Tuesday, February 25, 2014

സൂര്യ ടിവിയിലെ മലയാളി ഹൗസ് - പണിപോയ മൂന്നാം കിട സെലിബ്രിറ്റികൾക്ക്‌ ഒരു തൊഴിൽ.

സംഘടനാ രാഷ്ട്രിയത്തിന്റെ ഏണിപ്പടികൾ കയറാൻ ക്ഷമയില്ലാത്തതിനാൽ പ്രായോഗിക കാലുമാറ്റ രാഷ്ട്രിയം പരീക്ഷിക്കുകയും അതി പക്ഷേ  ദയനീയമായി മൂക്കു കുത്തി വീഴുകയും ചെയ്ത സിന്ധു ജോയ്, വിവാദ തന്ത്രിയുടെ അനന്തരവനും വൈരുദ്ധ്യാധിഷ്ടിത ഉത്തരാധുനിക (post-modern) പാരമ്പര്യവാദത്തിന്റെ വക്താവുമായ രാഹുൽ ഈശ്വർ, സന്തോഷ്‌ പണ്ഡിറ്റ്‌, ഒരു വിവരവുമില്ലാത്തകാര്യങ്ങളേക്കുറിച്ചും ആധികാരിക സ്വരത്തിൽ സംസാരിച്ചു സ്വന്തം വിവരക്കേടു വെളിപ്പെടുത്തുന്ന ജി.എസ്.പ്രദീപ്‌, ഇവർക്കെല്ലാം പോതുവയുള്ളതെന്താണ്? നല്ല രീതിയിലല്ലാത്ത പ്രശസ്തി.

അത്തരത്തിലുള്ള മൂന്നാംകിട ലൊട്ടുലൊടുക്ക് സെലിബ്രിറ്റീ
സിനെ പങ്കെടുപ്പിക്കുന്ന റിയാലിറ്റി ഷോയായിരുന്നു സൂര്യ ടിവിയിലെ മലയാളി ഹൗസ്. ഒന്നാം നിര താരങ്ങളെ പങ്കെടുപ്പിക്കാൻ സുര്യ ടിവിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷേ അതിന് കാശിറക്കണം, മാത്രവുമല്ല ഒന്നാം നിര സെലിബ്രിറ്റീസിനു വേറെ ജോലിയുണ്ട്, ഇങ്ങനെ വന്നു സ്റ്റുഡിയോ യിൽ കെട്ടിക്കിടക്കാൻ അവർക്കു സമയമില്ല. അങ്ങനെ റിയാലിറ്റി ഷോ തുടങ്ങി, ഈ സെലിബ്രിറ്റികൽ ചുമ്മാ അവിടെയും ഇവിടെയും ഇരുന്നു വർത്തമാനം പറയുന്നത് വിരസമായപ്പോൾ കാണാൻ ആളില്ലാതായി. അപ്പോൾ സൂര്യ ടിവി ഒരു വിദ്യ ഇറക്കി. തിരക്കഥയൊന്നു പുതുക്കി. സെലിബ്രിറ്റികൽ ഇടക്കിടെ വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ പരസ്പരം കെട്ടിപ്പിടിക്കാൻ തുടങ്ങി. അതോടെ ചില രണ്ടാം നിര രാഷ്ട്രിയക്കാരും ചില മത-മാധ്യമങ്ങളും "അശ്ലീലം! അശ്ലീലം!" എന്ന് പരാതി പറയാൻ തുടങ്ങി. സുര്യ ടിവിയുടെ തന്ത്രം ഏറ്റു. അശ്ലീലം എന്താണെന്നറിയാനുള്ള കൌതുകത്തിൽ കാണികൾ തള്ളിക്കയറാൻ തുടങ്ങി. കൂടുതലായൊന്നും കാണിക്കാനുള്ള ഭാവന പ്രൊഡ്യുസർമർക്കില്ലാത്തതിനാൽ അവർ സ്ഥാനത്തും അസ്ഥാനത്തും കൂടുതൽ കൂടുതൽ കെട്ടിപ്പിടുത്തങ്ങൾ ചേര്ത്തു.

