Tuesday, June 17, 2014

മലയാള സിനിമ: വരുമോ വീണ്ടുമൊരു സുവർണ്ണകാലം?

ഇതര ഇന്ത്യൻ സിനിമയിൽ നിന്നും തീർത്തും വേറിട്ട ഒരു കഥാവഴിയായിരുന്നു ആദ്യ ചിത്രം മുതൽ തന്നെ മലയാള സിനിമയുടേത്‌. ആദ്യ സിനിമയായ ഫാൽക്കെയുടെ 'രാജാ ഹരിഷ്ചന്ദ്ര' (1913) മുതൽ വർഷങ്ങളോളം ഇന്ത്യൻ സിനിമക്കു പറയാനുണ്ടായിരുന്നത്‌ പുരാണ കഥകൾ മാത്രമായിരുന്നുവെങ്കിൽ, മലയാളത്തിലെ ആദ്യ ചിത്രമായ വിഗതകുമാരൻ (1928-30) തന്നെ ഒരു സമ്പൂർണ്ണ റിയലിസ്റ്റിക്ക്‌ സോഷ്യൽ ഡ്രാമയായിരുന്നു. വിരലിലെണ്ണാവുന്ന അദ്യകാല പരീക്ഷണങ്ങൾക്കു ശേഷം സിനിമ സജീവമായിത്തുടങ്ങിയ അൻപതുകളിൽ തന്നെ സമകാലീന ഇറ്റാലിയൻ നവ റിയലിസത്തിന്റെ സ്വാധീനത്തിൽ നീലക്കുയിൽ (1954), ന്യൂസ്‌ പേപ്പർ ബോയ്‌ (1955) എന്നീ നിയോ റിയലിസ്റ്റിക്ക്‌ സൃഷ്ടികളിലൂടെ മലയാളം ഇന്ത്യയെ അത്ഭുതപ്പെടുത്തി. അൻപതുകൾ മുതൽ തന്നെ നോവലുകളും ചെറുകഥകളും മലയാള സിനിമക്കു കഥയൊരുക്കി. എഴുപതുകളോടെ ഇന്ത്യൻ സിനിമ അതിനാടകീയതയുടെ വഴിയേ നീങ്ങിയപ്പോഴാവട്ടെ മലയാളം യൂറോപ്യൻ റിയലിസത്തിന്റെ പുതു തരംഗത്തിലേക്കു പരിണമിക്കുകയായിരുന്നു.

