ യുവാവ്‌ കടുവക്കു മുന്നിലേക്ക്‌ വീണുകഴിഞ്ഞ്‌ പിന്നെ ചെയ്യാമായിരുന്നത്‌ വിദഗ്ദ്ധ സഹായം എത്തുംവരെ കടുവയെ പ്രകോപിപ്പിക്കാതെയിരിക്കുക എന്നതായിരുന്നു. മൃഗശാലയിലെ കടുവക്ക്‌ മനുഷ്യനെ കണ്ടു പരിചയമുള്ളതിനാലും കൃത്യമായി ഭക്ഷണം ലഭിക്കുന്നതിനാലും പ്രകോപനമുണ്ടായാലേ അത്‌ ആക്രമിക്കൂ. വേട്ടയാടാൻ വാസനയുള്ള മൃഗമായതിനാൽ ഓടാൻ ശ്രമിച്ചാലോ അല്ലെങ്കിൽ എതിർക്കാൻ ശ്രമിച്ചാലോ ആണു പ്രതികരിക്കുക. കൈകാലുകൾ കൊണ്ടു പ്രതിരോധിച്ചാൽ, എഴുന്നേറ്റു നിന്നാൽ, ദ്രുതചലനങ്ങളുണ്ടായാലൊക്കെ പ്രതികരിക്കും. ഇവിടെയുണ്ടായ ഒരു തെറ്റ്‌ യുവാവ്‌ നിരന്തരം കൈ ഉയർത്തി തൊഴുതു കൊണ്ടിരുന്നതാണ്‌. ഇത്തരം സാഹചര്യങ്ങളിൽ കണ്ടുവരാറുള്ള സാധാരണ അബദ്ധങ്ങൾ എഴുന്നേറ്റ്‌ ഓടുക, കാണികളോട്‌ സഹായം ചോദിക്കുക, ഓടി വല്ല മരത്തിലോ തിട്ടയിലോ കയറാൻ ശ്രമിക്കുക തുടങ്ങിയവയാണ്‌.

കടുവ ഒരു കൗതുകത്തോടെ വാലാട്ടിക്കൊണ്ട്‌ യുവാവിനെ നോക്കിയും ഇടക്കിടെ സ്പർശിച്ചു നോക്കിയും സംശയിച്ചു നിൽക്കവേ കാണികളിലാരോ കല്ലോ മറ്റോ എടുത്ത്‌ എറിയുകയെന്ന അതീവ ഗുരുതരമായ അബദ്ധം ചെയ്തപ്പോഴാണ്‌ കടുവ അയാളെ കഴുത്തിൽ കടിച്ചു വലിച്ച്‌ സുരക്ഷിതമായ ശല്യമില്ലാത്ത സ്ഥലത്തേക്ക്‌ കൊണ്ടുപോയത്‌. ആ കടിച്ചുവലിയിൽ തന്നെ കഴുത്തിൽ സുഷുമ്നാ നാഢിക്കു ക്ഷതമേറ്റ്‌ യുവാവിന്റെ ശരീരം തളർന്നിരിക്കും.

പിന്നെയുള്ള കടുവയുടെ നീക്കം കണ്ട കാണികൾ കാണാനിരിക്കുന്ന ഭീകരക്കാഴ്ച്ച സങ്കൽപ്പിച്ചിട്ടെന്നവണ്ണം കൂടുതൽ ഒച്ചവച്ച്‌ ബഹളമുണ്ടാക്കിയപ്പോൾ കടുവ അസ്വസ്ഥനാവുകയും ഉടൻ തന്നെ ഇരയെ കൊന്നിട്ട്‌ അവിടന്ന് മാറുകയും ചെയ്തു.

ഈ വക പ്രകോപനങ്ങൾ ഒന്നും ഉണ്ടാക്കാതിരുന്നെങ്കിൽ സഹായമെത്തുംവരെ കടുവയെ പ്രതികരിപ്പിക്കാതെ നിർത്താമായിരുന്നു. അത്തരത്തിൽ സിംഹക്കൂട്ടിലും കടുവക്കൂട്ടിലുമൊക്കെ പെട്ടുപോയവരെ രക്ഷപെടുത്തിയ നിരവധി സംഭവങ്ങൾ ആഗോള മൃഗശാലാ അനുഭവങ്ങളിലുണ്ട്‌.

Tuesday, September 23, 2014

'ഞാൻ': ഗൗരവമുള്ള സിനിമ, ധീരമായ സമീപനം.

രഞ്ജിത്ത്‌ എന്ന ചലചിത്രകാരനിലുള്ള വിശ്വാസവും പ്രതീക്ഷയും തന്നെയായിരുന്നു 'ഞാൻ' എന്ന സിനിമ കാണാനുള്ള പ്രേരണ. രഞ്ജിത്ത്‌ നിരാശപ്പെടുത്തിയില്ല എന്നു മാത്രമല്ല, ഇത്തരത്തിൽ ഒട്ടും വാണിജ്യ സാധ്യതയില്ലാത്തതും പറയേണ്ടത്‌ അനിവാര്യമല്ലാത്തതുമായ ഒരു പ്രമേയമെടുത്ത്‌ സിനിമയാക്കണമെങ്കിൽ ആ ആശയത്തോട്‌ അത്രയും താൽപര്യമുണ്ടാവണം, അവിടെയാണ്‌ രഞ്ജിത്ത്‌ എന്ന ഫിലിം മേക്കറെ ഞാൻ ബഹുമാനിക്കുന്നത്‌. പ്രമേയത്തോടു കാണിച്ച ധൈഷണികമായ സത്യസന്ധതയും പ്രകീർത്തിച്ചേ മതിയാവൂ. എന്നാൽ രഞ്ജിത്ത്‌ എന്ന ജീനിയസ്സിന്‌ ഈ വിഷയം ഇതിലും ഭംഗിയായി അവതരിപ്പിക്കാനാവുമായിരുന്നു എന്നു ഞാൻ വിശ്വസിക്കുന്നു.

കോട്ടൂർ എന്ന പഴയകാല വിപ്ലവകാരിയുടെ പേരിൽ ബ്ലോഗ്‌ എഴുതുന്ന രവി ചന്ദ്രശേഖർ എന്ന നവതലമുറ ഐ.ടി പയ്യനെ പൊലീസ്‌ അസിസ്റ്റന്റ്‌ കമ്മിഷണർ ഓഫീസിലേക്ക്‌ വിളിപ്പിക്കുകയും സംവിധാനത്തിന്‌ ഇഷ്ടമില്ലാത്തത്‌ എഴുതുന്നതിന്‌ അനൗദ്യോഗികമായി താക്കീത്‌ നൽകുകയും ചെയ്യുന്ന ആ തുടക്കം പ്രേക്ഷകനിൽ വരാനിരിക്കുന്നതിനേക്കുറിച്ച്‌ വലിയ പ്രതീക്ഷകളാണുണ്ടാക്കുന്നത്‌. എന്നാൽ ഐ.ടിയും ആധുനിക കാലവും ബ്ലോഗുമെല്ലാം അവിടെ ഉപേക്ഷിച്ച്‌ ഫ്ലാഷ്‌ബാക്കിലേക്കു പോകുന്ന സിനിമ രവിയുടെ കാലത്തേക്കും  ബ്ലോഗിലേക്കും പൊലീസിലേക്കുമൊന്നും പിന്നെ തിരിച്ചിവരുന്നില്ല. ഇതു പ്രേക്ഷകൻ തിരിച്ചറിയുമ്പോഴേക്ക്‌ സിനിമയുടെ പകുതി കഴിയുന്നു.

