Wednesday, January 01, 2014

കള്ളപ്പണം വെളുപ്പിക്കാനായി മനപ്പൂര്‍വ്വം സൃഷ്ടിക്കപ്പെടുന്ന ഫ്ലോപ്പ് സിനിമകള്‍.

കുറേക്കാലമായി ഒരു വര്‍ഷം മലയാളത്തില്‍ ഇറങ്ങാറുണ്ടായിരുന്നത് തൊണ്ണൂറോളം സിനിമകളായിരുന്നെങ്കില്‍, കഴിഞ്ഞ വര്‍ഷം അത് നൂറ്റിയന്‍പത്തിമൂന്ന് എന്ന സംഖ്യയിലെത്തി. ഇതില്‍ സാമ്പത്തികമായി നഷ്ടമുണ്ടാക്കാത്തത് വെറും ഇരുപത്തിയഞ്ചെണ്ണം മാത്രം. ബാക്കിയുള്ള സിനിമകളുടെയെല്ലാം നിര്‍മ്മാതാക്കള്‍ വിഡ്ഡികളായി എന്നു കരുതേണ്ട, അവരാണ് യഥാര്‍ത്ഥ ബുദ്ധിരാക്ഷസന്മാര്‍. മലയാളത്തിലിറങ്ങുന്ന പരാജയ സിനിമകളില്‍ ഭൂരിപക്ഷവും കള്ളപ്പണം വെളുപ്പിക്കുന്നതിനു വേണ്ടി മനപ്പൂര്‍വ്വം സൃഷ്ടിക്കപ്പെടുന്ന ഫ്ലോപ്പുകളാണ്. മലയാളത്തില്‍ റിലീസാവുന്ന സിനിമകളുടെ എണ്ണം കൂടാനുള്ള കാരണവും പണം വെളുപ്പിക്കലുകാര്‍ക്കു സിനിമയോടു തോന്നുന്ന വര്‍ദ്ധിച്ച താല്പര്യമാണ്.

നുറു കോടിക്കുമേല്‍ വാര്‍ഷിക വരുമാനമുള്ള വന്‍കിടക്കാര്‍ ഇഷ്ടംപോലെയുള്ള കേരളത്തില്‍ ഒരു കോടിക്കുമേല്‍ ആദായ നികുതി അടക്കുന്ന ആറുപേരേയുള്ളൂ
1 എന്നറിയുമ്പോളാണു കേരളത്തിലെ കള്ളപ്പണത്തിന്റെ വലിപ്പം മനസ്സിലാവുക. പ്രമുഖ സ്വര്‍ണ്ണക്കട മുതലാളിമാര്‍, സ്വര്‍ണ്ണം കള്ളക്കടത്തു നടത്തുന്നവര്‍, വന്‍കിട പലിശ ഇടപാടുകാര്‍, വന്‍കിട റിയല്‍ എസ്റ്റേറ്റ്‌ ഇടപാടുകാര്‍, കോഴ വാങ്ങുന്ന രാഷ്ടീയക്കാര്‍ തുടങ്ങി പല തരത്തില്‍ കള്ളപ്പണമുള്ളവര്‍ക്ക് ആ പണം നിയമ വിധേയമായ എന്തെങ്കിലും കാര്യത്തില്‍, ഉദാ: സര്‍ക്കാരില്‍ നിന്നും ഒരു ലൈസന്‍സ്‌ നേടുന്നതിനു ലൈസന്‍സ്‌ ഫീ ആയോ മറ്റോ, ഉപയോഗിക്കേണ്ടി വരുമ്പോള്‍ പണം എവിടുന്നു കിട്ടി എന്നതിനു രേഖ കാണിക്കേണ്ടി വരും.

ഇതിനു ക്ലാസ്സിക്കലായ ഒരുപാടു മാര്‍ഗ്ഗങ്ങളുണ്ടെങ്കിലും2, സിനിമ തന്നെയാണ് കൂട്ടത്തില്‍ ഏറ്റവും പോപ്പുലര്‍. സിനിമയാവുമ്പോള്‍ കള്ളപ്പണം വെളുപ്പിക്കുന്നതു കൂടാതെ മറ്റു ചില പ്രയോജനങ്ങള്‍ കൂടിയുണ്ട്. കുറച്ചു സിനിമാക്കരുമായി ബന്ധം ഉണ്ടാക്കം, സിനിമാ നിര്‍മ്മാതാവാണെന്ന് അവകാശപ്പെടാം, പിന്നെ താന്‍ കലാകാരനും കലയെ പ്രോത്സാഹിപ്പിക്കുന്നയാളുമാണെന്ന് പറഞ്ഞു നടക്കാം.

