Thursday, November 21, 2013

ആറന്മുള വിമാനത്താവളം.

പലര്‍ക്കും അറിയാത്ത ഒരു കാര്യമാണ് നെടുമ്പാശ്ശേരി വിമാനത്താവളം രണ്ടു സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലാണ്‌ എന്നത്. എം എ യൂസഫലിയും, പി മുഹമ്മദലി എന്ന ഗള്‍ഫാര്‍ മുഹമ്മദലിയുമാണ് സി.ഐ.എ.എല്‍ എന്ന കമ്പനിയുടെ ഭൂരിപക്ഷ ഓഹരിയുടമകള്‍. ഇതു വിമാനത്താവള ടെര്‍മിനലിന്റെ മുന്‍വരാന്തയുടെ മധ്യഭാഗത്ത് പ്രധാന വാതിലിനു സമീപത്തായി സ്ഥാപിച്ചിട്ടുള്ള ശിലാഫലകത്തില്‍ തന്നെ എഴുതി വച്ചിട്ടുണ്ടെങ്കിലും മിക്കവരും അതു ശ്രദ്ധിക്കാറില്ല. കമ്പനിയിലെ സര്‍ക്കാരിന്റെ ന്യൂനപക്ഷ ഓഹരിപ്പങ്കാളിത്തം നടത്തിപ്പിലെ ചില സൗകര്യങ്ങള്‍ക്കു വേണ്ടി മാത്രമാണ്. ലാന്‍ഡ് അക്വിസിഷന്‍ നിയമം ഉപയോഗിച്ച് സ്ഥലം ബലമായി ഏറ്റെടുക്കാനും, ലൈസന്‍സും മറ്റ്‌ അനുമതികളും കിട്ടാനുള്ള സൗകര്യത്തിനും, സൗജന്യമായി സി.ഐ.എസ്‌.എഫ്‌-ന്റെ സുരക്ഷയും കസ്റ്റംസിന്റെ സേവനവും കിട്ടാനുള്ള സൗകര്യത്തിനും, അങ്ങനെ പല കാര്യങ്ങള്‍ക്കും സര്‍ക്കാരിന്റെ ന്യൂനപക്ഷ ഓഹരിപ്പങ്കാളിത്തം ഉപകരിക്കും.

സര്‍ക്കാരിന്റെ പേരില്‍ സ്വകാര്യ വ്യക്തികള്‍ വിമാനത്താവളം നടത്തുന്ന കേരളത്തിലെ ഈ ബിസിനസ്സ്‌ മോഡലും നെടുമ്പാശ്ശേരിയുടെ വരുമാനവും കണ്ടു അതിമോഹം തോന്നിയിട്ടാണു തമിഴന്മാരായ രണ്ടു മുതലാളിമാരുടെ ഉടമസ്ഥതയിലുള്ള കെ.ജി.എസ്സ് ഗ്രൂപ്പ് ആറന്മുളയില്‍ വിമാനത്താവളം എന്ന ആഗ്രഹവുമായി വന്നത്‌. അവര്‍ ആദ്യം അതു പൂണ്ണമായും സ്വകാര്യ സംരംഭമായി തുടങ്ങാന്‍ ശ്രമിച്ചു. സര്‍ക്കാരിനേയും പോലിസിനേയും ഉപയോഗിച്ചു സ്ഥലം ഏറ്റെടുക്കുന്നതിനു പകരം രഹസ്യമായി തുച്ഛമായ വിലക്കു പാടം വാങ്ങിക്കൂട്ടി. പീന്നീട്‌ എതിര്‍പ്പു വന്നപ്പോഴാണു ബുദ്ധി തെളിഞ്ഞതും പേരിനൊരു സര്‍ക്കാര്‍ പങ്കാളിത്തം ചേര്‍ത്തു കാര്യങ്ങള്‍ വെടിപ്പാക്കാന്‍ തീരുമാനിച്ചതും. അപ്പോഴേക്കും പക്ഷേ കാര്യങ്ങള്‍ കൈവിട്ടു പോയി.

