Tuesday, October 28, 2014

കള്ളപ്പണവും കഴുതയായ പൊതുജനവും.

സ്വിസ്സ്‌ ബാങ്കുകളിൽ, അതായത്‌ സ്വിറ്റ്സർലന്റിലെ ബാങ്കുകളിൽ ഏതു രാജ്യക്കാർക്കും നിക്ഷേപം നടത്താം. നിക്ഷേപകരുടെ പേരു വിവരങ്ങളും അക്കൗണ്ട്‌ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും എന്നത്‌ സ്വിറ്റ്സർലന്റിന്റെ ബാങ്കിങ്ങ്‌ നയമാണ്‌, ഏതാനും നൂറ്റാണ്ടുകളായി പുലർത്തിവരുന്ന നയം. നിക്ഷേപിക്കുന്ന പണത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ട ആവശ്യവുമില്ല. ഈ ബാങ്കിങ്ങ്‌ നയമാണ്‌ സ്വിറ്റ്സർലന്റിനെ ആഗോള തലത്തിൽ കള്ളപ്പണ നിക്ഷേപകരുടെ പറുദീസയാക്കുന്നത്‌.

ഏതാണ്ടു പത്തു വർഷം മുൻപു മാത്രമാണ്‌, അമേരിക്ക ആവശ്യപ്പെടുകയും ഒന്നു വിരട്ടുകയും ചെയ്തപ്പോൾ നയത്തിലൊരു വിട്ടുവീഴ്ച ചെയ്യാനും ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറാനും സ്വിസ്സ്‌ അധികൃതർ ആദ്യമായി തയ്യാറായത്‌. അന്നുമുതൽ സ്വിസ്സ്‌ സർക്കാർ തങ്ങളുടെ കടുംപിടിത്തത്തിൽ വിട്ടുവീഴ്ച്ച ചെയ്യുകയും, ഇതര സർക്കാരുകളുമായി വിവരങ്ങൾ പങ്കുവക്കാൻ തയ്യാറാവുകയും ചെയ്തിട്ടുണ്ട്‌. ആയുധ ഇടപാടുകൾ ഉൾപ്പെടുന്ന ചില അഴിമതിക്കേസുകളിലെ വിവരക്കൈമാറ്റങ്ങൾക്കിടയിൽ, ഇന്ത്യൻ സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ ഇന്ത്യൻ പൗരന്മാരുടെ മാത്രം ഇടപാടു വിവരങ്ങൾ കൈമാറാൻ തയ്യാറാണെന്ന് ഇടക്കാലത്തു സ്വിസ്സ്‌ ഭരണകൂടം അറിയിക്കുകയും ചെയ്തു. എന്നാൽ അപ്പോഴൊക്കെ ഇന്ത്യൻ സർക്കാർ അതൊന്നും കണ്ടില്ല കേട്ടില്ല എന്നു നടിച്ചു സ്വയം കണ്ണടച്ചിരുന്നു.

എന്നാൽ ഇത്തരമൊരു കേസ്‌ കോടതിയിലെത്തുകയും മാധ്യമങ്ങളുടെ സമ്മർദ്ദമുണ്ടാവുകയും ചെയ്തപ്പോൾ മനസ്സില്ലാമനസ്സോടെ മന്മോഹൻ സിംഗ്‌ സർക്കാർ സ്വിസ്സ്‌ സർക്കാരിൽ നിന്ന് ഒരു ലിസ്റ്റ്‌ വരുത്തിച്ചു. വേണ്ടപ്പെട്ടവരുടെയും ഉറ്റ സുഹൃത്തുക്കളുടേതുമായ ആ ലിസ്റ്റ്‌ പുറത്തു വിടാൻ മന്മോഹൻ സിങ്ങിനു സാധിക്കുമോ? നൂറിലധികം പേരുകളുണ്ടായിരുന്നുവെന്നു പറയപ്പെടുന്ന ആ പ്രാഥമിക ലിസ്റ്റിൽ നിന്നും ഒടുവിൽ ഒരേയോരാളുടെ പേരിൽ മാത്രം പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചു. സ്വിസ്സ്‌ ബാങ്കിൽ ഈ ഒരാൾക്കു മാത്രമേ നിക്ഷേപമുള്ളൊ എന്നു കോടതി തന്നെ ചോദിക്കുന്ന സ്ഥിതി വന്നുവെങ്കിലും, ആ നടപടികൾ അങ്ങനെ തന്നെ അവസാനിച്ചു.

വീണ്ടും ആ നാടകം ആവർത്തിക്കപ്പെടുന്നു. സ്വിസ്സ്‌ ബാങ്കിൽ നിക്ഷേപമുള്ള മൂന്നേ മൂന്നു പേരുടെ വിവരങ്ങൾ മോദി സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്നു. വളരെ സൂക്ഷിച്ചു പൊളിട്ടിക്കലായി തെരെഞ്ഞെടുത്ത മൂന്നു പേരുകൾ. കോൺഗ്രസ്സ്‌ സർക്കാർ പ്രോസിക്ക്യൂഷൻ ആരംഭിച്ചത്‌ ഒരു മുസ്ലിം പേരുകാരനെതിരെയായിരുന്നു. ഹാവാലയും ഭീകരപ്രവർത്തനത്തിനുള്ള ഫണ്ടിങ്ങുമെല്ലാം അയാൾക്കെതിരെ ആരോപിച്ചിരുന്നു. ഒരു വെടിയിൽ ഒന്നിലധികം ലക്ഷ്യങ്ങൾ ഉന്നമിട്ടു എന്നു വ്യക്തം. മോദി പക്ഷേ ഇത്തവണ മുസ്ലിം പേരുകൾ തീർത്തും ഒഴിവാക്കി. നല്ല ഒന്നാന്തരം മൂന്നു ഹിന്ദു പേരുകൾ. അതിൽ തന്നെ ഒന്ന് പ്രശസ്തമായ ഡാബറിന്റെ മുതലാളിയും. മോദിയുടെ സ്ട്രാറ്റജിസ്റ്റുകളെ നമിക്കണം.

ഇനി കുറച്ചു കാലത്തേക്ക്‌ കള്ളപ്പണക്കാരുടെ പേരുകൾ വെളിപ്പെടുത്തിയില്ല എന്നാരും പരാതി പറയരുത്‌. ഇപ്പോൾ വെളിപ്പെട്ട മൂന്നു പേർ പോലും കുറച്ചുനാളത്തെ നിയമ നടപടികൾക്കു ശേഷം ഒരു പ്രശ്നവുമില്ലാതെ രക്ഷപ്പെടുകയും ചെയ്യും. അതിനാണ്‌ ആദ്യമേ തന്നെ കള്ളപ്പണക്കാര്യത്തിൽ പരാമർശ്ശിക്കേണ്ട ഒരു കാര്യവുമില്ലാത്ത "ഇരട്ട നികുതി" പ്രശ്നം എടുത്തിട്ടത്‌. കുറ്റാരോപിതർക്ക്‌ രക്ഷപ്പെടാനുള്ള വഴി സർക്കാർ തന്നെ ഇട്ടു കൊടുക്കുന്നു.

എന്നാൽ ഇവിടെ പ്രശ്നം ഇതൊന്നുമല്ല. ഈ മൂന്നു പേർ മാത്രമേയുള്ളോ കള്ളപ്പണക്കാർ? കോഴ വാങ്ങുന്ന കേന്ദ്ര സംസ്ഥാന മന്ത്രിമാർ, പദ്ധതികൾക്ക്‌ കോണ്ട്രാക്ടർമ്മാരിൽ നിന്നു വിഹിതം വാങ്ങുന്ന എം.പിമാരും എം.എൽ.എമാരും, അതിന്റെയൊക്കെ പങ്കുകാരായ ഐ.എ.എസ്സ്‌ ഉദ്യോഗസ്ഥർ, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ, പ്രമുഖ വ്യവസായികൾ, വൻകിട കച്ചവടക്കാർ, വൻകിട ഗോൾഡ്‌ ലോൺ സ്ഥാപനങ്ങൾ, വൻകിട ആത്മീയ കച്ചവടക്കാർ, പത്ര ചാനൽ ഉടമകൾ എന്നിങ്ങനെ ഇന്ത്യയിലെ കള്ളപ്പണക്കാരുടെ ലിസ്റ്റ്‌ അവസാനിക്കാത്തതാണ്‌. സ്വിസ്സ്‌ ബാങ്കിൽ അക്കൗണ്ട്‌ തുടങ്ങാനാണെങ്കിൽ സ്വിറ്റ്സർലണ്ടിൽ പോകണമെന്നുമില്ല. കേരളത്തിലെ പട്ടണങ്ങളിൽ പോലും രാഷ്ട്രീയക്കാരും ബിസിനസ്സുകാരും സ്വിസ്സ്‌ ബാങ്ക്‌ ഏജന്റുമാരെ വീട്ടിൽ വിളിച്ചു വരുത്തി പണം കൈമാറുന്ന തരത്തിലുള്ള നെറ്റ്വർക്ക്‌ ഉള്ള സ്വിസ്സ്‌ ബാങ്കുകളുണ്ട്‌. അങ്ങനെ നിക്ഷേപിച്ചവരുടെയൊന്നും പേരുകൾ പുറത്തുവരാൻ പോകുന്നില്ല.

പക്ഷേ ഒരു കാര്യം മാത്രം: പണികിട്ടാതിരിക്കാൻ മോദിക്കുള്ള വിഹിതം ഉടൻ ബി.ജെ.പി നേതാക്കളെ വിളിച്ച്‌ ഏൽപ്പിച്ചോളുക.

വാൽക്കഷണം: ആം ആദ്മി പാർട്ടിയിൽ ചേർന്ന നേരത്ത്‌ ബി.ജെ.പിയിൽ ചേർന്നിരുന്നെങ്കിൽ കാശെത്ര കയ്യിൽ വന്നേനെ..!!! ഇനിയിപ്പോൾ പറഞ്ഞിട്ടെന്താ കാര്യം..!