കഴിഞ്ഞ ദിവസം ചാനൽ മാറ്റിയപ്പോൾ അതിന്റെ പുന:സംപ്രേഷണം കണ്ടു. ഈ ഏർപ്പാട് ഇനി മലയാളികൾക്ക് എന്നാണാവോ മടുക്കുക?

Monday, February 24, 2014

എൻറിക്കാ ലെക്സി കേസ് ഇല്ലാതാക്കിയ നാൽവഴി.

2012 ഫെബ്രുവരി 15നാണ് ഇന്ത്യൻ സമുദ്രാതിർത്തി യിലുടെ പോവുകയായിരുന്ന  എൻറിക്കാ ലെക്സി എന്ന ഇറ്റാലിയൻ കപ്പലിൽ നിന്നും സമീപത്തുകൂടി പോയ മത്സ്യ ബന്ധന ബോട്ടിലേക്ക് വെടിവക്കുകയും ഇന്ത്യക്കാരായ രണ്ടു മീൻ പിടുത്തക്കാർ മരിക്കുകയും ചെയ്തത്.

പിന്നീടുണ്ടായതു കുറ്റാരോപിതരായ കപ്പലിനെയും അതിലെ ജീവനക്കരെയും വെടിവച്ചവരെയും  രക്ഷിക്കാനുള്ള ഇറ്റലിയുടെ സിസ്റ്റമാറ്റിക്കായ  ശ്രമവും അതിനോടുള്ള ഇന്ത്യൻ സംവിധാനത്തിന്റെയും ജനതയുടെയും പടിപടിയായ വഴിപ്പെടലും.
  1. രണ്ടു ഇന്ത്യക്കാരെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഇന്ത്യൻ സമുദ്രാതിർത്തി വിട്ട കപ്പൽ തിരിച്ചു പിടിക്കാനായത് വലിയ മാധ്യമ സമ്മർദ്ദത്തെ തുടർന്ന് രണ്ടു ദിവസത്തിനു ശേഷം മാത്രം. അതുവരെ ഇക്കാര്യത്തിൽ ജ്യൂരിസ്ഡിക്ഷൻ ഉണ്ടായിരുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡും , വിശാല ഉത്തരവാദിത്വമുണ്ടായിരുന്ന ഭാരതീയ നാവിക സേനയുടെ കൊച്ചിയിലെ  തെക്കൻ കമാണ്ടും അവരവരുടെ പതിവു ചിട്ടകളിൽ മുഴുകി.
  2. 15ന് രാത്രി ഏഷ്യാനെറ്റ് ന്യുസ്‌ അവറിൽ വിഷയത്തിന്റെ നിയമ വശം വിശദീകരിക്കാൻ അതിഥിയായി വന്നത്, ഇത്തരത്തിൽ കേരളത്തിൽ മുൻപ് ഉണ്ടായിട്ടുള്ള ഒരേയൊരു അഡ്മിറാലിറ്റി നഷ്ടപരിഹാര കേസിലെ പരാതിക്കാരുടെ അഭിഭാഷകനായിരുന്ന, കേരളത്തിലെ സമാന കേസുകളിലെ ഒരേയൊരു വിദഗ്ദൻ എന്ന് വിശേഷിപ്പിക്കപ്പെട്ട അഡ്വ മാത്യുവാണ്. അദ്ദേഹം വ്യക്തമായി പറഞ്ഞു ഈ സംഭവം നടന്നത് ഐപിസിയുടെ പരിധിക്കു പുറത്താണ്, എന്നാൽ ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിലാണ്, അതിനാൽ പരിധി നിർണ്ണയിക്കാൻ ബാധാകമാവുക 'ഇന്ത്യൻ മാരിടൈം സോൻസ്  ആക്റ്റ്' അഥാവാ 'ഇന്ത്യൻ സമുദ്ര മേഘലാ നിയമ'മാണ്.1 മുൻപേ തന്നെയുള്ള 'അഡ്മിറാലിറ്റി ആക്റ്റ്' പ്രകാരവും ഇന്ത്യയിലെ ഹൈക്കൊടതികൾക്കുള്ള അധികാരവും2 പ്രകാരം ഈ കേസ് പരിഗണിക്കേണ്ടത് കേരളാ ഹൈക്കോടതിയാണ്.
