Thursday, September 25, 2014

ഡൽഹി മൃഗശാലാ സംഭവം: കാണികളുടെ പിഴവ്‌ ഗുരുതരം.

ഡൽഹിയിലെ മൃഗശാലയിൽ യുവാവിനെ കടുവ ആക്രമിക്കുന്നതിന്റെ വീഡിയോ ചാനലുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഇക്കഴിഞ്ഞ ദിവസങ്ങളിൽ ആഘോഷിക്കപ്പെട്ടു കഴിഞ്ഞതാണ്‌. ഒരു മനുഷ്യൻ കടുവക്കു മുന്നിൽപെടുമ്പോൾ അതു മുഴുവൻ ക്യാമറയിൽ ഒപ്പിയെടുക്കുന്നതിന്റെയും, ആ ദൃശ്യങ്ങൾ ഷെയർ ചെയ്തും കണ്ടു കണ്ണീരൊഴുക്കിയും ആസ്വദിക്കുന്നതിന്റെയുമൊക്കെ മനഃശാസ്ത്രവും സോഷ്യൻ മീഡിയയിൽ വിമർശിക്കപ്പെട്ടു കഴിഞ്ഞതാണ്‌. പക്ഷേ അതിലും ദുഃഖകരമാവുന്നത്‌ രക്ഷപെടുത്താമായിരുന്ന ഒരു മനുഷ്യജീവൻ കണ്ടുനിന്നവരുടെ വിഡ്ഢിത്തവും വൈകാരികമായ പ്രതികരണങ്ങളും കൊണ്ട്‌ ബലികൊടുക്കപ്പെട്ട കാഴ്ച്ചയാണ്‌.

ആ യുവാവ്‌ കടുവക്കു മുന്നിലേക്ക്‌ വീണുകഴിഞ്ഞ്‌ പിന്നെ ചെയ്യാമായിരുന്നത്‌ വിദഗ്ദ്ധ സഹായം എത്തുംവരെ കടുവയെ പ്രകോപിപ്പിക്കാതെയിരിക്കുക എന്നതായിരുന്നു. മൃഗശാലയിലെ കടുവക്ക്‌ മനുഷ്യനെ കണ്ടു പരിചയമുള്ളതിനാലും കൃത്യമായി ഭക്ഷണം ലഭിക്കുന്നതിനാലും പ്രകോപനമുണ്ടായാലേ അത്‌ ആക്രമിക്കൂ. വേട്ടയാടാൻ വാസനയുള്ള മൃഗമായതിനാൽ ഓടാൻ ശ്രമിച്ചാലോ അല്ലെങ്കിൽ എതിർക്കാൻ ശ്രമിച്ചാലോ ആണു പ്രതികരിക്കുക. കൈകാലുകൾ കൊണ്ടു പ്രതിരോധിച്ചാൽ, എഴുന്നേറ്റു നിന്നാൽ, ദ്രുതചലനങ്ങളുണ്ടായാലൊക്കെ പ്രതികരിക്കും. ഇവിടെയുണ്ടായ ഒരു തെറ്റ്‌ യുവാവ്‌ നിരന്തരം കൈ ഉയർത്തി തൊഴുതു കൊണ്ടിരുന്നതാണ്‌. ഇത്തരം സാഹചര്യങ്ങളിൽ കണ്ടുവരാറുള്ള സാധാരണ അബദ്ധങ്ങൾ എഴുന്നേറ്റ്‌ ഓടുക, കാണികളോട്‌ സഹായം ചോദിക്കുക, ഓടി വല്ല മരത്തിലോ തിട്ടയിലോ കയറാൻ ശ്രമിക്കുക തുടങ്ങിയവയാണ്‌.

കടുവ ഒരു കൗതുകത്തോടെ വാലാട്ടിക്കൊണ്ട്‌ യുവാവിനെ നോക്കിയും ഇടക്കിടെ സ്പർശിച്ചു നോക്കിയും സംശയിച്ചു നിൽക്കവേ കാണികളിലാരോ കല്ലോ മറ്റോ എടുത്ത്‌ എറിയുകയെന്ന അതീവ ഗുരുതരമായ അബദ്ധം ചെയ്തപ്പോഴാണ്‌ കടുവ അയാളെ കഴുത്തിൽ കടിച്ചു വലിച്ച്‌ സുരക്ഷിതമായ ശല്യമില്ലാത്ത സ്ഥലത്തേക്ക്‌ കൊണ്ടുപോയത്‌. ആ കടിച്ചുവലിയിൽ തന്നെ കഴുത്തിൽ സുഷുമ്നാ നാഢിക്കു ക്ഷതമേറ്റ്‌ യുവാവിന്റെ ശരീരം തളർന്നിരിക്കും.

പിന്നെയുള്ള കടുവയുടെ നീക്കം കണ്ട കാണികൾ കാണാനിരിക്കുന്ന ഭീകരക്കാഴ്ച്ച സങ്കൽപ്പിച്ചിട്ടെന്നവണ്ണം കൂടുതൽ ഒച്ചവച്ച്‌ ബഹളമുണ്ടാക്കിയപ്പോൾ കടുവ അസ്വസ്ഥനാവുകയും ഉടൻ തന്നെ ഇരയെ കൊന്നിട്ട്‌ അവിടന്ന് മാറുകയും ചെയ്തു.

ഈ വക പ്രകോപനങ്ങൾ ഒന്നും ഉണ്ടാക്കാതിരുന്നെങ്കിൽ സഹായമെത്തുംവരെ കടുവയെ പ്രതികരിപ്പിക്കാതെ നിർത്താമായിരുന്നു. അത്തരത്തിൽ സിംഹക്കൂട്ടിലും കടുവക്കൂട്ടിലുമൊക്കെ പെട്ടുപോയവരെ രക്ഷപെടുത്തിയ നിരവധി സംഭവങ്ങൾ ആഗോള മൃഗശാലാ അനുഭവങ്ങളിലുണ്ട്‌.

No comments:

Post a Comment