Monday, October 27, 2014

ആം ആദ്മി പാർട്ടിക്ക്‌ കേരളത്തിൽ ഏറ്റെടുക്കാവുന്ന ചില പ്രശ്നങ്ങൾ


  1. ബസ്സ്‌ യാത്രാ നിരക്കിലെ മിനിമം ചാർജ്ജിൽ രണ്ടു ഫെയർ സ്റ്റേജ്‌ യാത്രയാണു സർക്കാർ വിജ്ഞാപനം വാഗ്ദാനം ചെയ്യുന്നത്‌. അത്‌ അനുവദിച്ചു കിട്ടാൻ ഹൈക്കോടതിയെ സമീപിക്കുക. ഇതു മൊത്തത്തിലുള്ള ബസ്സ്‌ ചാർജ്ജിൽ, ഓരോ ഫെയർ സ്റ്റേജിലും, നിരക്കിൽ ഇരുപതു ശതമാനത്തോളം കുറവു വരുത്തും. ആം ആദ്മി പാർട്ടിയുടെ പ്രധാന അജൻഡയായ അഴിമതിക്കെതിരായ പോരാട്ടത്തിൽ വരുന്ന വിഷയമാണിത്‌. കാലാകാലങ്ങളിൽ ഗതാഗത വകുപ്പു ഭരിക്കുന്ന മന്ത്രിമാർ ബസ്സ്‌ ഓപ്പറേറ്റർമാരുടെ സംഘടനയിൽ നിന്നു വാർഷിക വിഹിതം വാങ്ങിയാണ്‌ ഈ വക വ്യവസ്ഥകൾക്കു നേരെ കണ്ണടച്ചു കൊടുക്കുന്നത്‌. ഒരു റിട്ട്‌ ഹർജ്ജിയിലൂടെ നേടിയെടുക്കാവുന്ന പ്രശ്നമേ ഇതിലുള്ളൂ. ഏതാണ്ടു നാലു വർഷം മുൻപ്‌ ഒരു എൻ.ജി.ഓ ഹൈക്കോടതിയിൽ ഹർജ്ജി നൽകിയതിനേത്തുടർന്ന് പരിഗണനക്കുവന്ന വിഷയം എന്നാൽ വിധിപറയാതെ തീർപ്പാക്കി. ബസ്സ്‌ മുതലാളിമാരുമായി എൻ.ജി.ഒ കോടതിക്കു പുറത്ത്‌ ഒത്തുതീർപ്പുണ്ടാക്കിയെന്നു വ്യക്തം.
  2. പാലിയേക്കര ടോൾ പ്ലാസയിൽ ഒരു വശത്തു നിരന്തരമായ സമരവും മറുവശത്തു കൃത്യമായ ഇടവേളകളിൽ നിരക്കു വർദ്ധനയും നടക്കുന്നു. സമരം തൊഴിലാക്കിയ, അതുകൊണ്ടു നിലനിൽക്കുന്ന പാർട്ടികൾക്ക്‌ ഇതൊരു ശീലവും വരുമാന മാർഗ്ഗവുമാണ്‌. പാലിയേക്കര ടോൾപ്ലാസയിൽ സമരം നടത്തുന്ന പാർട്ടികൾക്കെല്ലാം മാസാമാസം ടോൾ കമ്പനിയുടെ വക വിഹിതമുണ്ടെന്നതു പരസ്യമായ രഹസ്യം. പാർട്ടിയുടെ വലിപ്പവും, ശല്യമുണ്ടാക്കാനുള്ള കഴിവുമനുസരിച്ച്‌ മാസവിഹിതം കൂടും. സമരം കമ്പനിയുടെ വരുമാനം തടയാത്ത തരത്തിൽ പരിധിക്കുള്ളിൽ നിർത്തുന്നതിനുള്ള പ്രതിഫലമാണ്‌ ഈ മാസാമാസമുള്ള "ലാഭ വിഹിതം". ഈ കൂട്ടുകൊള്ളക്ക്‌ ഒരവസാനമുണ്ടാക്കാൻ ആം ആദ്മി പാർട്ടിക്ക്‌ സാധിക്കണം. ഉടൻ തന്നെ ആം ആദ്മി പാർട്ടി ബി.ഓ.