  3. രണ്ടു ദിവസത്തിനു ശേഷം വീണ്ടും ഈ വിഷയം ചർച്ചാ വിഷയമായപ്പോഴേക്കും അഡ്വ മാത്യു ഇറ്റാലിയൻ കപ്പൽ കമ്പനിയുടെ വക്കാലത്തേറ്റിരുന്നു. അദ്ദേഹം കപ്പൽ കമ്പനിയെ പ്രതിനിധീകരിച്ച് ടിവി ചർച്ചയിൽ ഹാജരാവുകയും ചെയ്തു. പിന്നീടാരും മേൽപ്പറഞ്ഞ നിയമങ്ങളെക്കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടില്ല.
  4. ഐപിസിയുടെ പരിധിക്കു പുറത്തു നടന്ന സംഭവത്തിൽ ഐപിസി പ്രയോഗിച്ചു തന്നെ കുറ്റം ചുമത്തപ്പെട്ടു. അധികാരമില്ലാത്ത മജിസ്ട്രേറ്റ് കോടതിയിൽ കേസ് നടപടികൾ ആരംഭിച്ചു.
  5. കൊലയാളികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ അടുത്ത പടി, അതിന്റെ ഉത്തരവാദിത്വം കപ്പലിലുണ്ടായിരുന്ന നാവിക കമാന്റോകളുടെ മേൽ ചുമത്തുകയായിരുന്നു. വെടിവച്ചത് കപ്പൽ ജീവനക്കരാനൊ കമാന്റോകളാണോ എന്നു നമുക്കിന്നും അറിയില്ല. എന്നാൽ കമാന്റോകളാണ് എന്ന ഇറ്റലിയുദെ വാദം നമ്മൾ അന്വേഷണം കൂടാതെ അംഗീകരിച്ചു. കപ്പൽ ജീവനക്കരാണ് വെടിവച്ച്തെങ്കിൽ അത് കൊലപാതകം ആകുമായിരുന്നു. എന്നാൽ സൈനികരായ കമാന്റോകളാണ് വെടി വച്ചതെങ്കിൽ കാര്യം മാറി; അതിനു സൈനിക, ദേശിയ ഛായ വന്നു.
  6. അറസ്റ്റു ചെയ്തെങ്കിലും നാവികരെ സുരക്ഷാ പ്രശ്നം പറഞ്ഞു ഗസ്റ്റ് ഹൌസിൽ താമസിപ്പിക്കാൻ ശ്രമമുണ്ടായി. മാധ്യമ സമ്മർദ്ദം നിമിത്തം അവരെ ജയിലിലേക്കു മാറ്റേണ്ടി വന്നു.
  7. കമാന്റോകൾ ഓരോ തവണയും കോടതിയിൽ ഹാജരായത് അവരുടെ സൈനിക വസ്ത്രം ധരിച്ചായിരുന്നു. അതു തന്നെ ഓരോ അവസരത്തിനും യോജിച്ച വ്യത്യസ്ഥ വേഷങ്ങളിൽ. ഇത്തരത്തിൽ പ്രതികൾ സൈനിക  വസ്ത്രം ധരിച്ചു കോടതിയിൽ ഹാജരാവുന്നത് ഭാരതത്തിന്റെ അഭിഭാഷകരോ കോടതിയോ പോലും ചോദ്യം ചെയ്തില്ല, എന്തിന് ഇന്ത്യൻ മാധ്യമങ്ങൾ പോലും ഒന്നും മിണ്ടിയില്ല.