അങ്ങനെ നല്ല ചിത്രങ്ങളുടേതായ ശ്രേഷ്ഠ പാരമ്പര്യമുള്ള മലയാള സിനിമയിൽ തുടർച്ചയായ നല്ല സൃഷ്ടികളുടെ ഒരു സുവർണ്ണ കാലമുണ്ടായിരുന്നുവെങ്കിൽ അത്‌ എഴുപതുകളുടെ അവസാനം മുതൽ തൊണ്ണൂറുകളുടെ ആദ്യം വരെയുള്ള കാലമായിരുന്നുവെന്ന് നിസ്സംശയം പറയാം. പൂനെയിൽ നിന്നു പഠിച്ചിറങ്ങിയവരും, അന്നു തിരുവനന്തപുരത്തു ശക്തമായിരുന്ന ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ഗുണഭോക്താക്കളുമെല്ലാം, ഫ്രഞ്ച്‌ ന്യൂ വേവ്‌ പ്രസ്ഥാനത്തിന്റെയും മറ്റും സ്വാധീനത്തിൽ സിനിമയിൽ പുതുപരീക്ഷണങ്ങളുമായി ഇറങ്ങിയപ്പോൾ മലയാളത്തിൽ നല്ല ചിത്രങ്ങളുടെ ഒരു വസന്തകാലം തന്നെയുണ്ടായി. അടൂരിന്റെ സ്വയംവരം (1972), എം.ടിയുടെ നിർമ്മാല്യം (1973), തുടങ്ങിയവയിലൂടെ തുടങ്ങിവച്ച ഈ ചലനം കെ.ജി.ജോർജ്ജിന്റെ യവനിക (1982), ലോഹിതദാസിന്റെ തനിയാവർത്തനം (1987), പദ്മരാജന്റേയും, ഭരതന്റേയും, ഹരിഹരന്റേയും, എം.ടിയുടെയും സിനിമകളിലൂടെ വളർന്നു വികസിച്ച്‌ മലയാളത്തെ അതിസമ്പന്നമാക്കിയ ആ കാലത്ത്‌ മലയാളിക്ക്‌ സിനിമയുടെ നിലവാരത്തെക്കുറിച്ച്‌ ഒരിക്കലും വേവലാതിപ്പെടേണ്ടി വന്നിട്ടില്ല. അക്കാലത്തിറങ്ങിയ വാണിജ്യ സിനിമകൾ പോലും തിരക്കഥയുടെ നിലവാരത്തിലും, ചിത്രീകരണത്തിലെ റിയലിസ്റ്റിക്നെസ്സിലും, സാമൂഹിക കാഴ്ച്ചപ്പാടിലും അത്യുന്നത നിലവാരം പുലർത്തി. ഐ.വി.ശശി, ജോഷി, കെ മധു, എസ്സ്‌.എൻ.സ്വാമി തുടങ്ങിയവരുടെ സിനിമകൾ ഉദാഹരണം. ഈ രണ്ടു ധാരകൾ കൂടാതെ മലയാളി എന്നും ഓർക്കുന്ന ആർട്ട്‌  പരീക്ഷണങ്ങളും ആ കാലത്തിന്റെ സംഭാവനയാണ്‌. അരവിന്ദന്റെ ചിത്രങ്ങൾ മുതൽ  ജോൺ എബ്രഹാമിന്റെ അഗ്രഹാരത്തിൽ കഴുത (1977), അമ്മ അറിയാൻ (1986) വരെയുള്ള ചിത്രങ്ങൾ ഉദാഹരണം.

യഥാർത്ഥമായ മനുഷ്യന്റെ ജീവിത സമസ്യകൾ ചർച്ച ചെയ്യുകയോ കുറഞ്ഞതു നിരീക്ഷിക്കുകയോ എങ്കിലും ചെയ്തു അന്നത്തെ    സിനിമകൾ. ഓരോ വിശദാംശങ്ങളിലുമുള്ള ശ്രദ്ധയും, ഓരോ സീനിലും ഓരോ സംഭാഷണത്തിലും ഉന്നതമായ നിരീക്ഷണങ്ങളുമായി വൈജ്ഞാനിക തലത്തിൽ നിലവാരം പുലർത്തിയ അന്നത്തെ സിനിമകൾ, വൈകാരിക ഏയിസ്തെറ്റിക്‌ തലത്തിലാവട്ടെ സിനിമയിലെ കഥാപാത്രങ്ങൾക്കു ഉണ്ടാവുന്ന വികാരങ്ങൾ കാണികൾക്കു കൂടി അനുഭവപ്പെടുത്തുന്നതിൽ ഗംഭീരമായി വിജയിച്ചു. ഇതിൽ ചില ചിത്രങ്ങളാവട്ടെ നേരിട്ടു പറഞ്ഞാൽ ഒരുപക്ഷെ അതീവ വിരസമായിപ്പോകുമായിരുന്ന സാമൂഹിക യാഥാർത്ഥ്യങ്ങൾ പോലും അതിവിദഗ്ധമായി രസകരമായ തിരക്കഥകളിൽ പൊതിഞ്ഞ്‌ അവതരിപ്പിച്ച്‌ അത്ഭുതം സൃഷ്ടിച്ചു.

