Friday, September 25, 2015

'എന്ന് നിന്റെ മൊയ്തീൻ'


എണ്പതുകളിലും തൊണ്ണൂറുകളിലുമെല്ലാം പ്രണയകഥകള്‍ മലയാളത്തില്‍ നിത്യശീലമായിരുന്നിട്ടും, മലയാള സിനിമയിലെ പ്രണയകഥാ പരീക്ഷണങ്ങള്‍ ഒരിക്കലും നായര്‍-നായര്‍ പ്രണയത്തിനപ്പുറം പോയിട്ടില്ല. പല ജാതി മതസ്ഥര്‍ ജീവിക്കുന്ന അവര്‍ക്കെല്ലാമിടയില്‍ തിരിച്ചും മറിച്ചും പ്രണയവും വിരഹവും വിവാഹവുമെല്ലാം നടന്നിട്ടുള്ള കേരളത്തില്‍ പക്ഷേ സിനിമക്കു വിഷയമായത് നായര്‍-നായര്‍ പ്രണയങ്ങള്‍ മാത്രം. എന്തിന്, ഒരു ഈഴവ-നായര്‍ പ്രണയമോ ഒരു ഈഴവ-പുലയ പ്രണയമോ പോലും മലയാള മുഖ്യധാരക്ക് ഒരിക്കലും വിഷയമായിട്ടില്ല. മലയാളത്തിന്‍റെ ആ സുവര്‍ണ്ണ കാലവും കഴിഞ്ഞ് ഈ അതിതീവ്ര വര്‍ഗീയ കാലത്താണ് ഒരു ഹിന്ദു-മുസ്ലീം പ്രണയം മലയാള സിനിമക്കു വിഷയമായത് എന്നത് അത്ഭുതകരമാണ്.

ഹിന്ദു-മുസ്ലീം പ്രണയത്തില്‍ നാമെല്ലാം എപ്പോഴും പ്രതീക്ഷിക്കുന്ന സമൂഹത്തിന്‍റെ ഇടപെടലും അതുണ്ടാക്കാവുന്ന തീയും പുകക്കുമപ്പുറം പക്ഷേ കാഞ്ചനയുടെ കഥയെ അസാധാരണമാക്കുന്നത്, കാഞ്ചനയുടെ അസാധാരണവും അവിശ്വസനീയവുമായ പ്രതിരോധവും കാത്തിരിപ്പും തന്നെയാണ്. ഒടുവില്‍ മൊയ്തീന്‍റെ മരണമെന്ന വിധി നിശ്ചയത്തിനു മുന്നിലും കീഴടങ്ങാതെയുള്ള കാഞ്ചനയുടെ ഇന്നും തുടരുന്ന ജീവിതമാണ്. ഒരു കല്‍പ്പിത കഥയായിരുന്നെങ്കില്‍ എത്ര വിശ്വസനീയമായി ചിത്രീകരിച്ചിരുന്നെങ്കിലും ബോധ്യം വരാത്ത ഈ കഥ സ്വീകരിക്കപ്പെട്ടത് അതു യഥാര്‍ത്ഥത്തില്‍ സംഭാവിച്ച്ചതായത് കൊണ്ടു മാത്രമാണ്.

സിനിമയിലെ ചരിത്രപരവും, കാലപരവുമായ തെറ്റുകൾ വി.ടി.ബല്‍റാം എം.എൽ.എ മുതല്‍ നിരവധിയാളുകള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ആര്‍.ശങ്കറിന്റെയും ഇന്ദിരാഗാന്ധിയുടേയും ഭരണകാലം സംബന്ധിച്ച അന്തരവും, കാലത്തിനു മുൻപേ ആയിപ്പോയ "ഇന്ത്യയെന്നാൽ ഇന്ദിര" എന്ന മുദ്രാവാക്യവും മറ്റുമൊക്കെ. കോൺഗ്രസ്സുകാരനായ പിതാവും സോഷ്യലിസ്റ്റായ മകനും തമ്മിലെ രാഷ്ട്രീയ വൈരം ഒന്നോ രണ്ടോ സീനുകളിലൂടെ വിശദീകരിക്കാൻ തിരക്കഥാകൃത്ത്‌ കണ്ട എളുപ്പവഴിയാണ്‌ ഇതൊക്കെയെന്നു വ്യക്തം. ചരിത്രപരമായ ആ പിശകുകൾ കൂടാതെ, സംഭാഷണത്തിലും കാലപരമായ പോരായ്മകൾ സിനിമയിലുണ്ട്‌.

