Wednesday, September 03, 2014

സംഗീതത്തിന്‌ അത്ഭുത സിദ്ധികളുണ്ടോ?

സംഗീതം ദൈവികമാണെന്നും അതിന്‌ അത്ഭുത സിദ്ധികളുണ്ടെന്നും സംഗീതം രോഗശാന്തി വരുത്തുമെന്നുമൊക്കെ പല സംഗീതജ്ഞരും അവകാശപ്പെടുന്നതു കേട്ടിട്ടുണ്ട്‌. അന്തരിച്ച സംഗീത സംവിധായകൻ ദക്ഷിണാമൂർത്തി, സംഗീതകാരനും പാട്ടെഴുത്തുകാരനുമായ കൈതപ്രം, മുതൽ ഏതാണ്ടെല്ലാ കർണ്ണാട്ടിക്ക്‌ സംഗീതകാരന്മാരും ഇങ്ങനെ അവകാശപ്പെടുന്നവരാണ്‌. ചിലരെങ്കിലും ഈ വിഷയത്തിൽ ഗവേഷണം നടത്തി സംഗീതത്തിന്റെ രോഗശാന്തിക്കുള്ള കഴിവ്‌  തെളിയിച്ചതായുമൊക്കെ അവകാശപ്പെടുന്നുമുണ്ട്‌. വാസ്തവമെന്താണ്‌?

സംഗീതത്തിനു മനുഷ്യനെ വൈകാരികമായി ഉത്തേജിപ്പിക്കാൻ അസാമാന്യമായൊരു ശക്തിയുണ്ട്‌. അതു സത്യത്തിൽ സംഗീതത്തിന്റെ ശക്തിയല്ല, മറിച്ചു മനുഷ്യന്റെ നാഢീവ്യവസ്ഥയുടെ ഒരു പ്രത്യേകത കൊണ്ടാണ്‌. ഈ വൈകാരിക ഉത്തേജനമാണു പാട്ടു കേൾക്കുമ്പോൾ നമുക്കുണ്ടാവുന്ന മാറ്റം. അന്നേരം നമ്മുടെ ശരീരത്തിൽ അഡ്രനാലിൻ, ഓക്സിട്ടോസിൻ തുടങ്ങിയുള്ള ഹോർമ്മോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. അഡ്രനാലിൻ നമ്മെ ആവേശം കൊള്ളിക്കുകയും, ഓക്സിട്ടോസിൻ നമുക്കു ബയോക്കെമിക്കൽ സുഖാനുഭൂതി നൽകുകയും ചെയ്യുന്നു. ഇതു ഒരു വേദനസംഹാരിയോ ഒരു ചെറിയ മയക്കു മരുന്നോ കഴിച്ച അവസ്ഥയുണ്ടാകുന്നു. നമ്മൾ ബയോക്കെമിക്കൽ ആനന്ദത്തിലാവുന്നു. കാവ്യ ഭാഷയിൽ പറഞ്ഞാൾ നാം ആനന്ദ സാഗരത്തിലാറാടുന്നു. സത്യത്തിൽ നമ്മുടെയുള്ളിൽ അന്നേരമൊരു ആനന്ദ ഹോർമ്മോൺ സാഗരം ഒഴുകുന്നുണ്ട്‌. ഇതു സ്വാഭാവികമായും ശാരീരികമായ വേദനയനുഭവിക്കുന്ന രോഗികളിൽ അവരുടെ വേദനയെ കുറേ നേരത്തേക്കു തമസ്ക്കരിക്കുന്നു. അവരുടെ വേദന കുറയുന്നു അല്ലെങ്കിൽ കുറേ നേരത്തേക്ക്‌ ഇല്ലാതെയാവുന്നു. ഇതു മാത്രമാണ്‌ സംഗീതം രോഗികളിലുണ്ടാക്കുന്ന മാറ്റം. സംഗീതം കേൾക്കുന്നതു മൂലം അവരുടെ രോഗാവസ്ഥക്ക്‌ ഒരു മാറ്റവും വരുന്നില്ല.

അപ്പോൾ പിന്നെ സംഗീത സമ്രാട്ടുകളുടെ അവകാശവാദമോ? അവർക്കു ജീവിത മാർഗ്ഗമായ അവരെ പ്രശസ്തരാക്കിയ സംഗീതം ദൈവികമാണെന്നും അതിന്‌ അത്ഭുത സിദ്ധിയുണ്ടെന്നും അവരെ സംബന്ധിച്ചിടത്തോളം ശരിയാണ്‌. പക്ഷേ അവസരങ്ങൾ കിട്ടാതെ പോയി പരാജയപ്പെട്ട ആയിരങ്ങളേ സംബന്ധിച്ചിടത്തോളം അതിന്റെ വിപരീതവുമാണ്‌. അവരോടു ചോദിച്ചു നോക്കൂ!

No comments:

Post a Comment