Friday, November 28, 2014

ചുംബന സമരം

പ്രിയപ്പെട്ട ശ്രീ Dhanithlal S Nambiar


വല്ലവരും എവിടേലും നിന്നു ഉമ്മവക്കുന്നത്‌ പകർത്താൻ ഒളി ക്യാമറ വച്ചത്‌ വഷളത്തരം. അതൊരു ടെലിവിഷൻ ചാനലിലൂടെ നാടുമുഴുവൻ കാട്ടിയത്‌ അതിലും ചീപ്പ്‌. ഇതിലും ഭേദം porn സിനിമ പിടിക്കാൻ പോവുന്നതായിരുന്നു സർ. അതിലെന്തെങ്കിലും creativity ഉണ്ടെന്നു പറയാം, ഇതു വെറും ഒളിഞ്ഞുനോട്ടമല്ലേ?

ജയ്ഹിന്ദ്‌ എന്ന പാർട്ടി ചാനലിനു പിന്നെ കൈരളിയുടെ അത്രയും പോലും reputation ഇല്ലാത്തതു കൊണ്ട്‌, ഇല്ലാത്ത മാന്യത കളഞ്ഞു എന്ന പരാതി ആരും പറയില്ല.

പക്ഷേ നിങ്ങൾക്ക്‌ നിർഭാഗ്യം സംഭവിച്ചത്‌ അതു യുവമോർച്ച എന്ന വർഗ്ഗീയ സംഘടന മുതലെടുത്തപ്പോഴാണ്‌. അതോ അതൊരു കൂട്ടുകച്ചവടമായിരുന്നോ? ദിവസവും ടൺ കണക്കിന്‌ ലൈംഗിക കച്ചവടം തന്നെ നടക്കുന്ന കൊച്ചു കേരളത്തിൽ, ഈ ഒരു കൊച്ചു റെസ്റ്റോറന്റിലെ കൗമാരക്കാരുടെ കുട്ടിക്കളിയിൽ ജയ്ഹിന്ദിനും യുവമോർച്ചക്കും ഇത്ര വലിയ ആത്മീയ രോഷം തോന്നിയതെന്തേ എന്നു ജനം ചിന്തിച്ചു. അതു സദാചാരത്തോടുള്ള വലിയ താത്പര്യം കൊണ്ടൊന്നുമല്ല, ഏതോ ശത്രുവിനെ അടിക്കാൻ ഒരു വടി കിട്ടിയപ്പോൾ ഉപയോഗിച്ചതാണ്‌ എന്നു മനസ്സിലാക്കാൻ ജേർണ്ണലിസമൊന്നും പഠിക്കേണ്ട.

വിമർശ്ശകരോട്‌ നിങ്ങൾ ഫേസ്ബുക്കിലൂടെ ഈപ്പോഴും ചോദിക്കുന്ന ചോദ്യം "അവിടെച്ചെന്ന് ഇതൊക്കെ ചെയ്യുന്നത്‌ നിങ്ങളുടെ സഹോദരിയോ മകളോ ആണെങ്കിലോ" എന്നാണ്‌. ആ ചോദ്യം ഞാൻ തിരിച്ചു ചോദിക്കട്ടെ: നിങ്ങളുടെ ബന്ധുവായ പെൺകുട്ടിയുടേതായിരുന്നു ആ ദൃശ്യമെങ്കിൽ നിങ്ങൾ അതു ഒളിക്യാമറ വച്ചു പകർത്തുകയും, പിന്നെ  ലോകം മുഴുവൻ അതു പ്രദർശ്ശിപ്പിക്കുകയും ചെയ്യുമായിരുന്നോ? നിങ്ങൾ ആ ദൃശ്യത്തിലെ വ്യക്തികളോടു കാണിച്ചത്‌ മാപ്പർഹിക്കാത്ത അക്രമമാണ്‌. വീഡിയോയിൽ ബ്ലർ ചെയ്തു കാണിച്ച ദൃശ്യങ്ങൾ വ്യക്തതയുള്ള സ്റ്റില്ലുകളായി നിങ്ങളുടെ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്‌ കൂടുതൽ അക്രമമാണ്‌. ദൃശ്യങ്ങൾ പിൻവലിച്ച്‌ മാപ്പു ചോദിക്കാനുള്ള മാന്യത കാണിക്കൂ.

പിന്നെ ആർക്കാരോടു പ്രണയം തോന്നണമെന്നും, ആർക്കാരെയൊക്കെ എവിടെവച്ചൊക്കെ ഉമ്മവക്കാം എന്നുമൊക്കെ വളരെ വിശദമായി ഒരു സദാചാര രേഖ എഴുതിയുണ്ടാക്കി പ്രസിദ്ധീകരിക്കൂ സർ. പിള്ളേരൊക്കെ വായിച്ചു പഠിക്കട്ടെ. അരാജകത്വം ഒഴിവാക്കണമല്ലോ.