Monday, October 27, 2014

ആം ആദ്മി പാർട്ടിക്ക്‌ കേരളത്തിൽ ഏറ്റെടുക്കാവുന്ന ചില പ്രശ്നങ്ങൾ


  1. ബസ്സ്‌ യാത്രാ നിരക്കിലെ മിനിമം ചാർജ്ജിൽ രണ്ടു ഫെയർ സ്റ്റേജ്‌ യാത്രയാണു സർക്കാർ വിജ്ഞാപനം വാഗ്ദാനം ചെയ്യുന്നത്‌. അത്‌ അനുവദിച്ചു കിട്ടാൻ ഹൈക്കോടതിയെ സമീപിക്കുക. ഇതു മൊത്തത്തിലുള്ള ബസ്സ്‌ ചാർജ്ജിൽ, ഓരോ ഫെയർ സ്റ്റേജിലും, നിരക്കിൽ ഇരുപതു ശതമാനത്തോളം കുറവു വരുത്തും. ആം ആദ്മി പാർട്ടിയുടെ പ്രധാന അജൻഡയായ അഴിമതിക്കെതിരായ പോരാട്ടത്തിൽ വരുന്ന വിഷയമാണിത്‌. കാലാകാലങ്ങളിൽ ഗതാഗത വകുപ്പു ഭരിക്കുന്ന മന്ത്രിമാർ ബസ്സ്‌ ഓപ്പറേറ്റർമാരുടെ സംഘടനയിൽ നിന്നു വാർഷിക വിഹിതം വാങ്ങിയാണ്‌ ഈ വക വ്യവസ്ഥകൾക്കു നേരെ കണ്ണടച്ചു കൊടുക്കുന്നത്‌. ഒരു റിട്ട്‌ ഹർജ്ജിയിലൂടെ നേടിയെടുക്കാവുന്ന പ്രശ്നമേ ഇതിലുള്ളൂ. ഏതാണ്ടു നാലു വർഷം മുൻപ്‌ ഒരു എൻ.ജി.ഓ ഹൈക്കോടതിയിൽ ഹർജ്ജി നൽകിയതിനേത്തുടർന്ന് പരിഗണനക്കുവന്ന വിഷയം എന്നാൽ വിധിപറയാതെ തീർപ്പാക്കി. ബസ്സ്‌ മുതലാളിമാരുമായി എൻ.ജി.ഒ കോടതിക്കു പുറത്ത്‌ ഒത്തുതീർപ്പുണ്ടാക്കിയെന്നു വ്യക്തം.
  2. പാലിയേക്കര ടോൾ പ്ലാസയിൽ ഒരു വശത്തു നിരന്തരമായ സമരവും മറുവശത്തു കൃത്യമായ ഇടവേളകളിൽ നിരക്കു വർദ്ധനയും നടക്കുന്നു. സമരം തൊഴിലാക്കിയ, അതുകൊണ്ടു നിലനിൽക്കുന്ന പാർട്ടികൾക്ക്‌ ഇതൊരു ശീലവും വരുമാന മാർഗ്ഗവുമാണ്‌. പാലിയേക്കര ടോൾപ്ലാസയിൽ സമരം നടത്തുന്ന പാർട്ടികൾക്കെല്ലാം മാസാമാസം ടോൾ കമ്പനിയുടെ വക വിഹിതമുണ്ടെന്നതു പരസ്യമായ രഹസ്യം. പാർട്ടിയുടെ വലിപ്പവും, ശല്യമുണ്ടാക്കാനുള്ള കഴിവുമനുസരിച്ച്‌ മാസവിഹിതം കൂടും. സമരം കമ്പനിയുടെ വരുമാനം തടയാത്ത തരത്തിൽ പരിധിക്കുള്ളിൽ നിർത്തുന്നതിനുള്ള പ്രതിഫലമാണ്‌ ഈ മാസാമാസമുള്ള "ലാഭ വിഹിതം". ഈ കൂട്ടുകൊള്ളക്ക്‌ ഒരവസാനമുണ്ടാക്കാൻ ആം ആദ്മി പാർട്ടിക്ക്‌ സാധിക്കണം. ഉടൻ തന്നെ ആം ആദ്മി പാർട്ടി ബി.ഓ.ടി കരാറിലുണ്ടായിട്ടുള്ള നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി, കരാർ റദ്ദാക്കണം എന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിക്കണം. അവിടെ നീതി കിട്ടിയില്ലെങ്കിൽ ടോൾ കൊടുക്കാൻ വിസമ്മതിച്ചു ടോൾ പ്ലാസ്സയിലൂടെ വാഹനമോടിച്ച്‌ നിയമലംഘനം നടത്തണം, ഗാന്ധിജിയുടെ ഉപ്പു സത്യഗ്രഹം പോലെ. ഇക്കാര്യത്തിൽ ഇപ്പോൾ പറഞ്ഞു കേൾക്കുന്ന നികുതി വർദ്ധിപ്പിച്ചോ സെസ്സ്‌ ഏർപ്പെടുത്തിയോ സ്വകാര്യ വാഹനങ്ങൾക്കു ടോൾ ഒഴിവാക്കാമെന്ന നിർദ്ദേശം അന്യായമാണ്‌. ജനങ്ങളുടെ പണം പിടിച്ചു വാങ്ങി ബി.ഓ.ടി കമ്പനിയെ ഏൽപ്പിക്കുന്ന ഒരു ഏജന്റായി വർത്തിക്കാൻ സർക്കാരിനെ അനുവദിക്കരുത്‌.
  3. ആരോഗ്യ മേഖലയിൽ നിന്നു സർക്കാർ തന്ത്രപരമായി പിന്മാറുകയും സ്വകാര്യ ബിസിനസുകാരെ പണം വാരാൻ അനുവദിക്കുകയും ചെയ്യുന്നതു മൂലമുള്ള പ്രശ്നങ്ങൾ പാർട്ടി ഏറ്റെടുക്കുക (നഴ്സുമാർക്ക്‌ തുച്ഛമായ ശംബളം നൽകി ആശുപത്രികളിലെ എല്ലാ പണിയുമെടുപ്പിക്കൽ, രോഗികളെ അനാവശ്യ പരിശോധനകൾക്കു വിധേയരാക്കൽ, പരമ്പരാഗത ആന്റിബയോട്ടിക്കുകൾ പോലും ആഗോള മരുന്നു കമ്പനികളുടെ പുതിയ വിലകൂടിയ കോംബിനേഷനുകൾ മാത്രം കുറിച്ചു നൽകൽ, അമിതമായി മരുന്നു നിർദ്ദേശിക്കൽ, അത്യാവശ്യമില്ലാത്തിടത്തും അവയവം മാറ്റിവക്കാൻ നിർദ്ദേശിക്കൽ, സുഖപ്രസവം നടക്കാവുന്ന കേസുകളിലും സിസ്സേറിയൻ നിർദ്ദേശിക്കൽ, പ്രമേഹ രോഗികളെയും ഹൃദ്രോഗികളേയും അനാവശ്യ അത്യാധുനിക ചികിതസകൾക്കു വിധേയരാക്കി പണം പിടുങ്ങൽ).
  4. എയിഡഡ്‌ സ്കൂളുകളിൽ അധ്യാപന ജോലി തേടുന്നവരിൽ നിന്ന് ലക്ഷങ്ങൾ കോഴ വാങ്ങുകയും, എന്നിട്ട്‌ അവർക്ക്‌ സർക്കാർ ഖജനാവിൽ നിന്നു നൽകുന്ന ശമ്പളത്തിൽ നിന്നു പകുതിയിലധികവും കൈയ്യിട്ടു വാരുകയും ചെയ്യുന്ന മാനേജ്മെന്റുകൾക്കെതിരേ തെളിവു ശേഖരിച്ചു നടപടിയെടുപ്പിക്കുക. സർക്കാർ നടപടിക്കു തയ്യാറായില്ലെങ്കിൽ തെളിവുകളുമായി കോടതിയെ സമീപിക്കുക.
  5. ഭക്ഷ്യോത്പന്നങ്ങളിലെ നിരോധിത നിറങ്ങൾ: നാം ദിവസേന കഴിക്കുന്ന ഭക്ഷണ വിഭവങ്ങളിൽ (മഞ്ഞൾ, മഞ്ഞൾപ്പൊടി, മുളകുപൊടി, മറ്റു മസാലപ്പൊടികൾ, പരിപ്പ്‌, ഗ്രീൻ പീസ്‌, ലഡ്ഡു, ജിലേബി, കായ വറുത്തത്‌, ഫ്രൂട്ട്‌ സ്ക്വാഷ്‌, മിഠായികൾ, മട്ടയരി) അനുസ്യൂതം ഉപയോഗിച്ചു വരുന്ന റോഡമൈൻ ബി, ആസിഡ്‌ ഓറൻജ്‌, മെറ്റാനിൽ യെല്ലോ, ഓറമൈൻ തുടങ്ങിയ ഗുരുതര അരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന, കുട്ടികളിലെ മസ്തിഷ്ക വളർച്ച പോലും തടസ്സപ്പെടുത്തുന്ന നിരോധിത സിന്തറ്റിക്‌ നിറങ്ങളുടെ ഉപയോഗം തടയുന്നതിനു നിയമ നടപടികൾ സ്വീകരിക്കുകയും, അവയേക്കുറിച്ചു ജനങ്ങളേയും വ്യാപാരികളേയും ബോധവത്കരിക്കുന്നതിനു പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുക.
  6. മെഡിക്കൽ, എഞ്ചിനിയറിങ്ങ്‌, നഴ്സിങ്ങ്‌, ബി.എഡ്‌ ഉൾപ്പെടെയുള്ള സ്വാശ്രയ പ്രഫഷണൽ വിദ്യാഭ്യാസ മേഖലയിൽ നടന്നുവരുന്ന ചൂഷണം (തലവരി, അമിത ഫീസ്‌), നിലവാരമില്ലാത്ത സേവനം (യോഗ്യതയും കഴിവുമില്ലാത്ത അധ്യാപകരും, സൗകര്യങ്ങളില്ലാത്ത സ്ഥാപനങ്ങളും) തുടങ്ങിയ പ്രശ്നങ്ങൾ ഏറ്റെടുക്കുക. കോടതിയിലൂടെ പരിഹാരം കാണാവുന്ന കാര്യങ്ങളിൽ അതു ചെയ്യുക. അവിടെ നീതി ലഭിച്ചില്ലെങ്കിൽ പ്രചരണ സമര പരിപാടികൾ സംഘടിപ്പിക്കുക.
  7. പച്ചക്കറികളിലെ അമിത കീടനാശിനി ഉപയോഗത്തെ നേരിടാനായി മാർക്കറ്റിൽ നിന്നു സാമ്പിൾ ശേഖരിച്ചു സർക്കാർ ലാബുകളിലോ, അക്രഡിറ്റഡ്‌ ലാബുകളിലോ പരിശോധനക്കയച്ച്‌ നടപടി ആവശ്യപ്പെടുക. ഇതിനു സംസ്ഥാനതലത്തിൽ സാമ്പിൽ ശേഖരണം നടത്താവുന്നതും, സമാന പ്രവർത്തനങ്ങൾ നടത്തുന്ന ദേശീയ എൻ.ജി.ഓകളിൽ നിന്നു സഹകരണം ആവശ്യപ്പെടാവുന്നതുമാണ്‌.

കേരളത്തിലെ ആദിവാസികളുടെ പ്രശ്നം


ഇന്ത്യൻ ഭരണഘടന അതിന്റെ ആർട്ടിക്കിൾ 244ഉം, പിന്നെ അഞ്ചും ആറും ഷെഡ്യൂളുകളും വഴി ആദിവാസി മേഖലകൾക്ക്‌ (Scheduled Areas) സ്വയംഭരണം അനുവദിച്ചിട്ടുണ്ട്‌. പ്രകൃതിയുടെ ഭാഗമായി ജീവിക്കുന്ന, പ്രകൃതിയുടെ സന്തതികളായ ആദിവാസി സമൂഹത്തിന്റെ തനിമ സംരക്ഷിക്കുന്നതിനും, അവരുടെ ജീവിതരീതിയിന്മേലും അവരുടെ നൈസർഗ്ഗിക ചുറ്റുപാടിന്മേലും ഇതര സമൂഹങ്ങളുടെയോ വിശേഷിച്ച്‌ ഭരണകൂടത്തിന്റെ തന്നെയോ ആശാസ്യമല്ലാത്ത ഇടപെടലുകൾ ഉണ്ടാവാതിരിക്കാനും വേണ്ടിയാണ്‌ ദീർഘദർശ്ശികളായ ഭരണഘടനാ ശിൽപ്പികൾ ഇത്തരമൊരു ആശയം വിഭാവനം ചെയ്തത്‌.

