Tuesday, December 30, 2014

'ഇന്ത്യൻ ഓഫ്‌ ദി ഇയർ' ആവാൻ അമിത്‌ ഷാ മുതൽ പി.വിജയൻ വരെ


സി.എൻ.എൻ ഐ.ബി.എൻ എന്ന കോർപ്പറേറ്റ്‌ ചാനൽ നടത്തുന്ന 'ഇന്ത്യൻ ഓഫ്‌ ദി ഇയർ' അവാർഡു പരിപാടിയിലേക്ക്‌ വോട്ടു പിടിക്കുന്ന പോസ്റ്റുകൾ ഫേസ്ബുക്കിൽ കാണുന്നുണ്ട്‌. ഇതിവിടെ കൂടുതൽ പ്രചരിപ്പിക്കുന്നത്‌ എറണാകുളം ജില്ലാ കളക്ടറുടെ പേരിലുള്ള ഫേസ്ബുക്ക്‌ പേജ്‌ വഴിയാണ്‌.

Facebook post of District Collector

ശ്രീമാൻ അമിത്‌ ഷാ മുതൽ ഐ.പി.എസ്സുകാരൻ പി.വിജയൻ വരെയുണ്ട്‌ നോമിനികളിൽ. പ്രസിദ്ധനായ അമിത്‌ ഷായെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ശ്രീ പി.വിജയൻ എറണാകുളത്ത്‌ എസ്‌.പിയായിരുന്നപ്പോൾ 'ആപ്പിൾ എ ഡേ' പ്രോപ്പർട്ടീസിന്റെ തട്ടിപ്പുകൾക്കു സൗകര്യമൊരുക്കിക്കൊടുക്കുകയും അതിനു പ്രതിഫലമായി അവരിൽ നിന്ന് കൊച്ചി നഗരത്തിൽ സൗജന്യമായി ഒരു വീടു തന്നെ പണിതു വാങ്ങുകയും ചെയ്തയാളാണ്‌.

സ്വന്തം കരിയർ പോലും അപകടത്തിലാക്കി സത്യസന്ധതയും ചങ്കൂറ്റവും കാണിച്ചിട്ടുള്ള ഒരുപിടി ഐ.പി.എസ്സുകാരുള്ള കേരളത്തിൽ നിന്ന് ഈ ഒരു പി.വിജയനെ തന്നെ സി.എൻ.എന്നുകാർ തെരെഞ്ഞെടുക്കാൻ എന്തെങ്കിലും കാരണമുണ്ടാവില്ലേ? സിവിൽ സർവ്വീസുകാരെ ഉൾപെടുത്തി സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന ഇത്തരം അവാർഡുകളും അതിനുള്ള വോട്ടെടുപ്പുകളും സർവ്വീസ്‌ ചട്ടങ്ങളുടെ ലംഘനമല്ലേ? കളക്ടറുടെ ഫേസ്ബുക്ക്‌ പേജ്‌ ഔദ്യോഗികമല്ലാത്തതിനാൽ ചട്ടങ്ങളൊന്നും ബാധകമല്ല എന്നുണ്ടോ?

പ്ലസ്‌ ടു, എഞ്ചിനിയറിംഗ്‌ വിദ്യാർത്ഥികളുടെ യൂണിഫോം

പ്ലസ്‌ ടു വിദ്യാർത്ഥികളേയും എഞ്ചിനിയറിംഗ്‌ വിദ്യാർത്ഥികളേയും യൂണിഫോമിന്റെ തടവിൽ നിന്നു മോചിപ്പിക്കണം. അവർ നിറങ്ങളുടെ ലോകത്തു ജീവിക്കട്ടെ. അവർ അഭിരുചിക്കനുസരിച്ചു വസ്ത്രം ധരിക്കട്ടെ, അവരിൽ അഭിരുചി രൂപപ്പെടട്ടെ, അവർ വ്യക്തിത്വമുള്ളവരാവട്ടെ, ഓരോരുത്തരും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാവട്ടെ.

Monday, December 29, 2014

സ്പോർട്ട്സും സിനിമയും

"രാഷ്ട്രീയത്തിൽ താത്പര്യം കാണിക്കാതെ സിനിമ, സ്പോർട്ട്സ്‌ തുടങ്ങിയവയിൽ സമയം പാഴാക്കുന്ന യുവാക്കളെ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക്‌ ആകർഷിക്കുക."

ആം ആദ്മി പാർട്ടി യൂത്ത്‌ വിംഗിന്റെ നയരേഖയിൽ ഞാൻ എഴുതിയ ഈ വാചകം കുറച്ചു വിമർശനങ്ങൾ വിളിച്ചുവരുത്തിയിരുന്നു. അതിനാൽ എന്റെ കാഴ്ച്ചപ്പാട്‌ ഒന്നു വിശദീകരിക്കുന്നു:

ഒരു ക്രിക്കറ്റ്‌ മാച്ചിനു ശേഷം അതിനെ ബോൾ-ബൈ-ബോൾ വിശകലനം ചെയ്യുന്നതു കൊണ്ടും, കളിക്കാരെയും സിനിമക്കാരെയും ആരാധിക്കുന്നതു കൊണ്ടും, അവരുടെ ഇഷ്ടാനിഷ്ടങ്ങൾ അന്വേഷിച്ചു നടക്കുന്നതു കൊണ്ടും, പേജ്‌ ത്രീ ഗോസ്സിപ്പുകളിൽ സമയം മെനെക്കെടുത്തുന്നതു കൊണ്ടും ഇതിന്റെയൊന്നും ഉപഭോക്താക്കൾക്കു പ്രയോജനമൊന്നുമില്ല.

അതേസമയം നല്ല സിനിമ കാണുന്നതും വിശകലനം ചെയ്യുന്നതും ഏതു കലാനിരൂപണവും പോലെ അതിന്റെ ഉപഭോക്താക്കൾക്കു പോലും ധൈഷണിക വളർച്ചയും സംതൃപ്തിയുമുണ്ടാക്കും, സമൂഹത്തിനു പൊതുവിൽ ഗുണം ചെയ്യും. കൂടുതൽ മികച്ച കലാസൃഷ്ടികൾക്കു നിലമൊരുക്കും. അറുപത്‌-എഴുപതുകളിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനം മലയാള സിനിമക്ക്‌ ഒരു സുവർണ്ണകാലം നൽകിയതു പോലെ.

Sunday, December 28, 2014

വെള്ളിമൂങ്ങ

വെള്ളിമൂങ്ങ കണ്ടു. പ്രമുഖ നിരൂപകരൊക്കെ പറഞ്ഞതു തന്നെയാണ്‌ ഈയുള്ളവനും പറയാനുള്ളത്‌; മികച്ച ഒരു സൃഷ്ടിയാക്കാൻ സാധ്യതയുണ്ടായിരുന്ന ഒരു ചിത്രത്തെ രണ്ടര മണിക്കൂർ മാത്രം ആയുസ്സുള്ള നിസ്സാര ഹാസ്യത്തിലേക്കു ചുരുക്കി.