എന്തായാലും മലയാള മാധ്യമ ചരിത്രത്തിലാദ്യമായാണ്‌ ഒരു ചാനൽ അപ്രശസ്തരായ സാധാരണക്കാരുടെ സ്വകാര്യതയിലേക്ക്‌ ഒളിഞ്ഞു നോക്കുന്നതും അത്‌ അഭിമാനത്തോടെ നാടുമുഴുവൻ വിളിച്ചറിയിക്കുന്നതും. ഏതോ ചാനൽ ഇപ്പറഞ്ഞ ദൃശ്യങ്ങൾ പുറത്തുവിട്ടു എന്നു കേട്ടപ്പോൾ ഞാൻ കരുതിയത്‌ ഏതൊ പ്രാദേശിക ഇക്കിളി ചാനലാണെന്നാണ്‌. ഇതുവരെ ജയ്ഹിന്ദ്‌ എന്ന ചാനലിന്‌ പ്രഫഷണലിസം ഇല്ല എന്നൊരു തകരാറേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ പേരും ചീത്തയായി.

എന്തായാലും ഒരു കാര്യം ശ്രദ്ധേയമാണ്‌. മലയാള മാധ്യമ ചരിത്രത്തിലാദ്യമായി ഒരു "സദാചാര" പ്രശ്നത്തിൽ മുഴുവൻ മാധ്യമങ്ങളും സാംസ്ക്കാരിക ലോകവും ജനങ്ങളിൽ വലിയൊരു പക്ഷവും (സോഷ്യൽ മീഡിയ സാക്ഷി) ഇരകളുടെ പക്ഷം പിടിക്കുക എന്ന അത്ഭുതം. കേരളത്തിലെ ലിബറൽ ഡമോക്രസിയുടെ പരിണാമത്തിൽ ഈ സംഭവം ഒരു നാഴികക്കല്ലാണ്‌, താങ്കളുടെ പേര്‌ ചരിത്രമോർക്കില്ലെങ്കിലും.


Thursday, November 13, 2014

ഛത്തീസ്‌ഗഡിലെ വന്ധ്യംകരണ മരണങ്ങൾ


അടിയന്തിരാവസ്ഥക്കാലത്ത്‌ സഞ്ചയ്‌ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്നതായിരുന്നു ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ കൂട്ട വന്ധ്യംകരണം. അന്ന് ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ നിരക്ഷരരായ ദളിത്‌ സ്ത്രീകളെ വീടുകളിൽ നിന്നു പിടിച്ചിറക്കിക്കൊണ്ടു പോയി നിർബന്ധിച്ച്‌ വന്ധ്യംകരണം നടത്തിയിരുന്നതായി റിപ്പോർട്ട്‌ ചെയ്തത്‌ വിദേശ മാധ്യമങ്ങളാണ്‌. സഞ്ചയ്‌ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാവും എന്നു വിശ്വസിച്ചിരുന്ന, അദ്ദേഹത്തെ ഭയപ്പെട്ടിരുന്ന ഇന്ത്യൻ പത്രങ്ങൾ അന്നതു റിപ്പോർട്ട്‌ ചെയ്യാൻ മടിച്ചു.

ഇപ്പോൾ ഉത്തരേന്ത്യയിൽ നിന്നും വീണ്ടും കൂട്ട വന്ധ്യംകരണ വാർത്തകൾ വരുന്നു. ഛത്തീസ്‌ഗഡിൽ 5 മണിക്കൂറിനുള്ളിൽ 83 ശസ്ത്രക്രിയകളാണ്‌ (laparoscopic tubectomy) ആർ.കെ.ഗുപ്ത എന്ന സർക്കാർ ഡോക്ടർ ചെയ്തു കളഞ്ഞത്‌. അതിൽ 16 പേർ മരിച്ചു.

ഇവിടുത്തെ പ്രധാന പ്രശ്നം ഇതാണ്‌: സഞ്ചയ്‌ ഗാന്ധിയായാലും, ഡോ: ആർ.കെ.ഗുപ്തയായാലും ഇങ്ങനെ കെ.എഫ്‌.സിയുടെ ഫാക്ടറിയിൽ കോഴികളെ കഷണമാക്കുന്നതു പോലെ (മൂന്നു മിനിറ്റിൽ ഒരു കോഴി) ഒരു കൂട്ട വന്ധ്യംകരണം നടത്തുന്നയിടത്തേക്കു സ്വന്തം ഭാര്യയേയോ, സഹോദരിയേയോ, മകളേയോ, മരുമകളേയോ അയക്കുമോ?

