അസംബന്ധം - ഒറ്റവാക്കിൽ രാജാധിരാജ എന്ന ചിത്രത്തേക്കുറിച്ച് പറയാവുന്നതിതാണ്. 2000-ൽ ഇറങ്ങിയ നരസിംഹം എന്ന തമിഴ് ശൈലിയിലുള്ള സൂപ്പർ താര ഫോർമുലാ നിർമ്മിതിയുടെ വിജയത്തിനു ശേഷം മോഹൻലാലിനും മമ്മൂട്ടിക്കും വേണ്ടി നിരന്തരമായി മത്സരിച്ചു നിർമ്മിക്കപ്പെട്ട അസംബന്ധ സൂപ്പർ താര ഗിമ്മിക്കുകളുടെ ശ്രേണിയിലേക്ക് (വല്ല്യേട്ടൻ, ഉസ്താദ്, താണ്ഢവം, രാവണപ്രഭു, നാട്ടുരാജാവ്, ദ്രോണ) ചേർത്തുവക്കാവുന്ന ചിത്രമാണ് രാജാധിരാജ. ആവർത്തന വിരസതയാൽ പ്രേക്ഷകൻ കയ്യൊഴിയുകയും, പുതുമകളുമായി ന്യൂജനറേഷൻ പരീക്ഷണങ്ങൾ വരികയും ചെയ്തപ്പോൾ ഇടക്കാലത്തു നിന്നുപോയതായിരുന്നു ഈ വക സൂപ്പർ സ്റ്റാർ മാരണങ്ങൾ.
ഓണക്കാലത്തേക്ക് ഒരു സൂപ്പർ ഹിറ്റു സൃഷ്ടിക്കാൻ തിരക്കഥാകൃത്തുക്കൾ അസംബന്ധം എഴുതിയും, സ്റ്റണ്ട് സംവിധായകർ എക്സ്ട്രാ നടന്മാരെ വായുവിൽ ചുഴറ്റിയെറിഞ്ഞും ഇങ്ങനെ പെടാപ്പാടു പെടുന്നതു കാണുമ്പോൾ മലയാള വാണിജ്യ സിനിമയുടേയും മമ്മൂട്ടിയുടേയും തന്നെ ഒരു നല്ലകാലം ഞാൻ ഓർത്തു പോവുകയാണ്. എൺപതുകളിലും തൊണ്ണൂറുകളിലും വളരെ കുറഞ്ഞ ബഡ്ജറ്റിൽ നിർമ്മിക്കപ്പെട്ട സാമ്രാജ്യം, പരമ്പര, കൗരവർ തുടങ്ങി മമ്മൂട്ടി താടിവച്ചും സ്യൂട്ടിട്ടും അഭിനയിച്ച സ്റ്റൈലൈസ്ഡ് അധോലോക ചിത്രങ്ങൾ കാണികളെ ആവേശത്തിന്റെ പരകോടിയിലെത്തിക്കുകയും മമ്മൂട്ടിയെ ഒരു ഇതിഹാസ താരമാക്കി വളർത്തുകയും ചെയ്തു. തമിഴ്‌നാട്ടിൽ പോലും നന്നായി ഓടിയ ആ ചിത്രങ്ങൾ സൃഷ്ടിച്ച ആവേശത്തിരയുടെ ഒരു ശതമാനം പോലും ചലനമുണ്ടാക്കാൻ ഈ തമിഴ് ഫോർമ്മുലാ അനുകരണത്തിനു സാധിക്കുന്നില്ല.
മമ്മൂട്ടിയുടെ അടിയുറച്ച ആരാധകരേ രാജാധിരാജ കാണാവൂ എന്ന് ഒരു ഓൺലൈൻ നിരൂപണത്തിൽ വായിച്ചതോർക്കുന്നു. ഞാൻ നേരത്തേ പറഞ്ഞ എൺപതുകളിലേയും തോണ്ണൂറുകളിലേയും ചിത്രങ്ങൾ കണ്ട് മമ്മൂട്ടിയുടെ ആരാധകരായവർക്ക്, ആ ആവേശക്കാഴ്ച്ചകളുടെ ഓർമ്മകൾ ഇന്നും മനസ്സിൽ സൂക്ഷിക്കുന്നവർക്ക്, ഈ രാജാധിരാജ പരാക്രമം കണ്ട് കരയാനേ നിവൃത്തിയുള്ളൂ. അതിനാൽ നിങ്ങൾ മമ്മൂട്ടിയുടെ ആ നല്ലകാലത്തിന്റെ ആരാധകനാണെങ്കിൽ ഈ ചിത്രം കാണരുത് എന്നാണെന്റെ അഭിപ്രായം.
