Tuesday, December 31, 2013

ആം ആദ്മി പാർട്ടിയുടെ ഡൽഹി വിപ്ലവം.

കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ രാഷ്ട്രീയ സംഭവം ഡൽഹിയിലെ  ആം ആദ്മി പാർട്ടിയുടെ ജനാധിപത്യ വിപ്ലവമാണ്. ഇന്ത്യയില്‍ ഇതിനു മുന്‍പൊരിക്കലും സംഭവിക്കാത്ത കാര്യം. ഒരു വര്‍ഷം മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ അടിമുടി അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന സമയത്ത് രണ്ടാം ഘട്ട സാമ്പത്തിക പരിഷ്‌കാരങ്ങള്‍ എന്ന ഓമനപ്പേരില്‍ സാധാരണക്കാരനു ലഭിച്ചിരുന്ന ചെറിയ സബ്‌സിഡി ആനുകൂല്യങ്ങല്‍ പോലും തടയുന്ന തീരുമാനങ്ങല്‍ പ്രഖ്യാപിച്ചപ്പോല്‍ ചരിത്ര ബോധമുള്ളവര്‍ ഫ്രഞ്ച് വിപ്ലവത്തിന്റെ കാര്യം ഓര്‍ത്തിട്ടുണ്ടാവും. അന്നു പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രാന്‍സില്‍, തുടര്‍ച്ചയായ വര്‍ഷങ്ങളിലെ വരള്‍ച്ചയും അതുമൂലമുള്ള കൃഷി നാശവും മൂലം ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോഴാണു ലൂയി പതിനാറാമന്‍ രാജാവ് നികുതി ഇരട്ടിയായി വര്‍ദ്ധിപ്പിച്ചുകൊണ്ട് ഉത്തരവു പുറപ്പെടുവിക്കുന്നത്. എന്നു മാത്രമല്ല അത് പിരിച്ചെടുക്കുന്ന കാര്യത്തില്‍ ഒരു ദാക്ഷിണ്യവും കാണിക്കാന്‍ ഭരണകൂടം തയ്യാറായുമില്ല. എന്നാല്‍ ഇതേ സമയം രാജകുടുംബമാവട്ടെ, വെഴ്‌സയില്‍സ് എന്ന ലോകത്തെ ഏറ്റവും വലിയ കൊട്ടാരങ്ങളിലൊന്നില്‍ ആര്ഭാട ജീവിതം നയിക്കുകയുമായിരുന്നു.

ഇതിനോടുള്ള ഫ്രാൻസിലെ ജനങ്ങളുടെ പ്രതികരണമായിരുന്നു പ്രശസ്തമായ ഫ്രഞ്ച് വിപ്ലവം. പാരിസിലെ ഒരു ടെന്നീസ് കോർട്ടിൽ സംഘാടകരാരുമില്ലാതെ
സംഘടിച്ച ജനങ്ങൾ വിപ്ലവത്തിന്റെ ആദ്യ സൂചന നല്കി. എന്നാൽ സൂചന കണ്ടു പഠിക്കാത്ത ഭരണകൂടം സ്വയം മാറാൻ തയ്യാറായില്ല. തുടര്ന്നുള്ള ദിവസം ജനങ്ങൾ രാജകൊട്ടാരത്തിലേക്ക് ഇരച്ചുകയറി കണ്ണിൽ കണ്ടവരെയൊക്കെ വെട്ടിക്കൊന്നു. ഇതായിരുന്നു ഫ്രഞ്ച് വിപ്ലവത്തിന്റെ ആരംഭം. മുഴുവൻ യൂറോപ്പിന്റെയും ചരിത്രവും രാഷ്ട്രീയവും എന്നെന്നേക്കുമായി മാറ്റിമറിച്ച സംഭവം.

സാധാരണക്കാരനുള്ള പാചക വാതക സബ്സിഡിയും മറ്റും പിടിച്ചെടുത്തിട്ട് 'പേസാ പേട് മേ നഹിം ഉഡ്താ' എന്ന് മൻമോഹൻ സിംഗ് ടിവി സന്ദേശത്തിൽ വിളിച്ചു പറയുമ്പോൾ, ഒരു ഫ്രഞ്ച് വിപ്ലവം ഇന്ത്യയിലും സംഭവിക്കാൻ സമയമായില്ലേ എന്ന് ചിന്തിച്ചവർ കാണും. എന്നാൽ പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രാന്സല്ല ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ, അതിനാൽ ഒരു വിപ്ലവവും ആരും ഇന്ത്യയിൽ പ്രതീക്ഷിച്ചില്ല.

