ഇവിടെ ഓർക്കേണ്ട കാര്യം, പത്രം നടത്തിപ്പിലുള്ള വരുമാനം അത് വിറ്റു കിട്ടുന്ന ആറു രൂപ വരിസംഖ്യയല്ല മറിച്ചു പത്രത്തിൽ പ്രസിദ്ധീകരിക്കുന്ന പരസ്യത്തിനു ലഭിക്കുന്ന പണമാണ്. മലയാളത്തിലെ രണ്ടു മുൻനിര പത്രങ്ങളായ മനോരമയുടേയും, മാതൃഭൂമിയുടേയും കാര്യത്തിൽ ഇത്തരത്തിൽ പരസ്യം വഴിയുള്ള വരുമാനം ഒരു വർഷത്തിൽ ഏതാണ്ട് ആയിരം കോടിയോടടുത്തു വരും. പത്രത്തിനു പ്രചാരം കൂടുമ്പോൾ അതിൽ പ്രസിദ്ധീകരിക്കുന്ന പരസ്യത്തിനുള്ള നിരക്കും കൂടും. അതായത് മംഗളത്തിലെ ഒരു പേജ് പരസ്യത്തിനുള്ള നിരക്കല്ല മനോരമയിൽ എന്നര്ത്ഥം. അപ്പോൾ പത്ര ബിസിനസ്സിൽ നിന്നും പണമുണ്ടാക്കണമെങ്കിൽ പ്രചാരം പരമാവധി കൂട്ടണം.
അതിനുള്ള തന്ത്രങ്ങൾ മലയാളത്തിൽ ആവിഷ്കരിച്ചതും നടപ്പാക്കി വിജയിപ്പിച്ചതും മലയാള മനോരമയാണ്. ആദ്യം സംശയിച്ചു നിൽക്കുകയും മനോരമയെ വിമർശ്ശിക്കുകയും ചെയ്ത മറ്റു പത്രങ്ങള്ക്കു പിന്നീടു മനോരമയെ അനുധാവനം ചെയ്യേണ്ടി വന്നു. ഈ കൂട്ടത്തിൽ പ്രചാരത്തിൽ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുള്ള കമ്മ്യൂണിസ്റ്റു പത്രമായ ദേശാഭിമാനിയും ഇസ്ലാമിസ്റ്റ് പത്രമായ മാധ്യമവും ഒക്കെ പെടും.
പ്രചാരം കൂട്ടാൻ മലയാള മനോരമ ആവിഷ്കരിച്ച തന്ത്രങ്ങൾ ഇവയൊക്കെയാണ്.
1. വാർത്തകൾ വായിക്കാൻ രസമുള്ള ശൈലിയിൽ നോവലു പോലെ എഴുതുക.
വാർത്ത ക്ലാസ്സിക്കൽ റിപ്പോർട്ട് ശൈലിയിൽ എഴുതാതെ, ഒരു നോവലു പോലെ വായിക്കാൻ രസമുള്ള ശൈലിയിൽ വൈകാരികത കലർത്തി എഴുതുക. ആദ്യമൊക്കെ ഇതു ഞായറാഴ്ച സപ്ലിമെന്റിൽ മാത്രമായിരുന്നുവെങ്കിൽ പിന്നീട് ഒന്നാം പേജ് വാർത്ത പോലും ഇങ്ങനെയായി.
2. കണ്ണു നനയിക്കുന്ന, പുളകം കൊള്ളിക്കുന്ന പൈങ്കിളി വാർത്തകൾ.
