കേരളത്തിൽ ഈ അവധിക്കാലത്ത് വ്യാപകമായി നടന്നു വരുന്ന മിഡ് ബ്രെയിൻ ആക്ടിവേഷൻ (Mid Brain Activation) ഏർപ്പാടിൽ നിരവധി മാതാപിതാക്കൾ ആകൃഷ്ടരാവുകയും അവരുടെ കുട്ടികളെ പരിശീലനത്തിനയക്കുകയും ചെയ്യുന്നുണ്ട്. മിഡ് ബ്രെയിൻ ആക്ടിവേഷൻ എന്നൊക്കെയാണു പറയുന്നതെങ്കിലും അവിടെ പരിശീലിപ്പിക്കുന്നത് കണ്ണുകെട്ടി വായന (blindfolded reading) തുടങ്ങിയ തട്ടിപ്പു വിദ്യകളാണ്. കുട്ടികളുടെ ബൗദ്ധിക-പഠനനിലവാരം മെച്ചപ്പെടുത്തുന്ന ഒന്നും ഈ പരിശീലന കേന്ദ്രങ്ങളിൽ പഠിപ്പിക്കുന്നില്ല, അതിനു കഴിവോ യോഗ്യതയോ ഉള്ളവരല്ല പരിശീലകരും ഇതിന്റെ നടത്തിപ്പുകാരും ഉപജ്ഞാതാക്കളും. അവർ കുട്ടികളെ പരിശീലിപ്പിക്കുന്നത് അഭിനയിക്കാനാണ്, തങ്ങൾക്ക് അതിന്ദ്രീയ സിദ്ധിയുള്ളതായി നടിച്ച് കാഴ്ച്ചക്കാരെ വഞ്ചിക്കാൻ. തട്ടിപ്പു നടത്തി കയ്യടി വാങ്ങാനുള്ള ഈ പരിശീലനം കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ ഗുരുതരമായി ബാധിക്കും. അതിനാൽ ഈ ഏർപ്പാടിൽ നിന്ന് വിട്ടു നിൽക്കാൻ മാതാപിതാക്കളോട് അഭ്യർത്ഥിക്കുന്നു.
നമ്മുടെയൊക്കെ മസ്തിഷ്ക്കം അതിന്റെ ശേഷിയുടെ 1% മുതൽ 10% വരെ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നും, ആൽബർട്ട് ഐൻസ്റ്റീന്റെയൊക്കെ മസ്തിഷ്ക്കമാണു 100% ഉപയോഗിക്കപ്പെട്ടത് എന്നുമുള്ള പോപ്പുലർ മിത്തിന്റെയൊക്കെ സഹായത്താലാണ് ഇവർ ആളുകളെ വീഴ്ത്തുന്നത്. ഐൻസ്റ്റീനും ന്യൂട്ടണുമൊന്നും കണ്ണുകെട്ടി വായിക്കാൻ സാധിച്ചിരുന്നില്ല എന്നും, കണ്ണുകെട്ടി ബൈക്കോടിക്കുന്ന തെരുവു മാന്ത്രികർക്കു അറിവിന്റെ ഔന്നത്യങ്ങൾ അപ്രാപ്യമായിരുന്നു എന്നും നിഷ്കളങ്കരായ മാതാപിതാക്കൾ ഓർക്കുന്നില്ല.
പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾ നിഷ്കളങ്കമായാണ് ഈ തട്ടിപ്പിന്റെ ഭാഗമാവുന്നത്. പരിശീലന സമയത്ത് അവർക്ക് ആദ്യം നൽകുന്നത് ഒന്നും കാണാനാവാത്ത പൂർണ്ണമായ ബ്ലൈന്റ് ഫോൾഡാണ്, അതിനാൽ അവർക്ക് ഒന്നും വായിക്കാൻ കഴിയുന്നില്ല. പിന്നീട് അവർക്ക് കുറച്ച് മെഡിറ്റേഷൻ നൽകുന്നു, സംഗീതം കേൾപ്പിക്കുന്നു. ഇനി അവക്കു നൽകുന്ന ബ്ലൈന്റ് ഫോൾഡ് പൂർണ്ണമായും കാഴ്ച്ച മൂടുന്നതല്ല, അതിന്റെ താഴെയുള്ള വിടവിൽ കൂടി അവർക്കു വായിക്കാം. കുട്ടികൾ സ്വയം അവർക്ക് എന്തോ സിദ്ധി ലഭിച്ചു എന്നു വിശ്വസിക്കുന്നു.
