Sunday, December 21, 2014

PK movie review

PK എന്ന അമീർ ഖാൻ ചിത്രം കണ്ടു. നാം taken for granted ആയെടുക്കുന്ന പല കാര്യങ്ങളെയും ശീലങ്ങളേയും ഒരു alein കാഴ്ച്ചപ്പാടിൽ അവതരിപ്പിക്കാനും വിമർശിക്കാനുമായി തിരക്കഥാകാരൻ ഒരു അന്യഗ്രഹ മനുഷ്യനെത്തന്നെ ഭൂമിയിലേക്ക്‌ കൊണ്ടുവരുന്നു. രാഷ്ട്രീയ സാമൂഹിക വിമർശനങ്ങളിൽ ഒരുപാടു സാധ്യതകളുണ്ടായിരുന്ന ആ ആശയത്തേ പക്ഷേ വേണ്ടവിധം ഉപയോഗപ്പെടുത്താൻ തിരക്കഥാകാരനു കഴിഞ്ഞിട്ടില്ല. അതിനാൽ തുടക്കത്തിലെ ടെർമ്മിനേറ്റർ ശൈലിയിലുള്ള പികെയുടെ ആ വരവിനു ശേഷം പ്രേക്ഷകർ പ്രതീക്ഷിക്കുന്ന അത്ഭുതങ്ങളോ, സാഹസികതകളോ, സ്റ്റണ്ടുകളോ ഒന്നും തന്നെ തുടർന്നു സംഭവിക്കുന്നില്ല. അന്യഗ്രഹ ജീവിയുടെ അപരിചയ സംഘർഷം ഒടുവിൽ ദൈവത്തോടും, മതങ്ങളോടും, വിശ്വാസങ്ങളോടും, അന്ധവിശ്വാസങ്ങളോടും, പിന്നെ ഒടുവിൽ ഒരേയൊരു ആൾദൈവത്തോടും എന്ന നിലയിലേക്ക്‌ ചുരുങ്ങിപ്പോകുന്നു. "ദൈവത്തെ കാണ്മാനില്ല" തുടങ്ങിയ ചിത്രത്തിലെ ചില ആശയങ്ങളെങ്കിലും അക്ഷയ്‌ കുമാർ, പരേഷ്‌ റാവൽ എന്നിവരഭിനയിച്ച 'ഓ മൈ ഗോഡ്‌' (2012) എന്ന ചിത്രത്തെ അനുസ്മരിപ്പിക്കും. ഇത്ര നിസ്സാരമായ ഒരു കാര്യത്തിന്‌ ഒരു അന്യഗ്രഹ ജീവിയെ കൊണ്ടുവരേണ്ടിയിരുന്നോ എന്ന സംശയം ബുദ്ധിയുള്ള പ്രേക്ഷകന്‌ തോന്നും.

ഈ അതിതീവ്ര ബി.ജെ.പി കാലത്ത്‌ ഹിന്ദു ദൈവങ്ങളേയും ആൾ ദൈവത്തേയും കയറിപ്പിടിക്കാൻ തിരക്കഥാകാരൻ കാണിച്ച ധൈര്യം സമ്മതിക്കണം, അതും അമീർ ഖാൻ എന്ന മുസ്ലിം നടനെ മുൻനിർത്തി. ഇന്ത്യക്കാരി ഹിന്ദു യുവതി പാകിസ്ഥാനി മുസ്ലീമിനെ പ്രണയിക്കുന്ന ക്രോസ്‌ ബോർഡർ 'ലവ്‌ ജിഹാദും', അതിനോടുള്ള കുടുംബത്തിന്റെ എതിർപ്പും, മുസ്ലീം കാമുകൻ നിശ്ച്ചയമായും ചതിക്കും എന്ന ഗുരുവിന്റെ റെഡിമെയ്ഡ്‌ പ്രവചനവുമെല്ലാം തിരക്കഥയിലെഴുതാൻ കാണിച്ച ധൈര്യം നിസ്സാരമല്ല. ബി.ജെ.പിയും ശിവസേനയും ദേശീയതലത്തിൽ പ്രതിപക്ഷത്തിരിക്കുന്ന കാലമായിരുന്നെങ്കിൽ ഈ ചിത്രത്തിന്റെ പ്രദർശനം ചിലസ്ഥലങ്ങളിലെങ്കിലും തടയപ്പെട്ടേനെ. ഭരണപക്ഷത്തിരിക്കുന്ന ബി.ജെ.പിക്കു വർഗ്ഗീയതയേക്കാൾ പ്രതിജ്ഞാബദ്ധത ക്യാപ്പിറ്റലിസത്തോടാണെന്ന് ഒരുപക്ഷേ ഏറ്റവും നന്നായി അറിയാവുന്നത്‌ സിനിമാക്കാർക്കു തന്നെയാവും.

ബി.ജെ.പി കാലത്ത്‌ ഇത്തരമൊരു ആശയം സിനിമക്കായി തെരെഞ്ഞെടുത്തതിലെ രാഷ്ട്രീയ കൗതുകവും, ഇന്ത്യൻ പോപ്പുലർ സിനിമയിൽ  വിഗ്രഹാരാധനയുടെ യുക്തി ചോദ്യം ചെയ്യപ്പെടുന്നതിലെ കൗതുകവും മാറ്റിവച്ചാൽ പക്ഷേ പി.കെ ഒരു പാഴ്‌ചിത്രമാണ്‌. സിനിമാ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്കു തള്ളപ്പെടാനായി മാത്രം ഓരോ വർഷവും നിർമ്മിക്കപ്പെടുന്ന നൂറുകണക്കിനു ചിത്രങ്ങളുടെ നിരയിലേക്ക്‌ ഒരെണ്ണം കൂടി. സൂപ്പർ താരത്തിന്റെ താരമൂല്യത്തിൽ ലഭിക്കുന്ന വൻ ഇനീഷ്യൽ കളക്ഷൻ ലക്ഷ്യമിടുന്ന മറ്റൊരു ചിത്രം മാത്രമാവുന്നു പി.കെ.

No comments:

Post a Comment