ഫ്ലാഷ്‌ ബാക്കിൽ ആദ്യം പറയുന്ന കോട്ടൂരിന്റെ അച്ഛന്റെ കഥയിലും തുടർന്നുള്ള കോട്ടൂരിന്റെ തന്നെ കഥയിലുമെല്ലാം ഫോക്കസ്‌ അവരുടെ രാഷ്ട്രീയ പോരാട്ടങ്ങളിലേക്കല്ല മറിച്ച്‌ അവരുടെ വ്യക്തിബന്ധങ്ങളിലേക്കാണ്‌, അല്ല, കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ അവരുടെ പ്രണയ-വൈകാരിക ബന്ധങ്ങളിലേക്കാണ്‌. അതിനിടയിൽകൂടി അന്നത്തെ രാഷ്ട്രീയവും ഒന്നു പറഞ്ഞു പോവുന്നു എന്നു മാത്രം, അതും അതീവ ലളിതവത്കരിച്ച്‌. ഇന്നത്തെ രാഷ്ട്രീയവും അന്നത്തെ രാഷ്ട്രീയവുമൊക്കെ അവയുടെ എല്ലാ സങ്കീർണ്ണതകളിലും വളരെ വിശദമായി എടുത്ത്‌ വിശകലനം ചെയ്യാനും താരതമ്യം ചെയ്യാനുമുള്ള അവസരം തിരക്കഥാകാരൻ നഷ്ടപ്പെടുത്തുന്നു എന്നു തോന്നാം രാഷ്ട്രീയ ചരിത്ര അഭിരുചികളുള്ള പ്രേക്ഷകന്‌. എന്നാൽ ഈ സിനിമ പറയുന്നത്‌ രാഷ്ട്രീയവും ചരിത്രവുമല്ല, അവയുടെ വീക്ഷണങ്ങളുമല്ല, മറിച്ച്‌ ഒരു ബുദ്ധിജീവിയുടെ, ഒരു വിപ്ലവകാരിയുടെ സ്വകാര്യ ജീവിതത്തിലെ, വൈകാരിക ബന്ധങ്ങളിലെ സംഘർഷങ്ങളാണ്‌. അത്‌ ഏറ്റവും സത്യസന്ധമായി അവതരിപ്പിക്കാൻ തിരക്കഥാകാരനു സാധിക്കുന്നുണ്ട്‌. എന്നാൽ വാരാന്ത്യത്തിൽ എന്റർട്ടെയ്ൻമന്റ്‌ ലക്ഷ്യമാക്കി   തിയറ്ററിലേക്കു പോവുന്നവർ ഈ സിനിമ കാണരുത്‌. ഗൗരവമായ ചിന്തക്കു സിനിമ ഭക്ഷണമാവണം എന്നാഗ്രഹിക്കുന്നവരേ ഈ ചിത്രം കാണാവൂ.

ബുദ്ധിജീവികളും നൈസർഗ്ഗിക പോരാളികളുമായവർ, വലിയ ധൈഷണിക പ്രശ്നങ്ങളെ നിസ്സാരമായി കൈകാര്യം ചെയ്യുന്നവർ, എന്നാൽ പ്രായോഗിക വൈകാരിക ജീവിതത്തിലെ നിസ്സാര പ്രശ്നങ്ങളിൽ അടിതെറ്റുന്നത്‌, വൈകാരിക യുക്തിസംഘർഷങ്ങളിൽ ശ്വാസം മുട്ടുന്നത്‌, അതാണ്‌ കോട്ടൂരിന്റെ ഞാനിലെ പ്രതിസന്ധി.

പല കാര്യങ്ങളിലും പലേടത്തും സിനിമ രഞ്ജിത്തിന്റെ തന്നെ പാലേരി മാണിക്യത്തെ ഓർമ്മപ്പെടുത്തുന്നത്‌ ഒരു പോരായ്മയാവുന്നു.  കഥ പറയുന്ന കാലത്തിന്റെയും ദേശത്തിന്റെയും സാമ്യവും, ഇരു ചിത്രങ്ങളിലും പൊതുവായുള്ള ഏതാനും നടീനടന്മാരും മാത്രമല്ല, രഞ്ജിത്ത്‌ പാലേരി മാണിക്യത്തിൽ ആദ്യം പരീക്ഷിക്കുകയും പിന്നെയിവിടെ ആവർത്തിക്കുകയും ചെയ്യുന്ന ചില ട്രാൻസിഷൻ തന്ത്രങ്ങളും, ഇരു സിനിമകളിലും പൊതുവായി വരുന്ന ചില സാമൂഹിക പ്രശ്നങ്ങളുമെല്ലാം ഇതിനു കാരണമാകുന്നു.

വല്ലപ്പോഴും മാത്രമാണ്‌ രഞ്ജിത്തിന്റെ പ്രതിഭയുടെ മിന്നലാട്ടം സിനിമയിൽ കാണാനാവുന്നത്‌. കുഞ്ഞ്‌ ദുർന്നടപ്പുകാരിയുടെ മുലപ്പാൽ കുടിച്ചാൽ "ചീത്ത സ്വഭാവം" പകർന്നു കിട്ടുമോ എന്നൊരു സ്ത്രീ സന്ദേഹിക്കുന്നിടത്ത്‌ മറ്റൊരു സ്ത്രീ കഥാപാത്രത്തിന്റെ മറുപടി: "അതിനിത്‌ പെണ്ണല്ലല്ലോ ആൺകുട്ടിയല്ലേ" എന്ന്. ഒരൊറ്റ സംഭാഷണത്തിലൂടെ 'ഇമ്മോറൽ ട്രാഫിക്കിന്റെ' ലിംഗ-സദാചാര-സാമൂഹിക പ്രതിസന്ധികൾ മുഴുവൻ വിളിച്ചു പറയുന്നു തിരക്കഥാകാരൻ.

സിനിമയിലെ ഏതാനും മിനിട്ടുകൾ മാത്രം നീളുന്ന, മിക്കയിടത്തും അത്ര ഡയറക്റ്റ്‌ അല്ലാത്ത പ്രണയ രംഗങ്ങൾ പക്ഷേ സമീപകാല മലയാള ചലചിത്രത്തിലെ ഏറ്റവും മികച്ചവയാണ്‌. അങ്ങനെ പലയിടത്തും ദൃശ്യഭാഷയിലും ദൃശ്യാവിഷ്കരണത്തിലും 'ഞാൻ' മലയാള പൊതു-ന്യൂജനറേഷൻ-വാണിജ്യ ധാരകളേക്കാൾ മികച്ചു നിൽക്കുന്നു. തിരക്കഥയേക്കാളും ഈ സിനിമയിൽ മികച്ചു നിൽക്കുന്നത്‌ സംവിധായകന്റെ ദൃശ്യവിരുതാണ്‌. അതുപോലെ തന്നെ ഗർഭമലസിപ്പിക്കാനുള്ള നാട്ടുമരുന്ന് കഴിച്ച ശേഷമുള്ള രംഗം കുടുംബ പ്രേക്ഷകർക്ക്‌  അലോസരമുണ്ടാക്കാമെങ്കിലും അതിന്റെ സംവേദന ശക്തിയും, ആ ദൃശ്യം നടത്തുന്ന പ്രസ്താവനയും അതിശക്തവും അതിഗംഭീരവുമാണ്‌.

എന്നാൽ, നന്ദനം മുതൽ രഞ്ജിത്ത്‌ ഉപയോഗിച്ചു വരുന്ന ചില ഫാന്റസി റിയലിസം വിദ്യകൾ, നന്ദനത്തിൽ  നിന്നും പാലേരി മാണിക്യം വഴി പരിണമിച്ച്‌ പ്രാഞ്ചിയേട്ടനിൽ അതിന്റെ ഉത്തമ ഭംഗിയിലെത്തി ഒടുവിൽ ഞാനിലെത്തുമ്പോൾ അത്‌ ഒരു ശീലത്തിന്റെ നിർബന്ധമാണോ എന്നു തോന്നുന്നവണ്ണം പ്രകടവും അഭംഗിയുമാവുന്നു. ടി.പി.രാജീവിന്റെ മൂല കഥയിൽനിന്നധികമായി രഞ്ജിത്ത്‌ ചേർക്കുന്ന ഐ.ടി പയ്യൻ രവിയുടെയും കൂട്ടുകാരുടേയും ഭാഗങ്ങൾ അനിവാര്യമായിരുന്നില്ല എന്ന തോന്നലുണ്ടാക്കുന്നു. അവരുടെ ആധുനിക നാടക കൂട്ടായ്മ ഒരു ആധുനിക ബുദ്ധിജീവി പരിസരം സിനിമക്കുള്ളിലും അതുവഴി സിനിമക്കു ചുറ്റിലും സൃഷ്ടിക്കാനാണെന്ന തോന്നലുണ്ടാക്കുന്നു. അത്‌ അതിനപ്പുറം കഥയേയോ കഥയുടെ സംവേദനത്തേയോ കാര്യമായി സഹായിക്കുന്നില്ല. ഇത്തരം ആധുനിക ക്ലീഷേകൾ രഞ്ജിത്ത്‌ പോലെയൊരു മാസ്റ്റർ ചലചിത്രകാരന്‌ ഉപയോഗിക്കേണ്ടി വന്നത്‌ എന്തുകൊണ്ട്‌ എന്നത്‌ ചിന്തനീയമാണ്‌.

