Thursday, October 09, 2014

ചേരാനല്ലുർ പൊലീസ്‌ മർദ്ദനക്കേസ്‌


ഇടപ്പള്ളി അമൃത ആശുപത്രിയിലെ എന്റോക്രൈനോളജി വിഭാഗം തലവൻ ഡോ. ഹരീഷ്‌ കുമാറിന്റെ ചേരാനല്ലൂരെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്ന ലീബ എന്ന യുവതിയെ ആഗസ്റ്റ്‌ 23നാണ്‌ ചേരാനല്ലൂർ പൊലീസ്‌ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസറായ സബ്‌ ഇൻസ്പെക്ടർ സാംസൺ കസ്റ്റഡിയിൽ എടുക്കുന്നത്‌. 14 പവൻ സ്വർണ്ണം മോഷ്ടിച്ചു എന്നായിരുന്നു ഡോ. ഹരീഷിന്റെ പരാതി.

യുവ എം.എൽ.എയുടെയും, അതേ ഗ്രൂപ്പുകാരനായ മന്ത്രിയുടേയും ഇടപെടലാണ്‌ കേവലമൊരു 14 പവൻ മോഷണക്കേസിൽ പൊലീസിത്ര അമിത താത്പര്യം കാണിക്കാൻ കാരണമെന്നാണ്‌ മാധ്യമ ലോകത്തെ സംസാരം.  ആശുപത്രി മാനേജ്മെന്റുമായി അടുത്ത ബന്ധമുള്ള ഈ മന്ത്രിയുടെ പുത്രൻ ഇതേ മെഡിക്കൽ കോളജിൽ തന്നെ പഠിച്ച്‌ ഇപ്പോൾ ഇതേ ആശുപത്രിയിൽ തന്നെ ജൂനിയർ ഡോക്ടറായി ജോലി ചെയ്യുന്നു. രാജാവിനേക്കാൾ രാജഭക്തിയുള്ള പൊലീസ്‌, മന്ത്രിയേയും എം.എൽ.എയേയും സന്തോഷിപ്പിക്കാൻ ദളിത്‌ യുവതിയെ തല്ലിച്ചതച്ചു.

പൊലീസ്‌ മർദ്ദനത്തിനെതിരേ പ്രക്ഷോഭം നടത്താനും നിയമനടപടി സ്വീകരിക്കാനുമായി നാട്ടുകാർ രൂപീകരിച്ച സമര സമിതിയുടെ കൺവീനർ കോൺഗ്രസ്സുകാരനും എം.എൽ.എയുടെ വിശ്വസ്ഥനുമായ പഞ്ചായത്തംഗം തന്നെ!!! എന്തൊക്കെ സമരം നടത്തിയാലും പൊലീസുകാർക്കു സർവ്വീസിൽ ബുദ്ധിമുട്ടു വരുത്തുന്ന തരത്തിലുള്ള നിയമ നടപടുകളിലേക്ക്‌ സമരസമിതി ഒരിക്കലും പോവാതിരിക്കാനാണ്‌ ഈ മുൻ കരുതൽ.

കസ്റ്റഡി മർദ്ദനക്കേസിൽ ഹൈക്കോടതി അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജ്ജി നൽകിയ ജൂനിയർ വക്കീലാവട്ടെ നേരത്തേ പറഞ്ഞ എം.എൽ.എയുടെ സുഹൃത്തും കെ.എസ്‌.യുവിലെ മുൻകാല സഹപ്രവർത്തകനും സഹായിയുമൊക്കെയാണ്‌!!!!

ഒരു ദളിത്‌ യുവതിയെ പത്തിലധികം പുരുഷ പൊലീസുകാർ ദിവസങ്ങളോളം കസ്റ്റടിയിൽ വച്ച്‌ തല്ലിച്ചതച്ച്‌ നട്ടെല്ലിനു ഫ്രാക്ച്ചർ വരെ വന്ന സെൻസേഷണൽ സംഭവമായതിനാൽ വല്ല മനുഷ്യാവകാശ പ്രസ്ഥാനങ്ങളും കേസുമായി ഹൈക്കോടതിയേയോ സുപ്രീംകോടതിയേയോ സമീപിച്ചാൽ കാര്യങ്ങൾ കൈവിട്ടു പോവാതിരിക്കാൻ  കണ്ടെത്തിയ മാർഗ്ഗമാണത്രേ  സ്വന്തം ആവനാഴിയിലെ യുവ വക്കീലിനെക്കൊണ്ടു തന്നെ ഹൈക്കോടതിയിൽ കേസു കൊടുപ്പിച്ചത്‌.  ഒരിക്കൽ ഒരു പൊതുതാത്പര്യ ഹർജ്ജിയിൽ സമർപ്പിക്കപ്പെട്ട അതേ ആവശ്യങ്ങളുമായി അതു പരിഗണനയിലിരിക്കുമ്പോൾ മറ്റൊരു ഹർജ്ജി വന്നാൽ, അതു സ്വീകരിക്കാൻ കോടതി വൈമനസ്യം കാണിക്കും. ആ ഹർജ്ജി തീർപ്പാക്കും വരെ മറ്റാരേയും അങ്ങോട്ട്‌ അടുപ്പിക്കാതിരിക്കുകയെന്ന ക്ലാസ്സിക്ക്‌ തന്ത്രം. ഹൈക്കോടതിയിൽ കേസെടുത്തപ്പോൾ ഉടൻ എഫ്‌.ഐ.ആർ എഴുതേണ്ട കേസിൽ സർക്കാർ വക്കീൽ നാലാഴ്ച്ച സമയം ചോദിച്ചു, ഹർജ്ജിക്കാരൻ കൂടിയായ "പൊതു താത്പര്യ" വക്കീൽ അത്‌ എതിർത്തില്ല എന്നതു ശ്രദ്ധേയം.