ആസ്സാമിലെയും മറ്റു ചില സംസ്ഥാനങ്ങളിലേയും ആദിവാസി സ്വയംഭരണ മേഖലകൾ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ തന്നെ പ്രതിപാദിച്ചിട്ടുണ്ട്‌. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഷെഡ്യൂൾഡ്‌ മേഖലകൾ ഭരണഘടന ലിസ്റ്റ്‌ ചെയ്തിട്ടില്ലെങ്കിലും ആവശ്യാനുസരണം ട്രൈബൽ മേഖലകൾ വിജ്ഞാപനം ചെയ്യാൻ ഗവർണ്ണർമാർക്ക്‌ ഭരണഘടന അധികാരം നൽകുന്നുണ്ട്‌.

അമേരിക്കൻ യൂറോപ്യൻ ഭരണഘടനകളിൽ നിന്നു കടംകൊണ്ടതാണ്‌ ഇന്ത്യൻ ഭരണഘടനയിലെ ഈ വ്യവസ്ഥ. അമേരിക്കയിൽ ഈ ആശയം വളരെ ഭംഗിയായി നടപ്പാക്കിയിട്ടുമുണ്ട്‌.  ഇന്ത്യൻ ഭരണഘടന എഴുതപ്പെടുന്നതിനു വളരെ മുമ്പു തന്നെ അമേരിക്കയിൽ "റിസർവ്വേഷൻ" (Reservation) എന്നു വിളിക്കപ്പെടുന്ന ഏതാണ്ടു മുന്നൂറോളം സ്വയംഭരണ മേഖലകൾ പല സംസ്ഥാനങ്ങളിലായി നിലവിലുണ്ട്‌.

എന്നാൽ ഭരണഘടന വാഗ്ദാനം ചെയ്യുന്ന ഈ സ്വയംഭരണാവകാശമെന്നല്ല, തങ്ങളുടെ ഭൂമിക്കുമേലുള്ള സ്വാഭാവിക അവകാശം പോലും ഇന്ത്യൻ ആദിവാസികൾക്ക്‌ ഇതുവരെ ലഭ്യമായിട്ടില്ല. എഴുപതുകൾ വരെയൊക്കെ സ്വന്തം തനിമ നിലനിർത്തി വനത്തിലും വനപ്രാന്തങ്ങളിലും മാത്രമായി ഒതുങ്ങി ജീവിക്കുമ്പോഴും അവരെ ഭരിച്ചിരുന്നത്‌ ഫോറസ്റ്റുകാരും, പിന്നെ ജന്മിമാരും പൊലീസുമൊക്കെയായിരുന്നു. ഇന്നു കാടുമായും അവരുടെ നൈസർഗ്ഗിക സാഹചര്യങ്ങളുമായുമുള്ള ബന്ധം നേർത്തു എന്നു മാത്രമല്ല വലിയൊരു പരിധിവരെ അവരുടെ തനതായ ഗോത്ര സ്വഭാവം തന്നെ നഷ്ടപ്പെട്ടു തുടങ്ങുകയും, അവർ വ്യാവസായിക ഉത്പന്നങ്ങളുടെ ഉപഭോക്താക്കൾ മാത്രമായി ചുരുങ്ങുകയും ചെയ്തു. അതു കൊണ്ടു തന്നെ ആദിവാസികളുടെ പ്രശ്നം വെറുമൊരു ഭൂമി പ്രശ്നം മാത്രമല്ല.

സർക്കാർ ആദിവാസികൾക്ക്‌ ഭൂമി ഒട്ടും നൽകാഞ്ഞിട്ടുമല്ല. അവർക്കു നൽകപ്പെടുന്ന ഭൂമി കാലാകാലങ്ങളിൽ സർക്കാർ സംവിധാനത്തിന്റെ തന്നെ അവിഹിത അനുവാദത്തോടെ പ്രാദേശിക ജന്മിമാരും, "കുടിയേറ്റ കർഷകരും",  റിസോർട്ടുകാരുമൊക്കെ തുച്ഛമായ വിലക്ക്‌  എഴുതി വാങ്ങുന്നു. ട്രൈബൽ ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള നിയമ തടസ്സങ്ങൾ സർക്കാർ സംവിധാനം തന്നെ മറികടന്നു കൊടുക്കുന്നു.

ഏതാനും മാസങ്ങൾക്കു മുൻപ്‌ ആലപ്പുഴ ജില്ലയിൽ കുട്ടനാടിന്റെ അതിർത്തി പ്രദേശത്ത്‌ മണ്ണഞ്ചേരി എന്ന പഞ്ചായത്തിൽ, ഒരു സ്വകാര്യ റിസോർട്ട്‌ ഏക്കറുകണക്കിനു കായൽ കയ്യേറി നികത്തിയെടുത്തു. സംഭവം പുറത്തായി വാർത്തയായപ്പോഴും സർക്കാർ കേസെടുക്കാൻ തയ്യാറായില്ല. അന്നു പറഞ്ഞ ന്യായം റിസോർട്ട്‌ കമ്പനി കൈയ്യേറിയ കായലിനു പകരമായി സർക്കാരിനു മറ്റൊരു ജില്ലയിൽ വേറെ ഭൂമി നൽകും എന്നാണ്‌..!!! ആ പകരം ഭൂമിയുടെ വിവരങ്ങൾ മാധ്യമങ്ങൾ ചികഞ്ഞപ്പോളാണു കൂടുതൽ രസകരമായ കാര്യങ്ങൾ പുറത്തു വന്നത്‌. കമ്പനി സർക്കാരിനു വാഗ്ദാനം ചെയ്ത ഭൂമി വർഷങ്ങൾക്കു മുൻപ്‌ സർക്കാർ തന്നെ ആദിവാസികൾക്ക്‌ പതിച്ചുകൊടുത്ത വനഭൂമിയായിരുന്നു, അതും കൈമാറ്റം ചെയ്യാൻ അനുമതിയില്ലാതെ..!!! അതിലും ഇന്നേവരെ നടപടിയൊന്നുമുണ്ടായിട്ടില്ല.

ഇതങ്ങനെ അവസാനിക്കാത്തൊരു പ്രശ്നമായി തുടരുന്നു. വലിയ പ്രക്ഷോഭങ്ങളുണ്ടാവുമ്പോൾ കുറച്ചു ഭൂമി നൽകുകയും, അതു വീണ്ടും അപഹരിക്കപ്പെടുകയും, വീണ്ടും സമരങ്ങൾ അരങ്ങേറുകയും അങ്ങനെയങ്ങനെ.

നമ്മുടെ ഭരണഘടന വിഭാവനം ചെയ്യും പോലെയും, അമേരിക്ക മാതൃക കാണിച്ചിട്ടുള്ളതു പോലെയും ആദിവാസികൾക്കായി സംരക്ഷിത പ്രദേശങ്ങൾ വിജ്ഞാപനം ചെയ്യുകവഴി മാത്രമേ ഈ പ്രശ്നത്തിനു ശാശ്വത പരിഹാരമുണ്ടാവൂ.

ആം ആദ്മി പാർട്ടി പോലുള്ള മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആദിവാസികളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുകയും പരിഹരിക്കുകയും ചെയ്തില്ലെങ്കിൽ ആ സമൂഹം ഏതാനും ദശകങ്ങൾക്കപ്പുറം തനിമ നഷ്ടപ്പെട്ടു പൂർണ്ണമായി ഇല്ലാതാവുകയോ, അവരെ തീവ്രസഭാവമുള്ള സംഘടനകൾ ഉപകരണമാക്കുകയോ ചെയ്യും. അതിനാൽ ആദിവാസി സമൂഹത്തിന്റെ സങ്കീർണ്ണമായ പ്രശ്നങ്ങൾ പൊതു സമൂഹത്തിനിടയിൽ ചർച്ചയാക്കാൻ ആം ആദ്മി പാർട്ടിയുടെ ഐക്യദാർഢ്യ സമരം പ്രയോജനപ്പെടുത്താൻ ഓരോ പാർട്ടി അംഗത്തിനും സാധിക്കണം.

Thursday, October 23, 2014

വെളുക്കാൻ പെടാപ്പാടുപെടുന്ന ദളിത്‌ മലയാളി

കേരളത്തിലെ ദളിത്‌ യുവാക്കൾക്കിടയിൽ പോലും ഫെയർനെസ്സ്‌ ക്രീമുകളുടെ ഉപയോഗവും ബ്ലീച്ചിങ്ങുമെല്ലാം എല്ലാ പരിധിക്കുമപ്പുറത്തേക്കു പോയിരിക്കുന്നു.

ഇവിടത്തെ യഥാർത്ഥ പ്രശ്നം വെളുത്ത നിറവും ആര്യൻ ഫീച്ചേഴ്സും ആണ്‌ ഉദാത്ത സൗന്ദര്യം എന്ന തോന്നലാണ്‌. ആര്യൻ അധിനിവേശത്തിനു ശേഷമുണ്ടായ ഭാരത സമൂഹത്തിലെ ആര്യൻ മേധാവിത്വവും പിന്നീടുണ്ടായ മുഗൾ, ബ്രിട്ടീഷ്‌ ഭരണങ്ങളും, ഇന്നും ലോകത്തു തുടരുന്ന യൂറോപ്യൻ-അമേരിക്കൻ മേധാവിത്വവുമാണ്‌ ഇതിനു കാരണമായത്‌. ജയിച്ചവനെ, സമൂഹത്തിൽ മേധാവിത്വമുള്ളവനെ ശ്രേഷ്ഠരായി കരുതാനും, അവരെ എല്ലാ കാര്യങ്ങളിലും അനുകരിക്കാനുമുള്ള tendency ഉണ്ടാവുന്നു.

