Monday, November 04, 2013

മലയാളവും ശ്രേഷ്ഠ ഭാഷാ പദവിയും.

മലയാളത്തിന്റെ ശ്രേഷ്ഠ ഭാഷാ പദവി രസകരമായ ഒരു ചിന്തക്കുള്ള വകയാണു. ഏതാണ്ടു രണ്ടായിരം വർഷം മുൻപ് ദ്രാവിഡ ഭാഷാ കുടുംബത്തിൽ തമിഴിന്റെ സഹോദര ഭാഷയായി തുടങ്ങിയ മലയാളം, പിന്നെ തമിഴ്‌ വഴിയിൽ നിന്നു വിട്ട്‌ അന്നത്തെ പ്രൗഢ വൈജ്ഞാനിക ഭാഷയായ സംസ്കൃതത്തിലേക്കു വഴിമാറി. എന്നുവച്ചാൽ സംകൃതത്തിൽ നിന്ന് ആദ്യം വാക്കുകളും പിന്നീടു വ്യാകരണവും കടമെടുത്തു. അങ്ങനെ ഒരുപാടു സംസ്കൃതവത്കരിച്ച ശേഷമാണു മലയാളത്തിലേക്കുള്ള യൂറോപ്യൻ ഭാഷകളുടെ അധിനിവേശം ആരംഭിക്കുന്നത്.  യൂറോപ്യൻ അധിനിവേശ കാലത്ത്  എല്ലാ  അധിനിവേശ ഭാഷകളിൽ നീന്നും കാര്യമായ സ്വാധീനം മലയാളത്തിലുണ്ടായി. ഇതിൽ ഇംഗ്ലീഷിനു മുൻപ്‌ മലയാളത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത്‌ പോർച്ചുഗീസ്‌ ഭാഷയാണ്‌. കസേര, മേശ, ജനൽ, തുടങ്ങിയ വാക്കുകൾ പോർച്ചുഗീസിൽ നിന്നു വന്നതാണെന്നു മലയാളികളിൽ മിക്കവർക്കും ഇന്നറിയില്ല. പിന്നീടു മലയാളത്തെ ഏറ്റവും കൂടുതൽ സ്വധീനിച്ചത്‌ ഇംഗ്ലീഷു തന്നെ.

ആദ്യ കാലത്തു ഇംഗ്ലീഷിൽ നിന്ന്  ഒരുപാടു വാക്കുകളും ശൈലികളും നേരിട്ടു കടം കൊണ്ടപ്പോൾ, പിൽക്കാലത്ത്  അവ തർജ്ജമ ചെയ്യാൻ ശ്രമമായി. മലയാളത്തിൽ സമാനമായ വാക്കില്ലാതെ എങ്ങനെ തജ്ജമ ചെയ്യും? കണ്ടെത്തിയ വഴിയാണു കുഴപ്പം. സംസ്കൃതത്തിൽ നിന്നെടുക്കുക. അതോടെയാണു സംസാര ഭാഷയുമായി ബന്ധമില്ലാത്ത ഒരുപാടു കടുകട്ടി വാക്കുകൾ എഴുത്തു മലയാളത്തിലേക്കു വന്നത്‌. ഇംഗ്ലീഷ്‌ ശൈലി, സംസ്കൃത വാക്കുകൾ എന്ന സ്ഥിതി. ഇപ്പോഴും മലയാളം അങ്ങനെ ഒന്നുമല്ലാത്ത ഒരു അവസ്ഥയിലാണ്.

പിന്നെ ശ്രേഷ്ഠ ഭാഷാ പദവി കൊണ്ടുള്ള പ്രയോജനം. കേന്ദ്ര ഫണ്ടിൽ നിന്നും കുറെ ശത കോടികൾ ഓരോ വർഷവും ചെലവാക്കാനായി ഉമ്മൻ ചാണ്ടിക്കും പിണറായിക്കും അവരുടെ പിന്ഗാമിക്കൾക്കും ലഭിക്കും. മലയാള ഭാഷയുടെ പേരിൽ കുറെ സർവലകലാശാലകളും ഇൻസ്റ്റിറ്റ്യൂട്ടുകളും സ്ഥാപിക്കപ്പെടും. അവിടങ്ങളിൽ ഭരിക്കുന്നവരുടെ  ആജ്ഞാനുവർത്തികളായ റിട്ടയേർഡ്‌ ഐ എ എസ്സുകാർക്കോ, റിട്ടയേർഡ്‌ പ്രഫസർ മാർക്കോ, അതുമല്ലെങ്കിൽ റിട്ടയേർഡ്‌  എഴുത്തുകാർക്കോ തൊഴിൽ ലഭിക്കും. ചെയർമാൻ, എം ഡി സ്ഥാനങ്ങൽ ഘടക കക്ഷികൾക്കായി വീതം വയ്ക്കുമ്പോൾ പരിഗണിക്കാൻ കുറേ കസേരകൽ കൂടി കിട്ടും, അത്ര തന്നെ.

പീന്നെ വേറെ ഒരു വിഷയത്തിനും പ്രവേശനം കിട്ടാത്തത് കൊണ്ടു മാത്രം മലയാളം ബി എ ക്കും, എം എ ക്കും ചേരുന്നവർക്കു അപേക്ഷിക്കാവുന്ന സീറ്റുകളുടെ എണ്ണം കൂടും.

No comments:

Post a Comment