ദൃശ്യങ്ങൾ കൊണ്ടു കഥ പറയേണ്ട സിനിമയിൽ ഡോക്യുമെന്ററിയിലേതു പോലെയുള്ള വിവരണം ഉപയോഗിക്കേണ്ടി വരുന്നത്‌ തിരക്കഥയുടെ ദൗർബല്യമായാണു പരിഗണിക്കാറ്‌. അതു സംവിധായകന്റെ തന്നെ ശബ്ദത്തിലാകുമ്പോൾ സിനിമയെ അതു കൂടുതൽ ദുർബലമാക്കുന്നു.

ദുർമ്മേദസ്സുള്ള അൻപതു കഴിഞ്ഞ നടിമാരെ മുണ്ടും റൗക്കയുമിടീച്ചുള്ള കാഴ്ച്ച അസ്വസ്ഥതയുണ്ടാക്കുന്നതാണ്‌. ന്യൂജനറേഷൻ അവാർഡ്‌ ലേബലുള്ള നടീനടന്മാരുടെ  സമ്മേളനം തന്നെയാകുന്നു ഈ സിനിമ. സമീപകാലത്തു ന്യൂ ജനറേഷൻ അവാർഡു പടങ്ങളിൽ കാണുകയും കേൾക്കുകയും ചെയ്തിട്ടുള്ള പേരുകളെല്ലാം മുണ്ടും റൗക്കയുമിട്ട്‌ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്‌. കൊടിയേരിയുടെ പുത്രൻ ബിനീഷ്‌ കൊടിയേരിയുടെ സാന്നിധ്യവും വേഷവും അതിന്റെ രാഷ്ടീയം കൊണ്ട്‌ ശ്രദ്ധേയമാണ്‌, അതും സാമ്പ്രദായിക രാഷ്ടീയത്തെ വിമർശ്ശിക്കുന്ന ഒരു സിനിമയിൽ.

താൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി അന്ധയായിരിക്കണമെന്ന കോട്ടൂരിന്റെ ആവശ്യം നേരർത്ഥത്തിൽ പറഞ്ഞതാണോ അതോ ഭർത്താക്കന്മാരെ പരിഹസിക്കുന്ന വല്ല ഫിലോസഫിയും വളച്ചു പറഞ്ഞതാണോ എന്ന് സിനിമ കണ്ടുകഴിഞ്ഞ്‌ ഇതുവരെയും ഈ ലേഖകനു പിടികിട്ടിയിട്ടില്ല.

കുന്നുംപുറത്തെ വാറ്റുകാരി തമിഴത്തിക്ക്‌ സഹതമിഴന്മാർക്കില്ലാത്ത വെളുത്ത നിറമെന്തേ എന്നു ചോദിച്ചാൽ, അതിനൊരുപക്ഷേ എന്തെങ്കിലും ഇമ്മോറൽ ന്യായം പറയാമായിരിക്കാം. എന്നാൽ ആ തമിഴത്തിയുടെ മുടിക്കെന്തേ സിനിമയുടെ സ്ഥലകാലത്തിനു ചേരാത്ത ഒരു ആധുനിക നാഗരിക സ്റ്റൈൽ എന്നു ചോദിച്ചാൽ..... ഇനി ഒരുപക്ഷേ അതും ഫാന്റസി റിയലിസമായിരിക്കാം.

ദുൽഖർ സൽമാൻ എന്ന നടൻ അഭിനയിക്കാൻ തുടങ്ങിയത്‌ ഇപ്പോഴാണ്‌. 'ഞാൻ' ദുൽഖറിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരിക്കും എക്കാലത്തേക്കും.

Sunday, September 21, 2014

Life of Pi quote.

PI: I've told you two stories about what happened out on the ocean. Neither explains what caused the sinking of the ship, and no one can prove which story is true and which is not. In both stories, the ship sinks, my family dies, and I suffer.

WRITER: True.

ADULT PI: So which story do you prefer.

WRITER: The story with the tiger. That's the better story.

ADULT PI: Thank you. And so it goes with God.

Friday, September 19, 2014

ചേരാനല്ലൂർ പൊലീസ്‌ മർദ്ദനം: പൊലീസുകാരെ സസ്പെൻഡ്‌ ചെയ്തു, ഇനിയെന്ത്‌?

കൊച്ചി നഗരത്തിൽ ചേരാനല്ലൂർ പൊലീസ്‌ സ്റ്റേഷനിൽ ഒരു യുവതി ദിവസങ്ങൾ നീണ്ട ക്രൂര മർദ്ദനത്തിന്‌ ഇരയായ വാർത്ത മാധ്യമങ്ങൾ ആഘോഷിച്ചു കഴിഞ്ഞതാണ്‌. ഇന്നലെ (Sept 18, 2014) അവരെ അഭ്യന്തര മന്ത്രി ശ്രീ രമേശ്‌ ചെന്നിത്തല ആശുപത്രിയിൽ സന്ദർശ്ശിക്കുകയും, തുടർന്ന് നേരത്തേ തയ്യാറാക്കിയ തിരക്കഥയനുസരിച്ച്‌ മർദ്ദനം നടത്തിയ പൊലീസുകാരിൽ ചിലരുടെ സസ്പെൻഷൻ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ഈ പ്രശ്നത്തിലെ നടപടികൾ അവസാനിക്കുകയും ഏതാനും ദിവസത്തിനകം ഈ വാർത്ത തന്നെ എല്ലാവരും മറക്കുകയും ചെയ്യും. ഇക്കാര്യത്തിൽ ഒരിക്കലും ഒരു ക്രൈം രെജിസ്റ്റർ ചെയ്ത്‌ ഒരു എഫ്‌.ഐ.ആർ എഴുതപ്പെടുകയോ, ശരിയായ ഒരു അന്വേഷണമുണ്ടാവുകയോ, ആ സ്ത്രീയെ നിത്യരോഗിയാക്കിവരെ ശിക്ഷിക്കലോ ഒന്നും ഒരിക്കലും സംഭവിക്കാൻ പോവുന്നില്ല.

സംഭവം ചാനലുകളിൽ നിറഞ്ഞു നിൽക്കുമ്പോൾ എല്ലാ രാഷ്ട്രീയപ്പാർട്ടികളുടേയും പിന്തുണയൊക്കെ പരാതിക്കാരിക്ക്‌ ഉണ്ടാവും. മനുഷ്യാവകാശ കമ്മിഷനും, പൊലീസ്‌ കംപ്ലൈന്റ്സ്‌ അതോറിട്ടിയുമൊക്കെ രോമാഞ്ചമുളവാക്കുന്ന ഉത്തരവുകൾ പുറപ്പെടുവിക്കും. പക്ഷേ ഒരു എഫ്‌.ഐ.ആർ എഴുതപ്പെട്ട്‌ ക്രൈം രെജിസ്റ്റർ ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ ആവേശ ഉത്തരവുകൾക്കൊന്നും ഒരു വിലയുമുണ്ടാവുകയില്ല. എഫ്‌.ഐ.ആർ എഴുതാനുള്ള അധികാരമാവട്ടെ പൊലീസിനു മാത്രമാണ്‌.
പൊലീസ്‌ സ്വയം തങ്ങളുടെ സഹപ്രവർത്തകർക്കെതിരെ എഫ്‌.ഐ.ആർ എഴുതുകയോ കേസ്‌ എടുക്കുകയോ ചെയ്യില്ല. സ്വന്തം ഔദ്യോഗിക ഗുണ്ടാസംഘമായ പൊലീസിനെ ബുദ്ധിമുട്ടിക്കുന്ന നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവുകയുമില്ല.

എഫ്‌.ഐ.ആർ എഴുതാൻ പൊലീസിനോട്‌ നിർദ്ദേശിക്കണം എന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിക്കാൻ നിയമത്തിൽ തന്നെ വ്യവസ്ഥയുണ്ട്‌. ഒന്നുകിൽ പരാതിക്കാരി ഹർജ്ജി നൽകണം. പാവപ്പെട്ട ആ കുടുംബം അതിനൊന്നും മെനക്കെടില്ല. അല്ലെങ്കിൽ ഇക്കാര്യം ആവശ്യപ്പെട്ട്‌ മനുഷ്യാവകാശ കമ്മീഷനോ, പൊലീസ്‌ കംപ്ലൈന്റ്സ്‌ അതോറിട്ടിയോ കോടതിയിൽ ഹർജ്ജി നൽകണം. അങ്ങനെയൊന്ന് കേരളത്തിൽ ഇതുവരെയുണ്ടായിട്ടില്ല. അതുമല്ലെങ്കിൽ പിന്തുയുമായി എത്തുന്ന രാഷ്ട്രീയപ്പാർട്ടികൾ കോടതിയിൽ പോണം. കുറെ പ്രസംഗിക്കുമെന്നല്ലാതെ നാളെ തങ്ങൾക്കു കൂടി ആവശ്യമുള്ള പൊലീസ്‌ എന്ന ഔദ്യോഗിക ഗുണ്ടാസംവിധാനത്തെ കുഴപ്പത്തിലാക്കുന്ന പണിയൊന്നും അവർ ചെയ്യില്ല.

