Sunday, November 03, 2013

ചൊവ്വ പര്യവേഷണം.



ഭാരതത്തിന്റെ ആദ്യ ചൊവ്വ പര്യവേഷണ ദൗത്യം (Mars Orbiter Mission) ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ ബഹിരാകാശ നിലയത്തിൽനിന്നു നവംബർ അഞ്ചിനു വിക്ഷേപിക്കുകയാണ്. നാനൂറ്റിയൻപതു കോടി രൂപയാണ് ഈ പദ്ധതിയുടെ പ്രഖ്യാപിത ചെലവു. യഥാർത്ഥ ചെലവു ഇതിന്റെ ഇരട്ടിയോളം - ഏകദേശം ആയിരം കോടി രൂപ - ആയിരിക്കാമെന്നു കരുതപ്പെടുന്നു. ചെലവു എത്രയാണെങ്കിലും ഒന്നുറപ്പാണ്, കോടിക്കണക്കിനു രൂപ നികുതിപ്പണം ഒഴുക്കിക്കൊണ്ടു ഐ.എസ്‌.ആർ.ഒ നടത്തുന്ന ഈ ദൗത്യം കൊണ്ട് ജനങ്ങൾക്ക്‌ ഒരു പ്രയോജനവുമില്ല. ആകെ പ്രയോജനമുള്ളതു തെരഞ്ഞെടുപ്പിനെ നേരിടുന്ന ഭരണകക്ഷിക്കും പിന്നെ ഐ.എസ്‌.ആർ.ഒ യിൽ നിന്നും ഈ നാനൂറ്റിയൻപതു കോടിയുടെ കരാറുകൾ നേടിയെടുത്ത കമ്പനികൾക്കും (vendors and suppliers) മാത്രം.

ചന്ദ്ര പര്യവേഷണം, അന്യഗ്രഹ പര്യവേഷണം തുടങ്ങിയ പദ്ധതികൾ കൊണ്ടു സാധാരണ ലക്ഷ്യമാക്കുന്ന പ്രയോജനങ്ങൽ ഇവയാണു: ഒന്നാമതായി രാജ്യത്തിനു ലഭിക്കുന്ന പ്രശസ്തി. നാം ജനങ്ങൾക്കു പ്രയോജനമുള്ള ഒരു ഉപഗ്രഹം വിക്ഷേപിക്കുകയോ ഒരു വിക്ഷേപണ വാഹനം നിര്മ്മിക്കുകയോ ചെയ്‌താൽ അതു ലോക മാധ്യമങ്ങളിൽ വാർത്തയാവില്ല, പക്ഷേ ചന്ദ്ര പര്യവേഷണവും, ചൊവ്വ ദൗത്യവുമെല്ലാം 
ബി.ബി.സിയിലും സി.എ.എന്നിലും വാത്തയായി വരും. ഒരു പരിധി വരെ ലോകത്തിനു മേൽ സാങ്കേതിക-വിദ്യാ മേധാവിത്വം വിളിച്ചു പറയാൻ ഇതുപകരിക്കും. അമേരിക്കയും റഷ്യയും ശീതയുദ്ധ കാലത്ത് ചെയ്തതും ഇത് തന്നെയാണ്.

രണ്ടാമത്തേത് സാങ്കേതികവിദ്യയിലുണ്ടാവുന്ന വളർച്ചയാണ്. സാങ്കേതികവിദ്യയിലുണ്ടാവുന്ന ഓരോ നേട്ടവും ജനങ്ങൾക്കു പ്രയോജനമുള്ള കാര്യങ്ങളില് പിന്നീടെങ്കിലും പ്രയോജനപ്പെടും എന്നതാണ് ഒരു പൊതു തത്വം. മൂന്നാമത്തേതു, അത്തരം പദ്ധതികള്ക്കായി ഘടക ഭാഗങ്ങൽ നിർമ്മിക്കുന്ന കമ്പനികൾക്കും അതുവഴി ഒരു പക്ഷേ വ്യവസായ മേഖലക്കു പൊതുവേയും ഉണ്ടാകുന്ന പ്രയോജനം. നാലാമത്തേത് ഭരണ കക്ഷിക്കുണ്ടാവുന്ന രാഷ്ട്രീയ നേട്ടമാണ്. രാജ്യത്തിനു നേട്ടമുൻണ്ടായാൽ അതിന്റെ ക്രെഡിറ്റ്‌ ഭരണകക്ഷിക്കു കിട്ടുന്നതിൽ ആര്ക്കും എതിർപ്പുണ്ടാവില്ല.

