Friday, November 07, 2014

ബാർ കോഴക്കേസും സി.ബി.ഐ അന്വേഷണവും

ബാർ കോഴക്കേസ്‌ സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെടുന്ന ആം ആദ്മി പാർട്ടിയുടെ പൊതുതാത്പര്യ  ഹർജ്ജി, അതിന്റെ വസ്തുതകളിലേക്കൊന്നും തന്നെ കടക്കാതെ, ഇടപെടാൻ ഇപ്പോൾ സമയമായിട്ടില്ല എന്നു മാത്രം പറഞ്ഞുകൊണ്ട്‌ കേരളാ ഹൈക്കോടതി ഇന്നലെ  തള്ളി. ആക്റ്റിങ്ങ്‌ ചീഫ്‌ ജസ്റ്റിസ്‌ അശോക്‌ ഭൂഷൺ, ജസ്റ്റിസ്‌ എ.എം.ഷഫീക്ക്‌ എന്നിവരടങ്ങുന്ന ബഞ്ചാണ്‌ തീരുമാനമെടുത്തത്‌. "Too early and premature to intervene" (ഇടപെടാൻ ഇപ്പോൾ സമയമായിട്ടില്ല) എന്ന വിധിയിലെ വാചകം പക്ഷേ "immature" എന്നു മനഃപൂർവ്വം തെറ്റായി വായിച്ച്‌, "സാറാ ജോസഫിന്റെ ഹർജ്ജി അപക്വം എന്നു കോടതി"  വിധിച്ചതായി ചില ചാനലുകൾ റിപ്പോർട്ട്‌ ചെയ്തതു ശ്രദ്ധേയമാണ്‌.

ഒരു കേസ്‌ ഏതു സാഹചര്യത്തിൽ എപ്പോളാണ്‌ സി.ബി.ഐ അന്വേഷിക്കേണ്ടത്‌ എന്നതു സംബന്ധിച്ച്‌ യാതൊരു നിയമവും നിലവിലില്ല എന്നത്‌ ഇവിടെ അഴിമതി തൊഴിലാക്കിയ രാഷ്ട്രീയക്കാർക്ക്‌ വലിയ സൗകര്യവും, അതിനെതിരെ പൊരുതുന്നവർക്ക്‌ അസൗകര്യവുമാവുന്നു. സി.ബി.ഐയുടെ നിയമപരമായ അടിസ്ഥാനമായ 'ഡൽഹി പൊലീസ്‌ എസ്റ്റാബ്ലിഷ്‌മന്റ്‌ ആക്റ്റ്‌' എന്ന നിയമത്തിലും ഒരു കേസ്‌ സി.ബി.ഐ അന്വേഷണത്തിനു വിടുന്നതിനുള്ള മാനദണ്ഢങ്ങളൊന്നും പ്രതിപാദിക്കുന്നില്ല. പിന്നെ ആകെ സാധിക്കുക വിവിധ വിഷയങ്ങളിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ പലകാലത്തായി വിവിധ ഹൈക്കോടതികളിലും സുപ്രീംകോടതിയിലുമായി വന്നിട്ടുള്ള ഹർജ്ജികളിന്മേൽ അതാതു ബെഞ്ചുകൾ നടത്തിയിട്ടുള്ള വിധികളിൽ നമ്മുടെ കേസിനെ പിന്തുണക്കുന്ന തീരുമാനങ്ങൾ ഉദ്ധരിച്ചു വാദിക്കുക എന്നതു മാത്രമാണ്‌. എന്നാൽ ഈ കേസിൽ അത്തരമൊരു വാദത്തിലേക്കു പോവാതെയും കേസിന്റെ വസ്തുതകളിലേക്കു കടക്കാതെയും കേസ്‌ തള്ളുകയാണുണ്ടായത്‌.

ബാർ കോഴക്കേസിൽ ഇപ്പോൾ സർക്കാർ ആരംഭിച്ചിരിക്കുന്നത്‌ കേരളാ വിജിലൻസ്‌ മാനുവൽ പ്രകാരമുള്ള ക്യുക്ക്‌ വേരിഫിക്കേഷൻ (quick verification) ആണ്‌. 45 ദിവസം വരെ നീണ്ടു നിൽക്കാവുന്ന, വേണമെങ്കിൽ പിന്നെയും നീട്ടിയെടുക്കാവുന്ന ഈ "പ്രാഥമിക പരിശോധന" പൂർത്തിയായാൽ മാത്രമേ ഒരു കേസ്‌ രജിസ്റ്റർ ചെയ്യണോ വേണ്ടയോ എന്നും, എഫ്‌.ഐ.ആർ എഴുതണമോ എന്നുമൊക്കെ വിജിലൻസ്‌ തീരുമാനിക്കൂ. ചുരുക്കിപ്പറഞ്ഞാൽ സമയം നീട്ടിയെടുക്കുക, അതിനുള്ളിൽ പ്രശ്നം ഒത്തുതീർപ്പാക്കുക എന്നതാണ്‌ സർക്കാരിന്റെ പദ്ധതിയെന്നു വ്യക്തം.