രണ്ടു മാസം മുൻപ്‌ ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി പൊലീസ്‌ സ്റ്റേഷനിലുണ്ടായ മർദ്ദനം, ഏതാനും മാസങ്ങൾക്കു മുൻപ്‌ ചേർത്തലയിലുണ്ടായ ലോക്കപ്പ്‌ മർദ്ദനം, കഴിഞ്ഞ മാസം പറവുരിൽ ആസ്സാംകാരനായ തൊഴിലാളിയെ മർദ്ദിച്ച സംഭവം, ഇവയെല്ലാം മാധ്യമങ്ങളിൽ വരികയും മനുഷ്യാവകാശ കമ്മീഷന്റെ ഉദാരമായ ഉത്തരവു ലഭിക്കാൻ ഭാഗ്യം സിദ്ധിക്കുകയും ചെയ്ത സംഭവങ്ങളാണെങ്കിലും, മാസങ്ങൾ കഴിഞ്ഞിട്ടും ഇവയിലൊന്നും എഫ്‌.ഐ.ആർ എഴുതപ്പെട്ടിട്ടില്ല എന്നോർക്കുക. എന്നല്ല കേരളത്തിലിന്നേവരെ മരണത്തിൽ കലാശിക്കാത്ത ഒരു ലോക്കപ്പ്‌ മർദ്ദനത്തിൽ പോലും എഫ്‌.ഐ.ആർ എഴുതപ്പെട്ടിട്ടില്ല. കാരണം അങ്ങനെയൊരാവശ്യത്തിനായി ആരും ഒരിക്കലും കോടതിയെ സമീപിച്ചിട്ടില്ല. പൊലീസോ സർക്കാരോ ഒട്ടു സ്വമേധയാ അതു ചെയ്യുകയുമില്ല.

കസ്റ്റഡി മർദ്ദനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകം നിയമം നിർമ്മിക്കേണ്ട ആവശ്യമുണ്ട്‌. കേസ്‌ രെജിസ്റ്റർ ചെയ്യുന്നതിനും മറ്റും നാട്ടുകാർ പ്രക്ഷോഭങ്ങൾ നടത്തേണ്ടി വരാതെ, ഒരു പരാതി ഉയർന്നാൽ ഉടൻ തന്നെ കേസ്‌ രെജിസ്റ്റർ ചെയ്യപ്പെടുന്ന തരത്തിൽ നിയമം നിർമ്മിക്കപ്പെടേണ്ടത്‌ ആവശ്യമാണ്‌.

സംഭവത്തിന്റെ വിശദാംശങ്ങൾ: ലീബ രതീഷ്‌. കുഢുംബി സമുദായാംഗം. ചേരാനല്ലൂർ സ്വദേശി. കൊച്ചി അമൃത ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദ്ധനായ ഡോ. ഹരീഷ്‌ കുമാറിന്റെ (അറുപതിനു മേൽ പ്രായം) വസതിയിൽ വീട്ടുജോലി ചെയ്തിരുന്നു. 2014 ആഗസ്റ്റ്‌ 23ന്‌ ഡോക്റ്ററുടെ മകന്റെ കാറിൽ ലീബയേയും ഭർത്താവ്‌ രതീഷിനേയും കാര്യം വെളിപ്പെടുത്താതെ വിളിച്ചു കയറ്റി മഫ്തിയിലുള്ള ഒരു പൊലീസ്‌ ഉദ്യോഗസ്ഥൻ ചേരാനല്ലൂർ പൊലീസ്‌ സ്റ്റേഷനിൽ എത്തിച്ചു. ആരോപിക്കപ്പെടുന്ന കുറ്റം 15 പവൻ സ്വർണ്ണം മോഷ്ടിച്ചു എന്നത്‌. കുറ്റം 'തെളിയിക്കാനായി' അന്നു മുതൽ അഞ്ചു ദിവസം നിരന്തരമായ മർദ്ദനം. ഇതിനിടയിലെപ്പഴോ  അറസ്റ്റ്‌ രേഖപ്പെറ്റുത്തി. മജിസ്ട്രേട്ട്‌ കോടതിയിൽ ഹാജരാക്കി റിമാണ്ട്‌ ചെയ്തു. ഭർത്താവിനേയും അറസ്റ്റ്‌ ചെയ്തു. ഇപ്പോൾ ഇരുവരും ജാമ്യത്തിൽ.

Wednesday, September 17, 2014

ആം ആദ്മി പാർട്ടി ഉയർച്ചയും തകർച്ചയും.

ഡൽഹിയിലെ തെരെഞ്ഞെടുപ്പു കാലത്ത്‌ മറ്റു രാഷ്ട്രീയപ്പാർട്ടികളിൽ നിന്നും ആം ആദ്മി പാർട്ടിക്ക്‌ ഉണ്ടായിരുന്ന പ്രധാനപ്പെട്ട വ്യത്യാസം  "ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യും", "അതിമതി തുടച്ചു നീക്കും" തുടങ്ങിയ രീതിയിലുള്ള മറ്റു രാഷ്ട്രീയ പാർട്ടികളുടെ സ്ഥിരം പല്ലവികളിൽ നിന്നു വ്യത്യസ്ഥമായി, നമ്മുടെ കപട ജനാധിപത്യത്തിലെ ചില യാഥാർത്ഥ്യങ്ങളും താരതമ്യങ്ങളും ആം ആദ്മി പാർട്ടി വിളിച്ചു പറഞ്ഞപ്പോൾ, ജനങ്ങൾ ആപിനോട്‌ എമ്പതൈസ്‌ ചെയ്യുകയും, ആം ആദ്മി പാർട്ടി നേതക്കളെ അവരുടെ പ്രതിനിധികളായി കാണുകയും ചെയ്തു. ഇതിന്റെ കൂടെ ഡൽഹിയിൽ ബസ്സിൽ ഒരു പെൺകുട്ടി അതിഭീകരമായി ആക്രമിക്കപ്പെട്ട സംഭവത്തോടുള്ള സർക്കാരിന്റെ സാമ്പ്രദായിക പ്രതികരണങ്ങളുണ്ടാക്കിയ രോഷവും, അവിടെയുമുണ്ടായ ആപിന്റെ റാഡിക്കൽ പ്രതികരണവും, ഒരു പുതിയ രാഷ്ട്രീയ ചലനത്തോടുള്ള മാധ്യമങ്ങളുടെ വാർത്താ കൗതുകവുമെല്ലാം കൂടി ചേർന്നപ്പോഴാണ്‌ അതൊരു അസാധാരണ തെരെഞ്ഞെടുപ്പു വിജയമായി മാറിയത്‌.

അധികാരത്തിൽ കയറിയ കേജ്രിവാൾ ചെയ്യേണ്ടിയിരുന്നത്‌ തങ്ങളുടെ സംസാരത്തിലെ ആ വ്യത്യാസം പ്രവൃത്തിയിലും കൊണ്ടു വന്ന് ജനങ്ങളുടെ വിശ്വാസം നിലനിർത്തുകയായിരുന്നു. ലഭ്യമായ അധികാരം, അത്‌ എത്രതന്നെ ചെറുതായിക്കൊള്ളട്ടെ, അതു ഭംഗിയായി വിനിയോഗിച്ച്‌ ഒരു പ്രാദേശിക ഭരണ മാതൃക സൃഷ്ടിക്കുന്നതിനു പകരം, ലഭിച്ച അധികാരം കുറഞ്ഞു പോയി എന്നു പരാതിപ്പെട്ട്‌ സർക്കാർ തന്നെ സമരം ചെയ്തതോടെ ദേശീയ തലത്തിൽ ജനങ്ങൾക്കു ഈ ടീമിലുള്ള വിശ്വാസം കുറഞ്ഞു. അതു പോലെ, എന്തെങ്കിലുമൊക്കെ നല്ലകാര്യങ്ങൾ ചെയ്ത്‌ ഒരു മാറ്റം കൊണ്ടുവരാൻ സാധിക്കുമായിരുന്ന ഒരു അസുലഭാവസരം ജനലോക്പാൽ ബിൽ അവതരിപ്പിക്കാനാവാത്ത കാരണം പറഞ്ഞ്‌ രാജിവച്ചത്‌ വലിയൊരു അബദ്ധമായി.