ഞാനുൾപ്പെടെയുള്ള ആം ആദ്മി പാർട്ടിയുടെ കേരളത്തിലെ കുട്ടിനേതാക്കന്മാർക്കു പയറ്റിനോക്കാവുന്ന ചില വിദ്യകൾ സിനിമയിലുണ്ട്‌. ഏതെങ്കിലും ഒരു പ്രമുഖ ദേശീയപ്പാർട്ടിയിൽ ജീവിതകാലം മുഴുവൻ പ്രവർത്തിച്ചാലും പരമാവധി ഒരു പഞ്ചായത്തു മെംബറോ, അതല്ലെങ്കിൽ ഒരു മണ്ഢലം കമ്മിറ്റിയംഗമോ മാത്രം ആകാനേ സാധ്യതയുള്ളൂ എന്നറിയാവുന്നതിനാൽ, ഒരുത്തരേന്ത്യൻ പ്രാദേശികപ്പാർട്ടിയിൽ ചേരുന്നു നായകൻ. അപ്പോൾ ഒറ്റയടിക്ക്‌ അതിന്റെ ദേശീയ നേതാവോ കേരളാ സംസ്ഥാന നേതാവോ ഒക്കെ ആകാമല്ലോ, ആ സ്ഥാനം കൊണ്ടു പ്രയോജനമൊന്നുമില്ലെങ്കിലും. ലാൽ ജോസ്‌ വോയിസ്‌ ഓവറിൽ വിളിച്ചുപറയുന്ന സത്യങ്ങൾ നമ്മളേപ്പറ്റിത്തന്നെയല്ലേ എന്നു നമുക്കെങ്കിലും തോന്നാം :)

പിന്നീടു സിനിമയിലുള്ള ചില തന്ത്രങ്ങളുമൊക്കെ നമ്മുടെ കുട്ടിനേതാക്കന്മാർക്കു പ്രയോഗിച്ചു നോക്കാവുന്നതാണ്‌. ഉദാ: ഒരു സ്ഥാനം ഓഫർ ചെയ്യപ്പെട്ടാൽ, വേണ്ടാ, വേണ്ടാ എന്നു പറഞ്ഞുകൊണ്ടിരിക്കുക. അതിലും വലുതു കിട്ടാനുള്ള ലോബിയിംങ്ങ്‌ രഹസ്യമായി നടത്തുകയും ചെയ്യുക. പാർട്ടിയിൽ ഒരു ശത്രുവുണ്ടെങ്കിൽ അയാളുമായി നേരിട്ട്‌ ഏറ്റുമുട്ടാനും അയാളെ പാർട്ടിയിൽ നിന്നു  പുറത്താക്കാനും മറ്റും ശ്രമിക്കാതെ, വലിയ പ്രയോജനമൊന്നുമില്ലാത്ത ഗുലുമാലു പിടിച്ച ഏതെങ്കിലും ചുമതല ഏൽപ്പിച്ചു കൊടുത്തു കക്ഷിയെ ഒതുക്കുക.

സിനിമയിൽ ശ്രദ്ധേയമായ ഒരു സംഗതി, പ്രായം അൽപം കൂടിയ നായകൻ വിവാഹമന്വേഷിച്ചു  പഴയ കാമുകിയുടെ മകളെ പെണ്ണുകാണാൻ ചെല്ലുന്ന സാഹചര്യമാണ്‌. സിനിമയിൽ തമാശക്കു കാണിക്കാമെങ്കിലും വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്ന യുവനേതാക്കന്മാർക്ക്‌ സംഭവിക്കാൻ സാധ്യതയുള്ള ഒരു പ്രതിസന്ധി തന്നെയാണിത്‌. പഴയ കാമുകിയുടെ മകളെയല്ലെങ്കിലും സഹപാഠികളുടെയോ സമപ്രായക്കാരുടെയോ മക്കളെ കല്യാണമാലോചിക്കുന്ന ദുരവസ്ഥ വന്നേക്കാം. സിനിമയിൽ അതിനെ കുറച്ച്‌ എക്സാഗരേറ്റ്‌ ചെയ്തുവെന്നു കരുതിയാൽ മതി.


തിരക്കഥയുടെ മേന്മകളിൽ എടുത്തു പറയേണ്ട ഒന്ന്, ചിന്തിപ്പിക്കുന്ന ചില തമാശകളും ദൃശ്യങ്ങളും സംഭാഷണങ്ങളും ആവർത്തിച്ചു പറഞ്ഞുറപ്പിക്കാൻ നിൽക്കാതെ വേഗത്തിൽ പറഞ്ഞുപോവുന്നതാണ്‌. മലയാള സിനിമക്കു പൊതുവേ ഇല്ലാത്ത ഈ ഗുണം ന്യൂജനറേഷൻ കാലത്തെ ചില ചിത്രങ്ങളിൽ പരീക്ഷിക്കപ്പെടുന്നുണ്ട്‌. ന്യൂജനറേഷൻ വിപ്ലവം തുടങ്ങിവച്ച സാൾട്ട്‌ & പെപ്പറിന്റെ തിരക്കഥയിൽ ഇത്തരം ചില ഫ്രെയിമുകളുണ്ടായിരുന്നു, സൂക്ഷ്മദൃക്കുകളായ പ്രേക്ഷകർ മാത്രമേ ആ ദൃശ്യങ്ങൾ ശ്രദ്ധിക്കാൻ വഴിയുള്ളൂ.

എങ്കിലും കൂടുതൽ നന്നാക്കാമായിരുന്ന ഒരു തിരക്കഥയെ വെറുമൊരു തമാശച്ചിത്രമാക്കി ചുരുക്കിയതിന്റെ നിരാശ ഒന്നുകൂടി പങ്കുവക്കുന്നു.


Vellimoonga (Sep 2014, Dir: Jibu Jacob, Script: Joji Thomas, Biju Menon, Nikki Galrani).

Saturday, December 27, 2014

മലയാള സിനിമക്ക്‌ ഇതു വളർച്ചയുടെ വർഷം

കഴിഞ്ഞ കുറേ വർഷങ്ങളായി പ്രതിവര്‍ഷം മലയാളത്തില്‍ ഇറങ്ങാറുണ്ടായിരുന്നത് തൊണ്ണൂറോളം സിനിമകളായിരുന്നെങ്കില്‍, 2013ൽ അത് ഒറ്റയടിക്ക്‌ 153 എന്ന സംഖ്യയിലെത്തിയിരുന്നു. സിനിമകളുടെ എണ്ണത്തിലെ ആ വിസ്ഫോടനം മലയാള സിനിമയിലേക്കുള്ള കള്ളപ്പണക്കാരുടെ തള്ളിക്കയറ്റം മൂലമായിരുന്നു എന്നത്‌ ഒരുപാട്‌ ചർച്ചചെയ്യപ്പെട്ടു കഴിഞ്ഞ കഥയാണ്‌. 2014ലും സിനിമയിലെ കള്ളപ്പണ നിക്ഷേപം തുടർന്നു, ആകെ റിലീസുകളുടെ എണ്ണം 150 തികച്ചു. 2013ലെ സിനിമകളിൽ നഷ്ടമുണ്ടാക്കാത്തത് വെറും ഇരുപത്തിയഞ്ചെണ്ണം മാത്രമായിരുന്നെങ്കിൽ, 2014ൽ കഥയൊരുപാടു മാറി. ഭേദപ്പെട്ട സാമ്പത്തിക നേട്ടമുണ്ടാക്കിയ ചിത്രങ്ങളുടെ എണ്ണം തന്നെ അൻപതോളമാണ്‌. കേരളത്തിലെ നഗരങ്ങളിലേക്കുള്ള മൾട്ടിപ്ലക്സുകളുടെ വരവും, വൈഡ്‌ റിലീസുമൊക്കെയാണ്‌ ഈ നേട്ടത്തിനുള്ള കാരണങ്ങൾ.

2013ൽ ഒരു സൂപ്പർ ഹിറ്റ്‌ സിനിമയുടെ ശരാശരി (റിലീസ്‌) തിയറ്റർ ആയുസ്സ്‌ 14 ദിവസമായിരുന്നെങ്കിൽ, മൾട്ടിപ്ലെക്സുകളിൽ മധ്യവർത്തി സിനിമകൾക്കത്‌ മൂന്നാഴ്ച്ചയോ അതിനു മേലെയോ ആയി മാറി. മൾട്ടിപ്ലക്സുകൾ അൽപം നിലവാരമുള്ള മധ്യവർത്തി സിനിമകൾക്ക്‌ തീയറ്ററുകളിൽ ആയുസ്സു നീട്ടിക്കിട്ടാൻ വഴിയൊരുക്കിയെന്നു നിസ്സംശയം പറയാം. ഇക്കഴിഞ്ഞ മാസം ഇറങ്ങിയ വെള്ളിമൂങ്ങയുടെ വിജയം ഇതിനൊരു ഉദാഹരണമാണ്‌. പഴയ തീയറ്റർ ശീലത്തിലായിരുന്നെങ്കിൽ റിലീസ്‌ ചെയ്ത്‌ ആദ്യത്തെയാഴ്ച്ച തന്നെ ബി ക്ലാസ്സിലേക്കു മാറ്റപ്പെടുമായിരുന്നു ആ ചിത്രം, എന്നിട്ടു ടിവിയിൽ വരുമ്പോൾ മാത്രം പ്രേക്ഷകർ കണ്ടു 'വിജയിപ്പിക്കുകയും' ചെയ്തേനെ.