ഇന്ത്യയിലെ ജനസാമാന്യത്തിന്‌ സഞ്ചയ്‌ ഗാന്ധിയുടെ ഭാര്യക്കും ഡോ: ആർ.കെ.ഗുപ്തയുടെ വീട്ടിലെ സ്ത്രീകൾക്കും തുല്യമായ അന്തസ്സിന്‌ അർഹതയില്ലേ? സ്ഥിതിവിവരക്കണക്കുകളിൽ എണ്ണം തികക്കാനുള്ള അക്കങ്ങൾ മാത്രമാണോ ഈ രാജ്യത്തെ സാധാരണക്കാർ?

ഡോക്ടറുടെ മാരത്തൺ ശസ്ത്രക്രീയയിൽ അണുബാധയുണ്ടായിരുന്നില്ലെങ്കിൽ, ഇത്രയും സ്ത്രീകൾ മരിച്ചിരുന്നില്ലെങ്കിൽ ഈ പ്രശ്നം സർക്കാരിന്റെയോ മാധ്യമങ്ങളുടെയോ ശ്രദ്ധയിൽ പെടുമായിരുന്നോ? അദ്ദേഹം ഏറ്റവും കൂടുതൽ ശസ്ത്രക്രിയ ചെയ്തതിനുള്ള ഒരവാർഡു കൂടി നേടി ഈ അപമാനിക്കൽ തുടരുമായിരുന്നില്ലേ?


സർക്കാർ (തുച്ഛമായ) സാമ്പത്തിക പ്രലോഭനങ്ങൾ (1400 രൂപ) നൽകി നടത്തുന്ന വന്ധ്യംകരണം മനുഷ്യാവകാശ ലംഘനമാണ്‌. വന്ധ്യംകരിക്കപ്പെടുന്നവർ പലപ്പോഴും കാര്യമെന്തെന്നറിയാതെയാണ്‌ അതിനു വിധേയരാവുന്നത്‌. ദീർഘകാല ഗർഭനിരോധനത്തിനുള്ള മാർഗ്ഗങ്ങളും പൂർണ്ണമായ വന്ധ്യംകരണവും തമ്മിൽ തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇതിനു വിധേയരാവുന്ന സ്ത്രീകൾക്കു നൽകേണ്ടതാണ്‌.

സർക്കാരിന്റെ മാധ്യമ അവാർഡുകൾ


മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ്‌ മനോരമ ന്യൂസിലെ ഷാനി പ്രഭാകരന്‌. പത്രപ്രവർത്തകർക്കുള്ള അവാർഡുകളൊക്കെ സാധാരണ എല്ലാ പത്രങ്ങൾക്കും ചാനലുകൾക്കുമിടയിൽ ഓരോ തവണയായി വീതിച്ചു കൊടുക്കുകയാണു പതിവ്‌. ഒരു തവണ കൊടുക്കാത്തവർക്ക്‌ അടുത്ത തവണ നൽകും എന്ന് എല്ലാവർക്കും അറിയാം. അതിനാൽ ആർക്കും പരാതിയുമില്ല, ഈ അവാർഡുകൾക്കൊന്നും വലിയ പ്രസക്തിയുമില്ല.

ഷാനി പ്രഭാകരനും, പ്രമോദ്‌ രാമനുമെല്ലാമുൾപ്പെടെ മനോരമയിലെ അവതാരകരൊക്കെ മികച്ച പ്രഫഷണലുകളാണ്‌. എന്നാൽ അവരുടെ യഥാർത്ഥ കഴിവു പുറത്തെടുക്കാനോ, ചർച്ചകളിൽ അവരുടെ യഥാർത്ഥ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനോ മനോരമ മാനേജ്‌മന്റ്‌ അനുവദിക്കാറില്ല. അവരെ ചങ്ങലക്കിടാതെ കൂടുതൽ സ്വാതന്ത്ര്യം നൽകിയാൽ അവർക്കൊക്കെ കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നതിൽ സംശയമില്ല.

മനോരമ അവതാരകക്ക്‌ ഇപ്പോൾ നൽകിയ അവാർഡ്‌ ഉമ്മൻ ചാണ്ടിയും മനോരമ മാനേജ്മെന്റുമായുള്ള ബന്ധം മൂലമാണെന്ന് അൽപ്പജ്ഞാനികൾക്കു തോന്നിയാൽ അവരെ കുറ്റം പറയാനാവുമോ? പ്രത്യേകിച്ച്‌ കെ.എം.മാണിക്കെതിയായ വെളിപ്പെടുത്തൽ ബിജു രമേശ്‌ നടത്തിയത്‌ ഷാനി പ്രഭാകരൻ ഹോസ്റ്റ്‌ ചെയ്ത കൗണ്ടർപോയിന്റ്‌ ചർച്ചയിലായിരിക്കേ.

