Saturday, August 02, 2014

അമേരിക്ക പരിശീലിപ്പിക്കും നമ്മുടെ എം.എൽ.എമാരെ!!!

നമ്മുടെ എം.എൽ.എമാരെ അമേരിക്കയിലേക്കു പരിശീലനത്തിനു വിളിക്കുന്നത്‌ പലസ്തീൻ പ്രശ്നം മുൻനിർത്തിയല്ല എതിർക്കേണ്ടത്‌. അത്‌ മുസ്ലിം ലീഗിനെ പ്രതിരോധത്തിലാക്കാൻ സി.പി.എം കളിക്കുന്ന അടവു നയമാണ്‌. അതിനപ്പുറം ഇതിലൊരു ഗൗരവമായ പ്രശ്നമുണ്ട്‌. ലോക ബാങ്കും എ.ഡി.ബിയും മറ്റും നൽകുന്ന വായ്പകൾക്കൊപ്പം വരുന്ന ചില നിബന്ധനകളുണ്ട്‌. ഒരു അന്തസ്സുള്ള പരമാധികാര രാജ്യവും അനുവദിക്കാത്ത തരത്തിലുള്ള ഭരണപരമായ ഇടപെടലുകൽ വായ്പാ നിബന്ധനകൾ എന്ന പേരിൽ കൊണ്ടു വരുന്നതു നാം കണ്ടതാണ്‌.

കെ.എസ്സ്‌.ആർ.ടി.സിയും റയിൽവേയും ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കണം, തൊഴിൽ നിയമങ്ങൾ ലഘൂകരിക്കണം, എന്നു തുടങ്ങി സർക്കാർ ജീവനക്കാരുടെ പെൻഷൻ നിർത്തലാക്കണം, സർക്കാർ സർവ്വീസിൽ സ്ഥിരം നിയമനങ്ങൾ ഒഴിവാക്കി പുറം കരാർ ഏർപ്പെടുത്തണം എന്നുവരെയുള്ള നിർദ്ദേശങ്ങളുണ്ട്‌ ആ കൂട്ടത്തിൽ. യൂറോപ്യന്റെ അഭിമാനമായ എയർബസ്സ്‌ എന്ന് പൊതു മേഖലാ വിമാന നിർമ്മാണ കമ്പനി സ്വകാര്യവത്കരിക്കണമെന്നോ അതിൽ വിദേശ നിക്ഷേപം അനുവദിക്കണമെന്നോ പറഞ്ഞു യൂറോപ്പിൽ ചെന്നാൽ അവർ ജീവനോടെ തിരിച്ചയക്കുമോ. അമേരിക്കയിലെ തൊഴിൽ നിയമങ്ങൾ ഉപേക്ഷിക്കണമെന്ന് ഒരിന്ത്യൻ ബാങ്കിന്റെ പ്രതിനിധി അവിടെച്ചെന്നു പറഞ്ഞാൽ അവിടത്തെ സർക്കാർ അയാളെ സ്വീകർച്ചാനയിക്കുമോ? ഇതിലും കടുത്ത ഉപാധികളാണ്‌ അമേരിക്കയും യൂറോപ്പും ഇന്ത്യൻ അടിമകൾക്കു മുന്നിൽ വച്ചിരിക്കുന്നത്‌. അവയൊക്കെ ഇപ്പോഴും നടപ്പാക്കലിന്റെ ആദ്യ പടികളിൽ നിൽക്കുന്നതേയുള്ളൂ.

ആ വക ഭരണപരവും നയപരവുമായ പാഠങ്ങൾ പഠിപ്പിച്ച്‌ എം.എൽ.എമാരെ അമേരിക്കൻ സേവക്കു പ്രാപ്തരാക്കാനാണ്‌ അവർ എം.എൽ.എമാരെ അങ്ങോട്ട്‌ ആനയിക്കുന്നത്‌. അമേരിക്കൻ സേവകനായിരുന്ന മന്മോഹൻ സിങ്ങിനു ശേഷം ഇപ്പോൾ അമേരിക്കയുടെ പുതിയ കൂട്ടുകാരൻ മോദി നടപ്പാക്കി വരുന്ന അമേരിക്കൻ അനുകൂല സാമ്പത്തിക പരിഷ്കരണങ്ങൾക്ക്‌ എം.എൽ.എമാരെ തയ്യാറാക്കുകയാണു ലക്ഷ്യം. ചെറുകിട ലോക്കൽ പ്രലോഭനങ്ങളിൽ സ്ഥിരമായി വീണു ശീലിച്ച നമ്മുടെ എം.എൽ.എമാർ അമേരിക്കൻ പ്രലോഭനത്തിൽ വീഴുമെന്നും ഇനി അവരുടെ നയങ്ങൾക്ക്‌ ഒപ്പു ചാർത്തിക്കൊടുക്കുമെന്നുമുള്ള കാര്യത്തിന്‌ ഒരു സംശയവും വേണ്ട.

No comments:

Post a Comment