ഇന്റർനെറ്റ്‌ നിരൂപണം വായിച്ചിട്ടു മാത്രം സിനിമ കാണാൻ പോകുന്ന ഒരു തലമുറയുടെ പുതിയ ശീലമാണ്‌ ശ്രദ്ധേയമായ മറ്റൊരു മാറ്റം. റിലീസാവുന്ന എല്ലാ പൊട്ട സിനിമകളേയും പാടിപ്പാടി പുകഴ്ത്തിയിരുന്ന മാധ്യമരീതിക്കു മാറ്റം വന്ന്, ഒരു ദാക്ഷിണ്യവുമില്ലാതെ സിനിമയെ കീറിമുറിച്ചു വിശകലനം ചെയ്യുന്ന നിരൂപകരുടെ വരവോടെ, പ്രചാരണ പോസ്റ്ററുകളിലൂടെയും പരസ്യവാചകങ്ങളിലൂടെയും ട്രെയിലറുകളിലൂടെയും മാത്രം പ്രേക്ഷകനെ വീഴ്ത്തൽ അസാധ്യമാണെന്ന സ്ഥിതി വന്നു. സിനിമയേക്കുറിച്ച്‌ ഒന്നുമറിയാതെ റിലീസ്‌ ദിവസം തന്നെ ഇടിച്ചുകയറുന്നവർ ഒരു ന്യൂനപക്ഷമായി ചുരുങ്ങിക്കൊണ്ടിരിക്കുന്നു. റിലീസിനെത്തുടർന്നുള്ള ദിവസങ്ങളിൽ നല്ല പേരുണ്ടാക്കാതെ പ്രേക്ഷകരെ തിയറ്ററിലേക്ക്‌ ആകർഷിക്കാൻ നിവൃത്തിയില്ലാത്ത സ്ഥിതി. അതും സിനിമയുടെ ഗുണപരമായ മാറ്റത്തിനു പ്രേരണയായേക്കാം.

എന്തായാലും സമ്പദ്‌വ്യവസ്ഥ വളർച്ച നേടുന്നതിനനുസരിച്ച്‌ ഇന്ത്യയിലെ പ്രമുഖ ഭാഷകളിലെല്ലാമുള്ള സിനിമാ വ്യവസായങ്ങൾ വളർച്ച നേടുന്നുണ്ട്‌. വിദേശത്തു നിന്നു പോലും ഇന്ത്യൻ സിനിമയിലേക്ക്‌ നേരിട്ടല്ലാതെയാണെങ്കിലും നിക്ഷേപം വരുന്നു. മൾട്ടിപ്ലക്സുകൾ സിനിമയുടെ വ്യൂവർഷിപ്പ്‌ വർദ്ധിപ്പിക്കുന്നു.

എന്നാൽ പൊതുവായ ഈ മാറ്റത്തിനപ്പുറം മലയാള സിനിമയിൽ കഴിഞ്ഞ ദശകത്തിലെ നിലവാരത്തകർച്ചക്കു കാരണമായ മിമിക്രി ടാലന്റ്‌ പൂളിനെ അപേക്ഷിച്ച്‌ പുതിയ ചെറുപ്പക്കാരുടെ വരവാണ്‌ സിനിമയിൽ പുതിയ ഒരു ഉണർവ്വുണ്ടാക്കിയിരിക്കുന്നത്‌. ഇപ്പോഴും എഴുപതുകളിൽ തുടങ്ങി തൊണ്ണൂറുകളുടെ ആദ്യം അവസാനിച്ച ആ സുവർണ്ണകാലത്തിലെ താരതമ്യത്തിലേക്കൊന്നും മലയാളം എത്തിയിട്ടില്ല. പക്ഷെ ഇനിയും ഒരു ദശകത്തിനപ്പുറമെങ്കിലും ഒരു പുതിയ സുവർണ്ണകാലം പ്രതീക്ഷിക്കാം എന്ന നിലയിലേക്ക്‌ എത്തി എന്നതു തന്നെ വലിയ ആശ്വാസം.

Friday, December 26, 2014

പുനഃപരിവർത്തനം

കേരളത്തിൽ രണ്ടു തെരെഞ്ഞെടുപ്പുകൾ വരാനിരിക്കുന്നതിനാലും, അമിത്‌ ഷായുടെ നേതൃത്വത്തിൽ ബി.ജെ.പിക്കു സംസ്ഥാനത്തു ചില ലക്ഷ്യങ്ങളുള്ളതിനാലും, ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ട പബ്ലിക്ക്‌ സ്പേസ്‌ മുഴുവൻ പുനഃപരിവർത്തനം തുടങ്ങിയ ലൊട്ടുലൊടുക്കു വിദ്യകളുമായി അപഹരിക്കപ്പെട്ടു പോയിരിക്കുന്നു. പതിനായിരം വർഷത്തെ പഴക്കമുള്ള, വേദങ്ങളും ഉപനിഷത്തുകളും മുതൽ ഇതിഹാസങ്ങളും പുരാണങ്ങളും വരെയുള്ള എണ്ണിയാലൊടുങ്ങാത്ത ഗ്രന്ഥസമ്പത്തുള്ള അതിസമ്പന്നമായ ഒരു സംസ്ക്കാരത്തിന്റെ ഇന്നത്തെ പ്രതിനിധികളായ നമുക്ക്‌ പുനഃപരിവർത്തനവും, ദേശിയ ഗ്രന്ഥവും, ഗോവധ നിരോധനവും, രാമസേതുവും പോലുള്ള വൈകാരിക ഗിമ്മിക്കുകൾ മാത്രമേയുള്ളോ ലോകത്തിനു മുന്നിൽ വക്കാൻ? മുഴുൻ ലോകത്തേയും അത്ഭുതപ്പെടുത്താനും ആനന്ദ സാഗരത്തിലാറാടിക്കാനും പറ്റിയ ഒന്നുമില്ലേ ഹൈന്ദവതയുടെ അനന്തമായ ആവനാഴിയിൽ? അഭിനവ ഹിന്ദുത്വ ശിങ്കങ്ങൾ ഈ ധർമ്മത്തിന്റെ സത്പേരിനു നിരന്തരമായി വരുത്തിക്കൊണ്ടിരിക്കുന്ന കളങ്കം ഈ തരത്തിൽ പോയാൽ ഈയടുത്തൊന്നും പരിഹരിക്കാൻ കഴിയുമെന്നു തോന്നുന്നില്ല.

Thursday, December 25, 2014

വീണ്ടും വരുന്നു 'നിങ്ങൾക്കും ആകാം കോടീശ്വരൻ'

വീണ്ടും വരുന്നു 'നിങ്ങൾക്കും ആകാം കോടീശ്വരൻ'. ശരാശരി വിവരമുള്ള ആർക്കും ഉത്തരം പറയാൻ സാധിക്കുമെന്നു തോന്നിപ്പിക്കുന്ന ചോദ്യങ്ങൾ. അതുകൊണ്ടു തന്നെ പങ്കെടുക്കാൻ താത്പര്യപ്പെടുന്നവരുടെ വൻ എസ്‌.എം.എസ്സ്‌ തള്ളിക്കയറ്റം. എസ്‌.എം.എസ്സ്‌ വരുമാനം മാത്രം ദിവസം നാലു കോടി. അതേസമയം ഒരു മാസം വിതരണം ചെയ്യുന്ന ആകെ സമ്മാനത്തുകയാവട്ടെ അരക്കോടിയിൽ താഴെ മാത്രം. അതുതന്നെ നൽകുന്നതു പ്ലാസ്റ്റിക്കിലും ഫ്ലക്സിലും പ്രിന്റ്‌ ചെയ്ത ഷോ ചെക്കുകൾ. യഥാത്ഥ ചെക്കുകൾ എപ്പഴേലും കൊടുത്താലായി.