എന്നാല്‍ കാഞ്ചനയുടെ ഐതിഹാസിക കഥ പറയുന്നതിനിടയിലെ ചരിത്രപരമായ ചെറിയ പിശകുകൾ അവഗണിച്ചാലും, ന്യായീകരിക്കാനാവാത്ത വിധം സിനിമ ചിലയിടങ്ങളിൽ ബോധപൂർവ്വം യാഥാർത്ഥ്യത്തിൽ നിന്നു വ്യതിചലിക്കുന്നുണ്ട്‌. മൊയ്തീന്റെ സാത്വികനായ പിതാവിനെ നിറം ചാർത്തി വില്ലൻ വേഷം കെട്ടിക്കുന്നതും, വിപ്ലവകാരിയായിരുന്ന മൊയ്തീൻ അവതരിപ്പിച്ച സ്റ്റേജ്‌ നാടകത്തെ കോമാളിത്തരമാക്കി ചുരുക്കുന്നതും, കാഞ്ചന എന്ന ധിഷണാശാലി ആ കോമാളിത്തരം ആസ്വദിക്കുന്നതും, കാഞ്ചനയുടെ സഹോദരൻ മൊയ്തീനെ കൊല്ലാൻ ശ്രമിക്കുന്നതുമൊക്കെ തീയറ്ററിലെ ശരാശരി പ്രേക്ഷകരെ ഉദ്ദേശിച്ചുള്ള സിനിമാറ്റിക്ക്‌ വ്യതിയാനങ്ങളാണ്‌. ഇത്തരം സിനിമാറ്റിക്ക്‌ ഇംപ്രോവൈസേഷനുകളൊന്നും ഇല്ലാതെ തന്നെ കാഞ്ചനയുടെ കഥ സ്വീകരിക്കപ്പെടുമായിരുന്നുവെന്നിടത്ത്‌ തീയറ്റർ വിജയത്തിനു വേണ്ടി നടത്തിയ ഈ ഇടപെടലുകൾ ന്യായികരിക്കാവുന്നതല്ല.

എഴുതപ്പെട്ട ചരിത്രത്തിൽ കൊട്ടിഘോഷിക്കപ്പെട്ട സൂപ്പർ താരങ്ങളെ അപേക്ഷിച്ച്‌ ജീവിതത്തിൽ വലിയ പോരാട്ടങ്ങൾ നടത്തി ഒന്നും ആവാതെ പോയ, ആരും അറിയാതെ പോയ ആയിരക്കണക്കിനു ഹീറോകൾ വിസ്മരിക്കപ്പെടുന്നൊരു ലോകത്ത്‌ കാഞ്ചനയേപ്പോലെ ഏതാനും പേരെങ്കിലും ഓർമ്മിക്കപ്പെടുന്നതും, അതിനു മലയാള സിനിമ കാരണമാകുന്നതുമൊരു നന്മയാണ്‌. കെ.ടി.എസ്സ്‌.കോട്ടൂരെന്ന പഴയൊരു വിപ്ലവകാരിയെ രൺജിത്തിന്റെ "ഞാൻ" എന്ന സിനിമയിലൂടെ പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ചിരുന്നു.

മലയാളത്തില്‍ കുറേ നാളുകൾക്കു ശേഷം കണ്ട ഒരു നല്ല സിനിമയാണ്‌ 'എന്നു നിന്റെ മൊയ്തീൻ'. ജീവിതത്തിലെപ്പോഴെങ്കിലും പ്രണയിച്ചിട്ടുള്ളവർക്ക്‌ ഒരിക്കലെങ്കിലും കണ്ണു നനയാതെ കണ്ടിരിക്കാനാവില്ല "എന്ന് നിന്റെ മൊയ്തീൻ" എന്ന ചിത്രം.

സിനിമയില്‍ അഭിനയം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നത് നായകനായ പൃത്വിരാജിനെക്കാള്‍  കാഞ്ചനയെ അവതരിപ്പിച്ച പാര്‍വതിയാണ്.








Thursday, September 17, 2015

Police pick up filmmakers


The Hindu September 17, 2015.

http://m.thehindu.com/news/cities/Thiruvananthapuram/police-pick-up-filmmakers/article7661310.ece

