Friday, December 20, 2013

ദേവയാനി ഖൊബ്രഗടെ - സംഗീത റിച്ചാര്‍ഡ് പ്രശ്നം. ഫ്യൂഡൽ ഭാരതം പക്ഷം പിടിച്ചപ്പോൾ.

മുൻപ് ഭാരതത്തിന്റെ മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമിനെ അമേരിക്കയിൽ സ്ട്രിപ്പ് സെർച്ച്‌  ചെയ്തപ്പോൾ സർക്കാരിനു തോന്നാതിരുന്ന വികാരങ്ങളും നടപടികളുമാണ് ഇപ്പോൾ വെറുമൊരു ഐ എഫ് എസ്സ് ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്തപ്പോൾ ഉണ്ടായത്. ഖൊബ്രഗടെ നിയമം ലംഘിചിട്ടുണ്ട് എന്നുറപ്പാണ്. അതിനാൽ അറസ്റ്റ് ചെയ്തതിൽ വലിയ തെറ്റില്ല. അവർക്കു ഡിപ്ലോമാറ്റിക് ഇമ്മുണിറ്റിയുടെ ആനുകൂല്യം കൊടുക്കാമായിരുന്നു എന്നതു ശരി തന്നെ. പക്ഷെ അവരെ  സ്ട്രിപ്പ് സെർച്ച്‌  ചെയ്തതാണ് വലിയ അപമാനമായത്. പക്ഷേ മുൻപ് മുൻ രാഷ്ട്രപതി അബ്ദുൽ കലാമിനെ സ്ട്രിപ്പ് സെർച്ച്‌  ചെയ്തപ്പോൾനമുക്കു പരാതിയൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ അമേരിക്കക്ക് തന്നെ മനസ്സിലായിട്ടുണ്ട് അബ്ദുൽ കലാമിനെക്കാൾ വലിയ കക്ഷിയാണ് ഖൊബ്രഗടെ എന്ന്.

ഈ വ്യത്യാസത്തിനു കാരണമെന്താണ്?
അബ്ദുൽ കലാം ഒരുതരത്തിൽ ഒരു അനാഥനാണ്. എന്നാൽ ദേവയാനി ഖൊബ്രഗടെ ഉത്തരേന്ത്യയിലെ ഒരു സ്വാധീനമുള്ള സമ്പന്ന കുടുംബത്തിലെ അംഗമാണ്. ഭർത്താവ് അമേരിക്കൻ പൗരത്വമുള്ള പ്രഫസ്സർ ആകാശ് സിംഗ് രാത്തോഡ്. പിതാവ് മഹാരാഷ്ട്ര കേഡറിലെ 1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ ഉത്തം ഖൊബ്രഗഡെ1. വിവാദമായ ആദർശ് ഫ്ലാറ്റ് തട്ടിപ്പു കേസിൽ പെട്ട ഒരു ഫ്ലാറ്റ് വളഞ്ഞ വഴിക്കു സ്വന്തമാക്കിയവരിൽ ഖൊബ്രഗടെയും പെടും. അതിനൊക്കെ വലിയ സ്വധീനം വേണം. അപ്പോൾ ഖൊബ്രഗടെ സ്വാധീനമുള്ളയാളാണെന്നു വ്യക്തം. പിന്നെ നമ്മുടെ ഐ.എഫ്.എസ്സുകാർക്ക് രാജ്യസ്നേഹത്തേക്കാളും ദേശീയ വികാരത്തേക്കാളും  കൂടുതൽലായി  ഉള്ളത്  വർഗ്ഗ സ്നേഹമാണ് എന്നതാണ്. നമ്മുടെ സാദാ സർക്കാർ ഉദ്യോഗസ്ഥരുടെ അതേ സ്വഭാവം.

ഈ സംഭവത്തിൽ, ഇന്ത്യക്കാരായ ഐ എഫ് എസ്  ഉദ്യോഗസ്ഥയും വീട്ടുവേലക്കാരിയും തമ്മിലുള്ള തർക്കത്തിൽ സമ്പന്നയും സ്വാധീനമുള്ളയാളുമായ ഐ എഫ് എസ്  ഉദ്യോഗസ്ഥയുടെ പക്ഷം പിടിക്കുകയാണ് ഭാരത സർക്കാർ ചെയ്തത്. ഇതു ഞെട്ടിക്കുന്ന കാര്യമാണ്. കൂലിത്തർക്കത്തിൽ ജോലി ഉപേക്ഷിച്ചു പോയ സംഗീത റിച്ചാര്‍ഡ് എന്ന മലയാളി വേലക്കാരിക്കെതിരേ ദേവയാനി ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയപ്പോൾ സംഗീതയെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിച്ച് അമേരിക്കയിലേക്ക് അയക്കുകയാണ് ഡൽഹി ഹൈക്കോടതി ചെയ്തത്. അതിനെതിരായുള്ള നിയമയുദ്ധത്തിന്റെ ഭാഗമായി സംഗീതയുടെ ബന്ധുക്കൾ അമേരിക്കയിൽ നല്കിയ എതിർ-പരാതിയിലാണ് ദേവയാനിയെ അറസ്റ്റ് ചെയ്തത്. ഇന്ത്യ പുറപ്പെടുവിച്ച വാറണ്ട് പ്രകാരം സംഗീത അമേരിക്കയിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നെങ്കിൽ അവർക്കും അവിടെ ബുദ്ധിമുട്ടുകൾ ഉണ്ടാവുമായിരുന്നില്ലേ? ഒന്നുകിൽ സർക്കാർ പക്ഷം പിടിക്കാതിരിക്കണം, അല്ലെങ്കിൽ താരതമ്യേന unprivileged ആയ വേലക്കാരിയുടെ പക്ഷം പിടിക്കണം. ഇതു പഴയ ഫ്യൂഡൽ വ്യവസ്ഥയുടെ പിന്തുടര്ച്ചയിൽ പ്രഭുക്കന്മാരുടെ പക്ഷത്താണ്  സര്ക്കാര് എപ്പോഴും നിൽക്കുന്നത്. ഇതിനെയാണു നാം ജനാധിപത്യം എന്നു വിളിക്കുന്നത്!

Notes:
  1. http://www.indiavisiontv.com/2013/12/20/289387.html

No comments:

Post a Comment