കറുപ്പും ദ്രാവിഡ ഫീച്ചേഴ്സും സൗന്ദര്യമാണ്‌ എന്ന തിരിച്ചറിവാണു കറുത്ത കുട്ടികളിൽ ഉണ്ടാക്കേണ്ടത്‌. ഒരു കാലത്തു ഭാരതത്തിൽ അങ്ങനെയായിരുന്നു. വ്യാസന്റെ കൃഷ്ണനും, വാത്മീകിയുടെ രാമനുമൊക്കെ കാർവർണ്ണന്മാരായിരുന്നു (കാർവർണ്ണം എന്നാൽ നീല നിറമെന്നോ മേഘത്തിന്റെ നിറമെന്നോ ഒന്നുമല്ല, കറുത്ത നിറമെന്നാണ്‌ അക്ഷരാർത്ഥം). ഉത്തരഭാരതത്തിലെ ദ്രാവിഡ ഔന്നത്യത്തിന്റെ ഇനിയും മായാത്ത ശേഷിപ്പും ദ്രാവിഡ മേധാവിത്വം പൂർണ്ണമായി അസ്തമിക്കുംമുമ്പുള്ള ഒരു സങ്കരസംസ്കാരകാലത്തിന്റെ (1500ബിസി - 500എഡി) കാവ്യരേഖയുമാണിത്‌. ഇങ്ങീ തെക്കേയറ്റത്ത്‌ കേരളത്തിൽ വെറും അൻപതു വർഷം മുൻപു മാത്രം എഴുതപ്പെട്ട നോവലായ ചെമ്മീനിലെ നായികയുടെ പേര്‌ കറുത്തമ്മയെന്നായിരുന്നു എന്നു കൂടി ഓർക്കുക. അതായതു വെറും അൻപതു വർഷം മാത്രം മുൻപ്‌ അരയ സമൂഹത്തിനിടയിൽ കറുത്തവൾ എന്നു മാതാപിതാക്കൾ സ്വന്തം മക്കൾക്ക്‌ സന്തോഷത്തോടെ പേരിട്ടിരുന്നു. ഇന്നാണെങ്കിൽ അവർ ശ്വേതയെന്നേ പേരിടൂ.

ഇന്നു നമ്മുടെ സിനിമയിലെ നടീനടന്മാരെല്ലാം തന്നെ വെളുത്തവരും ആര്യൻ ഫീച്ചേഴ്സ്‌ ഉള്ളവരുമാണ്‌. സമൂഹത്തിലെ അത്യുന്നത പദവിയിലിരിക്കുന്ന എല്ലാവരും ഡോക്ടർമ്മാരിലും ഫുട്ബോൾ കളിക്കാരിലും ഐ.പി.എസ്സുകാരിലും ഭൂരിപക്ഷവും (റിസേവേഷൻകാരോഴികെ) വെളുത്തവർ തന്നെ. ഇതൊക്കെ കാണുന്നവരാണു കുട്ടികൾ. അവരെ വെറുതെ തത്വം പറഞ്ഞു വിശ്വസിപ്പിക്കാൻ ബുദ്ധിമുട്ടാണ്‌. ഷോ ബിസിനസ്സ്‌ പൂർണ്ണമായും വെളുത്ത ആര്യൻ സൗന്ദര്യം മാത്രം പ്രമോട്ട്‌ ചെയ്യുന്ന ഇക്കാലത്ത്‌ കറുപ്പും ദ്രാവിഡരൂപവും സൗന്ദര്യമാണ്‌ എന്ന തിരിച്ചറിവ്‌ കുട്ടികളിൽ പ്രത്യേകിച്ച്‌ ദളിദരിൽ ഉണ്ടാക്കിയെടുക്കുകയെന്ന ബുദ്ധിമുട്ടുള്ള ജോലിയാണു കൗൺസിലർമ്മാരും ട്രെയിനർമ്മാരും നേരിടുന്നത്‌.

Monday, October 13, 2014

പച്ചവെള്ളമൊഴിച്ചു കാറോടിക്കാനാവുമോ?

മീഡിയാവൺ ചാനലിൽ കഴിഞ്ഞയാഴ്ച്ച സംപ്രേക്ഷണം ചെയ്ത 'വീക്കെന്റ്‌ അറേബ്യ' എന്ന പരിപാടിയിൽ പച്ചവെള്ളമൊഴിച്ചു കാറോടിക്കുന്ന സാങ്കേതികവിദ്യ ഒരു പ്രവാസി മലയാളി കണ്ടെത്തിയതായി ഒരു സ്റ്റോറി കണ്ടു. ഇത്തരം വാർത്തകളും അവകാശവാദങ്ങളും ഇന്ത്യൻ മാധ്യമങ്ങളിൽ, വിശേഷിച്ച്‌ മലയാളം പത്രങ്ങളിലും ചാനലുകളിലും ഒട്ടും പുതുമയല്ല. എഞ്ചിനിയറിങ്ങ്‌ കോളജ്‌ വിദ്യാർത്ഥികൾ കോഴ്സിന്റെ ഭാഗമായി ചെയ്യുന്ന നിലവിലുള്ള സാങ്കേതികവിദ്യകളെ അനുകരിക്കുന്ന പ്രോജക്റ്റ്‌ വർക്കുകൾ പോലും പുതിയ കണ്ടുപിടിത്തമെന്ന പേരിൽ മലയാള പത്രങ്ങൾ റിപ്പോർട്ട്‌ ചെയ്യാറുണ്ട്‌.

ഇത്തരം ശാസ്ത്ര പൈങ്കിളികളിൽ എറ്റവും പ്രചാരമുള്ള വിഭാഗം പച്ചില പെട്രോൾ, പച്ചവെള്ളമുപയോഗിച്ച്‌ കാറോടിക്കൽ, വെറും കാറ്റടിച്ചു കാറോടിക്കൽ, തെങ്ങിൽ കയറുന്ന യന്ത്രമനുഷ്യൻ, മൾട്ടികോപ്റ്റർ തുടങ്ങിയവയാണ്‌. അതിൽ തന്നെ പൊതുജനത്തെ എപ്പോഴും ആവേശം കൊള്ളിക്കുന്നത്‌ പച്ചവെള്ളമൊഴിച്ചു കാറോടിക്കുക എന്ന സ്വപ്നമാണ്‌.

ഈ പോപ്പുലർ മിത്തിന്‌ എപ്പോഴും മാധ്യമ സ്പേസ്‌ ലഭിക്കാനുള്ള കാരണങ്ങൾ, ഈ സങ്കൽപത്തോടുള്ള ജനസാമാന്യത്തിന്റെ താത്പര്യവും, പിന്നെ ലിറ്ററേച്ചർ മാത്രം പഠിച്ച മാധ്യമപ്രവർത്തകരുടെ ശാസ്ത്രത്തിലെ അറിവില്ലായ്മയുമാണ്‌.

പച്ചവെള്ളമുപയോഗിച്ച്‌ കാറോടിക്കുന്നതിന്റെ ശാസ്ത്രം പരിശോധിക്കാം: വൈദ്യുതി വിശ്ലേഷണം (electrolysis, നാമെല്ലാം ആറാം ക്ലാസ്സിൽ പഠിച്ച പ്രതിഭാസം) വഴി വൈദ്യുതി കടത്തിവിട്ട്‌ വെള്ളത്തെ വിഘടിപ്പിച്ച്‌ ഹൈഡ്രജനും ഓക്സിജനുമാക്കാം. ഇതു കണ്ടെത്തിയിട്ട്‌ ഏതാണ്ട്‌ നൂറു വർഷമായി.

പെട്രോളും ഡീസലുമൊക്കെ ഉപയോഗിക്കുന്ന ആന്തരിക ജ്വലന എഞ്ചിനുകളിൽ (internal combustion engines) ചെറിയ വ്യത്യാസം വരുത്തിയാൽ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കാം. ഇതു കണ്ടെത്തിയിട്ട്‌ എൺപതു വർഷമായി.

ഇവിടെയുള്ള ഒരേയൊരു പ്രശ്നം വെള്ളം വിഘടിപ്പിക്കാനുള്ള വൈദ്യുതിയുടെ ആവശ്യമാണ്‌. സത്യത്തിൽ ആ വൈദ്യുതി തന്നെയാണു കാർ ഓടിക്കാനുള്ള ഊർജ്ജം. അതു ഹൈഡ്രജൻ എന്ന മാധ്യമത്തിൽ ശേഖരിച്ചു വക്കുന്നു എന്നു മാത്രം. ഈ സാങ്കേതിക വിദ്യ ഇപ്പോൾ തന്നെ ഉപയോഗത്തിലുണ്ട്‌. ബ്രിട്ടൻ ഉൾപെടെയുള്ള രാജ്യങ്ങളിൽ കാറിൽ ഇന്ധനം നിറക്കാനുള്ള ഹൈഡ്രജൻ പമ്പുകളുമുണ്ട്‌. എന്നാൽ ഇതിന്‌ ഒട്ടും പ്രചാരം ലഭിച്ചില്ല, ഭാവിയിൽ വലിയ സാധ്യതകളുമില്ല.

ഈ ആശയത്തെ ഒരു പടികൂടി വികസിപ്പിച്ചതാണ്‌ ഹൈഡ്രജൻ ഫ്യൂവൽസെൽ സാങ്കേതിക വിദ്യ. വെള്ളത്തിൽ നിന്നു വൈദ്യുതി വിശ്ലേഷണം വഴിയോ അല്ലെങ്കിൽ പ്രകൃതി വാതകത്തിൽ (മീതേൻ) നിന്നോ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന പണി ഫാക്ടറിയിൽ ചെയ്യും. കാറിൽ ഇന്ധനമായി പമ്പിൽ നിന്നു (പണം നൽകി) ഹൈഡ്രജൻ നിറയ്ക്കും. കാറിലെ ഫ്യൂവൽ സെല്ലിൽ ഹൈഡ്രജനുപയോഗിച്ച്‌ വൈദ്യുതി ഉത്പാദിപ്പിക്കും. ഈ വൈദ്യുതിയുപയോഗിച്ച്‌ കാറിലെ ഇലക്ട്രിക്ക്‌-മോട്ടോർ ഓടിക്കും. 1970ൽ കണ്ടെത്തി പേറ്റന്റ്‌ ചെയ്യപ്പെട്ട ഈ സാങ്കേതിക വിദ്യ ഇപ്പോൾ തന്നെ ഉപയോഗത്തിലുണ്ട്‌.

ആഗോളതലത്തിൽ ടൊയോട്ട, ഹോണ്ട, ഹ്യുണ്ടായ്‌, നിസ്സാൻ തുടങ്ങിയ നിർമ്മാതാക്കൾ ഫ്യൂവൽ സെൽ കാറുകൾ ഇറക്കുന്നുണ്ട്‌. പല യൂറോപ്യൻ സർക്കാരുകളും കാർബൺ എമിഷൻ കുറക്കുന്നതിനായി ഫ്യൂവൽ സെൽ സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും ഇതിനു വാഹന ഉപയോക്താക്കളുടെ ഇടയിൽ വലിയ സ്വീകരണം ലഭിച്ചിട്ടില്ല. സർക്കാർ കാര്യമായി പ്രോത്സാഹിപ്പിച്ചിട്ടും ബ്രിട്ടനിൽ ഒരു വർഷം വിൽക്കുന്നത്‌ വെറും പത്തു ഫ്യൂവൽ സെൽ കാറുകൾ മാത്രമാണ്‌. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഹൈഡ്രജൻ ഫ്യൂവൽ സെൽ ടെക്നോളജിയെ നാളത്തെ സങ്കേതികവിദ്യയായിത്തന്നെ പരിഗണിച്ചു വരുന്നു. എൺപതുകൾ മുതലുള്ള ഹോളിവുഡ്‌ ചിത്രങ്ങളിൽ ഹൈഡ്രജൻ ഫ്യൂവൽ സെൽ ടെക്നോളജിയെ കുറിച്ചു പരാമർശ്ശമുണ്ട്‌. ജെയിംസ്‌ കാമറൂണിന്റെ ടെർമ്മിനേറ്റർ ചിത്രങ്ങൾ ഉദാഹരണം.