Monday, September 14, 2015

തിരിച്ചറിയുക: മൂന്നാർ സമരം വിജയിച്ചിട്ടില്ല

മാധ്യമങ്ങൾ പ്രചരിപ്പിച്ച പോലെ മൂന്നാറിലെ തോട്ടം തൊഴിലാളികളുടേത്‌ ഒരു ബോണസ്സ്‌ സമരമായിരുന്നില്ല. ദിവസം 82 രൂപ എന്ന തുച്ഛമായ ദിവസക്കൂലി വർദ്ധിപ്പിക്കലും, ആ ഭിക്ഷക്കാശിൽ നിന്നു മാസംതോറും കണ്ണൻ ദേവൻ കമ്പനി നടത്തുന്ന പിടിച്ചുപറി നിർത്തലാക്കലുമായിരുന്നു തൊഴിലാളികളുടെ യഥാർത്ഥ ആവശ്യങ്ങൾ. സമരം കൈവിട്ടുപോയാൽ 1500 രൂപ (19%) വാർഷിക ബോണസ്സ്‌ മാത്രം നൽകി പ്രശ്നം അവസാനിപ്പിക്കുക എന്നതായിരുന്നു ആദ്യം മുതലേ ടാറ്റയുടെ ക്രൈസിസ്‌ മാനേജ്‌മന്റ്‌ പദ്ധതി. വൻകിട പരസ്യദാതാവായ ടാറ്റയ്ക്കു വേണ്ടി മാധ്യമങ്ങൾ അങ്ങനെ സമരത്തെ വെറുമൊരു ബോണസ്സ്‌ സമരമാക്കി ചിത്രീകരിച്ചു. പിന്നെ നടന്നത്‌ ശ്രീ വി.എസ്സ്‌.അച്ച്യുതാനന്ദനും, ഉമ്മൻ ചാണ്ടിയുമൊക്കെ ടാറ്റയുടെ ഈ തിരക്കഥ ഇടത്തും വലത്തും നിന്ന്  നടപ്പാക്കിക്കൊടുക്കുന്നതാണ്‌. യഥാർത്ഥ പ്രശ്നങ്ങളിലേക്ക്‌ ചർച്ച പോവുന്നതു തടയാനാണ്‌ കണ്ണൻ ദേവൻ കമ്പനി ശ്രമിച്ചത്‌, അതു വിജയിക്കുകയും ചെയ്തു.

ശമ്പള സ്ലിപ്പിൽ മാസശമ്പളം 5000 രൂപയെന്നു രേഖപ്പെടുത്തുമെങ്കിലും പലവിധ കുറക്കലുകൾക്കു ശേഷം വെറും 2450 രൂപയാണു  കൊള്ളുന്തു നുള്ളുന്ന ഒരു സ്ത്രീ തൊഴിലാളിക്കു ലഭിക്കുക. സൗജന്യമായി കമ്പനി നൽകുന്നുവെന്ന് അവകാശപ്പെടുന്ന അരിക്കു മാസം 400 രൂപയും, ഒരു കമ്പിളി പുതപ്പിനു മാസം 400 രൂപ വച്ചു മൂന്നു മാസത്തിൽ 1200 രൂപയും, അരക്കിലോ തേയിലക്കു മാസം 56 രൂപയും ശമ്പളത്തിൽ നിന്നു കുറക്കുന്നു. യൂണിറ്റിനു 90 പൈസക്കു സബ്സിഡി നിരക്കിൽ ടാറ്റ സർക്കാരിൽ നിന്നു വാങ്ങുന്ന വൈദ്യുതി, സൗജന്യമായി തൊഴിലാളികൾക്കു നൽകുന്നുവെന്നാണ്‌ അവകാശവാദം. എന്നാൽ യൂണിറ്റിനു 3 മുതൽ 4 രൂപ വരെ കമ്പനി തൊഴിലാളികളിൽ നിന്ന് ഈടാക്കുന്നു. 140 രൂപ വരെ തോഴിലാളിയുടെ മാസശമ്പളത്തിൽ നിന്നു വൈദ്യുതിയുടെ പേരിൽ കുറക്കുന്നു.

ദിവസം 80 കിലോ വരെ കൊളുന്തു നുള്ളിയാൽ തൊഴിലാളിക്കു ലഭിക്കുക 82 രൂപ അടിസ്ഥാന ശമ്പളം മാത്രം. കൂടുതൽ നുള്ളുന്ന ഓരോ കിലോക്കും നുള്ളുന്ന തൊഴിലാളിക്കു ലഭിക്കുക 90 പൈസ, സൂപ്പർവൈസർക്ക്‌ 2 രൂപ, ഫീൾഡ്‌ മാനേജർക്ക്‌ 4 രൂപ, മാനേജർക്ക്‌ 8 രൂപ.!!! 82 രൂപ ദിവസക്കുലിയും, 140 രൂപ ഡി.എ എന്ന പേരിലുമാണു തൊഴിലാളികൾക്കു നിശ്ചയിച്ച കൂലി. ഇതിൽ നിന്നാണു പലവിധ കുറക്കലുകൾക്കു ശേഷം 2450 രൂപയായി അവരുടെ കൈകളിലെത്തുന്നത്‌. ഈ ഭീകരമായ തട്ടിപ്പ്‌ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ്‌ അവർ സമരം നടത്തിയത്‌.


