അടിയന്തിരാവസ്ഥക്കാലത്ത് സഞ്ചയ് ഗാന്ധിയുടെ നേതൃത്വത്തിൽ നടന്നതായിരുന്നു ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ കൂട്ട വന്ധ്യംകരണം. അന്ന് ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ നിരക്ഷരരായ ദളിത് സ്ത്രീകളെ വീടുകളിൽ നിന്നു പിടിച്ചിറക്കിക്കൊണ്ടു പോയി നിർബന്ധിച്ച് വന്ധ്യംകരണം നടത്തിയിരുന്നതായി റിപ്പോർട്ട് ചെയ്തത് വിദേശ മാധ്യമങ്ങളാണ്. സഞ്ചയ് ഗാന്ധി അടുത്ത പ്രധാനമന്ത്രിയാവും എന്നു വിശ്വസിച്ചിരുന്ന, അദ്ദേഹത്തെ ഭയപ്പെട്ടിരുന്ന ഇന്ത്യൻ പത്രങ്ങൾ അന്നതു റിപ്പോർട്ട് ചെയ്യാൻ മടിച്ചു.
ഇപ്പോൾ ഉത്തരേന്ത്യയിൽ നിന്നും വീണ്ടും കൂട്ട വന്ധ്യംകരണ വാർത്തകൾ വരുന്നു. ഛത്തീസ്‌ഗഡിൽ 5 മണിക്കൂറിനുള്ളിൽ 83 ശസ്ത്രക്രിയകളാണ് (laparoscopic tubectomy) ആർ.കെ.ഗുപ്ത എന്ന സർക്കാർ ഡോക്ടർ ചെയ്തു കളഞ്ഞത്. അതിൽ 16 പേർ മരിച്ചു.
ഇവിടുത്തെ പ്രധാന പ്രശ്നം ഇതാണ്: സഞ്ചയ് ഗാന്ധിയായാലും, ഡോ: ആർ.കെ.ഗുപ്തയായാലും ഇങ്ങനെ കെ.എഫ്.സിയുടെ ഫാക്ടറിയിൽ കോഴികളെ കഷണമാക്കുന്നതു പോലെ (മൂന്നു മിനിറ്റിൽ ഒരു കോഴി) ഒരു കൂട്ട വന്ധ്യംകരണം നടത്തുന്നയിടത്തേക്കു സ്വന്തം ഭാര്യയേയോ, സഹോദരിയേയോ, മകളേയോ, മരുമകളേയോ അയക്കുമോ?
ഇന്ത്യയിലെ ജനസാമാന്യത്തിന് സഞ്ചയ് ഗാന്ധിയുടെ ഭാര്യക്കും ഡോ: ആർ.കെ.ഗുപ്തയുടെ വീട്ടിലെ സ്ത്രീകൾക്കും തുല്യമായ അന്തസ്സിന് അർഹതയില്ലേ? സ്ഥിതിവിവരക്കണക്കുകളിൽ എണ്ണം തികക്കാനുള്ള അക്കങ്ങൾ മാത്രമാണോ ഈ രാജ്യത്തെ സാധാരണക്കാർ?
ഡോക്ടറുടെ മാരത്തൺ ശസ്ത്രക്രീയയിൽ അണുബാധയുണ്ടായിരുന്നില്ലെങ്കിൽ, ഇത്രയും സ്ത്രീകൾ മരിച്ചിരുന്നില്ലെങ്കിൽ ഈ പ്രശ്നം സർക്കാരിന്റെയോ മാധ്യമങ്ങളുടെയോ ശ്രദ്ധയിൽ പെടുമായിരുന്നോ? അദ്ദേഹം ഏറ്റവും കൂടുതൽ ശസ്ത്രക്രിയ ചെയ്തതിനുള്ള ഒരവാർഡു കൂടി നേടി ഈ അപമാനിക്കൽ തുടരുമായിരുന്നില്ലേ?
സർക്കാർ (തുച്ഛമായ) സാമ്പത്തിക പ്രലോഭനങ്ങൾ (1400 രൂപ) നൽകി നടത്തുന്ന വന്ധ്യംകരണം മനുഷ്യാവകാശ ലംഘനമാണ്. വന്ധ്യംകരിക്കപ്പെടുന്നവർ പലപ്പോഴും കാര്യമെന്തെന്നറിയാതെയാണ് അതിനു വിധേയരാവുന്നത്. ദീർഘകാല ഗർഭനിരോധനത്തിനുള്ള മാർഗ്ഗങ്ങളും പൂർണ്ണമായ വന്ധ്യംകരണവും തമ്മിൽ തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇതിനു വിധേയരാവുന്ന സ്ത്രീകൾക്കു നൽകേണ്ടതാണ്.
No comments:
Post a Comment