വിജിലൻസ്‌ വകുപ്പ്‌ ഒരിക്കലും ഒരു കേസ്‌ രജിസ്റ്റർ ചെയ്യുക പോലും ചെയ്യാതെ 45 ദിവസമോ അതിലധികമോ സമയം എടുത്ത്‌ ഒരു പ്രാഥമിക പരിശോധന (preliminary examination) മാത്രം നടത്തി, ഒടുവിൽ തെളിവൊന്നും ലഭിച്ചില്ല എന്നു പറഞ്ഞൊരു കേസ്‌ ഡയറി മാത്രം എഴുതി അന്വേഷണം അവസാനിപ്പിച്ച്‌, അതിനുള്ളിൽ പണം കൈമാറ്റം ചെയ്തതിന്‌ അവശേഷിക്കുന്ന എന്തെങ്കിലും തെളിവുകളുണ്ടെങ്കിൽ അതുകൂടി കണ്ടെത്തി നശിപ്പിച്ച ശേഷമായിരിക്കും മറ്റൊരു ഏജൻസിയിലേക്ക്‌ ഈ കേസ്‌ എത്തുക.

ഈ വർഷമാദ്യം പുതിയ ബാർ ലൈസൻസിനായി അപേക്ഷിച്ച ഒരു സംഘം വ്യവസായികൾ  അതിനായി കോടതിയെ സമീപിച്ചു വാദിക്കുന്നതിനിടയിൽ, ലൈസൻസിനു യോഗ്യമല്ല എന്നു ജസ്റ്റിസ്‌ എം.രാമചന്ദ്രൻ കമ്മീഷൻ കണ്ടെത്തിയ ബാറുകൾ പോലും (418 എണ്ണം) കേരളത്തിൽ നിർബാധം തുറന്നു പ്രവർത്തിക്കുന്നുണ്ട്‌ (എന്നിട്ടും ഞങ്ങൾക്ക്‌ ലൈസൻസ്‌ തരാത്തതെന്തേ) എന്നു ചൂണ്ടിക്കാട്ടിയപ്പോഴാണ്‌ അതേപ്പറ്റി കോടതി അന്വേഷിച്ചത്‌. സംഗതി വാസ്തവമാണെന്നു സർക്കാരിന്റെ വക്കീലിനു സമ്മതിക്കേണ്ടി വരികയും, മുഖം രക്ഷിക്കാനായി സർക്കാർ ആ 418 ബാറുകളും പൂട്ടുമെന്നു കോടതിയെ അറിയിക്കുകയും, തുടർന്ന് അവയെല്ലാം മാർച്ച്‌ 31നു പൂട്ടുകയും ചെയ്തു. ലോക്സഭാ തെരെഞ്ഞെടുപ്പു കാലമായതിനാൽ അതിന്മേൽ സർക്കാർ തുടർനടപടിയൊന്നും എടുത്തില്ല, എങ്കിലും  തെരെഞ്ഞെടുപ്പു കഴിഞ്ഞാലുടൻ സർക്കാരും എക്സൈസുകാരും ബാറുകാരിൽ നിന്നു പിരിവു നടത്തുമെന്നും, പണം നൽകിയവരുടെ ബാറുകൾക്കു മാത്രം 'നിലവാരം' കൂടിയതായി കണ്ടു വീണ്ടും തുറക്കാൻ അനുമതി നൽകുമെമൊക്കെ എല്ലാവർക്കും പരക്കെ ബോധ്യമുണ്ടായിരുന്നു.