അൻപതു വർഷം മുൻപു കണ്ടെത്തിയ, പേറ്റന്റുള്ള, നിലവിൽ ഉപയോഗത്തിലിരിക്കുന്ന ഒരു സാങ്കേതിവിദ്യയുടെ പ്രാകൃതമായ രൂപത്തെ (crude form) പുതിയ കണ്ടെത്തലായി അവതരിപ്പിച്ചത്‌ മാധ്യമ പ്രവർത്തകരുടെയും, അതു സംപ്രേഷണം ചെയ്തത്‌ ചാനൽ എഡിറ്ററുടേയും അറിവില്ലായ്മ മൂലമാണ്‌ എന്നു പറയേണ്ടി വരുന്നിടത്ത്‌ നമ്മുടെ മാധ്യമങ്ങളിലെ പ്രതിഭാ ദാരിദ്ര്യം വ്യക്തമാണ്‌. മുൻപ്‌ നമുക്കെല്ലാം അറിവിന്റെ സ്ത്രോതസ്സായിരുന്ന ഇവിടുത്തെ അച്ചടി-ദൃശ്യ മാധ്യമങ്ങൾ ഇന്ന് സെൻസേഷനലിസത്തിന്റേയും പൈങ്കിളിയുടേയും വഴിയേ പോയി, കൊള്ളാവുന്ന ടാലന്റ്‌ പൂൾ ഇല്ലാതെ, നോവലെഴുത്തുകാരുടെ ഇടമായി മാറുന്നു.

Saturday, October 11, 2014

Malala's Nobel is obviously too early and unconvincing as to put herself and the Norwegian Committee in critical light


The Norwegian Committee and the Swedish Academy have always used the peace prize and the prize for literature as political weapons. This time too the intention is clearly written all over the announcement. Who they are trying to make friends with and who they are targeting.

Malala Yusufzai is just a made up celebrity, who became a campaigning tool against the West's political rival in Afghanistan. And she got lucky enough to get (almost) shot, driving the campaign into international fame. Malala is neither an activist nor does Europe care the least about Muslim girls' education in Pakistan. Their only interest in the matter is defaming their political rival, Taliban. And it is the greatest misfortune of this century that we get to bear 'great personalities' who are both made up and mediocre.

It is also quite notable that the Academy missed or rather refused to see the name of Edward Snowden. Awarding a Nobel prize would have been quite a relief to the now homeless and hunted political refugee. It would also have brought the more relevant issue of information privacy to public discussion. And it is quite clear that the Academy did not want to create any kind of discomfort to the ally United States.

Friday, October 10, 2014

മലാലയുടെ നൊബേലും യൂറോപ്പിന്റെ രാഷ്ട്രീയവും.

നൊബേൽ സമാധാന, സാഹിത്യ സമ്മാനങ്ങൾ എക്കാലത്തും സ്വീഡിഷ്‌ അക്കാഡമി രാഷ്ട്രീയ ആയുധങ്ങളായാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌. ഇപ്പോഴിതാ താലിബാൻ വധശ്രമം ഫെയിം മലാല യൂസഫ്‌സായിക്ക്‌ സമാധാന നൊബേൽ പ്രഖ്യാപിച്ചിരിക്കുന്നു. വടക്കൻ പാക്കിസ്ഥാനിൽ നിന്നു ബി.ബി.സി കണ്ടെത്തി വളർത്തിയെടുത്ത ഒരു പൊളിട്ടിക്കൽ സെലിബ്രിറ്റിയാണ്‌ മലാല യൂസഫ്‌സായി. അവർ തന്നെ സൃഷ്ടിച്ച താരത്തിന്‌ അവർ തന്നെ അവാർഡു കൊടുത്ത്‌ അവർ തന്നെ സായൂജ്യമടഞ്ഞിരിക്കുന്നു.

എന്തായാലും മലാലയുടെ കുടുംബത്തിന്റെ ഒരു ഭാഗ്യം. സ്വീഡൻകാർ നൊബേൽ തരാൻ തയ്യാറാണെങ്കിൽ വേണമെങ്കിൽ ജനിച്ച നാടിനേയും നാട്ടാരേയും സമുദായത്തിനേയും തള്ളിപ്പറയാനും ദരിദ്രവാസികളുടേയും പെൺകുട്ടികളുടേയുമെല്ലാം വിദ്യാഭ്യാസത്തിനായൊക്കെ പ്രസംഗിക്കാനും ബി.ബി.സിയുടേയും ബ്രിട്ടീഷ്‌ എൻ.ജി.ഓകളുടേയുമൊക്കെ ചെലവിൽ സുഖജീവിതം നയിക്കാനുമൊക്കെ തയ്യാറുള്ള വേറെയുമൊരുപാടുപേർ ഈ ലോകത്തുണ്ട്‌.

പാകിസ്ഥാനിലേയോ അഫ്ഗാനിസ്ഥാനിലേയോ പെൺകുട്ടികളുടെയോ മറ്റാരുടെയെങ്കിലുമോ വിദ്യാഭ്യാസത്തിലോ (മറ്റെന്തെങ്കിലും നന്മയിലോ) ബ്രിട്ടനോ, സ്വീഡനോ, നോർവ്വേക്കോ യാതൊരു താത്പര്യവുമില്ല. അഫ്ഗാൻ-പാക്ക്‌ മേഖലയിലെ വാതകഭൂമിക്കായുള്ള പോരാട്ടത്തിൽ നാറ്റോയുടെ എതിരാളികളായ താലിബാനെരിയായ യുദ്ധത്തിൽ യൂറോപ്പുപയോഗിക്കുന്ന പ്രചരണതന്ത്രം മാത്രമാണ്‌ താലിബാനെതിരെ മലാലയെ പ്രമോട്ട്‌ ചെയ്യൽ.

മലാല താലിബാനെതിരെയോ മറ്റെന്തിനെങ്കിലുമെതിരെയോ പൊരുതിയിട്ടില്ല. സ്വന്തം പേരു പ്രസിദ്ധീകരിച്ചു കാണാൻ ബി.ബി.സി ഓൺലൈൻ എഡീഷനിലേക്ക്‌ ഒരു കത്തയച്ചതിനേത്തുടർന്ന് മലാലയെക്കൊണ്ട്‌ ബ്ലോഗ്‌ എഴുതിച്ചതു ബി.ബി.സി തന്നെയാണ്‌. അതും എഴുതിയതു ബിബിസിക്കാരല്ലേ എന്നു ന്യായമായി സംശയിക്കാം. അതിന്റെ ഉള്ളടക്കത്തിൽ പേരിനു മാത്രമേ പെൺകുട്ടികളുടെ വിദ്യാഭ്യാസമുണ്ടായിരുന്നുള്ളൂ, ബാക്കി മുഴുവൻ താലിബാൻ പരിഹാസമായിരുന്നു. താലിബാനേയും പാകിസ്ഥാന്റെ വടക്കൻ പ്രദേശങ്ങളിലെ മുസ്ലിം പെൺകുട്ടികളുടെ 'പ്രാകൃത' ജീവിത ശൈലിയിലിയേയും കണക്കറ്റു പരിഹസിക്കുന്ന പോസ്റ്റുകൾ മലാലയുടെ പേരിൽ എഴുതി പ്രസിദ്ധീകരിച്ചു താലിബാനെ പരമാവധി പ്രകോപിപ്പിച്ചു. ബി.ബി.സി ഒരു ടി.വി പ്രോഗ്രാമിലൂടെ അതിനു പ്രചാരം നൽകിയപ്പോൾ താലിബാൻ പ്രതിഷേധമറിയിച്ചു. ലക്ഷ്യം നേടുന്നതറിഞ്ഞ ബിബിസി താലിബാനെ കൂടുതൽ ആക്ഷേപിക്കുകയും, ഒടുവിൽ സാഹചര്യം തീരെ വഷളായിരിക്കുന്ന സമയത്ത്‌ മലാലയെ താലിബാൻ പ്രദേശത്ത്‌ ഒരു പ്രതിഷേധപ്രകടനത്തിനു കൊണ്ടുപോയി നിർത്തിക്കൊടുക്കുകയും ചെയ്തു. വലിയ രാഷ്ടീയ തന്ത്രമൊന്നുമറിയാത്ത പ്രാദേശിക താലിബാൻ പോരാളികൾ സ്വാഭാവികമായും വെടിവച്ചു, പക്ഷെ കൊണ്ടില്ല, പരിക്കു പറ്റി.

അമേരിക്ക പ്രചരിപ്പിക്കുന്നതു പോലെ കടുത്ത പരിശീലനം സിദ്ധിച്ച കൊടുംഭീകരരായ താലിബാനികൾക്ക്‌, അവരുടെ ശക്തികേന്ദ്രത്തിൽ വച്ച്‌ നിരായുധയായ ഒരു കൊച്ചു പെൺകുട്ടിക്കു നേരെ നേരെ-ചൊവ്വേ ഒന്നു വെടിവക്കാനറിയില്ല എന്നു പറഞ്ഞാൽ, ഇതിൽ ഏതാണാവോ  വിശ്വസിക്കേണ്ടത്‌? താലിബാൻ പോരാളികൾ വിദഗ്ധ പരിശീലനം ലഭിച്ചവരാണെന്നതോ, അതോ അവർക്കു വെടിവക്കാനറിയില്ല എന്നതോ? എന്തായാലും ലോകം ഇതുമുഴുവൻ വിശ്വസിച്ചു.


എന്തായാലും പരിശ്രമിച്ചു നേടിയ 'രക്തസാക്ഷിത്വം' ബ്രിട്ടൻ നന്നായി ആഘോഷിച്ചു. പേനയും (ബ്ലോഗ്‌) തോക്കും തമ്മിലുള്ള താരതമ്യത്തിന്റെ ക്ലീഷേ പറഞ്ഞ്‌ മലാലയെ ഒരുപാടു പാടുപ്പുകഴ്ത്തി. അങ്ങനെ താലിബാന്റെ ഒരു വെടിയിൽ മലാല ഒരു അന്താരാഷ്ട്ര താരമായി.