നമ്മുടെ ചൊവ്വ ദൗത്യത്തിന്റെ കാര്യമെടുത്താൽ, ഈ പദ്ധതി വിജയിച്ചാൽ ഇവയിൽ ഒന്നാമത്തേതായ പ്രശസ്തി തീർച്ചയായും ലഭിക്കും. വിക്ഷേപണം തന്നെ വിദേശ മാധ്യമങ്ങളിൽ വാര്ത്തയാവും. പിന്നെ ആത്യന്തികമായി ഈ ശ്രമം വിജയിച്ചാൽ, അതായതു ഉപഗ്രഹം ചോവ്വയിലെത്തിയാൽ, ഭാരതം ഈ ലക്‌ഷ്യം നേടുന്ന നാലാമത്തെ രാജ്യമാകും. ഇതിനു മുൻപ്‌ ചൊവ്വ പര്യവേഷണ ശ്രമം നടത്തിയ ജപ്പാനും ചൈനയും അവയിൽ വിക്ഷേപണാനന്തരം പരാജയപ്പെടുകയാണുണ്ടായത്‌ (ഉപഗ്രഹങ്ങൾ നിയന്ത്രണം വിട്ടു പോയി). അതിനാൽ തന്നെ ഇതു വിജയിച്ചാൽ ഇന്ത്യക്കു ഒരു കാര്യത്തിലെങ്കിലും ചൈനയേയും ജപ്പാനേയും തോൽപിച്ചു എന്നു സ്വയം ആശ്വസിക്കാം. പക്ഷേ ഒന്നോർക്കുക, ഇപ്പോഴും ജീവിത നിലവാരത്തിൽ നാം ജപ്പാനെക്കാളും, ചൈനയേക്കാളും, ബഹിരാകാശത്തൊന്നും ഇതുവരെ പോയിട്ടില്ലാത്ത സിങ്ക്പ്പൂര്, മലേഷ്യ, തുടങ്ങിയ എഷ്യൻ രാജ്യങ്ങലേക്കാളും, സ്വന്തമായി ബഹിരാകാശ നെട്ടങ്ങളില്ലാത്ത യൂറോപ്പിലെ പല ചെറിയ രാജ്യങ്ങളേക്കാളും വളരെ പുറകിലാണു. 



രണ്ടാമത്തേതായ സാങ്കേതികവിദ്യയുടെ കാര്യത്തിലാണു ഇവിടെ ഏറ്റവും വലിയ വിശ്വസിപ്പിക്കൽ (make believe) നടക്കുന്നത്‌. സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഈ ദൗത്യം പുതുതായി ഒരു നേട്ടവും ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം. പി.എസ്‌.എൽ.വി എന്ന പോളാർ ഉപഗ്രഹ വിക്ഷേപണ വാഹനത്തിൽ വിക്ഷേപിക്കപ്പെടുന്ന, ഭൂമിയെ ധ്രുവങ്ങൾക്കു മേല് ചുറ്റുന്ന ഒരു പോളാർ ഉപഗ്രഹം മാത്രമാണ് സാങ്കേതികമായി ചൊവ്വാ പേടകം. ഭൂമിക്കു ചുറ്റുമുള്ള ഓരോ പ്രദക്ഷിണത്തിനും ശേഷം ഉപഗ്രഹത്തിലെ എഞ്ചിൻ പ്രവര്ത്തിപ്പിച്ചു പ്രദക്ഷിണ ദൂരം പടിപടിയായി വര്ധിപ്പിച്ചു ഒടുവിൽ ചൊവ്വയുടെ ഗുരുത്വാകർഷണത്തിലെക്കെത്തുക, ഇതാണ് ചൊവ്വാ പേടകം ചെയ്യുന്നത്. ഇതിനായി വിക്ഷേപണ സാങ്കേതികവിദ്യയിൽ ഒരു വികസനവും ആവശ്യമില്ല, മറിച്ച് വിക്ഷേപിച്ച ശേഷം ചൊവ്വയിലെത്തുന്നതു വരെയുള്ള ഉപഗ്രഹ നിയന്ത്രണത്തിനാവശ്യമായ control stations ഒരുക്കുന്നതിനാണ്‌ പണം ചെലവഴിക്കേണ്ടി വരുന്നത്. ഇതിൽ വലിയൊരളവും ഐ.എസ്‌.ആർ.ഒ നാസയുടെ സൌകര്യങ്ങൾ വാടകയ്ക്കെടുക്കുകയാണ് ചെയ്തിട്ടുള്ളത്. ചുരുക്കിപ്പറഞ്ഞാൽ നനൂറ്റൻപതു കോടിയിൽ പുനരുപയോഗിക്കാൻ പറ്റുന്നതും നാളെക്കായി ശേഷിക്കുന്നതുമായി (durable) ഒന്നുമുണ്ടാവില്ല എന്നു തന്നെ.

ഐ.എസ്‌.ആർ.ഒ  വികസിപ്പിച്ച വിക്ഷേപണ വാഹങ്ങളിൽ ഉപയോഗ യോഗ്യമായ ഒരേയൊരു വാഹനമാണ്
പി.എസ്‌.എൽ.വി. ഐ.എസ്‌.ആർ.ഒ യുടെ ആരംഭകാലത്ത് വികസിപ്പിക്കാൻ തുടങ്ങുകയും നാലുപതിട്ടണ്ടുകാലം കൊണ്ട് ഐ.എസ്‌.ആർ.ഒ-യിലെ ആദ്യ കാല ശാസ്ത്രഞ്ഞന്മാരുടെ - വിക്രം സാരാഭായും, അബ്ദുൽ കലാമും മുതൽ കസ്തൂരി രംഗൻ വരെ - സമര്പ്പനത്ത്തിന്റെ ഫലമായി വിശ്വാസ്യത തെളിയിക്കുകയും ചെയ്ത വാഹനം. ഐ.എസ്‌.ആർ.ഒ-യിലെ ഇപ്പോഴത്തെ ശാസ്ത്രജ്ഞന്മാർ ചെയ്യുന്നത് പഴയ പി.എസ്‌.എൽ.വി ഉപയോഗിച്ചു വീണ്ടും വീണ്ടും സാധിക്കുന്ന പുതിയ ഗിമ്മിക്കുകളൊക്കെ കാണിക്കുകയാണ്. ഏതാനും വര്ഷം മുൻപ് നടത്തിയ ചന്ദ്ര പര്യവേഷണവും ഇതേ പി.എസ്‌.എൽ.വിയുടെ മറ്റൊരു ഉപയോഗം മാത്രമായിരുന്നു.

