Tuesday, September 23, 2014

'ഞാൻ': ഗൗരവമുള്ള സിനിമ, ധീരമായ സമീപനം.

രഞ്ജിത്ത്‌ എന്ന ചലചിത്രകാരനിലുള്ള വിശ്വാസവും പ്രതീക്ഷയും തന്നെയായിരുന്നു 'ഞാൻ' എന്ന സിനിമ കാണാനുള്ള പ്രേരണ. രഞ്ജിത്ത്‌ നിരാശപ്പെടുത്തിയില്ല എന്നു മാത്രമല്ല, ഇത്തരത്തിൽ ഒട്ടും വാണിജ്യ സാധ്യതയില്ലാത്തതും പറയേണ്ടത്‌ അനിവാര്യമല്ലാത്തതുമായ ഒരു പ്രമേയമെടുത്ത്‌ സിനിമയാക്കണമെങ്കിൽ ആ ആശയത്തോട്‌ അത്രയും താൽപര്യമുണ്ടാവണം, അവിടെയാണ്‌ രഞ്ജിത്ത്‌ എന്ന ഫിലിം മേക്കറെ ഞാൻ ബഹുമാനിക്കുന്നത്‌. പ്രമേയത്തോടു കാണിച്ച ധൈഷണികമായ സത്യസന്ധതയും പ്രകീർത്തിച്ചേ മതിയാവൂ. എന്നാൽ രഞ്ജിത്ത്‌ എന്ന ജീനിയസ്സിന്‌ ഈ വിഷയം ഇതിലും ഭംഗിയായി അവതരിപ്പിക്കാനാവുമായിരുന്നു എന്നു ഞാൻ വിശ്വസിക്കുന്നു.

കോട്ടൂർ എന്ന പഴയകാല വിപ്ലവകാരിയുടെ പേരിൽ ബ്ലോഗ്‌ എഴുതുന്ന രവി ചന്ദ്രശേഖർ എന്ന നവതലമുറ ഐ.ടി പയ്യനെ പൊലീസ്‌ അസിസ്റ്റന്റ്‌ കമ്മിഷണർ ഓഫീസിലേക്ക്‌ വിളിപ്പിക്കുകയും സംവിധാനത്തിന്‌ ഇഷ്ടമില്ലാത്തത്‌ എഴുതുന്നതിന്‌ അനൗദ്യോഗികമായി താക്കീത്‌ നൽകുകയും ചെയ്യുന്ന ആ തുടക്കം പ്രേക്ഷകനിൽ വരാനിരിക്കുന്നതിനേക്കുറിച്ച്‌ വലിയ പ്രതീക്ഷകളാണുണ്ടാക്കുന്നത്‌. എന്നാൽ ഐ.ടിയും ആധുനിക കാലവും ബ്ലോഗുമെല്ലാം അവിടെ ഉപേക്ഷിച്ച്‌ ഫ്ലാഷ്‌ബാക്കിലേക്കു പോകുന്ന സിനിമ രവിയുടെ കാലത്തേക്കും  ബ്ലോഗിലേക്കും പൊലീസിലേക്കുമൊന്നും പിന്നെ തിരിച്ചിവരുന്നില്ല. ഇതു പ്രേക്ഷകൻ തിരിച്ചറിയുമ്പോഴേക്ക്‌ സിനിമയുടെ പകുതി കഴിയുന്നു.

