Sunday, May 11, 2014

എ വി ജോർജ്ജ്‌ പുറത്ത്‌

കോൺഗ്രസ്സുകാർ കണ്ണുവച്ചിരുന്ന വൈസ്‌ ചാൻസലർ സ്ഥാനം തട്ടിയെടുത്തതിനാണു മാണിസാറിന്റെ ശിഷ്യൻ ഏ വി ജോർജ്ജിനെ അവർ ബയോ ഡാറ്റയിൽ കുടുക്കി പുറത്താക്കിയത്‌. കക്ഷി ഒരു കോളേജ്‌ പ്രിൻസിപ്പൽ പോലുമാവാൻ യോഗ്യതയില്ലാത്തയാളാണെന്നതു സത്യം. പുറത്താകുന്നതിനു മുൻപ്‌ രാജിവച്ചിരുന്നെങ്കിൽ  ആദ്യമായി പുറത്താക്കപ്പെടുന്ന വി സി എന്ന ദുഷ്പേരിൽ നിന്ന് അദ്ദേഹത്തിനു രക്ഷപെടാമായിരുന്നു. വി സി സ്ഥാനത്തേക്കു മുൻപ്‌ കോൺഗ്രസ്സിന്റെ മനസ്സിലുണ്ടായിരുന്നത്‌ ശ്രീ ടി എൻ ഗോപകുമാറായിരുന്നു. അദ്ദേഹമാണെങ്കിൽ വിരമിച്ചു. ഇനി ഏതു മഹാനാണാവോ നറുക്കു വീഴുക?

ഓപ്പറേഷൻ കുബേര

ബ്ലേഡ്‌ കമ്പനികൾ അഥവാ കോള്ളപ്പലിശക്കാർക്കെതിരേ പൊലീസിന്റെ നടപടി - ഓപ്പറേഷൻ കുബേര എന്ന പേരിൽ റെയ്ഡ്‌. എവിടെയൊക്കെയണൊ വ്യവസ്ഥാപിത പലിശക്കാരായ മുത്തൂറ്റ്‌, മണപ്പുറം എന്നിവരുടെ കച്ചവടത്തിനു ഭീഷണിയായി ചെറു ഗ്രൂപ്പുകൾ ഉയർന്നുവരുന്നത്‌ അവിടെയൊക്കെ മുത്തൂറ്റിനെയും മണപ്പുറത്തെയും സഹായിക്കാൻ ഓപ്പറേഷൻ കുബേരയുമായി പൊലീസെത്തും.

പലിശക്കാർക്കെതിരെ നടപടി വേണം. എന്നാൽ 'അംഗീകൃത' പലിശക്കാരായ മുത്തൂറ്റ്‌, മണപ്പുറം എന്നിവർ എല്ലാ പരിധിക്കുമപ്പുറത്തേക്ക്‌ ദേശീയ്‌ ഭീമന്മാരായി വളർന്നു. അവർക്ക്‌ ഇന്നു കേരളത്തിലെല്ലായിടത്തും, എല്ലാ പഞ്ചായത്തു വാർഡുകളിൽ പൊലും ബ്രാഞ്ചുകളുണ്ട്‌. ഇവർക്കു ചില പ്രമുഖ ആശുപതികളോടു ചേർന്നും ബാറുകളോടു ചേർന്നും പോലും ബ്രാഞ്ചുകളുണ്ട്‌. ആളുകളെ പണയം വച്ചു ജീവിക്കാൻ പ്രേരിപ്പിക്കുന്ന പരസ്യങ്ങൾ വൻ താരങ്ങളെ അണിനിരത്തി ഇവർ രാജ്യമെങ്ങും അവതരിപ്പിക്കുന്നു. റിസർവ്വ്‌ ബാങ്ക്‌ ഇവർക്കു മുന്നിൽ അവർ ആവശ്യപ്പെടാത്ത ബാങ്കിങ്ക്‌ ലൈസൻസുമായി കാത്തുകെട്ടി കിടക്കാൻ തുടങ്ങിയിട്ട്‌ രണ്ടു വർഷമായി. ഈ ദേശീയ ഭീമൻ പലിശക്കാരെ തളക്കാൻ ആർക്കെങ്കിലും സാധിക്കുമോ?