കേരളത്തില്‍ ഒരേക്കര്‍ നെല്‍പ്പാടം സ്വന്തമായിട്ടുള്ളയൊരാള്‍ക്ക്‌ ഒരത്യാവശ്യ കാര്യത്തിനു അതു വില്‍ക്കാന്‍ ശ്രമിച്ചാല്‍ കിട്ടുക കൂടിവന്നാല്‍ ഒരു ലക്ഷം രൂപയാണ്‌. വാങ്ങിക്കൂന്ന റിയല്‍ എസ്റ്റേറ്റുകാര്‍ അതു നികത്തി വില്‍ക്കുമ്പോള്‍ വില ഒരു കോടിയായി ഉയരും. എന്നാല്‍ സാധാരണക്കാരനു സ്വന്തം നെല്‍പ്പാടം വീടു വക്കാനായിട്ടു പോലും നികത്താന്‍ ബുദ്ധിമുട്ടാണ്‌. വീടു വക്കാനായി അഞ്ചു സെന്റ്‌ നികത്താന്‍ നിയമം അനുവദിക്കുന്നുണ്ടെങ്കിലും, അതിനു പോലും റവന്യു വകുപ്പിന്റെ മുന്‍ കൂര്‍ അനുമതി വേണം. അതില്ലാതെ നികത്തിയാല്‍ ഉടമ ജയിലില്‍ പോകേണ്ടി വരും.

ഈ സാഹചര്യത്തിലാണു കെ.ജി.എസ്സ്‌ ഗ്രൂപ്പ്‌ ആറന്മുളയില്‍ അഞ്ഞൂറേക്കര്‍ നികത്തിയത്‌. അതും യാതൊരു വിധ അനുമതിയും ഇല്ലാതെ. ഇതേകുറിച്ചു സര്‍ക്കാര്‍ പറയുന്നത് നികത്തിപ്പോയില്ലേ ഇനിയെന്തു ചെയ്യാന്‍ പറ്റും എന്നാണ്‌. അനുമതിയില്ലാതെ പാടം നികത്തുന്നവരെ പ്രോസിക്യൂട്ട്‌ ചെയണം എന്ന നിയമം കെ ജി എസ്സിനു മുന്‍പില്‍ വഴി മാറുന്നു.

ഇതിനു പുറമേ ഭൂപരിഷ്കരണ, മിച്ചഭൂമി നിയമങ്ങള്‍ കൂടി പ്രയോഗിച്ചാല്‍ ഈ അഞ്ഞൂറേക്കറില്‍ പകുതിയും സര്‍ക്കാര്‍ പിടിച്ചെടുക്കേണ്ടതായും വരും. അതിലും ഗ്രൂപ്പിനു ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ഇപ്പോള്‍ ഇതിന്റെയെല്ലാം കുറ്റം കഴിഞ്ഞ സര്‍ക്കാരിന്റെ തലയില്‍ ആരോപിച്ചിട്ട് ആ കുറ്റങ്ങള്‍ തുടര്‍ന്നും ചെയ്തു കൊണ്ടിരിക്കുക എന്നതാണ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നയം. പാടം നികത്തിയിട്ടാണെങ്കിലും, ഭൂപരിഷ്കരണ മിച്ചഭൂമി നിയമങ്ങള്‍ ലംഘിച്ചിട്ടാണെങ്കിലും, പരിസ്ഥിതി നിയമങ്ങള്‍ അവഗണിച്ചിട്ടാണെങ്കിലും കെ ജി എസ്സ് ഗ്രൂപ്പിന്റെ മോഹങ്ങള്‍ നടക്കട്ടെ എന്നതാണ് സര്‍ക്കാരിന്റെ നയം.

ജനങ്ങളെ ഇട്ടു നെട്ടോട്ടമോടിക്കാന്‍ പാചകവാതക നിയന്ത്രണം, ആധാര്‍ തുടങ്ങി പുതിയ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ പക്ഷേ, കെ.ജി.എസ്സ് ഗ്രൂപ്പ് എന്ന ഒരു സ്വകാര്യ കമ്പനിയുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്നതില്‍ ഇത്രയും താത്പര്യം കാണിക്കുന്നതെന്തു കൊണ്ടായിരിക്കും?

No comments:

Post a Comment