പത്രം വായിക്കുന്നവരിൽ കൂടുതലും ശരാശരി ബുദ്ധിയും ചിന്തയും മാത്രമുള്ളവരാണ്, സത്യത്തിൽ ഭൂരിപക്ഷവും ശരാശരിയിലും താഴെയുള്ളവരാണ്. അവർക്കു ഗൗരവമുള്ള സാമൂഹിക പ്രശ്നങ്ങളിലൊന്നും താത്പര്യം കാണില്ല. അവരെ രസിപ്പിക്കുക്കുകയും വൈകാരികമായി ഉത്തേജിപ്പിക്കുകയും ചെയ്യുന്ന പൈങ്കിളി വാർത്തകൾ അവർക്കു വായിക്കാൽ സുഖമുള്ള രീതിയിൽ എഴുതുക. ഉദാ: യുട്യൂബിൽ പ്രചാരം കിട്ടിയ അമേച്വർ ഗായിക ചന്ദ്രലേഖയുടെ കഥ, കരൾ ദാനം ചെയ്ത വ്യക്തിയുടെയും സ്വീകരിക്കുന്ന വ്യക്തിയുടെയും 'കരളലിയിപ്പിക്കുന്ന' കഥ, എന്നിങ്ങനെ.3. അന്ധവിശ്വാസങ്ങളെ എതിർത്താൽ വായനക്കാർ നഷ്ടപ്പെടും, അതിനാൽ പ്രോത്സാഹിപ്പിക്കുക.
അതാതു കാലത്തു പൊതുവെ സ്വീകാര്യമായ അന്ധവിശ്വാസങ്ങളെ എതിർക്കുന്നതിനു പകരം പിന്തുണക്കുക. അന്ധവിശ്വാസങ്ങളെ എതിർത്താൽ കുറെ വായനക്കാരെ നഷ്ടപ്പെടും, മറിച്ച് അനുകൂലിച്ചാൽ അവയിൽ നിന്നും പണമുണ്ടാക്കാം. ഒരു കാലത്തു ജ്യോത്സ്യമൊക്കെ അന്ധവിശ്വാസമാണ് എന്ന് വരികൾക്കിടയിലെങ്കിലും പറഞ്ഞിരുന്ന പത്രം ജാതകപ്രധാനമായ വിവാഹപരസ്യം എന്ന ഏർപ്പാട് തൊണ്ണൂറുകളിൽ മലയാളത്തിൽ ആദ്യമായി ആരംഭിക്കുന്നു. വാസ്തുവിനു മാർക്കറ്റ് കൂടി വന്ന കാലത്തു വാസ്തു സംബന്ധമായ ലേഖനങ്ങൾക്കു സ്പേസ് കൊടുക്കുന്നു.4. എല്ലാ മത വിഭാഗങ്ങളെയും സന്തോഷിപ്പിക്കുക.
മനുഷ്യനെ സ്വാധീനിക്കാനുള്ള ഏറ്റവും നല്ല വഴി അവന്റെ വികാരങ്ങളെ ചൂഷണം ചെയ്യലാണു. മനുഷ്യന്റെ ഏറ്റവും വലിയ വൈകാരിക ദൗർബല്യം അവന്റെ മതമാണു, അതേതു മതവിരോധിക്കും. രാമായണ മാസത്തിൽ ഒരു മാസം നീളുന്ന പ്രത്യേക കോളം. റമദാൻ മാസത്തിൽ ഒരു മാസം നീളുന്ന റമദാൻ ചിന്തകള്. മണ്ഡല കാലത്തിനു മുൻപേ തന്നെ ശബരിമലയിലെ ഒരുക്കങ്ങളെക്കുറിച്ചും റോഡ് അസൌകര്യങ്ങളെക്കുറിച്ചും ആകുലത. പാത്രിയർക്കീസ് ബാവ, കാത്തോലിക്കാ ബാവ, ബിഷപ്പുമാർ, മെത്രാന്മാർ, പാണക്കാട് തങ്ങൾ, വെള്ളപ്പള്ളി, സുകുമാരൻ നായർ, എന്നിവരെ ജീവിച്ചിരിക്കുമ്പോഴും മരിച്ചു കഴിഞ്ഞും പാടിപ്പുകഴ്ത്തുക.
5. സെലിബ്രിറ്റീസിനെ പുകഴ്ത്തി ആരാധകരെ പുളകം കൊള്ളിക്കുക.