മൂന്നു പതിറ്റാണ്ടു മുൻപ് ഇസ്രോ ഭാരതത്തിനായി സ്വയം നിശ്ചയിച്ച ബഹിരാകാശ ലക്ഷ്യങ്ങൾ (road map) ഇവയായിരുന്നു:
ഇൻസാറ്റ്‌ ശ്രേണിയിൽപ്പെട്ട ഭൂസ്ഥിര ഉപഗ്രഹങ്ങൾസ്വന്തമായി വിക്ഷേപിക്കാനുള്ള വാഹനമായ ജി.എസ്‌.എൽ.വി വികസിപ്പിക്കുക, അമേരിക്കയുടെ സ്പേസ് ഷട്ടിലും റഷ്യയുടെ സോയുസും പോലെ പുനരുപയോഗിക്കാവുന്ന ഒരു വിക്ഷേപണ വാഹനം നിര്മ്മിക്കുക, ഭൂഗണ്ടാന്തര ബാലിസ്റ്റിക് മിസ്സൈൽ നിര്മ്മിക്കുക, ദിശ നിയന്ദ്രിത മിസൈൽ നിര്മ്മിക്കുക. ഇവയൊക്കെ രാജ്യത്തിനു  ഭാവിയിൽ ഗുണം ചെയ്യുന്ന കാര്യങ്ങളായിരുന്നു. നന്നായി ചിന്തിച്ചു തീരുമാനിച്ച ലക്ഷ്യങ്ങൾ. എന്നാൽ ഈ ലക്ഷ്യങ്ങളൊന്നും നേടാൻ ഇസ്രോക്കായില്ല.

ഇവയിൽ ഭൂഗണ്ടാന്തര ബാലിസ്റ്റിക് മിസ്സൈൽ, ദിശ നിയന്ദ്രിത മിസൈൽ തുടങ്ങിയവയൊക്കെ രാജ്യ സുരക്ഷയ്ക്ക് ആവശ്യമുള്ളതാണെങ്കിലും അത്യാവശ്യമുള്ളതല്ല. എന്നാൽ
ജി.എസ്‌.എൽ.വി യുടെ കാര്യം അങ്ങനെയല്ല. ടെലിവിഷൻ സംപ്രേഷണം ഉൾപ്പെടെയുള്ള നമ്മുടെ ദൈനംദിന ആശയവിനിമയ ആവശ്യങ്ങൽക്കു ദിവസവും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഉപഗ്രഹമാണ്‌ ഇൻസാറ്റ്‌. ഉപഗ്രഹം നമുക്കുണ്ടെങ്കിലും അത് വിക്ഷേപിക്കാനുള്ള വാഹനം (ഭൂസ്ഥിര ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള ജി.എസ്‌.എൽ.വി) നമുക്കിപ്പോഴില്ല. അതിനാല ഇൻസാറ്റ്‌ ഉപഗ്രഹങ്ങൾ ഇപ്പോൾ വിക്ഷേപിക്കുനത് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ എരിയൻ രോക്കെറ്റുകൾ ഉപയോഗിച്ചു ഫ്രാൻ‌സിൽ നിന്നാണ്. ഇതിനായി ഭാരതത്തിന് ഓരോ തവണയും മുന്നൂറു കോടിയോളം രൂപ ചെലവാകുന്നുണ്ട്. സ്വന്തമായി ജി.എസ്‌.എൽ.വി വികസിപ്പിക്കുകയാണെങ്കിൽ നമ്മുടെ ഉപഗ്രഹങ്ങൾ നമുക്കുതന്നെ വിക്ഷേപിച്ചു പണം ലാഭിക്കാം എന്നുമാത്രമല്ല, നാസയും, യൂറോപ്യൻ സ്പേസ് ഏജൻസിയും, റഷ്യയും ചെയ്യുന്നതുപോലെ മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു കൊടുത്തു പണം നേടുകയും ചെയ്യാം.

ഈ ലക്ഷ്യത്തിലാണ് കാൽ നൂറ്റാണ്ടു മുൻപ്
ജി.എസ്‌.എൽ.വി വികസനം ആരംഭിച്ചത്. എന്നാൽ ആ പദ്ധതി ഇതുവരെ വിജയിച്ചില്ല. നിലവിലുള്ള് പി.എസ്‌.എൽ.വി യുമായി ഒരു വ്യത്യാസമേ ജി.എസ്‌.എൽ.വി-ക്കുള്ളൂ. അതിൽ ഒരു അതിശീത എഞ്ചിൻ (ക്രയോജെനിക്ക് എഞ്ചിൻ) ആവശ്യമുണ്ട്. എന്നാൽ ജി.എസ്‌.എൽ.വി-യുടെ അതിശീത എഞ്ചിൻ വികസനം സ്തംഭിച്ചിട്ടു വര്ഷങ്ങളായി. ജി.എസ്‌.എൽ.വി യുടെ ഇതുവരെയുള്ള പരീക്ഷണ വിക്ഷേപനങ്ങളെല്ലാം പരാജയപ്പെടുകയും ചെയ്തു.

