Sunday, November 20, 2016

Billy Lynn's Long Halftime Walk

ആംഗ് ലീയുടെ 'Billy Lynn's Long Halftime Walk' കണ്ടു. ഉയര്‍ന്ന റിസല്യൂഷനിലുള്ള ത്രീഡിയും, ഉയര്‍ന്ന ഫ്രെയിം റേറ്റുമൊക്കെക്കൊണ്ട് അമേരിക്കയിലും ബ്രിട്ടനിലുമൊക്കെ വാര്‍ത്തയായ ചിത്രമാണെങ്കിലും, ഇവിടെ ലുലു പി.വി.ആറില്‍ പോലും നമുക്കു കാണാന്‍ കിട്ടിയത് സാദാ 2Dയാണ്.

Weekend entertainment ഉദ്ദേശിച്ച് തിയറ്ററില്‍ പോകുന്നവര്‍ ഈ ചിത്രം കണ്ടിട്ടു കാര്യമില്ല. അതിഥി താരമായെത്തുന്ന വിന്‍ ഡീസലും, ട്വിലൈറ്റ് ഫെയിം ക്രിസ്റ്റെന്‍ സ്റ്റെവാര്ട്ടും, പിങ്ക് പാന്തര്‍ താരം സ്റ്റീവ് മാര്‍ട്ടിനുമൊക്കെയുണ്ടെങ്കിലും സിനിമ entertainer അല്ല.

വളരെ സോഫ്റ്റായ ആക്ഷേപഹാസ്യത്തിലൂടെ (സറ്റയര്‍ എന്നു മലയാളം) ബുഷ്‌ കാലത്തെ ഇറാക്കിലെ സൈനിക നടപടിയെയും, അതിനോട് അമേരിക്കയില്‍ സംശയങ്ങള്‍ ഉണ്ടായപ്പോള്‍ അവയെ നേരിടാന്‍ ബുഷ്‌ നടത്തിയ പ്രമോഷനുകളെയും ഒരു ചെറിയ സംഭവത്തിലൂടെ വിമര്‍ശിക്കുന്നു സിനിമയില്‍. എന്നാല്‍ സിനിമയിലെ സംഭാഷണങ്ങള്‍ പലയിടത്തും ക്ലച്ച് പിടിക്കുന്നില്ല. Soft satire കമ്മ്യൂണിക്കെറ്റ്‌ ചെയ്യപ്പെടുന്നില്ല. നായകന്‍ ഉള്‍പ്പെടെ ചിലരുടെയെങ്കിലും അഭിനയം അഭിനയമാണെന്നു പലയിടത്തും നമുക്കു തോന്നുന്നു.

എന്തായാലും ചിത്രം entertainerഉം ആയില്ല, "നല്ല സിനിമയും" ആയില്ല. പക്ഷേ ആംഗ് ലീയുടെ പരിശ്രമത്തെ കുറച്ചു കാണുന്നില്ല. യുദ്ധ ഭൂമിയില്‍ നടക്കുന്നതും അതു മാധ്യമങ്ങളില്‍ ചിത്രീകരിക്കുന്നതും തമ്മിലുള്ള അന്തരവും, പട്ടാളക്കാരെക്കുറിച്ചു സമൂഹത്തിന്‍റെ സങ്കല്‍പ്പങ്ങളും, കുടുംബത്തിന്‍റെ ആധിയും, "യുദ്ധവീരന്മാരെയും" യുദ്ധങ്ങളെയും രാഷ്ട്രീയക്കാരും സിനിമയും മാര്‍ക്കറ്റ് ചെയ്യുന്നതുമൊക്കെ അമേരിക്കയിലെപ്പോലെ ഇന്ത്യയിലും ഇപ്പോള്‍ വിഷയമാണല്ലോ.

ശ്രീകൃഷ്ണന്‍ - അര്‍ജുനന്‍ ഉപദേശത്തെക്കുറിചുള്ള വിന്‍ ഡീസലിന്റെ പരാമര്‍ശവും, അത്തരത്തിലുള്ള ഡീസലിന്റെ ഉപദേശവും (സബ്‌ ടൈറ്റില്‍ ഇല്ല, കേട്ടു മനസ്സിലാക്കിയേ പറ്റൂ), വാഹനത്തിലെ ഗണപതിയുമൊക്കെ ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് കൌതുകമുണ്ടാക്കും. ഹോളിവുഡ് നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ മാര്‍ക്കറ്റ് കൂടുതലായി ലക്ഷ്യമിടുന്നുവെന്നതിന്റെ തെളിവു കൂടിയാണ് ഇത് (ഇര്‍ഫാന്‍ ഖാന്‍റെ സ്പൈഡര്‍മാന്‍, ജുരാസ്സിക്ക് വേള്‍ഡ് റോളുകളും ഓര്‍ക്കുക).

