Sunday, November 20, 2016

കള്ളപ്പണവും നോട്ട് പിന്‍വലിക്കലും

സ്വിസ്സ് ബാങ്കുകളിലുള്ള കള്ളപ്പണത്തേപ്പറ്റിയുള്ള ലഭ്യമായ ഊഹങ്ങളില്‍ 2009ല്‍ പ്രചരിച്ച 1456 ബില്ല്യന്‍ യു.എസ് ഡോളര്‍ എന്ന സ്ഥിരീകരണമില്ലാത്ത കണക്കും, 2008ലെ Global Financial Integrityയുടെ റിപ്പോര്‍ട്ടിലെ 1.4 ട്രില്ല്യന്‍ യു.എസ് ഡോളര്‍ എന്ന കണക്കും, 2010ല്‍ Swiss National Bank പ്രസിദ്ധീകരിച്ച 1.945 ബില്ല്യന്‍ സ്വിസ്സ് ഫ്രാങ്ക് (9,295 കോടി രൂപ) എന്ന കണക്കുമാണുള്ളത്.

ഇതിലും വലിയ തുകകളാണ് വിദേശത്തെ മറ്റു tax havensലേക്ക് കഴിഞ്ഞ 69 വര്ഷം കടത്തിക്കൊണ്ടു പോയിട്ടുള്ളത്. സത്യത്തില്‍ നമ്മുടെ രാഷ്ടീയ നേതാക്കള്‍ക്കും വ്യവസായികള്‍ക്കും സിനിമാ താരങ്ങള്‍ക്കും ഇപ്പോള്‍ സ്വിസ്സ് ബാങ്കുകളെക്കാള്‍ പ്രിയം മറ്റു വിദേശ രാജ്യങ്ങളും, ഇന്ത്യയിലെ തന്നെ നിക്ഷേപങ്ങളുമാണ്.

ഇത്തരത്തില്‍ വിദേശത്ത് പണം സൂക്ഷിച്ചിട്ടുള്ളവരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്തുക്കളായ വ്യവസായി മുകേഷ് അംബാനിയും, സിനിമാ താരം അമിതാഭ് ബച്ചനും, ഏഷ്യാനെറ്റ് എം.ഡി രാജീവ് ചന്ദ്രശേഖറും, മോദിയുടെ ശത്രുവായി നാമൊക്കെ സങ്കല്‍പ്പിക്കുന്ന രാഹുല്‍ ഗാന്ധിയും, റോബര്‍ട്ട് വധേരയുമൊക്കെയുണ്ട് എന്നു വാര്‍ത്തകള്‍ വന്നിട്ടുള്ളതാണ്.

ഇന്ത്യയിലെ കള്ളപ്പണത്തിന്റെ തോതിനേക്കുറിച്ചുള്ള സര്‍ക്കാര്‍ അംഗീകൃത കണക്ക് National Institute of Public Finance and Policy പറയുന്ന ദേശീയ ജി.ഡി.പിയുടെ 20 - 30 ശതമാനമാണ്. ഇതില്‍ എത്ര പണമാണ് കറന്‍സിയായി സൂക്ഷിക്കപ്പെടുന്നത്? ഇന്ത്യയിലെ ഇന്‍കം ടാക്സ് വകുപ്പിന്‍റെ തന്നെ കണക്കനുസരിച്ച് കറന്‍സിയായി സൂക്ഷിക്കപ്പെടുന്ന കള്ളപ്പണം ആകെ കള്ളപ്പണത്തിന്റെ 6% ത്തില്‍ താഴെയാണ്. കള്ളപ്പണത്തിന്റെ ബാക്കി 94 ശതമാനവും സൂക്ഷിക്കപ്പെടുന്നത് പലതരം assets ആയും investments ആയുമാണ്.

