Saturday, November 16, 2013

ബ്ലെസ്സി എന്ന സംവിധായകന്റെ പതനം: കാഴ്ച്ച മുതൽ ശ്വേതാ മേനോന്റെ പ്രസവം വരെ.

പത്മരാജന്റെ ശിഷ്യൻ എന്ന വിലാസത്തിലാണ് ബ്ലെസ്സി എന്ന സംവിധായകൻ വരുന്നത്. പൈങ്കിളി ആയിപ്പോകാൻ സാധ്യതയുള്ള വിഷയങ്ങൾ ഏറ്റെടുത്ത് അസാധാരണ കൈയടക്കത്തൊടെ കാണാൻ സുഖമുള്ളതും അതേ സമയം നിലവാരമുള്ളതുമായ സിനിമകൾ നിര്മ്മിച്ച സംവിധായകനാണ് പത്മരാജൻ.

ആദ്യ ചിത്രമായ കാഴ്ച വിജയിച്ചതോടെ ബ്ലെസ്സി വലിയ പ്രതീക്ഷയുണ്ടാക്കി. കാഴ്ച വലിയ നിരൂപക ശ്രദ്ധ നേടി. ഞാൻ കൂടി അംഗമായ എറണാകുളം പബ്ലിക്‌ ലൈബ്രറിയൊക്കെ കാഴ്ച്ചയെക്കുറിച്ച്  ആസ്വാദന വിശകലന ചർച്ചകൾ സംഘടിപ്പിച്ചു.

എന്നാൽ രണ്ടാമത്തെ ചിത്രമായ തന്മാത്ര കാഴ്ചയേക്കാൾ വലിയ സാമ്പത്തിക വിജയം നേടിയെങ്കിലും വിവരമുള്ള പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയില്ല. കാരണം അൽഷിമേഴ്സ്  എന്ന രോഗത്തെ വളരെ അബദ്ധജഡിലമായാണ് തന്മാത്ര അവതരിപ്പിച്ചത് . അൽഷിമേഴ്സ് ഒരാളുടെ സമീപകാല ഓര്മ്മകളെയാണ് ആദ്യം നശിപ്പിക്കുക. ചിത്രത്തിൽഇത് കഥാകൃത്തിന്റെ  സൗകര്യം പോലെ തിരിച്ചും മറിച്ചുമൊക്കെ സംഭവിക്കുന്നുണ്ട്. അത് മാത്രമല്ല, ഓർമ്മക്കുറവു ബാധിച്ച രോഗി സിനിമയിൽ രോഗം അല്പം മൂർച്ഛിച്ച അവസ്ഥയിൽ പെരുമാറുന്നത് കുട്ടികളുടെ പെരുമാറ്റ ചേഷ്ടകളുമായാണ്. ഇതു സംവിധായകന്റെ വിവരക്കുരവു കൊണ്ടാണോ അതോ സിനിമ കാണുന്ന സാധാരണക്കാരനെ ഇംപ്രസ്സ്  ചെയാനാണൊ എന്നു വ്യക്തമല്ല. എന്തായാലും ഇവിടെ മുതൽ ബ്ലെസ്സി പൈങ്കിളി ആയിത്തുടങ്ങിയിരുന്നു. പത്മരാജനേക്കുറിച്ചു ഞാൻ ആദ്യം പറഞ്ഞത് ഓർക്കുക.

പിന്നീടു വന്ന കൽക്കട്ട ന്യൂസ്‌ ആവട്ടെ വളരെ ഗൗരവമുള്ളതും സങ്കീർണ്ണവുമായ ഒരു സാമൂഹിക വിഷയത്തെ (human trafficking and sexual slavery) വളരെ ലളിതവത്കരിച്ച് അവതരിപ്പിക്കുകയും ഒരു അതിലളിത  സിനിമാറ്റിക് ക്ലൈമാക്സിലൂടെ അതങ്ങു പരിഹരിക്കുന്നതായി ചിത്രീകരിക്കുകയും ചെയ്തു. അങ്ങനെ ആ പ്രശ്നം പരിഹരിക്കാനാണെങ്കിൽ ബ്ലെസ്സിക്കു തന്നെ ഒരു ക്യാമറാ മൊബൈലുമായി സോനാഗാച്ചിയിലേക്കു പോകാമായിരുന്നു.

നാലാമതു  വന്ന ഭ്രമരം ബ്ലെസ്സി നല്ല വിഷ്വൽ സെൻസ് ഉള്ള സംവിധായ്കനാണെന്നും എനാൽ സിനിമക്കു പറ്റിയ  കഥ കണ്ടെത്താൻ  മറ്റാരെയെങ്കിലും ഏല്പിക്കൗന്നതാണു നല്ലത് എന്നും തെളിയിച്ചു.

പിന്നീടു വന്ന പ്രണയം ഗംഭീരമാണെന്നു ചില ടെക്സ്റ്റ്‌ ബുക്ക്‌ ബുദ്ധി ജീവികൾ പറഞ്ഞു നടക്കുന്നുണ്ടെങ്കിലും, ആ ഗാംഭീര്യം എന്താണെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല.

ഇതിനൊക്കെ ശേഷവും പ്രതീക്ഷയോടെ കാത്തിരുന്ന പ്രേക്ഷകരുടെ മുന്നിലേക്കാണ് ബ്ലെസ്സി കളിമണ്ണുമായി വരുന്നത്.