ചിത്രത്തിന്റെ പ്രത്യേകതയായി പറയാവുന്നത് ശക്തിമാൻ ഫെയിം മുകേഷ് ഖന്ന, തൊണ്ണൂറുകളിലെ വില്ലൻ റാസ മുറാദ് തുടങ്ങിയ എതാനും മുൻകാല ഹിന്ദി നടന്മാരെ കൊണ്ടുവന്ന് രാജയുടെ മുംബൈ ബന്ധത്തിന് ഒരു ആധികാരികത നൽകാനുള്ള ശ്രമമാണ്. അത് ഒരു പരിധിവരെ വിജയിച്ചിട്ടുണ്ടെങ്കിലും തിരക്കഥയുടെ പോരായ്മകൾ മൂലം അവരെ വേണ്ടവിധം ഉപയോഗപ്പെടുത്താൻ സാധിച്ചിട്ടില്ല. ശരത് കുമാർ പഴശ്ശിരാജയിൽ മമ്മൂട്ടിയെ തമ്പുരാൻ എന്നു വിളിച്ചതിനു പിന്നാലെ ക്രിസ്ത്യൻ ബ്രദേഴ്സിൽ ശരത്തിനെ മോഹൻലാലിന്റെ ശിങ്കിടിയാക്കിയതു പോലെ, ഇനി അടുത്ത ചിത്രത്തിൽ മുകേഷ് ഖന്ന മോഹൻലാലിന്റെയും ഡ്രൈവറായി വരുമോ എന്നേ അറിയാനുള്ളൂ.
ചിത്രത്തെ വസ്തുനിഷ്ഠമായി വിലയിരുത്താൻ ശ്രമിക്കുന്നത് വൃഥാ വ്യായാമമാണ്. അത്രയും അസംബന്ധ പെരുമഴയാണു ചിത്രത്തിൽ. അയ്യപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യ സീനിൽ തന്നെ കഴിഞ്ഞ ദശകത്തിലെ മിമിക്രി സിനിമകളുടെ മുഖമുദ്രയായിരുന്ന ദ്വയാർത്ഥ അശ്ലീല ഹാസ്യം പെട്ടിതുറക്കുന്നു.
ജോയ് മാത്യൂവിന്റെ കഥാപാത്രത്തിന്റെ ആദ്യ ഹിന്ദി ഡയലോഗ് തന്നെ ഗ്രാമർ തെറ്റുന്നു. പഴയ പള്ളിക്കൂടം ഭാഷയിൽ പറഞ്ഞാൽ "തും" കർത്താവായി വരുന്നേടത്ത് "ഹോ" ചേർക്കേണ്ടതിനു പകരം "ഹേ" ചെർക്കുകയെന്ന ഗൗരവമായ തെറ്റ്. എന്തായാലും തുടർന്നുള്ള ഡയലോഗുകളിൽ, പ്രത്യേകിച്ച് ഹിന്ദി നടന്മാരുടെ ഡയലോഗുകളിൽ, ഈ വക പ്രശ്നങ്ങൾ ഉണ്ടായില്ല. അപ്പോൾ അത് ഡബ്ബിങ്ങ് സമയത്തെ ശ്രദ്ധക്കുറവു കൊണ്ടായിരിക്കണം.
മുംബൈ അധോലോകക്കാർ ശേഖരൻകുട്ടിയുടെ വീടാക്രമിക്കുന്ന സീനിൽ, അവർ ചുമ്മാ തോക്കെടുത്ത് വീടിനു നേരെ തുരുതുരാ വെടിവക്കുകയാണ്. ഇവർ കൊല്ലാൻ വന്നത് വീടിനെയാണോ അതോ വീട്ടിലുള്ളവരെയാണോ എന്നു കാണികൾ ചോദിച്ചു പോകും. പൊലീസെത്തുമ്പോഴേക്കും അവർ ഓടിക്കളയുകയും ചെയ്യുന്നു. ഇവർ ഈ രീതിയിലാണ് അധോലോകക്കച്ചവടം നടത്തിയിരുന്നതെങ്കിൽ ഇവരൊക്കെ എങ്ങനെ "ഡോൺ" ആയി എന്നും സംശയിച്ചു പോകും.
