കിരൺ ബേദി ഏതാനും മാസങ്ങൾക്കു മുൻപു തന്നെ ബി.ജെ.പിയിൽ ചേരാൻ നിശ്ച്ചയിച്ചിരുന്നതാണെന്ന് നമുക്കെല്ലാം അറിവുള്ളതാണ്. ഡൽഹിയിൽ ഇലക്ഷൻ പ്രഖ്യാപിച്ചു രണ്ടു ദിവസം കഴിഞ്ഞു ആചാരപൂർവ്വം ബിജെപി ദേശീയ അധ്യക്ഷനിൽ നിന്നുള്ള കിരൺ ബേദിയുടെ അംഗത്വം സ്വീകരിക്കൽ ഒരു വാർത്ത സൃഷ്ടിക്കൽ മാത്രമാണ്. ഡൽഹിയിൽ ജനങ്ങളുടെ ജീവിതം എളുപ്പമാക്കുന്ന, സാധാരണക്കാരുടെ ജീവിതഭാരം കുറക്കുന്ന വാഗ്ദാനങ്ങളൊന്നും നൽകാനില്ലാത്ത ബിജെപിക്ക് ഇങ്ങനെ മാത്രമേ വാർത്ത സൃഷ്ടിക്കാൻ സാധിക്കൂ.
നേരത്തേ തന്നെ ബിജെപി പാളയത്തിലായിരുന്ന കിരൺ ബേദി ഒന്നുകൂടി ബിജെപിയിൽ ചേരുന്നതാണ് നാം ഇന്നലെ കണ്ടത്. ഡൽഹി പ്രചരണത്തിന്റെ വരുന്ന ദിവസങ്ങളിൽ ഇതുപോലുള്ള വാർത്ത സൃഷ്ടിക്കലുകൾ ഇനിയും പ്രതീക്ഷിക്കാം. ഇന്നലെ ചാനലുകൾ കിരൺ ബേദിയുടെ ബിജെപി പ്രവേശം ചർച്ച ചെയ്തതു പോലെ വരുന്ന ദിവസങ്ങളിൽ അവർ സൃഷ്ടിക്കുന്ന പുതിയ വാർത്തകളും ചർച്ച ചെയ്യപ്പെടും.
നിർഭാഗ്യവശാൽ ഇവിടെ ചർച്ച ചെയ്യപ്പെടാതെ പോവുന്നത് ജനങ്ങളുടെ ജീവിതം എളുപ്പമാക്കാൻ പരസ്പരം മത്സരിക്കുന്ന പാർട്ടികൾ എന്തു ചെയ്യും എന്നതാണ്. മുൻ തലമുറകൾക്ക് പ്രകൃതിയിൽ നിന്നു സൗജന്യമായി ലഭിച്ചിരുന്ന കുടിവെള്ളം തുടർന്നു ലഭിക്കാൻ എത്ര പണം ജനങ്ങൾ നൽകേണ്ടിവരും? വൈദ്യുതി ലഭിക്കാൻ സ്വകാര്യ കമ്പനിക്ക് ഓരോ വർഷവും എത്ര വീതം കൂടുതൽ നൽകണം? വഴിയിലൂടെ സഞ്ചരിക്കാൻ റോഡിന്റെ ഉടമസ്ഥരായ ബി.ഓ.ടി കമ്പനിക്ക് എത്ര പണം വീതം കൂടുതൽ കൊടുക്കണം? കുട്ടികളെ സ്കൂളിൽ ചേർക്കാൻ എത്ര പണം നൽകണം? കോളേജ് വിദ്യാഭാസത്തിന് എത്ര ലക്ഷം നൽകണം, കിടപ്പാടം പണയപ്പെടുത്തേണ്ടി വരുമോ? ഇതൊന്നും ചർച്ച ചെയ്യാൻ കോർപ്പറേറ്റുകളുടെ പരസ്യത്താൽ നിലനിൽക്കുന്ന ചാനലുകൾക്ക് താത്പര്യമില്ല.
ഇനി ആം ആദ്മി പാർട്ടിയുടെ രൂപീകരണത്തിനു മുൻപുണ്ടായിരുന്ന അഴിമതി വിരുദ്ധ കൂട്ടായ്മയുടെ ഭാഗമായിരുന്ന ഒരു വ്യക്തി ഇപ്പോൾ മറുപക്ഷം ചാടി അഴിമതിക്കാരുടെ കൂടെ ചേർന്നു എന്നതാണ് ഇതിലെ പ്രശ്നമെങ്കിൽ, അതിനു വിശദീകരണം ചോദിക്കേണ്ടത് ഇപ്പോഴും ആദർശ്ശപക്ഷത്ത് ഉറച്ചു നിൽക്കുന്നവരോടല്ല, മറുകണ്ടം ചാടിപ്പോയ അവസരവാദികളോടാണ്. ബിജെപിയിൽ ചേരാനായിരുന്നെങ്കിൽ രണ്ടുവർഷം മുൻപ് കിരൺ ബേദിക്ക് അഴിമതി വിരുദ്ധ കൂട്ടായ്മയിൽ ചേരേണ്ട കാര്യമുണ്ടായിരുന്നില്ല, അന്നും ബി.ജെ.പിയുണ്ടായിരുന്നു. ഇപ്പോഴുള്ള ഒരേയൊരു വ്യത്യാസം ഇതാണ്: ബി.ജെ.പി ഇന്ന് ഇന്ത്യ ഭരിക്കുന്ന പാർട്ടിയാണ്, അവർക്ക് ആം ആദ്മി പാർട്ടിക്കു നൽകാൻ കഴിയുന്നതിനേക്കാൾ മികച്ച ഒരു അക്കോമഡേഷൻ കിരൺ ബേദിക്കു നൽകാൻ സാധിക്കും. ഡൽഹി നിയമസഭാ തെരെഞ്ഞെടുപ്പിൽ കിരൺ ബേദിക്ക് ജയിക്കാനായില്ലെങ്കിൽ, ഏതെങ്കിലും സംസ്ഥാനത്തിന്റെ ഗവർണ്ണർ സ്ഥാനമോ, ഇതൊന്നുമല്ലെങ്കിൽ ഇന്ത്യയുടെ പ്രസിഡന്റ് സ്ഥാനമെങ്കിലുമോ ലഭിക്കുമെന്നു കിരൺ ബേദിക്കു പ്രതീക്ഷയുണ്ടാവും. ഈ അവസരവാദം ചൂണ്ടിക്കാണിക്കേണ്ടിടത്ത് അതു ചെയ്യാതെ പകരം ആം ആദ്മി പാർട്ടി എന്ന ഈ പുതുചലനത്തെ അക്രമിക്കാനായി ആ വാർത്തയെ ഉപയോഗിക്കുകയാണ് മാധ്യമങ്ങൾ ചെയ്തത്.
No comments:
Post a Comment