2014-2015ൽ 285 കോടി വരുമാനമുള്ള കമ്പനിയുടെ ലാഭം പക്ഷേ 5.5 കോടി മാത്രമാണ്‌. 5 കോടി മാത്രം ലാഭമുള്ള കമ്പനിയുടെ എം.ഡിയുടെ ശമ്പളം 1.01 കോടി രൂപ. എക്സിക്ക്യൂട്ടിവ്‌ ഡയറക്ടറുടെ ശമ്പളം 75 ലക്ഷം രൂപ. ടോപ്‌ ലെവൽ മാനേജർമ്മാർക്ക്‌ ഓരോ മൂന്നു വർഷം കൂടുമ്പോഴും 30 ലക്ഷം വിലയുള്ള പുതിയ കാർ. താമസത്തിനു കമ്പനി ബംഗ്ലാവുകൾ. മുഴുവൻ ജീവിത-ചികിത്സാ-യത്രാ ചെലവുകളും കമ്പനി വക. ടോപ്‌ ലെവൽ മാനേജർമ്മാർക്ക്‌ വർഷത്തിൽ കമ്പനി ചെലവിൽ കുടുമ്പസമേതം ഒരു വിനോദയാത്ര. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസമുൾപ്പെടെ. രണ്ടാംനിര മാനേജർമ്മാർക്ക്‌ കുടുമ്പസമേതം കമ്പനിചെലവിൽ വർഷത്തിൽ ഒരു ഡോമസ്റ്റിക്ക്‌ വിനോദയാത്ര.

തൊഴിലാളികൾക്ക്‌ കമ്പനിയുടെ ആശുപത്രിയിൽ സൗജന്യ ചികിത്സ എന്നാണു പ്രചരണനെങ്കിലും, എല്ലാ ചികിത്സാ ചെലവുകളും ശമ്പളത്തിൽ നിന്നു പിടിക്കുന്നു. സ്ത്രീ തൊഴിലാളികളെ പ്രസവത്തിനു കമ്പനി ആശുപത്രിയിലെത്തിച്ചാൽ സിസ്സേറിയനു നിർബന്ധിച്ച്‌ 25000 രൂപ ശമ്പളത്തിൽ നിന്ന് തവണകളായി ഈടാക്കുന്നു.

ഇക്കാര്യങ്ങൾ തീരുമാനിക്കുന്നതിൽ തൊഴിലാളികൾക്കൊരു പങ്കുമില്ല. 98% തൊഴിലാളികൾക്ക്‌ ഓഹരിപ്പങ്കാളിത്തമെന്ന് ടാറ്റ പ്രതിനിധി ടി.വി ചർച്ചയിൽ അവകാശപ്പെട്ടുവെങ്കിലും 22% മാത്രമാണ്‌ യഥാർത്ഥ പങ്കാളിത്തം. പക്ഷേ തിരുമാനങ്ങളെടുക്കുന്ന ഡയറക്ടർ ബോർഡിൽ തോഴിലാളി പങ്കാളിത്തം 22 ശതമാനമൊന്നുമില്ല, പേരിനു മാത്രം.

സമരക്കാർ ഉന്നയിച്ച ഗൗരവമുള്ള വിഷയങ്ങളുടെ ചർച്ച 26ന്‌ ലേബർ കമ്മീഷണറുടെ മുന്നിലേക്ക്‌ മാറ്റിയിരിക്കുകയാണ്‌. സമരം നിർത്തിയ ശേഷമുള്ള ചർച്ചകൾക്ക്‌ വിജയസാധ്യത ഒട്ടുമില്ല. നിർത്തിവച്ച ശേഷം വ്യക്തമായ സംഘടനാ സംവിധാനമില്ലാതെ നടത്തിവന്ന സമരം പുനരാരംഭിക്കാൻ ബുദ്ധിമുട്ടാണ്‌.

Wednesday, September 09, 2015

Sree Narayana Guru stops association with SNDP


അദ്വൈതാശ്രമം, ആലുവ
1916 മെയ്‌ 22

നമ്പർ 7

എന്റെ ഡോക്ടർ അവർകൾക്ക്‌,

യോഗത്തിന്റെ നിശ്ചയങ്ങൾ എല്ലാം നാം അറിയാതെ പാസ്സാക്കുന്നതു കൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിച്ച കാര്യത്തിൽ ഇല്ലാത്തതുകൊണ്ടും യോഗത്തിനു ജാത്യാഭിമാനം വർദ്ധിച്ചു വരുന്നതുകൊണ്ടും മുൻപേ തന്നെ മനസ്സിൽ നിന്നു വിട്ടിരുന്നതു പോലെ ഇപ്പോൾ വാക്കിൽ നിന്നും പ്രവൃത്തിയിൽ നിന്നും യോഗത്തെ വിട്ടിരിക്കുന്നു.