വലയത്തിൽ പെട്ടുപോയ മാതാപിതാക്കൾ തട്ടിപ്പു ചൂണ്ടിക്കാട്ടുന്നവരെ വിശ്വസിക്കാതെ, തട്ടിപ്പുകാരെയും തട്ടിപ്പിനേയും പ്രതിരോധിക്കുന്ന മാനസികാവസ്ഥയാണു കണ്ടുവരുന്നത്. സ്വന്തം കുട്ടിക്ക് അസധാരണ കഴിവുണ്ടെന്നു അഭിമാനിച്ച മാതാപിതാക്കൾക്ക് ആ അവകാശവാദം ഉപേക്ഷിക്കാനുള്ള മടിയാണ് ഇതിനു കാരണം. ഇതു തന്നെയാണു തട്ടിപ്പുകാരുടെ സുരക്ഷയും. ഇതുകൂടാതെ ആകൃഷ്ടരായി വരുന്ന മാതാപിതാക്കളെ മണിചെയിൻ മാതൃകയിൽ വൻ ലാഭം ഓഫർ ചെയ്ത് ഫ്രാഞ്ചൈസ് തുടങ്ങാൻ പ്രേരിപ്പിച്ച് ഈ ഏർപ്പാടിന്റെ പ്രചാരകരരായി മാറ്റുന്നതും അവർ അതിനെ പ്രതിരോധിക്കാൻ കാരണമാകുന്നു.
ആഗോളതലത്തിൽ മുപ്പതു വർഷമായി പാശ്ച്ചാത്യരായ തട്ടിപ്പുകാർ നടത്തിപ്പോരുന്ന ഈ തട്ടിപ്പിന്റെ കേരളത്തിലെ പ്രചാരകർ ഒരു ഡോ: ഭാസ്കരൻ പിള്ളയും, സമീപകാലത്ത് ഇതു കൊച്ചിയിൽ ആരംഭിച്ച വ്യാജ ബിരുദങ്ങൾ നിരത്തുന്ന ഒരു കിഷോറുമൊക്കെയാണ്.
ഇന്ത്യൻ പീനൽ കോഡിലെ വകുപ്പുകൾ ഉപയോഗിച്ചു തന്നെ ക്രിമിനൻ കേസ് ചാർജ്ജ് ചെയ്യാവുന്ന കുറ്റങ്ങളാണ് ഇവർ ചെയ്യുന്നത്. നാടു ഭരിക്കുന്ന സർക്കാരോ, അല്ലെങ്കിൽ പൊലീസോ സ്വമേധയാ കേസെടുക്കേണ്ട ഈ വിഷയത്തിൽ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇവർ ബ്രാഞ്ചുകൾ തുടങ്ങുന്ന സ്ഥലങ്ങളിലെല്ലാം ലോക്കൽ പൊലീസിനു പടി കൊടുത്തിട്ടാണ് പ്രവർത്തനം ആരംഭിക്കുന്നത്. കൂടാതെ കോൺസ്റ്റബിൾ, എസ്.ഐ റാങ്കിലുള്ള പൊലീസുകാരുടെ മക്കൾക്ക് സൗജന്യ മിഡ് ബ്രെയിൻ പരിശിലനവും നൽകുന്നുണ്ട്.
പരാതി എഴുതി കിട്ടിയെങ്കിലേ പൊലീസും സർക്കാരും നടപടിക്കു തയ്യാറാവൂ എന്നുണ്ടെങ്കിൽ, പരാതി നൽകാൻ ആം ആദ്മി പാർട്ടി തയ്യാറാണ്. പക്ഷേ പൊലീസ് സംവിധാനം അതിന്റെ സ്വതസിദ്ധമായ മുറയിൽ മെല്ലെ പ്രവർത്തിച്ചു തുടങ്ങുമ്പോഴേക്ക് സ്വന്തം കുട്ടികൾക്കു തട്ടിപ്പിൽ ശാസ്ത്രീയ പരിശീലനം ലഭിക്കാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിച്ചേ മതിയാവൂ.