തിരക്കഥയാണ് സിനിമയുടെ പ്രഥാന പോരായ്മ. സിനിമ കണ്ടിറങ്ങിക്കഴിഞ്ഞാല്‍ ഓര്‍ക്കാന്‍ കാര്യമായൊന്നും ശേഷിക്കുന്നില്ല. സിനിമയിലെ ഏറ്റവും communicate ചെയ്യപ്പെട്ട സീന്‍ സ്റ്റെടിയത്തില്‍ (അമേരിക്കന്‍ ഫുട്ബോളിന്റെ) ഹാഫ് ടൈമില്‍ പട്ടാളക്കാരെ കാഴ്ച്ച വസ്തുക്കളായി നിര്‍ത്തി പോപ്‌ സംഗീതം അവതരിപ്പിക്കുന്നതും അന്നേരം നടക്കുന്ന കരിമരുന്നു പ്രയോഗവുമാണ്.

സില്‍വസ്റ്റര്‍ സ്റ്റാലന്റെ ഫസ്റ്റ് ബ്ലഡില്‍ കണ്ട പോലെ യുദ്ധവീരന്മാരെ കൊട്ടിഘോഷിക്കുന്നതിനപ്പുറം സമൂഹം അവരുടെ ഒപ്പം നില്‍ക്കുന്നില്ല എന്ന പ്രശ്നം ബില്ലി ലിന്നിലും പ്രതിപാദിക്കുന്നുണ്ട്.

കള്ളപ്പണവും നോട്ട് പിന്‍വലിക്കലും

സ്വിസ്സ് ബാങ്കുകളിലുള്ള കള്ളപ്പണത്തേപ്പറ്റിയുള്ള ലഭ്യമായ ഊഹങ്ങളില്‍ 2009ല്‍ പ്രചരിച്ച 1456 ബില്ല്യന്‍ യു.എസ് ഡോളര്‍ എന്ന സ്ഥിരീകരണമില്ലാത്ത കണക്കും, 2008ലെ Global Financial Integrityയുടെ റിപ്പോര്‍ട്ടിലെ 1.4 ട്രില്ല്യന്‍ യു.എസ് ഡോളര്‍ എന്ന കണക്കും, 2010ല്‍ Swiss National Bank പ്രസിദ്ധീകരിച്ച 1.945 ബില്ല്യന്‍ സ്വിസ്സ് ഫ്രാങ്ക് (9,295 കോടി രൂപ) എന്ന കണക്കുമാണുള്ളത്.

ഇതിലും വലിയ തുകകളാണ് വിദേശത്തെ മറ്റു tax havensലേക്ക് കഴിഞ്ഞ 69 വര്ഷം കടത്തിക്കൊണ്ടു പോയിട്ടുള്ളത്. സത്യത്തില്‍ നമ്മുടെ രാഷ്ടീയ നേതാക്കള്‍ക്കും വ്യവസായികള്‍ക്കും സിനിമാ താരങ്ങള്‍ക്കും ഇപ്പോള്‍ സ്വിസ്സ് ബാങ്കുകളെക്കാള്‍ പ്രിയം മറ്റു വിദേശ രാജ്യങ്ങളും, ഇന്ത്യയിലെ തന്നെ നിക്ഷേപങ്ങളുമാണ്.

ഇത്തരത്തില്‍ വിദേശത്ത് പണം സൂക്ഷിച്ചിട്ടുള്ളവരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്തുക്കളായ വ്യവസായി മുകേഷ് അംബാനിയും, സിനിമാ താരം അമിതാഭ് ബച്ചനും, ഏഷ്യാനെറ്റ് എം.ഡി രാജീവ് ചന്ദ്രശേഖറും, മോദിയുടെ ശത്രുവായി നാമൊക്കെ സങ്കല്‍പ്പിക്കുന്ന രാഹുല്‍ ഗാന്ധിയും, റോബര്‍ട്ട് വധേരയുമൊക്കെയുണ്ട് എന്നു വാര്‍ത്തകള്‍ വന്നിട്ടുള്ളതാണ്.