Tuesday, November 11, 2014

കയ്ച്ചിട്ടു തുപ്പാനും വയ്യാതെ ബാർ കോഴ ഹർജ്ജികൾ.


അപ്പോൾ കാര്യം വിവേചനാധികാരമല്ല. സി.പി.ഐയുടെ ഹർജ്ജിയും ഹൈക്കോടതി വാദത്തിനായി സ്വീകരിച്ചിട്ടില്ല. വിജിലൻസിന്റെ മറുപടി ലഭിച്ച ശേഷം ഹർജ്ജി തള്ളണോ അഡ്മിറ്റ്‌ ചെയ്യണോ എന്നു തീരുമാനിക്കും. കയ്ച്ചിട്ടു തുപ്പാനും വയ്യ എന്നതാണു സ്ഥിതി. ആദ്യം ആം ആദ്മി പാർട്ടിയുടെ ഹർജ്ജി, പിന്നാലെ ജനകീയനായ സുനിൽ കുമാറിന്റെ ഹർജ്ജി. ഇതെല്ലാം റെഡിമെയ്ഡ്‌ ടെക്സ്റ്റ്‌ ബുക്ക്‌ ന്യായം പറഞ്ഞ്‌ ചുമ്മാ ചുമ്മാ അങ്ങു തള്ളിയാൽ നാട്ടുകാർ വല്ലതും വിചാരിച്ചാലോ! അതാണു തളളലും കൊള്ളലും അല്ലാത്തൊരു നിലപാട്‌.

നീറ്റാ ജലാറ്റിൻ


ശുദ്ധജല സ്ത്രോതസ്സിനെ അതിഭീകരമായി മലിനപ്പെടുത്തുന്ന നീറ്റാ ജലാറ്റിൻ എന്ന കമ്പനിയുടെ ഓഫീസ്‌ അടിച്ചു തകർത്തവർക്കെതിരെ യു.എ.പി.എ എന്ന ഭീകരവിരുദ്ധ നിയമം ഉപയോഗിച്ചു കേസ്‌. കോഴിക്കോട്ട്‌ ഡൗൺ ടൗൺ റസ്റ്റോറന്റിനു നേരെ ഇതേ സമരമാർഗ്ഗം പ്രയോഗിച്ചവർക്കെതിരേ പെറ്റിക്കേസ്‌ മാത്രം. ഈ സമീപനങ്ങളിലുള്ള വ്യത്യാസം അഭ്യന്തര മന്ത്രി ഒന്നു വിശദീകരിക്കാമോ?

ജപ്പാനിൽ നിൽക്കക്കള്ളിയില്ലാതെ വന്നപ്പോഴാണു നീറ്റാ ജലാറ്റിൻ കാതികൂടത്തെത്തിയത്‌ എന്നുകൂടി ശ്രീമാൻ രമേശ്‌ ചെന്നിത്തല ഓർക്കണം.

Sunday, November 09, 2014

എം.വി.രാഘവൻ

അതിശക്തമായ കേഡർ സംവിധാനവും വ്യവസ്ഥാപിത കൈയ്യൂക്കു സംവിധാനവുമുള്ള പാർട്ടിയായ സി.പി.എമ്മിൽ നിന്നു പുറത്താക്കപ്പെട്ടൊരാൾ ആ കേഡർ കൈക്കരുത്തിനോടൊക്കെ അതേ നാണയത്തിൽ പൊരുതിനിന്നുവെന്നതാണ്‌ എം.വി.രാഘവൻ എന്ന മുൻ സി.പി.എമ്മുകാരനെ ശ്രദ്ധേയനാക്കുന്നത്‌. ഇ.എം.എസ്സുമായുള്ള വടംവലിയിൽ പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ടയാൾ. പിന്നെ എം.വി.ആറിനുള്ളതായി ആരോപിക്കാവുന്ന തകരാറുകളെല്ലാം തന്നെ സി.പി.എമ്മിൽ നിന്നും അദ്ദേഹം അനന്തരാവകാശമായി കൊണ്ടുപോയവ മാത്രമാണ്‌. എന്തായാലും സി.എം.പി എന്ന ഒറ്റയാൾ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ചരിത്രം ഇവിടെ ഏതാണ്ട്‌ അവസാനിക്കുന്നു എന്നതാണ്‌ ഈ മരണത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയ ഇംപാക്റ്റ്‌.

