നാട്ടിൽ പാമ്പിനെ കണ്ടാൽ, അതു വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂളിൽ പെട്ടതാണെങ്കിൽ, അതായതു വല്ല മൂർഖനോ, രാജവെമ്പാലയോ മറ്റോ ആണെങ്കിൽ ഉടൻ വനം വകുപ്പിനെ വിവരം അറിയിക്കണമെന്നു നിയമം. പത്താം ക്ലാസ്സ് പാസ്സായി പി എസ്സ് സി വഴി ജോലിയിൽ കയറിയ പാവം ഫോറസ്റ്റ് ഗാർഡുകൾ പാമ്പിനെ കണ്ടിട്ട് എന്തു ചെയ്യാൻ? അവർ ഉടൻ വാവാ സുരേഷിന്റെ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രാദേശിക പാമ്പു പിടുത്തക്കാരന്റെ നമ്പറിൽ വിളിക്കുന്നു. സുരേഷ് വരുന്നു, പാമ്പിനെ പിടിക്കുന്നു, ചാക്കിലാക്കുന്നു, ഫോറസ്റ്റിന്റെ ജീപ്പിൽ കയറ്റി ഗാർഡുമാരുടെ അകമ്പടിയോടെ ശ്രീമാൻ സുരേഷ് തന്നെ പാമ്പിനെ കാട്ടിൽ കൊണ്ടു പോയി വിടുന്നു.
എനിക്ക് ഒരു സംശയം: ഈ വാവാ സുരേഷിനെ അങ്ങു ഫോറസ്റ്റിൽ എടുക്കരുതോ. പണി ചെയ്യാൻ സുരേഷും ശമ്പളം വാങ്ങാൻ പണിയറിയാത്ത ഫോറസ്റ്റുകാരും എന്ന ഈ ഏർപ്പാടു ശരിയാണോ? പി എസ്സ് സി യും എംപ്ലോയ്‌മന്റ് എക്സ്ചേഞ്ചുമൊക്കെയുണ്ടെങ്കിലും അതിനു സമാന്തരമായി പാവപ്പെട്ട തൊഴിലന്വേഷകരുടെ കൈയ്യിൽ നിന്നും കാശു വാങ്ങി താൽകാലിക തസ്തികകളിൽ നിയമിച്ച ശേഷം വർഷങ്ങൾ കഴിഞ്ഞ് അവരെ സ്ഥിരപ്പെടുത്തുന്ന ഒരു ഏർപ്പാട് നിരന്തരമായി എല്ലാ സർക്കാർ വകുപ്പുകളിലും നടന്നു പോരുന്ന ഈ നാട്ടിൽ ഈ വാവാ സുരേഷിനെ പോലെ പണിയറിയാവുന്ന ആളുകളെ പി എസ്സ് സി യുടെ ഒബ്ജക്റ്റീവ് ഗുസ്തിയില്ലാതെ ജോലിക്കെടുക്കുന്ന കാര്യം അസാധ്യമാണോ?
മാത്രവുമല്ല, എസ്സ് എസ്സ് എൽ സി മാത്രം മതിയാവുന്ന ഫോറസ്റ്റ് ഗാർഡ് ജോലി ചെയ്യുന്നവരിൽ ഭൂരിപക്ഷവും ബിരുദധാരികളാണെങ്കിലും, ഒരു ശരാശരി സുവോളജി ബിരുദധാരിയേക്കാൾ കൂടുതൽ പാമ്പു വിജ്ഞാനം വാവാ സുരേഷിനുണ്ട്. പാമ്പിൻ വിഷമെന്നത് രാസ വിഷമല്ലെന്നും പ്രോട്ടീൻ അഥവാ മാംസ്യമാണെന്നും, അത് ആഹരിക്കപ്പെട്ടാൽ ദഹിച്ച് അഥവാ വിഘടിച്ചു പോവുമെന്നും, നേരിട്ട് രക്തത്തിൽ കലർന്നാൽ മാത്രമേ അപകടമുള്ളൂ എന്നുമൊക്കെ ശരാശരി സുവോളജി/കെമിസ്ട്രി ബിരുദധാരി ശരിക്കു ഗ്രഹിച്ചുകൊള്ളണമെന്നില്ല, പക്ഷെ വാവാ സുരേഷിതൊക്കെ പഠിച്ചിരിക്കുന്നു.
അതുപോലെ കേരളത്തിൽ നൂറോളം ഇനം പാമ്പുകളുണ്ടെങ്കിലും അവയിൽ വിഷമുള്ളത് നാല് ഇനങ്ങൾക്കു മാത്രമാണെന്നു ധരിച്ച എത്ര ബിരുദധാരികൾ കാണും? അവയെ കാഴ്ച്ചയിൽ തിരിച്ചറിയാനുള്ള പാഠമൊക്കെ (morphology) സുവോളജി ബിരുദക്കാർ പാഠപുസ്തകത്തിൽ പഠിക്കുമെങ്കിലും, എത്ര ബിരുദധാരികൾക്ക് ഈ പാമ്പുകളെ യഥാർത്ഥത്തിൽ തിരിച്ചറിയാൻ സാധിക്കും? അപ്പോൾ ബിരുധമില്ലാതെ തന്നെ ഇതൊക്കെ സാധിക്കുന്ന വാവാ സുരേഷിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വിദ്യാഭ്യാസത്തിലെ കുറവുകൾ അവഗണിച്ച് ഉചിതമായ തസ്തികയിൽ നിയമിക്കാൻ വനം വകുപ്പ് തയ്യാറാവേണ്ടതല്ലേ.
ഓട്ടക്കാരേയും ചാട്ടക്കാരേയും ബാസ്കറ്റ് ബോൾ കളിക്കാരേയുമൊക്കെ സ്പോർട്ട്സ് ക്വാട്ടയിൽ ജോലിയിലെടുത്തിട്ട് അവരെക്കൊണ്ട് ഗുമസ്തപ്പണി ചെയ്യിക്കുന്ന വിചിത്രമായ നാടാണിതെന്നു കൂടി ഓർക്കണം.
No comments:
Post a Comment