ഫ്ലാഷ്‌ ബാക്കിൽ ആദ്യം പറയുന്ന കോട്ടൂരിന്റെ അച്ഛന്റെ കഥയിലും തുടർന്നുള്ള കോട്ടൂരിന്റെ തന്നെ കഥയിലുമെല്ലാം ഫോക്കസ്‌ അവരുടെ രാഷ്ട്രീയ പോരാട്ടങ്ങളിലേക്കല്ല മറിച്ച്‌ അവരുടെ വ്യക്തിബന്ധങ്ങളിലേക്കാണ്‌, അല്ല, കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ അവരുടെ പ്രണയ-വൈകാരിക ബന്ധങ്ങളിലേക്കാണ്‌. അതിനിടയിൽകൂടി അന്നത്തെ രാഷ്ട്രീയവും ഒന്നു പറഞ്ഞു പോവുന്നു എന്നു മാത്രം, അതും അതീവ ലളിതവത്കരിച്ച്‌. ഇന്നത്തെ രാഷ്ട്രീയവും അന്നത്തെ രാഷ്ട്രീയവുമൊക്കെ അവയുടെ എല്ലാ സങ്കീർണ്ണതകളിലും വളരെ വിശദമായി എടുത്ത്‌ വിശകലനം ചെയ്യാനും താരതമ്യം ചെയ്യാനുമുള്ള അവസരം തിരക്കഥാകാരൻ നഷ്ടപ്പെടുത്തുന്നു എന്നു തോന്നാം രാഷ്ട്രീയ ചരിത്ര അഭിരുചികളുള്ള പ്രേക്ഷകന്‌. എന്നാൽ ഈ സിനിമ പറയുന്നത്‌ രാഷ്ട്രീയവും ചരിത്രവുമല്ല, അവയുടെ വീക്ഷണങ്ങളുമല്ല, മറിച്ച്‌ ഒരു ബുദ്ധിജീവിയുടെ, ഒരു വിപ്ലവകാരിയുടെ സ്വകാര്യ ജീവിതത്തിലെ, വൈകാരിക ബന്ധങ്ങളിലെ സംഘർഷങ്ങളാണ്‌. അത്‌ ഏറ്റവും സത്യസന്ധമായി അവതരിപ്പിക്കാൻ തിരക്കഥാകാരനു സാധിക്കുന്നുണ്ട്‌. എന്നാൽ വാരാന്ത്യത്തിൽ എന്റർട്ടെയ്ൻമന്റ്‌ ലക്ഷ്യമാക്കി   തിയറ്ററിലേക്കു പോവുന്നവർ ഈ സിനിമ കാണരുത്‌. ഗൗരവമായ ചിന്തക്കു സിനിമ ഭക്ഷണമാവണം എന്നാഗ്രഹിക്കുന്നവരേ ഈ ചിത്രം കാണാവൂ.

ബുദ്ധിജീവികളും നൈസർഗ്ഗിക പോരാളികളുമായവർ, വലിയ ധൈഷണിക പ്രശ്നങ്ങളെ നിസ്സാരമായി കൈകാര്യം ചെയ്യുന്നവർ, എന്നാൽ പ്രായോഗിക വൈകാരിക ജീവിതത്തിലെ നിസ്സാര പ്രശ്നങ്ങളിൽ അടിതെറ്റുന്നത്‌, വൈകാരിക യുക്തിസംഘർഷങ്ങളിൽ ശ്വാസം മുട്ടുന്നത്‌, അതാണ്‌ കോട്ടൂരിന്റെ ഞാനിലെ പ്രതിസന്ധി.

പല കാര്യങ്ങളിലും പലേടത്തും സിനിമ രഞ്ജിത്തിന്റെ തന്നെ പാലേരി മാണിക്യത്തെ ഓർമ്മപ്പെടുത്തുന്നത്‌ ഒരു പോരായ്മയാവുന്നു.  കഥ പറയുന്ന കാലത്തിന്റെയും ദേശത്തിന്റെയും സാമ്യവും, ഇരു ചിത്രങ്ങളിലും പൊതുവായുള്ള ഏതാനും നടീനടന്മാരും മാത്രമല്ല, രഞ്ജിത്ത്‌ പാലേരി മാണിക്യത്തിൽ ആദ്യം പരീക്ഷിക്കുകയും പിന്നെയിവിടെ ആവർത്തിക്കുകയും ചെയ്യുന്ന ചില ട്രാൻസിഷൻ തന്ത്രങ്ങളും, ഇരു സിനിമകളിലും പൊതുവായി വരുന്ന ചില സാമൂഹിക പ്രശ്നങ്ങളുമെല്ലാം ഇതിനു കാരണമാകുന്നു.