Friday, November 07, 2014

ബാർ കോഴക്കേസും സി.ബി.ഐ അന്വേഷണവും

ബാർ കോഴക്കേസ്‌ സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെടുന്ന ആം ആദ്മി പാർട്ടിയുടെ പൊതുതാത്പര്യ  ഹർജ്ജി, അതിന്റെ വസ്തുതകളിലേക്കൊന്നും തന്നെ കടക്കാതെ, ഇടപെടാൻ ഇപ്പോൾ സമയമായിട്ടില്ല എന്നു മാത്രം പറഞ്ഞുകൊണ്ട്‌ കേരളാ ഹൈക്കോടതി ഇന്നലെ  തള്ളി. ആക്റ്റിങ്ങ്‌ ചീഫ്‌ ജസ്റ്റിസ്‌ അശോക്‌ ഭൂഷൺ, ജസ്റ്റിസ്‌ എ.എം.ഷഫീക്ക്‌ എന്നിവരടങ്ങുന്ന ബഞ്ചാണ്‌ തീരുമാനമെടുത്തത്‌. "Too early and premature to intervene" (ഇടപെടാൻ ഇപ്പോൾ സമയമായിട്ടില്ല) എന്ന വിധിയിലെ വാചകം പക്ഷേ "immature" എന്നു മനഃപൂർവ്വം തെറ്റായി വായിച്ച്‌, "സാറാ ജോസഫിന്റെ ഹർജ്ജി അപക്വം എന്നു കോടതി"  വിധിച്ചതായി ചില ചാനലുകൾ റിപ്പോർട്ട്‌ ചെയ്തതു ശ്രദ്ധേയമാണ്‌.

ഒരു കേസ്‌ ഏതു സാഹചര്യത്തിൽ എപ്പോളാണ്‌ സി.ബി.ഐ അന്വേഷിക്കേണ്ടത്‌ എന്നതു സംബന്ധിച്ച്‌ യാതൊരു നിയമവും നിലവിലില്ല എന്നത്‌ ഇവിടെ അഴിമതി തൊഴിലാക്കിയ രാഷ്ട്രീയക്കാർക്ക്‌ വലിയ സൗകര്യവും, അതിനെതിരെ പൊരുതുന്നവർക്ക്‌ അസൗകര്യവുമാവുന്നു. സി.ബി.ഐയുടെ നിയമപരമായ അടിസ്ഥാനമായ 'ഡൽഹി പൊലീസ്‌ എസ്റ്റാബ്ലിഷ്‌മന്റ്‌ ആക്റ്റ്‌' എന്ന നിയമത്തിലും ഒരു കേസ്‌ സി.ബി.ഐ അന്വേഷണത്തിനു വിടുന്നതിനുള്ള മാനദണ്ഢങ്ങളൊന്നും പ്രതിപാദിക്കുന്നില്ല. പിന്നെ ആകെ സാധിക്കുക വിവിധ വിഷയങ്ങളിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ പലകാലത്തായി വിവിധ ഹൈക്കോടതികളിലും സുപ്രീംകോടതിയിലുമായി വന്നിട്ടുള്ള ഹർജ്ജികളിന്മേൽ അതാതു ബെഞ്ചുകൾ നടത്തിയിട്ടുള്ള വിധികളിൽ നമ്മുടെ കേസിനെ പിന്തുണക്കുന്ന തീരുമാനങ്ങൾ ഉദ്ധരിച്ചു വാദിക്കുക എന്നതു മാത്രമാണ്‌. എന്നാൽ ഈ കേസിൽ അത്തരമൊരു വാദത്തിലേക്കു പോവാതെയും കേസിന്റെ വസ്തുതകളിലേക്കു കടക്കാതെയും കേസ്‌ തള്ളുകയാണുണ്ടായത്‌.

ബാർ കോഴക്കേസിൽ ഇപ്പോൾ സർക്കാർ ആരംഭിച്ചിരിക്കുന്നത്‌ കേരളാ വിജിലൻസ്‌ മാനുവൽ പ്രകാരമുള്ള ക്യുക്ക്‌ വേരിഫിക്കേഷൻ (quick verification) ആണ്‌. 45 ദിവസം വരെ നീണ്ടു നിൽക്കാവുന്ന, വേണമെങ്കിൽ പിന്നെയും നീട്ടിയെടുക്കാവുന്ന ഈ "പ്രാഥമിക പരിശോധന" പൂർത്തിയായാൽ മാത്രമേ ഒരു കേസ്‌ രജിസ്റ്റർ ചെയ്യണോ വേണ്ടയോ എന്നും, എഫ്‌.ഐ.ആർ എഴുതണമോ എന്നുമൊക്കെ വിജിലൻസ്‌ തീരുമാനിക്കൂ. ചുരുക്കിപ്പറഞ്ഞാൽ സമയം നീട്ടിയെടുക്കുക, അതിനുള്ളിൽ പ്രശ്നം ഒത്തുതീർപ്പാക്കുക എന്നതാണ്‌ സർക്കാരിന്റെ പദ്ധതിയെന്നു വ്യക്തം.