അടുത്ത തെറ്റ്‌ ഡൽഹി എന്ന ചെറിയ പ്രദേശത്ത്‌, കേജ്രിവാളിനും കൂട്ടർക്കും സ്വന്തം കൈവെള്ള പോലെ നേരിട്ടറിയാവുന്ന ഒരു പ്രദേശത്ത്‌, കേജ്രിവാളിന്റെയും സഹപ്രവർത്തകരുടേയും നേരിട്ടുള്ള മേൾനോട്ടത്തിൽ നേടിയ ഒരു വിജയത്തെ, ഇന്ത്യയെന്ന വൈവിധ്യങ്ങൾ നിറഞ്ഞ ഒരു വലിയ ജനതയിലേക്കു വലിച്ചു നീട്ടാൻ (scale) ശ്രമിച്ചു എന്ന അബദ്ധം. അതും പാർട്ടിക്ക്‌ വിശ്വസിക്കാവുന്ന ഒരു സംഘടനാ സംവിധാനം ഉണ്ടാവുന്നതിനു മുൻപ്‌. ഓരോ സംസ്ഥാനങ്ങളിലെ പ്രവർത്തകരും സ്ഥാനാർത്ഥികളും ആം ആദ്മി പാർട്ടിയുടെ പേരിൽ അവിടങ്ങളിൽ കാട്ടിക്കൂട്ടിയതെന്തൊക്കെയായിക്കും എന്നത്‌ നമുക്ക്‌ ഇതുവരെ അറിവായിട്ടില്ല. ദേശീയ സമിതിയിലേക്കണെങ്കിൽ പരാതിയുടെ പ്രളയമായതിനാൽ അവർക്ക്‌ നെല്ലും പതിരും തിരിച്ചറിയാൻ ഇപ്പോഴും സാധിച്ചിട്ടുമില്ല.

ഡൽഹിയിലെ അപ്രതീക്ഷിത വിജയം നാഷണൽ കമ്മിറ്റിയെ സിസ്റ്റമാറ്റിക്കും ഐഡിയോളജിക്കലുമായ ആദ്യ സമീപനത്തിൽ നിന്നും തന്ത്രപ്രധാനമായ പുതിയൊരു സമീപനത്തിലേക്കു മാറാൻ പ്രേരിപ്പിച്ചു. എന്നാൽ ഡൽഹിയിലെ സാന്ദർഭിക തന്ത്രങൾ ദേശീയ തലത്തിലേക്കു വ്യാപിപ്പിച്ചപ്പോൾ പക്ഷേ പാളി.

ഡൽഹിയിലെ മുഖ്യമന്ത്രിയായിരുന്ന, കേന്ദ്രത്തിലെ സർക്കാരിന്റെ പ്രാദേശിക പ്രതിനിധി കൂടിയായിരുന്ന ഷീലാ ദീക്ഷിതിനോട്‌ അന്നത്തെ വിലക്കയത്തിന്റെയും, വൈദ്യുതി നിരക്കു വർദ്ധനവിന്റെയും, പിന്നെ കോമൺവെൽത്ത്‌ അഴിമതിയുടെയും, കേന്ദ്ര അഴിമതിക്കഥകളുടേയും പശ്ചാത്തലത്തിൽ നേടിയ വിജയവും അതിന്റെ റൊമാന്റിക്ക്‌ ഇമ്പാക്ടും വാരണാസിയിൽ അനുകരിക്കാൻ ശ്രമിച്ചത്‌ വലിയൊരു തന്ത്രപരമായ പാളിച്ചയായി.

ഗുജറാത്ത്‌ വികസനത്തിന്റെ മായക്കഥകളുമായി വന്ന മോഡി തടഞ്ഞു നിർത്താനാവാത്ത ഒരു അശ്വമേധ പടയോട്ടക്കാരന്റെ ഇമേജാണു സൃഷ്ടിച്ചത്‌. ദേശീയതലത്തിൽ മോഡി ഒരു പുതു പ്രതീക്ഷയും കൗതുകവുമുണ്ടാക്കി. ദൗർബല്യത്തിന്റെ പ്രതീകങ്ങളായ, ഒന്നു പ്രസംഗിക്കാൻ പോലുമറിയാത്ത മൻമോഹൻ സിംഗിന്റേയും, രാഹുൽ ഗാന്ധിയുടേയും, സോണിയാ ഗാന്ധിയുടേയും മുന്നിലേക്ക്‌ ഒരു കരുത്തനായ പടയോട്ടക്കരന്റെ ഇമേജിൽ വന്ന മോഡിക്ക്‌ സ്വാഭാവികമായി മേൽക്കൈ ലഭിച്ചു.

പുതുകൗതുകമായ മോഡിക്കെതിരേ വാരണാസിയിൽ മത്സരിക്കുന്നതിനു പകരം, അഴിമതിയിൽ കുളിച്ച അന്നത്തെ സർക്കാരിന്റെ അനന്തരാവകാശിയും അപ്രഖ്യാപിത യുവരാജാവുമായിരുന്ന രാഹുൽ ഗാന്ധിക്കെതിരേ അമേഠിയിൽ മത്സരിച്ചിരുന്നെങ്കിൽ മത്സരത്തിന്റെ ചിത്രം ദേശീയ തലത്തിൽ തന്നെ മാറിപ്പോയേനെ. വാരണാസിയിൽ ചെന്ന് മോഡിയേക്കുറിച്ചുള്ള പ്രതീക്ഷകളിലേക്കു മത്സരം ഫോക്കസ്‌ ചെയ്യുന്നതിനു പകരം അമേഠിയിൽ രാഹുലിന്റെ പോരായ്മകളിലേക്കു ഫോക്കസ്‌ ചെയ്യാമായിരുന്നു. സത്യത്തിൽ വാരണാസിയിൽ ചെന്നു മോഡിക്കെതിരേ മത്സരിക്കുക വഴി, കേജ്രിവാൾ ചെയ്തത്‌ ജനങ്ങളുടെ ശ്രദ്ധ തന്നിൽ നിന്നു മോഡിയിലേക്കു മാറ്റുകയാണ്‌.

മറ്റൊരു തെറ്റ്‌ ജയിക്കാനായിട്ടായിരുന്നു തെരെഞ്ഞെടുപ്പു മത്സരമെങ്കിൽ തെരെഞ്ഞെടുത്ത പത്തോ മുപ്പതോ മണ്ഢലങ്ങളിൽ മത്സരിച്ച്‌, മറ്റു പാർട്ടികളുടേതിൽ നിന്നു വ്യത്യസ്ഥമായ പുതിയൊരു പ്രചരണ ശൈലിയുമായി അവിടെയെല്ലാം ജയിക്കാൻ ശ്രമിക്കേണ്ടിയിരുന്നതിനു പകരം, നാനൂറിലധികം മണ്ഢലങ്ങളിൽ മത്സരിച്ച്‌ വീരചരമം പ്രാപിച്ചു. ഇനി അതല്ല പാർട്ടിയുടെ ആശയങ്ങൾ രാജ്യം മുഴുവൻ ചർച്ചാ വിഷയമാക്കുകയായിരുന്നു മത്സരത്തിന്റെ യഥാർത്ഥ ലക്ഷ്യമെങ്കിൽ എല്ലാ മണ്ഢലങ്ങളിലും മത്സരിക്കുകയും ഒരു പോളിസിയുണ്ടാക്കി അതു ചർച്ചാ വിഷയമാക്കുകയും ചെയ്യണമായിരുന്നു. എന്നാൽ അവിടെയും പാർട്ടിക്ക്‌ ഗംഭീരമായി പാളി.

പർട്ടിയുടെ പോളിസി എന്താണെന്ന് പാർട്ടി അംഗങ്ങൾക്കെന്നല്ല മത്സരിച്ച സ്ഥാനാർത്ഥികൾക്കു പോലും ഇപ്പോഴും അറിയില്ല. കാരണം പാർട്ടി അങ്ങനെയൊരു നയ രൂപീകരണം ഇതു വരെ നടത്തിയിട്ടില്ല. ഓരോ വിഷയത്തിലും പാർട്ടിയുടെ നിലപാടെന്താണ്‌ എന്ന് ഇതുവരെ വ്യക്തതയില്ല. ജനലോക്പാൽ, വിവരാവകാശം, സേവനാവകാശം എന്നു മാത്രം ഉരുവിട്ടുകൊണ്ട്‌ ഒരു രാഷ്ട്രീയ പാർട്ടിക്ക്‌ അയുസ്സു തികക്കാനൊക്കില്ല. സത്യത്തിൽ ജനലോക്പാൽ എന്ന ദിവ്യ ഔഷധം കൊണ്ട്‌ രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാവുകയുമില്ല.

