Thursday, November 07, 2013

ഓണം: ഒരു ചരിത്രാന്വേഷണം.

ഓണം എന്ന ആഘോഷത്തിന്റെ പുറകിലുള്ള ഐതിഹ്യം എന്നും എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്‌ (puzzled). പഴയകാല നന്മയെ പാടിപ്പുകഴ്ത്തുകയും അതിന്റെ ഓർമ്മക്കായി ഒരു ആഘോഷം തന്നെ കൊണ്ടാടുകയും, എന്നാൽ ആ നന്മ സമൂഹത്തിൽ നിലനിർത്താൻ ഒട്ടും ശ്രമിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ജനതയുടെ രസകരമായ മന:ശാസ്ത്രം. അതു കൂടാതെ, പരദേശിയായ ഒരാൾ വന്നു നീതിമാനായ സ്വന്തം രാജാവിനെ അധികാരത്തിൽ നിന്നു പുറത്താക്കിയ സംഭവത്തെ ഓരോ വർഷവും ഓർമ്മ പുതുക്കി ആഘോഷിക്കുന്ന ഒരേയൊരു ജനതയായിരിക്കും ഒരു പക്ഷേ മലയാളികൾ. അതിലും വിചിത്രമായത്‌ തങ്ങളുടെ പ്രിയ രാജാവിനെ സ്ഥാനഭ്രഷ്ഠനാക്കിയ പരദേശിയെ ദൈവത്തിന്റെ അവതാരമായി വിചാരിക്കുക എന്നതും. ഓണത്തിന്റെ കഥയിലെ ഈ വൈചിത്ര്യങ്ങളാണു അതേ സംബന്ധിച്ചു അന്വേഷണം നടത്താൻ എന്നെ പ്രേരിപ്പിച്ചത്.

മധുരൈ കാഞ്ചി.

ഓണം എന്ന ആഘോഷത്തിന് ഏതാണ്ട് രണ്ടായിരം വർഷത്തെ പഴക്കമുണ്ടെന്നും അതു ത്മിഴ് നാട്ടിൽ നിന്നാണ് ഉത്ഭവിച്ചത് എന്നും തെളിയിക്കുന്നതാണ് മധുരൈ കാഞ്ചിയിലെ പരാമർശം. ഓണം എന്ന ആഘോഷത്തെക്കുറിച്ചു ഏറ്റവും പഴക്കമുള്ള പരാമർശ്ശം കണാവുന്നതു സംഘകാല (ബി.സി. രണ്ടാം നൂറ്റാണ്ട് മുതൽ എ.ഡി. രണ്ടാം നൂറ്റാണ്ട് വരെ) കൃതിയും പത്തുപാട്ടുകളിലൊന്നുമായ 'മധുരൈ കാഞ്ചി'യിലാണത്രെ. സംഘകാല കവിയായ മാങ്കുടി മരുതനാർ എഴുതിയതെന്നു കരുതപ്പെടുന്ന 'മധുരൈ കാഞ്ചി' ഏതാണ്ടു മുഴുവനും മധുര ആസ്ഥാനമായി ഭരിച്ചിരുന്ന അന്നത്തെ പാണ്ഡ്യരാജാവിനുള്ള വാഴ്ത്തുപാട്ടുകളാണ്. ഈ പാണ്ഡ്യരാജാവ്  നെടുഞ്ചെഴിയൻ മൂന്നാമൻനാണെന്നു കരുതപ്പെടുന്നു.[Note 1] 'മധുരൈ കാഞ്ചി' എഴുതപ്പെട്ട സാഹചര്യം  നെടുഞ്ചെഴിയന്റെ തലൈയളങ്കനം യുദ്ധവിജയമാണെന്നും കഥയുണ്ട്, ഇതൊരുപക്ഷേ  കെട്ടു കഥയാവാം. നെടുഞ്ചെഴിയൻ മൂന്നാമന്റെ കാലം മുതലാണ് പാണ്ഡ്യ സാമ്രാജ്യം പടിഞ്ഞാറോട്ട് അതായത് കേരളത്തിലോട്ട് കടന്നു കയറാൻ തുടങ്ങിയത്. ഈ വാഴ്ത്തുപാട്ടുകളിൽ മധുരയിലെ ഓണാഘോഷത്തേക്കുറിച്ചുള്ള  വർണ്ണനകളുണ്ട്‌.

'கணம் கொள் அவுணர் கடந்த பொலம் தார்
மாயோன் மேய ஓண நன் நாள்
கோணம் தின்ற வடு வாழ் முகத்த
'
- മധുരൈ കാഞ്ചി, വരികൾ 590 മുതൽ 592 വരെ.[Note 3]
'മായോൻ മേയ ഓണ നൻ നാൾ'

ഇവിടെ മധുരൈ കാഞ്ചിയിൽ മായോൻ മേയ നല്ല നാൾ എന്നാണ് ഓണത്തെ വിശേഷിപ്പിക്കുന്നത്. ഇവിടെ മായോൻ (மாயோன்) പണ്ഢ്യന്മാരുടെ ദേവനാണെന്നും, അതു വിഷ്ണുവാണെന്നും, അതുവഴി  ഓണം 'മായോൻ' എന്ന വിഷ്ണുവിന്റെ ജന്മദിനാഘോഷമാണെന്നുമാണു വ്യാഖ്യാനം.[Note 2]