വിജിലൻസ്‌ വകുപ്പ്‌ ഒരിക്കലും ഒരു കേസ്‌ രജിസ്റ്റർ ചെയ്യുക പോലും ചെയ്യാതെ 45 ദിവസമോ അതിലധികമോ സമയം എടുത്ത്‌ ഒരു പ്രാഥമിക പരിശോധന (preliminary examination) മാത്രം നടത്തി, ഒടുവിൽ തെളിവൊന്നും ലഭിച്ചില്ല എന്നു പറഞ്ഞൊരു കേസ്‌ ഡയറി മാത്രം എഴുതി അന്വേഷണം അവസാനിപ്പിച്ച്‌, അതിനുള്ളിൽ പണം കൈമാറ്റം ചെയ്തതിന്‌ അവശേഷിക്കുന്ന എന്തെങ്കിലും തെളിവുകളുണ്ടെങ്കിൽ അതുകൂടി കണ്ടെത്തി നശിപ്പിച്ച ശേഷമായിരിക്കും മറ്റൊരു ഏജൻസിയിലേക്ക്‌ ഈ കേസ്‌ എത്തുക.

ഈ വർഷമാദ്യം പുതിയ ബാർ ലൈസൻസിനായി അപേക്ഷിച്ച ഒരു സംഘം വ്യവസായികൾ  അതിനായി കോടതിയെ സമീപിച്ചു വാദിക്കുന്നതിനിടയിൽ, ലൈസൻസിനു യോഗ്യമല്ല എന്നു ജസ്റ്റിസ്‌ എം.രാമചന്ദ്രൻ കമ്മീഷൻ കണ്ടെത്തിയ ബാറുകൾ പോലും (418 എണ്ണം) കേരളത്തിൽ നിർബാധം തുറന്നു പ്രവർത്തിക്കുന്നുണ്ട്‌ (എന്നിട്ടും ഞങ്ങൾക്ക്‌ ലൈസൻസ്‌ തരാത്തതെന്തേ) എന്നു ചൂണ്ടിക്കാട്ടിയപ്പോഴാണ്‌ അതേപ്പറ്റി കോടതി അന്വേഷിച്ചത്‌. സംഗതി വാസ്തവമാണെന്നു സർക്കാരിന്റെ വക്കീലിനു സമ്മതിക്കേണ്ടി വരികയും, മുഖം രക്ഷിക്കാനായി സർക്കാർ ആ 418 ബാറുകളും പൂട്ടുമെന്നു കോടതിയെ അറിയിക്കുകയും, തുടർന്ന് അവയെല്ലാം മാർച്ച്‌ 31നു പൂട്ടുകയും ചെയ്തു. ലോക്സഭാ തെരെഞ്ഞെടുപ്പു കാലമായതിനാൽ അതിന്മേൽ സർക്കാർ തുടർനടപടിയൊന്നും എടുത്തില്ല, എങ്കിലും  തെരെഞ്ഞെടുപ്പു കഴിഞ്ഞാലുടൻ സർക്കാരും എക്സൈസുകാരും ബാറുകാരിൽ നിന്നു പിരിവു നടത്തുമെന്നും, പണം നൽകിയവരുടെ ബാറുകൾക്കു മാത്രം 'നിലവാരം' കൂടിയതായി കണ്ടു വീണ്ടും തുറക്കാൻ അനുമതി നൽകുമെമൊക്കെ എല്ലാവർക്കും പരക്കെ ബോധ്യമുണ്ടായിരുന്നു.