ഇന്ത്യയിലെ കള്ളപ്പണത്തിന്റെ തോതിനേക്കുറിച്ചുള്ള സര്‍ക്കാര്‍ അംഗീകൃത കണക്ക് National Institute of Public Finance and Policy പറയുന്ന ദേശീയ ജി.ഡി.പിയുടെ 20 - 30 ശതമാനമാണ്. ഇതില്‍ എത്ര പണമാണ് കറന്‍സിയായി സൂക്ഷിക്കപ്പെടുന്നത്? ഇന്ത്യയിലെ ഇന്‍കം ടാക്സ് വകുപ്പിന്‍റെ തന്നെ കണക്കനുസരിച്ച് കറന്‍സിയായി സൂക്ഷിക്കപ്പെടുന്ന കള്ളപ്പണം ആകെ കള്ളപ്പണത്തിന്റെ 6% ത്തില്‍ താഴെയാണ്. കള്ളപ്പണത്തിന്റെ ബാക്കി 94 ശതമാനവും സൂക്ഷിക്കപ്പെടുന്നത് പലതരം assets ആയും investments ആയുമാണ്.

സ്വിസ്സ് ബാങ്കുകളിലും, മറ്റു വിവിധ വിദേശ tax havensലുമായി അരനൂറ്റാണ്ടായി സുരക്ഷിതമായിരിക്കുന്ന ലക്ഷക്കണക്കിനു കോടി രൂപയുടെ കള്ളപ്പണം തിരിച്ചു കൊണ്ടുവരാനോ ആ പണം കടത്തിക്കൊണ്ടു പോയവരെ പ്രോസിക്യൂട്ട് ചെയ്യാനോ ഒരു ചെറുവിരലനക്കാത്ത, 2014ല്‍ ഒരു കേസില്‍ സുപ്രീം കോടതിയില്‍ ഹാജരാക്കിയ സ്വിസ്സ് ബാങ്ക് നിക്ഷേപകരുടെ ലിസ്റ്റ് കള്ളപ്പണക്കാരുടെ സ്വകാര്യത ഹനിക്കുമെന്നതിനാല്‍ പുറത്തു വിടാന്‍ തടസ്സം നിന്ന, ആ കേസില്‍ ഇതുവരെ ഒരു നടപടിയുമെടുത്തിട്ടില്ലാത്ത സര്‍ക്കാര്‍, ഈ 6% കള്ളപ്പണം പിടികൂടാന്‍ വേണ്ടിയാണ് 500 രൂപ 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് എന്നു നിങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നുവെങ്കില്‍ നരേന്ദ്ര മോദി വലിയ ഭാഗ്യവാനാണ് എന്നേ എനിക്കു പറയാനുള്ളൂ.

മധ്യവര്‍ഗ്ഗക്കാരായ, ബാങ്കിലൂടെ ശമ്പളം വാങ്ങുന്ന, അതിനാല്‍ തന്നെ ഇന്‍കം ടാക്സ് അടക്കാന്‍ നിര്‍ബന്ധിതരായ എന്‍റെ സുഹൃത്തുക്കള്‍ക്ക് ടാക്സ് വെട്ടിക്കുന്ന കള്ളപ്പണക്കാരോട് തോന്നുന്ന രോഷമാണ്‌ അവര്‍ പ്രകടിപ്പിച്ചത് എന്നു വ്യക്തം.

എന്നാല്‍ വിദേശ കള്ളപ്പണത്തില്‍ ഒന്നു തൊടുക പോലും ചെയ്യാതെ, ആകെയുള്ള അഭ്യന്തര കള്ളപ്പണത്തിന്റെ 94% ത്തെയും തൊടാതെ, 6% കള്ളപ്പണം പിടിക്കാനാണ് രാജ്യത്തെ 86% നോട്ടുകളും പിന്‍വലിച്ചത് എന്ന് നിങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നുവെങ്കില്‍.......Modi is damn lucky guys.

പണം കൈയ്യില്‍ സൂക്ഷിക്കുന്ന ചെറുകിട ഹവാലക്കാരും, ചെറുകിട-മീഡിയം പലിശക്കാരുമുള്‍പ്പെടെയുള്ളവര്‍ (Money Lenders) കൈയ്യിലുള്ള പണത്തിന്‍റെ 80 ശതമാനവും മാറ്റിയെടുത്ത ശേഷം (അഥവാ മാറ്റിയെടുക്കാന്‍ സാധിച്ചില്ലെങ്കിലും), അടുത്ത ദിവസം പുതിയ നോട്ടുകളുമായി വീണ്ടും അതേ പണിക്കിറങ്ങുമെന്നും അതിന് അവര്‍ക്ക് ഒരു തടസ്സവുമില്ല എന്നും തിരിച്ചറിയാന്‍ റിസര്‍വ്വ് ബാങ്കിലെ വിദഗ്ധര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ല.