ബഹിരാകാശ മേഖലയി
ഭാരതം അവസാനമായി കൈവരിച്ച യഥാര്ത്ഥ നേട്ടം പി.എസ്‌.എൽ.വി-യുടെ ഒരു വിക്ഷെപണത്തിൽ തന്നെ ഒന്നിലധികം ഉപഗ്രഹങ്ങളെ വഹിക്കാനും ഭ്രമണപഥത്തിലെത്തിക്കാനുമുള്ള ശേഷിയാണ്. പി.എസ്‌.എൽ.വി-സി 3 യിലൂടെ നാം അത് 2001 നേടി. അതിനു ശേഷം, നമമാത്രമെങ്ങിലും, എടുത്തു പറയാവുന്ന ഒരേയൊരു നേട്ടം 2007-ൽ നടത്തിയ Space Capsule Recovery Experiment (SRE1) പരീക്ഷണമാണ്. പി.എസ്‌.എൽ.വി ഉപയോഗിച്ചു വിക്ഷേപിച്ച ഒരു ഡമ്മി ഉപഗ്രഹത്തെ കത്തി നശിക്കാതെ അന്തരീക്ഷത്തിൽ പുനപ്രവേശിപ്പിച്ച് കടലിൽ വീഴിക്കുക. അതു വിജയിച്ചുവെങ്കിലും re-entry സാങ്കേതികവിദ്യയിൽ പിന്നീടു ഒരു പടി പോലും മുന്നോട്ടു പോകാൻ ഐ.എസ്‌.ആർ.ഒ ക്ക് സാധിച്ചില്ല. Re-entry സാങ്കേതികവിദ്യ പൂർണ്ണമായി വികസിപ്പിച്ചാൽ മാത്രമേ ഒരു ഭൂഗണ്ടാന്തര ബാലിസ്റ്റിക് മിസ്സൈൽ എന്ന ചിരകാല സ്വപ്നം ഭാരതത്തിനു സാക്ഷാത്കരിക്കാൻ സാധിക്കൂ. മാത്രവുമല്ല പുനരുപയോഗിക്കാവുന്ന ഒരു വിക്ഷേപണ വാഹനം നിർമ്മിക്കണമെങ്കിലും ഈ സാങ്കേതികവിദ്യ കൂടുതൽ വികസിപ്പിക്കേന്റതുണ്ട്. എന്നാൽ ഈ കാര്യത്തിൽ ഇസ്രോ പിന്നീട് ഒരു പടി പോലും മുന്നോട്ടു പോയിട്ടില്ല. അതേസമയം ചൈനയാവട്ടെ ഭ്രമണപഥ ത്തിലുള്ള ഉപഗ്രഹത്തെ തിരിച്ചു പിടിച്ചു ഭൂമിയിലെത്തിക്കാനുള്ള ശേഷി വരെ ഏതാനും വര്ഷം മുൻപ് നേടി.

ചുരുക്കിപ്പറഞ്ഞാൽ ഇസ്രോ ഇപ്പോൾ ചെയ്യുന്നത് മുന് തലമുറയിലെ ശാസ്ത്രജ്ഞൻമാരുടെ അധ്വാനഫലമായി ലഭിച്ച
പി.എസ്‌.എൽ.വി എന്ന വാഹനം ഉപയോഗിച്ചു ചെയ്യാവുന്നതൊക്കെ ചെയ്യുകയാണ്. ഇസ്രോയിലെ ആദ്യകാല ദാര്ശനികർ നിശ്ചയിച്ച ലക്ഷ്യങ്ങൾ നേടാൻ ഇസ്രോയിലെ പുതു തലമുറയ്ക്ക് സാധിക്കുന്നില്ല. കഴിഞ്ഞ പത്തുവർഷത്തിനു മേലെയായി ഭരിക്കുന്ന സര്കാരിനും ഇസ്രോക്കും രാജ്യത്തിന്റെ വളര്ച്ച്ചക്ക് ഗുണം ചെയ്യുന്ന ലക്ഷ്യങ്ങൾ എത്തിപ്പിടിക്കണം എന്ന താല്പര്യം ഇല്ല.