കേന്ദ്ര മന്ത്രിമാരുൾപ്പെടെയുള്ള വി.ഐ.പികൾ പങ്കെടുക്കുന്ന ചീഫ് സെക്രട്ടറിയുടെ മകളുടെ വിവാഹച്ചടങ്ങിന് "മിലിട്ടറി സെക്യൂരിറ്റിയാണെന്നു" ജോയ് മാത്യൂവിന്റെ കഥാപാത്രം പറയുന്നു. അതെന്താണപ്പാ ഈ മിലിട്ടറി സെക്യൂരിറ്റി? കാണികളുടെ അറിവിനെ കുറച്ചുകാണുന്നതിന്റെ തകരാറോ, അതോ തിരക്കഥാകൃത്തിന്റെ വിവരമില്ലായ്മയുടെ ലക്ഷണമോ? ചീഫ് സെക്രട്ടറിയെ വധിക്കാൻ വന്ന പ്രൊഫഷണൽ കില്ലറെ, അതും ദൂരെ നിന്നു വെടിവക്കാൻ തയ്യാറെടുക്കുന്ന സ്നൈപ്പറെ (sniper) തിരിച്ചു കത്തിയെറിഞ്ഞു വീഴ്ത്തുന്നു രാജ. അതിമാനുഷരായ രാജമാരുണ്ടെങ്കിൽ പാവം സ്നൈപ്പർമാർക്കും രക്ഷയില്ല.
സിനിമയിലെ പാട്ടുകൾക്കും അവയുടെ ചിത്രീകരണത്തിനും നേഴ്സറി നിലവാരം മാത്രം. നമ്മുടെ കോളേജ് യുവജനോത്സവങ്ങളിൽ കാണാം ഇതിലും മികച്ച നൃത്തരംഗങ്ങൾ. ചുരുക്കിപ്പറഞ്ഞാൽ മമ്മൂട്ടിയുടെ ആരാധകരുടെ ബുദ്ധി നിലവാരത്തെ തിരക്കഥാകൃത്ത് വളരെ കുറച്ചു കണ്ടു. ഒരു സൂപ്പർ താരത്തെ മുന്നിൽ നിർത്തി എന്ത് അസംബന്ധവും മസാല ചേർത്ത് അവതരിപ്പിച്ചാൽ ചെലവാകും എന്നൊരു ആത്മവിശ്വാസം.
ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ അതിന്റെ പരമദരിദ്രമായ തിരക്കഥയാണ്. ഇതേ പ്രമേയം തന്നെ കുറേക്കൂടി വിശ്വസനീയമായും ബുദ്ധിയുള്ള പ്രേക്ഷനേക്കൂടി തൃപ്തിപ്പെടുത്തുന്ന തരത്തിലുമാക്കാൻ പ്രതിഭയുള്ള ഒരു തിരക്കഥാകൃത്തിനു സാധിച്ചേനെ. മമ്മൂട്ടിയും മോഹൻലാലുമൊക്കെ മലയാള സിനിമയിലെ കിങ്ങുമാരാണെന്നും, അവർക്കു മുൻപിൽ അന്യഭാഷാ നടന്മാർ വരെ ഓച്ഛാനിച്ചു നിൽക്കുമെന്നും, അവർ ഒന്നു കൈവീശിയാൽ പത്തോ നൂറോ സ്റ്റണ്ട് എക്സ്ട്രാകൾ വായുവിൽ കറങ്ങി വീഴുമെന്നുമൊക്കെ എല്ലാവർക്കും അറിയാം. അതു പക്ഷേ സാഹചര്യ നിർമ്മിതിയിലൂടെയും ദൃശ്യവിന്യാസത്തിലൂടെയും കാണികളെ ബോധ്യപ്പെടുന്നതിലാണു (convince) തിരക്കഥാകൃത്തിന്റെ മിടുക്ക്, അതാണിവിടെ സാധിക്കാതെ പോവുന്നതും. മമ്മൂട്ടിക്ക് ഈ സിനിമയിൽ അഭിനയം എന്നൊരു പണിയേ ചെയ്യാനില്ല. സിനിമയിലുടനീളം മമ്മൂട്ടിയുടെ സ്ഥായിയായ ഭാവം നിർവികാരതയാണ്. മമ്മൂട്ടിയുടെ താടി പഴയ സാമ്രാജ്യം ഛായ വരുത്താനല്ല മറിച്ച് പ്രായം മറയ്ക്കാനാണെന്നു വ്യക്തം.
എഴുപതുകൾ മുതൽ കാൽ നൂറ്റാണ്ടോളം ഭാരതത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളും ഉന്നതമായ ആസ്വാദന നിലവാരവും സൃഷ്ടിച്ച മലയാളം ഇന്ന് ഇങ്ങനെ താര മത്സരത്തിൽ ആരാധകർ ചേരിതിരിഞ്ഞ് നിലവമില്ലാത്ത സൃഷ്ടികൾ വിജയിപ്പിച്ചു വിടുന്നതു കാണുമ്പോൾ ദുഃഖമുണ്ട്. മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും ആരാധകർ തമ്മിലുള്ള കിടമത്സരം മാത്രമാണ് ഇരുവരുടേയും ഇത്തരം അസംബന്ധ സിനിമകൾ വിജയിപ്പിക്കുന്നത്.

No comments:
Post a Comment