മനുഷ്യന്റെ വികാരങ്ങളെ ചൂഷണം ചെയ്യാൻ രണ്ടാമത്തെ ഏറ്റവും നല്ല വഴി അവർ ആരാധിക്കുന്ന സെലിബ്രിറ്റീസിനെ പുകഴ്ത്തലാണു. മനോരമ സച്ചിൻ ടെണ്ടുൽകറിനേയോ, മമ്മൂട്ടിയേയോ, മോഹൻലാലിനേയോ പുകഴ്ത്തുന്നതു അവരോടുള്ള ഇഷ്ടം കൊണ്ടല്ല, മറിച്ച് അവരുടെ ആരാധകരെ കൈയ്യിലെടുക്കാനാണു.6. എല്ലാ രഷ്രീയ വീക്ഷണക്കാരേയും തൃപ്തിപ്പെടുത്തുക.
7. വരിക്കാരുടെ എണ്ണം കൂട്ടാൻ ഇൻഷുറൻസും, ഡിസ്കൗണ്ട് കാർഡും മുതൽ ലോട്ടറി വരെ.
പിന്നെ അവസാനത്തെക്കൈയായി വരിക്കാരുടെ എണ്ണം കുറച്ചു കാലത്തേക്കെങ്കിലും കൃത്രിമമായി വര്ദ്ധിപ്പിക്കാൻ ഉത്പന്ന മാർക്കറ്റിങ്ങിലെ തറ വേല പത്രം വിൽപനയിലും. പുതുതായി ചേരുന്ന ഉത്പന്ന വരിക്കാരെ ഒരു നറുക്കെടുപ്പു സമ്മാന പദ്ധതിയിൽ അംഗങ്ങളാക്കുക. തൊണ്ണൂറുകൾ മുതൽ ഈ ശ്രേണിയിൽ മനോരമ പയറ്റിയ പദ്ധതികളാണ് ഇൻഷുറൻസ്, തംബോല, സൂപ്പർ ചാൻസ് സമ്മാന വർഷം (Dec 2013 to 2014) തുടങ്ങിയവ. മനോരമ കാലാകാലങ്ങളിൽ പയറ്റിയ മാര്ക്കറ്റിംഗ് തന്ത്രങ്ങൾ മറ്റു പത്രങ്ങള്ക്കു പയറ്റി നോക്കേണ്ടി വന്നു.
8. നടിമാരുടെ അർദ്ധനഗ്ന ചിത്രങ്ങൽ.
ആളുകൾ പത്രം വായിക്കുന്നത് വാർത്തയറിയാൻ മാത്രമല്ല, അഥവാ ആളുകളെ പത്രത്തിൽ പിടിച്ചു നിർത്താൻ വാർത്ത മാത്രം പോര. ഒരു ശരാശരി വായനക്കരന്റെ മനോരഞ്ജന ആവശ്യങ്ങൾ പത്രത്തിനു തന്നെ റെഗുലറായി തൃപ്തിപ്പെടുത്താൻ സാധിച്ചെങ്കിലേ പിടിച്ചു നിൽക്കാൻ പറ്റൂ. അതിനാണ് മെട്രോ പൊലുള്ള സപ്ലിമെന്റുകളിൽ റെഗുലറായി ഹിന്ദി, തമിഴ് നടിമാരുടെ അർദ്ധനഗ്ന ചിത്രങ്ങൾ കൊടുക്കുന്നത്. ചിത്രത്തിനാവശ്യമുള്ള ഒരു വാർത്തയും അനുബന്ധമായി തപ്പിയെടുക്കുന്നു, പ്രസ്തുത നടിയെ ഏതെങ്കിലും ഉത്പന്നത്തിന്റെ ബ്രാൻഡ് അംബാസഡറായി തെരെഞ്ഞെടുത്തെന്നോ മറ്റോ. ഇത്തരത്തിലുള്ള മറ്റൊരു മസാല ചേരുവ സ്പോർട്ട്സ് പേജിലെ വനിതാ കായിക താരങ്ങളുടെ ആക്ഷൻ ചിത്രങ്ങളാണ്. സാനിയ മിർസ്സ, മരിയ ഷറപ്പോവ മുതൽ മലയാളി വനിതാ താരങ്ങൾ വരെ മനോരമയുടെ ഇഷ്ട ഭാജനങ്ങൾ ആയിരുന്നു. ഇതേ വിദ്യ ആരോഗ്യ മാസികയിലും കാണാം. സെക്സ് എങ്ങനെ ആസ്വദിക്കം, സെക്സിന്റെ ആരോഗ്യ വശങ്ങൾ തുടങ്ങിയ വിഷയങ്ങൾ നാലു മാസത്തിലൊരിക്കലെങ്കിലും മാസികയിൽ ഉൾപ്പെടുത്തി കാണാറുണ്ട്. അതെന്താണ്, മലയാളികൾ സെക്സിനേപ്പറ്റി ഒരു അറിവും ഇല്ലാത്തവർ ആണൊ ഇങ്ങനെ നിരന്തരമായി പഠിപ്പിച്ചുകൊണ്ടിരിക്കാൻ? സെക്സ് ചർച്ച ചെയ്യുന്ന ലക്കങ്ങളിൽ ഈ മാസികകൾക്കു നല്ല വിൽപ്പനയാണ്. ഇതു വായിക്കുന്നതു തന്നെ വായനക്കരിൽ ഒരു വിഭാഗത്തിനു ഒരുല്ലാസമാണു. ഇതാണു മനസ്സിനെ രമിപ്പിക്കുന്ന പത്രപ്രവർത്തനം.ഇതിന്റെയൊക്കെ മറുവശം
1. വാര്ത്ത മുക്കുന്ന മനോരമ.
സ്ഥിരമായി മനോരമ പത്രം മാത്രം വായിക്കുന്ന ഒരാള്ക്കു ഈ ലോകത്തു നടക്കുന്ന പല സംഭവങ്ങളും അറിയാൻ കഴിയാതെ പോകാൻ സധ്യതയുണ്ട്. ആ സംഭവങ്ങൾ മനോരമയുടെ പോളിസിക്കു വിരുദ്ധമാണെങ്കിൽ. നേരേ ചൊവ്വേ പറഞ്ഞാൽ താത്പര്യത്തിനു വിരുദ്ധമാണെങ്കിൽ (ഉദാഹരണത്തിനു ഉമ്മൻ ചാണ്ടിക്കെതിരായ ഒരു വാര്ത്ത) വാര്ത്ത മുക്കുന്ന സ്വഭാവം മനോരമക്കുണ്ട്.
ടെലിവിഷൻ വാര്ത്താ ചാനലുകൾ അരങ്ങു തകർക്കുന്ന ഈ കാലത്തും മനോരമ ഈ വാര്ത്ത മുക്കൽ ചെയ്തുകൊണ്ടിരിക്കുന്നു. തങ്ങൾക്കു താത്പര്യമില്ലാത്ത വാർത്തകളാണെങ്കിലും മറ്റു ചാനലുകൾ എല്ലാം അത് സംപ്രേഷണം ചെയ്യുമ്പോൾ നിവൃത്തിയില്ലാതെ മനോരമയും അത് അവരുടെ ചാനലിൽ (മനോരമ ന്യൂസിൽ) സംപ്രേഷണം ചെയ്യുകയും ഒൻപതു മണിക്ക് ചർച്ച ചെയ്യുകയും ചെയ്യും. എന്നാൽ പിറ്റേ ദിവസത്തെ മനോരമ പത്രത്തിൽ ആ വാര്ത്ത കാണില്ല. അതല്ലെങ്കിൽ ആരും കാണാത്ത അകത്തെ പേജിലേക്ക് ഒതുക്കും.
ഇതിന്റെ പുറകിലെ ഒരു കാരണം പൊതുജനത്തിന്റെ മറവിയിലുള്ള വിശ്വാസമാണ്. അതായത് ടി.വി ചർച്ചകൾ ജനങ്ങള് പെട്ടെന്നു മറക്കും. പത്ര വാർത്തകൾ രേഖകളാണ്. അതിനു ആയുസ്സു കൂടുതലുണ്ടു. അതു സൂക്ഷിച്ചു വെക്കാൻ കഴിയും. എന്നാൽ ടി വി വാർത്തകൾ ആരും റെക്കോര്ഡ് ചെയ്യാറില്ല.