എന്നാൽ തെരെഞ്ഞെടുപ്പു കഴിഞ്ഞു പൂട്ടിയ ബാറുകൾ വീണ്ടും തുറക്കാൻ അണിയറ നീക്കങ്ങൾ തുടങ്ങിയതു മാധ്യമങ്ങൾ ചർച്ചയാക്കുകയും, ശ്രീ വി.എം.സുധീരൻ ആ നീക്കത്തെ എതിർക്കുകയും ചെയ്തപ്പോഴാണ്‌ സർക്കാർ പ്രതിരോധത്തിലായത്‌. ശ്രീ സുധീരന്റെ ഇടപെടലോടെ കൈവിട്ടുപോയ പ്രശ്നം തിരിച്ചു പിടിക്കാനുള്ള ചാണക്യ തന്ത്രങ്ങളാണു പിന്നീടു സർക്കാർ നടത്തിയത്‌. ശ്രീ സുധീരനു മറുപടിയെന്നവണ്ണം മുഴുവൻ ടു-സ്റ്റാർ ബാറുകളും പൂട്ടുമെന്നും, സർക്കാർ സമ്പൂർണ്ണ മദ്യനിരോധനത്തിലേക്ക്‌ പോകുന്നുവെന്നുമൊക്കെ തന്ത്രശാലിയായ ശ്രീ ഉമ്മൻ ചാണ്ടി പ്രഖ്യാപിക്കുന്നു. നിയമപരമായും പ്രായോഗികമായും ഒരു തരത്തിലും  നിലനിൽക്കാത്ത ഒരു പദ്ധതിയാണ്‌ മദ്യ നിരോധനത്തിനായി ശ്രീ ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചത്‌. വിഷയം കോടതിയിലെത്തുകയും സർക്കാരിന്റെ മദ്യനയം നിയമമാക്കാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തപ്പോഴും നിയമം ഭേദഗതി ചെയ്യാതെ ചട്ടങ്ങൾ മാത്രം ഭേദഗതി ചെയ്തു, അതും വിവേചനപരമായ വ്യവസ്ഥകളോടെ.

ആ നാടകം അങ്ങനെ മുഴുവൻ ജനങ്ങളേയും പരിഹസിച്ചു കൊണ്ടു മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ്‌ ബാർ ഉടമകളുടെ സംഘടനാ ഭാരവാഹിയായ ഡോ. ബിജു രമേശിന്റെ വെളിപ്പെടുത്തൽ വരുന്നത്‌. ഓക്ടാബർ 31നു മനോരമ ന്യൂസ്‌ ചാനലിൽ ഷാനി പ്രഭാകരൻ ഹോസ്റ്റ്‌ ചെയ്യുന്ന കൗണ്ടർ പോയിന്റ്‌ എന്ന വാർത്താ ചർച്ചയിലാണു കോഴ വിവരം ബിജു രമേശ്‌ വെളിപ്പെടുത്തുന്നത്‌. കോടതിയുടെ ചോദ്യത്തേത്തുടർന്ന് മാർച്ച്‌ മുപ്പത്തൊന്നിനു പൂട്ടാൻ തീരുമാനിച്ച ബാറുകൾ തുറന്നു കൊടുക്കാൻ കെ.എം.മാണി ഒരു കോടി രൂപ കോഴ ചോദിച്ചു എന്നും, അതു നൽകിയ ശേഷം വീണ്ടും അഞ്ചു കോടി കൂടി ആവശ്യപ്പെട്ടതു കൊടുക്കാത്തതിനാലാണു ബാറുകൾ തുറക്കാഞ്ഞത്‌ എന്നുമായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ.

ബിജു രമേശിന്റെ വെളിപ്പെടുത്തൽ ജനങ്ങളെ ഞെട്ടിച്ചില്ല. കാരണം മിക്ക രാഷ്ട്രീയക്കാരും സ്ഥിരമായ ഇടവേളകളിൽ വ്യവസായികളിൽ നിന്നും പണം വാങ്ങുന്നവരാണെന്നും, ബിസിനസ്സുകാർ സ്ഥിരമായി രാഷ്ട്രീയക്കാർക്കു പണം നൽകിക്കൊണ്ടിരിക്കുന്നവരാണെന്നുമെല്ലാം എല്ലാവർക്കും അറിവുള്ളതാണ്‌. പ്രതിസന്ധി ഘട്ടങ്ങളുണ്ടാവുമ്പോഴും കാര്യം നടത്തിക്കൊടുക്കാനുമെല്ലാം മന്ത്രിമാർ കൂടുതൽ പണം ചോദിക്കുമെന്നും, അതു നൽകാൻ ബിസിനസ്സുകാർ തയ്യാറാവുമെന്നും എല്ലാവർക്കും ബോധ്യമുണ്ട്‌. പക്ഷേ അങ്ങനെയൊക്കെ കൊടുത്തു ശീലിച്ച ഒരു ബിസിനസ്സുകാരൻ ഇതൊക്കെ ഒരു ദിവസം തുറന്നു പറയണമെങ്കിൽ അതിനു പിന്നിലൊരു ലക്ഷ്യമുണ്ടാവും എന്നും ഊഹിക്കാൻ ബുദ്ധിമുട്ടില്ല.