ഇത്തരത്തിൽ ഉന്നതമായ നിലവാരത്തിന്റേതായ ഒരു സുദീർഘ പാരമ്പര്യത്തിൽ നിന്നും, പ്രത്യേകിച്ചു എൺപതുകളിലെ സുവർണ്ണ കാലഘട്ടത്തിന്റെ അത്യുന്നതമായ ഉയരത്തിൽ നിന്നും, തൊണ്ണൂറുകളുടെ ഒടുവിൽ മലയാള സിനിമ നിലവാരമില്ലായയുടെ പടുകുഴിയിലേക്ക്‌ പതിച്ചപ്പോഴാണ്‌ ആ വീഴ്ച ശ്രദ്ധിക്കപ്പെടുകയും ഒരുപാടു ചർച്ച ചെയ്യപ്പെടുകയും ചെയ്തത്‌. അന്നു പത്രങ്ങളും ചാനലുകളുമുൾപ്പെടെയുള്ള ജനകീയ മാധ്യമങ്ങൾ പ്രധാനമായും ചർച്ച ചെയ്തത്‌ വാർഷിക കണക്കെടുപ്പിലെ വിജയിക്കുന്ന സിനിമകളുടെ എണ്ണക്കുറവു മാത്രമായിരുന്നെങ്കിലും, യഥാർത്ഥ പ്രശ്നം പക്ഷേ വിജയിക്കുന്ന സിനിമകൾ പോലും നിലവാരം തീരെ കുറഞ്ഞ ഫോർമുല, മിമിക്രി, മാടമ്പി കെട്ടുകാഴ്ച്ചകളാവുന്ന അവസ്ഥയായിരുന്നു.

ഈ നിലവാരത്തകർച്ചക്ക്‌ ഒരു കാരണം തീർച്ചയായും അന്നു നിലനിന്നിരുന്ന മമ്മൂട്ടി-മോഹൻലാൽ താര മത്സരമായിരുന്നു. സൂപ്പർ സ്റ്റാർ പദവി നിലനിർത്താനുതകുന്ന, ആരാധകരെ ആവേശം കൊള്ളിക്കുന്ന ചേരുവകൾ ചേർത്ത ഫോർമുലാ സിനിമകളിറക്കിയപ്പോൾ നിലവാരം തീരെ താഴേക്കു പോയി. രണ്ടാമത്തെ പ്രശ്നം കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള സിനിമയെ കൈപിടിച്ചു നടത്തിച്ച മാസ്റ്റർ ഫിലിം മേക്കേഴ്സിന്റെ കാലം കഴിഞ്ഞു പോയി എന്നതായിരുന്നു. ഈ ലേഖനത്തിൽ മുൻപ്‌ ഞാൻ തന്നെ പേരെടുത്തു പറഞ്ഞു പ്രകീർത്തിച്ച കെ.ജി.ജോർജ്ജ്‌, ലോഹിതദാസ്‌, സിബി മലയിൽ, ഐ.വി.ശശി, ജോഷി  മുതൽ സത്യൻ അന്തിക്കാട്‌ വരെയുള്ളവരുടെ നല്ലകാലം കഴിഞ്ഞു പോവുകയും അവർ പിന്നെയും പിന്നെയും സിനിമ പിടിച്ചു സ്വന്തം പേരു തന്നെ ചീത്തയാക്കുകയും ചെയ്തു. അങ്ങനെ  തൊണ്ണൂറുകളുടെ അവസാനത്തോടെ പ്രതിഭകളൊഴിഞ്ഞ ആ കളിത്തട്ടിൽ പിന്നെ അവസരം ലഭിച്ചത്‌ മിമിക്രിയിൽ നിന്നു വന്ന ഭാഗ്യാന്വേഷികൾക്കായിരുന്നു. മിമിക്രിയിൽ നിന്നും സിനിമയിൽ അഭിനയിക്കാൻ അവസരം തേടിയെത്തി, സെറ്റുകളിൽ സഹായികളായി കയറിക്കൂടി, ഒടുവിൽ സംവിധായകർ വരെയായി മാറിയ ഒരു തലമുറ സിനിമാക്കാരുടെ 'ധിഷണയിൽ' പിറന്നത്‌ അക്ഷരത്തിനും വാക്കിനും പിടിച്ചു തമാശ പറയുന്ന, ദ്വയാർത്ഥ തമാശകൾ കുത്തിനിറച്ച, കാണികളെ ചിരിപ്പിക്കാൻ എന്തു ഗോഷ്ടിയും കാണിക്കുന്ന, എന്തിനു തുണിപൊക്കി കാണിക്കുക വരെ ചെയ്യുന്ന സിനിമകളായിരുന്നു (മീശമാധവൻ, 2002, ലാൽ ജോസ്‌, രഞ്ചൻ പ്രമോദ്‌, മാധവനും കൂട്ടുകാരും എതിരാളിയായ ഭഗീരഥൻ പിള്ളയെ കണി കാണിക്കുന്ന രംഗം). അങ്ങനെ മലയാളത്തിനെ ഗ്രസിച്ച മിമിക്രി സ്വാധീനം തുടർന്നുള്ള പതിനഞ്ചു വർഷത്തോളം മലയാളത്തിനു സമ്മാനിച്ചത്‌ അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം കാലമായിരുന്നു.