ബി.ടെക്കുകാർ മുതൽ കൂലിപ്പണിക്കാർ വരെ പങ്കെടുക്കുമെങ്കിലും ഒരുവിധം വിദ്യാഭ്യാസമുള്ളവരെയും ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവരേയും മൂന്നാം റൗണ്ടിനപ്പുറം കടത്തില്ല, കാരണം അത്തരക്കാർക്കു കാണികളുടെ വൈകാരിക പിന്തുണ ലഭിക്കില്ല. അത്തരക്കാരെ പുറത്താക്കാനായി "ഉഗാണ്ടയിലെ പുല്ലിന്റെ ശാസ്ത്രനാമം" തുടങ്ങിയ ഉടക്കു ചോദ്യങ്ങളുടെ ശേഖരം തന്നെയുണ്ട്‌ ഗുരുജി ടീമിന്റെ കൈയിൽ.

ഒരുപാടു പ്രാരാബ്ധമുള്ള, സ്വന്തമായി
വീടില്ലാത്ത, ഭർത്താവു കുറഞ്ഞതൊരു വികലാംഗനെങ്കിലുമായ, സ്ത്രീ contestantsനു മാത്രമായി ഫൈനൽ റൗണ്ട്‌ സംവരണം ചെയ്തിരിക്കുന്നു. ഒരു സീസണിൽ ഒരു കോടിപതിയാണു സ്ട്രാറ്റജിക്ക്‌ ടീമിന്റെ കണക്ക്‌. ഒരാൾക്കും കോടി കിട്ടിയില്ലെങ്കിൽ ഇതു തട്ടിപ്പാണെന്നു തോന്നും, എല്ലാർക്കും കോടി കൊടുത്താൽ മുതലാവില്ല, മാത്രമല്ല കോടിയുടെ വിലയും പോവും. അപ്പോൾ കൊടുക്കുന്ന ഒരു കോടി അർഹിക്കുന്നയാൾക്കു തന്നെ കിട്ടിയെന്നു കാണികൾക്കു തോന്നണം (അതിനാണു ദാരിദ്ര്യം), കഷ്ടപ്പെട്ടാണു നേടിയതെന്നും.


ഇതൊക്കെയാണേലും കളി കാഴ്ച്ചക്കാർക്കു മടുത്തു തുടങ്ങുമ്പോൾ, എസ്‌.എം.എസ്സ്‌-പരസ്യ വരുമാനം നാലു കോടിയിൽ നിന്ന് നാലു ലക്ഷത്തിലേക്ക്‌ ഇടിയുമ്പോൾ പരിപാടി നിർത്തും. വീണ്ടും സീരിയൽ, ഐഡിയാ സ്റ്റാർ സിംഗർ, മിമിക്രി സൈക്കിളിലേക്കു തന്നെ തിരിച്ചു പോവും. 'സൂപ്പർ സ്റ്റാർ' സുരേഷ്‌ ഗോപി സ്വന്തം വീട്ടിലേക്കും.

Sunday, December 21, 2014

PK movie review

PK എന്ന അമീർ ഖാൻ ചിത്രം കണ്ടു. നാം taken for granted ആയെടുക്കുന്ന പല കാര്യങ്ങളെയും ശീലങ്ങളേയും ഒരു alein കാഴ്ച്ചപ്പാടിൽ അവതരിപ്പിക്കാനും വിമർശിക്കാനുമായി തിരക്കഥാകാരൻ ഒരു അന്യഗ്രഹ മനുഷ്യനെത്തന്നെ ഭൂമിയിലേക്ക്‌ കൊണ്ടുവരുന്നു. രാഷ്ട്രീയ സാമൂഹിക വിമർശനങ്ങളിൽ ഒരുപാടു സാധ്യതകളുണ്ടായിരുന്ന ആ ആശയത്തേ പക്ഷേ വേണ്ടവിധം ഉപയോഗപ്പെടുത്താൻ തിരക്കഥാകാരനു കഴിഞ്ഞിട്ടില്ല. അതിനാൽ തുടക്കത്തിലെ ടെർമ്മിനേറ്റർ ശൈലിയിലുള്ള പികെയുടെ ആ വരവിനു ശേഷം പ്രേക്ഷകർ പ്രതീക്ഷിക്കുന്ന അത്ഭുതങ്ങളോ, സാഹസികതകളോ, സ്റ്റണ്ടുകളോ ഒന്നും തന്നെ തുടർന്നു സംഭവിക്കുന്നില്ല. അന്യഗ്രഹ ജീവിയുടെ അപരിചയ സംഘർഷം ഒടുവിൽ ദൈവത്തോടും, മതങ്ങളോടും, വിശ്വാസങ്ങളോടും, അന്ധവിശ്വാസങ്ങളോടും, പിന്നെ ഒടുവിൽ ഒരേയൊരു ആൾദൈവത്തോടും എന്ന നിലയിലേക്ക്‌ ചുരുങ്ങിപ്പോകുന്നു. "ദൈവത്തെ കാണ്മാനില്ല" തുടങ്ങിയ ചിത്രത്തിലെ ചില ആശയങ്ങളെങ്കിലും അക്ഷയ്‌ കുമാർ, പരേഷ്‌ റാവൽ എന്നിവരഭിനയിച്ച 'ഓ മൈ ഗോഡ്‌' (2012) എന്ന ചിത്രത്തെ അനുസ്മരിപ്പിക്കും. ഇത്ര നിസ്സാരമായ ഒരു കാര്യത്തിന്‌ ഒരു അന്യഗ്രഹ ജീവിയെ കൊണ്ടുവരേണ്ടിയിരുന്നോ എന്ന സംശയം ബുദ്ധിയുള്ള പ്രേക്ഷകന്‌ തോന്നും.

ഈ അതിതീവ്ര ബി.ജെ.പി കാലത്ത്‌ ഹിന്ദു ദൈവങ്ങളേയും ആൾ ദൈവത്തേയും കയറിപ്പിടിക്കാൻ തിരക്കഥാകാരൻ കാണിച്ച ധൈര്യം സമ്മതിക്കണം, അതും അമീർ ഖാൻ എന്ന മുസ്ലിം നടനെ മുൻനിർത്തി. ഇന്ത്യക്കാരി ഹിന്ദു യുവതി പാകിസ്ഥാനി മുസ്ലീമിനെ പ്രണയിക്കുന്ന ക്രോസ്‌ ബോർഡർ 'ലവ്‌ ജിഹാദും', അതിനോടുള്ള കുടുംബത്തിന്റെ എതിർപ്പും, മുസ്ലീം കാമുകൻ നിശ്ച്ചയമായും ചതിക്കും എന്ന ഗുരുവിന്റെ റെഡിമെയ്ഡ്‌ പ്രവചനവുമെല്ലാം തിരക്കഥയിലെഴുതാൻ കാണിച്ച ധൈര്യം നിസ്സാരമല്ല. ബി.ജെ.പിയും ശിവസേനയും ദേശീയതലത്തിൽ പ്രതിപക്ഷത്തിരിക്കുന്ന കാലമായിരുന്നെങ്കിൽ ഈ ചിത്രത്തിന്റെ പ്രദർശനം ചിലസ്ഥലങ്ങളിലെങ്കിലും തടയപ്പെട്ടേനെ. ഭരണപക്ഷത്തിരിക്കുന്ന ബി.ജെ.പിക്കു വർഗ്ഗീയതയേക്കാൾ പ്രതിജ്ഞാബദ്ധത ക്യാപ്പിറ്റലിസത്തോടാണെന്ന് ഒരുപക്ഷേ ഏറ്റവും നന്നായി അറിയാവുന്നത്‌ സിനിമാക്കാർക്കു തന്നെയാവും.