ശരി എല്ലാം കഴിഞ്ഞു ഇനിയെന്ത്‌? മാധ്യമങ്ങൾ മാത്രമല്ല പാർട്ടി അംഗങ്ങൾ പോലും ഇപ്പോൾ പാർട്ടിയുടെ ഭാവിയെ വരാനിരിക്കുന്ന ഡൽഹി തെരെഞ്ഞെടുപ്പുമായി ബന്ധിപ്പിച്ചാണ്‌ കാണുന്നത്‌. ഇനി അഥവാ ഡൽഹിയിൽ അധികാരം നേടിയാൽ തന്നെ അതു കൊണ്ടു മാത്രം ദേശീയ തലത്തിലും ഇങ്ങു കേരളത്തിലും പാർട്ടിക്കു കഴിഞ്ഞ ഡിസംബറിനു ശേഷം ഉണ്ടായ ഉന്മേഷമൊന്നും ലഭിക്കാൻ പോവുന്നില്ല. മോദിയുടെ ഡൈനാമിസിറ്റിക്കും, തന്ത്രഞ്ജതക്കും, മോഡിക്കുള്ള അസാമാന്യ മാധ്യമ പിന്തുണക്കും മുൻപിൽ ഡൽഹി സർക്കാരിന്റെ നവഗാന്ധിയൻ ഏർപ്പാടുകളും പ്രാദേശിക തലത്തിലുള്ള ഭരണപരമായ പരിഷ്കാരങ്ങളും തമസ്ക്കരിക്കപ്പെടാനും അവഗണിക്കപ്പെടാനുമാണു സാധ്യത. അതായതു നല്ല ഭരണം നടത്തിയാൽ ഡൽഹിക്കാർക്കു പ്രയോജനമുണ്ടാകുമെന്നല്ലാതെ പുറമേക്കു കാണാനൊന്നുമുണ്ടാവില്ല. മറിച്ചു വീണ്ടും വാർത്ത സൃഷ്ടിക്കാനായി ഗിമ്മിക്കു കാണിച്ചാൽ, അതു തിരിച്ചടിക്കുകയും ഗിമ്മിക്കുകളുടെ ചക്രവർത്തിയായ മോഡിയുടെ വിദ്യകൾക്കു മുൻപിൽ നിഷ്പ്രഭമാവുകയും ചെയ്യും.

ഇപ്പോൾ നടത്തുന്നതു പോലെയുള്ള പരമ്പരാഗത ശൈലിയിൽ ഒരു വിപുലമായ സംഘടനാ സംവിധാനം (ബൂത്തു തലം മുതലുള്ളത്‌) നിർമ്മിച്ചെടുക്കാനുള്ള ശ്രമവും കേരളത്തിൽ വിജയിക്കില്ല. കേരളത്തിലെ ചുറ്റുപാടിൽ പാർട്ടിയുടെ സജീവ പ്രവർത്തനത്തിലേക്കു വരുന്നത്‌ ഒന്നുകിൽ പണിയില്ലാ കുറെയാളുകളും (അവർ മാത്രമേ സ്ഥാനങ്ങൾക്കു വേണ്ടി ചുറ്റിപ്പറ്റി നിൽക്കുകയും സംഘടനാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യൂ), പിന്നെ ഇപ്പോൾ ഉന്നത സമിതികളിലേക്കു നോമിനേറ്റു ചെയ്യപ്പെടുന്നതു പോലെയുള്ള കാലം കഴിഞ്ഞ പഴയ സിംഹങ്ങളുമായിരിക്കും. അവർക്കൊന്നും റാഡിക്കലായി ചിന്തിക്കാനോ പ്രവർത്തിക്കാനോ കഴിയില്ല. അതു സാധിക്കുക വിദ്യാസമ്പന്നരായ ലോകത്തേക്കുറിച്ച്‌ അറിവുള്ള ചെറുപ്പക്കർക്കാണ്‌. അവർക്കെല്ലാം തൊഴിലുണ്ട്‌, പാർട്ടിയും സംഘടനാ തെരെഞ്ഞെടുപ്പും, മിഷൻ വിസ്താറും  കുട്ടിക്കളിയുമൊക്കെയായി നടക്കാൻ അവർക്കു സമയമില്ല.

മാത്രവുമല്ല ബൂത്തു തലത്തിൽ ആളെ സംഘടിപ്പിക്കാനും, യൂണിറ്റ്‌ തല പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാനും, ധർണ്ണക്കും പിക്കറ്റിങ്ങിനും പ്രകടനത്തിനുമൊന്നു കേരളത്തിൽ ഇനി പഴയ പോലെ ആളെക്കിട്ടില്ല. കോണ്രസ്സും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും വരെ ഇപ്പോൾ പ്രകടനങ്ങൾ നടത്തുന്നത്‌ കൂലിക്ക്‌ ആളെയിറക്കിയിട്ടാണ്‌. മാത്രവുമല്ല പണ്ടത്തേപ്പോലെ കവല പ്രസംഗങ്ങളും പൊതു യോഗങ്ങളും വഴിയല്ല ഇന്നു ജനങ്ങളെ സ്വാധീനിക്കുക. ഇന്നു ജനങ്ങൾ ലോകവുമായി സംവദിക്കുന്നത്‌, നാട്ടു വർത്തമാനമറിയുന്നത്‌ ടിവിയുടെ മുന്നിലിരുന്നാണ്‌. ജഡ്ജിമാർ വിധിയെഴുതുന്നതു പോലും ടിവി കണ്ടിട്ടാണ്‌. അപ്പോൾ ജനങ്ങളെ സ്വാധീനിക്കാനുള്ള വഴിയും പാർട്ടിയെ വളർത്താനുള്ള വഴിയും മാധ്യമങ്ങളാണ്‌.

ഞാൻ ആദ്യം പറഞ്ഞതു പോലെ, ഭരണഘടനയും, നിയമ പുസ്തകങ്ങളും, പിന്നെ പാഠപുസ്തകങ്ങളും, മുഖ്യധാരാ മാധ്യമങ്ങൾ പോലും അവതരിപ്പിക്കുന്ന ഉദാത്ത-മിഥ്യകൾക്കപ്പുറമുള്ള നമ്മുടെ സംവിധാനത്തിലെ വിചിത്ര യാഥാർത്ഥ്യങ്ങൾ വിളിച്ചു പറയുക. കനക സിംഹാസങ്ങളിൽ കയറിയിക്കുന്ന ശുനകന്മാരേയും ശുംഭന്മാരേയും തുറന്നു കാണിക്കുക. കപട-ജനാധിപത്യ നാട്ടുനടപ്പുകളിലെ ഫ്യൂഡലിസത്തെ ചോദ്യം ചെയ്യുക. അധികാരത്തിൽ പിന്തുടർച്ചക്കാരും കൂട്ടുപ്രതികളുമായ യു.ഡി.എഫിനും, കമ്മ്യൂണിസ്റ്റു പാർട്ടിക്കും, ബി.ജെ.പിക്കും ഒരിക്കലും മിണ്ടാനാവാത്ത റാഡിക്കൽ സത്യങ്ങൾ വിളിച്ചു പറയുക. അപ്പോൾ ജനങ്ങളുടെ മനസ്സായിരിക്കും നാം വിളിച്ചു പറയുന്നത്‌. അപ്പോൾ ജനങ്ങൾ പാർട്ടിയിലേക്ക്‌ ഒഴുകും. അവരെ കൈകാര്യം ചെയ്യാൻ വലിയൊരു സംവിധാനം തന്നെ വേണ്ടി വരും.

എന്നാൽ പാർട്ടിയുടെ ഏറ്റവും നല്ല കാലത്ത്‌, പാർട്ടിക്കു സൗജന്യമായി മാധ്യമ ശ്രദ്ധയും പ്രൈംടൈം ന്യൂസ്‌ ചർച്ചാ അവസരങ്ങളും കിട്ടിയിരുന്ന ഡിസംബർ-ജനുവരി മാസങ്ങളിൽ പോലും പാർട്ടിയുടെ കേരളത്തിലെ പ്രതിനിധികൾക്ക്‌ ഇതു സാധിച്ചിട്ടില്ല. അസുലഭമായ ആ അവസരങ്ങളിൽ ഭരണവർഗ്ഗത്തെ പിണക്കാൻ ഭയന്നിട്ടെന്നവണ്ണം ആരേയും നേരിട്ടു വിമർശ്ശിക്കാത്ത ഡിപ്ലോമാറ്റിക്ക്‌ ടെക്സ്റ്റ്‌ ബുക്ക്‌ മറുപടികൾ നൽകി നമ്മുടെ വക്താക്കൾ ജനങ്ങളേയും മാധ്യമങ്ങളേയും വരെ നിരാശപ്പെടുത്തി.