എന്ന്

നാരായണഗുരു (ഒപ്പ്‌)

Tuesday, September 08, 2015

"നമുക്കു ജാതിയില്ല" ഒരു വിളംബരം




അദ്വൈതാശ്രമം,
ആലുവ,
1091 ഇടവം 15 (1916 May 28).

നാം ജാതിമതഭേദം വിട്ടിട്ട്‌ ഏതാനും സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേകവർഗ്ഗക്കാർ നമ്മെ അവരുടെ വർഗ്ഗത്തിൽ പെട്ടതായി വിചാരിച്ചും പ്രവർത്തിച്ചും വരുന്നതായും അതു ഹേതുവാൽ പലർക്കും നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണക്കിട വന്നിട്ടുണ്ടെന്നും അറിയുന്നു.

നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവർഗ്ഗത്തിൽനിന്നും മേൽപ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിൻഗാമിയായിവരത്തക്കവിധം ആലുവാ അദ്വൈതാശ്രമത്തിൽ ശിഷ്യസംഘത്തിൽ ചേർത്തിട്ടുള്ളൂ എന്നും മേലും ചേർക്കയുള്ളൂ എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു.

ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധംചെയ്തിരിക്കുന്നു.

എന്ന്,
നാരായണഗുരു

നാരായണഗുരു ഹിന്ദുമതത്തെ തകർക്കുന്നുവെന്ന് ഈഴവന്റെ ഹർജ്ജി!

നാരായണഗുരുവിനെ 17 ആം പ്രതിയാക്കി പറവൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ 1924 ല്‍ ഒരു അന്യായം ഫയല്‍ ആക്കിയിരുന്നു. കേസിനാസ്പദമായ സംഭവം ഇങ്ങനെ ഗ്രഹിക്കാം.

നന്ത്യാട്ടുകുന്ന് കാക്കനാട്ടുവീട്ടില്‍ പാര്‍പ്പുകാരനുംഈഴവരും മരുമക്ക വഴി ഹിന്ദുമതക്കാരുമായ കൊച്ചിറ്റിയയുടെ അനന്തിരവര്‍ ശങ്കുണ്ണി, നീലകണ്ഠന്‍, മകള്‍ മാധവി എന്നിവരാണ് വാദികള്‍. ഇവരുടെ കുടുംബസ്വത്തായിരുന്ന കാളികുളങ്ങര ക്ഷേത്രവും വസ്തുവകകളും ശ്രീനാരായണ ഗുരുവിനെ നിര്‍ബന്ധിച്ച് ഏല്പിക്കുകയായിരുന്നു. ഈ ഈഴവ ക്ഷേത്രത്തില്‍ പുലയര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

ക്ഷേത്രത്തിന്റെ നടത്തിപ്പ് നാരായണഗുരു ഏറ്റെടുത്തപ്പോള്‍ ആദ്യം ചെയ്തത് പുലയരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കലായിരുന്നു. വാദികള്‍ ഇതില്‍ ക്ഷുഭിതരായി പുലയര്‍ കയറിയ ക്ഷേത്രം പുണ്യാഹം തളിച്ച് ശുദ്ധമാക്കണമെന്നായി. ഗുരു അതിന് സമ്മതം നല്കിയില്ല. തുടര്‍ന്നാണ് ചതിയനും വഞ്ചകനുമായ 17 ആം പ്രതി പുലയരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ച് ക്ഷേത്രത്തിന് അശുദ്ധം വരുത്തി ഹിന്ദുമത വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു വാദിഭാഗം ഗുരുവിനെപ്പറ്റി ആരോപണം ഉന്നയിച്ചിരുന്നത്.

ഹിന്ദുമതസാരമായ അയിത്തം ലംഘിച്ച് ഹിന്ദുമതത്തെ തകര്‍ക്കുന്ന 17 ആം പ്രതി നാരായണഗുരുസ്വാമി എന്നുകൂടി പറഞ്ഞു വരുന്ന 70 വയസ്സുള്ള നാണുവാശാന് പരമാവധി ശിക്ഷ നല്കി ഹിന്ദുമതത്തെ രക്ഷിക്കണമെന്നായിരുന്നു ഇക്കൂട്ടരുടെ വാദം.

