എണ്പതുകളിലും തൊണ്ണൂറുകളിലുമെല്ലാം പ്രണയകഥകള്‍ മലയാളത്തില്‍ നിത്യശീലമായിരുന്നിട്ടും, മലയാള സിനിമയിലെ പ്രണയകഥാ പരീക്ഷണങ്ങള്‍ ഒരിക്കലും നായര്‍-നായര്‍ പ്രണയത്തിനപ്പുറം പോയിട്ടില്ല. പല ജാതി മതസ്ഥര്‍ ജീവിക്കുന്ന അവര്‍ക്കെല്ലാമിടയില്‍ തിരിച്ചും മറിച്ചും പ്രണയവും വിരഹവും വിവാഹവുമെല്ലാം നടന്നിട്ടുള്ള കേരളത്തില്‍ പക്ഷേ സിനിമക്കു വിഷയമായത് നായര്‍-നായര്‍ പ്രണയങ്ങള്‍ മാത്രം. എന്തിന്, ഒരു ഈഴവ-നായര്‍ പ്രണയമോ ഒരു ഈഴവ-പുലയ പ്രണയമോ പോലും മലയാള മുഖ്യധാരക്ക് ഒരിക്കലും വിഷയമായിട്ടില്ല. മലയാളത്തിന്‍റെ ആ സുവര്‍ണ്ണ കാലവും കഴിഞ്ഞ് ഈ അതിതീവ്ര വര്‍ഗീയ കാലത്താണ് ഒരു ഹിന്ദു-മുസ്ലീം പ്രണയം മലയാള സിനിമക്കു വിഷയമായത് എന്നത് അത്ഭുതകരമാണ്.
ഹിന്ദു-മുസ്ലീം പ്രണയത്തില്‍ നാമെല്ലാം എപ്പോഴും പ്രതീക്ഷിക്കുന്ന സമൂഹത്തിന്‍റെ ഇടപെടലും അതുണ്ടാക്കാവുന്ന തീയും പുകക്കുമപ്പുറം പക്ഷേ കാഞ്ചനയുടെ കഥയെ അസാധാരണമാക്കുന്നത്, കാഞ്ചനയുടെ അസാധാരണവും അവിശ്വസനീയവുമായ പ്രതിരോധവും കാത്തിരിപ്പും തന്നെയാണ്. ഒടുവില്‍ മൊയ്തീന്‍റെ മരണമെന്ന വിധി നിശ്ചയത്തിനു മുന്നിലും കീഴടങ്ങാതെയുള്ള കാഞ്ചനയുടെ ഇന്നും തുടരുന്ന ജീവിതമാണ്. ഒരു കല്‍പ്പിത കഥയായിരുന്നെങ്കില്‍ എത്ര വിശ്വസനീയമായി ചിത്രീകരിച്ചിരുന്നെങ്കിലും ബോധ്യം വരാത്ത ഈ കഥ സ്വീകരിക്കപ്പെട്ടത് അതു യഥാര്‍ത്ഥത്തില്‍ സംഭാവിച്ച്ചതായത് കൊണ്ടു മാത്രമാണ്.
സിനിമയിലെ ചരിത്രപരവും, കാലപരവുമായ തെറ്റുകൾ വി.ടി.ബല്‍റാം എം.എൽ.എ മുതല്‍ നിരവധിയാളുകള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ആര്‍.ശങ്കറിന്റെയും ഇന്ദിരാഗാന്ധിയുടേയും ഭരണകാലം സംബന്ധിച്ച അന്തരവും, കാലത്തിനു മുൻപേ ആയിപ്പോയ "ഇന്ത്യയെന്നാൽ ഇന്ദിര" എന്ന മുദ്രാവാക്യവും മറ്റുമൊക്കെ. കോൺഗ്രസ്സുകാരനായ പിതാവും സോഷ്യലിസ്റ്റായ മകനും തമ്മിലെ രാഷ്ട്രീയ വൈരം ഒന്നോ രണ്ടോ സീനുകളിലൂടെ വിശദീകരിക്കാൻ തിരക്കഥാകൃത്ത് കണ്ട എളുപ്പവഴിയാണ് ഇതൊക്കെയെന്നു വ്യക്തം. ചരിത്രപരമായ ആ പിശകുകൾ കൂടാതെ, സംഭാഷണത്തിലും കാലപരമായ പോരായ്മകൾ സിനിമയിലുണ്ട്.