മനോരമ പത്രം ഇത്തരത്തിൽ മുക്കുന്ന വാർത്തകൾ രാഷ്ട്രിയ വാർത്തകൾ മാത്രമല്ല. മനോരമക്ക് വൻതോതിൽ പരസ്യം നല്കുന്ന വന്കിട കമ്പനികളുടെ താത്പര്യത്തിന് വിരുദ്ധമായ വാര്ത്തകളും മനോരമ മുക്കാറുണ്ട്. ടാറ്റ, റിലയൻസ് തുടങ്ങിയ കമ്പനികൾ മനോരമക്ക് വാൻ പരസ്യ ദാതാക്കളാണ്. ഇവരുടെയൊക്കെ താത്പര്യത്തിന് വിരുദ്ധമായ വാര്ത്തകളും മനോരമ ഒതുക്കരുണ്ട്. ഉദാഹരണത്തിന് ടാറ്റാ നാനോ എന്ന കാർ അവതണത്തിനു ശേഷം വിദേശ മാധ്യമങ്ങള പോലും നാനോയുടെ പരാജയത്തിന്റെ കാരണങ്ങള വിശകലനം ചെയ്തുകൊണ്ടിരിക്കുമ്പോഴും മനോരമ അതിനെ പാടിപ്പുകഴ്തുകയായിരുന്നു. ഉത്തരേന്ത്യൻ നഗരങ്ങളില നാനോ കാറിനു തീപിടിച്ച നാലോളം സംഭവങ്ങൾ ചിത്രവും വിഡിയോയും സഹിതം ഉത്തരേന്ത്യൻ മാധ്യമങ്ങളിൽ വന്നപ്പോഴും മനോരമ അത് അറിഞ്ഞില്ല. ഈ സംഭവത്തിനു ശേഷം ടാറ്റ നാനോയിൽ പരിഷ്കാരങ്ങൾക്കു തയ്യാറായി തകരാര് പരിഹരിച്ചു പുതിയ പതിപ്പ് ഇറക്കിയപ്പോൾ മനോരമ അതിനെകുറിച്ചു എഴുതിയത് നനൊയിലുണ്ടായിരുന്ന തകരാർ പരിഹരിച്ചു എന്നല്ല, നാനോക്ക് പുതിയ ചില മേന്മകളും കൂടി എന്ന തരത്തിലായിരുന്നു!
ഉമ്മൻ ചാണ്ടിക്കെതിരായ വാര്ത്തകളും പരസ്യ ദാതാക്കൾക്ക് ബുദ്ധിമുട്ടു ഉണ്ടാക്കുന്ന വാര്ത്തകളും മാത്രമല്ല മനോരമ മുക്കാരുള്ളത്. കഴിഞ്ഞവര്ഷം പ്ലസ് റ്റു പ്രവേശനത്തിൽ ഏകജാലകം പല ഘട്ടം പൂർത്തിയാക്കിയ ശേഷവും ഒരുപാടു സീറ്റുകൾ ഒഴിവു വന്നു. അപ്പോൾ സര്ക്കാര് ഒരു പ്രതേക അല്ലോട്മെന്റ്റ് കൂടി അനുവദിച്ചു. പക്ഷെ അതിനുള്ള അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വാര്ത്ത മനോരമ മനസ്സിലാകാത്ത തരത്തിൽ ആക്കുകയും വിദ്യാഭ്യാസ പേജിൽ നിന്നും മാറ്റി ആരും ശ്രദ്ധിക്കാത്ത ഒരിടത്തു ഇടുകയും ചെയ്തു. ഇത് പണം വാങ്ങി സീറ്റ് വില്ക്കുന്ന എയിഡഡ് മാനേജ്മെന്റുകളെ സഹായിക്കാനാണെന്ന് വ്യക്തമാണ്.
