ഇന്ത്യൻ ഭരണഘടന അതിന്റെ ആർട്ടിക്കിൾ 244ഉം, പിന്നെ അഞ്ചും ആറും ഷെഡ്യൂളുകളും വഴി ആദിവാസി മേഖലകൾക്ക് (Scheduled Areas) സ്വയംഭരണം അനുവദിച്ചിട്ടുണ്ട്. പ്രകൃതിയുടെ ഭാഗമായി ജീവിക്കുന്ന, പ്രകൃതിയുടെ സന്തതികളായ ആദിവാസി സമൂഹത്തിന്റെ തനിമ സംരക്ഷിക്കുന്നതിനും, അവരുടെ ജീവിതരീതിയിന്മേലും അവരുടെ നൈസർഗ്ഗിക ചുറ്റുപാടിന്മേലും ഇതര സമൂഹങ്ങളുടെയോ വിശേഷിച്ച് ഭരണകൂടത്തിന്റെ തന്നെയോ ആശാസ്യമല്ലാത്ത ഇടപെടലുകൾ ഉണ്ടാവാതിരിക്കാനും വേണ്ടിയാണ് ദീർഘദർശ്ശികളായ ഭരണഘടനാ ശിൽപ്പികൾ ഇത്തരമൊരു ആശയം വിഭാവനം ചെയ്തത്.
ആസ്സാമിലെയും മറ്റു ചില സംസ്ഥാനങ്ങളിലേയും ആദിവാസി സ്വയംഭരണ മേഖലകൾ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ തന്നെ പ്രതിപാദിച്ചിട്ടുണ്ട്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഷെഡ്യൂൾഡ് മേഖലകൾ ഭരണഘടന ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിലും ആവശ്യാനുസരണം ട്രൈബൽ മേഖലകൾ വിജ്ഞാപനം ചെയ്യാൻ ഗവർണ്ണർമാർക്ക് ഭരണഘടന അധികാരം നൽകുന്നുണ്ട്.
അമേരിക്കൻ യൂറോപ്യൻ ഭരണഘടനകളിൽ നിന്നു കടംകൊണ്ടതാണ് ഇന്ത്യൻ ഭരണഘടനയിലെ ഈ വ്യവസ്ഥ. അമേരിക്കയിൽ ഈ ആശയം വളരെ ഭംഗിയായി നടപ്പാക്കിയിട്ടുമുണ്ട്. ഇന്ത്യൻ ഭരണഘടന എഴുതപ്പെടുന്നതിനു വളരെ മുമ്പു തന്നെ അമേരിക്കയിൽ "റിസർവ്വേഷൻ" (Reservation) എന്നു വിളിക്കപ്പെടുന്ന ഏതാണ്ടു മുന്നൂറോളം സ്വയംഭരണ മേഖലകൾ പല സംസ്ഥാനങ്ങളിലായി നിലവിലുണ്ട്.
എന്നാൽ ഭരണഘടന വാഗ്ദാനം ചെയ്യുന്ന ഈ സ്വയംഭരണാവകാശമെന്നല്ല, തങ്ങളുടെ ഭൂമിക്കുമേലുള്ള സ്വാഭാവിക അവകാശം പോലും ഇന്ത്യൻ ആദിവാസികൾക്ക് ഇതുവരെ ലഭ്യമായിട്ടില്ല. എഴുപതുകൾ വരെയൊക്കെ സ്വന്തം തനിമ നിലനിർത്തി വനത്തിലും വനപ്രാന്തങ്ങളിലും മാത്രമായി ഒതുങ്ങി ജീവിക്കുമ്പോഴും അവരെ ഭരിച്ചിരുന്നത് ഫോറസ്റ്റുകാരും, പിന്നെ ജന്മിമാരും പൊലീസുമൊക്കെയായിരുന്നു. ഇന്നു കാടുമായും അവരുടെ നൈസർഗ്ഗിക സാഹചര്യങ്ങളുമായുമുള്ള ബന്ധം നേർത്തു എന്നു മാത്രമല്ല വലിയൊരു പരിധിവരെ അവരുടെ തനതായ ഗോത്ര സ്വഭാവം തന്നെ നഷ്ടപ്പെട്ടു തുടങ്ങുകയും, അവർ വ്യാവസായിക ഉത്പന്നങ്ങളുടെ ഉപഭോക്താക്കൾ മാത്രമായി ചുരുങ്ങുകയും ചെയ്തു. അതു കൊണ്ടു തന്നെ ആദിവാസികളുടെ പ്രശ്നം വെറുമൊരു ഭൂമി പ്രശ്നം മാത്രമല്ല.