പിന്നെ കണ്ടത്‌ മലാലയെ ബ്രിട്ടൻ ഒരു സെലിബ്രിറ്റിയായി വളർത്തുന്നതും, 'മുസ്ലിം തീവ്രവാദികളെ' പൊതുവിൽതന്നെ ആക്രമിക്കാനുള്ള ഒരു ആയുധമാക്കി മാറ്റുന്നതുമാണ്‌. അതിന്റെ ആദ്യ പടിയായി 'വെടിയേറ്റ' മലാലക്കു ബ്രിട്ടനിൽ വിദഗ്ധ ചികിത്സ നൽകി. മുസ്ലിം ഭീകരന്മാരിൽ നിന്ന് ഈ മാലാഖയെ രക്ഷപ്പെടുത്തുന്നതിനായി മലാലക്കും കുടുംബത്തിനും ബ്രിട്ടീഷ്‌ വിസ നൽകി. മലാലയുടെ പിതാവിന്‌ ബ്രിട്ടണിൽ ജോലി നൽകി. എന്തൊക്കെ സൗഭാഗ്യങ്ങൾ!!!

തീർന്നില്ല മലാലയെ യൂറോപ്പിലെങ്ങും കൊണ്ടുനടന്ന് പ്രസംഗിപ്പിച്ചു, ബ്രിട്ടീഷ്‌ എൻ.ജി.ഓകളിലെ വിദഗ്ധർ എഴുതിക്കൊടുക്കുന്ന കിടിലൻ മോറൽ സയൻസ്‌ പ്രസംഗങ്ങൾ. ഓടുവിലിതാ നൊബേലും.

എന്തൊക്കെ കുറവുകളുണ്ടെങ്കിലും ജീവിതം മുഴുവൻ സമാധാനം പ്രബോധം ചെയ്തു എന്നുറപ്പിച്ചു പറയാവുന്ന ഗാന്ധിജിക്ക്‌, എല്ലാ വർഷവും നൽകി വരുന്ന ഈ സമാധാന സമ്മാനം ഒരു തവണപോലും നൽകാൻ നൊർവീജിയൻ അക്കാഡമി തയ്യാറായില്ല എന്നോർക്കുന്നേടത്താണ്‌, ഒരു പതിനേഴുകാരി മേഡ്‌ അപ്പ്‌ സെലിബ്രിറ്റിക്ക്‌ ഇത്ര ധൃതിപിടിച്ച്‌ നൊബേൽ കൊടുത്തതിലെ രാഷ്ട്രീയം വ്യക്തമാവുക. മലാലക്കു പ്രസംഗ സേവനം ചെയ്യാനും സ്വയം തെളിയിക്കാനും കുറേക്കൂടി സമയം കൊടുക്കാൻ പോലും അക്കാദമി കാക്കാത്തത്‌ ഉടൻ ചില ലക്ഷ്യങ്ങൾ നേടാനുള്ളതു കൊണ്ടു തന്നെയാണ്‌.

എനിക്കിത്രയേ പറയാനുള്ളൂ: ലോകത്തിന്‌ അവരർഹിക്കുന്ന മഹാന്മാരെയേ ലഭിക്കൂ.

ഇതേ സമയം തന്നെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും താലിബാൻ പ്രദേശത്തുമെല്ലാം ജീവനും ജീവിതവും ബലികഴിച്ച്‌ വ്യവസ്ഥക്കും വിവേചനത്തിനുമെതിരേ പോരാടുന്ന എത്രയോ പേരറിയാത്ത പോരാളികൾ ആരാലും പ്രമോട്ട്‌ ചെയ്യാനില്ലാതെ ആരാരും സംരക്ഷിക്കാനില്ലാതെ ജീവിതം തുലക്കുന്നു. ഇതാണീ ലോകം.

Thursday, October 09, 2014

ചേരാനല്ലുർ പൊലീസ്‌ മർദ്ദനക്കേസ്‌


ഇടപ്പള്ളി അമൃത ആശുപത്രിയിലെ എന്റോക്രൈനോളജി വിഭാഗം തലവൻ ഡോ. ഹരീഷ്‌ കുമാറിന്റെ ചേരാനല്ലൂരെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്ന ലീബ എന്ന യുവതിയെ ആഗസ്റ്റ്‌ 23നാണ്‌ ചേരാനല്ലൂർ പൊലീസ്‌ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസറായ സബ്‌ ഇൻസ്പെക്ടർ സാംസൺ കസ്റ്റഡിയിൽ എടുക്കുന്നത്‌. 14 പവൻ സ്വർണ്ണം മോഷ്ടിച്ചു എന്നായിരുന്നു ഡോ. ഹരീഷിന്റെ പരാതി.

യുവ എം.എൽ.എയുടെയും, അതേ ഗ്രൂപ്പുകാരനായ മന്ത്രിയുടേയും ഇടപെടലാണ്‌ കേവലമൊരു 14 പവൻ മോഷണക്കേസിൽ പൊലീസിത്ര അമിത താത്പര്യം കാണിക്കാൻ കാരണമെന്നാണ്‌ മാധ്യമ ലോകത്തെ സംസാരം.  ആശുപത്രി മാനേജ്മെന്റുമായി അടുത്ത ബന്ധമുള്ള ഈ മന്ത്രിയുടെ പുത്രൻ ഇതേ മെഡിക്കൽ കോളജിൽ തന്നെ പഠിച്ച്‌ ഇപ്പോൾ ഇതേ ആശുപത്രിയിൽ തന്നെ ജൂനിയർ ഡോക്ടറായി ജോലി ചെയ്യുന്നു. രാജാവിനേക്കാൾ രാജഭക്തിയുള്ള പൊലീസ്‌, മന്ത്രിയേയും എം.എൽ.എയേയും സന്തോഷിപ്പിക്കാൻ ദളിത്‌ യുവതിയെ തല്ലിച്ചതച്ചു.

പൊലീസ്‌ മർദ്ദനത്തിനെതിരേ പ്രക്ഷോഭം നടത്താനും നിയമനടപടി സ്വീകരിക്കാനുമായി നാട്ടുകാർ രൂപീകരിച്ച സമര സമിതിയുടെ കൺവീനർ കോൺഗ്രസ്സുകാരനും എം.എൽ.എയുടെ വിശ്വസ്ഥനുമായ പഞ്ചായത്തംഗം തന്നെ!!! എന്തൊക്കെ സമരം നടത്തിയാലും പൊലീസുകാർക്കു സർവ്വീസിൽ ബുദ്ധിമുട്ടു വരുത്തുന്ന തരത്തിലുള്ള നിയമ നടപടുകളിലേക്ക്‌ സമരസമിതി ഒരിക്കലും പോവാതിരിക്കാനാണ്‌ ഈ മുൻ കരുതൽ.

കസ്റ്റഡി മർദ്ദനക്കേസിൽ ഹൈക്കോടതി അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജ്ജി നൽകിയ ജൂനിയർ വക്കീലാവട്ടെ നേരത്തേ പറഞ്ഞ എം.എൽ.എയുടെ സുഹൃത്തും കെ.എസ്‌.യുവിലെ മുൻകാല സഹപ്രവർത്തകനും സഹായിയുമൊക്കെയാണ്‌!!!!

ഒരു ദളിത്‌ യുവതിയെ പത്തിലധികം പുരുഷ പൊലീസുകാർ ദിവസങ്ങളോളം കസ്റ്റടിയിൽ വച്ച്‌ തല്ലിച്ചതച്ച്‌ നട്ടെല്ലിനു ഫ്രാക്ച്ചർ വരെ വന്ന സെൻസേഷണൽ സംഭവമായതിനാൽ വല്ല മനുഷ്യാവകാശ പ്രസ്ഥാനങ്ങളും കേസുമായി ഹൈക്കോടതിയേയോ സുപ്രീംകോടതിയേയോ സമീപിച്ചാൽ കാര്യങ്ങൾ കൈവിട്ടു പോവാതിരിക്കാൻ  കണ്ടെത്തിയ മാർഗ്ഗമാണത്രേ  സ്വന്തം ആവനാഴിയിലെ യുവ വക്കീലിനെക്കൊണ്ടു തന്നെ ഹൈക്കോടതിയിൽ കേസു കൊടുപ്പിച്ചത്‌.  ഒരിക്കൽ ഒരു പൊതുതാത്പര്യ ഹർജ്ജിയിൽ സമർപ്പിക്കപ്പെട്ട അതേ ആവശ്യങ്ങളുമായി അതു പരിഗണനയിലിരിക്കുമ്പോൾ മറ്റൊരു ഹർജ്ജി വന്നാൽ, അതു സ്വീകരിക്കാൻ കോടതി വൈമനസ്യം കാണിക്കും. ആ ഹർജ്ജി തീർപ്പാക്കും വരെ മറ്റാരേയും അങ്ങോട്ട്‌ അടുപ്പിക്കാതിരിക്കുകയെന്ന ക്ലാസ്സിക്ക്‌ തന്ത്രം. ഹൈക്കോടതിയിൽ കേസെടുത്തപ്പോൾ ഉടൻ എഫ്‌.ഐ.ആർ എഴുതേണ്ട കേസിൽ സർക്കാർ വക്കീൽ നാലാഴ്ച്ച സമയം ചോദിച്ചു, ഹർജ്ജിക്കാരൻ കൂടിയായ "പൊതു താത്പര്യ" വക്കീൽ അത്‌ എതിർത്തില്ല എന്നതു ശ്രദ്ധേയം.

എന്തായാലും പൊലീസിന്‌ ഫലത്തിൽ നാലാഴ്ച്ചത്തെ സമയം നീട്ടി നൽകുകയാണ്‌ കോടതി ചെയ്തത്‌. ഈ കാലയളവിൽ പൊലീസിനു ചെയ്യാൻ സാധിക്കുക പരാതിക്കാരിയേയും സാക്ഷികളേയും ഭീഷണിപ്പെടുത്തുക, അവരെ ഒത്തുതീർപ്പിനു നിർബന്ധിക്കുക തുടങ്ങിയ കാര്യങ്ങളാണ്‌. നാലാഴ്ച്ചത്തെ സമയം കൊണ്ട്‌ ഈ സംഭവം ജനങ്ങളുടെ ഓർമ്മയിൽ നിന്നും പോവുകയും ചെയ്യും. അന്ന് ഹർജ്ജി വീണ്ടും പരിഗണനക്കു വരുമ്പോൾ ഹർജ്ജിക്കാരൻ ഹാജരാവാതിരുക്കുകയോ , സർക്കാരിന്റെ മറുപടി പരിഗണിച്ച്‌ വിധിപറയാതെ കേസ്‌ തീർപ്പാക്കുകയോ ചെയ്യും. തൊണ്ണൂറ്റഞ്ചു ശതമാനം പൊതുതാത്പര്യ ഹർജ്ജികളിലും വിധിയുണ്ടാവാറില്ല, എന്തെങ്കിലും നല്ലവാക്കു പറഞ്ഞ്‌ തീർപ്പാക്കുകയാണു ചെയ്യുക.

