Tuesday, January 06, 2015

സുനന്ദ പുഷ്കറിന്റെ മരണം കൊലപാതകമെന്നു എഫ്‌.ഐ.ആർ.

സുനന്ദ പുഷ്കറിന്റെ മരണം കൊലപാതകമെന്നു ഡൽഹി പൊലീസിന്റെ എഫ്‌.ഐ.ആർ. ഈ കേസിൽ ശശി തരൂർ ശിക്ഷിക്കപ്പെടുമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നുവെങ്കിൽ അത്‌ ഇന്ത്യൻ രാഷ്ട്രീയത്തിലെ വിരുദ്ധപക്ഷത്തുള്ളവർ തമ്മിലുള്ള പരസ്പരസഹകരണത്തിന്റെ ചരിത്രമറിയാഞ്ഞിട്ടാണ്‌. കൊലക്കേസിന്റെ വാൾമുനയിൽ നിർത്തി ശശി തരൂർ എന്ന എതിർപക്ഷക്കാരൻ തിരുവനന്തപുരം എം.പിയെ ആവശ്യാനുസരണം നിയന്ത്രിക്കുക എന്ന ലക്ഷ്യം മാത്രമേ ഇക്കാര്യത്തിൽ ബി.ജെ.പിക്കുള്ളൂ എന്നു വ്യക്തം.

അടുത്ത നിയസഭാ തെരെഞ്ഞെടുപ്പിനോടടുത്ത്‌ ഈ കേസിന്റെ കൂടുതൽ അന്വേഷണ വിവരങ്ങൾ പുറത്തുവിടുന്നത്‌ തിരുവനന്തപുരത്തെങ്കിലും തങ്ങൾക്കു രാഷ്ട്രീയമായി പ്രയോജനമുണ്ടാക്കുമെന്ന് ബി.ജെ.പി കരുതുന്നുണ്ടാവും. എന്നാൽ ബി.ജെ.പി നേതാക്കന്മാരുൾപ്പെടെ എല്ലാ പാർട്ടികളിലേയും ഉന്നത നേതാക്കന്മാരുമായി നല്ല ബന്ധമുള്ളയാളും, സർവ്വോപരി നല്ല ബിസിനസ്സുകാരനുമാണു ശ്രീ തരൂർ. ബി.ജെ.പി ലക്ഷ്യമിടുന്ന രാഷ്ട്രീയ ലക്ഷ്യമെല്ലാം നേടിക്കഴിഞ്ഞാൽ പിന്നെ കേസിൽ തരൂരിനെതിരേ തെളിവില്ല എന്നു പറഞ്ഞൊരു അന്വേഷണ റിപ്പോർട്ടായിരിക്കും ഡൽഹി പൊലീസ്‌ സമർപ്പിക്കാൻ പോവുന്നത്‌ എന്നു തിരിച്ചറിയാൻ കഴിഞ്ഞ കാൽ നൂറ്റാണ്ട്‌ ഇന്ത്യൻ രാഷ്ട്രീയം നിരീക്ഷിച്ച പരിചയം മാത്രം മതിയാവും.

മെഹർ തരാർ എന്ന സ്ത്രീയുമായുള്ള ബന്ധത്തേച്ചൊല്ലി ഭാര്യയും ഭർത്താവും തമ്മിൽ നടന്ന ഒരു വഴക്ക്‌ കൊലയിൽ കലാശിച്ചതാണു സുനന്ദയുടെ മരണം എന്ന തരത്തിൽ ലഘൂകരിച്ചാണ്‌ ഭൂരിഭാഗം മാധ്യങ്ങളും റിപ്പോർട്ട്‌ ചെയ്യുന്നത്‌. എന്നാൽ ഇതു യഥാർത്ഥത്തിൽ ഇന്ത്യയിലെ പണം കായ്ക്കുന്ന മരമായ, കള്ളപ്പണം ഒഴുകിയെത്തുന്ന മഹാസമുദ്രമായ ഐ.പി.എൽ ക്രിക്കറ്റുമായി ബന്ധപ്പെട്ട, അതിലെ സുനന്ദയുടെ ദുരൂഹമായ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ കൊലയിൽ അവസാനിച്ചതാണ്‌ എന്നതാണു മാധ്യമപ്രവർത്തകർ നൽകുന്ന സൂചന.