മനോരമയെ സംബന്ധിച്ച രസകരമായ ചില വസ്തുതകൾ.
1. മനോരമയെന്ന പേരു.
മനോരമ ആ
പേരിനേക്കുറിച്ച് അഭിമാനത്തോടെ പറയാറുള്ളത് അത് കേരള വർമ്മയേക്കൊണ്ട്
ഇടുവിച്ച പേരാണു എന്നാണു. ഇട്ടതു ആരായാലും പേരു നന്നായാൽ മതിയെന്നു ഞാൻ
ചിന്തിച്ചിരുന്നു. എന്നാൽ പിന്നിടുള്ള മനൊരമയുടെ സ്വഭാവം കാണുമ്പോൾ കേരള
വർമ്മയോട് ബഹുമാനം തോന്നുന്നു. അദ്ദേഹം എന്തു ദീർ ഘ ദർശ്ശിയായിരുന്നു. മനോരമ
എന്ന വാക്കിന്റെ അർത്ഥം മനസ്സിനെ രമിപ്പിക്കുന്നത്, അഥവാ
സന്തോഷിപ്പികുന്നതു എന്നാണു. മനോരമയുടെ വാർത്തകൾ വായിച്ചാൽ ഈ പേരു ശരിയാണു
എന്നു തോന്നിപ്പോകും. മനൊരമയുടെ റിപ്പോർട്ടുകൾ പലപ്പോഴും വർത്തയല്ല ചെറിയ
നോവലുകളായാണു തോന്നാറു.
2. നക്സൽ വർഗീസ് വധം.
നക്സൽ വർഗീസ് വധിക്കപ്പെട്ടപ്പോൾ മനോരമ പ്രസിദ്ധീകരിച്ച വാര്ത്ത മതി മനോരമ എന്താണ് എന്ന് മനസ്സിലാക്കാൻ. നക്സൽ വർഗീസ് വധിക്കപ്പെട്ടത്തിന്റെ പിറ്റേ ദിവസം മനോരമയില വന്നത് വെറുമൊരു വാര്ത്തയല്ല ഒരു ദൃക്സാക്ഷി വിവരണമായിരുന്നു. അതായത് മനോരമ ലേഖകന അവകാശപ്പെട്ടതു നക്സ്സൽ വർഗ്ഗീസ് കാട്ടിൽ ഇന്ന സ്ഥലത്ത് ഒളിച്ചിരിപ്പുണ്ട് എന്ന് പൊലിസിനു ഒരു രഹസ്യം വിവരം ലഭിച്ചു എന്നും അതിന്പ്രകാരം പൊലീസ് സംഘം അങ്ങോട്ട് തിരിച്ചു എന്നും, പോലീസിന്റെ ആ സംഘത്തോടൊപ്പം പോകാൻ മനോരമ ലേഖകന് അവസരം ലഭിച്ചു എന്നും, അവിടെ വർഗീസിന്റെ സംഘവും പോലീസുമായി ഒരു ഏറ്റുമുട്ടൽ ഉണ്ടായി എന്നും ആണ്. പിന്നീട് ലേഖകന നല്കിയത് ഒരു ദൃക്സാക്ഷി വിവരണമാണ്. അത് ഏതാണ്ട് ഇങ്ങനെ: "പെട്ടെന്ന് ഞങ്ങൾ ഒരു വെടിയോച്ച്ച കേട്ടു. ഞങ്ങളുടെ അടുത്തു കൂടെ ഒരു വെടിയുണ്ട കടന്നു പോയി. കൂടെയുണ്ടായിരുന്ന പോലീസുകാർ തിരിച്ചു വെടിവച്ചു." ഈ വിവരണത്തിന്റെ ഒടുവിൽ വെടിവയ്പ്പിന് ശേഷം പോലീസുകാർ പോയി പരിശൊധിച്ചുവെന്നും വർഗ്ഗീസിന്റെ ശരീരം കണ്ടെത്തി എന്നും ലേഖകന പറയുന്നു.
