Friday, August 29, 2014

മുന്നറിയിപ്പ്‌ (സിനിമ): ബുദ്ധിജീവി നാട്യത്തിന്റെ ആഘോഷം.

"മുന്നറിയിപ്പ്‌" (സിനിമ) നിരാശപ്പെടുത്തി. ഇന്റർനെറ്റിലെ നിരൂപകർ പ്രശംസ ചൊരിയുന്നതു കണ്ട്‌ സിനിമ കാണാൻ പോയത്‌ അബദ്ധമായി ഭവിച്ചു. സാഹിത്യത്തിലെങ്കിൽ രണ്ടോ മൂന്നോ പേജിലൊരു ചെറുകഥയായും ചലചിത്രത്തിലെങ്കിൽ ഒരു മണിക്കൂറിൽ താഴെ ദൈർഘ്യമുള്ള ഒരു ഷോർട്ട്‌ ഫിലിമായോ  ടെലിഫിലിമായോ ഒതുക്കാമായിരുന്ന പ്രമേയം വലിയ സ്ക്രീനിൽ രണ്ടര മണിക്കൂർ സസ്പെൻസിലേക്കു വലിച്ചു നീട്ടി ഒടുവിൽ ക്ലൈമാക്സിൽ കാണികളെ വിഡ്ഢികളാക്കി.

വളരെ ചെറിയ ബഡ്ജറ്റിൽ ഏതാണ്ടു പൂർണ്ണമായും ഇൻഡോറിൽ ഷൂട്ട്‌ ചെയ്ത ചിത്രം കാഴ്ച്ചയിൽ ദൃശ്യാനുഭവമൊന്നും നൽകുന്നില്ല. ചിത്രത്തിലാകെയുള്ള അഞ്ച്‌ ഔട്ട്‌ ഡോർ സീനുകളുടെയും കൂടി ആകെ ദൈർഘ്യം മൂന്നു മിനിറ്റു മാത്രം. ചെലവു ചുരുക്കാനായി ക്ലോസപ്പ്‌, മീഡിയം ഷോട്ടുകളിലൊതുക്കിയ, ഒരു വൈഡ്‌ ഷോട്ട്‌ പോലുമില്ലാത്ത ഈ ചിത്രം ബിഗ്‌ സ്ക്രീനിൽ റിലീസ്‌ ചെയ്യേണ്ടിരിന്നോ, ഞാൻ നേരത്തേ പറഞ്ഞതു പോലെ ടെലിഫിലിമാക്കിയാൽ പോരായിരുന്നോ എന്നൊരു സംശയം.

ഇനി ഇതെല്ലാം പോകട്ടെ, സിനിമയുടെ കഥയെന്തെന്നു ചോദിച്ചാൽ കഥയൊന്നുമില്ല എന്നു പറയേണ്ടിവരും. ആകെ ഈ സിനിമയിലുള്ളത്‌ തടവുകാരന്റെ അത്യുന്നത ഫിലോസഫിയായി തിരക്കഥാകാരൻ അവതരിപ്പിക്കാൻ ശ്രമിക്കുന്ന ഫേസ്ബുക്ക്‌ നിലവാരത്തിലുള്ള (സ്വിച്ചിട്ടാൽ വെളിച്ചം ഇല്ലാതാക്കാനാവുമോ പോലുള്ള) മൂന്നോ നാലോ ലഘുയുക്തികളാണ്‌. ഈ 'തത്വ വചനങ്ങൾ' സെൻ ബുദ്ധിസമാണോ അല്ലെങ്കിൽ മറ്റെന്തോ ഒരു ഫിലോസഫിയാണോ എന്ന് ഒരു ബുദ്ധിജീവി വേഷം സിനിമയിൽ ഉറക്കെ ശങ്കിക്കുന്നു. ഇതു കൂടാതെ സിനിമക്ക്‌ അഗ്രാഹ്യ വൈജ്ഞാനിക പരിവേഷം നൽകാൻ ആരംഭത്തിൽ തന്നെ തിരക്കഥാകാരൻ ഫ്രാൻസ്‌ കാഫ്കയുടെ 'ജോസഫ്‌. കെ' എന്ന കഥാപാത്രത്തെ അനാവശ്യമായി ഇതിലേക്ക്‌ വലിച്ചിഴക്കുന്നുമുണ്ട്‌. കാഫ്കയുടെ നോവലൊന്നും ശരാശരി മലയാളി വായിച്ചിട്ടുണ്ടാവില്ല എന്നതു തന്നെയാണിവിടെ കഥാകാരന്റെ ധൈര്യം. കാഫ്ക 'വിചാരണ' എന്ന നോവലിൽ 'ജോസഫ്‌. കെ' എന്ന കഥാപാത്രത്തിന്റെ 'കുറ്റവിചാരണയിലൂടെ' ചില സാമൂഹിക യാഥാർത്ഥ്യങ്ങളെ അതിഗംഭീരമായ സർ റിയലിസ്റ്റിക്ക്‌ കൽപനകളിലൂടെ  അവതരിപ്പിക്കുകയും വിമർശിക്കുകയും ചെയ്യുമ്പോൾ, അതുമായി യാതൊരു താരതമ്യവുമില്ലാത്ത ഈ ചിത്രത്തിൽ കാഫ്കയുടെയും ജോസഫിന്റെയും പേരുകൾ പരാമർശിക്കുന്നത്‌ വെറുമൊരു ബുദ്ധിജീവി നാട്യവും കാഫ്കയെ അപമാനിക്കലുമാണ്‌. ചുരുക്കിപ്പറഞ്ഞാൽ തിരക്കഥാകൃത്തിന്റേയും, സംവിധായകന്റേയും, കഥാപാത്രങ്ങളുടേയും, നിരുപകരുടേയും, പിന്നെ കാണികളുടേയും ബുദ്ധിജീവിനാട്യം മാത്രമാണ്‌ സിനിമയിലാകെയുള്ളതും സിനിമയെ നിലനിർത്തുന്നതും.