  8. അടുത്ത പടിയായി മരിച്ച മീൻപിടുത്തക്കാരുടെ ബന്ധുക്കളുമായി രഹസ്യമായി ഒതുതീർപ്പു ചർച്ചകൾ സംഘടിപ്പിക്കപ്പെട്ടു. മധ്യസ്ഥരായത് ഭാരതീയരായ ക്രിസ്ത്യാനികളേക്കാൽ ഇറ്റലിക്കാരോടു കൂറുള്ള കത്തോലിക്കാ ബിഷപ്പുമാർ.
  9. ഏതാണ്ടു പതിനഞ്ചോളം ലക്ഷം രൂപക്കു കേസ്‌ ഒത്തു തീർന്നുവെന്നു വാർത്ത വന്നപ്പോഴാണ് പാവപ്പെട്ട മീൻപിടുത്തക്കാരുടെ ബന്ധുക്കൽ വഞ്ചിക്കപ്പെട്ട കാര്യം നാട്ടുകാരറിയുന്നത്. ഇത്തരം കേസുകളിൽ നിലവിലുള്ള അന്താരാഷ്‌ട്ര നഷ്ടപരിഹാരത്തുക ഏതാനും കോടികൾ വരും എന്നു വെളിപ്പെടുത്തപ്പെട്ടപ്പൊഴേക്കും വൈകിപ്പോയിരുന്നു.
  10. എന്നാൽ ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച മറ്റൊരു കേസ്‌ (കപ്പൽ വിട്ടു കിട്ടാനുള്ള കേസ് ) എത്തിയപ്പോൾ ഒത്തുതീർപ്പു കരാർ നിലനിൽക്കുകയില്ല എന്നു ജഡ്ജി വാക്കാൽ പരാമർശിച്ചതു ജനങ്ങളെ ആവേശം കൊള്ളിച്ചുവെങ്കിലും അതിന്റെ പ്രയോജനമൊന്നും പാവപ്പെട്ട മീൻപിടുത്തക്കാരുടെ ബന്ധുക്കൽക്കു  കിട്ടിയില്ല.
  11. കൊലക്കേസിന്റെ കാര്യത്തിൽ  ഒടുവിൽ പ്രതീക്ഷിച്ചതു സംഭവിച്ചു. സുപ്രീം കോടതിയിൽ ഇറ്റലി നല്കിയ ഹർജിയിൽ കേസ് ഐപിസിയുടെ പരിധിക്കു പുറത്തായതിനാൽ കേരളത്തിൽ വിചാരണ ചെയ്യാനാവില്ല എന്നും കേസിന്റെ നടത്തിപ്പു സുപ്രീം കോടതിയിലേക്കു മാറ്റണമെന്നും വിധിച്ചു. അങ്ങനെ നാവികർ കേരളം വിട്ടു ഡൽഹിയിൽ എത്തി, ഇറ്റലിയിലേക്കുള്ള ദൂരം അൽപ്പം കൂടി കുറഞ്ഞു. കേരളത്തിലെ സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന അവർ ഡൽഹിയിൽ സുരക്ഷാ പ്രശ്നങ്ങളുടെ പേരിൽ ഇറ്റാലിയൻ എംബസ്സിയിലും പിന്നെ ആഡംബര ഹോട്ടലിലുമായി താമസം. ഈ അവസരത്തിൽ ദേവയാനി ഖോബ്രഗടെക്കു നേരിടേണ്ടി വന്നു എന്നു പറയപ്പെടുന്ന അനുഭവങ്ങൾ ഓർക്കുന്നത് നന്നായിരിക്കും.
  12. ഇറ്റലി നാവികരുടെ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു. നാട്ടിൽ പോയി ക്രിസ്തുമസ് ആഘോഷിക്കുന്നതിനായി അവർക്കു ജാമ്യം അനുവദിക്കപ്പെട്ടു. ഇന്ത്യൻ ക്രിമിനൽ നിയമങ്ങളിൽ ജാമ്യം കിട്ടാൻ ഇങ്ങനെയൊരു വകുപ്പുണ്ടെന്നു ഞാൻ അറിഞ്ഞത് അപ്പോൾ മാത്രമാണ്.