ഇതിനിടയിൽ പൊലീസ്‌  ലീബയുടെ മോഷണക്കുറ്റത്തിൽ തെളിവുണ്ടാക്കാനും തൊണ്ടിയായ 14 പവൻ കണ്ടെത്താനുമുള്ള തീവ്ര ശ്രമത്തിലായിരുന്നു. മോഷണം സ്ഥാപിക്കാനായാൽ അതോടെ കേരളത്തിലെ ജനങ്ങളിൽ നിന്ന് ലീബക്കു കിട്ടിയിരുന്ന സഹതാപത്തിന്റെ പിന്തുണ ഒറ്റയടിക്ക്‌ കീഴ്മേൽ മറിഞ്ഞ്‌ മോഷ്ടാവിനോടുള്ള വെറുപ്പായി മാറും എന്നുള്ളത്‌ സമൂഹമന:ശാസ്ത്രം നന്നായി അറിയാവുന്ന പൊലീസിനും, പൊലീസിനേക്കൊണ്ട്‌ ഇതൊക്കെ ചെയ്യിക്കുന്ന രാഷ്ടീയക്കാർക്കും നന്നായി അറിയാം. എന്നാൽ പൊലീസ്‌ കള്ളസാക്ഷി പറയാൻ നിർബന്ധിക്കുന്നതായി ആരോപിച്ച്‌ ജ്വല്ലറി ഉടമ കോടതിയെ സമീപിച്ചതോടെ പൊലീസ്‌ ആ വഴി തത്ക്കാലത്തേക്ക്‌ ഉപേക്ഷിച്ചു.

അതിനിടെ ലീബ തന്നെ മജിസ്ത്രേട്ട്‌ കോടതിയിൽ സെപ്തംബർ 26ന്‌ കേസ്‌ ഫയൽ ചെയ്തതിനേത്തുടർന്ന് കോടതി ഒക്ടോബർ 14ന്‌ ലീബയുടെ മൊഴി രേഖപ്പെടുത്താൻ നിശ്ചയിച്ച ശേഷമാണ്‌ പിറ്റേന്ന്, സെപ്തംബർ 27ന്‌, ഐ.ജി നാലു പേരെക്കൂടി സസ്പെൻഡ്‌ ചെയ്യൂന്നതായും, പൊലീസുകാർക്കെതിരേ ക്രിമിനൽ കേസ്‌ എടുത്തതായും പത്രക്കാരെ വിളിച്ച്‌ അറിയിച്ചത്‌. എന്നാൽ അങ്ങനെയൊരു കേസ്‌ ഇതുവരെ രെജിസ്റ്റർ ചെയ്തിട്ടില്ല.

രാഷ്ട്രീയത്തിൽ അമേച്വറുകളായ ഞങ്ങൾ കുറച്ചു പേർ ഈ കേസിൽ ഒരു ഹർജ്ജി ഫയൽ ചെയ്യുന്നതിനു വേണ്ടിയുള്ള അന്വേഷണങ്ങൾ നടത്തി ഇതുവരെ എത്തിയപ്പോഴാണ്‌ ഇത്രയുമൊക്കെ കാര്യങ്ങൾ തിരിച്ചറിഞ്ഞത്‌.

എന്നാൽ ചേരാനല്ലൂരിൽ അങ്ങാടിപ്പാട്ടായ ഈ ഇടപെടലുകൾ മൂലമുണ്ടായ ഇമേജ്‌ നഷ്ടം പരിഹരിക്കനാണത്രേ ചെറുപ്പത്തിലേ വലിയ രാഷ്ട്രീയ ദുർമ്മേദസ്സ്‌ ബാധിച്ച പ്രസ്തുത എം.എൽ.എ കഴിഞ്ഞ ദിവസം എന്തോ കുടിവെള്ള പ്രശ്നമോ മറ്റോ പറഞ്ഞ്‌ ഒരു ദിവസത്തെയൊരു നിരാഹാരം വളരെ ആഘോഷമായി നടത്തിയത്‌.

Wednesday, October 08, 2014

ഐസക്ക്‌ ന്യൂട്ടൻ

ആധുനിക ലോകം കണ്ട ഏറ്റവും മഹാനായ ശാസ്ത്രകാരനാണ്‌ ശ്രീ ഐസക്ക്‌ ന്യൂട്ടൻ. ഗുരുത്വാകർഷണം എന്ന പ്രതിഭാസം തിരിച്ചറിയുകയും അതിനെ സിദ്ധാന്തവത്കരിക്കുകയും ചെയ്തു എന്നതാണ്‌ അദ്ദേഹത്തിന്റെ സംഭാവനയായി പൊതുജനത്തിന്‌ അറിവുള്ളതെങ്കിലും, അതിനുമപ്പുറം ആകാശത്തെ ഗ്രഹങ്ങളുടെ മുഴുവൻ ചലനവും അതുവഴി അവയുടെ ചലനപാതയും കൃത്യമായി കണക്കുകൂട്ടാനും, അവയുടെ ഏതൊരു ഭാവിയിലെയും സ്ഥാനം പ്രവചിക്കാനും സാധിക്കുന്ന തരത്തിൽ ഗുരുത്വബലത്തിന്റെ ഫോർമ്മുല തയ്യാറാക്കി എന്നതാണ്‌ യഥാർത്ഥത്തിൽ ന്യൂട്ടന്റെ സംഭാവന. ആ ഫോർമ്മുല ഇന്നും ഒരോ ഉപഗ്രഹ വിക്ഷേപണത്തിലും, ഓരോ ശൂന്യാകാശ പര്യവേഷണത്തിലും നാം ഉപയോഗിച്ചു കൊണ്ടിരിക്കുന്നു.

എന്നാൽ ന്യൂട്ടന്റെ സംഭാവന അതു മാത്രമല്ല. ഗണിതശാസ്ത്രത്തിലെ കാൽക്കുലസ്‌ എന്ന സങ്കേതമാണ്‌ ന്യൂട്ടന്റെ ഏറ്റവും വലിയ ശാസ്ത്ര സംഭാവന. അവിടെയും തീരുന്നില്ല ന്യൂട്ടന്റെ മാഹാത്മ്യം. ആധുനിക ഭൗതികശാസ്ത്രത്തിലെ ഒപ്റ്റിക്സ്‌ എന്ന പ്രകാശ രശ്മികളേക്കുറിച്ചു പഠിക്കുന്ന ശാസ്ത്ര ശാഖ തുടങ്ങിവച്ചതും അതിൽ ഏറ്റവും മൗലികമായ സംഭാവന നൽകിയതും ന്യൂട്ടനാണ്‌.


ഇതൊക്കെ ഒരു ശാസ്ത്രകാരന്‌ ന്യൂട്ടനോട്‌ ആരാധനയുണ്ടാക്കുന്ന കാര്യങ്ങളാണ്‌. ഈ തിരിച്ചറിവിനൊക്കെയും ശേഷം എനിക്ക്‌ ന്യൂട്ടനോടുള്ള ബഹുമാനം വർദ്ധിപ്പിച്ച ഒരു കാര്യമുണ്ട്‌. ന്യൂട്ടൻ തിയോളജി സംബന്ധമായ എന്തോ പുസ്തകം എഴുതിയിട്ടുണ്ടെന്നും, അതിനു വലിയ നിലവാരമില്ല എന്നും, തിയോളജി വിഷയത്തിൽ അഭിപ്രായം പറയാൻ ന്യൂട്ടന്‌ എന്താണു യോഗ്യത എന്നും ഒരു ക്രിസ്ത്യൻ സുഹൃത്തു അഭിപ്രായപ്പെട്ടപ്പോൾ ഈ പറയുന്ന പുസ്തകത്തേക്കുറിച്ച്‌ പരിശോധിച്ചു.

കാര്യമിതാണ്‌. ബൈബിളിലെ ചില വചനങ്ങളേപ്പറ്റി പഠനം നടത്തി ന്യൂട്ടൻ പ്രസിദ്ധീകരിച്ച ഒരു പുസ്തകമാണു വിഷയം. യോഹന്നാന്റെ സുവിശേഷത്തിൽ ത്രിത്വം അവതരിപ്പിക്കുന്ന രണ്ടു വചനങ്ങളിൽ, യേശു ദൈവം തന്നെ എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്ന വരികളാണ്‌ ന്യൂട്ടൻ പഠന വിധേയമാക്കിയിരിക്കുന്നത്‌. ആ വാചകങ്ങൾ യേശുവിനെ ദൈവമാക്കാനായി തിരുത്തപ്പെട്ടതാണ്‌ എന്നാണ്‌ ന്യൂട്ടൻ വാദിക്കുന്നത്‌. ഈ വരികളാവട്ടെ ഇന്നു ബൈബിൾ വിമർശ്ശകർക്കിടയിൽ കുപ്രസിദ്ധവുമാണ്‌. എന്തായാലും ഇതു വായിച്ചതോടെ ഐസക്ക്‌ ന്യൂട്ടനോടുള്ള എന്റെ ബഹുമാനം പതിന്മടങ്ങായി.

Friday, October 03, 2014

മലയാളി എന്തിനിങ്ങനെ അന്യരുടെ വേഷത്തേക്കുറിച്ച്‌ ഒരുപാടു വേവലാതിപ്പെടണം?


"സ്ത്രീകൾ ജീൻസിട്ടു വിഷമിപ്പിക്കരുത്‌" എന്നു യേശുദാസ്‌ പറഞ്ഞതായി റിപ്പോർട്ട്‌  ചെയ്യപ്പെട്ട പ്രസ്താവന അത്ഭുതകരവും അവിശ്വസനീയവുമാവുന്നത്‌ അതിലെ എളുപ്പത്തിൽ വായിച്ചെടുക്കാവുന്ന എഴുതാപ്പുറം കൊണ്ടു തന്നെയാണ്‌. പൊതുവിൽ എനിക്കു പറയാനുള്ളതിതാണ്‌:  ഓരോരുത്തർ ധരിക്കേണ്ടതെന്തെന്ന് അവരവർ തന്നെയും പിന്നെ അവരുടെ ഉറ്റവരും തീരുമാനിക്കുന്നതു തന്നെയല്ലേ ഉചിതം. ഒരോരുത്തർ അവരവരുടെ താത്പര്യങ്ങൾക്കനുസരിച്ചും അവരവരുടെ സൗകര്യങ്ങൾക്കനുസരിച്ചും (comfort) വസ്ത്രം ധരിക്കട്ടെ.

ജീൻസിനേക്കുറിച്ചു സാധാരണ പ്രകടിപ്പിക്കപ്പെടാറുള്ളതു പോലെ എന്നാൽ അതിന്റെ എതിർ ദിശയിലുണ്ടാവാറുള്ളതാണ്‌ പർദ്ദയോടുള്ള എതിർപ്പ്‌. പർദ്ദ ധരിക്കുന്നതിനെ മതമൗലികവാദമായും, തീവ്രതയുടെ ലക്ഷണമായും, വിദേശ സംസ്കാരത്തിന്റെ ലക്ഷണമായുമൊക്കെയാണ്‌ വിമർശ്ശിച്ചത്‌. എഴുപതികളിലോ മറ്റോ ചുരീദാർ എന്ന വേഷം കേരളത്തിലേക്ക്‌ ആദ്യമായി വന്നപ്പോൾ അതിനെ പഞ്ചാബിന്റെ വസ്ത്രമാണെന്നു പറഞ്ഞ്‌ പാരമ്പര്യവാദികൾ എതിർത്തിരുന്നതായി വായിച്ചിട്ടുണ്ട്‌. ജീൻസിന്റെ കാര്യത്തിലും അത്‌ വിദേശ സംസ്കാരമാണെന്ന ആരോപണം വരാം. പക്ഷേ നാം നമ്മുടെ പാരമ്പര്യ വസ്ത്രമായി കരുതുന്ന സാരി പോലും യഥാർത്ഥത്തിൽ കേരളീയ വസ്ത്രമല്ല.