ഇനി ഇതിനാകെ പറയാവുന്ന ഒരേയൊരു മറുവാദം, കപട ബുദ്ധിജീവി ജേർണലിസ്റ്റ്‌ കഥാപാത്രങ്ങളേയും അത്തരക്കാരുടെ ബുദ്ധിജീവി നാട്യങ്ങളേയും രാഘവൻ എന്ന വെറും കൊലയാളിയിലൂടെ പരിഹസിക്കുകയാണു കഥാകാരൻ എന്നു വ്യാഖ്യാനിച്ചാൽ, അതിനു പാവം കാണികളെ രണ്ടരമണിക്കൂർ പിടിച്ചിരുത്തി പരിഹസിക്കേണ്ടതുണ്ടായിരുന്നോ എന്നു ചോദിക്കേണ്ടി വരും.

സമ്പന്ന സമൂഹങ്ങളിൽ നേരത്തേയുള്ളതും  ഇപ്പോൾ നമ്മുടെ നാട്ടിലും നടപ്പായി വരുന്നതുമായ കൂലിയെഴുത്ത്‌ അഥവാ 'ഗോസ്റ്റ്‌ റൈറ്റിങ്ങ്‌' (ghost writing) എന്ന ഏർപ്പാടിനെ വിമർശിക്കുകയും, മലയാളി ജനസാമാന്യത്തിനു പരിചയപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ്‌ സിനിമയുടെ മെച്ചങ്ങളിലൊന്ന്. എന്നാൽ വലിയ സാധ്യതകളുണ്ടായിരുന്ന ആ വിഷയം പോലും തിരക്കഥയിൽ വേണ്ടവിധം പ്രയോജനപ്പെടുത്താൻ എഴുത്തുകാരനായിട്ടില്ല.

ചിത്രത്തിന്റെ ആരംഭത്തിലുള്ള പൊലീസിന്റെ റോഡ്‌ പരിശോധനാ ദൃശ്യം ആദ്യം വലിയ പ്രതീക്ഷകൾ നൽകി. കാറിന്റെ ജനലിലൂടെ കാണുന്ന പൊലീസ്‌ ജീപ്പിന്റെ ഭാഗിക കാഴ്ച്ചയും,  പൊലീസുകാരന്റെ കൈവീശൽ ദൃശ്യവും മുതൽ തുടങ്ങിയ പ്രതീക്ഷകൾ പക്ഷേ തുടർന്നു നിലനിർത്താൻ സിനിമക്കായില്ല. എന്തായാലും ആദ്യത്തെ ആ സീനിലൂടെ പൊലീസ്‌ പരിശോധനയെ പരിഹസിക്കുന്നതു കൂടാതെ, ഫ്രീലാൻസ്‌ ജേർണലിസ്റ്റിന്റെ സമൂഹത്തിലെ സ്റ്റാറ്റസ്‌ പ്രതിസന്ധി കൂടി ഭംഗിയായി സ്ഥാപിക്കാൻ തിരക്കഥാകൃത്തിനായി.

