കേരളത്തിലെ വലിയ തുണിക്കടകളിലെ സെയിൽസ് ഗേൾസ് നേരിടുന്ന പ്രശ്നങ്ങൾ കേരളത്തിലെ ജനങ്ങളുടെ ശ്രദ്ധയിലേക്കായി അവതരിപ്പിക്കുന്നു:
1. ജോലി 16 വയസ്സു മുതൽ 35-37 വയസ്സുവരെ മാത്രം. ഇത്തരം സ്ഥാപനങ്ങൾക്ക് ആവശ്യം ഈ പെൺകുട്ടികളുടെ നല്ലപ്രായവും പ്രായത്തിന്റെ ആകഷണീയതയും മാത്രമാണ്. 16-17ാം വയസ്സുമുതൽ ജോലിയിൽ കയറുന്ന പെൺകുട്ടികളെ അവർ 35-37 ആകുമ്പോൾ പിരിച്ചുവിടും. പലപ്പോഴും നേരിട്ടുള്ള പിരിച്ചുവിടലിനു പകരം സ്ഥലം മാറ്റം, കൂടുതൽ ബുദ്ധിമുട്ടുള്ള ജോലിയേൽപ്പിക്കുക തുടങ്ങിയ ആയുധങ്ങളാണ് ഉപയോഗിക്കുക. അപ്പോൾ അവർ സ്വയം പിരിഞ്ഞു പൊയ്ക്കൊള്ളും.
2. ജോലി സമയം 12 മണിക്കൂർ. നഗരമധ്യത്തിലെ ഷോറൂമുകളിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾ മിക്കവരും നഗത്തിനു പുറത്തുനിന്നു വരുന്നവരാണ്. എറണാകുളത്തെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾ മിക്കവരും കിഴക്ക് മുളന്തുരുത്തി മുതൽ വൈക്കം വരെ, തെക്ക് ആലപ്പുഴ ജില്ല, വടക്ക് പറവൂർ മുതൽ കൊടുങ്ങല്ലൂർ വരെയുള്ള സ്ഥലങ്ങളിൽ നിന്നു വരുന്നവർ. രാവിലെ ഏഴിനു വീട്ടിൽ നിന്നിറങ്ങിയാൽ രാത്രി ഒൻപതിനു ശേഷം മാത്രം തിരിച്ചെത്താൻ സാധിക്കുന്നവർ. സ്വന്തം വീട്ടിലെ കാര്യമോ, സ്വന്തം കുട്ടികളുടെ കാര്യമോ നോക്കാൻ സമയമില്ല. പലരുടേയും കുട്ടികൾ മാതാപിതാക്കളുടെ ശ്രദ്ധക്കുറവു മൂലമുള്ള പ്രശ്നങ്ങൾ നേരിടുന്നവർ. അവരുടെ കുട്ടികൾ കഴിവുള്ളവരെങ്കിലും മാതാപിതാക്കളുടെ ശ്രദ്ധക്കുറവുകൊണ്ടു പഠനത്തിൽ പിന്നോക്കം പോവുന്നു.
3. പല സ്ഥാപനങ്ങളിലും ആഴ്ച്ചയിൽ ഒരു ദിവസം പോലും അവധിയില്ല. ആഘോഷ ദിവസങ്ങളിലും ഇല്ല അവധി.
4. പ്രസവാവധി എന്നൊന്നില്ല. ഗർഭിണിയായി, അതു പുറമേക്കു ദൃശ്യമായാൽ പണി പോയി. പിന്നെ പ്രസവം കഴിഞ്ഞു വേണമെങ്കിൽ വേറേ പണിയന്വേഷിക്കാം. അപ്പോൾ പിന്നെ മുലയൂട്ടൽ അവധി പോലെ മധ്യവർഗ്ഗ വനിതകൾക്കു ലഭിക്കുന്ന ആർഭാടങ്ങളൊന്നും ഇല്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ശമ്പളത്തോടെയുള്ള അവധി ഇല്ല എന്നതല്ല ഇവിടുത്തെ പരാതി. അവധിയേ ഇല്ല. ജോലിയിൽ നിന്നു വിട്ടുനിൽക്കണമെങ്കിൽ ജോലി കളഞ്ഞിട്ടു പോകണം.
5. മുഴുവൻ സമയവും ഇവരുടെ ഓരോ ചലനവും സെക്യൂരിറ്റി ക്യാമറയാൽ "മുകളിൽ നിന്ന്" നിരീക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. അതിനാൽ അവർക്ക് ഒരു തരത്തിലുമുള്ള സ്വാതന്ത്ര്യമോ, സ്വകാര്യതയോ ജോലിസമയത്ത് ഇല്ല. കസ്റ്റമറുടെ മുന്നിൽ വച്ചുള്ള പെരുമാറ്റം എപ്പോഴും "മുകളിലൊരാൾ" കാണുന്നുണ്ട് എന്ന ഭയത്തോടെയാണ്. അവർ ചിരിക്കാൻ പോലും മടിക്കുന്നത്, അല്ലെങ്കിൽ അവരുടെ ചിരി ഭയം നിഴലിക്കുന്ന കൃത്രിമ ചിരിയാവുന്നത് അതുകൊണ്ടാണ്.