ഇവിടെ സംഭവിക്കുന്നത്‌ രണ്ടു കാര്യങ്ങളാണു. ഒന്നു സർക്കാർ മുൻ നിശ്ചയിച്ച ലക്ഷ്യങ്ങൾ നേടാൻ ഇസ്രൊയിൽ സമ്മർദ്ദം ചെലുത്തുന്നില്ല, ഇസ്രൊ അതിനു ശ്രമിക്കുന്നുമില്ല. അതൊക്കെ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്‌. പകരം നിലവിലുള്ള സാങ്കേതിക വിദ്യ പുനരുപയോഗിച്ച്‌ സർക്കാർ രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നു. രണ്ട്‌, ഇപ്പോൾ ഇസ്രൊക്ക്‌ നല്ല വിദഗ്ദ്ധരുടെ പൂൾ ഇല്ല. പുതിയതായി എഞ്ചിനിയറിങ്ങിലേക്കു വരുന്നവർക്കു കൂടുതൽ ശമ്പളത്തിൽ അമേരിക്കയിൽ സോഫ്റ്റ്‌ വെയർ ജോലി കിട്ടും. അതിനാൽ വേറെ പണിയൊന്നും കിട്ടാത്തവരാണു ഇപ്പോൾ ഇസ്രൊ പോലുള്ള സർക്കാർ സ്ഥാപനങ്ങളിൽ വരുന്നത്‌. അതിനാൽ സർക്കാർ നയം മാറ്റുകയും ഇസ്രൊ റിക്രൂട്ട്‌മെന്റ്‌ മെച്ചപ്പെടുത്തുകയും ചെയ്തില്ലെങ്കിൽ ഈ വക ഗിമ്മിക്കുകൾക്കപ്പുരമുള്ള ഭാരതത്തിന്റെ യഥാർത്ഥ ബഹിരാകാശ ഭാവി അവതാളത്തിലാവും.

മറ്റൊന്നു ഇതു ഗവേഷണമാണെന്ന ഇസ്രൊയുടെ അവകാശവാദമാണ്‌. ഈ ദൗത്യത്തിൽ ഉപയോഗിച്ചിരിക്കുന്ന പര്യവേഷണ ഉപകരണങ്ങൾ (pay loads) എല്ലാം തന്നെ നാസയുടെയും റഷ്യയുടെയും ആദ്യ കാല ചൊവ്വ ദൗത്യങ്ങളിൽ ഉപയൊഗിച്ചവയുടെ മാത്രം നിലവാരത്തിലുള്ളതാണ്‌. ജീവസാന്നിധ്യം അളക്കാനുള്ള മീഥേൻ സെൻസർ ഒക്കെ പുരാതന ആശയമാണു. നാസ മൂന്നു പത്റ്റാണ്ടു മുൻപ്‌ അതുപയോഗിച്ചു നടത്തിയ പഠനങ്ങളുടെ മുഴുവൻ വിവരവും ഇന്നു ലോകത്തിനു ലഭ്യമാണു. അതിനി നാം ഒന്നു കൂടി ആവർത്തിക്കേണ്ട ഒരു കാര്യവുമില്ല. അതിലും sophisticated ആയ പഠനങ്ങൾ നാസ ഈയിടെ ഉപരിതലത്തിൽ നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല. പിന്നെ നാമെന്തിനാണു നാസയും ഇ എസ്സ്‌ ഏ യുമൊക്കെ ഇരുപതും മുപ്പതും വർഷം മുൻപു ചെയ്ത കാര്യങ്ങൽ വീണ്ടും ആവർത്തിക്കുന്നത്‌?

ഇനി പരിശോധിക്കേണ്ടത് ഈ
ചൊവ്വ പര്യവേഷണ പദ്ധതിയുടെ രാഷ്ട്രിയമാണ്. തെരഞ്ഞെടുപ്പു സീസണ്‍ കണക്കാക്കിയുള്ള വിക്ഷേപണം തന്നെയാണ് അതിന്റെ രാഷ്ട്രീയ വശം. ചൊവ്വ പര്യവേഷണ ദൗത്യത്തിന്റെ ഒരു വര്ഷത്തോളം (ആകെ മുന്നൂറു ദിവസം) നീണ്ടുനില്ക്കുന്ന യാത്രാ സമയം ഉടൻ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ മുതൽ അടുത്ത വര്ഷത്തെ ലോകസഭാ തെരഞ്ഞെടുപ്പു വരെ ഗുണം ചെയ്യും. ഈ കാലയളവ്‌ മുഴുവൻ ദൗത്യത്തിന്റെ ഓരോ ഘട്ടത്തിലും പര്യവേഷണ ദൗത്യം പിന്നിട്ട നാഴികക്കല്ലുകളുടെ വാർത്തകൾ വന്നുകൊണ്ടിരിക്കും. പത്തുവര്ഷം ഭരിച്ചു ജനങ്ങളെ ശ്വാസം മുട്ടിച്ചതിന്റെ തകരാറുകൾ ഈ വാർത്തകൾ കൊണ്ട് മറികടക്കാം എന്നായിരിക്കാം കോണ്ഗ്രസ്സിന്റെ തെരഞ്ഞെടുപ്പു തന്ത്രജ്ഞന്മാര് കരുതുന്നത്.