ഒടുവിൽ പ്രതിഭാ ദാരിദ്ര്യത്തിന്റെയും മിമിക്രി ഗോഷ്ടിയുടേയും ആ ദീർഘ കാലത്തിനു അന്ത്യമായത്‌ കഴിഞ്ഞ ദശകത്തിന്റെ  അവസാനത്തോടെ വന്ന, മാധ്യമങ്ങൾ "ന്യൂ ജനറേഷൻ" എന്നു വിളിച്ച ശൈലീ വിപ്ലവത്തിലൂടെയാണ്‌. മലയാളി വ്യവസായികൾ കള്ളപ്പണം വെളുപ്പിക്കാനായി സിനിമയെ വ്യാപകമായി ദുരുപയോഗം ചെയ്തപ്പോൾ ആ പണം ഒരുപാടു പുതിയ ആളുകൾക്ക്‌ അവസരങ്ങൾ നൽകി, ക്യാമറക്കു മുന്നിലും പിന്നിലും. ടെലിവിഷൻ സീരിയൽ വഴിയും പരസ്യ മേഖലയിൽ നിന്നുമൊക്കെ സിനിമയിലേക്കു വന്നവരായിരൂന്നു അതിന്റെ ഗുണഭോക്താക്കൾ. അതുകൊണ്ടു തന്നെ ആ സിനിമകൾക്കു പൊതുവായി ചില സ്വഭാവങ്ങൾ ഉണ്ടായി: സീരിയലിലെ പോലെ തീരെ കുറഞ്ഞ ബഡ്ജറ്റും, ചെറിയ ഫ്രെയിമുകളും, ഇൻഡോർ ചിത്രീകരണവും, പരസ്യ ചിത്രങ്ങളുടേതിനു സമാനമായ ദൃശ്യ ഭാഷയുമൊക്കെ. സിനിമ വിജയിപ്പിച്ചു കിട്ടണം എന്ന യാതൊരു നിർബന്ധവും പണം മുടക്കുന്നവർക്കില്ലാത്തതിനാൽ  അണിയറക്കാർക്ക്‌ പരീക്ഷണങ്ങൾ നടത്താൻ പരിധിയില്ലാതെ സ്വാതന്ത്ര്യം കിട്ടി. അത്തരം ചില  പരീക്ഷണങ്ങൾ വിജയിക്കുക കൂടി ചെയ്തതോടെ അതൊരു പുതിയ ശൈലിയുടെ തുടക്കമായി മാറി. വിജയിച്ച ഏതാനും സിനിമകൾ ശ്രദ്ധിക്കപ്പെട്ടത്‌, അവതരത്തിലെ പുതുമയിലുപരിയായി തിരക്കഥയുടെ സൂക്ഷ്മ നിലവാരം കൊണ്ടു തന്നെയായിയുരുന്നു (സോൾട്ട്‌ & പെപ്പർ, 2011, ആഷിക്ക്‌ അബു, ശ്യാം പുഷ്കരൻ - ദിലീഷ്‌ നായർ). എന്നാൽ ആ നിലവാരം തുടർന്നും പുലർത്താൻ അതേ സിനിമകളുടെ അണിയറക്കാർക്കു പോലുമായില്ല എന്നിടത്ത്‌ ആ പ്രതീക്ഷ അവസാനിച്ചു. വീണ്ടും