ബി.ജെ.പി കാലത്ത്‌ ഇത്തരമൊരു ആശയം സിനിമക്കായി തെരെഞ്ഞെടുത്തതിലെ രാഷ്ട്രീയ കൗതുകവും, ഇന്ത്യൻ പോപ്പുലർ സിനിമയിൽ  വിഗ്രഹാരാധനയുടെ യുക്തി ചോദ്യം ചെയ്യപ്പെടുന്നതിലെ കൗതുകവും മാറ്റിവച്ചാൽ പക്ഷേ പി.കെ ഒരു പാഴ്‌ചിത്രമാണ്‌. സിനിമാ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്കു തള്ളപ്പെടാനായി മാത്രം ഓരോ വർഷവും നിർമ്മിക്കപ്പെടുന്ന നൂറുകണക്കിനു ചിത്രങ്ങളുടെ നിരയിലേക്ക്‌ ഒരെണ്ണം കൂടി. സൂപ്പർ താരത്തിന്റെ താരമൂല്യത്തിൽ ലഭിക്കുന്ന വൻ ഇനീഷ്യൽ കളക്ഷൻ ലക്ഷ്യമിടുന്ന മറ്റൊരു ചിത്രം മാത്രമാവുന്നു പി.കെ.

Monday, December 08, 2014

സിനിമാ സ്റ്റൈൽ മാവോയിസ്റ്റ്‌ വേട്ടയുമായി സംസ്ഥാന സർക്കാർ.

ജനങ്ങൾ ഇതുവരെ മൈൻഡ്‌ ചെയ്തിട്ടില്ലെങ്കിലും കേരളാ പൊലീസ്‌ ഈ മാവോയിസ്റ്റുകളെ അങ്ങനെ ചുമ്മാ വിടാൻ തയ്യാറല്ല. ഞങ്ങൾ മാവോയിസ്റ്റുകളെ കണ്ടു, സത്യമായിട്ടും കണ്ടു, ഏറ്റുമുട്ടി എന്നൊക്കെയവർ വീണ്ടും വീണ്ടും ആണയിട്ടു കൊണ്ടേയിരിക്കുന്നു. ഏഷ്യാനെറ്റും മനോരമയും പിന്തുണച്ച്‌ വാർത്തയിറക്കുന്നുണ്ട്‌ (മാതൃഭൂമി സംശയം നിലനിർത്തിക്കൊണ്ടാണു റിപ്പോർട്ട്‌ ചെയ്തത്‌). മാവോയിസ്റ്റുകൾ തണ്ടർബോൾട്ടുമായി ഏറ്റുമുട്ടി, പരിസരവാസികൾ വെടിയൊച്ച കേട്ടു, എ.കെ 47 തോക്കിന്റെ ഭാഗങ്ങൾ കണ്ടെത്തി എന്നൊക്കെയാണു വാർത്തകൾ. കേരളാ പൊലീസിൽ നിന്നും സി.ആർ.പി.എഫിൽ നിന്നും വിളിച്ചുകൂട്ടിയ കുറെ കോൺസ്റ്റബിൾ പയ്യന്മാരെ പച്ച മിലിട്ടറി യൂണിഫോം ഇടീച്ച്‌ കൈയിൽ ഇന്ത്യൻ നിർമ്മിത എ.കെ 47 അനുകരണ റൈഫിളും പിടിപ്പിച്ചു കാട്ടിലോട്ടു കേറ്റി വിടുന്നു. ഇത്രയൊക്കെ നാടകീയത കാണിച്ചിട്ടും നിങ്ങളാരും ഇതൊന്നു വിശ്വസിക്കാത്തതെന്താ നാട്ടാരേ? ഈ സർക്കാർ ജനങ്ങളുടെ സുരക്ഷക്കായി പെടാപ്പാടുപെടുന്നതു നിങ്ങൾ കാണുന്നില്ലേ?

നിലവാരമുള്ള പ്രിന്റ്‌ മീഡിയയിൽ നിന്നു മനസ്സിലാകുന്നത്‌ അവിടെ നേരിയ തോതിലുള്ള മാവോയിസ്റ്റ്‌ സാന്നിദ്ധ്യം ഉണ്ട്‌ എന്നു തന്നെയാണ്‌. പക്ഷേ അവർ യൂണിഫോമിട്ട സായുധ സംഘങ്ങളല്ല. ജനങ്ങളുടെയിടയിൽപ്രവർത്തിക്കുന്ന ഏതാനും ചെറുസംഘങ്ങളാണ്‌. അവരെ കണ്ടെത്തേണ്ടത്‌ മൈക്രോ ഇന്റലിജൻസ്‌ പ്രവർത്തനം വഴിയാണ്‌. മറിച്ച്‌ സർക്കാരിപ്പോൾ നടത്തുന്നത്‌ ഒരു എക്സിബിഷൻ ആണ്‌. പട്ടാള വേഷമിട്ട സേനയേ കൊണ്ടുവന്ന് റൂട്ട്‌ മാർച്ച്‌ (പ്രകടനം) നടത്തുക, മുൻകൂട്ടി ചാനലുകാരെ അറിയിച്ച്‌ അവർ കാടുകയറുന്ന ദൃശ്യം പിടിച്ച്‌ നാട്ടാരെ കാണിക്കുക. പൊലീസ്‌ തന്നെ വിളിച്ചിട്ടല്ലേചാനലുകാർ വന്നത്‌? അത്രയും ഒച്ചപ്പാടും ബഹളവുമുണ്ടാക്കിയാണോ ഒളിപ്പോരാളികളെ തപ്പുന്നത്‌?

മൗണ്ട്‌ബാറ്റൺ പ്രഭുവിന്റെ നേവൽ യൂണിഫോം


1947 ആഗസ്റ്റ്‌ 15നു അധികാരക്കൈമാറ്റ ചടങ്ങിൽ വൈസ്രോയി മൗണ്ട്‌ബാറ്റൺ പ്രഭു ധരിച്ച സൈനിക അലങ്കാരങ്ങളുള്ള (decorations) വെളുത്ത വേഷം വൈസ്രോയിയുടെ ഔദ്യോഗിക വേഷമോ മറ്റോ ആണെന്നാണു മിക്കവാറും ഇന്ത്യാക്കാരുടേയും ധാരണ. എന്നാൽ ബ്രിട്ടീഷ്‌ വൈസ്രോയിക്ക്‌ അങ്ങനെ ഔദ്യോഗിക വേഷമൊന്നുമുണ്ടായിരുന്നില്ല. അന്നു മൗണ്ട്ബാറ്റൺ ധരിച്ചത്‌ മുൻ റോയൽ നേവി ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ റിട്ടയർമ്മെന്റിനു മുൻപുള്ള ഔദ്യോഗിക വേഷമായിരുന്നു. ആ വേഷം ധരിക്കുന്നതിന്‌ അദ്ദേഹം നെഹ്രുവിൽ നിന്ന് മുൻകൂർ അനുമതി വാങ്ങിയിരുന്നു. അതുവരെ രാജ്ഞിയുടെ പ്രതിനിധിയായിരുന്ന മൗണ്ട്ബാറ്റണ്‌ പെട്ടെന്ന് വെറുമൊരു സൈനിക ഉദ്യോഗസ്ഥനിലേക്ക്‌ (അതും റിട്ടയേർഡ്‌ ഉദ്യോഗസ്ഥൻ) വേഷപ്പകർച്ച. നേവൽ യൂണിഫോം ധരിക്കാൻ നെഹ്രുവും സഹപ്രവർത്തകരും മൗണ്ട്ബാറ്റണ്‌ അനുമതി നൽകിയത്‌ എന്തുകൊണ്ട്‌? അധികാരക്കൈമാറ്റച്ചടങ്ങിലെ മൗണ്ട്ബാറ്റന്റെ പഴയ യൂണിഫോം ധാരണം കൊണ്ട്‌ ബ്രിട്ടൻ ഉദ്ദേശിച്ചത്‌ എന്താണ്‌ (ഇന്ത്യൻ പ്രധാനമന്ത്രി ഒരു ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥനിൽ നിന്നു അധികാരം സ്വീകരിക്കുക) എന്ന് ഒരുപാട്‌ അറിവുള്ളയാളും കേംബ്രിഡ്ജ്‌ ബിരുദധാരിയുമായ നെഹ്രുവിനു മനസ്സിലായില്ലേ?  മനസ്സിലായിട്ടും അത്‌ അനുവദിച്ചു കൊടുത്തതെന്തിന്‌? ഇന്ത്യക്കാരന്‌ അഭിമാനം എന്നൊന്നില്ലേ?