Source: ഒരു മഹാമനീഷിയുടെ ജീവിത സാക്ഷ്യങ്ങള്‍ - ഡോ. കെ എസ് രാധാകൃഷ്ണന്‍.
My source: A Facebook post.

Monday, September 07, 2015

ഗുരുവിന്റെ ക്രൂശിത ടാബ്ലോ



ശ്രീ നാരായണഗുരുവിനെ കുരിശിൽ തറച്ചതായുള്ള നിശ്ച്ചല ദൃശ്യത്തിന്‌ ഒരു തകരാറുമില്ല, എന്നല്ല അതു തന്നെയാണ്‌ എസ്‌.എൻ.ഡി.പിയുടെ ഇന്നത്തെ അവസ്ഥയുടെ ഏറ്റവും ശരിയായ ആവിഷ്ക്കാരം  എന്നു പറയാനുള്ള ചങ്കൂറ്റം വി.എസ്സിനും കൊടിയേരിക്കുമുണ്ടായില്ല. അവരിപ്പോൾ കമ്മ്യൂണിസ്റ്റുകാരല്ല, വെറും രാഷ്ട്രീയക്കാരാണ്‌.

ഗുരുവിന്റെ ക്രൂശിത ടാബ്ലോയെ വെള്ളാപ്പള്ളി നടേശൻ നന്നായി മുതലെടുത്തു എന്നതു ശരിതന്നെയാണ്‌. പണ്ടു തട്ടീം മുട്ടീം വല്ലതും പറഞ്ഞൊപ്പിച്ചിരുന്ന നടേശൻ മുതലാളി എത്ര രാഷ്ട്രീയ വിരുതോടെയാണു പറഞ്ഞത്‌ "ഗുരുവിനു പകരം എന്നെയങ്ങു കുരിശിൽ തറക്കാമായിരുന്നില്ലേ" എന്ന്.

ഗുരുവിനെ ക്രൂശിക്കുന്ന ടാബ്ലോ കണ്ടാൽ നോവുന്ന അണികളെ പ്രീണിപ്പിച്ചു പിടിച്ചു നിർത്താനല്ല കമ്മ്യൂണിസ്റ്റു പാർട്ടി ശ്രമിക്കേണ്ടത്‌, മറിച്ച്‌ ഗുരുവിനെ മുതലെടുക്കുന്ന വെള്ളാപ്പള്ളിയെ തല്ലിക്കൊല്ലാനുംമാത്രം ഗുരുവിനെ തിരിച്ചറിഞ്ഞ ഒരു സമുദായത്തെ സൃഷ്ടിക്കാനാണ്‌. ബി.ജെ.പിയാവാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റു പാർട്ടി സ്വന്തം പ്രസക്തി സ്വയം നഷ്ടപ്പെടുത്തുകയാണ്‌.

പതിനെട്ടാം നൂറ്റാണ്ടു മുതലുള്ള യൂറോപ്പിലെ ശാസ്ത്ര വിപ്ലവവും, അതിനു മുൻപു ഫ്രാൻസിലാരംഭിച്ച ജനാധിപത്യ വിപ്ലവത്തിനുമെല്ലാം ഇന്ധനമായത്‌ 15ആം നൂറ്റാണ്ടിലെ യൂറോപ്പിലെ ചിന്താ-വിപ്ലവമാണ്‌ (Renaissance). യുവാവായ യേശുവിനെ മടിയിൽ വച്ചിരിക്കുന്ന യുവതിയായ കന്യാമറിയത്തിന്റെ പ്രശസ്ത ശിൽപമായ പിയെത്ത (മൈക്കലാഞ്ചലോ) ഉൾപ്പെടെയുള്ളവ യൂറോപ്പിലെ ആവിഷ്കാര വിപ്ലവത്തിന്റെ ആരംഭമായിരുന്നു. കത്തോലിക്കാ സഭയുടെ ചെലവിൽ സഭയുടെ പള്ളിവളപ്പിളാണ്‌ മൈക്കലാഞ്ചലോ പിയത്ത സ്ഥാപിച്ചത്‌.

പാരമ്പര്യങ്ങളെ ലംഘിക്കുന്ന ചിന്താവിപ്ലവത്തിനു തയ്യാറായില്ലെങ്കിൽ ഇന്ത്യക്ക്‌ ഒരിക്കലും ലോകത്തെ നയിക്കുന്ന ഒരു സംസ്ക്കാരമാവാൻ സാധിക്കില്ല. ഉപനിഷദ്‌ കാലത്തിനു ശേഷം നാം കൈവിട്ട ചിന്താ-ആവിഷ്ക്കാര സ്വാതന്ത്ര്യം ഭാരതത്തിലേക്ക്‌ ഇനിയും തിരിച്ചെത്തിയിട്ടില്ല.