ചേരാനല്ലൂർ പൊലീസ്‌ മർദ്ദനം: ആം ആദ്മി പാർട്ടി ഹൈക്കോടതിയെ സമീപിക്കണം.

കഴിഞ്ഞ വർഷം ഡൽഹിയിൽ പെൺകുട്ടി ബസ്സിൽ ആക്രമിക്കപ്പെട്ട സംഭവത്തേത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങൾ കൂടിയാണ്‌ ദേശീയതലത്തിൽ ആം ആദ്മി പാർട്ടിയുടെ വളർച്ചക്കു കാരണമായത്‌. അത്രയുമില്ലെങ്കിലും ഒരു അക്രമം ഇപ്പോൾ നടന്നിരിക്കുന്നു. കൊച്ചി നഗരത്തിൽ ചേരാനല്ലൂർ പൊലീസ്‌ സ്റ്റേഷനിൽ ഒരു വീട്ടു വേലക്കാരി സ്ത്രീ ദിവസങ്ങൾ നീണ്ട ക്രൂര മർദ്ദനത്തിന്‌ ഇരയായിരിക്കുന്നു. ഈ പ്രശ്നം ഒരു സസ്പെൻഷനിലൊ മറ്റോ അവസാനിക്കാനേ സാധ്യതയുള്ളൂ. ക്രൈം രെജിസ്റ്റർ ചെയ്ത്‌ ഒരു എഫ്‌.ഐ.ആർ എഴുതുക എന്നത്‌ ഒരിക്കലും സംഭവിക്കില്ല. സ്വന്തം ഔദ്യോഗിക ഗുണ്ടാസംഘമായ പൊലീസിനെ ബുദ്ധിമുട്ടിക്കാൻ സർക്കാരോ, നാളെ അവർക്കും ആവശ്യമുള്ള ഗുണ്ടാസംഘത്തെ പിണക്കാൻ പ്രതിപക്ഷമോ തയ്യാറാവില്ല. ഇവിടെയാണ്‌ ആം ആദ്മി പാർട്ടിക്ക്‌ എന്തെങ്കിലും ചെയ്യാൻ സാധിക്കുക. എഫ്‌.ഐ.ആർ എഴുതാൻ പൊലീസിനോട്‌ നിർദ്ദേശിക്കണം എന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിക്കാൻ നിയമത്തിൽ തന്നെ വ്യവസ്ഥയുണ്ട്‌. നാടിനു ഗുണമുള്ള ഒരു കാര്യം ചെയ്യാൻ ലഭിച്ച അവസരം നഷ്ടപ്പെടുത്തരുത്‌.  സമൂഹത്തിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സാധിച്ചില്ലെങ്കിൽ പാർട്ടിക്കു പ്രസക്തിയുണ്ടാവില്ല.

Thursday, September 11, 2014

രാജാധിരാജ: സൂപ്പർ ഹിറ്റ്‌ അസംബന്ധം.

അസംബന്ധം - ഒറ്റവാക്കിൽ രാജാധിരാജ എന്ന ചിത്രത്തേക്കുറിച്ച്‌ പറയാവുന്നതിതാണ്‌. 2000-ൽ ഇറങ്ങിയ നരസിംഹം എന്ന തമിഴ്‌ ശൈലിയിലുള്ള സൂപ്പർ താര ഫോർമുലാ നിർമ്മിതിയുടെ വിജയത്തിനു ശേഷം മോഹൻലാലിനും മമ്മൂട്ടിക്കും വേണ്ടി നിരന്തരമായി മത്സരിച്ചു നിർമ്മിക്കപ്പെട്ട അസംബന്ധ സൂപ്പർ താര ഗിമ്മിക്കുകളുടെ ശ്രേണിയിലേക്ക്‌ (വല്ല്യേട്ടൻ, ഉസ്താദ്‌, താണ്ഢവം, രാവണപ്രഭു, നാട്ടുരാജാവ്‌, ദ്രോണ) ചേർത്തുവക്കാവുന്ന ചിത്രമാണ്‌ രാജാധിരാജ. ആവർത്തന വിരസതയാൽ പ്രേക്ഷകൻ കയ്യൊഴിയുകയും, പുതുമകളുമായി ന്യൂജനറേഷൻ പരീക്ഷണങ്ങൾ വരികയും ചെയ്തപ്പോൾ ഇടക്കാലത്തു നിന്നുപോയതായിരുന്നു ഈ വക സൂപ്പർ സ്റ്റാർ മാരണങ്ങൾ.

ഓണക്കാലത്തേക്ക്‌ ഒരു സൂപ്പർ ഹിറ്റു സൃഷ്ടിക്കാൻ തിരക്കഥാകൃത്തുക്കൾ അസംബന്ധം എഴുതിയും, സ്റ്റണ്ട്‌ സംവിധായകർ എക്സ്ട്രാ നടന്മാരെ വായുവിൽ ചുഴറ്റിയെറിഞ്ഞും ഇങ്ങനെ പെടാപ്പാടു പെടുന്നതു കാണുമ്പോൾ മലയാള വാണിജ്യ സിനിമയുടേയും മമ്മൂട്ടിയുടേയും തന്നെ ഒരു നല്ലകാലം ഞാൻ ഓർത്തു പോവുകയാണ്‌. എൺപതുകളിലും തൊണ്ണൂറുകളിലും വളരെ കുറഞ്ഞ ബഡ്ജറ്റിൽ നിർമ്മിക്കപ്പെട്ട സാമ്രാജ്യം, പരമ്പര, കൗരവർ തുടങ്ങി മമ്മൂട്ടി താടിവച്ചും സ്യൂട്ടിട്ടും അഭിനയിച്ച സ്റ്റൈലൈസ്ഡ്‌ അധോലോക ചിത്രങ്ങൾ കാണികളെ ആവേശത്തിന്റെ പരകോടിയിലെത്തിക്കുകയും മമ്മൂട്ടിയെ ഒരു ഇതിഹാസ താരമാക്കി വളർത്തുകയും ചെയ്തു. തമിഴ്‌നാട്ടിൽ പോലും നന്നായി ഓടിയ ആ ചിത്രങ്ങൾ സൃഷ്ടിച്ച ആവേശത്തിരയുടെ ഒരു ശതമാനം പോലും ചലനമുണ്ടാക്കാൻ ഈ തമിഴ്‌ ഫോർമ്മുലാ അനുകരണത്തിനു സാധിക്കുന്നില്ല.

മമ്മൂട്ടിയുടെ അടിയുറച്ച ആരാധകരേ രാജാധിരാജ കാണാവൂ എന്ന് ഒരു ഓൺലൈൻ നിരൂപണത്തിൽ വായിച്ചതോർക്കുന്നു. ഞാൻ നേരത്തേ പറഞ്ഞ എൺപതുകളിലേയും തോണ്ണൂറുകളിലേയും ചിത്രങ്ങൾ കണ്ട്‌ മമ്മൂട്ടിയുടെ ആരാധകരായവർക്ക്‌, ആ ആവേശക്കാഴ്ച്ചകളുടെ ഓർമ്മകൾ ഇന്നും മനസ്സിൽ സൂക്ഷിക്കുന്നവർക്ക്‌, ഈ രാജാധിരാജ പരാക്രമം കണ്ട്‌ കരയാനേ നിവൃത്തിയുള്ളൂ. അതിനാൽ നിങ്ങൾ മമ്മൂട്ടിയുടെ ആ നല്ലകാലത്തിന്റെ ആരാധകനാണെങ്കിൽ ഈ ചിത്രം കാണരുത് എന്നാണെന്റെ അഭിപ്രായം.

ചിത്രത്തിന്റെ പ്രത്യേകതയായി പറയാവുന്നത്‌ ശക്തിമാൻ ഫെയിം മുകേഷ്‌ ഖന്ന, തൊണ്ണൂറുകളിലെ വില്ലൻ റാസ മുറാദ്‌ തുടങ്ങിയ എതാനും മുൻകാല ഹിന്ദി നടന്മാരെ കൊണ്ടുവന്ന് രാജയുടെ മുംബൈ ബന്ധത്തിന്‌ ഒരു ആധികാരികത നൽകാനുള്ള ശ്രമമാണ്‌. അത്‌ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ടെങ്കിലും തിരക്കഥയുടെ പോരായ്മകൾ മൂലം അവരെ വേണ്ടവിധം ഉപയോഗപ്പെടുത്താൻ സാധിച്ചിട്ടില്ല.  ശരത്‌ കുമാർ പഴശ്ശിരാജയിൽ മമ്മൂട്ടിയെ തമ്പുരാൻ എന്നു വിളിച്ചതിനു പിന്നാലെ ക്രിസ്ത്യൻ ബ്രദേഴ്സിൽ ശരത്തിനെ മോഹൻലാലിന്റെ ശിങ്കിടിയാക്കിയതു പോലെ, ഇനി അടുത്ത ചിത്രത്തിൽ മുകേഷ്‌ ഖന്ന മോഹൻലാലിന്റെയും ഡ്രൈവറായി വരുമോ എന്നേ അറിയാനുള്ളൂ.

