Monday, September 07, 2015

ഗുരുവിന്റെ ക്രൂശിത ടാബ്ലോ



ശ്രീ നാരായണഗുരുവിനെ കുരിശിൽ തറച്ചതായുള്ള നിശ്ച്ചല ദൃശ്യത്തിന്‌ ഒരു തകരാറുമില്ല, എന്നല്ല അതു തന്നെയാണ്‌ എസ്‌.എൻ.ഡി.പിയുടെ ഇന്നത്തെ അവസ്ഥയുടെ ഏറ്റവും ശരിയായ ആവിഷ്ക്കാരം  എന്നു പറയാനുള്ള ചങ്കൂറ്റം വി.എസ്സിനും കൊടിയേരിക്കുമുണ്ടായില്ല. അവരിപ്പോൾ കമ്മ്യൂണിസ്റ്റുകാരല്ല, വെറും രാഷ്ട്രീയക്കാരാണ്‌.

ഗുരുവിന്റെ ക്രൂശിത ടാബ്ലോയെ വെള്ളാപ്പള്ളി നടേശൻ നന്നായി മുതലെടുത്തു എന്നതു ശരിതന്നെയാണ്‌. പണ്ടു തട്ടീം മുട്ടീം വല്ലതും പറഞ്ഞൊപ്പിച്ചിരുന്ന നടേശൻ മുതലാളി എത്ര രാഷ്ട്രീയ വിരുതോടെയാണു പറഞ്ഞത്‌ "ഗുരുവിനു പകരം എന്നെയങ്ങു കുരിശിൽ തറക്കാമായിരുന്നില്ലേ" എന്ന്.

ഗുരുവിനെ ക്രൂശിക്കുന്ന ടാബ്ലോ കണ്ടാൽ നോവുന്ന അണികളെ പ്രീണിപ്പിച്ചു പിടിച്ചു നിർത്താനല്ല കമ്മ്യൂണിസ്റ്റു പാർട്ടി ശ്രമിക്കേണ്ടത്‌, മറിച്ച്‌ ഗുരുവിനെ മുതലെടുക്കുന്ന വെള്ളാപ്പള്ളിയെ തല്ലിക്കൊല്ലാനുംമാത്രം ഗുരുവിനെ തിരിച്ചറിഞ്ഞ ഒരു സമുദായത്തെ സൃഷ്ടിക്കാനാണ്‌. ബി.ജെ.പിയാവാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റു പാർട്ടി സ്വന്തം പ്രസക്തി സ്വയം നഷ്ടപ്പെടുത്തുകയാണ്‌.

പതിനെട്ടാം നൂറ്റാണ്ടു മുതലുള്ള യൂറോപ്പിലെ ശാസ്ത്ര വിപ്ലവവും, അതിനു മുൻപു ഫ്രാൻസിലാരംഭിച്ച ജനാധിപത്യ വിപ്ലവത്തിനുമെല്ലാം ഇന്ധനമായത്‌ 15ആം നൂറ്റാണ്ടിലെ യൂറോപ്പിലെ ചിന്താ-വിപ്ലവമാണ്‌ (Renaissance). യുവാവായ യേശുവിനെ മടിയിൽ വച്ചിരിക്കുന്ന യുവതിയായ കന്യാമറിയത്തിന്റെ പ്രശസ്ത ശിൽപമായ പിയെത്ത (മൈക്കലാഞ്ചലോ) ഉൾപ്പെടെയുള്ളവ യൂറോപ്പിലെ ആവിഷ്കാര വിപ്ലവത്തിന്റെ ആരംഭമായിരുന്നു. കത്തോലിക്കാ സഭയുടെ ചെലവിൽ സഭയുടെ പള്ളിവളപ്പിളാണ്‌ മൈക്കലാഞ്ചലോ പിയത്ത സ്ഥാപിച്ചത്‌.

പാരമ്പര്യങ്ങളെ ലംഘിക്കുന്ന ചിന്താവിപ്ലവത്തിനു തയ്യാറായില്ലെങ്കിൽ ഇന്ത്യക്ക്‌ ഒരിക്കലും ലോകത്തെ നയിക്കുന്ന ഒരു സംസ്ക്കാരമാവാൻ സാധിക്കില്ല. ഉപനിഷദ്‌ കാലത്തിനു ശേഷം നാം കൈവിട്ട ചിന്താ-ആവിഷ്ക്കാര സ്വാതന്ത്ര്യം ഭാരതത്തിലേക്ക്‌ ഇനിയും തിരിച്ചെത്തിയിട്ടില്ല.

No comments:

Post a Comment