പക്ഷേ അതിനു ശേഷം സംഭവിച്ച കാര്യങ്ങൾ, ആം ആദ്മി പാര്ട്ടിയുടെ അധികാര പ്രവേശം വരെ, എടുത്തു നോക്കിയാൻ ഭാഗിഗമായെങ്കിൽ കൂടി ഫ്രഞ്ച് വിപ്ലവം ഇന്ത്യയിൽ, ചുരുങ്ങിയത് ഡൽഹിയിലെങ്കിലും, സംഭവിച്ചില്ലേ എന്ന് തോന്നും.

സർക്കാർ ലക്ഷക്കണക്കിനു കോടികളുടെ അഴിമതിയിൽ കുളിച്ചിരിക്കുമ്പോഴാണു മൻമോഹൻ ജനങ്ങളുടെ ചെറിയ ആനുകൂല്യങ്ങൽ പോലും പിടിച്ചെടുക്കുന്നത്. ജനം അതിൽ പ്രതികരിക്കാനാവാതെ രോഷം കടിച്ചു പിടിച്ചിരിക്കുമ്പോഴാണു ദൽഹിയിലെ ബസ്സിൽ  പെണ്‍കുട്ടി ആക്രമിക്കപ്പെട്ട സംഭവം നടക്കുന്നത്. പ്രതിഷേധങ്ങൾക്കു മറുപടിയായി
സ്ഥിരം ഡിപ്ലൊമാറ്റിക്ക്  തന്ത്രത്തിന്റെ ഭാഗമായി ഡൽഹിയിലെ ഒരു സംസ്ഥാന മന്ത്രിയും പിന്നെ സാക്ഷാൽ പ്രധാനമന്ത്രി മൻമോഹൻ സിംഗും പറഞ്ഞത് തങ്ങൾക്കും പെണ്മക്കളുണ്ട് എന്നൊരു വാദമാണ്. അത് കൂടി കേട്ടതോടെ ജനത്തിന്റെ നിയന്ത്രണം വിട്ടു. പല വക കാറ്റഗറി സുരക്ഷകളുള്ള വി.ഐ.പി പെണ്മക്കളുടെ സ്ഥിതിയും പ്രോട്ടോക്കോളിലെ ഒരു കാറ്റഗറിയിലും പെടാത്ത സാധാരണക്കാരായ പെണ്‍കുട്ടികളുടെ  സ്ഥിതിയും തമ്മിലുള്ള വ്യത്യാസം  ഡൽഹിയിലെ ജനത്തിനറിയാം.

അവിടം മുതലാണ്‌ ഡൽഹിയിൽ
ആം ആദ്മി പാർട്ടിയുടെ വളര്ച്ച തുടങ്ങുന്നത്. ഫേസ് ബുക്കിലൂടെയുള്ള കേജരിവാളിന്റെ ആഹ്വാനം സ്വീകരിച്ച് സംഘാടകരാരുമില്ലാതെ ജനങ്ങൾ ജന്തർമന്തറിലെത്തി. തുടര്ന്നുള്ള ഒരാഴ്ച്ച ഇന്ത്യയുടെ ചരിത്രത്തിൽ അതുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധ പരമ്പരയാണ് ഡൽഹിയിൽ കണ്ടത്. ഫ്രഞ്ച് വിപ്ലവത്തിന് മുൻപുള്ള ടെന്നിസ് കോര്ട്ട് പ്രകടനത്തെ അനുസ്മരിപ്പിച്ചു കൊണ്ട് ജനങ്ങൾ രാഷ്രപതിഭവന് മുന്നിൽ പ്രതിഷേധിച്ചു.

ഇനി ബാക്കിയുണ്ടായിരുന്നത്, പരമ്പരാഗത രാജവംശത്തിന്റെ തലയരിയലായിരുന്നു. ജനാധിപത്യ സംവിധാനത്തിലൂടെ അതും നടന്നു. ഇന്ത്യയുടെ തലസ്ഥാന സംസ്ഥാനത്ത് തന്നെ
ആം ആദ്മി പാർട്ടി ഇലക്ഷനിൽ ഭ്രണകൂടത്തിന്റെ തലയരിഞ്ഞു. മുഖ്യമന്ത്രി പോലും കാൽ ലക്ഷം വോട്ടിനു തോറ്റു.
 