എന്തായാലും പൊലീസിന്‌ ഫലത്തിൽ നാലാഴ്ച്ചത്തെ സമയം നീട്ടി നൽകുകയാണ്‌ കോടതി ചെയ്തത്‌. ഈ കാലയളവിൽ പൊലീസിനു ചെയ്യാൻ സാധിക്കുക പരാതിക്കാരിയേയും സാക്ഷികളേയും ഭീഷണിപ്പെടുത്തുക, അവരെ ഒത്തുതീർപ്പിനു നിർബന്ധിക്കുക തുടങ്ങിയ കാര്യങ്ങളാണ്‌. നാലാഴ്ച്ചത്തെ സമയം കൊണ്ട്‌ ഈ സംഭവം ജനങ്ങളുടെ ഓർമ്മയിൽ നിന്നും പോവുകയും ചെയ്യും. അന്ന് ഹർജ്ജി വീണ്ടും പരിഗണനക്കു വരുമ്പോൾ ഹർജ്ജിക്കാരൻ ഹാജരാവാതിരുക്കുകയോ , സർക്കാരിന്റെ മറുപടി പരിഗണിച്ച്‌ വിധിപറയാതെ കേസ്‌ തീർപ്പാക്കുകയോ ചെയ്യും. തൊണ്ണൂറ്റഞ്ചു ശതമാനം പൊതുതാത്പര്യ ഹർജ്ജികളിലും വിധിയുണ്ടാവാറില്ല, എന്തെങ്കിലും നല്ലവാക്കു പറഞ്ഞ്‌ തീർപ്പാക്കുകയാണു ചെയ്യുക.

ഇതിനിടയിൽ പൊലീസ്‌  ലീബയുടെ മോഷണക്കുറ്റത്തിൽ തെളിവുണ്ടാക്കാനും തൊണ്ടിയായ 14 പവൻ കണ്ടെത്താനുമുള്ള തീവ്ര ശ്രമത്തിലായിരുന്നു. മോഷണം സ്ഥാപിക്കാനായാൽ അതോടെ കേരളത്തിലെ ജനങ്ങളിൽ നിന്ന് ലീബക്കു കിട്ടിയിരുന്ന സഹതാപത്തിന്റെ പിന്തുണ ഒറ്റയടിക്ക്‌ കീഴ്മേൽ മറിഞ്ഞ്‌ മോഷ്ടാവിനോടുള്ള വെറുപ്പായി മാറും എന്നുള്ളത്‌ സമൂഹമന:ശാസ്ത്രം നന്നായി അറിയാവുന്ന പൊലീസിനും, പൊലീസിനേക്കൊണ്ട്‌ ഇതൊക്കെ ചെയ്യിക്കുന്ന രാഷ്ടീയക്കാർക്കും നന്നായി അറിയാം. എന്നാൽ പൊലീസ്‌ കള്ളസാക്ഷി പറയാൻ നിർബന്ധിക്കുന്നതായി ആരോപിച്ച്‌ ജ്വല്ലറി ഉടമ കോടതിയെ സമീപിച്ചതോടെ പൊലീസ്‌ ആ വഴി തത്ക്കാലത്തേക്ക്‌ ഉപേക്ഷിച്ചു.

അതിനിടെ ലീബ തന്നെ മജിസ്ത്രേട്ട്‌ കോടതിയിൽ സെപ്തംബർ 26ന്‌ കേസ്‌ ഫയൽ ചെയ്തതിനേത്തുടർന്ന് കോടതി ഒക്ടോബർ 14ന്‌ ലീബയുടെ മൊഴി രേഖപ്പെടുത്താൻ നിശ്ചയിച്ച ശേഷമാണ്‌ പിറ്റേന്ന്, സെപ്തംബർ 27ന്‌, ഐ.ജി നാലു പേരെക്കൂടി സസ്പെൻഡ്‌ ചെയ്യൂന്നതായും, പൊലീസുകാർക്കെതിരേ ക്രിമിനൽ കേസ്‌ എടുത്തതായും പത്രക്കാരെ വിളിച്ച്‌ അറിയിച്ചത്‌. എന്നാൽ അങ്ങനെയൊരു കേസ്‌ ഇതുവരെ രെജിസ്റ്റർ ചെയ്തിട്ടില്ല.

രാഷ്ട്രീയത്തിൽ അമേച്വറുകളായ ഞങ്ങൾ കുറച്ചു പേർ ഈ കേസിൽ ഒരു ഹർജ്ജി ഫയൽ ചെയ്യുന്നതിനു വേണ്ടിയുള്ള അന്വേഷണങ്ങൾ നടത്തി ഇതുവരെ എത്തിയപ്പോഴാണ്‌ ഇത്രയുമൊക്കെ കാര്യങ്ങൾ തിരിച്ചറിഞ്ഞത്‌.

എന്നാൽ ചേരാനല്ലൂരിൽ അങ്ങാടിപ്പാട്ടായ ഈ ഇടപെടലുകൾ മൂലമുണ്ടായ ഇമേജ്‌ നഷ്ടം പരിഹരിക്കനാണത്രേ ചെറുപ്പത്തിലേ വലിയ രാഷ്ട്രീയ ദുർമ്മേദസ്സ്‌ ബാധിച്ച പ്രസ്തുത എം.എൽ.എ കഴിഞ്ഞ ദിവസം എന്തോ കുടിവെള്ള പ്രശ്നമോ മറ്റോ പറഞ്ഞ്‌ ഒരു ദിവസത്തെയൊരു നിരാഹാരം വളരെ ആഘോഷമായി നടത്തിയത്‌.

No comments:

Post a Comment