പക്ഷേ ഇവിടെയൊരു പ്രശ്നമുണ്ട്‌: മുഴുവൻ നാട്ടുകാരുടെയും മുന്നിൽ വച്ചൊരാൾ മന്ത്രി തങ്ങളോട്‌ കൈക്കൂലി ചോദിച്ചു എന്നും, ഞങ്ങൾ ഒരു ഗഡു നൽകി എന്നുമൊക്കെ വിളിച്ചു പറഞ്ഞാൽ പോലും കേസെടുക്കാൻ ഈ നാട്ടിൽ നിയമമില്ലേ? ടെലിവിഷനിലെ വെളിപ്പടുത്തലിന്റെ അടിസ്ഥാനത്തിലോ, പത്രവാർത്തകളുടെ അടിസ്ഥാനത്തിലോ ഒന്നും കേസെടുക്കാൻ, അഴിക്കേസിലാണെങ്കിൽ വിശേഷിച്ചും, കോടതികൾ തയ്യാറാവാറില്ല. അല്ലെങ്കിൽ പരാതിക്കാരൻ, അതായതു പണം നൽകിയയാൾ (ഇവിടെ ബിജു രമേശ്‌) പരാതി നൽകണം. എന്നാൽ സർക്കാരിനെ സമ്മർദ്ദത്തിലാക്കി കാര്യം സാധിച്ചെടുക്കാൻ മാത്രം ലക്ഷ്യമിടുന്ന ബാർ മുതലാളിമാർ പരാതി നൽകുകയില്ല എന്നുറപ്പാണ്‌. ഒരു കുറ്റകൃത്യം നടന്നു എന്നു ജനങ്ങൾക്കു മുഴുവൻ ബോധ്യപ്പെടുകയും, എന്നാൽ കൂട്ടുപ്രതികൾ തമ്മിലുള്ള ഒത്തുകളി മൂലവും നിയമത്തിന്റെ ദുർബലാവസ്ഥ മൂലവും കുറ്റവാളികൾക്കെതിരേ നടപടിയെടുക്കാനാവാതെ വരുന്ന നിസ്സഹായാവസ്ഥയിൽ ജനങ്ങൾക്ക്‌ എന്തു ചെയ്യാനാവും?

ഒന്നുകിൽ Prevention of Corruption Act 1988ഉം ബന്ധപ്പെട്ട മറ്റു നിയങ്ങളും ഭേദഗതി ചെയ്യുക, അല്ലെങ്കിൽ ഒരു സമഗ്ര ലോക്പാൽ നിയമം കോണ്ടുവരിക, അതു മാത്രമാണു പരിഹാരം. കൂടാതെ എല്ലാ രാഷ്ട്രീയപ്പാർട്ടികളേയും വിവരാവകാശ നിയമത്തിന്റെ കീഴിൽ കൊണ്ടുവരണം, അതായത്‌ അവരുടെ മുഴുവൻ ഫണ്ട്‌ വിവരങ്ങളും പൊതുജനങ്ങൾക്ക്‌ ലഭ്യമാവണം. അതിനൊരു ശ്രമം അഴിമതി തൊഴിലാക്കിയവരുടെ ഭാഗത്തു നിന്നുണ്ടാവും എന്നു പ്രതീക്ഷിക്കരുതല്ലോ.

ബാർ കോഴ വിഷയത്തിൽ നിയമ നടപടികൾ ആം ആദ്മി പാർട്ടു തുടരുക തന്നെ ചെയ്യും. വിജിലൻസിന്റെ നടന്നു കൊണ്ടിരിക്കുന്ന അന്വേഷണം നിരീക്ഷിച്ച ശേഷം എഫ്‌.ഐ.ആർ എഴുതാൻ സുപ്രീംകോടതി നൽകിയിരിക്കുന്ന 15 ദിവസം എന്ന സമയപരിധിക്കു ശേഷം ഹൈക്കോടതിയേത്തന്നെ വീണ്ടും സമീപിക്കുകയോ, അല്ലെങ്കിൽ സുപ്രീംകോടതിയെ നേരിട്ടു സമീപിക്കുകയോ ചെയ്യുന്ന കാര്യം പരിഗണിക്കുന്നു. കൈക്കൂലി വാങ്ങിയവരും കൊടുത്തവരും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കി ജനങ്ങളെ വിഡ്ഢികളാക്കിയിട്ടു രക്ഷപ്പെടാൻ എന്തായാലും ആം ആദ്മി പാർട്ടി അനുവദിക്കില്ല.