ഇതോടെ ഡൽഹി സ്വർഗ്ഗമായി എന്നൊന്നും ആരും വ്യാമോഹിക്കുന്നില്ല. ആം ആദ്മി പാർട്ടിക്കു മുന്നിൽ ഇനിയുള്ള സാധ്യത ഡൽഹിയിൽ വിപ്ലവകരമായ ഭരണ പരിഷ്കാരങ്ങൾ നടപ്പാക്കി ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റുക എന്നതാണ്. തങ്ങൾക്കു ഭരിക്കാൻ ലഭിക്കുന്നത് ഒന്നോ രണ്ടോ മാസങ്ങൾ മാത്രമായിരിക്കും എന്നു മനസ്സിലാക്കി ഏറ്റവും വിപ്ലവകരമായ പരിഷ്കാരങ്ങൾ ആദ്യമേ തന്നെ നടപ്പാക്കുകയും അതുവഴി ജനങ്ങളുടെ വിശ്വാസം നിലനിർത്തുകയും ചെയ്താൽ മാത്രമേ പാർട്ടിക്കു ലോകസഭാ തെരെഞ്ഞെടുപ്പിൽഎന്തെങ്കിലും സാധ്യതയുള്ളൂ. പൊതു തെരെഞ്ഞെടുപ്പോടെ കോണ്‍ഗ്രസ്സ് എന്തെങ്കിലും മുട്ടു ന്യായം പറഞ്ഞു പിന്തുണ പിൻവലിക്കുമ്പോഴേക്കും ഈ പാർട്ടിയുടെ വ്യത്യാസം എന്താണെന്നു ജനങ്ങളെ ബോധ്യപ്പെടുത്തിയിരിക്കണം.

ഫ്രഞ്ച് വിപ്ലവത്തിനു ശേഷം സംഭവിച്ച ആന്റി ക്ലൈമാക്സിൽ നാം വിപ്ലവനായകന്റെ വധവും പിന്നെ വിപ്ലവ കാലത്ത് വിപ്ലവാനുകൂല സൈനിക ജനറലായിരുന്ന നെപ്പോളിയൻ ഏകാധിപതിയായി അധികാരം പിടിച്ചെടുക്കുന്നതും കണ്ടു.

ഡൽഹിയിലെ വിപ്ലവത്തിന് എത്രയാണ് ആയുസ്സ് എന്ന് നമുക്കറിയില്ല. ഒരു കാര്യം ഉറപ്പാണ്, അധികാരം മനുഷ്യനെ ദുഷിപ്പിക്കും. അതിനാൽ കേജരിവാളിന്റെ വിപ്ലവത്തെ കൂട്ടത്തിലാരെങ്കിലും അട്ടിമറിക്കുന്നത്തിനു മുൻപ് കാര്യങ്ങൾ പൊതു തെരഞ്ഞെടുപ്പു വരെ എത്തിക്കാൻ സാധിച്ചാൽ ഈ വിപ്ലവത്തിന്റെ സുഖം
കുറച്ചുകാലം കൂടി ആസ്വദിക്കാൻ ഇന്ത്യക്കാരന് അവസരം കിട്ടിയേക്കും. 

നിർത്തുന്നതിനു മുൻപ് ഒരു കാര്യം കൂടി പറയാതെ വയ്യ:
കേരളത്തിൽ, മുങ്ങുന്ന കോണ്‍ഗ്രസ്സിനെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ശ്രീമാൻ ആന്റണി തിരുവഞ്ചൂരിനെ മാറ്റി ചെന്നിത്തലയെ പ്രതിഷ്ഠിക്കുന്നു. ഇതൊക്കെ ഒരുപാടു പയറ്റിയതല്ലേ. വോട്ടു ചെയുന്നത് സുകുമാരൻ നായർ മാത്രമായിരുന്നെങ്കിൽ ഇതു പ്രയോജനപ്പെടുമായിരുന്നു. ഇത്തരം ഗിമ്മിക്കുകൾക്കു പകരം ഒരു വ്യത്യാസത്തിനു എന്തു കൊണ്ടു ആം ആദ്മി പാട്ടിയുടെ പരിപാടികൾ ഇവിടെ നടപ്പാക്കിക്കൂടാ? വൈദ്യുതി ചാർജ്ജ് കുറക്കൽ, ബീക്കണ്‍ ലൈറ്റും പോലിസ് എസ്കോർട്ടും ഒഴിവാക്കൽ, സർക്കാർ ബംഗ്ലാവുകൾ ഒഴിവാക്കൽ തുടങ്ങിയവ? ആന്റണി പണ്ടിതുപോലെ ചിലതൊക്കെ പയറ്റിയ ആളല്ലേ!

No comments:

Post a Comment