സായിപ്പിനു മുന്നിൽ കവാത്തു മറക്കുന്ന ഇന്ത്യക്കാരന്റെ ഈ സ്വഭാവത്തിനു ഈ അടുത്തകാലത്തുമുണ്ട്‌ ഉദാഹരണങ്ങൾ. കടൽക്കൊലക്കേസിലെ ഇറ്റാലിയൻ നാവികർ കോടതിയിൽ ഹാജരായപ്പോഴൊക്കെ നാവിക യൂണിഫോം ധരിക്കാൻ ഇന്ത്യൻ പൊലീസും, സർക്കാരും, കോടതിയും അനുവദിച്ചത്‌ എന്തുകൊണ്ട്‌? ഇന്ത്യൻ പട്ടാളക്കാർ ഒരു വിദേശ കോടതിയിൽ കൊലക്കേസ്‌ വിചാരണ നേരിട്ടിരുന്നെങ്കിൽ അവർക്ക്‌ അവിടെ ഇന്ത്യൻ സൈനിക യൂണിഫോം ധരിക്കാൻ സാധിക്കുമായിരുന്നോ, അതോ ജയിൽ വസ്ത്രം ധരിക്കേണ്ടി വരുമായിരുന്നോ? ഈ ഇന്ത്യക്കാരനെന്താ നന്നാവാത്തേ?

Last sermon from "Stand Up Guys"

Uh, Hirsch was a good friend.
I remember one time, uh,
we robbed this liquor store.
And, he ran over a dog.
He cried for two days over that dog.
Anyway, he will be missed...
by so many of us that God left behind.
He was a witness to our lives.
Not many of those left.
So there's one less person on this earth
who knows our name,
who remembers our childhood.
Who shared in each moment as it passed.
You know, they say, we die twice.
Once, when the breath leaves our body,
and once...
when the last person we know
says our name.
And then...
Hirsch's life will be forgotten,
like all the other poor...
fucks that ever had the glory of livin'.

From "Stand Up Guys", a 2012 American film starring Al Pacino and Christopher Walken.

Sunday, December 07, 2014

ഹനുമാൻ സേന

ശ്രീരാമൻ, ഹനുമാൻ, ശിവൻ എന്നീ ആരാധനാ മൂർത്തികളുടെ പേരിന്റെ കൂടെ "സേന" എന്നൊരു വാൽ ചേർത്താൽ വല്ലവന്റെയും തലയിൽ കേറാനും ഗുണ്ടായിസം കാണിക്കാനുമുള്ള ലൈസൻസ്‌ ആവുന്നത്‌ ഹിന്ദുക്കൾക്ക്‌ അപമാനമാണ്‌. ഇതിനെ ചോദ്യം ചെയ്യേണ്ടത്‌ ഹിന്ദുക്കൾ തന്നെയാണ്‌. അറിയപ്പെടുന്ന പുരാണങ്ങളിലൊന്നും ഈ ഇതിഹാസ പുരുഷന്മാരാരും തന്നെ ഇത്തരത്തിലുള്ള ഗുണ്ടായിസം കാണിച്ചതായി ഞാൻ കേട്ടിട്ടില്ല. മര്യാദാ പുരുഷോത്തമനായ രാമന്റേയും, രാമദാസനായ ഹനുമാന്റേയും പേരുകൾ ഇങ്ങനെ ദുരുപയോഗം ചെയ്യുന്നതു വലിയ അക്രമമാണ്‌. വേണ്ടിവന്നാൽ മതവികാരം വ്രണപ്പെടുത്തുന്നതിനു കേസ്‌ ഫയൽ ചെയ്യേണ്ടതാണ്‌. അല്ലെങ്കിൽ നിക്ഷിപ്ത താത്പര്യമുള്ള സദാചാര പ്രശ്നങ്ങൾക്കപ്പുറം ഭാരതീയനെ ബാധിക്കുന്ന എന്തെങ്കിലുമൊരു പ്രശ്നത്തിൽ ഇടപെട്ട്‌ ഈ സേനക്കാർ തങ്ങളുടെ ആത്മാർത്ഥത തെളിയിക്കണം.

ചുംബന സമരം

കുറേ ടീനേജു കുട്ടികൾ കോഴിക്കോട്ടെ ഒരു റെസ്റ്റോറന്റിൽ വളരെ സ്വകാര്യമായി ചെയ്ത കാര്യങ്ങൾ ഒരു ചാനൽ (കോൺഗ്രസ്സ്‌ ചാനലായ ജയ്‌ഹിന്ദ്‌ ടിവി) ഒളിക്യാമറ വച്ചു പിടിച്ചു ലോകം മുഴുവൻ കാണിച്ചപ്പോൽ ഒരു പറ്റം ചെറുപ്പക്കാരുടെ അതിനോടുള്ള ഒരു എക്സ്ട്രീമിസ്റ്റ്‌ പ്രതികരണം. ഒളിച്ച്‌ സ്വകാര്യമായി ചെയ്തത്‌ നിങ്ങൾ ഒളിക്യാമറയിൽ പിടിച്ചെങ്കിൽ, ഞങ്ങളിതാ അതു പരസ്യമായി പൊതുസ്ഥലത്തു വച്ചു ചെയ്യുന്നു, നിങ്ങൾ ഏതു ക്യാമറ വച്ചു വേണമെങ്കിലും പിടിച്ചോളൂ എന്ന വെല്ലുവിളി നിറഞ്ഞ പ്രതികരണം. അതാണു ചുംബന സമരം, എന്റെ വായനയിൽ.

പക്ഷേ ആ പ്രതികരണ രീതിക്കുമപ്പുറം അതിനെ ശ്രദ്ധേയമാക്കുന്നത്‌, കേരളത്തിൽ നാം പരിചയിച്ച സാമൂഹിക സാഹചര്യത്തിൽ ഒരു പക്ഷേ ഒരിക്കലും വിജയിക്കാൻ സാധ്യതയില്ലാതിരുന്ന ഇത്തരമൊരു പ്രതിഷേധ രൂപം സംഘടിപ്പിക്കാൻ ഒരു ചെറു സംഘം ചെറുപ്പക്കാർ കാണിച്ച ധൈര്യവും അതിനു കേരളത്തിൽ ലഭിച്ച രസകരമായ രീതിയിലുള്ള സ്വീകരണവുമാണ്‌. ഏറ്റവും സാമൂഹിക രാഷ്ട്രീയ പ്രസക്തിയുള്ള, എല്ലാവരേയും ബാധിക്കുന്ന പ്രശ്നങ്ങളിൽ പോലും നടത്തപ്പെടുന്ന രാഷ്ട്രീയ സമരങ്ങളിൽ ജനങ്ങളുടെ, വിശേഷിച്ച്‌ ചെറുപ്പക്കാരുടെ പങ്കാളിത്തം കൊണ്ടുവരാൻ ഞാനുൾപ്പെടെയുള്ളവർ പെടാപ്പാടുപെടുമ്പോൾ, കേരളത്തിലെ സാമൂഹിക സാഹചര്യത്തിൽ അസാധ്യമെന്നു തോന്നാവുന്ന ഇത്തരമൊരു സമരം വിഭാവനം ചെയ്തു വിജയിപ്പിച്ചവരോട്‌ എനിക്കൊരൽപ്പം ബഹുമാനമുണ്ട്‌.


