Saturday, December 27, 2014

മലയാള സിനിമക്ക്‌ ഇതു വളർച്ചയുടെ വർഷം

കഴിഞ്ഞ കുറേ വർഷങ്ങളായി പ്രതിവര്‍ഷം മലയാളത്തില്‍ ഇറങ്ങാറുണ്ടായിരുന്നത് തൊണ്ണൂറോളം സിനിമകളായിരുന്നെങ്കില്‍, 2013ൽ അത് ഒറ്റയടിക്ക്‌ 153 എന്ന സംഖ്യയിലെത്തിയിരുന്നു. സിനിമകളുടെ എണ്ണത്തിലെ ആ വിസ്ഫോടനം മലയാള സിനിമയിലേക്കുള്ള കള്ളപ്പണക്കാരുടെ തള്ളിക്കയറ്റം മൂലമായിരുന്നു എന്നത്‌ ഒരുപാട്‌ ചർച്ചചെയ്യപ്പെട്ടു കഴിഞ്ഞ കഥയാണ്‌. 2014ലും സിനിമയിലെ കള്ളപ്പണ നിക്ഷേപം തുടർന്നു, ആകെ റിലീസുകളുടെ എണ്ണം 150 തികച്ചു. 2013ലെ സിനിമകളിൽ നഷ്ടമുണ്ടാക്കാത്തത് വെറും ഇരുപത്തിയഞ്ചെണ്ണം മാത്രമായിരുന്നെങ്കിൽ, 2014ൽ കഥയൊരുപാടു മാറി. ഭേദപ്പെട്ട സാമ്പത്തിക നേട്ടമുണ്ടാക്കിയ ചിത്രങ്ങളുടെ എണ്ണം തന്നെ അൻപതോളമാണ്‌. കേരളത്തിലെ നഗരങ്ങളിലേക്കുള്ള മൾട്ടിപ്ലക്സുകളുടെ വരവും, വൈഡ്‌ റിലീസുമൊക്കെയാണ്‌ ഈ നേട്ടത്തിനുള്ള കാരണങ്ങൾ.

2013ൽ ഒരു സൂപ്പർ ഹിറ്റ്‌ സിനിമയുടെ ശരാശരി (റിലീസ്‌) തിയറ്റർ ആയുസ്സ്‌ 14 ദിവസമായിരുന്നെങ്കിൽ, മൾട്ടിപ്ലെക്സുകളിൽ മധ്യവർത്തി സിനിമകൾക്കത്‌ മൂന്നാഴ്ച്ചയോ അതിനു മേലെയോ ആയി മാറി. മൾട്ടിപ്ലക്സുകൾ അൽപം നിലവാരമുള്ള മധ്യവർത്തി സിനിമകൾക്ക്‌ തീയറ്ററുകളിൽ ആയുസ്സു നീട്ടിക്കിട്ടാൻ വഴിയൊരുക്കിയെന്നു നിസ്സംശയം പറയാം. ഇക്കഴിഞ്ഞ മാസം ഇറങ്ങിയ വെള്ളിമൂങ്ങയുടെ വിജയം ഇതിനൊരു ഉദാഹരണമാണ്‌. പഴയ തീയറ്റർ ശീലത്തിലായിരുന്നെങ്കിൽ റിലീസ്‌ ചെയ്ത്‌ ആദ്യത്തെയാഴ്ച്ച തന്നെ ബി ക്ലാസ്സിലേക്കു മാറ്റപ്പെടുമായിരുന്നു ആ ചിത്രം, എന്നിട്ടു ടിവിയിൽ വരുമ്പോൾ മാത്രം പ്രേക്ഷകർ കണ്ടു 'വിജയിപ്പിക്കുകയും' ചെയ്തേനെ.