എന്താണു കളിമൻണിന്റെ പ്രശ്നം? സിനിമയിൽ പ്രസവം കാണിക്കുന്നതോ അതിന്റെ സദാചാരമോ ഒന്നുമല്ല ഇവിടുത്തെ പ്രശ്നം. സദാചാര പ്രശ്നമുള്ളവർ സിനിമ കാണാതിരുന്നാൽ മതി.

ഒന്നാമതായി, സിനിമയിൽപ്രസവം ചിത്രീകരിക്കാൻ ഒരു നടി പ്രസവിക്കേണ്ട ഒരാവശ്യവുമില്ല. അങ്ങനെയാണെങ്കിൽ സിനിമയിൽ കൊലപാതകം ചിത്രീകരിക്കാൻ എത്ര നടന്മാരെ കൊല്ലേണ്ടി വന്നേനെ! പ്രസവം ചിത്രീകരിക്കാൻ നടി നന്നായി അഭിനയിച്ചാൽ മതി (കഴിവുള്ള നടിയാണെങ്കിൽ). ഇനി ഗർഭാശയ മുഖത്തു നിന്നു  കുഞ്ഞു പുറത്തേക്കു വരുന്ന കാഴ്ച തന്നെ ചിത്രീകരിക്കണം എന്നു നിർബന്ധമുണ്ടായിരുന്നെങ്കിൽ, യഥാർത്ഥ പ്രസവം ഷൂട്ട് ചെയ്യാതെ അതു ദൃശ്യവത്കരിക്കാൻപല വഴികളുണ്ട്. അതിലാണു സംവിധായകന്റെ കഴിവ്.

പക്ഷേ ഇവിടെ സംഗതി അതൊന്നുമായിരുന്നില്ല. സിനിമ നിർമ്മിക്കാൻ തുടങ്ങന്നുന്നതിനു മുൻപേ അതിൽ ഒരു നടിയുടെ യഥാർത്ഥ പ്രസവം ചിത്രീകരിക്കുന്നുണ്ടെന്നും, ആ പ്രസവം 'ബോൾഡ് ' ആയ വേഷങ്ങൾ ചെയ്തു പ്രസിദ്ധി നേടിയ ശ്വേതാ മേനോന്റേതാണെന്നും മുൻകൂട്ടി പ്രഖ്യാപിക്കുക. ലക്‌ഷ്യം വ്യക്തമാണ്. ഒന്ന്, സദാചാര കേരളത്തിൽ ഇത് വിവാദമാകും. അപ്പോൾ സിനിമക്ക് സൗജന്യമായി ഒരു പബ്ലിസിറ്റി കിട്ടും. രൻണ്ട്, ശ്വേതാ മേനോന്റെ പ്രസവ ദൃശ്യം എന്നു കേൾക്കുമ്പോൾഷക്കീലയുടെ സിനിമയ്ക്ക് ഇടിച്ചു കേറുന്ന തരം പ്രേക്ഷകർ ഈ സിനിമക്കും തള്ളിക്കയറും എന്ന പ്രതീക്ഷ.

എന്തായാലും മനോരമയുടേയും മറ്റും പിന്തുണയോടെ ആവശ്യത്തിലധികം പബ്ലിസിറ്റി സിനിമക്ക് ലഭിച്ചു. സിനിമക്കു പ്രാചാരം കീട്ടാൻ വേണ്ടി നടത്തിയ ഈ വൃത്തികെട്ട സർക്കസ്സ്  തങ്ങളേപ്പോലുള്ള ജ്ഞാനികൾക്കു മാത്രം മനസ്സിലാകുന്ന  ഒരു തരം ആദർശ പ്രവൃത്തിയാണെന്നു ബ്ലെസ്സിയും ശ്വേതാ മേനോനും പിന്നെ ബി.ഉണ്ണികൃഷ്ണനും മനോരമയുമൊക്കെ അവകാശപ്പെട്ടുകൊണ്ടിരുന്നു. പബ്ലിസിറ്റി തിരക്കഥയുടെ ഭാഗമായി ലിബർട്ടി ബഷീറിനെക്കൊണ്ടു കുറെ ബഹളം വയ്പ്പിച്ചു. സിനിമ സദാചാര വിരുദ്ധമാണെന്നും അത് തന്റെ തീയറ്റരിൽ പ്രദർശിപ്പിക്കില്ല എന്നും പ്രഖ്യാപിച്ചു ലിബർട്ടി ബഷീർവിവാദം ലൈവാക്കി നിർത്തി. പക്ഷേ ഈ വക ഗിമ്മിക്കുകൾ കൊണ്ടു മാത്രം ഒരു സിനിമ വിജയിപ്പിക്കാൻ സാധിക്കില്ലല്ലോ. അതു തീയറ്ററിൽ ഗംഭീരമായി പൊട്ടി.

ഒടുവിൽ ബ്ലെസ്സി എത്തിപ്പെട്ട അവസ്ഥ എന്താണ്? ശ്വേതാ മേനോനും മനോരമക്കും നഷ്ടപ്പെടാൻ ഒന്നുമുണ്ടായിരുന്നില്ല. പക്ഷെ ബ്ലെസ്സി നഷ്ടപ്പെടുത്തിയത് ഒരു വലിയ വിശ്വാസമാണ്.  കാമ്പുള്ള സിനിമകളുടെ വക്താവ് എന്ന വിശ്വാസം.

This is a republication. This article was originally published in May 2013.

No comments:

Post a Comment