ചുംബന സമരത്തെ വിജയത്തിലെത്തിച്ചതിൽ അതിനെ സോഷ്യൽ മീഡിയയിലൂടെ നിശിതമായി എതിർത്തവരുടെ അതുല്യമായ സംഭാവനയും, പിന്നെ സെൻസേഷണൽ പ്രശ്നങ്ങളിൽ മാത്രം വാർത്ത കാണുന്ന ചാനലുകാരുടെ പിന്തുണയുമൊക്കെയുണ്ടെന്നതു ശരിതന്നെ (ജനങ്ങളെ ബാധിക്കുന്ന എന്തെങ്കിലും പ്രശ്നമായിരുന്നെങ്കിൽ ചാനലുകാർ ഇത്ര താത്പര്യം കാണിക്കുമായിരുന്നില്ല). എങ്കിലും അത്തരമൊരു സമരരീതി വിഭാവനം ചെയ്തു, പ്രചാരണം നടത്തി, മറൈൻ ഡ്രൈവിൽ ഗ്രൗണ്ട്‌ ബുക്ക്‌ ചെയ്തു കഴിഞ്ഞപ്പോഴാണു വിമർശ്ശകരും ചാനലുകാരും അതേറ്റെടുത്തതെന്ന് ഓർക്കണം.

ഇതിനെല്ലാം പുറമേ, ഒരു ജനകീയ പ്രശ്നത്തിലെങ്കിലും അറസ്റ്റു ചെയ്യപ്പെടാനോ റിമാന്റു ചെയ്യപ്പെടാനോ ധൈര്യം കാണിക്കാത്ത, പൊലീസിന്റെ തല്ലു കൊള്ളാൻ പേടിയുള്ള "പൊളിട്ടിക്കൽ ആക്ടിവിസ്റ്റുകൾക്കിടയിൽ" ഈ സമരക്കാർ കാണിക്കുന്ന വിപ്ലവ വീര്യം സമ്മതിച്ചേ മതിയാവൂ. ഇവരുടെ ഈ വീര്യം രാഷ്ട്രീയമായ മറ്റു കാര്യങ്ങൾക്കു കൂടി പ്രയോജനപ്പെടുത്തിയിരുന്നെങ്കിൽ എന്ന ആഗ്രഹം കൂടി പങ്കുവെക്കുന്നു.

Saturday, December 06, 2014

ഇന്ത്യാവിഷൻ സമരം

ഇന്ത്യാവിഷൻ ചാനലിൽ നാലാം ദിവസവും സമരം തുടരുന്നു. ഉന്നത മാനേജ്മെന്റും ഏതാനും ചിലരും മാത്രം ഉയർന്ന ശംബളവും (മാസം രണ്ടു ലക്ഷവും അതിനു മേലെയും) ആനുകൂല്യങ്ങളും നേടുകയും ബഹുഭൂരിപക്ഷം വരുന്ന അപ്രശസ്തരായ ജീവനക്കാർ ശംബളമില്ലാതെ മാസങ്ങളോളം കഠിനാധ്വാനം ചെയ്യുന്ന ഫ്യൂഡൽ മാതൃകയാണ്‌ മറ്റെല്ലായിടത്തേയും പോലെ ഇന്ത്യാവിഷനിലും. ശംബളമില്ലാതെ പണിയെടുക്കാൻ കുറെയാളുകളും, പിന്നെ പണവും പ്രശസ്തിയും നേടാൻ ഏതാനും പ്രഭുക്കന്മാരും എന്ന "സുന്ദര" ഫ്യൂഡൽ മാതൃക.

അരവിന്ദ്‌ കേജ്രിവാളിന്റെ ബിസിനസ്സ്‌ ക്ലാസ്സ്‌ യാത്രാ വിവാദം

പിന്നീട്‌ ഋഷി തുല്യമായ ലളിത ജീവിതത്തിന്റെ മാതൃകയായ മോഹൻദാസ്‌ ഗാന്ധിയുടെ ജീവിതത്തിലെ രാഷ്ട്രീയഘട്ടം ആരംഭിച്ചത്‌ ദക്ഷിണാഫ്രിക്കയിലെ ഒരു ഫസ്റ്റ്‌ ക്ലാസ്സ്‌ ട്രയിൻ യാത്രയോടെയായിരുന്നു. അന്നു ടിക്കറ്റ്‌ എടുത്ത്‌ ഫസ്റ്റ്‌ ക്ലാസ്സിൽ യാത്ര ചെയ്ത ഗാന്ധിജിയെ സഹയാത്രികനായ ഒരു സായിപ്പിന്റെ പരാതിയേതുടർന്ന്  ടിക്കറ്റ്‌ എക്സാമിനർ എടുത്തു വെളിയിലെറിഞ്ഞു. വർണ്ണവിവേചനമായിരുന്നു പ്രശ്നം. സവർണ്ണ കുടുംബത്തിൽ ജനിച്ച്‌, ബ്രിട്ടീഷ്‌ വിദ്യാഭ്യാസം നേടി, സ്വയം ബ്രിട്ടീഷ്‌ ജെന്റിൽ മാനായി സങ്കൽപിച്ചിരുന്ന മോഹൻദാസിന്‌ അതൊരു തിരിച്ചറിവായിരുന്നു. ഇന്നിപ്പോൾ കേജ്രിവാളിന്റെ ഒരു വിമാനയാത്ര വിവാദമായിരിക്കുന്നു.

അരവിന്ദ്‌ കേജ്രിവാൾ ബിസിനസ്സ്‌ ക്ലാസ്സിൽ യാത്ര ചെയ്തതിനെ വിമർശിക്കുന്നവർ ആദർശ്ശ പോരാളികളല്ല, മറിച്ച്‌ അത്യാർഭാടത്തിൽ ജീവിക്കുകയും ചാർട്ടേർഡ്‌ വിമാനങ്ങളിൽ മാത്രം യാത്ര ചെയ്യുകയും ചെയ്യുന്ന നരേന്ദ്ര മോദി, രാഹുൽ ഗാന്ധി എന്നിവരുടെ ആരാധകരാണ്‌.  മോദി, രാഹുൽ  ആരാധകർ പോലും കേജ്രിവാളിൽ നിന്നും കൂടുതൽ ആദർശപരമായ സൂക്ഷ്മത പ്രതീക്ഷിക്കുന്നു എന്നു വേണമോ ചിന്തിക്കാൻ?  മോദിയും രാഹുലും സോണിയാ ഗാന്ധിയുമൊന്നും വരുത്തിവക്കുന്ന ചെലവുകളേക്കുറിച്ച്‌ ആരും ചോദ്യങ്ങൾ ഉന്നയിക്കാത്തത്‌ ഇവരിൽ നിന്നൊന്നും അത്തരം ആദർശമോ മിതത്വമോ ജനങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്തതിനാലായിരിക്കണം.

എന്തായാലും അരവിന്ദ്ജീ, ഒരു രാഷ്ട്രം മുഴുവൻ താങ്കളെ ഉറ്റു നോക്കുന്നുണ്ട്‌, താങ്കളുടെ ഓരോ ചലനത്തിലും. കഴിഞ്ഞ കാൽനൂറ്റാണ്ടായി അത്തരമൊരു ശ്രദ്ധക്കു ഭാഗ്യം സിദ്ധിച്ച മറ്റൊരു രാഷ്ട്രീയ നേതാവും ഭാരതത്തിലുണ്ടായിട്ടില്ല. ഓരോ ചലനത്തിലും അൽപം കൂടി ശ്രദ്ധിക്കുക.