Friday, September 04, 2015

യൂസഫലിയുടെ ബോൾഗാട്ടിയിലെ കൺവൻഷൻ സെന്റർ

കൊച്ചി നഗരത്തിലെ മുളവുകാട്‌ ദ്വീപിൽ (ബോൾഗാട്ടി) 10.59 ഹെക്ടർ (26 ഏക്കർ) ഭൂമി, 30 വർഷത്തെ പാട്ടത്തിനു ശ്രീ എം.എ.യൂസഫലിയുടെ ഗ്രൂപ്പിനു നൽകിയിരിക്കുന്നത്‌ 71 കോടി രൂപക്കാണ്‌. നിയപ്രകാരം നികത്താനാവാത്ത, നികത്താൻ മുൻകൂർ പരിസ്ഥിതി അനുമതി ആവശ്യമുള്ള കായലായിരുന്നു പ്രദേശം. വാണിജ്യ നിർമ്മാണങ്ങൾക്ക്‌ ഒരു കാരണവശാലും ലഭിക്കാത്ത പരിസ്ഥിതി അനുമതി, തുറമുഖ ആവശ്യത്തിന്‌ എന്ന പ്രത്യേക പരിഗണനയിലാണു (special exemption) നേടിയെടുത്തത്‌. കൺവെൻഷൻ സെന്റർ തുറമുഖ ആവശ്യമാണോ? വല്ലാർപാടത്തുള്ള തുറമുഖത്തിനു ബോൾഗാട്ടിയിലെന്തിനു സ്ഥലം? ഈ ഒത്തുകളി കായൽ നികത്തുമ്പോഴേ ആരംഭിച്ചതാണ്‌. യൂസഫലി ചൂണ്ടിക്കാണിക്കുന്നു, സർക്കാർ സ്വന്തം ചെലവിൽ നികത്തിക്കൊടുക്കുന്നു.

തുറമുഖാവശ്യത്തിനു വേണ്ടി മാത്രം പ്രത്യേക പരിസ്ഥിതി അനുമതി വാങ്ങി നികത്തിയ ഭൂമി, തുറമുഖവുമായി ഒരു ബന്ധവുമില്ലാത്ത കൺവൻഷൻ സെന്റർ പണിയാൻ നൽകുക. അതും ഒത്തുകളിച്ചൊരു ടെണ്ടറിലൂടെ തുച്ഛമായ വിലക്ക്‌.

ശ്രീ യൂസഫലി "ജനങ്ങൾക്കു തൊഴിൽ കൊടുക്കാനായി" (അല്ലാതെ പണമുണ്ടാക്കാനല്ല) കൺവെൻഷൻ സെന്റർ പണിതോട്ടെ. പക്ഷേ അതു തുറമുഖാവശ്യത്തിനായി പ്രത്യേകാനുമതി വാങ്ങി നികത്തിയ ഭൂമിയിലാവരുത്‌. അദ്ദേഹത്തിന്‌ ബിസിനസ്സ്‌ ചെയ്യാൻ എവിടെ വേണേലും സ്ഥലം വാങ്ങാമല്ലോ?

മുപ്പതു വർഷത്തെ പാട്ടമൊക്കെ ഇന്ത്യയെന്ന വിചിത്ര രാജ്യത്തു വലിയ തമാശയാണു. ഏക്കറിന്‌ 1 രൂപ 50 പൈസ ലീസ്‌ നിരക്കിൽ അൻപതു വർഷം മുൻപ്‌ സംസ്ഥാന സർക്കാർ പാട്ടക്കരാറെഴുതിയ ആയിരക്കണക്കിന്‌ ഏക്കർ സ്ഥലം ഹാരിസൺ മലയാളം ഇന്നും കൈവശം വച്ചിരിക്കുന്നു. അന്നു കരാറെഴുതിയ രൂപ 1.50 വാടക പോലും ഇതുവരെ നൽകിയിട്ടുമില്ല പാട്ടക്കരാർ പിന്നീടു പുതുക്കിയിട്ടുമില്ല. ഈ അൻപതു വർഷത്തിനിടയിൽ ഹാരിസൺ മലയാളം പലതവണ കരാർ രേഖകൾ ബാങ്കിൽ വച്ചു ലോണെടുത്തു. പാട്ടത്തിനെടുത്ത സ്ഥലം പല തവണയായി മുറിച്ചു വിറ്റു. സ്ഥലമുടമയായ സർക്കരിന്‌ ഒരു പരാതിയുമില്ല. അതു പോലൊരു കരാറാണ്‌ ഇതും. കേരളത്തിലെ നടപ്പു രീതി വച്ച്‌ ആ സ്ഥലം യൂസഫലിക്കു വിറ്റതിനു തുല്യമാണ്‌.




