Saturday, December 06, 2014

അരവിന്ദ്‌ കേജ്രിവാളിന്റെ ബിസിനസ്സ്‌ ക്ലാസ്സ്‌ യാത്രാ വിവാദം

പിന്നീട്‌ ഋഷി തുല്യമായ ലളിത ജീവിതത്തിന്റെ മാതൃകയായ മോഹൻദാസ്‌ ഗാന്ധിയുടെ ജീവിതത്തിലെ രാഷ്ട്രീയഘട്ടം ആരംഭിച്ചത്‌ ദക്ഷിണാഫ്രിക്കയിലെ ഒരു ഫസ്റ്റ്‌ ക്ലാസ്സ്‌ ട്രയിൻ യാത്രയോടെയായിരുന്നു. അന്നു ടിക്കറ്റ്‌ എടുത്ത്‌ ഫസ്റ്റ്‌ ക്ലാസ്സിൽ യാത്ര ചെയ്ത ഗാന്ധിജിയെ സഹയാത്രികനായ ഒരു സായിപ്പിന്റെ പരാതിയേതുടർന്ന്  ടിക്കറ്റ്‌ എക്സാമിനർ എടുത്തു വെളിയിലെറിഞ്ഞു. വർണ്ണവിവേചനമായിരുന്നു പ്രശ്നം. സവർണ്ണ കുടുംബത്തിൽ ജനിച്ച്‌, ബ്രിട്ടീഷ്‌ വിദ്യാഭ്യാസം നേടി, സ്വയം ബ്രിട്ടീഷ്‌ ജെന്റിൽ മാനായി സങ്കൽപിച്ചിരുന്ന മോഹൻദാസിന്‌ അതൊരു തിരിച്ചറിവായിരുന്നു. ഇന്നിപ്പോൾ കേജ്രിവാളിന്റെ ഒരു വിമാനയാത്ര വിവാദമായിരിക്കുന്നു.

അരവിന്ദ്‌ കേജ്രിവാൾ ബിസിനസ്സ്‌ ക്ലാസ്സിൽ യാത്ര ചെയ്തതിനെ വിമർശിക്കുന്നവർ ആദർശ്ശ പോരാളികളല്ല, മറിച്ച്‌ അത്യാർഭാടത്തിൽ ജീവിക്കുകയും ചാർട്ടേർഡ്‌ വിമാനങ്ങളിൽ മാത്രം യാത്ര ചെയ്യുകയും ചെയ്യുന്ന നരേന്ദ്ര മോദി, രാഹുൽ ഗാന്ധി എന്നിവരുടെ ആരാധകരാണ്‌.  മോദി, രാഹുൽ  ആരാധകർ പോലും കേജ്രിവാളിൽ നിന്നും കൂടുതൽ ആദർശപരമായ സൂക്ഷ്മത പ്രതീക്ഷിക്കുന്നു എന്നു വേണമോ ചിന്തിക്കാൻ?  മോദിയും രാഹുലും സോണിയാ ഗാന്ധിയുമൊന്നും വരുത്തിവക്കുന്ന ചെലവുകളേക്കുറിച്ച്‌ ആരും ചോദ്യങ്ങൾ ഉന്നയിക്കാത്തത്‌ ഇവരിൽ നിന്നൊന്നും അത്തരം ആദർശമോ മിതത്വമോ ജനങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്തതിനാലായിരിക്കണം.

എന്തായാലും അരവിന്ദ്ജീ, ഒരു രാഷ്ട്രം മുഴുവൻ താങ്കളെ ഉറ്റു നോക്കുന്നുണ്ട്‌, താങ്കളുടെ ഓരോ ചലനത്തിലും. കഴിഞ്ഞ കാൽനൂറ്റാണ്ടായി അത്തരമൊരു ശ്രദ്ധക്കു ഭാഗ്യം സിദ്ധിച്ച മറ്റൊരു രാഷ്ട്രീയ നേതാവും ഭാരതത്തിലുണ്ടായിട്ടില്ല. ഓരോ ചലനത്തിലും അൽപം കൂടി ശ്രദ്ധിക്കുക.

No comments:

Post a Comment