Sunday, December 07, 2014

ചുംബന സമരം

കുറേ ടീനേജു കുട്ടികൾ കോഴിക്കോട്ടെ ഒരു റെസ്റ്റോറന്റിൽ വളരെ സ്വകാര്യമായി ചെയ്ത കാര്യങ്ങൾ ഒരു ചാനൽ (കോൺഗ്രസ്സ്‌ ചാനലായ ജയ്‌ഹിന്ദ്‌ ടിവി) ഒളിക്യാമറ വച്ചു പിടിച്ചു ലോകം മുഴുവൻ കാണിച്ചപ്പോൽ ഒരു പറ്റം ചെറുപ്പക്കാരുടെ അതിനോടുള്ള ഒരു എക്സ്ട്രീമിസ്റ്റ്‌ പ്രതികരണം. ഒളിച്ച്‌ സ്വകാര്യമായി ചെയ്തത്‌ നിങ്ങൾ ഒളിക്യാമറയിൽ പിടിച്ചെങ്കിൽ, ഞങ്ങളിതാ അതു പരസ്യമായി പൊതുസ്ഥലത്തു വച്ചു ചെയ്യുന്നു, നിങ്ങൾ ഏതു ക്യാമറ വച്ചു വേണമെങ്കിലും പിടിച്ചോളൂ എന്ന വെല്ലുവിളി നിറഞ്ഞ പ്രതികരണം. അതാണു ചുംബന സമരം, എന്റെ വായനയിൽ.

പക്ഷേ ആ പ്രതികരണ രീതിക്കുമപ്പുറം അതിനെ ശ്രദ്ധേയമാക്കുന്നത്‌, കേരളത്തിൽ നാം പരിചയിച്ച സാമൂഹിക സാഹചര്യത്തിൽ ഒരു പക്ഷേ ഒരിക്കലും വിജയിക്കാൻ സാധ്യതയില്ലാതിരുന്ന ഇത്തരമൊരു പ്രതിഷേധ രൂപം സംഘടിപ്പിക്കാൻ ഒരു ചെറു സംഘം ചെറുപ്പക്കാർ കാണിച്ച ധൈര്യവും അതിനു കേരളത്തിൽ ലഭിച്ച രസകരമായ രീതിയിലുള്ള സ്വീകരണവുമാണ്‌. ഏറ്റവും സാമൂഹിക രാഷ്ട്രീയ പ്രസക്തിയുള്ള, എല്ലാവരേയും ബാധിക്കുന്ന പ്രശ്നങ്ങളിൽ പോലും നടത്തപ്പെടുന്ന രാഷ്ട്രീയ സമരങ്ങളിൽ ജനങ്ങളുടെ, വിശേഷിച്ച്‌ ചെറുപ്പക്കാരുടെ പങ്കാളിത്തം കൊണ്ടുവരാൻ ഞാനുൾപ്പെടെയുള്ളവർ പെടാപ്പാടുപെടുമ്പോൾ, കേരളത്തിലെ സാമൂഹിക സാഹചര്യത്തിൽ അസാധ്യമെന്നു തോന്നാവുന്ന ഇത്തരമൊരു സമരം വിഭാവനം ചെയ്തു വിജയിപ്പിച്ചവരോട്‌ എനിക്കൊരൽപ്പം ബഹുമാനമുണ്ട്‌.


ചുംബന സമരത്തെ വിജയത്തിലെത്തിച്ചതിൽ അതിനെ സോഷ്യൽ മീഡിയയിലൂടെ നിശിതമായി എതിർത്തവരുടെ അതുല്യമായ സംഭാവനയും, പിന്നെ സെൻസേഷണൽ പ്രശ്നങ്ങളിൽ മാത്രം വാർത്ത കാണുന്ന ചാനലുകാരുടെ പിന്തുണയുമൊക്കെയുണ്ടെന്നതു ശരിതന്നെ (ജനങ്ങളെ ബാധിക്കുന്ന എന്തെങ്കിലും പ്രശ്നമായിരുന്നെങ്കിൽ ചാനലുകാർ ഇത്ര താത്പര്യം കാണിക്കുമായിരുന്നില്ല). എങ്കിലും അത്തരമൊരു സമരരീതി വിഭാവനം ചെയ്തു, പ്രചാരണം നടത്തി, മറൈൻ ഡ്രൈവിൽ ഗ്രൗണ്ട്‌ ബുക്ക്‌ ചെയ്തു കഴിഞ്ഞപ്പോഴാണു വിമർശ്ശകരും ചാനലുകാരും അതേറ്റെടുത്തതെന്ന് ഓർക്കണം.

ഇതിനെല്ലാം പുറമേ, ഒരു ജനകീയ പ്രശ്നത്തിലെങ്കിലും അറസ്റ്റു ചെയ്യപ്പെടാനോ റിമാന്റു ചെയ്യപ്പെടാനോ ധൈര്യം കാണിക്കാത്ത, പൊലീസിന്റെ തല്ലു കൊള്ളാൻ പേടിയുള്ള "പൊളിട്ടിക്കൽ ആക്ടിവിസ്റ്റുകൾക്കിടയിൽ" ഈ സമരക്കാർ കാണിക്കുന്ന വിപ്ലവ വീര്യം സമ്മതിച്ചേ മതിയാവൂ. ഇവരുടെ ഈ വീര്യം രാഷ്ട്രീയമായ മറ്റു കാര്യങ്ങൾക്കു കൂടി പ്രയോജനപ്പെടുത്തിയിരുന്നെങ്കിൽ എന്ന ആഗ്രഹം കൂടി പങ്കുവെക്കുന്നു.

No comments:

Post a Comment