  13. പോയ സായിപ്പ് തിരിച്ചു വരില്ല എന്നു പരിതപിച്ച മാധ്യമങ്ങളെയും ഇടതു മൂരാച്ചികളേയും ഞെട്ടിച്ചു കൊണ്ട് അവർ മടങ്ങിയെത്തി. എന്നാൽ വന്നയുടൻ ഇറ്റാലിയൻ പ്രതിനിധി ഒരു കാര്യം പറഞ്ഞു. ഈ സൗമനസ്യം ഒരു നല്ല സന്ദേശമായി പരിഗണിക്കണം എന്നും, അതിനനുസരിച്ചുള്ള പരിഗണനകൾ തുടര്ന്നുണ്ടാവണം എന്നും.
  14. കുറച്ചു സമയത്തിനു ശേഷം ഇറ്റലിക്കാർ വീണ്ടും ജാമ്യം ചോദിച്ചു. അനുവദിച്ചു. പക്ഷെ ഇത്തവണ സായിപ്പു തനി നിറം കാണിച്ചു. തിരിച്ചു വരില്ല എന്നറിയിച്ചു.
  15. ഒച്ചപ്പടായി ബഹളമായി. സോണിയ ഗാന്ധിയുടെ ഒത്തുകളിയാണ് എന്ന ആരോപണം ശക്തമായപ്പോൾ വീണ്ടും നാവികർ തിരിച്ചു വന്നു. അഥവാ വരേണ്ടി വന്നു.
  16. അടുത്ത കളി നിയമം ഉപയോഗിച്ചായിരുന്നു. ഐപിസി നിലനിൽക്കാത്ത കേസിൽ ഒരു തരത്തിലും നിലനിൽക്കാത്ത, കടൽകൊള്ളയും കപ്പലുകളിലെ കുറ്റകൃത്യങ്ങളും തടയാനുള്ള നിയമമായ  സുവ (Suppression of Unlawful Acts Against Safety of Maritime Navigation Act 2002) പ്രയോഗിച്ചു. ആരെയോ ബോധിപ്പിക്കാനായി കേസ്‌ അന്വേഷണം എൻഐഏയെ ഏൽപ്പിച്ചു.
  17. പിന്നിടു സുവ നിയമത്തിന്റെ മേലായി പിടിവലി. സുവ ബാധകമാക്കാമൊ ഇല്ലയോ എന്നു മാസങ്ങൾ നീണ്ട വിശകലനത്തിനു ശേഷം ഒടുവിലിതാ ഇന്നു സുവ പിൻവലിക്കുന്നതായി സർക്കാർ കോടതിയെ അറിയിച്ചു.
  18. ഇനി അടുത്ത ഗുസ്തി എൻഐഎയുടെ പേരിലാണ്. സുവ കൂടി ഒഴിവാക്കപ്പെട്ട കേസ് അന്വേഷിക്കാൻ എൻഐഎക്കു അധികാരമില്ല എന്നു ഇറ്റലി സുപ്രീം കോടതിയിൽ വാദിക്കുന്നു. കേസ് പിന്നീടു പരിഗണിക്കാനായി മാറ്റി.
ഒരു സംശയം: ഒരു വിദേശി ഇന്ത്യയിൽ വന്ന് ഒരിന്ത്യക്കാരനെ കൊന്നാൽ ശിക്ഷിക്കാൻ ഇവിടെ നിയമമില്ലേ, പ്രത്യേകിച്ചു കൊലയാളി ഒരു യുറോപ്യനൊ അമെരിക്കകാരനൊ ആണെങ്കിൽ? ഇനിയൊരു ചടങ്ങെ ബാക്കിയുള്ളൂ. കേസ് അവസാനിപ്പിച്ച് നാവികർക്ക് ഗാര്ഡ് ഓഫ് ഓണർ നല്കി വിട്ടയക്കുക. ഒരു ആത്മഗതം പറഞ്ഞാൽ ദേശ വിരുദ്ധൻ എന്ന് എന്നെ വിളിക്കരുത്: ജനിക്കുന്നെങ്കിൽ യുറോപ്പോ  അമേരിക്കയോ പോലെ കൊള്ളാവുന്ന വല്ല നാട്ടിലും ജനിക്കണം. 