സിനിമയിലൂടെ പണം വെളുപ്പിക്കുന്നതിന്റെ മോഡ് ഓഫ് ഓപറേഷന്‍ ഏതാണ്ട് ഇങ്ങനെയാണ്: പരമാവധി കുറഞ്ഞ ചെലവില്‍ ഒരു സിനിമ പിടിക്കുന്നു. ആ സിനിമ ഉദ്ദേശിച്ചതു പോലെ തന്നെ ഗംഭീരമായി പരാജയപ്പെടുന്നു. രേഖകളില്‍ വരുമാനം നൂറു കോടി ആല്ലെങ്കിൽ എത്രയാണോ വെളുപ്പിക്കേണ്ടത് അത്രയും കാണിക്കുന്നു, അതിനുള്ള നികുതിയുമടക്കുന്നു. ഇപ്പോള്‍ ആ
നൂറു കോടി നിയമവിധേയമായ പണമായി.

ഇത്തരം സിനിമകളുടെ നിര്‍മ്മാതാക്കളുടെ പേരു നോക്കി കള്ളപ്പണക്കാരെ കണ്ടുപിടിക്കാം എന്നു കരുതേണ്ട. ഇത്തരം സിനിമകള്‍ക്കു സാധാരണ ബിനാമി നിര്‍മ്മാതാക്കളാണ്3. പ്രൊഡ്യൂസര്‍മാരുടെ സംഘടന തന്നെ ഒരു തരത്തില്‍ ബിനാമി നിര്‍മ്മാതാക്കളുടെ ഒരു ഷോറൂം ആണ്. ബിനാമി നിര്‍മ്മാതാവിനെ വച്ചാല്‍ പിന്നെ പണം എങ്ങനെ വെളുപ്പിക്കാന്‍ പറ്റും എന്നു സംശയം തൊന്നേണ്ട. പേരു പുറത്തു പറയാത്ത യഥാര്‍ത്ഥ നിര്‍മ്മാതാവു സിനിമയുടെ പകര്‍പ്പ്‌ അല്ലെങ്കില്‍ വിതരണാവകാശം ചെറിയൊരു തുകയ്ക്കു പ്രഖ്യാപിത നിര്‍മ്മാതാവില്‍ നിന്നും വിലക്കു വാങ്ങിയതായി ഒരു മുന്‍കൂര്‍ കരാര്‍ ഉണ്ടാക്കും.

ഇത്തരം സിനിമകളുടെ ഒരു പ്രത്യേകത ചെലവു പരമാവധി കുറക്കാനായി ഷൂട്ടിംഗ്‌ ചെലവു ചുരുക്കും. അതിനായി സീനുകള്‍ മിക്കവാറുമെല്ലാം ഇന്‍ഡോറില്‍ ഒതുക്കും. ഔട്ട്‌ ഡോര്‍ കാഴ്ച്ചകള്‍ ഒട്ടും കാണില്ല, അല്ലെങ്കില്‍ തീരെ കുറവായിരിക്കും. ഈ കാര്യം തിരക്കഥയെഴുതുന്ന സമയത്തു തന്നെ പറയും, അതിനാല്‍ ചെലവുള്ള സീനുകള്‍ തിരക്കഥാ ഘട്ടത്തിലേ ഒഴിവാക്കും.

ഇങ്ങനെ ഒരു സിനിമ പിടിക്കുമ്പോള്‍, ചെലവു പരമാവധി കുറക്കാനായി രണ്ടോ മൂന്നോ പ്രമുഖ സഹനടന്മാരോഴികെ5
ബാക്കിയെല്ലാ അഭിനേതാക്കളും പുതുമുഖങ്ങളായിരിക്കും, നായികാ നായകന്മാര്‍ ഉള്‍പ്പെടെ. സംവിധായകന്‍ തിരക്കഥാകൃത്ത്‌ ഇവരെല്ലാം പുതുമുഖങ്ങള്‍, അതായത്‌ ഏതെങ്കിലും സംവിധായകരുടെ കീഴില്‍ പണിയെടുക്കുന്ന അസിസ്റ്റന്റുമാര്‍. അതല്ലാതെയുള്ള മറ്റോരു പോപുലര്‍ ചോയിസ്‌ മുന്‍പ്‌ പ്രശസ്തരായിരുന്ന എന്നാല്‍ ഇപ്പോള്‍ കാലം കഴിഞ്ഞു പോയ സംവിധായകന്മാര്‍6.

ഇത്തരം സിനിമകളുടെ മറ്റൊരു പ്രത്യേകത, പ്രമുഖ താരങ്ങളോ, സംവിധായകനോ ഇല്ലാത്തതിനാലും ഓടാത്ത സിനിമയായതിനാലും, വലിയ കളക്ഷന്‍ റിപ്പോര്‍ട്ടുമായി നികുതി വകുപ്പിനെ സമീപിക്കുമ്പോള്‍ സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു എന്നു തെളിയിക്കേണ്ടിവരും. അതിനാല്‍ സിനിമയുടെ നിര്‍മ്മാണത്തേയും റിലീസിനെയും വാര്‍ത്തയില്‍ കൊണ്ടുവരുന്നതിനു വേണ്ടി ചില പബ്ലിസിറ്റി ഗിമ്മിക്കുകള്‍ കാണിക്കും.4 ഉദാ: പ്രമുഖ ഹാസ്യനടന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ, പഴയൊരു മലയാള ചിത്രത്തിന്റെ റീമേക്ക്, യൂട്യൂബ് ഗായിക ആദ്യമായി പിന്നണി പാടുന്ന സിനിമ അങ്ങനെയങ്ങനെ.