വിവരമുള്ളവർക്കെല്ലാം അറിയാവുന്ന എന്നാൽ ആരും പറയാൻ ധൈര്യപ്പെടാത്ത ഒരു സത്യമാണ് യു.പി.എ യുടെ ഈ ചൊവ്വ സർക്കസ്സ്  രാഷ്ട്രീയ ഉത്തരവാദിത്തമില്ലാത്ത ഒരു കൈവിട്ടകളിയാണ് എന്നത്. ഇതിലെ  വിക്ഷേപണം എന്ന ഭാഗം വളരെ എളുപ്പമുള്ളതാണ്, കാരണം വിക്ഷേപണവശാൽ ഇതു പി.എസ്‌.എൽ.വി യാൽ വിക്ഷേപിക്കപ്പെടുന്ന ഒരു സാധാരണ ഭൗമ ഉപഗ്രഹം (low earth orbit satellite) മാത്രമാണ്. എന്നാൽ അതിനു ശേഷം ഉപഗ്രഹത്തെ ചൊവ്വയിലെത്തിക്കുന്ന ഭാഗം അതീവ ദുർഘടം പിടിച്ചതും അതീവ പരാജയ സാധ്യതയുള്ളതുമാണ് . അതിൽ തന്നെ അതിനെ ചൊവ്വയുടെ ആകർഷണ വലയത്തിലെത്തിക്കുന്ന അവസാന ജോലിയാണ്  ഏറ്റവും കഠിനം. ഉപഗ്രഹത്തെ ചൊവ്വയുടെ ചുറ്റുമുള്ള ഭ്രമണ പഥത്തിലെത്തിക്കാൻ ലഭിക്കുന്നത് വളരെ ചെറിയ ഒരു window of opportunity ആണു. അപ്പോഴത്തെ നിയന്ത്രണം കൃത്യമായില്ലെങ്കിൽ ഉപഗ്രഹം ഒന്നുകിൽ സൂര്യന്റെ ഗുരുത്വ വലയത്തിലേക്കു (heliocentric orbit) വീണുപോവുകയോ അല്ലെങ്കിൽ ചൊവ്വയിലേക്ക് ഇടിച്ചിറങ്ങി തകരുകയോ (crash down) ചെയ്യും. പക്ഷേ അപ്പോൾ പോലും ഒരു പക്ഷേ ഐ.എസ്‌.ആർ.ഒ അതിനെ ഒരു വിജയം എന്ന് വിശേഷിപ്പിച്ചേക്കാം. എന്നാൽ അപ്പോഴെക്കും മാസം ഒൻപതു കഴിഞ്ഞുട്ടുണ്ടാവും, സർക്കാർ മാറിയിട്ടുണ്ടാവും. എളുപ്പമുള്ള വിക്ഷേപണത്തിന്റെ ക്രെഡിറ്റ്‌ കോൺഗ്രസ്സിനും, അതിനെ ചൊവ്വയിലെത്തിക്കുന്നതിന്റെ ബുദ്ധിമുട്ട്‌ പുതിയ സര്ക്കാരിനും, അവസാന ഘട്ടത്തിൽ പരാജയപ്പെട്ടാലും അതിന്റെ പഴി പുതിയ സര്ക്കാരിന്. എങ്ങനെയുണ്ട്‌ കോൺഗ്രസ്സിന്റെ കുബുദ്ധി?

സാമ്പത്തികമായി ഈ ദൗത്യം ഗുണം ചെയ്യുന്നത് ഐ.എസ്‌.ആർ.ഒ-ക്ക് വേണ്ടി ഘടകങ്ങളും യന്ത്രങ്ങളും മറ്റും നിര്മ്മിച്ചു നല്കുന്ന കരാറുകാരായ കമ്പനികല്ക്കാണ്. ചുരുക്കിപ്പറഞ്ഞാൽ നികുതിപ്പണം ഉപയോഗിച്ചു ഐ.എസ്‌.ആർ.ഒ സർക്കാരിനു വേണ്ടി ഒരു തെരെഞ്ഞെടുപ്പ് പ്രചരണം നടത്തുന്നു. ആ നികുതിപ്പണം കുറെ സ്വകാര്യ കമ്പനികൾക്ക് (സാമ്പത്തിക) പ്രതിസന്ധിക്കാലത്ത് ഒരു നേട്ടമാകുന്നു.

4 comments:

  1. mattoru blogil kanda abhiprayam: ഒന്നാമതായി ബ്രിട്ടീഷുകാരന്റെ അഭിപ്രായത്തിനു മറുപടി പറയാം. അവർ പറഞ്ഞത് ഇതിനു മുൻപ് ചൊവ്വാ പരീക്ഷണത്തിന്‌ വിജയിച്ച മൂന്നു രാജ്യങ്ങൾ അതിനു ചിലവാക്കിയ തുകയുടെ പത്തിൽ ഒന്ന് തുകക്ക് ഇന്ത്യ പരീക്ഷണ കളി നടത്തുന്നു എന്നാണു. എനിക്ക് പറയാനുള്ളത് അത് നമ്മുടെ ഇന്ത്യയിലെ സയന്റിസ്ടുകളുടെ കഴിവാണ് കാണിക്കുന്നത് . അവർ നാലും അഞ്ചും പരീക്ഷണങ്ങൾക്ക് ഒടുവിലാണ് ഒരുവട്ടം വിജയിച്ചത്. അതും എല്ലായാത്രകളും നേരിട്ട് ചൊവ്വയിലേക്കുള്ള പറക്കലുകൾ ആയിരുന്നു. അവിടെയാണ് ഇന്ത്യ വേറിട്ട്‌ ചിന്തിച്ചത്. ഓരോ ഭ്രമണ പതങ്ങളിലേക്ക് ഘട്ടം ഘട്ടമായി യാത്ര ചെയ്യുക.

    engane prathikarikkunnu?

