Friday, September 19, 2014

ചേരാനല്ലൂർ പൊലീസ്‌ മർദ്ദനം: പൊലീസുകാരെ സസ്പെൻഡ്‌ ചെയ്തു, ഇനിയെന്ത്‌?

കൊച്ചി നഗരത്തിൽ ചേരാനല്ലൂർ പൊലീസ്‌ സ്റ്റേഷനിൽ ഒരു യുവതി ദിവസങ്ങൾ നീണ്ട ക്രൂര മർദ്ദനത്തിന്‌ ഇരയായ വാർത്ത മാധ്യമങ്ങൾ ആഘോഷിച്ചു കഴിഞ്ഞതാണ്‌. ഇന്നലെ (Sept 18, 2014) അവരെ അഭ്യന്തര മന്ത്രി ശ്രീ രമേശ്‌ ചെന്നിത്തല ആശുപത്രിയിൽ സന്ദർശ്ശിക്കുകയും, തുടർന്ന് നേരത്തേ തയ്യാറാക്കിയ തിരക്കഥയനുസരിച്ച്‌ മർദ്ദനം നടത്തിയ പൊലീസുകാരിൽ ചിലരുടെ സസ്പെൻഷൻ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ഈ പ്രശ്നത്തിലെ നടപടികൾ അവസാനിക്കുകയും ഏതാനും ദിവസത്തിനകം ഈ വാർത്ത തന്നെ എല്ലാവരും മറക്കുകയും ചെയ്യും. ഇക്കാര്യത്തിൽ ഒരിക്കലും ഒരു ക്രൈം രെജിസ്റ്റർ ചെയ്ത്‌ ഒരു എഫ്‌.ഐ.ആർ എഴുതപ്പെടുകയോ, ശരിയായ ഒരു അന്വേഷണമുണ്ടാവുകയോ, ആ സ്ത്രീയെ നിത്യരോഗിയാക്കിവരെ ശിക്ഷിക്കലോ ഒന്നും ഒരിക്കലും സംഭവിക്കാൻ പോവുന്നില്ല.

സംഭവം ചാനലുകളിൽ നിറഞ്ഞു നിൽക്കുമ്പോൾ എല്ലാ രാഷ്ട്രീയപ്പാർട്ടികളുടേയും പിന്തുണയൊക്കെ പരാതിക്കാരിക്ക്‌ ഉണ്ടാവും. മനുഷ്യാവകാശ കമ്മിഷനും, പൊലീസ്‌ കംപ്ലൈന്റ്സ്‌ അതോറിട്ടിയുമൊക്കെ രോമാഞ്ചമുളവാക്കുന്ന ഉത്തരവുകൾ പുറപ്പെടുവിക്കും. പക്ഷേ ഒരു എഫ്‌.ഐ.ആർ എഴുതപ്പെട്ട്‌ ക്രൈം രെജിസ്റ്റർ ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ ആവേശ ഉത്തരവുകൾക്കൊന്നും ഒരു വിലയുമുണ്ടാവുകയില്ല. എഫ്‌.ഐ.ആർ എഴുതാനുള്ള അധികാരമാവട്ടെ പൊലീസിനു മാത്രമാണ്‌.
പൊലീസ്‌ സ്വയം തങ്ങളുടെ സഹപ്രവർത്തകർക്കെതിരെ എഫ്‌.ഐ.ആർ എഴുതുകയോ കേസ്‌ എടുക്കുകയോ ചെയ്യില്ല. സ്വന്തം ഔദ്യോഗിക ഗുണ്ടാസംഘമായ പൊലീസിനെ ബുദ്ധിമുട്ടിക്കുന്ന നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവുകയുമില്ല.

എഫ്‌.ഐ.ആർ എഴുതാൻ പൊലീസിനോട്‌ നിർദ്ദേശിക്കണം എന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിക്കാൻ നിയമത്തിൽ തന്നെ വ്യവസ്ഥയുണ്ട്‌. ഒന്നുകിൽ പരാതിക്കാരി ഹർജ്ജി നൽകണം. പാവപ്പെട്ട ആ കുടുംബം അതിനൊന്നും മെനക്കെടില്ല. അല്ലെങ്കിൽ ഇക്കാര്യം ആവശ്യപ്പെട്ട്‌ മനുഷ്യാവകാശ കമ്മീഷനോ, പൊലീസ്‌ കംപ്ലൈന്റ്സ്‌ അതോറിട്ടിയോ കോടതിയിൽ ഹർജ്ജി നൽകണം. അങ്ങനെയൊന്ന് കേരളത്തിൽ ഇതുവരെയുണ്ടായിട്ടില്ല. അതുമല്ലെങ്കിൽ പിന്തുയുമായി എത്തുന്ന രാഷ്ട്രീയപ്പാർട്ടികൾ കോടതിയിൽ പോണം. കുറെ പ്രസംഗിക്കുമെന്നല്ലാതെ നാളെ തങ്ങൾക്കു കൂടി ആവശ്യമുള്ള പൊലീസ്‌ എന്ന ഔദ്യോഗിക ഗുണ്ടാസംവിധാനത്തെ കുഴപ്പത്തിലാക്കുന്ന പണിയൊന്നും അവർ ചെയ്യില്ല.