വർഗീസിന്റെ കാര്യത്തിൽ എന്താണ് സംഭവിച്ചതു എന്ന് നമുക്കിപ്പോൾ അറിയാം. അപ്പോൾ മനോരമയുടെ കാര്യമോ? മനോരമയുടെ ലേഖകന എഡിറ്ററെ പറ്റിച്ച്ചതോന്നുമല്ല ഇത്. ഭരണകൂടം അല്ലെങ്കിൽ പോലീസിലെ ചില ക്രിമിനലുകൾ നടപ്പാക്കാൻ ഉദ്ദേശിച്ച ഒരു നാടകത്തിൽ മനോരമയും പങ്കാളികളാവുകയായിരുന്നു.
3. ആര്ക്കൈവ്സ് (archives) ലഭ്യമാക്കാത്ത പത്രം.
ഈ കാരണം കൊണ്ടു തന്നെയാണ് പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളുടേയും മുൻനിര മലയാള പത്രങ്ങളുടേയും പഴയ ലക്കങ്ങൾ അവരുടെ വെബ് സൈറ്റിൽ ലഭ്യമാകുമ്പോൾ മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രവും ഏറ്റവും ആദ്യം കമ്പ്യൂട്ടർവത്കരണം നടത്തിയ പത്രവുംമായിട്ടു പോലും മനോരമയുടെ മുന് ലക്കങ്ങൾ (back issues) അവരുടെ വെബ് സൈറ്റിൽ ലഭ്യമല്ലാത്തത്. മനോരമയുടെ വെബ് സൈറ്റിൽ ആര്ക്കൈവ്സ് എന്ന ഒരു വിഭാഗം പോലുമില്ല! ആര്ക്കൈവ്സ് ലഭ്യമാക്കിയാൽ അത് മനോരമയുടെ നുണകളുടെ ആര്ക്കൈവ്സ് കൂടിയാകും എന്ന് ഏറ്റവും നന്നായി അറിയാവുന്നത് മനോരമക്ക് തന്നെയാണ്.
4. സർ സി പി മുദ്ര വച്ച വാതിൽ.
മനോരമയുടെ ചരിത്രത്തിൽ അവർ ഓര്മ്മ പുതുക്കി അഭിമാനിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്നതും എന്നാൽ ഇനി ഒരിക്കലും ആവര്ത്തിക്കാൻ സാധ്യതയില്ലാത്തതുമായ ഒരു സംഭവമാണ് സർ സി.പി.രാമസ്വാമി അയ്യര് മനോരമയുടെ ഓഫീസ് പൂട്ടി വാതിൽ മുദ്ര വെച്ച സംഭവം. അതിനു പുറകിലെ യാഥാർത്ഥ്യം എനിക്കിപ്പോഴും അജ്ഞാതമാണ്. കാരണം നമുക്കറിയാവുന്ന മനോരമക്ക് അങ്ങനെ അധികാര സ്ഥാനത്തിരിക്കുന്ന സി.പിമാരെ പിണക്കുന്ന സ്വഭാവമില്ല. ചിലപ്പോൾ പണ്ടൊരു ത്രേതാ യുഗത്തിൽ മനോരമ പോലും അങ്ങനെയായിരുന്നിരിക്കാം..!!.
ആ ഭൂതകാലത്തെക്കുറിച്ചു ഇടക്കെങ്കിലും വായനക്കാരെ ഓർമ്മിപ്പിച്ചു സ്വയം പുകഴ്ത്ത്താറുള്ള മനോരമക്ക് എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാര്യമുണ്ട്. ഇപ്പോഴത്തെ സി.പിമാരെ വിമർശിച്ചു വാര്ത്ത പ്രസിദ്ധീകരിക്കുക. പക്ഷെ അതിനു പകരം മനോരമ തെരഞ്ഞെടുത്ത വഴി ഇപ്പോഴത്തെ സി.പിമാരുടെ കൂടെ നില്ക്കുകയും പിന്നെ പഴയ ആ വാതിലിനെ ഒരു വിഗ്രഹവും കാഴ്ച വസ്തുവുമാക്കുകയാണു.
