Tuesday, September 08, 2015

നാരായണഗുരു ഹിന്ദുമതത്തെ തകർക്കുന്നുവെന്ന് ഈഴവന്റെ ഹർജ്ജി!

നാരായണഗുരുവിനെ 17 ആം പ്രതിയാക്കി പറവൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ 1924 ല്‍ ഒരു അന്യായം ഫയല്‍ ആക്കിയിരുന്നു. കേസിനാസ്പദമായ സംഭവം ഇങ്ങനെ ഗ്രഹിക്കാം.

നന്ത്യാട്ടുകുന്ന് കാക്കനാട്ടുവീട്ടില്‍ പാര്‍പ്പുകാരനുംഈഴവരും മരുമക്ക വഴി ഹിന്ദുമതക്കാരുമായ കൊച്ചിറ്റിയയുടെ അനന്തിരവര്‍ ശങ്കുണ്ണി, നീലകണ്ഠന്‍, മകള്‍ മാധവി എന്നിവരാണ് വാദികള്‍. ഇവരുടെ കുടുംബസ്വത്തായിരുന്ന കാളികുളങ്ങര ക്ഷേത്രവും വസ്തുവകകളും ശ്രീനാരായണ ഗുരുവിനെ നിര്‍ബന്ധിച്ച് ഏല്പിക്കുകയായിരുന്നു. ഈ ഈഴവ ക്ഷേത്രത്തില്‍ പുലയര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

ക്ഷേത്രത്തിന്റെ നടത്തിപ്പ് നാരായണഗുരു ഏറ്റെടുത്തപ്പോള്‍ ആദ്യം ചെയ്തത് പുലയരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കലായിരുന്നു. വാദികള്‍ ഇതില്‍ ക്ഷുഭിതരായി പുലയര്‍ കയറിയ ക്ഷേത്രം പുണ്യാഹം തളിച്ച് ശുദ്ധമാക്കണമെന്നായി. ഗുരു അതിന് സമ്മതം നല്കിയില്ല. തുടര്‍ന്നാണ് ചതിയനും വഞ്ചകനുമായ 17 ആം പ്രതി പുലയരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ച് ക്ഷേത്രത്തിന് അശുദ്ധം വരുത്തി ഹിന്ദുമത വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു വാദിഭാഗം ഗുരുവിനെപ്പറ്റി ആരോപണം ഉന്നയിച്ചിരുന്നത്.

ഹിന്ദുമതസാരമായ അയിത്തം ലംഘിച്ച് ഹിന്ദുമതത്തെ തകര്‍ക്കുന്ന 17 ആം പ്രതി നാരായണഗുരുസ്വാമി എന്നുകൂടി പറഞ്ഞു വരുന്ന 70 വയസ്സുള്ള നാണുവാശാന് പരമാവധി ശിക്ഷ നല്കി ഹിന്ദുമതത്തെ രക്ഷിക്കണമെന്നായിരുന്നു ഇക്കൂട്ടരുടെ വാദം.

Source: ഒരു മഹാമനീഷിയുടെ ജീവിത സാക്ഷ്യങ്ങള്‍ - ഡോ. കെ എസ് രാധാകൃഷ്ണന്‍.
My source: A Facebook post.

No comments:

Post a Comment