എന്നാല്‍ കാഞ്ചനയുടെ ഐതിഹാസിക കഥ പറയുന്നതിനിടയിലെ ചരിത്രപരമായ ചെറിയ പിശകുകൾ അവഗണിച്ചാലും, ന്യായീകരിക്കാനാവാത്ത വിധം സിനിമ ചിലയിടങ്ങളിൽ ബോധപൂർവ്വം യാഥാർത്ഥ്യത്തിൽ നിന്നു വ്യതിചലിക്കുന്നുണ്ട്. മൊയ്തീന്റെ സാത്വികനായ പിതാവിനെ നിറം ചാർത്തി വില്ലൻ വേഷം കെട്ടിക്കുന്നതും, വിപ്ലവകാരിയായിരുന്ന മൊയ്തീൻ അവതരിപ്പിച്ച സ്റ്റേജ് നാടകത്തെ കോമാളിത്തരമാക്കി ചുരുക്കുന്നതും, കാഞ്ചന എന്ന ധിഷണാശാലി ആ കോമാളിത്തരം ആസ്വദിക്കുന്നതും, കാഞ്ചനയുടെ സഹോദരൻ മൊയ്തീനെ കൊല്ലാൻ ശ്രമിക്കുന്നതുമൊക്കെ തീയറ്ററിലെ ശരാശരി പ്രേക്ഷകരെ ഉദ്ദേശിച്ചുള്ള സിനിമാറ്റിക്ക് വ്യതിയാനങ്ങളാണ്. ഇത്തരം സിനിമാറ്റിക്ക് ഇംപ്രോവൈസേഷനുകളൊന്നും ഇല്ലാതെ തന്നെ കാഞ്ചനയുടെ കഥ സ്വീകരിക്കപ്പെടുമായിരുന്നുവെന്നിടത്ത് തീയറ്റർ വിജയത്തിനു വേണ്ടി നടത്തിയ ഈ ഇടപെടലുകൾ ന്യായികരിക്കാവുന്നതല്ല.
എഴുതപ്പെട്ട ചരിത്രത്തിൽ കൊട്ടിഘോഷിക്കപ്പെട്ട സൂപ്പർ താരങ്ങളെ അപേക്ഷിച്ച് ജീവിതത്തിൽ വലിയ പോരാട്ടങ്ങൾ നടത്തി ഒന്നും ആവാതെ പോയ, ആരും അറിയാതെ പോയ ആയിരക്കണക്കിനു ഹീറോകൾ വിസ്മരിക്കപ്പെടുന്നൊരു ലോകത്ത് കാഞ്ചനയേപ്പോലെ ഏതാനും പേരെങ്കിലും ഓർമ്മിക്കപ്പെടുന്നതും, അതിനു മലയാള സിനിമ കാരണമാകുന്നതുമൊരു നന്മയാണ്. കെ.ടി.എസ്സ്.കോട്ടൂരെന്ന പഴയൊരു വിപ്ലവകാരിയെ രൺജിത്തിന്റെ "ഞാൻ" എന്ന സിനിമയിലൂടെ പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ചിരുന്നു.
മലയാളത്തില്‍ കുറേ നാളുകൾക്കു ശേഷം കണ്ട ഒരു നല്ല സിനിമയാണ് 'എന്നു നിന്റെ മൊയ്തീൻ'. ജീവിതത്തിലെപ്പോഴെങ്കിലും പ്രണയിച്ചിട്ടുള്ളവർക്ക് ഒരിക്കലെങ്കിലും കണ്ണു നനയാതെ കണ്ടിരിക്കാനാവില്ല "എന്ന് നിന്റെ മൊയ്തീൻ" എന്ന ചിത്രം.
സിനിമയില്‍ അഭിനയം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നത് നായകനായ പൃത്വിരാജിനെക്കാള്‍ കാഞ്ചനയെ അവതരിപ്പിച്ച പാര്‍വതിയാണ്.
No comments:
Post a Comment