Thursday, October 23, 2014

വെളുക്കാൻ പെടാപ്പാടുപെടുന്ന ദളിത്‌ മലയാളി

കേരളത്തിലെ ദളിത്‌ യുവാക്കൾക്കിടയിൽ പോലും ഫെയർനെസ്സ്‌ ക്രീമുകളുടെ ഉപയോഗവും ബ്ലീച്ചിങ്ങുമെല്ലാം എല്ലാ പരിധിക്കുമപ്പുറത്തേക്കു പോയിരിക്കുന്നു.

ഇവിടത്തെ യഥാർത്ഥ പ്രശ്നം വെളുത്ത നിറവും ആര്യൻ ഫീച്ചേഴ്സും ആണ്‌ ഉദാത്ത സൗന്ദര്യം എന്ന തോന്നലാണ്‌. ആര്യൻ അധിനിവേശത്തിനു ശേഷമുണ്ടായ ഭാരത സമൂഹത്തിലെ ആര്യൻ മേധാവിത്വവും പിന്നീടുണ്ടായ മുഗൾ, ബ്രിട്ടീഷ്‌ ഭരണങ്ങളും, ഇന്നും ലോകത്തു തുടരുന്ന യൂറോപ്യൻ-അമേരിക്കൻ മേധാവിത്വവുമാണ്‌ ഇതിനു കാരണമായത്‌. ജയിച്ചവനെ, സമൂഹത്തിൽ മേധാവിത്വമുള്ളവനെ ശ്രേഷ്ഠരായി കരുതാനും, അവരെ എല്ലാ കാര്യങ്ങളിലും അനുകരിക്കാനുമുള്ള tendency ഉണ്ടാവുന്നു.

കറുപ്പും ദ്രാവിഡ ഫീച്ചേഴ്സും സൗന്ദര്യമാണ്‌ എന്ന തിരിച്ചറിവാണു കറുത്ത കുട്ടികളിൽ ഉണ്ടാക്കേണ്ടത്‌. ഒരു കാലത്തു ഭാരതത്തിൽ അങ്ങനെയായിരുന്നു. വ്യാസന്റെ കൃഷ്ണനും, വാത്മീകിയുടെ രാമനുമൊക്കെ കാർവർണ്ണന്മാരായിരുന്നു (കാർവർണ്ണം എന്നാൽ നീല നിറമെന്നോ മേഘത്തിന്റെ നിറമെന്നോ ഒന്നുമല്ല, കറുത്ത നിറമെന്നാണ്‌ അക്ഷരാർത്ഥം). ഉത്തരഭാരതത്തിലെ ദ്രാവിഡ ഔന്നത്യത്തിന്റെ ഇനിയും മായാത്ത ശേഷിപ്പും ദ്രാവിഡ മേധാവിത്വം പൂർണ്ണമായി അസ്തമിക്കുംമുമ്പുള്ള ഒരു സങ്കരസംസ്കാരകാലത്തിന്റെ (1500ബിസി - 500എഡി) കാവ്യരേഖയുമാണിത്‌. ഇങ്ങീ തെക്കേയറ്റത്ത്‌ കേരളത്തിൽ വെറും അൻപതു വർഷം മുൻപു മാത്രം എഴുതപ്പെട്ട നോവലായ ചെമ്മീനിലെ നായികയുടെ പേര്‌ കറുത്തമ്മയെന്നായിരുന്നു എന്നു കൂടി ഓർക്കുക. അതായതു വെറും അൻപതു വർഷം മാത്രം മുൻപ്‌ അരയ സമൂഹത്തിനിടയിൽ കറുത്തവൾ എന്നു മാതാപിതാക്കൾ സ്വന്തം മക്കൾക്ക്‌ സന്തോഷത്തോടെ പേരിട്ടിരുന്നു. ഇന്നാണെങ്കിൽ അവർ ശ്വേതയെന്നേ പേരിടൂ.

ഇന്നു നമ്മുടെ സിനിമയിലെ നടീനടന്മാരെല്ലാം തന്നെ വെളുത്തവരും ആര്യൻ ഫീച്ചേഴ്സ്‌ ഉള്ളവരുമാണ്‌. സമൂഹത്തിലെ അത്യുന്നത പദവിയിലിരിക്കുന്ന എല്ലാവരും ഡോക്ടർമ്മാരിലും ഫുട്ബോൾ കളിക്കാരിലും ഐ.പി.എസ്സുകാരിലും ഭൂരിപക്ഷവും (റിസേവേഷൻകാരോഴികെ) വെളുത്തവർ തന്നെ. ഇതൊക്കെ കാണുന്നവരാണു കുട്ടികൾ. അവരെ വെറുതെ തത്വം പറഞ്ഞു വിശ്വസിപ്പിക്കാൻ ബുദ്ധിമുട്ടാണ്‌. ഷോ ബിസിനസ്സ്‌ പൂർണ്ണമായും വെളുത്ത ആര്യൻ സൗന്ദര്യം മാത്രം പ്രമോട്ട്‌ ചെയ്യുന്ന ഇക്കാലത്ത്‌ കറുപ്പും ദ്രാവിഡരൂപവും സൗന്ദര്യമാണ്‌ എന്ന തിരിച്ചറിവ്‌ കുട്ടികളിൽ പ്രത്യേകിച്ച്‌ ദളിദരിൽ ഉണ്ടാക്കിയെടുക്കുകയെന്ന ബുദ്ധിമുട്ടുള്ള ജോലിയാണു കൗൺസിലർമ്മാരും ട്രെയിനർമ്മാരും നേരിടുന്നത്‌.

No comments:

Post a Comment