Sunday, December 15, 2013

സ്ലംഡോഗ്‌ മില്യണേർ: ഏഷ്യക്കാരനെ ആക്ഷേപിച്ചു രസിക്കുന്ന പാശ്ചാത്യ മന:ശാസ്ത്രം

തൊണ്ണൂറുകളിൽ അടൂരിന്റെയും ഷാജി.എൻ.കരുണിന്റെയുമൊക്കെ സിനിമകൾ കാൻ ഉൾപ്പെടെയുള്ള യൂറോപ്യൻ മേളകളിൽ അംഗീകാരങ്ങൾ നേടുമ്പോൾ കേരളത്തിലെ വിമർശകർ, പ്രത്യേകിച്ച്‌ വാണിജ്യ സിനിമയുടെ വക്താക്കൾ പറഞ്ഞിരുന്ന ഒരു അഭിപ്രായമുണ്ട്‌. പാശ്ചാത്യർക്ക്‌ ഇന്ത്യക്കാരുടെ ദാരിദ്ര്യം ചിത്രീകരിക്കുന്ന അവരെ അപരിഷ്കൃതരായി ചിത്രീകരിക്കുന്ന സിനിമകളാണ്‌ താത്പര്യമെന്നും അത്തരം സിനിമകൾക്കാണ്‌ അവർ അവാർഡുകൾ കൊടുക്കുന്നതെന്നുമാണ്‌. എന്നാൽ സത്യത്തിൽ അന്നത്തെ ആ അവാർഡു സിനിമകൾ കണ്ടിട്ട്‌ എനിക്ക്‌ അങ്ങനെ തോന്നിയിട്ടില്ല.

എന്നാൽ സ്ലംഡോഗ്‌ മില്യനയർ എന്ന ഇന്ത്യൻ പശ്ചാത്തലമുള്ള ചിത്രത്തിന്‌ ഓസ്കർ ലഭിച്ചു എന്നറിഞ്ഞ്‌ വലിയ പ്രതീക്ഷയോടെ ആ സിനിമ കണ്ട എനിക്ക്‌ അതിനെപ്പറ്റി പറയാൻ ഒരു അഭിപ്രായമേ ഉള്ളൂ. ഭാരതീയനെ അപരിഷ്കൃതനും നീതിയില്ലാത്തവനും മൃഗതുല്യനുമായി ചിത്രീകരിക്കുന്ന സിനിമ പാശ്ചാത്യൻ സ്വയം നിർമ്മിച്ച്‌, അവർ തന്നെ അതിന്‌ അവാർഡും നൽകി, അവർ തന്നെ അതിരുന്നു കണ്ടു രസിക്കുന്ന ആ ഒരു സംസ്കാരത്തേപ്പറ്റി മ്ലേച്ഛം എന്നല്ലാതെ എന്തു പറയാൻ.

പ്രത്യേകിച്ച്‌ എന്തെങ്കിലുമൊരു മെച്ചം കഥയിലോ തിരക്കഥയിലോ പറയാനില്ലാത്ത, ഒട്ടും വിശ്വസനീയമല്ലാത്ത ഒരു ടെലിവിഷൻ ചോദ്യോത്തര വിജയകഥ പറയുന്ന ഈ സിനിമക്ക്‌ അമേരിക്കക്കാരൻ അവരുടെ ഏറ്റവും വലിയ അവാർഡായ ഓസ്കർ കൊടുത്തതിനു കാണാവുന്ന ഒരേയൊരു കാരണം ഇന്ത്യക്കാരനെ അപരിഷ്കൃതനും പരമ മ്ലേച്ഛനുമായി ചിത്രീകരിച്ചതു മാത്രമാവണം. അടിസ്ഥാന വിദ്യാഭ്യാസമോ വായനയോ ഒന്നുമില്ലാത്ത ഒരു പയ്യനു ടിവി ഷോയിൽ ചോദിക്കപ്പെടുന്ന ഓരോ ചോദ്യത്തിനും കൃത്യമായ ഉത്തരങ്ങൾ തന്റെ ജീവിതത്തിലെ ഓരോ പ്രത്യേക അനുഭവത്തിന്റെ ഓർമ്മയിൽ നിന്നും പറയാൻ സാധിക്കുന്നത്‌ ആശയപരമായി അസംബന്ധം എന്നു മാത്രമല്ല, അതു തിരക്കഥയിലൂടെ കാണികളെ വിശ്വസിപ്പിക്കാൻ ഫിലിം മേക്കർക്കു സാധിച്ചിട്ടുമില്ല. ഈ സിനിമയെപ്പറ്റി ഓസ്കറിനെ ആരാധിക്കുന്ന നമ്മുടെ വാണിജ്യ വക്താക്കൾ ഒന്നും പറഞ്ഞു കേട്ടില്ല എന്നതാണ്‌ അതിലും വിചിത്രം.

No comments:

Post a Comment