രണ്ടു മാസം മുൻപ്‌ ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി പൊലീസ്‌ സ്റ്റേഷനിലുണ്ടായ മർദ്ദനം, ഏതാനും മാസങ്ങൾക്കു മുൻപ്‌ ചേർത്തലയിലുണ്ടായ ലോക്കപ്പ്‌ മർദ്ദനം, കഴിഞ്ഞ മാസം പറവുരിൽ ആസ്സാംകാരനായ തൊഴിലാളിയെ മർദ്ദിച്ച സംഭവം, ഇവയെല്ലാം മാധ്യമങ്ങളിൽ വരികയും മനുഷ്യാവകാശ കമ്മീഷന്റെ ഉദാരമായ ഉത്തരവു ലഭിക്കാൻ ഭാഗ്യം സിദ്ധിക്കുകയും ചെയ്ത സംഭവങ്ങളാണെങ്കിലും, മാസങ്ങൾ കഴിഞ്ഞിട്ടും ഇവയിലൊന്നും എഫ്‌.ഐ.ആർ എഴുതപ്പെട്ടിട്ടില്ല എന്നോർക്കുക. എന്നല്ല കേരളത്തിലിന്നേവരെ മരണത്തിൽ കലാശിക്കാത്ത ഒരു ലോക്കപ്പ്‌ മർദ്ദനത്തിൽ പോലും എഫ്‌.ഐ.ആർ എഴുതപ്പെട്ടിട്ടില്ല. കാരണം അങ്ങനെയൊരാവശ്യത്തിനായി ആരും ഒരിക്കലും കോടതിയെ സമീപിച്ചിട്ടില്ല. പൊലീസോ സർക്കാരോ ഒട്ടു സ്വമേധയാ അതു ചെയ്യുകയുമില്ല.

കസ്റ്റഡി മർദ്ദനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകം നിയമം നിർമ്മിക്കേണ്ട ആവശ്യമുണ്ട്‌. കേസ്‌ രെജിസ്റ്റർ ചെയ്യുന്നതിനും മറ്റും നാട്ടുകാർ പ്രക്ഷോഭങ്ങൾ നടത്തേണ്ടി വരാതെ, ഒരു പരാതി ഉയർന്നാൽ ഉടൻ തന്നെ കേസ്‌ രെജിസ്റ്റർ ചെയ്യപ്പെടുന്ന തരത്തിൽ നിയമം നിർമ്മിക്കപ്പെടേണ്ടത്‌ ആവശ്യമാണ്‌.

സംഭവത്തിന്റെ വിശദാംശങ്ങൾ: ലീബ രതീഷ്‌. കുഢുംബി സമുദായാംഗം. ചേരാനല്ലൂർ സ്വദേശി. കൊച്ചി അമൃത ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദ്ധനായ ഡോ. ഹരീഷ്‌ കുമാറിന്റെ (അറുപതിനു മേൽ പ്രായം) വസതിയിൽ വീട്ടുജോലി ചെയ്തിരുന്നു. 2014 ആഗസ്റ്റ്‌ 23ന്‌ ഡോക്റ്ററുടെ മകന്റെ കാറിൽ ലീബയേയും ഭർത്താവ്‌ രതീഷിനേയും കാര്യം വെളിപ്പെടുത്താതെ വിളിച്ചു കയറ്റി മഫ്തിയിലുള്ള ഒരു പൊലീസ്‌ ഉദ്യോഗസ്ഥൻ ചേരാനല്ലൂർ പൊലീസ്‌ സ്റ്റേഷനിൽ എത്തിച്ചു. ആരോപിക്കപ്പെടുന്ന കുറ്റം 15 പവൻ സ്വർണ്ണം മോഷ്ടിച്ചു എന്നത്‌. കുറ്റം 'തെളിയിക്കാനായി' അന്നു മുതൽ അഞ്ചു ദിവസം നിരന്തരമായ മർദ്ദനം. ഇതിനിടയിലെപ്പഴോ  അറസ്റ്റ്‌ രേഖപ്പെറ്റുത്തി. മജിസ്ട്രേട്ട്‌ കോടതിയിൽ ഹാജരാക്കി റിമാണ്ട്‌ ചെയ്തു. ഭർത്താവിനേയും അറസ്റ്റ്‌ ചെയ്തു. ഇപ്പോൾ ഇരുവരും ജാമ്യത്തിൽ.

No comments:

Post a Comment