സ്വിസ്സ് ബാങ്കുകളിലും, മറ്റു വിവിധ വിദേശ tax havensലുമായി അരനൂറ്റാണ്ടായി സുരക്ഷിതമായിരിക്കുന്ന ലക്ഷക്കണക്കിനു കോടി രൂപയുടെ കള്ളപ്പണം തിരിച്ചു കൊണ്ടുവരാനോ ആ പണം കടത്തിക്കൊണ്ടു പോയവരെ പ്രോസിക്യൂട്ട് ചെയ്യാനോ ഒരു ചെറുവിരലനക്കാത്ത, 2014ല്‍ ഒരു കേസില്‍ സുപ്രീം കോടതിയില്‍ ഹാജരാക്കിയ സ്വിസ്സ് ബാങ്ക് നിക്ഷേപകരുടെ ലിസ്റ്റ് കള്ളപ്പണക്കാരുടെ സ്വകാര്യത ഹനിക്കുമെന്നതിനാല്‍ പുറത്തു വിടാന്‍ തടസ്സം നിന്ന, ആ കേസില്‍ ഇതുവരെ ഒരു നടപടിയുമെടുത്തിട്ടില്ലാത്ത സര്‍ക്കാര്‍, ഈ 6% കള്ളപ്പണം പിടികൂടാന്‍ വേണ്ടിയാണ് 500 രൂപ 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് എന്നു നിങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നുവെങ്കില്‍ നരേന്ദ്ര മോദി വലിയ ഭാഗ്യവാനാണ് എന്നേ എനിക്കു പറയാനുള്ളൂ.

മധ്യവര്‍ഗ്ഗക്കാരായ, ബാങ്കിലൂടെ ശമ്പളം വാങ്ങുന്ന, അതിനാല്‍ തന്നെ ഇന്‍കം ടാക്സ് അടക്കാന്‍ നിര്‍ബന്ധിതരായ എന്‍റെ സുഹൃത്തുക്കള്‍ക്ക് ടാക്സ് വെട്ടിക്കുന്ന കള്ളപ്പണക്കാരോട് തോന്നുന്ന രോഷമാണ്‌ അവര്‍ പ്രകടിപ്പിച്ചത് എന്നു വ്യക്തം.

എന്നാല്‍ വിദേശ കള്ളപ്പണത്തില്‍ ഒന്നു തൊടുക പോലും ചെയ്യാതെ, ആകെയുള്ള അഭ്യന്തര കള്ളപ്പണത്തിന്റെ 94% ത്തെയും തൊടാതെ, 6% കള്ളപ്പണം പിടിക്കാനാണ് രാജ്യത്തെ 86% നോട്ടുകളും പിന്‍വലിച്ചത് എന്ന് നിങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നുവെങ്കില്‍.......Modi is damn lucky guys.

പണം കൈയ്യില്‍ സൂക്ഷിക്കുന്ന ചെറുകിട ഹവാലക്കാരും, ചെറുകിട-മീഡിയം പലിശക്കാരുമുള്‍പ്പെടെയുള്ളവര്‍ (Money Lenders) കൈയ്യിലുള്ള പണത്തിന്‍റെ 80 ശതമാനവും മാറ്റിയെടുത്ത ശേഷം (അഥവാ മാറ്റിയെടുക്കാന്‍ സാധിച്ചില്ലെങ്കിലും), അടുത്ത ദിവസം പുതിയ നോട്ടുകളുമായി വീണ്ടും അതേ പണിക്കിറങ്ങുമെന്നും അതിന് അവര്‍ക്ക് ഒരു തടസ്സവുമില്ല എന്നും തിരിച്ചറിയാന്‍ റിസര്‍വ്വ് ബാങ്കിലെ വിദഗ്ധര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ല.

പിന്നെയെന്തിനായിരുന്നു ഈ പരാക്രമം?

നിങ്ങളെയൊക്കെ ഒരു ദിവസമെങ്കിലും ആവേശം കൊള്ളിച്ചില്ലേ. അതിനു തന്നെ.

No comments:

Post a Comment