മറൈൻ ഡ്രൈവിൽ ജി.സി.ഡി.എ 1990കളുടെ അവസാനം പത്ത്‌ ഏക്കർ ലേലം ചെയ്തത്‌ സെന്റിന്‌ 19.5 ലക്ഷം രൂപവച്ചാണ്‌. അതേ മൂല്യമുള്ള സ്ഥലമാണ്‌ 30 വർഷത്തേക്ക്‌ എന്ന വ്യാജേന സെന്റിനു വെറും 2 ലക്ഷം രൂപക്കു പാട്ടക്കരാറെഴുതിയത്‌.




എറണാകുളത്തു ഞാൻ താമസിക്കുന്ന സ്ഥലത്തു സെന്റിനു 10+ ലക്ഷം രൂപ വിലയുണ്ട്‌. ബോൾഗാട്ടിയിൽ സെന്റിനു 2 ലക്ഷം വച്ചു സ്ഥലം ലഭിക്കുമെങ്കിൽ വാങ്ങാൻ ആയിരക്കണക്കിനാളുകൾ തയ്യാറാണ്‌. കുഗ്രാമമായ കുട്ടനാട്ടിൽ പോലും അതിലും വിലയുണ്ട്‌ സ്ഥലത്തിന്‌. ബോൾഗാട്ടിയിൽ കൺവെൻഷൻ സെന്റർ തുടങ്ങാൻ സർക്കാർ സെന്റിനു 2 ലക്ഷം വെച്ചു സ്ഥലം നൽകുമെന്നറിയിച്ചാൽ ആയിരക്കണക്കിനു പേർ ബിഡ്ഡ്‌ ചെയ്യും. എന്നാൽ ബോൾഗാട്ടിയിൽ നടന്ന ടെൻഡറിൽ യൂസഫലിയോടു മത്സരിക്കാൻ ആരുമുണ്ടായില്ല. ആരുമത്‌ അറിഞ്ഞുമില്ല. അതാണ്‌ ഒത്തുകളിയെന്നു പറഞ്ഞത്‌.

എന്തെങ്കിലും വിമർശനം പറഞ്ഞാൽ, "ഞാൻ 25000 പേർക്കു ജോലി കൊടുത്തു" എന്നു പറയലാണു ശ്രീ യൂസഫലിയുടെ സ്ഥിരം പ്രതിരോധം.

ജനങ്ങൾ കമ്മ്യൂണലി ഡിവൈഡഡ്‌ ആയ, ലക്ഷക്കണക്കിനു കോടി വിദേശ നിക്ഷേപം ഒഴുകിക്കൊണ്ടിരിക്കുന്ന, രാജ്യം വൻ സാമ്പത്തിക വളർച്ചയിലേക്കും, അതുവഴി ജനങ്ങൾ കൺസ്യൂമറിസത്തിലേക്കും പൊയ്ക്കൊണ്ടിരിക്കുന്ന ഈ കാലത്ത്‌ (ഓരോരുത്തർക്കും വരുമാനം കൂടുന്നു, നാട്ടിൽ 'അമേരിക്കയിലേപ്പോലുള്ള' സൗകര്യങ്ങൾ വരുന്നു, നമ്മൾ പുരോഗമിക്കുന്നു എന്ന തോന്നൽ), അതിനു പുറകിൽ നടക്കുന്ന തട്ടിപ്പുകളും ചൂഷണങ്ങളും ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാൽ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്‌.


യൂസഫലിയെ പറഞ്ഞാൽ ഒരു സമുദായത്തിനു നോവും, അദാനിയേപ്പറ്റിയായാൽ മറ്റൊരു സമുദായത്തിനും. കൺമുന്നിലുള്ള സത്യങ്ങൾ ജനങ്ങളെ വിളിച്ചു കാണിക്കുക എന്നതാണ്‌ ഒരു രാഷ്ട്രീയപ്രവർത്തകൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സ്വന്തം ജീവിതം തന്നെ മാറ്റിവച്ച്‌ ഇറങ്ങിയാലും വിജയിക്കുമെന്നു തോന്നുന്നില്ല. ഒരിടത്തു നിന്ന് അല്ലെങ്കിൽ മറ്റൊരിടത്തു നിന്ന് അടികിട്ടുകയായിരിക്കും ഫലം.