Saturday, November 16, 2013

കസ്തൂരി രംഗൻ റിപ്പോർട്ട് : പാറമട മുതലാളിമാർക്കു വേണ്ടി കത്തോലിക്കാ സഭയും സി പി എമ്മും കോണ്‍ഗ്രസ്സും ഒരുമിച്ചപ്പോൾ.

പശ്ചിമഘട്ടം ഭാരതത്തിന്റെ മണ്‍സൂണാണ്, നമ്മുടെ നാടിന്റെ മഴയാണ്. എന്നാൽ ഇപ്പോൾ പശ്ചിമഘട്ടത്തിന്റെ കേരളത്തിലെ അവസ്ഥ വളരെ ദയനീയമാണ് . കേരളത്തിൽ 2012 ലെ കണക്കനുസരിച്ചു പ്രവർത്തിക്കുന്നത്‌ 16000 ക്വാറികളാണു. ഇതിൽ 60 ശതമാനത്തിനും ലൈസൻസ്‌ ഇല്ല. ലൈസൻസ്‌ ഉള്ളവ തന്നെ പാരിസ്ഥിതിക അനുമതി ഇല്ലാതെയാണു പ്രവർത്തിക്കുന്നത്‌. 


മാധവ് ഗാഡ്ഗി കമ്മിറ്റി റിപ്പോർട്ട് പാറമട ഖനി മുതലാളിമാർക്കു സ്വീകര്യമല്ലാതെ വന്നപ്പോഴാണ് അല്പം കൂടി മയമുള്ള ഒരു റിപ്പോർട്ട് തയ്യാറാക്കുന്നതിനായി കസ്തൂരി രംഗന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ച് ഇങ്ങോട്ട് അയച്ചത്.

പാറമട മുതലാളിമാർക്കും ഖനി ലോബിക്കും വേണ്ടി നമ്മുടെ സർക്കാരുകളും മറ്റും ചെയ്തതിന്റെ ഒരു കണക്കെടുപ്പ്: 


1. സർക്കുലർ

പാറമടകൾക്ക് പാരിസ്ഥിതിക അനുമതി വേണം എന്ന കേന്ദ്ര നിബന്ധന മറികടക്കാൻ ഈ മന്ത്രിസഭ അധികാരമേറ്റയുടൻ ഖനന വകുപ്പു കൈകാര്യം ചെയ്യുന്ന കുഞ്ഞാലിക്കുട്ടി സർക്കുലർ ഇറക്കുന്നു.  

2. കസ്തൂരി രംഗൻ റിപ്പോർട്ടിനെതിരെ പ്രക്ഷോഭം, ഹർത്താൽ

കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി വകുപ്പ്‌ കഴിഞ്ഞ ദിവസം (Nov 16, 2013) ഒരു കരടു വിജ്ഞാപനം ഇറക്കി (വിജ്ഞാപനം - PDF). ആ വിജ്ഞാപനത്തിന്റെ പേരിൽ ഒരു വലിയ പ്രക്ഷോഭം നടന്നു, ഒരു പൊലീസ്‌ ജീപ്പു കത്തിക്കുകയും പൊലീസിന്റേതുൾപ്പെടെ നിരവധി വാഹനങ്ങൾ തകർക്കുകയും ചെയ്തു, വനം വകുപ്പിന്റെ ഓഫീസ്‌ തീയിട്ടു, ഒരുപാടു ഫയലുകൾ കത്തി നശിച്ചു. തിങ്കളാഴ്ച ഒരു ഹർത്താൽ നടക്കുകയും ചെയ്യുന്നു.

യഥർത്ഥത്തിൽ എന്താണിവിടെ സംഭവിക്കുന്നത്‌? കേന്ദ്ര സർക്കാർ പുറത്തിറക്കിയ  വിജ്ഞാപനം പരിമിതമായ നിയന്ത്രണങ്ങളാണു മാത്രമാണു വയ്ക്കുന്നത്‌.

വിജ്ഞാപനം ചെയ്യപ്പെട്ട മേഖലയിൽ ഇനി പറയുന്ന കാര്യങ്ങൾക്കാണു നിയന്ത്രണം.
  1. പാറമടകൾ, ഖനനം. 
  2. താപവൈദ്യുതി നിലയങ്ങൾ.
  3. ഇരുപതിനായിരം ചരുരശ്ര മീറ്ററിൽ (രണ്ടേകാൽ ലക്ഷം ചതുരശ്ര അടിയിൽ) കൂടുതൽ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾ. 
  4. ഒന്നരലക്ഷം  ചരുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണ്ണമുള്ള പുതിയ ടൗൺഷിപ്പുകൾ. 
  5. ചുവപ്പു പട്ടികയിലുള്ള (Red Category) വ്യവസായങ്ങൾ.
ഈ നിർദ്ദേശങ്ങൾ എങ്ങനെയാണു കർഷകരേയും സാധാര ജനങ്ങളേയും ബാധിക്കുക. ഇതു ബാധിക്കുക പുതിയ പാറമടകൾ തുടങ്ങാൻ ആഗ്രഹിക്കുന്ന പാറമട മുതലാളിമാരേയും, വമ്പൻ കെട്ടിടങ്ങളും റിസോർട്ടുകളും പണിയാൻ ഉദ്ദേശിക്കുന്നവരേയും മാത്രമാണു.