ജീൻസും സാരിയും ചുരിദാറും കാർഗ്ഗോസും പർദ്ദയും ഏതു വേഷവും ധരിക്കാൻ ഒരേപോലെ സ്വാതന്ത്ര്യമുള്ള, ഇതിൽ ഏതു ധരിക്കുന്നവർക്കും  ഒരേപോലെ ബഹുമാനം ലഭിക്കുന്ന നാടല്ലേ യഥാർത്ഥ ലിബറൽ ഡമോക്രസി?  വൈവിധ്യമുള്ള സംസ്ക്കാരങ്ങളും രീതികളും പിന്തുടരുന്ന ഒരു വർണ്ണശബളമായ ജനതയല്ലേ കൂടുതൽ ഭംഗിയുള്ള കാഴ്ച്ച? മലയാളി എന്തിനിങ്ങനെ അന്യരുടെ വേഷത്തേക്കുറിച്ച്‌ ഒരുപാടു വേവലാതിപ്പെടണം?

Wednesday, October 01, 2014

ദൈവമുണ്ടോ ഇല്ലയോ എന്ന ചോദ്യം.

ദൈവമുണ്ടോ ഇല്ലയോ എന്നുള്ളത്‌ ഒരിക്കലും അവസാനിക്കാത്ത ഒരു ചർച്ചയാണ്‌. ഇക്കാര്യത്തിൽ ആരെങ്കിലുമായി ഒരു ചർച്ചയിലേർപ്പെട്ടാൽ അതിൽ ആളുകൾ എടുക്കുന്ന നിലപാടുകളിലൂടെ അവരെത്തന്നെ കൂടുതലായി മനസ്സിലാക്കാനുപകരിക്കും എന്നല്ലാതെ ആ വിഷയത്തിലൊരു തീരുമാനത്തിലെത്താം എന്നാശിക്കരുത്‌.

ദൈവമുണ്ടോ എന്ന ചോദ്യം സത്യത്തിൽ ഒരു പ്രഹേളികയായി ഉയരുന്നത്‌ മനുഷ്യന്റെയോ പ്രപഞ്ചത്തിന്റെ തന്നെയോ ഉത്പത്തിയുമായി ബന്ധപ്പെട്ടല്ല. കാരണം ശാസ്ത്രം ഓരോരോ പടിയായി കണ്ടെത്തിവരുന്നത്‌ പ്രപഞ്ചത്തിന്റേയും ജീവന്റേയും മനുഷ്യന്റെതന്നെയും രൂപപ്പെടലിന്റെ വഴി മാത്രമാണ്‌. ഈ കണ്ടെത്തിയ വഴികളിലൊക്കെ അതിനെല്ലാമൊരു കാരണക്കാരൻ ഉണ്ടെങ്കിൽ സത്യത്തിൽ ഈ സിദ്ധാന്തങ്ങളുടെയൊക്കെ വിശദീകരണം കൂടുതൽ എളുപ്പമാവുകയാണു ചെയ്യുന്നത്‌. അതുകൊണ്ടു തന്നെ ഉത്പത്തി സമ്പന്ധിച്ച ഏതു കണ്ടെത്തലും ദൈവമില്ല എന്നുള്ളതിനു തെളിവാകുന്നില്ല.

ഉദാഹരണത്തിന്‌ പ്രപഞ്ചോത്പത്തിയെ വിശദീകരിക്കുന്ന മഹാവിസ്ഫോടന സിദ്ധാന്തമോ, ജീവവർഗ്ഗങ്ങളുടെ (species) പരിണാമം വാദിക്കുന്ന പരിണാമ സിദ്ധാന്തമോ ഒന്നും തന്നെ ദൈവം ഇല്ല എന്നതിനു തെളിവാകുന്നില്ല. ഇതിൽ ബിഗ്‌ ബാങ്ങ്‌ തിയറിയാണെങ്കിൽ നേരത്തേയുണ്ടായിരുന്ന സ്റ്റാറ്റിക്ക്‌ യൂണിവേഴ്സ്‌ മോഡലിനെ അപേക്ഷിച്ച്‌ പ്രഞ്ചത്തിന്‌ ഒരു ഉത്പത്തിയുണ്ടെന്ന് തെളിയിക്കുക വഴി സൃഷ്ടിവാദത്തെ കൂടുതൽ പിന്തുണക്കുകയാണ്‌ ചെയ്യുന്നത്‌ എന്നാണ്‌ സൃഷ്ടിവാദക്കാർ വാദിക്കുന്നത്‌. തർക്കമുള്ള പരിണാമ സിദ്ധാന്തത്തിന്റെ കാര്യത്തിൽ പോലും ഒരു ജീവിവർഗ്ഗം മറ്റൊന്നായി പരിണമിച്ചു എന്ന് അഥവാ സംശയമേതുമില്ലാതെ തെളിയിക്കാനായാൽ പോലും ആ പരിണാമം റാന്റം മ്യൂട്ടേഷനുകൾ വഴി നടന്നു എന്നു തെളിയിക്കുന്നതിനേക്കാളും കൂടുതൽ എളുപ്പവും യുക്തിസഹവുമാണ്‌ ഒരു വിപുലമായ ദൈവിക പദ്ധതിയുടെ ഭാഗമായി ജീവികളുടെ പരിണാമം നടന്നു എന്നു വാദിക്കൽ.

മറിച്ചു ദൈവമുണ്ടോ ഇല്ലയോ എന്ന ചർച്ചക്കു എപ്പോഴും കാരണമാകുന്നത്‌ ഭൂമിയിലെ മനുഷ്യന്റെ ജീവിതത്തിൽ വ്യക്തമായി കാണപ്പെടുന്ന അനീതിയാണ്‌. സത്യമേവ ജയതേ എന്നും, അവനവൻ ചെയ്യുന്ന കർമ്മങ്ങൾ തൻ ഫലം അവനവൻ അനുഭവിക്കുമെന്നും, വാളെടുത്തവൻ വാളാൽ മരിക്കുമെന്നുമൊക്കെ പറയുകയും എഴുതി വക്കുകയും പഠിപ്പിക്കുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും, ഈ ലോകത്തു സംഭവിക്കുന്നത്‌ അങ്ങനെയൊന്നുമല്ല എന്നതാണു യാഥാർത്ഥ്യം. ജീവിതവുമായി പടവെട്ടുന്നതിനിടക്കെപ്പോഴെങ്കിലും, അല്ലെങ്കിൽ ചരിത്രവും സാമൂഹ്യപാഠവുമൊക്കെ മനസ്സിലാക്കിവരുന്നതിനിടക്കെപ്പോഴെങ്കിലും ഈ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുന്നവരാണ്‌ ദൈവമുണ്ടോ എന്നു ചോദിച്ചു തുടങ്ങുന്നത്‌.

മതങ്ങളുണ്ടായത്ത്‌ ലോകത്തെ അനീതി പരിഹരിക്കാനൊന്നുമല്ല (എന്നണ്‌ അവയുടെ ഗ്രന്ഥങ്ങളിൽ നിന്നു മനസ്സിലാവുന്നത്‌) എങ്കിലും,  മിക്കവാറും മതങ്ങളും ലോകത്ത്‌ അനുസ്യൂതമായി കാണുന്ന അനീതിയെ അഡ്രസ്സ്‌ ചെയ്യുകയും അവക്കുള്ള ചില പരിഹാരങ്ങൾക്കു പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്‌. എന്നാൽ ഇവയൊന്നും തന്നെ പരിഹാരമാവുന്നുമില്ല, അനീതി അനുസ്യൂതമായി തുടരുകയും ചെയ്യുന്നു.

ദൈവത്തിന്റെ അസ്ഥിത്വം സംബന്ധിച്ച്‌ ഇതൊരു പ്രശ്നമാവുന്നത്‌ ബൈ ഡഫനിഷൻ എല്ലാമറിയുന്നവനും, എല്ലാത്തിനും കഴിവുള്ളവനും, സ്വയം നീതിയുപദേശിക്കുന്നവനുമായ ദൈവം ലോകത്ത്‌ ഓരോ നിമിഷവും ഒരായിരം എന്ന കണക്കിൽ നടക്കുന്ന ഈ അനീതിയെല്ലാം കണ്ടുകൊണ്ടിരുന്നിട്ട്‌ വേറുതേ ഉപദേശിച്ചു കൊണ്ടുമാത്രമിരിക്കാതെ പ്രശ്നങ്ങളിൽ കയറി ഇടപെടുകയും നീതി സ്ഥാപിക്കുകയും ചെയ്യാത്തതെന്താണ്‌ എന്ന ചോദ്യമാണ്‌.

മറ്റൊരു കാഴ്ച്ചപ്പാടിൽ പറഞ്ഞാൽ ലോകത്തു നിരന്തരമായി കാണുന്നത്‌ അന്യായം ചെയ്യുന്നവന്റേയും അക്രമിയുടെയും സ്വാർത്ഥന്റേയും വിജയവും, നല്ല മനസ്സുള്ളവരുടെ പരാജയവുമാണ്‌. ഇതിനു വിപരീതമായി നല്ല മനസ്സുള്ളവരേയും നല്ല പ്രവൃത്തികളേയും പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുകയും സ്വാർത്ഥരേയും അന്യായം ചെയ്യുന്നവരേയും സഹായിക്കതിരിക്കുകയും ചെയ്താൽ ഈ ലോകം ജീവിക്കാൻ കൂടുതൽ നല്ലൊരു സ്ഥലമാകുമായിരുന്നില്ലേ എന്നാണു ചോദ്യം.

ഇതിനു മതങ്ങൾ നൽകുന്ന ഉത്തരങ്ങളിൽ പ്രധാനം ഈ ലോകം ന്യായം സ്ഥാപിച്ചു കിട്ടാനുള്ള ഇടമല്ലായെന്നും, ഈ ലോകത്ത്‌ മനുഷ്യന്‌ എല്ലാ വിധത്തിലുമുള്ള സ്വാതന്ത്ര്യവുമനുവദിച്ച ദൈവം മനുഷ്യനെ പരീക്ഷിക്കുകയാണെന്നും, ഇവിടെ ചെയ്യുന്നതിനുള്ള പ്രതിഫലം മരണശേഷമുള്ള ലോകത്താണ്‌ എന്നുമാണ്‌. എന്നാൽ ഇവിടെയില്ലാത്ത നീതി അത്തരത്തിലൊരു പിൽക്കാല സങ്കൽപ്പ ലോകത്തു പ്രതീക്ഷിക്കാൻ യുക്തിയുള്ള ചിലർക്കെങ്കിലും ബുദ്ധിമുട്ടുകാണും.

(To be continued...)