അതെ, അന്ന് സര് സി.പി മുദ്രവച്ച ആ വാതില കട്ടിളയോടെ ഇളക്കി എടുത്തു കൊണ്ടുവന്നു (അതോ അതിന്റെ അതേ മോഡലിൽ പണികഴിപ്പിച്ച പുതിയ വാതിലാണോ എന്നറിയില്ല, മനൊരമയല്ലേ...!!!) കോട്ടയത്തെ അവരുടെ പുതിയ കോർപ്പറേറ്റ് ആസ്ഥാനത്തു ഒരു കാഴ്ചവസ്തുവായി പ്രതിഷ്ഠിച്ചിരിക്കുന്നു...!!! അതാണു മനോരമ.
മനോരമയുടെ മേന്മകൾ.
കാര്യം ഇതൊക്കെയാണെങ്കിലും ഇപ്പോഴും മനോരമക്കുമാത്രം അവകാശപ്പെടാനാവുന്ന ചില മേന്മകൾ ഉണ്ട്. അതിൽ ഒന്നാമത്തേത് ലേയൗട്ടിലും അച്ചടിയിലും എന്തിനു അച്ചടിക്കുന്ന ന്യൂസ്പ്രിന്റിന്റെ (കടലാസിന്റെ) നിലവാരത്തിൽപോലും (മനോരമയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ 'കെട്ടിലും മട്ടിലും') മനോരമ മറ്റെല്ലാ പത്രങ്ങളേക്കാളും വളരെ മുമ്പിലാണ് എന്നുള്ളതാണ്. കേരളത്തിൽ ഏറ്റവും വൈകി അച്ചടിക്കുന്ന, അതായതു ഏറ്റവും വൈകിയ deadline ഉള്ള പത്രവും മനോരമയാണ്. അതായതു പുലർച്ചെ ഏറ്റവും വൈകി വരുന്ന വാർത്തകൾ (latest news) പോലും അച്ചടിക്കാൻ മനൊരമക്കു സാധിക്കും. ഇത് കൂടാതെ അച്ചടിയിൽ ഏറ്റവും കുറവു തെറ്റുകൾ വരുത്തുന്ന പത്രവും മനോരമയാണ്. ഇതിനു കാരണം മനോരമ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിന്റെ ഗുണവും പിന്നെ മാനേജ്‌മന്റിലെ മെച്ചവുമാണ്.
അവസാനിപ്പിക്കും മുൻപ്:
ഇത് വായിക്കുമ്പോൾ ദേശാഭിമാനി വായിച്ചു വട്ടായിപ്പോയ ഒരാളാണ് ഈ ലേഖകൻ എന്നു ദയവായി ധരിക്കരുത്. ഒന്പതാം വയസ്സു മുതൽ പത്രം വായിക്കുന്ന, ആ ഒന്പതാം വയസ്സുമുതൽ മനോരമ മാത്രം വായിക്കുന്ന ഒരു മധ്യതിരുവിതാംകൂറുകാരനാണ് ഈ ലേഖകൻ. കഴിഞ്ഞ ഒരു ദശകത്തിനിപ്പുറം മാത്രമാണ് വേറെയും പത്രങ്ങളുണ്ടെന്നു തിരിച്ചറിഞ്ഞതു തന്നെ. പതിനഞ്ചു ഇരുപതു വയസ്സിനകം എന്റെ മൂല്യങ്ങൾ (values) രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിച്ച പത്രമാണ് മനോരമ. പക്ഷേ നമ്മുടെ മത പുരോഹിതന്മാരുടേയും ഭരണഘടനാ പ്രതിനിധികളുടേയും കാര്യം പോലെ തന്നെ പ്രചരിപ്പിക്കുന്നതും പ്രസംഗിക്കുന്നതും ഒന്നും പ്രവര്ത്തിക്കുന്ന ശീലം മനൊരമക്കും തീരെയില്ല എന്നു തിരിച്ചറിയാൻ കുറച്ചു വളരേണ്ടി വന്നു.
No comments:
Post a Comment