പണമൊഴുകി, സിനിമകൾ  നിർമ്മിക്കപ്പെട്ടു, ശൈലി മാത്രം തുടർന്നു. ഒഴുകുന്ന പണത്തിനനുസരിച്ച്‌ സിനിമ നിർമ്മിച്ച്‌ കൂട്ടാനായി (മലയാളി കണ്ടിരിക്കാനിടയില്ലാത്ത, അതേ സമയം പാശ്ചാത്യ നഗര ജീവിതത്തിന്റെ ചുറ്റുപാടുള്ള) ദക്ഷിണ കൊറിയൻ സിനിമയിൽ നിന്നു തിരക്കഥകൾ കടമെടുത്തു. ക്യാമറ തിരിച്ചും മറിച്ചും മറച്ചും വച്ചു പരീക്ഷിച്ചു, തെറി വിളിച്ചും വിളിച്ചതായി തോന്നിക്കാൻ ബീപ്പടിച്ചും 'പരീക്ഷണങ്ങൾ', എന്റെ ഏതു ശരീര ഭാഗമാണു നിനക്കിഷ്ടം എന്നു പെണ്ണിനെക്കോണ്ടു തന്നെ ചോദിപ്പിക്കുന്നതിന്റെ ആനന്ദം. ഒടുവിൽ എല്ലാം കഴിയുമ്പോൾ ഒരു സദാചാര ലംഘനം നടത്തിയതിന്റെ മാത്രം സംതൃപ്തിയുമായി തിയറ്റർ വിടാവുന്ന അവസ്ഥ. അങ്ങനെ അണുകുടുംബങ്ങളിൽ വളർന്ന ഈ 'ന്യൂ ജനറേഷൻ' സിനിമാക്കാർ അവരുടെ ചെറുപ്പകാലത്ത്‌ ഒതുക്കിവച്ചിരുന്ന ചോദനകൾ കാണികൾക്കു മുന്നിലേക്കു തുറന്നു വിടുന്നതിലേക്കു ചുരുങ്ങി ന്യൂ ജനറേഷൻ സിനിമാ ആഘോഷം.

അങ്ങനെ നമ്മുടെ സിനിമ നാം ജീവിക്കുന്ന കാലത്തെ നമ്മുടെയെല്ലാം കണ്മുന്നിലുള്ള ജീവിതങ്ങളേയും അവരുടെ പ്രശ്നങ്ങളെയും കാണാതെ, ഒരു നിരീക്ഷണം പോലും നടത്താൻ മെനക്കെടാതെ പോവുന്നിടത്ത്‌ ന്യൂ ജെനറേഷൻ എന്നത്‌ ഉൾകാമ്പില്ലാത്ത വെറുമൊരു ശൈലിയുടെ മാത്രം പേരായി ചുരുങ്ങുന്നു.  മലയാള സിനിമ വീണ്ടും മറ്റൊരു സുവർണ്ണ കാലത്തേക്കു പോവുന്നതും കാത്ത്‌, അതുവരെ പഴയകാല സിനിമകളും അവയുടെ ഗാംഭീര്യവും അയവിറക്കുകയേ  തത്ക്കാലം നിവൃത്തിയുള്ളൂ.

No comments:

Post a Comment