1947 ആഗസ്റ്റ് 15നു അധികാരക്കൈമാറ്റ ചടങ്ങിൽ വൈസ്രോയി മൗണ്ട്‌ബാറ്റൺ പ്രഭു ധരിച്ച സൈനിക അലങ്കാരങ്ങളുള്ള (decorations) വെളുത്ത വേഷം വൈസ്രോയിയുടെ ഔദ്യോഗിക വേഷമോ മറ്റോ ആണെന്നാണു മിക്കവാറും ഇന്ത്യാക്കാരുടേയും ധാരണ. എന്നാൽ ബ്രിട്ടീഷ് വൈസ്രോയിക്ക് അങ്ങനെ ഔദ്യോഗിക വേഷമൊന്നുമുണ്ടായിരുന്നില്ല. അന്നു മൗണ്ട്ബാറ്റൺ ധരിച്ചത് മുൻ റോയൽ നേവി ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ റിട്ടയർമ്മെന്റിനു മുൻപുള്ള ഔദ്യോഗിക വേഷമായിരുന്നു. ആ വേഷം ധരിക്കുന്നതിന് അദ്ദേഹം നെഹ്രുവിൽ നിന്ന് മുൻകൂർ അനുമതി വാങ്ങിയിരുന്നു. അതുവരെ രാജ്ഞിയുടെ പ്രതിനിധിയായിരുന്ന മൗണ്ട്ബാറ്റണ് പെട്ടെന്ന് വെറുമൊരു സൈനിക ഉദ്യോഗസ്ഥനിലേക്ക് (അതും റിട്ടയേർഡ് ഉദ്യോഗസ്ഥൻ) വേഷപ്പകർച്ച. നേവൽ യൂണിഫോം ധരിക്കാൻ നെഹ്രുവും സഹപ്രവർത്തകരും മൗണ്ട്ബാറ്റണ് അനുമതി നൽകിയത് എന്തുകൊണ്ട്? അധികാരക്കൈമാറ്റച്ചടങ്ങിലെ മൗണ്ട്ബാറ്റന്റെ പഴയ യൂണിഫോം ധാരണം കൊണ്ട് ബ്രിട്ടൻ ഉദ്ദേശിച്ചത് എന്താണ് (ഇന്ത്യൻ പ്രധാനമന്ത്രി ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനിൽ നിന്നു അധികാരം സ്വീകരിക്കുക) എന്ന് ഒരുപാട് അറിവുള്ളയാളും കേംബ്രിഡ്ജ് ബിരുദധാരിയുമായ നെഹ്രുവിനു മനസ്സിലായില്ലേ? മനസ്സിലായിട്ടും അത് അനുവദിച്ചു കൊടുത്തതെന്തിന്? ഇന്ത്യക്കാരന് അഭിമാനം എന്നൊന്നില്ലേ?
സായിപ്പിനു മുന്നിൽ കവാത്തു മറക്കുന്ന ഇന്ത്യക്കാരന്റെ ഈ സ്വഭാവത്തിനു ഈ അടുത്തകാലത്തുമുണ്ട് ഉദാഹരണങ്ങൾ. കടൽക്കൊലക്കേസിലെ ഇറ്റാലിയൻ നാവികർ കോടതിയിൽ ഹാജരായപ്പോഴൊക്കെ നാവിക യൂണിഫോം ധരിക്കാൻ ഇന്ത്യൻ പൊലീസും, സർക്കാരും, കോടതിയും അനുവദിച്ചത് എന്തുകൊണ്ട്? ഇന്ത്യൻ പട്ടാളക്കാർ ഒരു വിദേശ കോടതിയിൽ കൊലക്കേസ് വിചാരണ നേരിട്ടിരുന്നെങ്കിൽ അവർക്ക് അവിടെ ഇന്ത്യൻ സൈനിക യൂണിഫോം ധരിക്കാൻ സാധിക്കുമായിരുന്നോ, അതോ ജയിൽ വസ്ത്രം ധരിക്കേണ്ടി വരുമായിരുന്നോ? ഈ ഇന്ത്യക്കാരനെന്താ നന്നാവാത്തേ?
No comments:
Post a Comment