    ReplyDelete
    Replies
    1. 1. ചൊവ്വയിലേക്ക് ഭൂമിയിൽ നിന്നു നേരിട്ടു റോക്കറ്റ്‌ അയക്കാൻ സാധിക്കില്ല, അത്രയും ശേഷിയുള്ള റോക്കറ്റ് ഇതുവരെ ആരും നിർമ്മിച്ചിട്ടില്ല, അത് അനാവശ്യവുമാണ്. അമേരിക്കയും യൂറോപ്പും ഉൾപ്പെടെ എല്ലാ രാജ്യങ്ങളും ചന്ദ്രനിലേക്കും മറ്റു ഗ്രഹങ്ങളിലേക്കും പേടകങ്ങൾ അയക്കുന്നതും അയച്ചിട്ടുള്ളതും ഭാരതം ഇപ്പോൾ ചെയ്ത അതേ രീതിയിൽ തന്നെയാണ്. ഈ രീതി ആവിഷ്കരിച്ചത് അറുപതുകളിൽ സോവിയറ്റ് യൂണിയനാണ്. എഴുപതുകളിലും എണ്‍പതുകളിലും എഴുതപ്പെട്ട ബി ടെക്ക് ബിരുദത്തിനുള്ള റോക്കറ്റ് സയൻസിന്റെ പഴയകാല പാഠ്യ പദ്ധതികളിൽപ്പോലും ഈ രീതി പാഠ്യവിഷയമാണ്.
      2. സമീപകാലത്തു ചൊവ്വ പര്യവേഷണം നടത്തിയ മറ്റു രാജ്യങ്ങൾക്കു ചെലവായ ശരാശരി തുക ഏകദേശം ആയിരം കോടി ഇന്ത്യൻ രൂപയോളമാണ്. അതായത് ഇസ്രോ പറയുന്നതിന്റെ ഏകദേശം ഇരട്ടി.
      3. നമ്മുടെ പദ്ധതിയിൽ ചെലവു കുറയാനുള്ള ഒരു കാരണം നാം ഉപയോഗിക്കുന്നത് ശേഷി കുറഞ്ഞ പി.എസ്.എൽ.വി റോക്കറ്റാണ് എന്നുള്ളതാണ്. മറ്റു രാജ്യങ്ങൾ ഉപയോഗിച്ചത് നാം ഇനിയും വികസിപ്പിച്ചു കഴിഞ്ഞിട്ടില്ലാത്ത ജി.എസ്സ്.എൽ.വി.ക്കു തുല്യമായ ശേഷി കൂടിയ ഭൂസ്ഥിര റോക്കറ്റുകളാണ്. പി.എസ്.എൽ.വിക്കു ശേഷി കുറവായതിനാൽ പദ്ധതിയുടെ ആയുസ്സു കുറയും, അതായത് പേടകം കഷ്ടിച്ച് ചൊവ്വയിൽ എത്തുമ്പോഴേക്കും ഇന്ധനം തീരും. ചന്ദ്രായാനു സംഭവിച്ചത് ഓർക്കുക.

      Delete
  2. ശാസ്ത്ര സാങ്കേതിക രംഗത്ത്‌ സ്വയം പര്യാപ്തത നമ്മള്‍ കൈവരിക്കണം.. പണ്ട് ഉപഗ്രഹങ്ങള്‍ അയക്കാന്‍ അമേരിക്കക്കും റഷ്യക്കും മാത്രം അറിയാവുന്ന കാലത്താണ് നമ്മള്‍ PSLV ലോഞ്ച് നടത്തിയത്. അന്നും എല്ലാവരും പരിഹസിച്ചിരുന്നു ഇന്ത്യ ആകാശത്തേക്ക് വിടുന്നതെല്ലാം ഇരട്ടി വേഗത്തില്‍ ഭൂമിയിലേക്ക്‌ വരുമെന്ന്. അന്നീ ഉപഗ്രഹങ്ങളുടെ പ്രസക്തിയൊന്നും മനസ്സിലായിരുന്നില്ല. ആധുനിക കമ്മ്യൂണിക്കേഷനും ഇന്റര്‍നെറ്റും ഒക്കെ വരുന്നതിനു മുന്‍പാണത്. നമ്മള്‍ക്കിപ്പോള്‍ ഇത്രയും കുറഞ്ഞ ചിലവില്‍ നെറ്റ് സൌകര്യങ്ങള്‍ ലഭ്യാമായത് അന്നയച്ച ആ താഴേക്ക്‌ പോരുന്ന 'വാണങ്ങളുടെ' പരീക്ഷണങ്ങള്‍ കൊണ്ടാണ്. ചൊവ്വാ ദൗത്യത്തിനും ഇത് പോലെ ഭാവിയിലേക്കുള്ള ചില നേട്ടങ്ങള്‍ ഉണ്ട്. ഭാവിയുടെ ഇന്ധനം ആയേക്കാവുന്ന Rare Earth Elements ഒരു പക്ഷെ ധാരാളമായി നമുക്ക് അവിടെ നിന്ന് ലഭിച്ചേക്കാം.. ( ലഭിക്കാതെയും ഇരിക്കാം ) അന്ന് നമ്മള്‍ ഇന്ന് ഉപഗ്രഹ സംവിധാനത്തില്‍ സ്വയം പര്യാപ്തരായത് പോലെ ഇന്ധനതിലും സ്വയം പര്യാപ്താരാകം.. അനാവശ്യം എന്ന് നമ്മള്‍ നിര്‍വചിക്കുന്നതെല്ലാം അനാവശ്യങ്ങള്‍ അല്ല.. പല രാജ്യങ്ങളും നേടിയ പുരോഗതിക്ക് അടിസ്ഥാനം തന്നെ അവരുടെ foresighted ആയ ഗവേഷണങ്ങള്‍ ആണ്.