ചിത്രത്തെ വസ്തുനിഷ്ഠമായി വിലയിരുത്താൻ ശ്രമിക്കുന്നത്‌ വൃഥാ വ്യായാമമാണ്‌. അത്രയും അസംബന്ധ പെരുമഴയാണു ചിത്രത്തിൽ. അയ്യപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യ സീനിൽ തന്നെ കഴിഞ്ഞ ദശകത്തിലെ മിമിക്രി സിനിമകളുടെ മുഖമുദ്രയായിരുന്ന ദ്വയാർത്ഥ അശ്ലീല ഹാസ്യം പെട്ടിതുറക്കുന്നു.

ജോയ്‌ മാത്യൂവിന്റെ കഥാപാത്രത്തിന്റെ ആദ്യ ഹിന്ദി ഡയലോഗ്‌ തന്നെ ഗ്രാമർ തെറ്റുന്നു. പഴയ പള്ളിക്കൂടം ഭാഷയിൽ പറഞ്ഞാൽ "തും" കർത്താവായി വരുന്നേടത്ത്‌ "ഹോ" ചേർക്കേണ്ടതിനു പകരം "ഹേ" ചെർക്കുകയെന്ന ഗൗരവമായ തെറ്റ്‌. എന്തായാലും തുടർന്നുള്ള ഡയലോഗുകളിൽ, പ്രത്യേകിച്ച്‌ ഹിന്ദി നടന്മാരുടെ ഡയലോഗുകളിൽ, ഈ വക പ്രശ്നങ്ങൾ ഉണ്ടായില്ല. അപ്പോൾ അത്‌ ഡബ്ബിങ്ങ്‌ സമയത്തെ ശ്രദ്ധക്കുറവു കൊണ്ടായിരിക്കണം.

മുംബൈ അധോലോകക്കാർ ശേഖരൻകുട്ടിയുടെ വീടാക്രമിക്കുന്ന സീനിൽ, അവർ ചുമ്മാ തോക്കെടുത്ത്‌ വീടിനു നേരെ തുരുതുരാ വെടിവക്കുകയാണ്‌. ഇവർ കൊല്ലാൻ വന്നത്‌ വീടിനെയാണോ  അതോ വീട്ടിലുള്ളവരെയാണോ എന്നു കാണികൾ ചോദിച്ചു പോകും. പൊലീസെത്തുമ്പോഴേക്കും അവർ ഓടിക്കളയുകയും ചെയ്യുന്നു. ഇവർ ഈ രീതിയിലാണ്‌ അധോലോകക്കച്ചവടം നടത്തിയിരുന്നതെങ്കിൽ ഇവരൊക്കെ എങ്ങനെ  "ഡോൺ" ആയി എന്നും സംശയിച്ചു പോകും.

കേന്ദ്ര മന്ത്രിമാരുൾപ്പെടെയുള്ള വി.ഐ.പികൾ പങ്കെടുക്കുന്ന ചീഫ്‌ സെക്രട്ടറിയുടെ മകളുടെ വിവാഹച്ചടങ്ങിന്‌ "മിലിട്ടറി സെക്യൂരിറ്റിയാണെന്നു" ജോയ്‌ മാത്യൂവിന്റെ കഥാപാത്രം പറയുന്നു. അതെന്താണപ്പാ ഈ മിലിട്ടറി സെക്യൂരിറ്റി? കാണികളുടെ അറിവിനെ കുറച്ചുകാണുന്നതിന്റെ തകരാറോ, അതോ തിരക്കഥാകൃത്തിന്റെ വിവരമില്ലായ്മയുടെ ലക്ഷണമോ? ചീഫ്‌ സെക്രട്ടറിയെ വധിക്കാൻ വന്ന പ്രൊഫഷണൽ കില്ലറെ, അതും ദൂരെ നിന്നു വെടിവക്കാൻ തയ്യാറെടുക്കുന്ന സ്നൈപ്പറെ (sniper) തിരിച്ചു കത്തിയെറിഞ്ഞു വീഴ്ത്തുന്നു രാജ. അതിമാനുഷരായ രാജമാരുണ്ടെങ്കിൽ പാവം സ്നൈപ്പർമാർക്കും രക്ഷയില്ല.

സിനിമയിലെ പാട്ടുകൾക്കും അവയുടെ ചിത്രീകരണത്തിനും നേഴ്സറി നിലവാരം മാത്രം. നമ്മുടെ കോളേജ്‌ യുവജനോത്സവങ്ങളിൽ കാണാം ഇതിലും മികച്ച നൃത്തരംഗങ്ങൾ. ചുരുക്കിപ്പറഞ്ഞാൽ മമ്മൂട്ടിയുടെ ആരാധകരുടെ ബുദ്ധി നിലവാരത്തെ തിരക്കഥാകൃത്ത്‌ വളരെ കുറച്ചു കണ്ടു. ഒരു സൂപ്പർ താരത്തെ മുന്നിൽ നിർത്തി എന്ത്‌ അസംബന്ധവും മസാല ചേർത്ത്‌ അവതരിപ്പിച്ചാൽ ചെലവാകും എന്നൊരു ആത്മവിശ്വാസം.

ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ അതിന്റെ പരമദരിദ്രമായ തിരക്കഥയാണ്‌. ഇതേ പ്രമേയം തന്നെ കുറേക്കൂടി വിശ്വസനീയമായും ബുദ്ധിയുള്ള പ്രേക്ഷനേക്കൂടി തൃപ്തിപ്പെടുത്തുന്ന തരത്തിലുമാക്കാൻ പ്രതിഭയുള്ള ഒരു തിരക്കഥാകൃത്തിനു സാധിച്ചേനെ. മമ്മൂട്ടിയും മോഹൻലാലുമൊക്കെ മലയാള സിനിമയിലെ കിങ്ങുമാരാണെന്നും, അവർക്കു മുൻപിൽ അന്യഭാഷാ നടന്മാർ വരെ ഓച്ഛാനിച്ചു നിൽക്കുമെന്നും, അവർ ഒന്നു കൈവീശിയാൽ പത്തോ നൂറോ സ്റ്റണ്ട്‌ എക്സ്ട്രാകൾ വായുവിൽ കറങ്ങി വീഴുമെന്നുമൊക്കെ എല്ലാവർക്കും അറിയാം. അതു പക്ഷേ സാഹചര്യ നിർമ്മിതിയിലൂടെയും ദൃശ്യവിന്യാസത്തിലൂടെയും കാണികളെ ബോധ്യപ്പെടുന്നതിലാണു (convince) തിരക്കഥാകൃത്തിന്റെ മിടുക്ക്‌, അതാണിവിടെ സാധിക്കാതെ പോവുന്നതും. മമ്മൂട്ടിക്ക്‌ ഈ സിനിമയിൽ അഭിനയം എന്നൊരു പണിയേ ചെയ്യാനില്ല. സിനിമയിലുടനീളം മമ്മൂട്ടിയുടെ സ്ഥായിയായ ഭാവം നിർവികാരതയാണ്‌. മമ്മൂട്ടിയുടെ താടി പഴയ സാമ്രാജ്യം ഛായ വരുത്താനല്ല മറിച്ച്‌ പ്രായം മറയ്ക്കാനാണെന്നു വ്യക്തം.

എഴുപതുകൾ മുതൽ കാൽ നൂറ്റാണ്ടോളം ഭാരതത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളും ഉന്നതമായ ആസ്വാദന നിലവാരവും സൃഷ്ടിച്ച മലയാളം ഇന്ന് ഇങ്ങനെ താര മത്സരത്തിൽ ആരാധകർ ചേരിതിരിഞ്ഞ്‌ നിലവമില്ലാത്ത സൃഷ്ടികൾ വിജയിപ്പിച്ചു വിടുന്നതു കാണുമ്പോൾ ദുഃഖമുണ്ട്‌. മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും ആരാധകർ തമ്മിലുള്ള കിടമത്സരം മാത്രമാണ്‌ ഇരുവരുടേയും ഇത്തരം അസംബന്ധ സിനിമകൾ വിജയിപ്പിക്കുന്നത്‌.