എന്നാൽ തെരെഞ്ഞെടുപ്പു കഴിഞ്ഞു പൂട്ടിയ ബാറുകൾ വീണ്ടും തുറക്കാൻ അണിയറ നീക്കങ്ങൾ തുടങ്ങിയതു മാധ്യമങ്ങൾ ചർച്ചയാക്കുകയും, ശ്രീ വി.എം.സുധീരൻ ആ നീക്കത്തെ എതിർക്കുകയും ചെയ്തപ്പോഴാണ്‌ സർക്കാർ പ്രതിരോധത്തിലായത്‌. ശ്രീ സുധീരന്റെ ഇടപെടലോടെ കൈവിട്ടുപോയ പ്രശ്നം തിരിച്ചു പിടിക്കാനുള്ള ചാണക്യ തന്ത്രങ്ങളാണു പിന്നീടു സർക്കാർ നടത്തിയത്‌. ശ്രീ സുധീരനു മറുപടിയെന്നവണ്ണം മുഴുവൻ ടു-സ്റ്റാർ ബാറുകളും പൂട്ടുമെന്നും, സർക്കാർ സമ്പൂർണ്ണ മദ്യനിരോധനത്തിലേക്ക്‌ പോകുന്നുവെന്നുമൊക്കെ തന്ത്രശാലിയായ ശ്രീ ഉമ്മൻ ചാണ്ടി പ്രഖ്യാപിക്കുന്നു. നിയമപരമായും പ്രായോഗികമായും ഒരു തരത്തിലും  നിലനിൽക്കാത്ത ഒരു പദ്ധതിയാണ്‌ മദ്യ നിരോധനത്തിനായി ശ്രീ ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചത്‌. വിഷയം കോടതിയിലെത്തുകയും സർക്കാരിന്റെ മദ്യനയം നിയമമാക്കാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തപ്പോഴും നിയമം ഭേദഗതി ചെയ്യാതെ ചട്ടങ്ങൾ മാത്രം ഭേദഗതി ചെയ്തു, അതും വിവേചനപരമായ വ്യവസ്ഥകളോടെ.

ആ നാടകം അങ്ങനെ മുഴുവൻ ജനങ്ങളേയും പരിഹസിച്ചു കൊണ്ടു മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ്‌ ബാർ ഉടമകളുടെ സംഘടനാ ഭാരവാഹിയായ ഡോ. ബിജു രമേശിന്റെ വെളിപ്പെടുത്തൽ വരുന്നത്‌. ഓക്ടാബർ 31നു മനോരമ ന്യൂസ്‌ ചാനലിൽ ഷാനി പ്രഭാകരൻ ഹോസ്റ്റ്‌ ചെയ്യുന്ന കൗണ്ടർ പോയിന്റ്‌ എന്ന വാർത്താ ചർച്ചയിലാണു കോഴ വിവരം ബിജു രമേശ്‌ വെളിപ്പെടുത്തുന്നത്‌. കോടതിയുടെ ചോദ്യത്തേത്തുടർന്ന് മാർച്ച്‌ മുപ്പത്തൊന്നിനു പൂട്ടാൻ തീരുമാനിച്ച ബാറുകൾ തുറന്നു കൊടുക്കാൻ കെ.എം.മാണി ഒരു കോടി രൂപ കോഴ ചോദിച്ചു എന്നും, അതു നൽകിയ ശേഷം വീണ്ടും അഞ്ചു കോടി കൂടി ആവശ്യപ്പെട്ടതു കൊടുക്കാത്തതിനാലാണു ബാറുകൾ തുറക്കാഞ്ഞത്‌ എന്നുമായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ.

ബിജു രമേശിന്റെ വെളിപ്പെടുത്തൽ ജനങ്ങളെ ഞെട്ടിച്ചില്ല. കാരണം മിക്ക രാഷ്ട്രീയക്കാരും സ്ഥിരമായ ഇടവേളകളിൽ വ്യവസായികളിൽ നിന്നും പണം വാങ്ങുന്നവരാണെന്നും, ബിസിനസ്സുകാർ സ്ഥിരമായി രാഷ്ട്രീയക്കാർക്കു പണം നൽകിക്കൊണ്ടിരിക്കുന്നവരാണെന്നുമെല്ലാം എല്ലാവർക്കും അറിവുള്ളതാണ്‌. പ്രതിസന്ധി ഘട്ടങ്ങളുണ്ടാവുമ്പോഴും കാര്യം നടത്തിക്കൊടുക്കാനുമെല്ലാം മന്ത്രിമാർ കൂടുതൽ പണം ചോദിക്കുമെന്നും, അതു നൽകാൻ ബിസിനസ്സുകാർ തയ്യാറാവുമെന്നും എല്ലാവർക്കും ബോധ്യമുണ്ട്‌. പക്ഷേ അങ്ങനെയൊക്കെ കൊടുത്തു ശീലിച്ച ഒരു ബിസിനസ്സുകാരൻ ഇതൊക്കെ ഒരു ദിവസം തുറന്നു പറയണമെങ്കിൽ അതിനു പിന്നിലൊരു ലക്ഷ്യമുണ്ടാവും എന്നും ഊഹിക്കാൻ ബുദ്ധിമുട്ടില്ല.