വല്ലപ്പോഴും മാത്രമാണ്‌ രഞ്ജിത്തിന്റെ പ്രതിഭയുടെ മിന്നലാട്ടം സിനിമയിൽ കാണാനാവുന്നത്‌. കുഞ്ഞ്‌ ദുർന്നടപ്പുകാരിയുടെ മുലപ്പാൽ കുടിച്ചാൽ "ചീത്ത സ്വഭാവം" പകർന്നു കിട്ടുമോ എന്നൊരു സ്ത്രീ സന്ദേഹിക്കുന്നിടത്ത്‌ മറ്റൊരു സ്ത്രീ കഥാപാത്രത്തിന്റെ മറുപടി: "അതിനിത്‌ പെണ്ണല്ലല്ലോ ആൺകുട്ടിയല്ലേ" എന്ന്. ഒരൊറ്റ സംഭാഷണത്തിലൂടെ 'ഇമ്മോറൽ ട്രാഫിക്കിന്റെ' ലിംഗ-സദാചാര-സാമൂഹിക പ്രതിസന്ധികൾ മുഴുവൻ വിളിച്ചു പറയുന്നു തിരക്കഥാകാരൻ.

സിനിമയിലെ ഏതാനും മിനിട്ടുകൾ മാത്രം നീളുന്ന, മിക്കയിടത്തും അത്ര ഡയറക്റ്റ്‌ അല്ലാത്ത പ്രണയ രംഗങ്ങൾ പക്ഷേ സമീപകാല മലയാള ചലചിത്രത്തിലെ ഏറ്റവും മികച്ചവയാണ്‌. അങ്ങനെ പലയിടത്തും ദൃശ്യഭാഷയിലും ദൃശ്യാവിഷ്കരണത്തിലും 'ഞാൻ' മലയാള പൊതു-ന്യൂജനറേഷൻ-വാണിജ്യ ധാരകളേക്കാൾ മികച്ചു നിൽക്കുന്നു. തിരക്കഥയേക്കാളും ഈ സിനിമയിൽ മികച്ചു നിൽക്കുന്നത്‌ സംവിധായകന്റെ ദൃശ്യവിരുതാണ്‌. അതുപോലെ തന്നെ ഗർഭമലസിപ്പിക്കാനുള്ള നാട്ടുമരുന്ന് കഴിച്ച ശേഷമുള്ള രംഗം കുടുംബ പ്രേക്ഷകർക്ക്‌  അലോസരമുണ്ടാക്കാമെങ്കിലും അതിന്റെ സംവേദന ശക്തിയും, ആ ദൃശ്യം നടത്തുന്ന പ്രസ്താവനയും അതിശക്തവും അതിഗംഭീരവുമാണ്‌.

എന്നാൽ, നന്ദനം മുതൽ രഞ്ജിത്ത്‌ ഉപയോഗിച്ചു വരുന്ന ചില ഫാന്റസി റിയലിസം വിദ്യകൾ, നന്ദനത്തിൽ  നിന്നും പാലേരി മാണിക്യം വഴി പരിണമിച്ച്‌ പ്രാഞ്ചിയേട്ടനിൽ അതിന്റെ ഉത്തമ ഭംഗിയിലെത്തി ഒടുവിൽ ഞാനിലെത്തുമ്പോൾ അത്‌ ഒരു ശീലത്തിന്റെ നിർബന്ധമാണോ എന്നു തോന്നുന്നവണ്ണം പ്രകടവും അഭംഗിയുമാവുന്നു. ടി.പി.രാജീവിന്റെ മൂല കഥയിൽനിന്നധികമായി രഞ്ജിത്ത്‌ ചേർക്കുന്ന ഐ.ടി പയ്യൻ രവിയുടെയും കൂട്ടുകാരുടേയും ഭാഗങ്ങൾ അനിവാര്യമായിരുന്നില്ല എന്ന തോന്നലുണ്ടാക്കുന്നു. അവരുടെ ആധുനിക നാടക കൂട്ടായ്മ ഒരു ആധുനിക ബുദ്ധിജീവി പരിസരം സിനിമക്കുള്ളിലും അതുവഴി സിനിമക്കു ചുറ്റിലും സൃഷ്ടിക്കാനാണെന്ന തോന്നലുണ്ടാക്കുന്നു. അത്‌ അതിനപ്പുറം കഥയേയോ കഥയുടെ സംവേദനത്തേയോ കാര്യമായി സഹായിക്കുന്നില്ല. ഇത്തരം ആധുനിക ക്ലീഷേകൾ രഞ്ജിത്ത്‌ പോലെയൊരു മാസ്റ്റർ ചലചിത്രകാരന്‌ ഉപയോഗിക്കേണ്ടി വന്നത്‌ എന്തുകൊണ്ട്‌ എന്നത്‌ ചിന്തനീയമാണ്‌.

