Thursday, December 25, 2014

വീണ്ടും വരുന്നു 'നിങ്ങൾക്കും ആകാം കോടീശ്വരൻ'

വീണ്ടും വരുന്നു 'നിങ്ങൾക്കും ആകാം കോടീശ്വരൻ'. ശരാശരി വിവരമുള്ള ആർക്കും ഉത്തരം പറയാൻ സാധിക്കുമെന്നു തോന്നിപ്പിക്കുന്ന ചോദ്യങ്ങൾ. അതുകൊണ്ടു തന്നെ പങ്കെടുക്കാൻ താത്പര്യപ്പെടുന്നവരുടെ വൻ എസ്‌.എം.എസ്സ്‌ തള്ളിക്കയറ്റം. എസ്‌.എം.എസ്സ്‌ വരുമാനം മാത്രം ദിവസം നാലു കോടി. അതേസമയം ഒരു മാസം വിതരണം ചെയ്യുന്ന ആകെ സമ്മാനത്തുകയാവട്ടെ അരക്കോടിയിൽ താഴെ മാത്രം. അതുതന്നെ നൽകുന്നതു പ്ലാസ്റ്റിക്കിലും ഫ്ലക്സിലും പ്രിന്റ്‌ ചെയ്ത ഷോ ചെക്കുകൾ. യഥാത്ഥ ചെക്കുകൾ എപ്പഴേലും കൊടുത്താലായി.

ബി.ടെക്കുകാർ മുതൽ കൂലിപ്പണിക്കാർ വരെ പങ്കെടുക്കുമെങ്കിലും ഒരുവിധം വിദ്യാഭ്യാസമുള്ളവരെയും ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവരേയും മൂന്നാം റൗണ്ടിനപ്പുറം കടത്തില്ല, കാരണം അത്തരക്കാർക്കു കാണികളുടെ വൈകാരിക പിന്തുണ ലഭിക്കില്ല. അത്തരക്കാരെ പുറത്താക്കാനായി "ഉഗാണ്ടയിലെ പുല്ലിന്റെ ശാസ്ത്രനാമം" തുടങ്ങിയ ഉടക്കു ചോദ്യങ്ങളുടെ ശേഖരം തന്നെയുണ്ട്‌ ഗുരുജി ടീമിന്റെ കൈയിൽ.

ഒരുപാടു പ്രാരാബ്ധമുള്ള, സ്വന്തമായി
വീടില്ലാത്ത, ഭർത്താവു കുറഞ്ഞതൊരു വികലാംഗനെങ്കിലുമായ, സ്ത്രീ contestantsനു മാത്രമായി ഫൈനൽ റൗണ്ട്‌ സംവരണം ചെയ്തിരിക്കുന്നു. ഒരു സീസണിൽ ഒരു കോടിപതിയാണു സ്ട്രാറ്റജിക്ക്‌ ടീമിന്റെ കണക്ക്‌. ഒരാൾക്കും കോടി കിട്ടിയില്ലെങ്കിൽ ഇതു തട്ടിപ്പാണെന്നു തോന്നും, എല്ലാർക്കും കോടി കൊടുത്താൽ മുതലാവില്ല, മാത്രമല്ല കോടിയുടെ വിലയും പോവും. അപ്പോൾ കൊടുക്കുന്ന ഒരു കോടി അർഹിക്കുന്നയാൾക്കു തന്നെ കിട്ടിയെന്നു കാണികൾക്കു തോന്നണം (അതിനാണു ദാരിദ്ര്യം), കഷ്ടപ്പെട്ടാണു നേടിയതെന്നും.


ഇതൊക്കെയാണേലും കളി കാഴ്ച്ചക്കാർക്കു മടുത്തു തുടങ്ങുമ്പോൾ, എസ്‌.എം.എസ്സ്‌-പരസ്യ വരുമാനം നാലു കോടിയിൽ നിന്ന് നാലു ലക്ഷത്തിലേക്ക്‌ ഇടിയുമ്പോൾ പരിപാടി നിർത്തും. വീണ്ടും സീരിയൽ, ഐഡിയാ സ്റ്റാർ സിംഗർ, മിമിക്രി സൈക്കിളിലേക്കു തന്നെ തിരിച്ചു പോവും. 'സൂപ്പർ സ്റ്റാർ' സുരേഷ്‌ ഗോപി സ്വന്തം വീട്ടിലേക്കും.

No comments:

Post a Comment