ടി കരാറിലുണ്ടായിട്ടുള്ള നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി, കരാർ റദ്ദാക്കണം എന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിക്കണം. അവിടെ നീതി കിട്ടിയില്ലെങ്കിൽ ടോൾ കൊടുക്കാൻ വിസമ്മതിച്ചു ടോൾ പ്ലാസ്സയിലൂടെ വാഹനമോടിച്ച്‌ നിയമലംഘനം നടത്തണം, ഗാന്ധിജിയുടെ ഉപ്പു സത്യഗ്രഹം പോലെ. ഇക്കാര്യത്തിൽ ഇപ്പോൾ പറഞ്ഞു കേൾക്കുന്ന നികുതി വർദ്ധിപ്പിച്ചോ സെസ്സ്‌ ഏർപ്പെടുത്തിയോ സ്വകാര്യ വാഹനങ്ങൾക്കു ടോൾ ഒഴിവാക്കാമെന്ന നിർദ്ദേശം അന്യായമാണ്‌. ജനങ്ങളുടെ പണം പിടിച്ചു വാങ്ങി ബി.ഓ.ടി കമ്പനിയെ ഏൽപ്പിക്കുന്ന ഒരു ഏജന്റായി വർത്തിക്കാൻ സർക്കാരിനെ അനുവദിക്കരുത്‌.
  3. ആരോഗ്യ മേഖലയിൽ നിന്നു സർക്കാർ തന്ത്രപരമായി പിന്മാറുകയും സ്വകാര്യ ബിസിനസുകാരെ പണം വാരാൻ അനുവദിക്കുകയും ചെയ്യുന്നതു മൂലമുള്ള പ്രശ്നങ്ങൾ പാർട്ടി ഏറ്റെടുക്കുക (നഴ്സുമാർക്ക്‌ തുച്ഛമായ ശംബളം നൽകി ആശുപത്രികളിലെ എല്ലാ പണിയുമെടുപ്പിക്കൽ, രോഗികളെ അനാവശ്യ പരിശോധനകൾക്കു വിധേയരാക്കൽ, പരമ്പരാഗത ആന്റിബയോട്ടിക്കുകൾ പോലും ആഗോള മരുന്നു കമ്പനികളുടെ പുതിയ വിലകൂടിയ കോംബിനേഷനുകൾ മാത്രം കുറിച്ചു നൽകൽ, അമിതമായി മരുന്നു നിർദ്ദേശിക്കൽ, അത്യാവശ്യമില്ലാത്തിടത്തും അവയവം മാറ്റിവക്കാൻ നിർദ്ദേശിക്കൽ, സുഖപ്രസവം നടക്കാവുന്ന കേസുകളിലും സിസ്സേറിയൻ നിർദ്ദേശിക്കൽ, പ്രമേഹ രോഗികളെയും ഹൃദ്രോഗികളേയും അനാവശ്യ അത്യാധുനിക ചികിതസകൾക്കു വിധേയരാക്കി പണം പിടുങ്ങൽ).
  4. എയിഡഡ്‌ സ്കൂളുകളിൽ അധ്യാപന ജോലി തേടുന്നവരിൽ നിന്ന് ലക്ഷങ്ങൾ കോഴ വാങ്ങുകയും, എന്നിട്ട്‌ അവർക്ക്‌ സർക്കാർ ഖജനാവിൽ നിന്നു നൽകുന്ന ശമ്പളത്തിൽ നിന്നു പകുതിയിലധികവും കൈയ്യിട്ടു വാരുകയും ചെയ്യുന്ന മാനേജ്മെന്റുകൾക്കെതിരേ തെളിവു ശേഖരിച്ചു നടപടിയെടുപ്പിക്കുക. സർക്കാർ നടപടിക്കു തയ്യാറായില്ലെങ്കിൽ തെളിവുകളുമായി കോടതിയെ സമീപിക്കുക.