പക്ഷേ ഇവിടെയൊരു പ്രശ്നമുണ്ട്‌: മുഴുവൻ നാട്ടുകാരുടെയും മുന്നിൽ വച്ചൊരാൾ മന്ത്രി തങ്ങളോട്‌ കൈക്കൂലി ചോദിച്ചു എന്നും, ഞങ്ങൾ ഒരു ഗഡു നൽകി എന്നുമൊക്കെ വിളിച്ചു പറഞ്ഞാൽ പോലും കേസെടുക്കാൻ ഈ നാട്ടിൽ നിയമമില്ലേ? ടെലിവിഷനിലെ വെളിപ്പടുത്തലിന്റെ അടിസ്ഥാനത്തിലോ, പത്രവാർത്തകളുടെ അടിസ്ഥാനത്തിലോ ഒന്നും കേസെടുക്കാൻ, അഴിക്കേസിലാണെങ്കിൽ വിശേഷിച്ചും, കോടതികൾ തയ്യാറാവാറില്ല. അല്ലെങ്കിൽ പരാതിക്കാരൻ, അതായതു പണം നൽകിയയാൾ (ഇവിടെ ബിജു രമേശ്‌) പരാതി നൽകണം. എന്നാൽ സർക്കാരിനെ സമ്മർദ്ദത്തിലാക്കി കാര്യം സാധിച്ചെടുക്കാൻ മാത്രം ലക്ഷ്യമിടുന്ന ബാർ മുതലാളിമാർ പരാതി നൽകുകയില്ല എന്നുറപ്പാണ്‌. ഒരു കുറ്റകൃത്യം നടന്നു എന്നു ജനങ്ങൾക്കു മുഴുവൻ ബോധ്യപ്പെടുകയും, എന്നാൽ കൂട്ടുപ്രതികൾ തമ്മിലുള്ള ഒത്തുകളി മൂലവും നിയമത്തിന്റെ ദുർബലാവസ്ഥ മൂലവും കുറ്റവാളികൾക്കെതിരേ നടപടിയെടുക്കാനാവാതെ വരുന്ന നിസ്സഹായാവസ്ഥയിൽ ജനങ്ങൾക്ക്‌ എന്തു ചെയ്യാനാവും?

ഒന്നുകിൽ Prevention of Corruption Act 1988ഉം ബന്ധപ്പെട്ട മറ്റു നിയങ്ങളും ഭേദഗതി ചെയ്യുക, അല്ലെങ്കിൽ ഒരു സമഗ്ര ലോക്പാൽ നിയമം കോണ്ടുവരിക, അതു മാത്രമാണു പരിഹാരം. കൂടാതെ എല്ലാ രാഷ്ട്രീയപ്പാർട്ടികളേയും വിവരാവകാശ നിയമത്തിന്റെ കീഴിൽ കൊണ്ടുവരണം, അതായത്‌ അവരുടെ മുഴുവൻ ഫണ്ട്‌ വിവരങ്ങളും പൊതുജനങ്ങൾക്ക്‌ ലഭ്യമാവണം. അതിനൊരു ശ്രമം അഴിമതി തൊഴിലാക്കിയവരുടെ ഭാഗത്തു നിന്നുണ്ടാവും എന്നു പ്രതീക്ഷിക്കരുതല്ലോ.

ബാർ കോഴ വിഷയത്തിൽ നിയമ നടപടികൾ ആം ആദ്മി പാർട്ടു തുടരുക തന്നെ ചെയ്യും. വിജിലൻസിന്റെ നടന്നു കൊണ്ടിരിക്കുന്ന അന്വേഷണം നിരീക്ഷിച്ച ശേഷം എഫ്‌.ഐ.ആർ എഴുതാൻ സുപ്രീംകോടതി നൽകിയിരിക്കുന്ന 15 ദിവസം എന്ന സമയപരിധിക്കു ശേഷം ഹൈക്കോടതിയേത്തന്നെ വീണ്ടും സമീപിക്കുകയോ, അല്ലെങ്കിൽ സുപ്രീംകോടതിയെ നേരിട്ടു സമീപിക്കുകയോ ചെയ്യുന്ന കാര്യം പരിഗണിക്കുന്നു. കൈക്കൂലി വാങ്ങിയവരും കൊടുത്തവരും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കി ജനങ്ങളെ വിഡ്ഢികളാക്കിയിട്ടു രക്ഷപ്പെടാൻ എന്തായാലും ആം ആദ്മി പാർട്ടി അനുവദിക്കില്ല. 

No comments:

Post a Comment