"സ്ത്രീകൾ ജീൻസിട്ടു വിഷമിപ്പിക്കരുത്" എന്നു യേശുദാസ് പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ട പ്രസ്താവന അത്ഭുതകരവും അവിശ്വസനീയവുമാവുന്നത് അതിലെ എളുപ്പത്തിൽ വായിച്ചെടുക്കാവുന്ന എഴുതാപ്പുറം കൊണ്ടു തന്നെയാണ്. പൊതുവിൽ എനിക്കു പറയാനുള്ളതിതാണ്: ഓരോരുത്തർ ധരിക്കേണ്ടതെന്തെന്ന് അവരവർ തന്നെയും പിന്നെ അവരുടെ ഉറ്റവരും തീരുമാനിക്കുന്നതു തന്നെയല്ലേ ഉചിതം. ഒരോരുത്തർ അവരവരുടെ താത്പര്യങ്ങൾക്കനുസരിച്ചും അവരവരുടെ സൗകര്യങ്ങൾക്കനുസരിച്ചും (comfort) വസ്ത്രം ധരിക്കട്ടെ.
ജീൻസിനേക്കുറിച്ചു സാധാരണ പ്രകടിപ്പിക്കപ്പെടാറുള്ളതു പോലെ എന്നാൽ അതിന്റെ എതിർ ദിശയിലുണ്ടാവാറുള്ളതാണ് പർദ്ദയോടുള്ള എതിർപ്പ്. പർദ്ദ ധരിക്കുന്നതിനെ മതമൗലികവാദമായും, തീവ്രതയുടെ ലക്ഷണമായും, വിദേശ സംസ്കാരത്തിന്റെ ലക്ഷണമായുമൊക്കെയാണ് വിമർശ്ശിച്ചത്. എഴുപതികളിലോ മറ്റോ ചുരീദാർ എന്ന വേഷം കേരളത്തിലേക്ക് ആദ്യമായി വന്നപ്പോൾ അതിനെ പഞ്ചാബിന്റെ വസ്ത്രമാണെന്നു പറഞ്ഞ് പാരമ്പര്യവാദികൾ എതിർത്തിരുന്നതായി വായിച്ചിട്ടുണ്ട്. ജീൻസിന്റെ കാര്യത്തിലും അത് വിദേശ സംസ്കാരമാണെന്ന ആരോപണം വരാം. പക്ഷേ നാം നമ്മുടെ പാരമ്പര്യ വസ്ത്രമായി കരുതുന്ന സാരി പോലും യഥാർത്ഥത്തിൽ കേരളീയ വസ്ത്രമല്ല.
ജീൻസും സാരിയും ചുരിദാറും കാർഗ്ഗോസും പർദ്ദയും ഏതു വേഷവും ധരിക്കാൻ ഒരേപോലെ സ്വാതന്ത്ര്യമുള്ള, ഇതിൽ ഏതു ധരിക്കുന്നവർക്കും ഒരേപോലെ ബഹുമാനം ലഭിക്കുന്ന നാടല്ലേ യഥാർത്ഥ ലിബറൽ ഡമോക്രസി? വൈവിധ്യമുള്ള സംസ്ക്കാരങ്ങളും രീതികളും പിന്തുടരുന്ന ഒരു വർണ്ണശബളമായ ജനതയല്ലേ കൂടുതൽ ഭംഗിയുള്ള കാഴ്ച്ച? മലയാളി എന്തിനിങ്ങനെ അന്യരുടെ വേഷത്തേക്കുറിച്ച് ഒരുപാടു വേവലാതിപ്പെടണം?
No comments:
Post a Comment