ഇന്റർനെറ്റ്‌ നിരൂപണം വായിച്ചിട്ടു മാത്രം സിനിമ കാണാൻ പോകുന്ന ഒരു തലമുറയുടെ പുതിയ ശീലമാണ്‌ ശ്രദ്ധേയമായ മറ്റൊരു മാറ്റം. റിലീസാവുന്ന എല്ലാ പൊട്ട സിനിമകളേയും പാടിപ്പാടി പുകഴ്ത്തിയിരുന്ന മാധ്യമരീതിക്കു മാറ്റം വന്ന്, ഒരു ദാക്ഷിണ്യവുമില്ലാതെ സിനിമയെ കീറിമുറിച്ചു വിശകലനം ചെയ്യുന്ന നിരൂപകരുടെ വരവോടെ, പ്രചാരണ പോസ്റ്ററുകളിലൂടെയും പരസ്യവാചകങ്ങളിലൂടെയും ട്രെയിലറുകളിലൂടെയും മാത്രം പ്രേക്ഷകനെ വീഴ്ത്തൽ അസാധ്യമാണെന്ന സ്ഥിതി വന്നു. സിനിമയേക്കുറിച്ച്‌ ഒന്നുമറിയാതെ റിലീസ്‌ ദിവസം തന്നെ ഇടിച്ചുകയറുന്നവർ ഒരു ന്യൂനപക്ഷമായി ചുരുങ്ങിക്കൊണ്ടിരിക്കുന്നു. റിലീസിനെത്തുടർന്നുള്ള ദിവസങ്ങളിൽ നല്ല പേരുണ്ടാക്കാതെ പ്രേക്ഷകരെ തിയറ്ററിലേക്ക്‌ ആകർഷിക്കാൻ നിവൃത്തിയില്ലാത്ത സ്ഥിതി. അതും സിനിമയുടെ ഗുണപരമായ മാറ്റത്തിനു പ്രേരണയായേക്കാം.

എന്തായാലും സമ്പദ്‌വ്യവസ്ഥ വളർച്ച നേടുന്നതിനനുസരിച്ച്‌ ഇന്ത്യയിലെ പ്രമുഖ ഭാഷകളിലെല്ലാമുള്ള സിനിമാ വ്യവസായങ്ങൾ വളർച്ച നേടുന്നുണ്ട്‌. വിദേശത്തു നിന്നു പോലും ഇന്ത്യൻ സിനിമയിലേക്ക്‌ നേരിട്ടല്ലാതെയാണെങ്കിലും നിക്ഷേപം വരുന്നു. മൾട്ടിപ്ലക്സുകൾ സിനിമയുടെ വ്യൂവർഷിപ്പ്‌ വർദ്ധിപ്പിക്കുന്നു.

എന്നാൽ പൊതുവായ ഈ മാറ്റത്തിനപ്പുറം മലയാള സിനിമയിൽ കഴിഞ്ഞ ദശകത്തിലെ നിലവാരത്തകർച്ചക്കു കാരണമായ മിമിക്രി ടാലന്റ്‌ പൂളിനെ അപേക്ഷിച്ച്‌ പുതിയ ചെറുപ്പക്കാരുടെ വരവാണ്‌ സിനിമയിൽ പുതിയ ഒരു ഉണർവ്വുണ്ടാക്കിയിരിക്കുന്നത്‌. ഇപ്പോഴും എഴുപതുകളിൽ തുടങ്ങി തൊണ്ണൂറുകളുടെ ആദ്യം അവസാനിച്ച ആ സുവർണ്ണകാലത്തിലെ താരതമ്യത്തിലേക്കൊന്നും മലയാളം എത്തിയിട്ടില്ല. പക്ഷെ ഇനിയും ഒരു ദശകത്തിനപ്പുറമെങ്കിലും ഒരു പുതിയ സുവർണ്ണകാലം പ്രതീക്ഷിക്കാം എന്ന നിലയിലേക്ക്‌ എത്തി എന്നതു തന്നെ വലിയ ആശ്വാസം.

No comments:

Post a Comment