ഇത്തരം സിനിമകള്‍ കൊണ്ടുള്ള പ്രധാന പ്രയോജനം നടന്മാരും സംവിധായകരും എഴുത്തുകാരും മറ്റു ടെക്‌നീഷ്യന്മാരും ഉള്‍പ്പെടെ കുറെ പുതിയ കലാകാരന്മാര്‍ക്ക്‌ അവസരം കിട്ടും എന്നുള്ളതാണു. ഇപ്പോഴുള്ള പല ന്യൂ ജനറേഷന്‍ താരങ്ങളും സാങ്കേതിക വിദഗ്ധരും ഇത്തരം പണം വെളുപ്പിക്കല്‍ സിനിമകളിലൂടെ ആദ്യാവസരം ലഭിച്ചവരാണു. അതു കൊണ്ടു തന്നെയാണു സിനിമാക്കാരാരും ഇത്തരം ഏര്‍പ്പാടുകളെ തള്ളിപ്പറയാത്തതും.

ഈ ഏര്‍പ്പാടു കൊണ്ടുള്ള പ്രധാന തകരാറു പക്ഷേ ഇത്തരം സിനിമകള്‍ മിക്കവാറും തീരെ നിലവാരമില്ലാത്തവയായിരിക്കും എന്നുള്ളതു തന്നെ. അതു കൊണ്ടു കുഴപ്പമൊന്നുമില്ല, സിനിമ കാണാന്‍ പോകുന്നതിനു മുന്‍പ്‌ നേരത്തേ പറഞ്ഞതു പോലുള്ള ലക്ഷണങ്ങള്‍ ശ്രദ്ധിച്ച് അവയെ ഒഴിവാക്കിയാല്‍ പണവും മെനെക്കേടും ലാഭിക്കാം.
അതല്ല ടി.വിയിലാണു സിനിമ കാണുന്നതെങ്കിൽ പോലും ഇത്തരം സിനിമകൾ ഒഴിവാക്കിയാൽ സമയവും ലാഭിക്കാം പിന്നെ ബുദ്ധിക്കു വരാൻ സാദ്ധ്യതയുള്ള ജീർണ്ണതയും ഒഴിവാക്കാം. ഇവ രണ്ടും, സമയവും ബുദ്ധിയും, കൊണ്ടു വേറെ ഉപയോഗമൊന്നുമില്ലാത്തവർ കണ്ടുകൊള്ളുക കുഴപ്പമൊന്നുമില്ല.

Notes:
  1. താനുൾപ്പെടെ ആറുപേർ എന്ന വി എം രാധാകൃഷ്ണന്റെ അവകാശവാദം, 2012 Nov.
  2. കള്ളപ്പണം വെളുപ്പിക്കാനുള്ള ക്ലാസ്സിക്കൾ മാർഗ്ഗങ്ങൾ. ഉദാ: സർക്കാരിന്റെ ലോട്ടറി നടത്തിപ്പുകാരനെ - സാന്റിയാഗോ മാർട്ടിൻ- സ്വാധീനിച്ച് ഒന്നാം സമ്മാനം നേടുക.
  3. ഉദാ: മണിയൻപിള്ള രാജുവിന്റെ മകൻ നായകനായ തട്ടിക്കൂട്ടു സിനിമയുടെ പ്രഖ്യാപിത നിർമ്മാതാവു രാജു തന്നെ. പക്ഷേ അതൊരു ബിനാമി ഏർപ്പടായിരുന്നു. യഥാർത്ഥ നിർമ്മാതാവ്‌ ഒരു കള്ളപ്പണക്കാരൻ വിദേശ മലയാളിയാണു. മണിയൻപിള്ള രാജു ഇത്തരത്തിലൊരു സ്ഥിരം ബിനാമി നിർമ്മാതാവാണു. ഇതു പോലെ സ്ഥിരം ബിനാമി നിർമ്മാതാക്കൾ ഒരുപാടുണ്ട്‌ മലയാളത്തിൽ. 
  4. ഉദാ: പക്രു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ, നടൻ ബാബുരാജ്‌ സംവിധാനം ചെയ്യുന്ന സിനിമ, രതിനിർവേദത്തിന്റെ റീമേക്ക്, നടൻ മണിയൻപിള്ള രാജുവിന്റെ മകൻ ആദ്യമായി നായകനാവുന്ന ചിത്രം,  യൂ ടൂബ്‌ ഗായിക ചന്ദ്രലേഖ ആദ്യമായി പിന്നണി പാടുന്ന സിനിമ അങ്ങനെയങ്ങനെ.
  5. മുൻപ്‌ നെടുമുടി വേണു, ജഗതി. ഇടക്കാലത്തു റഹ്മാൻ, സുരാജ്‌ വെഞ്ഞാറമ്മൂട്‌. ഈയടുത്തായി ബാബു രാജ്‌, ടിനി ടോം, പിന്നെ പക്രു അഥവാ ഉദയ കുമാർ. 
  6. ഉദാ: സിബി മലയിൽ.

No comments:

Post a Comment