Notes:
  1. The International Law Of The Sea And Indian Maritime Legislation 
  2. History and Admiralty jurisdiction of the High Courts
  3. The Colonial Courts Of Admiralty (India) Act, 1891
  4. Suppression of Unlawful Acts Against Safety of Maritime Navigation Act 2002

Saturday, February 22, 2014

സരിതയുടെ വരാനിരിക്കുന്ന 'വെളിപ്പെടുത്തലുകൾ'.

സോളാർ ഫെയിം സരിത എസ് നായർ നാളെ പത്ര സമ്മേളനം നടത്തുന്നു എന്നു വാർത്ത. ഈ വാർത്തക്ക് അർഹിക്കുന്നതിലും അധികം പ്രാധാന്യം ചാനലുകൾ നല്കിക്കാണുന്നു. ചില ചാനലുകലെങ്കിലും സരിത എന്തൊക്കെയോ വെളിപ്പെടുത്തലുകൾ നടത്തും എന്ന തോന്നലുണ്ടാക്കുന്നു. എന്നാൽ സരിത പറയാൻ പോകുന്നത് എന്താണെന്നറിയാൻ വലിയ പത്രബുദ്ധിയൊന്നും വേണ്ട, മലയാളിയുടെ സാമാന്യ രാഷ്ട്രിയബോധം മതി. താൻ തട്ടിപ്പൊന്നും നടത്തിയിട്ടില്ലെന്നും വാങ്ങിയ പണം തിരിച്ചുകൊടുക്കാൻ നേരത്തേ തന്നെ തയ്യാറായിരുന്നു എന്നും സരിത പറഞ്ഞു കഴിഞ്ഞു. എന്ന് വച്ചാൽ വെറുതെ ഓടിനടന്നു പണം വാങ്ങുകയും പരാതി വരുമ്പോൾ അതൊക്കെ തിരിച്ചു കൊടുക്കുകയും ചെയ്യുന്നതായിരിക്കണം ഈ സരിതയുടെ ഹോബി.

ഇനി വരാനിരിക്കുന്ന 'ഞെട്ടിക്കുന്ന' വെളിപ്പെടുത്തലുകൾ ഇപ്രകാരമായിരിക്കും: മഹാനായ ഉമ്മൻചാണ്ടി സാർ തന്നെ കണ്ടിട്ടേയില്ല. താൻ ഉമ്മൻചാണ്ടിയെ എപ്പഴോ ടിവിയിലോ പത്രത്തിലോ മറ്റോ കണ്ടതായി ചെറിയൊരു ഓർമ്മ മാത്രം. അതിനപ്പുറം അദ്ദേഹത്തെ ഒരു പരിചയവുമില്ല. ഗണേഷ് കുമാർ ഉൾപ്പെടെ ഉമ്മൻചാണ്ടി സർക്കാരിലെ ഒരു മന്ത്രിയും തന്നെ ഒരു തരത്തിലും സഹായിച്ചിട്ടില്ല. ഇനി അഥവാ ഈ സോളാർ സംഭവത്തിൽ എന്തെങ്കിലും കുഴപ്പമുണ്ടായിട്ടുണ്ടെങ്കിൽ തന്നെ  അതെല്ലാം ഇപ്പോൾ ഈ വിവാദത്തിലെ ഔദ്യോഗിക ബലിമൃഗമായ (fall guy) ബിജു രാധാകൃഷ്ണന്റെ മാത്രം ഉത്തരവാദിത്തമാണ്. ഈ 'വെളിപ്പെടുത്തലുകളോടോപ്പം' ബിജു രാധാകൃഷ്ണൻ എന്ന ഔദ്യോഗിക പ്രതി എത്ര ഭീകരനായ ഭർത്താവും തട്ടിപ്പുകാരനുമായിരുന്നു എന്നു എരിവും പുളിയും ചേർത്തു വിവരിക്കുന്നതൊടെ, ഒരുപക്ഷെ ക്യമറക്കു മൂന്നിൽ ഒന്നു കരയുന്നതൊടെ (പത്രഭാഷയിൽ പറഞ്ഞാൽ: പൊട്ടിക്കരയുന്നതൊടെ) പത്രസമ്മേളനത്തിന്റെ പഞ്ച് പൂർത്തിയായി!