സർക്കാർ ആദിവാസികൾക്ക് ഭൂമി ഒട്ടും നൽകാഞ്ഞിട്ടുമല്ല. അവർക്കു നൽകപ്പെടുന്ന ഭൂമി കാലാകാലങ്ങളിൽ സർക്കാർ സംവിധാനത്തിന്റെ തന്നെ അവിഹിത അനുവാദത്തോടെ പ്രാദേശിക ജന്മിമാരും, "കുടിയേറ്റ കർഷകരും", റിസോർട്ടുകാരുമൊക്കെ തുച്ഛമായ വിലക്ക് എഴുതി വാങ്ങുന്നു. ട്രൈബൽ ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള നിയമ തടസ്സങ്ങൾ സർക്കാർ സംവിധാനം തന്നെ മറികടന്നു കൊടുക്കുന്നു.
ഏതാനും മാസങ്ങൾക്കു മുൻപ് ആലപ്പുഴ ജില്ലയിൽ കുട്ടനാടിന്റെ അതിർത്തി പ്രദേശത്ത് മണ്ണഞ്ചേരി എന്ന പഞ്ചായത്തിൽ, ഒരു സ്വകാര്യ റിസോർട്ട് ഏക്കറുകണക്കിനു കായൽ കയ്യേറി നികത്തിയെടുത്തു. സംഭവം പുറത്തായി വാർത്തയായപ്പോഴും സർക്കാർ കേസെടുക്കാൻ തയ്യാറായില്ല. അന്നു പറഞ്ഞ ന്യായം റിസോർട്ട് കമ്പനി കൈയ്യേറിയ കായലിനു പകരമായി സർക്കാരിനു മറ്റൊരു ജില്ലയിൽ വേറെ ഭൂമി നൽകും എന്നാണ്..!!! ആ പകരം ഭൂമിയുടെ വിവരങ്ങൾ മാധ്യമങ്ങൾ ചികഞ്ഞപ്പോളാണു കൂടുതൽ രസകരമായ കാര്യങ്ങൾ പുറത്തു വന്നത്. കമ്പനി സർക്കാരിനു വാഗ്ദാനം ചെയ്ത ഭൂമി വർഷങ്ങൾക്കു മുൻപ് സർക്കാർ തന്നെ ആദിവാസികൾക്ക് പതിച്ചുകൊടുത്ത വനഭൂമിയായിരുന്നു, അതും കൈമാറ്റം ചെയ്യാൻ അനുമതിയില്ലാതെ..!!! അതിലും ഇന്നേവരെ നടപടിയൊന്നുമുണ്ടായിട്ടില്ല.
ഇതങ്ങനെ അവസാനിക്കാത്തൊരു പ്രശ്നമായി തുടരുന്നു. വലിയ പ്രക്ഷോഭങ്ങളുണ്ടാവുമ്പോൾ കുറച്ചു ഭൂമി നൽകുകയും, അതു വീണ്ടും അപഹരിക്കപ്പെടുകയും, വീണ്ടും സമരങ്ങൾ അരങ്ങേറുകയും അങ്ങനെയങ്ങനെ.
നമ്മുടെ ഭരണഘടന വിഭാവനം ചെയ്യും പോലെയും, അമേരിക്ക മാതൃക കാണിച്ചിട്ടുള്ളതു പോലെയും ആദിവാസികൾക്കായി സംരക്ഷിത പ്രദേശങ്ങൾ വിജ്ഞാപനം ചെയ്യുകവഴി മാത്രമേ ഈ പ്രശ്നത്തിനു ശാശ്വത പരിഹാരമുണ്ടാവൂ.
ആം ആദ്മി പാർട്ടി പോലുള്ള മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആദിവാസികളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുകയും പരിഹരിക്കുകയും ചെയ്തില്ലെങ്കിൽ ആ സമൂഹം ഏതാനും ദശകങ്ങൾക്കപ്പുറം തനിമ നഷ്ടപ്പെട്ടു പൂർണ്ണമായി ഇല്ലാതാവുകയോ, അവരെ തീവ്രസഭാവമുള്ള സംഘടനകൾ ഉപകരണമാക്കുകയോ ചെയ്യും. അതിനാൽ ആദിവാസി സമൂഹത്തിന്റെ സങ്കീർണ്ണമായ പ്രശ്നങ്ങൾ പൊതു സമൂഹത്തിനിടയിൽ ചർച്ചയാക്കാൻ ആം ആദ്മി പാർട്ടിയുടെ ഐക്യദാർഢ്യ സമരം പ്രയോജനപ്പെടുത്താൻ ഓരോ പാർട്ടി അംഗത്തിനും സാധിക്കണം.
No comments:
Post a Comment