പിന്നീടുണ്ടായതു കുറ്റാരോപിതരായ കപ്പലിനെയും അതിലെ ജീവനക്കരെയും വെടിവച്ചവരെയും രക്ഷിക്കാനുള്ള ഇറ്റലിയുടെ സിസ്റ്റമാറ്റിക്കായ ശ്രമവും അതിനോടുള്ള ഇന്ത്യൻ സംവിധാനത്തിന്റെയും ജനതയുടെയും പടിപടിയായ വഴിപ്പെടലും.
- രണ്ടു ഇന്ത്യക്കാരെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഇന്ത്യൻ സമുദ്രാതിർത്തി വിട്ട കപ്പൽ തിരിച്ചു പിടിക്കാനായത് വലിയ മാധ്യമ സമ്മർദ്ദത്തെ തുടർന്ന് രണ്ടു ദിവസത്തിനു ശേഷം മാത്രം. അതുവരെ ഇക്കാര്യത്തിൽ ജ്യൂരിസ്ഡിക്ഷൻ ഉണ്ടായിരുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡും , വിശാല ഉത്തരവാദിത്വമുണ്ടായിരുന്ന ഭാരതീയ നാവിക സേനയുടെ കൊച്ചിയിലെ തെക്കൻ കമാണ്ടും അവരവരുടെ പതിവു ചിട്ടകളിൽ മുഴുകി.
- 15ന് രാത്രി ഏഷ്യാനെറ്റ് ന്യുസ് അവറിൽ വിഷയത്തിന്റെ നിയമ വശം വിശദീകരിക്കാൻ അതിഥിയായി വന്നത്, ഇത്തരത്തിൽ കേരളത്തിൽ മുൻപ് ഉണ്ടായിട്ടുള്ള ഒരേയൊരു അഡ്മിറാലിറ്റി നഷ്ടപരിഹാര കേസിലെ പരാതിക്കാരുടെ അഭിഭാഷകനായിരുന്ന, കേരളത്തിലെ സമാന കേസുകളിലെ ഒരേയൊരു വിദഗ്ദൻ എന്ന് വിശേഷിപ്പിക്കപ്പെട്ട അഡ്വ മാത്യുവാണ്. അദ്ദേഹം വ്യക്തമായി പറഞ്ഞു ഈ സംഭവം നടന്നത് ഐപിസിയുടെ പരിധിക്കു പുറത്താണ്, എന്നാൽ ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിലാണ്, അതിനാൽ പരിധി നിർണ്ണയിക്കാൻ ബാധാകമാവുക 'ഇന്ത്യൻ മാരിടൈം സോൻസ് ആക്റ്റ്' അഥാവാ 'ഇന്ത്യൻ സമുദ്ര മേഘലാ നിയമ'മാണ്.1 മുൻപേ തന്നെയുള്ള 'അഡ്മിറാലിറ്റി ആക്റ്റ്' പ്രകാരവും ഇന്ത്യയിലെ ഹൈക്കൊടതികൾക്കുള്ള അധികാരവും2 പ്രകാരം ഈ കേസ് പരിഗണിക്കേണ്ടത് കേരളാ ഹൈക്കോടതിയാണ്.
- രണ്ടു ദിവസത്തിനു ശേഷം വീണ്ടും ഈ വിഷയം ചർച്ചാ വിഷയമായപ്പോഴേക്കും അഡ്വ മാത്യു ഇറ്റാലിയൻ കപ്പൽ കമ്പനിയുടെ വക്കാലത്തേറ്റിരുന്നു. അദ്ദേഹം കപ്പൽ കമ്പനിയെ പ്രതിനിധീകരിച്ച് ടിവി ചർച്ചയിൽ ഹാജരാവുകയും ചെയ്തു. പിന്നീടാരും മേൽപ്പറഞ്ഞ നിയമങ്ങളെക്കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടില്ല.
- ഐപിസിയുടെ പരിധിക്കു പുറത്തു നടന്ന സംഭവത്തിൽ ഐപിസി പ്രയോഗിച്ചു തന്നെ കുറ്റം ചുമത്തപ്പെട്ടു. അധികാരമില്ലാത്ത മജിസ്ട്രേറ്റ് കോടതിയിൽ കേസ് നടപടികൾ ആരംഭിച്ചു.
- കൊലയാളികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ അടുത്ത പടി, അതിന്റെ ഉത്തരവാദിത്വം കപ്പലിലുണ്ടായിരുന്ന നാവിക കമാന്റോകളുടെ മേൽ ചുമത്തുകയായിരുന്നു. വെടിവച്ചത് കപ്പൽ ജീവനക്കരാനൊ കമാന്റോകളാണോ എന്നു നമുക്കിന്നും അറിയില്ല. എന്നാൽ കമാന്റോകളാണ് എന്ന ഇറ്റലിയുദെ വാദം നമ്മൾ അന്വേഷണം കൂടാതെ അംഗീകരിച്ചു. കപ്പൽ ജീവനക്കരാണ് വെടിവച്ച്തെങ്കിൽ അത് കൊലപാതകം ആകുമായിരുന്നു. എന്നാൽ സൈനികരായ കമാന്റോകളാണ് വെടി വച്ചതെങ്കിൽ കാര്യം മാറി; അതിനു സൈനിക, ദേശിയ ഛായ വന്നു.
- അറസ്റ്റു ചെയ്തെങ്കിലും നാവികരെ സുരക്ഷാ പ്രശ്നം പറഞ്ഞു ഗസ്റ്റ് ഹൌസിൽ താമസിപ്പിക്കാൻ ശ്രമമുണ്ടായി. മാധ്യമ സമ്മർദ്ദം നിമിത്തം അവരെ ജയിലിലേക്കു മാറ്റേണ്ടി വന്നു.
- കമാന്റോകൾ ഓരോ തവണയും കോടതിയിൽ ഹാജരായത് അവരുടെ സൈനിക വസ്ത്രം ധരിച്ചായിരുന്നു. അതു തന്നെ ഓരോ അവസരത്തിനും യോജിച്ച വ്യത്യസ്ഥ വേഷങ്ങളിൽ. ഇത്തരത്തിൽ പ്രതികൾ സൈനിക വസ്ത്രം ധരിച്ചു കോടതിയിൽ ഹാജരാവുന്നത് ഭാരതത്തിന്റെ അഭിഭാഷകരോ കോടതിയോ പോലും ചോദ്യം ചെയ്തില്ല, എന്തിന് ഇന്ത്യൻ മാധ്യമങ്ങൾ പോലും ഒന്നും മിണ്ടിയില്ല.
- അടുത്ത പടിയായി മരിച്ച മീൻപിടുത്തക്കാരുടെ ബന്ധുക്കളുമായി രഹസ്യമായി ഒതുതീർപ്പു ചർച്ചകൾ സംഘടിപ്പിക്കപ്പെട്ടു. മധ്യസ്ഥരായത് ഭാരതീയരായ ക്രിസ്ത്യാനികളേക്കാൽ ഇറ്റലിക്കാരോടു കൂറുള്ള കത്തോലിക്കാ ബിഷപ്പുമാർ.
- ഏതാണ്ടു പതിനഞ്ചോളം ലക്ഷം രൂപക്കു കേസ് ഒത്തു തീർന്നുവെന്നു വാർത്ത വന്നപ്പോഴാണ് പാവപ്പെട്ട മീൻപിടുത്തക്കാരുടെ ബന്ധുക്കൽ വഞ്ചിക്കപ്പെട്ട കാര്യം നാട്ടുകാരറിയുന്നത്. ഇത്തരം കേസുകളിൽ നിലവിലുള്ള അന്താരാഷ്‌ട്ര നഷ്ടപരിഹാരത്തുക ഏതാനും കോടികൾ വരും എന്നു വെളിപ്പെടുത്തപ്പെട്ടപ്പൊഴേക്കും വൈകിപ്പോയിരുന്നു.
- എന്നാൽ ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച മറ്റൊരു കേസ് (കപ്പൽ വിട്ടു കിട്ടാനുള്ള കേസ് ) എത്തിയപ്പോൾ ഒത്തുതീർപ്പു കരാർ നിലനിൽക്കുകയില്ല എന്നു ജഡ്ജി വാക്കാൽ പരാമർശിച്ചതു ജനങ്ങളെ ആവേശം കൊള്ളിച്ചുവെങ്കിലും അതിന്റെ പ്രയോജനമൊന്നും പാവപ്പെട്ട മീൻപിടുത്തക്കാരുടെ ബന്ധുക്കൽക്കു കിട്ടിയില്ല.