വാമനനെ പുരാണത്തിൽ പരതിയാൽ കിട്ടുന്ന വിലാസം പന്ത്രണ്ടു ആദിത്യന്മാരിൽഒരാളെന്നതാണു, അതായതു അദിതിയുടെ പന്ത്രണ്ടു മക്കളിൽ ഒരാൾ. പന്ത്രണ്ടു ആദിത്യന്മാർ യഥാർത്ഥത്തിൽ സൂര്യന്റെ പന്ത്രണ്ടു രാശികളാണു. അതായതു വാമനന്റെ ജന്മദിന ഉത്സവമെന്നാൽ സൂര്യദേവന്റെ ജന്മദിന ഉത്സവം തന്നെ. കർക്കടകത്തിലെ ഇരുട്ടു മാറി മാനം തെളിയുന്ന ചിങ്ങത്തിലാണു കേരളത്തിൽ സൂര്യന്റെ ജന്മദിനം ആഘോഷിക്കുന്നതു. അത് തന്നെയാണ് പുതുവര്ഷവും. പുതുവർഷമൊക്കെ സാധാരണ ഭരണാധികാരികൾ രാഷ്ട്രിയ അധികാരം ഉപയോഗിച്ചാണ് പ്രചാരത്തിലാക്കാറുള്ളത്. ചിങ്ങമാസത്തെ ഒന്നാം മാസമാക്കി വര്ഷ ഗണന നിശ്ചയിച്ചത് ഏതു രാജാവിന്റെ കാലത്താണെന്ന് വ്യക്തമല്ല. കൊല്ലം ഭരിച്ചിരുന്ന രാജവംശത്തിന്റെ കാലത്താണ് കൊല്ല വർഷം ആരംഭിച്ചത് എന്നാണു സങ്കല്പം.

കാറ്റും കോളും മൂലം കപ്പലുകൾക്കു കേരള തീരത്തു അടുക്കാൻ കഴിയാത്ത മൺസൂണിനു ശേഷം അറബിക്ക്ച്ചവടക്കാരുടെ കപ്പലുകൾ ഇവിടുത്തെ മലഞ്ചരക്കിനു പ്രതിഫലമായി സ്വർണ്ണവുമായി വരുന്നതിനാലാണു ചിങ്ങം പൊന്നിൻചിങ്ങവും ഓണം പൊന്നോണവുമായത്‌ എന്നു ചരിത്രകാരനായ ഡോ. രാജൻ ഗുരുക്കൾ അഭിപ്രായപ്പെടുന്നു. ആ കാലത്ത് സ്പെയിനിലെ രാജ്ഞി കുരുമുളക് വാങ്ങിയിരുന്നത് ഒരു റാത്തൽ കുരുമുളകിന് ഒരു റാത്തൽ സ്വർണ്ണം എന്ന വിലക്കാണത്രേ. അതേ വില ഇവിടെ കിട്ടുകയില്ലെങ്കിലും ഓണത്തിന്റെ സമൃദ്ധി കൊയ്ത്തിന്റെ സമൃദ്ധിയല്ല മറിച്ച് സ്വർണ്ണത്തിന്റെ സമൃദ്ധി തന്നെയായിരുന്നു എന്നു വ്യക്തമാണ്. മലയാളിക്ക് സ്വർണ്ണത്തോടുള്ള പരമ്പരാഗത ആർത്തിയുടേയും, കുരുമുളകിനെ കറുത്ത സ്വർണ്ണം എന്നു വിളിക്കുന്നതിന്റെയും കാരണവും ഇപ്പോൾ മനസ്സിലാവുന്നു.


ഓണത്തിന്റെ കഥയിലെ ബലി പാണ്ഡ്യ കാലത്തെ കേരളത്തിലെ ഏതെങ്കിലും രാജാവോ രാജവംശമോ ആണോ അതോ കേരളത്തിൽ നിഷ്കാസനം ചെയ്യപ്പെട്ട ദ്രാവിഡ രാജവംശങ്ങളുടെ പൊതുവിലുള്ള  പ്രതീകം മാത്രമാണോ എന്നറിയില്ല. വാമനൻ ആര്യന്മാരുടെ സൂര്യദേവൻ തന്നെയാണ്.

References & bibliography:
  1. 'A History of South India from Prehistoric Times to the Fall of Vijayanagar'. K. A. N. Sastri, Oxford University Press, New Delhi. Reprinted in 1998.
  2. 'Onam' from the English Wikipedia. Permalink: http://en.wikipedia.org/w/index.php?title=Onam&oldid=585251431 
  3. Complete text (Tamil) of Madhurai Kanchi in  unicode at Project Madhurai: http://www.projectmadurai.org/pm_etexts/utf8/pmuni0071.html 
  4. 'Madurai Kanji' (Tamil), Mangudi Maruthanaar, South India Saiva Siddhanta works Publishing Society, Chennai, 1977.

    No comments:

    Post a Comment