അപ്പോൾ രാഷ്ട്രീയപ്പാർട്ടികളും ക്രിസ്ത്യൻ സഭയും (ഇടുക്കി രൂപത) വൻകിട മുതലാളിമാരുടെ താത്പര്യം സംരക്ഷിക്കാൻ, അവരെ പ്രതിരോധിക്കൻ, അവരുടെ ബിസിനസ്സിനു തടസ്സം വരില്ല എന്നുറപ്പിക്കാൻ തങ്ങളേക്കൊണ്ടു സാധിക്കുന്നതൊക്കെ ചെയ്യുകയാണു.

അതിനവർ വളരെ സിസ്റ്റമാറ്റിക്‌ ആയി ഈ റിപ്പോർട്ടിനെ കുറിച്ചു ആളുകളുടെ ഇടയിൽ നുണ പറഞ്ഞു പ്രചരിപ്പിച്ചു. സി പി എം നേതാവ്‌ ഇ പി ജയരാജൻ പറഞ്ഞതു ഇനി മുതൽ അവിടെ കെട്ടിടം പണിയാൻ സാധിക്കില്ല, ഒരു വീടു പുതുക്കിപ്പണിയാൻ പോലും സാധിക്കില്ല എന്നൊക്കെയാണു. എതാണ്ടിതേ നുണകൾ തന്നെയാണു അവിടെ പള്ളികളിൽ വായിച്ച ഇടുക്കി ബിഷപ്പിന്റെ ഇടയ ലേഖനത്തിൽ ഉണ്ടായിരുന്നത്‌. അങ്ങനെ ജനങ്ങളെ നുണകൾ പറഞ്ഞു ഭയപ്പെടുത്തി ഒരു  വിജ്ഞാപനത്തെ തോൽപ്പിക്കുക, മുതലാളിമാർക്കു വേണ്ടി.

രാഷ്ട്രീയ പാർട്ടികൾ ഇതു ചെയ്യുന്നത്‌ എന്തു കൊണ്ടാണു എന്നു നമുക്കറിയാം. മുതലാളിമാരുടെ പണം വാങ്ങിയാൽ അവരുടെ താത്പര്യം സംരക്ഷിക്കേണ്ടേ. എന്നാൽ സഭ  സാധാരണകാരായ വിശ്വാസികളെപ്പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു അവരെ തെരുവിറക്കി സമുദായത്തിലെ സമ്പന്നരെ സംരക്ഷിക്കാൻ ശ്രമിക്കുന്നു.

ഇനി ഇതിൽ എന്തു സംഭവിക്കും എന്നു ബുദ്ധിയുള്ളവർക്കറിയാം. വരാനുള്ള തെരെഞ്ഞടുപ്പും 'പൊതുജന പ്രക്ഷോഭവും' പരിഗണിച്ചു കേന്ദ്ര സർക്കാർ കരടു വിജ്ഞാപനം മരവിപ്പിക്കുകയോ അതു നടപ്പാക്കുന്നത്‌ അനിശ്ചിതമായി നീട്ടി വയ്ക്കുകയോ ചെയ്യും. ഒരു പക്ഷെ കരടു വിജ്ഞാപനം റദ്ദാക്കി എന്നും വരാം. അതായതു രാഷ്ട്രീയ പാർട്ടികളും കത്തോലിക്കാ സഭയും കൂടി ചേർന്ന് ഒരു കേന്ദ്രം നിയമം നടപ്പാക്കനുള്ള ശ്രമത്തെ ഭംഗിയായി അട്ടിമറിക്കുന്നു.

3. ചക്കിട്ടപ്പാറയില്‍ ഇരുമ്പ് ഖനനത്തിനു അനുമതി.

കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറയില്‍ ഇരുമ്പ് ഖനനത്തിനു കര്‍ണാടകയിലെ കുപ്രസിദ്ധമായ എം.എസ്.പി.എല്‍ (MSPL Limited) കമ്പനിക്കു സർക്കാർ നല്കിയ അനുമതി വാര്ത്തയായതിനെ (24 Nov 2013, Asianet, IndiaVision) തുടര്ന്നു രദ്ദാക്കുമെന്ന് വകുപ്പു മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു (25 Nov 2013, Asianet, IndiaVision), കുറ്റം മുൻ സർക്കാറിന്റെ മേൽ ചാർത്തി. അനുമതി നല്കാനുള്ള നടപടികൾ തുടങ്ങിയത് കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് എളമരം കരീം ആണെന്നു വ്യക്തമാണ്. എളമരം കരീമിന്റെ കസിൻ നൗഷാദിനു അഞ്ചു കോടി നല്കിയെന്ന് നൌഷാദിന്റെ ഡ്രൈവർ വെളിപ്പെടുത്തുന്നു (26 Nov 2013, Various news channels). ബിനോയ് വിശ്വം തടഞ്ഞ അനുമതി നല്കിയത് ഉമ്മൻ ചാണ്ടി ഗണേഷ് കുമാറിൽ നിന്ന് വനം വകുപ്പ് ഏറ്റെടുത്തതിനു ശേഷം ആണെന്നു തെളിയുന്നു (26 Nov 2013, Various news channels). ഇതിനോക്കെയാണ് എല്ലാവരും ഒരുമിച്ച് കസ്തൂരി രംഗൻ റിപ്പോർട്ടിനെ എതിർക്കുന്നത്.

Related articles: Environmental Pollution.

No comments:

Post a Comment