- കൊലക്കേസിന്റെ കാര്യത്തിൽ ഒടുവിൽ പ്രതീക്ഷിച്ചതു സംഭവിച്ചു. സുപ്രീം കോടതിയിൽ ഇറ്റലി നല്കിയ ഹർജിയിൽ കേസ് ഐപിസിയുടെ പരിധിക്കു പുറത്തായതിനാൽ കേരളത്തിൽ വിചാരണ ചെയ്യാനാവില്ല എന്നും കേസിന്റെ നടത്തിപ്പു സുപ്രീം കോടതിയിലേക്കു മാറ്റണമെന്നും വിധിച്ചു. അങ്ങനെ നാവികർ കേരളം വിട്ടു ഡൽഹിയിൽ എത്തി, ഇറ്റലിയിലേക്കുള്ള ദൂരം അൽപ്പം കൂടി കുറഞ്ഞു. കേരളത്തിലെ സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന അവർ ഡൽഹിയിൽ സുരക്ഷാ പ്രശ്നങ്ങളുടെ പേരിൽ ഇറ്റാലിയൻ എംബസ്സിയിലും പിന്നെ ആഡംബര ഹോട്ടലിലുമായി താമസം. ഈ അവസരത്തിൽ ദേവയാനി ഖോബ്രഗടെക്കു നേരിടേണ്ടി വന്നു എന്നു പറയപ്പെടുന്ന അനുഭവങ്ങൾ ഓർക്കുന്നത് നന്നായിരിക്കും.
- ഇറ്റലി നാവികരുടെ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു. നാട്ടിൽ പോയി ക്രിസ്തുമസ് ആഘോഷിക്കുന്നതിനായി അവർക്കു ജാമ്യം അനുവദിക്കപ്പെട്ടു. ഇന്ത്യൻ ക്രിമിനൽ നിയമങ്ങളിൽ ജാമ്യം കിട്ടാൻ ഇങ്ങനെയൊരു വകുപ്പുണ്ടെന്നു ഞാൻ അറിഞ്ഞത് അപ്പോൾ മാത്രമാണ്.
- പോയ സായിപ്പ് തിരിച്ചു വരില്ല എന്നു പരിതപിച്ച മാധ്യമങ്ങളെയും ഇടതു മൂരാച്ചികളേയും ഞെട്ടിച്ചു കൊണ്ട് അവർ മടങ്ങിയെത്തി. എന്നാൽ വന്നയുടൻ ഇറ്റാലിയൻ പ്രതിനിധി ഒരു കാര്യം പറഞ്ഞു. ഈ സൗമനസ്യം ഒരു നല്ല സന്ദേശമായി പരിഗണിക്കണം എന്നും, അതിനനുസരിച്ചുള്ള പരിഗണനകൾ തുടര്ന്നുണ്ടാവണം എന്നും.
- കുറച്ചു സമയത്തിനു ശേഷം ഇറ്റലിക്കാർ വീണ്ടും ജാമ്യം ചോദിച്ചു. അനുവദിച്ചു. പക്ഷെ ഇത്തവണ സായിപ്പു തനി നിറം കാണിച്ചു. തിരിച്ചു വരില്ല എന്നറിയിച്ചു.
- ഒച്ചപ്പടായി ബഹളമായി. സോണിയ ഗാന്ധിയുടെ ഒത്തുകളിയാണ് എന്ന ആരോപണം ശക്തമായപ്പോൾ വീണ്ടും നാവികർ തിരിച്ചു വന്നു. അഥവാ വരേണ്ടി വന്നു.
- അടുത്ത കളി നിയമം ഉപയോഗിച്ചായിരുന്നു. ഐപിസി നിലനിൽക്കാത്ത കേസിൽ ഒരു തരത്തിലും നിലനിൽക്കാത്ത, കടൽകൊള്ളയും കപ്പലുകളിലെ കുറ്റകൃത്യങ്ങളും തടയാനുള്ള നിയമമായ സുവ (Suppression of Unlawful Acts Against Safety of Maritime Navigation Act 2002) പ്രയോഗിച്ചു. ആരെയോ ബോധിപ്പിക്കാനായി കേസ് അന്വേഷണം എൻഐഏയെ ഏൽപ്പിച്ചു.
- പിന്നിടു സുവ നിയമത്തിന്റെ മേലായി പിടിവലി. സുവ ബാധകമാക്കാമൊ ഇല്ലയോ എന്നു മാസങ്ങൾ നീണ്ട വിശകലനത്തിനു ശേഷം ഒടുവിലിതാ ഇന്നു സുവ പിൻവലിക്കുന്നതായി സർക്കാർ കോടതിയെ അറിയിച്ചു.
- ഇനി അടുത്ത ഗുസ്തി എൻഐഎയുടെ പേരിലാണ്. സുവ കൂടി ഒഴിവാക്കപ്പെട്ട കേസ് അന്വേഷിക്കാൻ എൻഐഎക്കു അധികാരമില്ല എന്നു ഇറ്റലി സുപ്രീം കോടതിയിൽ വാദിക്കുന്നു. കേസ് പിന്നീടു പരിഗണിക്കാനായി മാറ്റി.
Notes:
No comments:
Post a Comment