ദൃശ്യങ്ങൾ കൊണ്ടു കഥ പറയേണ്ട സിനിമയിൽ ഡോക്യുമെന്ററിയിലേതു പോലെയുള്ള വിവരണം ഉപയോഗിക്കേണ്ടി വരുന്നത്‌ തിരക്കഥയുടെ ദൗർബല്യമായാണു പരിഗണിക്കാറ്‌. അതു സംവിധായകന്റെ തന്നെ ശബ്ദത്തിലാകുമ്പോൾ സിനിമയെ അതു കൂടുതൽ ദുർബലമാക്കുന്നു.

ദുർമ്മേദസ്സുള്ള അൻപതു കഴിഞ്ഞ നടിമാരെ മുണ്ടും റൗക്കയുമിടീച്ചുള്ള കാഴ്ച്ച അസ്വസ്ഥതയുണ്ടാക്കുന്നതാണ്‌. ന്യൂജനറേഷൻ അവാർഡ്‌ ലേബലുള്ള നടീനടന്മാരുടെ  സമ്മേളനം തന്നെയാകുന്നു ഈ സിനിമ. സമീപകാലത്തു ന്യൂ ജനറേഷൻ അവാർഡു പടങ്ങളിൽ കാണുകയും കേൾക്കുകയും ചെയ്തിട്ടുള്ള പേരുകളെല്ലാം മുണ്ടും റൗക്കയുമിട്ട്‌ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്‌. കൊടിയേരിയുടെ പുത്രൻ ബിനീഷ്‌ കൊടിയേരിയുടെ സാന്നിധ്യവും വേഷവും അതിന്റെ രാഷ്ടീയം കൊണ്ട്‌ ശ്രദ്ധേയമാണ്‌, അതും സാമ്പ്രദായിക രാഷ്ടീയത്തെ വിമർശ്ശിക്കുന്ന ഒരു സിനിമയിൽ.

താൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി അന്ധയായിരിക്കണമെന്ന കോട്ടൂരിന്റെ ആവശ്യം നേരർത്ഥത്തിൽ പറഞ്ഞതാണോ അതോ ഭർത്താക്കന്മാരെ പരിഹസിക്കുന്ന വല്ല ഫിലോസഫിയും വളച്ചു പറഞ്ഞതാണോ എന്ന് സിനിമ കണ്ടുകഴിഞ്ഞ്‌ ഇതുവരെയും ഈ ലേഖകനു പിടികിട്ടിയിട്ടില്ല.

കുന്നുംപുറത്തെ വാറ്റുകാരി തമിഴത്തിക്ക്‌ സഹതമിഴന്മാർക്കില്ലാത്ത വെളുത്ത നിറമെന്തേ എന്നു ചോദിച്ചാൽ, അതിനൊരുപക്ഷേ എന്തെങ്കിലും ഇമ്മോറൽ ന്യായം പറയാമായിരിക്കാം. എന്നാൽ ആ തമിഴത്തിയുടെ മുടിക്കെന്തേ സിനിമയുടെ സ്ഥലകാലത്തിനു ചേരാത്ത ഒരു ആധുനിക നാഗരിക സ്റ്റൈൽ എന്നു ചോദിച്ചാൽ..... ഇനി ഒരുപക്ഷേ അതും ഫാന്റസി റിയലിസമായിരിക്കാം.

ദുൽഖർ സൽമാൻ എന്ന നടൻ അഭിനയിക്കാൻ തുടങ്ങിയത്‌ ഇപ്പോഴാണ്‌. 'ഞാൻ' ദുൽഖറിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരിക്കും എക്കാലത്തേക്കും.

No comments:

Post a Comment