പിന്നെ നല്ലതായി പറയാൻ സിനിമയിലുള്ളത്‌ ചെഗുവേരയുടെ ചിത്രം ആരുടേതെന്നു ചോദിക്കുമ്പോൾ "ഇയാൾ വലിയൊരു ഡി.വൈ.എഫ്‌.ഐക്കാരനാണ്‌" എന്ന ഡെലിവറി ബോയിയുടെ മറുപടിയും, ലേഖനം വായിക്കാതെ തന്നെ ജോയ് മാത്യുവിന്റെ കഥാപാത്രം ലേഖനത്തിന്റെ ഗുണങ്ങളെടുത്തു പറഞ്ഞ് അഞ്ജലിയെ പുകഴ്ത്തുന്നതുമൊക്കെയാണ്. പിന്നെ ഏൽപ്പിച്ച ജോലി ഭംഗിയായി ചെയ്ത ഛായാഗ്രാഹകനേയും, പരിമിത ബഡ്ജറ്റിലെ ദൃശ്യദാരിദ്ര്യത്തെ ചേർത്തുവച്ചു പൊലിപ്പിച്ച എഡിറ്ററേയും, കഥയില്ലാത്തൊരു കഥ തിരക്കഥയാക്കിയ എഴുത്തുകാരനേയും, ഒന്നുമില്ലാത്തൊരു സിനിമ മാർക്കറ്റു ചെയ്തു വിജയിപ്പിച്ച വിതരണക്കാരേയും അഭിനന്ദിക്കാം.

സിനിമയിലൊരിടത്തും അറിയാതെ പോലും പ്രേക്ഷകനെ രസിപ്പിക്കാൻ ശ്രമിക്കുന്നില്ല, എന്നല്ല എന്റർട്ടെയ്ൻമന്റ്‌ വാല്യൂ ഉണ്ടാവാതിരിക്കാൻ ബോധപൂർവ്വം തന്നെ ശ്രമിച്ചിട്ടുള്ളതു കാണുമ്പോൾ ഇതു അവാർഡ്‌ മാത്രം ലക്ഷ്യമാക്കിയുള്ള സിനിമയാണെന്നു വ്യക്തമാണ്‌. തുടക്കത്തിലുള്ള ചത്തപല്ലിയെ ഉറുമ്പു ചുമന്നു കൊണ്ടു പോവുന്ന ദൃശ്യം ഇത്‌ അവാർഡ്‌ സിനിമയാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു. എന്നാൽ ഇത്തരത്തിൽ പരിമിത പ്രേക്ഷകരെ, ബുദ്ധിജീവി നാട്യക്കാരെയും ജൂറിയംഗങ്ങളേയും മാത്രം, ലക്ഷ്യമിടുന്ന ഒരു ചിത്രം ഒരു സസ്പെൻസ്‌ ത്രില്ലറായി മാർക്കറ്റ്‌ ചെയ്തതാണു വിതരണക്കാർ ചെയ്ത അന്യായം.

സോഷ്യൽ മീഡിയ ഉപയോഗിച്ചുള്ള പ്രചരണത്തിലൂടെ പ്രേക്ഷകരെ എങ്ങനെ തെറ്റിദ്ധരിപ്പിക്കാം എന്നും, ബുദ്ധിജീവി നാട്യം മൂലം മലയാളി എങ്ങനെ പണം മുടക്കി ഗുണമില്ലാത്തതിനെ സഹിക്കും എന്നതിന്റെയും ഏറ്റവും മികച്ച ഉദാഹരണമാണ്‌ മുന്നറിയിപ്പ്‌ എന്ന സിനിമ. എന്തായാലും ജ്ഞാനികൾക്കു മാത്രം കാണാനാവുന്ന ശ്രേഷ്ഠ നൂലിനാൽ നെയ്യപ്പെടുന്ന ആ പഴയ രാജകീയ പട്ടിന്‌, ഈ വിജ്ഞാന വിസ്ഫോടന ജനാധിപത്യ കാലത്തും നമ്മുടെ നാട്ടിൽ സ്തുതിപാഠകരേറെയുണ്ട്‌ എന്ന് തെളിയുന്നു. "കണ്ടോ ഡാ, ഇതിനൊക്കെ ഭയങ്കര അർത്ഥാണ്‌ ട്ടാ" എന്ന ആ പ്രാഞ്ചിയേട്ടൻ ഡയലോഗ്‌ ഓർമ്മവരുന്നു.

No comments:

Post a Comment