6. ആളില്ലാത്ത സമയത്തു പോലും സെയിൽസ് ഗേൾസ് തമ്മിൽ പരസ്പരം സംസാരിക്കുകയോ, സാധാരണ മനുഷ്യരെപ്പോലെ പരസ്പരം ഒരു തമാശ പറഞ്ഞു ചിരിക്കുകയോ ഒന്നും ചെയ്യാറില്ല. കാരണം എല്ലാം കണ്ടുകൊണ്ട് "മുകളിലൊരാൾ" ഉണ്ട്. ഈ വക സംസാരം വല്ലതും സെക്യൂരിറ്റി ക്യാമറ പിടിച്ചെടുത്താൽ ശകാരം ഉറപ്പ്, ചിലപ്പോൾ ഫൈനും.
7. കസ്റ്റമർ ഒരുപാടു സമയം മെനെക്കെടുത്തി, അലമാരിയിലെ തുണി മുഴുവൻ എടുത്ത് പരിശോധിച്ചു നോക്കിയ ശേഷം ഒന്നുമെടുക്കാതെ പോയാൽ മാനേജരുടെ വക ശകാരം സേൽസ് ഗേളിന്.
8. എന്തെങ്കിലും കാരണവശാൽ കസ്റ്റമർ സേവനത്തേപ്പറ്റി എന്തെങ്കിലും പരാതി പറയാനിടവന്നാൻ അതിനു പ്രതിഫലം സഹപ്രവർത്തകരുടെ മുന്നിൽ വച്ച് കനത്ത ശകാരവും, ഫൈനും, "സൂക്ഷിച്ചു നിന്നില്ലെങ്കിൽ പറഞ്ഞുവിടും" എന്ന വിരട്ടും.
9. ഇതെല്ലാം കഴിഞ്ഞ് ലഭിക്കുന്ന മാസശംബളമാവട്ടെ രൂപ 3500...!!!
കേരളത്തിലെ ചുമട്ടുതൊഴിലാളികൾ മുതൽ സർക്കാർ ജീവനക്കാർ വരെയുള്ളവരുടെ അവകാശങ്ങൾക്കായി പോരാട്ടം നടത്തി തൊഴിലാളി വർഗ്ഗ പാർട്ടിയായി വളർന്നു വന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളോ, പിന്നിട് ആ മാതൃക പിന്തുടർന്ന് ട്രേഡ് യൂണിയനുകൾ ഉണ്ടാക്കിയ കോൺഗ്രസ്സോ ഒന്നും ഇപ്പോൾ അങ്ങേയറ്റം ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളായ സെയിൽസ് ഗേൾസ്, നഴ്സുമാർ തുടങ്ങിയവരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാത്തതിനു കാരണം, കേരളത്തിലെ പ്രമുഖ തുണിക്കടകൾ, വൻകിട ആശുപത്രികൾ എന്നിവയിൽ ഈ പാർട്ടികളിലെ ഉന്നത നേതാക്കന്മാർക്ക് ഓഹരിയുണ്ട് എന്നതാണ്. കേരളത്തിലെ മിക്കവാറുമെല്ലാ രാഷ്ട്രീയ നേതാക്കന്മാരും, കമ്മ്യൂണിസ്റ്റുകാർ പോലും, ബിസിനസ്സുകാർ കൂടിയാണ്. അവർ നടത്തുന്ന ബിസിനസ്സുകളിൽ ക്വാറികളും, ബാറുകളും, സ്റ്റാർ ഹോട്ടലുകളും, കാർ ഡീലർഷിപ്പുകളും, സ്വർണ്ണക്കടകളും ആശുപത്രികളും, മെഡിക്കൽ കോളേജുകളും, എഞ്ചിനിയറിങ്ങ് കോളേജുകളും, തുണിക്കടകളുമെല്ലാം പെടും.
കേരളത്തിലെ ടെലിവിഷൻ ചാനലുകളുടെയും പത്രങ്ങളുടെയും പരസ്യവരുമാനത്തിൽ വലിയൊരുപങ്കും വൻകിട സ്വർണ്ണക്കടകളിലും തുണിക്കടകളിലും നിന്നു മാത്രമാണ്. അതിൽ തന്നെ സംസ്ഥാനതലത്തിൽ പരസ്യം ചെയ്യുന്ന വിരലിലെണ്ണാവുന്ന സ്ഥാപങ്ങളിലൊന്നാണ് കല്യാൺ. അതിനാൽ ഈ സമരങ്ങൾ റിപ്പോർട്ട് ചെയ്യാനോ, സെയിൽസ് ഗേൾസിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനോ മാധ്യമങ്ങൾ തയ്യാറല്ല.
ഈ പെൺകുട്ടികൾ ചെയ്യുന്നത് അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (International Labor Organization) മാനദണ്ഢങ്ങൾ (Forced Labour Convention, 1930) പ്രകാരം നിർബന്ധിത ജോലിയും (forced labour), അടിമപ്പണിയും (slavery) തന്നെയാണ്. നമ്മളാരും നമ്മുടെ പെൺമക്കളേയോ സഹോദരിമാരെയോ ഇത്തരം തൊഴിൽ സാഹചര്യത്തിലേക്കു വിടാൻ ആഗ്രഹിക്കില്ല. നിവൃത്തികേടുകൊണ്ടാണ് ഇവർക്ക് ഇങ്ങനെ അടിമപ്പണി ചെയ്യേണ്ടിവരുന്നത്. നമ്മുടെ കുട്ടികൾ പെട്ടുപോകാൻ നാം ആഗ്രഹിക്കാത്ത ഈ തൊഴിൽ സാഹചര്യത്തിൽ നിന്ന് ഇവരെ രക്ഷപ്പെടുത്തേണ്ട ബാധ്യത ഒരു പരിഷ്കൃത സമൂഹം എന്ന നിലക്ക് നമുക്കുണ്ട്.
No comments:
Post a Comment