  5. ഭക്ഷ്യോത്പന്നങ്ങളിലെ നിരോധിത നിറങ്ങൾ: നാം ദിവസേന കഴിക്കുന്ന ഭക്ഷണ വിഭവങ്ങളിൽ (മഞ്ഞൾ, മഞ്ഞൾപ്പൊടി, മുളകുപൊടി, മറ്റു മസാലപ്പൊടികൾ, പരിപ്പ്‌, ഗ്രീൻ പീസ്‌, ലഡ്ഡു, ജിലേബി, കായ വറുത്തത്‌, ഫ്രൂട്ട്‌ സ്ക്വാഷ്‌, മിഠായികൾ, മട്ടയരി) അനുസ്യൂതം ഉപയോഗിച്ചു വരുന്ന റോഡമൈൻ ബി, ആസിഡ്‌ ഓറൻജ്‌, മെറ്റാനിൽ യെല്ലോ, ഓറമൈൻ തുടങ്ങിയ ഗുരുതര അരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന, കുട്ടികളിലെ മസ്തിഷ്ക വളർച്ച പോലും തടസ്സപ്പെടുത്തുന്ന നിരോധിത സിന്തറ്റിക്‌ നിറങ്ങളുടെ ഉപയോഗം തടയുന്നതിനു നിയമ നടപടികൾ സ്വീകരിക്കുകയും, അവയേക്കുറിച്ചു ജനങ്ങളേയും വ്യാപാരികളേയും ബോധവത്കരിക്കുന്നതിനു പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുക.
  6. മെഡിക്കൽ, എഞ്ചിനിയറിങ്ങ്‌, നഴ്സിങ്ങ്‌, ബി.എഡ്‌ ഉൾപ്പെടെയുള്ള സ്വാശ്രയ പ്രഫഷണൽ വിദ്യാഭ്യാസ മേഖലയിൽ നടന്നുവരുന്ന ചൂഷണം (തലവരി, അമിത ഫീസ്‌), നിലവാരമില്ലാത്ത സേവനം (യോഗ്യതയും കഴിവുമില്ലാത്ത അധ്യാപകരും, സൗകര്യങ്ങളില്ലാത്ത സ്ഥാപനങ്ങളും) തുടങ്ങിയ പ്രശ്നങ്ങൾ ഏറ്റെടുക്കുക. കോടതിയിലൂടെ പരിഹാരം കാണാവുന്ന കാര്യങ്ങളിൽ അതു ചെയ്യുക. അവിടെ നീതി ലഭിച്ചില്ലെങ്കിൽ പ്രചരണ സമര പരിപാടികൾ സംഘടിപ്പിക്കുക.
  7. പച്ചക്കറികളിലെ അമിത കീടനാശിനി ഉപയോഗത്തെ നേരിടാനായി മാർക്കറ്റിൽ നിന്നു സാമ്പിൾ ശേഖരിച്ചു സർക്കാർ ലാബുകളിലോ, അക്രഡിറ്റഡ്‌ ലാബുകളിലോ പരിശോധനക്കയച്ച്‌ നടപടി ആവശ്യപ്പെടുക. ഇതിനു സംസ്ഥാനതലത്തിൽ സാമ്പിൽ ശേഖരണം നടത്താവുന്നതും, സമാന പ്രവർത്തനങ്ങൾ നടത്തുന്ന ദേശീയ എൻ.ജി.ഓകളിൽ നിന്നു സഹകരണം ആവശ്യപ്പെടാവുന്നതുമാണ്‌.

No comments:

Post a Comment