    ReplyDelete
    Replies
    1. Are you the same anonymous from the earlier comment? Anyway, answering the argument,
      1. ഈ വിഷയം ലേഖനത്തിൽ ചർച്ച ചെയ്തിട്ടുണ്ട്, എങ്കിലും വീണ്ടും വിശദീകരിക്കാം. ഇപ്പോൾ ഇന്ത്യക്ക് ആകെ സാധിക്കുന്നത് low earth orbit ഉപഗ്രഹങ്ങൾ വിക്ഷേപിക്കുക മാത്രമാണ്. അടുത്തതായി നാം സ്വയം പര്യാപ്തത കൈവരിക്കേണ്ടത് ഭൂസ്ഥിര ഉപഗ്രഹങ്ങൾവിക്ഷേപിക്കുന്ന കാര്യത്തിലാണ്. ഇപ്പോൾ നാം ഫ്രാൻ‌സിൽ നീന്നും വിക്ഷേപിക്കുന്ന ഇൻസാറ്റ് ഉപഗ്രഹങ്ങൾ സ്വയം വിക്ഷേപിക്കാൻ ജി.എസ്.എൽ.വി വികസിപ്പിക്കുകയാണു അടിയന്തിര ആവശ്യം.
      2. ഇന്റർനെറ്റ്‌ വിവരകൈമാറ്റം ഉപഗ്രഹങ്ങളിലൂടെയല്ല, കടലിനടിയിലുള്ള കേബിളുകൾ വഴിയാണ്. ഉപഗ്രഹങ്ങളിലൂടെയുള്ള വിവരകൈമാറ്റത്തിൽ transmission delay ഉണ്ടാകും, കൂടതെ അത് വളരെ ചെലവേറിയതുമാണ്. അതിനാൽ ഉപഗ്രഹങ്ങൾ ഇന്റർനെറ്റ്‌ backbone-ലോ subnet-ലോ ഉപയോഗിക്കാറില്ല. ഉപഗ്രഹങ്ങൾ പ്രധാനമായും ടെലിവിഷൻ സംപ്രേഷണത്തിനാണ് ഉപയോഗിക്കുന്നത്.
      3. ടെലിവിഷൻ സംപ്രേഷണ ആവ്ശ്യങ്ങൾക്കുള്ള ഉപഗ്രഹങ്ങൾ (Insat) വിക്ഷേപിക്കാൻ പക്ഷേ ഇന്ത്യ ഇനിയും ശേഷി നേടിയിട്ടില്ല. ജി.എസ്സ്‌.എൽ.വി യുടെ ഇതുവരെയുള്ള പരീക്ഷണ വിക്ഷേപണങ്ങളെല്ലാം പരാജയപ്പെടുകയാണ് ചെയ്തത്.
      4. ഭൂമിയിൽ കിട്ടാൻ ക്ഷാമമുള്ള (rare earth) ധാതുക്കൾ ഭൂമിയേക്കൾ വലിപ്പം (പിണ്ഡം/mass) കൂടിയ ഗ്രഹങ്ങളീലാണു (വ്യാഴം, ശനി) ലഭിക്കാൻ സാധ്യതയുള്ളത്. ചൊവ്വ ഭൂമിയേക്കൾ വലിപ്പം കുറഞ്ഞ ഗ്രഹമാണ്.
      5. പരീക്ഷണത്തിനായി ചെറിയ സാമ്പിൾ എടുക്കാം എന്നല്ലാതെ വ്യാവസായിക അടിസ്ഥാനത്തിൽ ധാതുക്കൾ അന്യഗ്രഹങ്ങളിൽ നിന്നു പോയിട്ടു വളരെ അടുത്തുള്ള ചന്ദ്രനിൽ (നാലു ലക്ഷം കിലോ മീറ്റർ) നിന്നു പോലും ഭൂമിയിൽ എത്തിക്കാം എന്നു ഇപ്പോൾ ശാസ്ത്രം ലോകം വിശ്വസിക്കൂന്നോ സ്വപ്നം കാണുന്നോ ഇല്ല. അതൊക്കെ എഴുപതുകളിലെ അമേരിക്കൻ മാധ്യമങ്ങളുടെ ഭാവനയായിരുന്നു. ഇപ്പോൾ മനോരമ പോലെയുള്ള ചില പൈങ്കിളി ഇന്ത്യൻ മാധ്യമങ്ങളും ജനങ്ങളെ ഇത് പറഞ്ഞ് ആവേശം കൊള്ളിക്കുന്നുണ്ട്. അവരുടെ കെട്ടു കഥകളിൽ വീഴാതിരിക്കുക.

      Delete