Friday, December 05, 2014

ബാർ കോഴക്കേസ്‌ നാൾവഴി

23 January 2013.
ഹൈക്കോടതിയുടെ July 27, 2012ലെ വിധിയും (W.A.No.470/2012), സുപ്രീംകോടതിയുടെ September 19, 2012ലെ അപ്പീൽ ഇടക്കാല വിധിയിലെയും (SLP.No.26241-26253/2012) നിർദ്ദേശങ്ങൾ പ്രകാരം സർക്കാരിന്റെ മദ്യനയത്തിൽ ശുപാർശകൾ നൽകാനായി ശ്രീ ജസ്റ്റിസ്‌ (റിട്ടയേർഡ്‌) എം.രാമചന്ദ്രനെ ഏകാങ്ക കമ്മീഷനായി നിയമിച്ചു കൊണ്ട്‌ കേരളാ സർക്കാർ ഉത്തരവ്‌ (ജി.ഒാ) ഇറക്കുന്നു. കമ്മീഷന്റെ പ്രവർത്തനം സംബന്ധിച്ച ടേംസ്‌ ഓഫ്‌ റഫറൻസ്‌ March 4, 2013ൽ നികുതി വകുപ്പ്‌ (എക്സൈസ്‌) വിജ്ഞാപനം ചെയ്തു.

2013.
പുതിയ ഫോർ സ്റ്റാർ ബാർ ലൈസൻസുകൾക്കായി 22 അപേക്ഷകൾ സർക്കാരിനു മുന്നിൽ എത്തുന്നു. എക്സൈസ്‌ മന്ത്രി കെ.ബാബു ഉൾപ്പെടെയുള്ളവർ വലിയ തുകകൾ ചോദിക്കുന്നു. ബാറുകാർ വില പേശുന്നു, കെ.ബാബു തുക കുറക്കുന്നില്ല.

March 2014.
പുതിയ ഫോർ സ്റ്റാർ ബാർ ലൈസൻസുകൾക്കായി അപേക്ഷിച്ചവരുടെ ഹർജ്ജി സുപ്രീംകോടതിയിൽ. ലൈസൻസിനു യോഗ്യതയില്ല എന്നു ജസ്റ്റിസ്‌ രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ടിൽ കണ്ടെത്തിയ (418 ടു സ്റ്റാർ) ബാറുകൾ പോലും ഇപ്പോഴും തുറന്നു പ്രവർത്തിക്കുന്നുണ്ട്‌ എന്ന വസ്തുത സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമായി ഹർജ്ജിക്കാർ ചൂണ്ടിക്കാട്ടുന്നു. തെരെഞ്ഞെടുപ്പു സമയമായതിനാൽ സർക്കാർ പ്രതിരോധത്തിലാവുന്നു. ബാറുകൾ പൂട്ടുമെന്നു സർക്കാർ കോടതിയെ അറിയിക്കുന്നു.


31 March 2013.
418 ടു സ്റ്റാർ ബാറുകൾ പൂട്ടുന്നു.


31 Oct 2014.
ബാറുകൾ പൂട്ടാതിരിക്കാനായി ധനമന്ത്രി കെ.എം.മാണി അഞ്ചു കോടി കോഴ ചോദിച്ചതായും അതിൽ ഒരു കോടി നൽകിയതായുമുള്ള ബാർ ഹോട്ടൽ അസോസിയേഷൻ വർക്കിങ്ങ്‌ പ്രസിഡന്റ്‌ ഡോ: ബിജു രമേശിന്റെ വെളിപ്പെടുത്തൽ മനോരമ ന്യൂസിൽ. പതിനഞ്ചു ലക്ഷവും, മുപ്പത്തഞ്ചു ലക്ഷവും, അൻപതു ലക്ഷവും അങ്ങനെ മൂന്നു ഗഢുക്കളായാണ്‌ ഒരു കോടി കൈമാറിയത്‌. അതിനു ശേഷം നടന്ന മന്ത്രിസഭാ യോഗത്തിൽ, താൻ ഫയൽ പഠിച്ചില്ല എന്നു പറഞ്ഞു മാണി തീരുമാനം നീട്ടി. കാരണമന്വേഷിച്ച്‌ മാണിയെ വീണ്ടും കണ്ടപ്പോൾ അദ്ദേഹം നാലു കോടി രൂപ കൂടി ആവശ്യപ്പെട്ടു. കാര്യം നടക്കില്ല എന്നു തോന്നിയതിനാൽ ബാക്കി കൊടുത്തില്ല. ബാക്കി പണം കൊടുക്കാത്തതിനാലാണ്‌ ഇപ്പോഴും നിരോധനം തുടരുന്നത്‌.


5 Nov 2014:
എഫ്‌.ഐ.ആറും, സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ട്‌  ആം ആദ്മി പാർട്ടിക്കു വേണ്ടി ശ്രീമതി സാറാ ജോസഫ്‌ ഹൈക്കോടതിയിൽ ഹർജ്ജി ഫയൽ ചെയ്യുന്നു.

6 Nov 2014.
ആം ആദ്മി പാർട്ടിയുടെ ഹർജ്ജി ആക്ടിംഗ്‌ ചീഫ്‌ ജസ്റ്റിസ്‌ അശോക്‌ ഭൂഷണും, എ.എം.ഷഫീക്കും അടങ്ങുന്ന ബഞ്ച്‌ തള്ളുന്നു.

10 Nov 2014.
എഫ്‌.ഐ.ആർ ആവശ്യപ്പെട്ട്‌ സി.പി.ഐയുടെ ശ്രീ വി.എസ്‌.സുനിൽ കുമാർ ഹർജ്ജി ഫയൽ ചെയ്യുന്നു.


11 Nov 2014.
വി.എസ്‌.സുനിൽ കുമാറിന്റെ ഹർജ്ജിയുടെ അഡ്മിഷൻ വാദം. ഹൈക്കോടതി വിജിലൻസിനോട്‌ റിപ്പോർട്ട്‌ ചോദിക്കുന്നു.


1 Dec 2014.
കേസ്‌ ഡയറി ആവശ്യപ്പെട്ട്‌ എൽ.ഡി.എഫ്‌ കൺവീനർ വൈക്കം വിശ്വൻ ഹൈക്കോടതിയിൽ ഹർജ്ജി ഫയൽ ചെയ്യുന്നു.

3 Dec 2014.
വി.എസ്‌.സുനിൽ കുമാറിന്റെയും, വൈക്കം വിശ്വന്റേയും ഹർജ്ജികളിലെ എല്ലാ ആവശ്യങ്ങളും ഹൈക്കോടതി തള്ളുന്നു. പ്രാഥമിക അന്വേഷണം ഒരാഴ്ച്ചക്കകം പൂർത്തിയാക്കണമെന്നും, എഫ്‌.ഐ.ആർ എഴുതുന്ന കാര്യത്തിൽ വിജിലൻസ്‌ ഡയറക്ടർ തീരുമാനം എടുക്കണമെന്നും കോടതി നിർദ്ദേശിച്ചതായി വാർത്ത.

4 Dec 2014.
എഫ്‌.ഐ.ആർ എഴുതുന്ന കാര്യത്തിൽ വിജിലൻസ്‌ നിയമോപദേശം തേടിയതായി വാർത്ത.

10 Dec 2014:
പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോർട്ട്‌  വിജിലൻസ്‌ ഡയറക്ടർക്കു സമർപ്പിക്കുന്നു.

11 Dec 2014.
എഫ്‌.ഐ.ആർ എഴുതിയതായി വാർത്ത.

18 Dec 2014.
സർക്കാർ നയം ലഘൂകരിച്ചതിനെ വിമർശ്ശിച്ച്‌ സുധീരന്റെ കത്ത്‌.