ഹോട്ടൽ മാനേജ്മെന്റിൽ ഡിപ്ലോമ നേടി 1985ൽ ശ്രീനഗറിലെ സെന്റോർ ഹോട്ടലിൽ (Centaur Lakeview) താത്കാലിക റിസപ്ഷനിസ്റ്റായി തൊഴിൽ ജീവിതം ആരംഭിച്ച ശ്രീമതി സുനന്ദാ പുഷ്ക്കറിന്റെ 2012ലെ വെളിപ്പെടുത്തപ്പെട്ട ആസ്തി (disclosed assets) മാത്രം 225 കോടി രൂപയായിരുന്നു[1]. ഐ.പി.എൽ ഫ്രാഞ്ചൈസ്‌ നേടിയ Rendezvous Sports World എന്ന കമ്പനിയിലെ സുനന്ദയുടെ അൻപതു കോടി രൂപ വിലമതിക്കുന്ന ഓഹരിയുടെ ഉറവിടം സംബന്ധിച്ച ദുരൂഹത ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്‌ [2][3]. ഏതാണ്ടതുപോലെ തന്നെ ദുരൂഹമാണ്‌ റിസപ്ഷനിസ്റ്റായും, പരസ്യ ഏജൻസി ജീവനക്കാരിയായും, ചെറുകിട ഇവന്റ്‌ മാനേജരായുമൊക്കെ ജീവിച്ച സുനന്ദ പുഷ്ക്കറിന്റെ 225 കോടി ആസ്തിയുടെ ഉറവിടവും. ആ ദുരൂഹതകളുടെയെല്ലാം സ്വാഭാവിക പരിണതി തന്നെയായിരുന്നു ഒടുവിൽ സുനന്ദയുടെ മരണവും. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ടു പറഞ്ഞു കേൾക്കുന്ന പേരുകളിൽ നീരാ റാഡിയ ടേപ്പ്‌ ഫെയിം ബർഖാ ദത്തയുൾപ്പെടെയുള്ളവരുണ്ട്‌.

സുനന്ദ പുഷ്ക്കറിന്റെ മുൻഭർത്താവ്‌ മലയാളിയായ സുജിത്‌ മേനോൻ 1997 മാർച്ചിൽ ഡൽഹിയിലെ കരോൾ ബാഗിൽ കാറപകടത്തിൽ മരിച്ചതും സംശയങ്ങൾ ബാക്കിയാക്കിയാണ്‌. അന്നു സുജിത്‌ മേനോന്റെ മരണവുമായി ബന്ധപ്പെട്ടും ദുരൂഹമായ ചില സാമ്പത്തിക ഇടപാടുകൾ ചർച്ച ചെയ്യപ്പെട്ടിരുന്നു. സുജിത്‌ മേനോന്റെ മരണം അപകടം തന്നെയാണോ, ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന സംശയങ്ങളൊക്കെ അന്നു പ്രാദേശിക മാധ്യമങ്ങൾ ഉയർത്തിയിരുന്നു. ഏതായാലും ഇന്ത്യൻ രാഷ്ട്രീയ ചുറ്റുപാടിൽ ഈ മരണങ്ങളിലെയൊക്കെ സത്യാവസ്ഥ എന്നെങ്കിലും പുറത്തുവരും എന്നു വിശ്വസിക്കുന്നതു മൗഢ്യമായിരിക്കും.

ബി.ജെ.പി ഉദ്ദേശിക്കുന്ന പരിധിക്ക്‌ അപ്പുറത്തേക്ക്‌ അന്വേഷണം പോകില്ല എന്നുറപ്പുവരുത്താൻ ഡൽഹി തെരെഞ്ഞെടുപ്പിനു മുൻപ്‌ സുനന്ദാ പുഷ്ക്കർ കേസ്‌ സി.ബി.ക്കു വിടാനാണു സാധ്യത. സി.ബി.ഐ ഇടപെടൽ അനിവാര്യമാക്കാനുള്ള തിരക്കഥ കൂടിയാണ്‌ ഇപ്പോൾ നടപ്പാക്കിവരുന്നത്‌.

Notes:
1.  2012ൽ ശശി തരൂർ പ്രധാനമന്ത്രിക്കു നൽകിയ സ്വത്തു വിവരത്തിൽ നിന്ന്. ശശി തരൂരിന്റെ വെളിപ്പെടുത്തിയ ആസ്തി മൂല്യം 25 കോടി രൂപ.
2. അതു സംബന്ധിച്ച അന്നത്തെ ഐ.പി.എൽ അധ്യക്ഷൻ ശ്രീ ലളിത്‌ മോദിയുടെ വെളിപ്പെടുത്തലുകളും തുടർന്നുണ്ടായ വിവാദങ്ങളുമാണ്‌ അന്നു ശശി തരൂരിനു കേന്ദ്ര മന്ത്രിസഭയിലെ സ്ഥാനം നഷ്ടപ്പെടുത്തിയത്‌. പിന്നീട്‌ ജനം അതൊക്കെ മറന്നുവെന്നു കോൺഗ്രസ്സ്‌ നേതൃത്വത്തിനു ബോധ്യപ്പെട്ടപ്പോൾ തരൂരിനെ വീണ്ടും മന്ത്രിയാക്കി.
3. ഓരോ ഐ.പി.എൽ ടീമിനും ജയപരാജയ ഭേദമില്ലാതെ സീസൺ അവസാനിക്കുമ്പോൾ സംഘാടകർ ലാഭവിഹിതമായി നൽകുന്നത്‌ ഏതാണ്ട്‌ 150 കോടി രൂപ. ഇതിന്റെ വിഹിതം ഓഹരിയുടമകൾക്കു ലഭിക്കും.

No comments:

Post a Comment