പിന്നെയെന്തിനായിരുന്നു ഈ പരാക്രമം?

നിങ്ങളെയൊക്കെ ഒരു ദിവസമെങ്കിലും ആവേശം കൊള്ളിച്ചില്ലേ. അതിനു തന്നെ.

Saturday, February 20, 2016

സ്മാര്‍ട്ട് സിറ്റി എന്ന തട്ടിപ്പ്‌

തിരുവനന്തപുരം ടെക്നോ പാര്‍ക്കിലും കൊച്ചി ഇന്‍ഫോ പാര്‍ക്കിലുമായി കേരള സര്‍ക്കാര്‍ എത്രയോ വര്‍ഷങ്ങളായി വിജയകരമായി നടത്തിവരുന്ന ഏര്‍പ്പാടാണ്‌ ഐ.ടി പാര്‍ക്ക് എന്നത്‌. വിജയകരമായി കൊച്ചിയില്‍ നടത്തിവരുന്ന ഇന്‍ഫോപാര്‍ക്കിന്റെ അടുത്ത ഘട്ടം വികസനമായി സര്‍ക്കാര്‍ തന്നെ നടപ്പാക്കേണ്ടിയിരുന്ന പദ്ധതിയാണ്‌ സ്മാര്‍ട്ട് സിറ്റി എന്നൊരു പേരുമിട്ട്‌ വൈദേശിക സ്വകാര്യ മുതലാളിമാര്‍ക്ക്‌ കൈമാറിയിരിക്കുന്നത്‌.

ഇടതുപക്ഷം പോലും വിളിച്ചു പറയാന്‍ ധൈര്യപ്പെടാത്ത (ദുബായിക്കാരുടെ കാശു കൊണ്ട് അവരുടേയും വായടച്ചിരിക്കുന്നു) ഈ വാസ്തവം വിളിച്ചു പറഞ്ഞതാവട്ടെ ഇന്ത്യയുടെ സി.എ.ജിയാണ്.

എന്നാല്‍ സ്വകാര്യ മേഖലയിലെ ഈ ഇന്‍ഫോ പാര്‍ക്ക് എക്സ്റ്റന്‍ഷനാവട്ടെ, ഇന്‍ഫോ പാര്‍ക്കിന്റെ ശരിയായ രീതിയിലുള്ള വികസനമാവുന്നുമില്ല. എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഒപ്പിട്ട കരാറില്‍ ഒരുപാടു വിട്ടുവീഴ്ച്ചകള്‍ ചെയ്തു കൊണ്ടാണ്‌ ഉമ്മന്‍ ചാണ്ടി സ്മാര്‍ട്ട് സിറ്റി കരാര്‍ പുതുക്കിയത്‌. ആദ്യത്തെ കരാറില്‍ നിന്നുള്ള ഗുരുതരമായ വ്യതിയാനങ്ങള്‍ സി.എ.ജി കഴിഞ്ഞ വഷത്തെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുകയും നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. രാജ്യതാത്പര്യത്തിനു നിരക്കുന്നതല്ല ഇപ്പോഴത്തെ കരാറെന്നു അര്‍ത്ഥശങ്കയില്ലാതെ സി.എ.ജി. പറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ ഫലത്തില്‍ അവിടെ സംഭവിക്കുന്നത്‌, ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ താമസിക്കാനുള്ള അപ്പാര്‍ട്ട്‌മെന്റുകളും, അവര്‍ക്കു ഭക്ഷണം കഴിക്കാനുള്ള റസ്റ്റോറന്റുകളും, അവരുടെ കുട്ടികള്‍ക്കു പഠിക്കാനുള്ള പ്രൈമറി സ്കൂളുകളുമൊക്കെ ഒരുക്കുകയാണ്‌ സ്മാര്‍ട്ട്‌ സിറ്റിയില്‍ ചെയ്യുന്നത്‌. അതായതു സ്മാര്‍ട്ട്‌ സിറ്റിയില്‍ നടക്കുന്നത്‌ ഐ.ടിയുമല്ല, ഐ.ടി എനേബിള്‍ഡ്‌ ബിസിനസുമല്ല, വെറും ഇന്‍ഫോപാര്‍ക്ക്‌ എനേബിള്‍ഡ്‌ ബിസിനസു മാത്രം.

Note: 'പണി പൂര്‍ത്തിയായ' സ്മാര്‍ട്ട് സിറ്റിയുടെ ഒന്നാം ഘട്ടം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന്‍ ഉദ്ഘാടനം ചെയ്തു.